Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

പാപമോചന പ്രാർത്ഥനകളോടെ അറഫ സംഗമം അവസാനിച്ചു; തെറ്റുകൾ ഏറ്റ് പറഞ്ഞ് പുതിയ മനുഷ്യരായി ഹജ്ജ് തീർത്ഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങിതുടങ്ങി; മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയുമായി തീർത്ഥാടകർ ഇരുന്നത് കനത്ത മഴയേയും അവഗണിച്ച്; മുസ്ദലിഫയിൽ നിന്നും ശേഖരിക്കുന്ന കല്ലുകളുമായി മിനയിലെത്തുന്ന ഹാജിമാർ കല്ലേറ് കർമ്മത്തിലേർപ്പെടും; മക്കയിലെത്തി കഅബ പ്രദക്ഷിണം കൂടി നിർവ്വഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് താല്കാലിക വിരാമമാകും

പാപമോചന പ്രാർത്ഥനകളോടെ അറഫ സംഗമം അവസാനിച്ചു; തെറ്റുകൾ ഏറ്റ് പറഞ്ഞ് പുതിയ മനുഷ്യരായി ഹജ്ജ് തീർത്ഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങിതുടങ്ങി; മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയുമായി തീർത്ഥാടകർ ഇരുന്നത് കനത്ത മഴയേയും അവഗണിച്ച്; മുസ്ദലിഫയിൽ നിന്നും ശേഖരിക്കുന്ന കല്ലുകളുമായി മിനയിലെത്തുന്ന ഹാജിമാർ കല്ലേറ് കർമ്മത്തിലേർപ്പെടും; മക്കയിലെത്തി കഅബ പ്രദക്ഷിണം കൂടി നിർവ്വഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് താല്കാലിക വിരാമമാകും

മറുനാടൻ മലയാളി ബ്യൂറോ

മിനാ: ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫ സംഗമം അവസാനിച്ചു. തെറ്റുകൾ ഏറ്റുപറയാനും സർവശക്തനായ അല്ലാഹുവിന്റെ മുന്നിൽ മാപ്പ് തേടി പുതിയ മനുഷ്യരാകുവാനുമായാണ് ഹജ്ജ് തീർത്ഥാടകർ അറഫ സംഗമത്തിൽ പങ്കെടുത്തത്. മിനായിലെ കൂടാരങ്ങളിൽ രാപാർത്ത 20 ലക്ഷത്തിലേറെ തീർത്ഥാടകർ പുലർച്ചയോടെയാണ് അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. ഇപ്പോൾ സംഗമം അവസാനിച്ചതോടെ അവർ അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങിതുടങ്ങി. ഇന്ന് രാവിലെയോടെ തീർത്ഥാടകർ മിനായിൽ തിരിച്ചെത്തും. അറഫ മൈതാനത്തിന്റെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ നമസ്‌കാരവും ഖുത്തുബയും കഴിഞ്ഞാണ് അറഫ സംഗമം ആരംഭിച്ചത്. ജബലുറഹ്മയിലും മൈതാനത്തുമിരുന്ന് വിശ്വാസികൾ സന്ധ്യവരെ പ്രാർത്ഥിച്ചു.

ഉച്ചയ്ക്ക് ശേഷം അറഫയിൽ ഇടിയോടു കൂടി ശക്തമായ മഴ ലഭിച്ചിരുന്നു. വിശ്വാസികളുടെ പല ടെന്ടുകളിലും വെള്ളം കയറിയെങ്കിലും ഇതിനെ വകവെക്കാതെ തീർത്ഥാടകർ പാപമോചന പ്രാർത്ഥനകളിൽ മുഴുകി. മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ സിവിൽ ഡിഫൻസ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. തുടർന്ന് പാപമുക്തി നേടിയ തീർത്ഥാടകർ സൂര്യൻ അസ്തമിച്ചതോടെ മുസ്ദലിഫയിലേക്ക് തിരിച്ചു. അറഫയിൽ നിന്നും നടന്നും ബസുകളിലും ട്രെയിനിലുമായാണ് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള മുസ്ദലിഫയിലേക്ക് തീർത്ഥാടകർ നീങ്ങുന്നത്. ഇവിടെ തങ്ങി കല്ലേറ് കർമ്മം നടത്താനുള്ള കൽമണികൾ അവിടെ നിന്നു ശേഖരിക്കും. നാല് ദിവസത്തെ കല്ലേറ് കർമത്തിനായി എഴുപത് വരെ കല്ലുകൾ ആണ് മുസ്ദലിഫയിൽ നിന്നും ശേഖരിക്കുന്നത്. നാളെ രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ജമ്രകളിൽ കല്ലേറ് കർമം ആരംഭിക്കും. ഇതിന് ശേഷം തീർത്ഥാടകർ മിനായിലേക്കു തിരിക്കും. തുടർന്ന്
പിശാചിന്റെ പ്രതീകമായ ജംറയ്ക്കു നേരെ നാളെ ആദ്യത്തെ കല്ലേറു കർമത്തിനു ശേഷം ബലിയർപ്പണം, തലമുടി മുണ്ഡനം ചെയ്യൽ. തുടർന്ന് പെരുന്നാൾ നമസ്‌കാരം. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി കഅബ പ്രദക്ഷിണവും സഅ്യും കൂടി നിർവഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് പ്രാഥമിക അവസാനമാകും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലിപ്പെരുന്നാൾ.

ഹജിനെത്തിയ തീർത്ഥാടകരെല്ലാം ഒരേ സമയത്ത് ഒരുമിച്ച് കൂടുന്ന മനുഷ്യക്കടലാണ് അറഫ സംഗമം. അറഫ സംഗമം കഴിഞ്ഞ് മിനയിലെക്കുള്ള മടക്കം ദുഷ്‌കരമാണ്. തിരക്ക് ഒഴിവാക്കാൻ അധികൃതർ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകം സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും വഴിയറിയാതെ വലയുകയും കൂട്ടം തെറ്റി പോകുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. വൃദ്ധരേയും ശാരീരിക ക്ഷമത കുറഞ്ഞവരേയും സഹായിക്കുന്നതിനായി സൗദി സർക്കാരിന് കീഴിൽ സുരക്ഷാ ഭടന്മാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും രംഗത്തുണ്ട്.

പ്രവാചകൻ മുഹമ്മദ് നബി തന്റെ ആദ്യത്തേതും അവസാനത്തേതുമായ ഹജ് പൂർത്തീകരിക്കുന്ന വേളയിൽ അന്നവിടെ ഒരുമിച്ചു കൂടിയ ഹാജിമാരെ സാക്ഷിയാക്കി നല്കിയ ഉപദേശത്തെ ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ അനുസ്മരണമാണ് അറഫാ ദിനം. ലോകത്ത് ഏറ്റവും കൂടുതൽ ജനം ഓരോ വർഷവും സംഗമിക്കുന്ന ഇടം അറഫയാണ്. അറഫാ സംഗമത്തിനു മുൻപ് ഹാജിമാർ മിന എന്ന സ്ഥലത്ത് ഒത്തുചേരും. അറഫയിൽ എത്തിയശേഷം ദുൽഹജ്ജ് ഒൻപതിന് സന്ധ്യ മയങ്ങുംവരെ ഹാജിമാർ അറഫയിൽ തങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP