Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേർതിരിവുകളില്ലാതെ മാനവികതയുടെ ഉത്തമ ഉദാഹരണമായി അറഫ; ഇന്നലെ ഹജ്ജ് നടത്തിയത് നാനാഭാഗത്ത് നിന്നുമുള്ള 20 ലക്ഷത്തിലേറെ തീർത്ഥാടകർ; മനസിൽ നിറയെ പ്രാർത്ഥനകൾ മാത്രം നിറച്ച് വിശ്വാസികളുടെ തിരക്ക് ; അറഫയ്ക്ക് സ്‌ട്രെച്ചറിലും വീൽ ചെയറിലുമടക്കം വിശ്വാസികൾ എത്തി

വേർതിരിവുകളില്ലാതെ മാനവികതയുടെ ഉത്തമ ഉദാഹരണമായി അറഫ; ഇന്നലെ ഹജ്ജ് നടത്തിയത് നാനാഭാഗത്ത് നിന്നുമുള്ള 20 ലക്ഷത്തിലേറെ തീർത്ഥാടകർ; മനസിൽ നിറയെ പ്രാർത്ഥനകൾ മാത്രം നിറച്ച് വിശ്വാസികളുടെ തിരക്ക് ; അറഫയ്ക്ക് സ്‌ട്രെച്ചറിലും വീൽ ചെയറിലുമടക്കം വിശ്വാസികൾ എത്തി

മറുനാടൻ ഡെസ്‌ക്‌

മക്ക: എളിമയുടെ ഭാവമാണ് പ്രാർത്ഥനാ നിർഭരമായ ഓരോ മുഖങ്ങളിലും കണ്ടത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ പ്രതീകമായി മാറുകയായിരുന്നു അറഫ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ 20 ലക്ഷം തീർത്ഥാടകരാണ് അറഫയിൽ പങ്കെടുത്തത്. കഴിഞ്ഞ കാലങ്ങളിൽ ചെയ്തുപോയ പാപങ്ങളും തെറ്റുകളും തങ്ങളോട് പൊറുക്കണമേ എന്ന അപേക്ഷയാണ് ഓരോ വിശ്വാസികളും അല്ലാഹുവിന്റെ മുന്നിൽ സമർപ്പിച്ചത്. നിറ കണ്ണുകളോടെയാണ് ഓരോ വിശ്വാസിയും ഇടതടവില്ലാതെ പ്രാർത്ഥനകൾ ഉരുവിട്ടത്. ഞാനെന്ന ഭാവം വിട്ട് മനസ് ശുദ്ധമാക്കി പുതിയൊരു ജീവിതം നേടിയാണ് ഹാജിമാർ അറഫയിൽ നി്ന്നും യാത്രയായത്.

മിനായിൽനിന്ന് ഉച്ചയോടെ അറഫയിലെത്തിയ തീർത്ഥാടകർ ളുഹറും അസറും ഒന്നിച്ചു നമസ്‌കരിച്ച ശേഷം ജബലു റഹ്മയിൽ (കാരുണ്യത്തിന്റെ മല) പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചുള്ള പ്രഭാഷണം കേട്ടു. ആശുപത്രിയിലുള്ള തീർത്ഥാടകരെയെല്ലാം ചക്രക്കസേരയിലും സ്‌ട്രെച്ചറിലുമായി അറഫയിലെത്തിച്ചിരുന്നു. ഹജ് എന്നാൽ അറഫയാണ്; ഒരു നിമിഷമെങ്കിലും അറഫയിൽ ചെലവഴിച്ചാൽ പുണ്യം. രോഗികൾക്ക് ഉൾപ്പെടെ അതു പൂർത്തീകരിക്കാനായി സൗദി അധികൃതർ എല്ലാവർഷവും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും അതുകൊണ്ടു തന്നെ. കഅബയെ പുതിയ കിസ്വ അണിയിക്കുന്ന ചടങ്ങും ഇന്നലെ നടന്നു. മുസ്ദലിഫയിൽ രാപാർത്ത ശേഷം ഇന്നു ജംറയിലെ കല്ലേറ് കർമത്തിനു തുടക്കമാകും.


670 കിലോ പട്ടിൽ 120 കിലോ സ്വർണവുമായി കിസ്‌വ

അറഫ സംഗമ ദിനത്തിൽ കഅബയെ പുതിയ വസ്ത്രം (കിസ്വ) അണിയിച്ചു. ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 670 കിലോ ശുദ്ധ പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൾ ഉപയോഗിച്ചാണ് കിസ്വയിൽ അലങ്കാരപ്പണികളും ഖുർആൻ സൂക്തങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്. ഹജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാനമായ അറഫ സംഗമം നടക്കുന്ന ദുൽഹജ് ഒൻപതിനാണ് കിസ്വ മാറ്റൽ ചടങ്ങു നടക്കുന്നത്. അറഫ സംഗമം കഴിഞ്ഞ് ആദ്യ കല്ലേറും നിർവഹിച്ച്, നിർമല മനസ്സുമായി തീർത്ഥാടകർ മക്കയിൽ തിരിച്ചെത്തുമ്പോൾ കഅബ പുതുവസ്ത്രം ധരിച്ച് അവരെ കാത്തിരിപ്പുണ്ടാകും.

മക്കയിൽ കനത്ത മഴയ്ക്ക് സാധ്യത, ഹജ്ജിനെ ബാധിച്ചേക്കില്ലെന്നും സൂചന

ശക്തമായ കാറ്റ് വീശുന്ന മക്കയിൽ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഹജ് തീർത്ഥാടനത്തെ ഇത് ബാധിക്കാനിടയില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീശിയടിച്ച പൊടിക്കാറ്റിന് പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് അറഫയിലെ ഏതാനും ടെന്റുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇന്നലെ അറഫയിൽ ചാറ്റൽമഴ ഉണ്ടായിരുന്നു. സുരക്ഷാവകുപ്പ് നേരത്തേ തന്നെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP