Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയിർപ്പ് ഞായർ, 2019 അവൻ ഇവിടെ ഇല്ല...

ഉയിർപ്പ് ഞായർ, 2019 അവൻ ഇവിടെ ഇല്ല...

ഫാ. ജേക്കബ് നാലുപറയിൽ എംസിബിഎസ്

'ഈശോ ഉയർപ്പിക്കപ്പെട്ടു' എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അഥവാ ഈശോ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞാൽ നമ്മൾ എന്താണ് മനസ്സലാക്കേണ്ടത്?

ഇതിന്റെ പ്രാഥമികാർത്ഥം തിരിച്ചറിയാൻ സുവിശേഷങ്ങളിലേക്കു തന്നെ നമ്മൾ തിരിയണം. ശവകുടീരത്തിങ്കൽ ഈശോയെ അന്വേഷിച്ചു വരുന്ന സ്ത്രീകളോട് വെള്ള വസ്ത്രം ധരിച്ച യുവാവ് പറയുന്നത് ശ്രദ്ധിക്കണം: ''കുരിശിൽ തറക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല'' (മർക്കോ 16:6).

''അവൻ ഇവിടെയില്ല'' എന്നു തന്നെയാണ് മത്തായിയും (28:6) ലൂക്കായും (24:5) തരുന്ന സാക്ഷ്യവും. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ മഗ്ദലേന മറിയം പറയുന്നത് അൽപ്പം വ്യത്യാസത്തോടെയാണ്: ''കർത്താവിനെ അവർ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു'' (യോഹ 20:2). അതായത് അവനെ കാണുന്നില്ല എന്നർത്ഥം.

'യേശുവിനെ കാണുന്നില്ല' എന്ന് പറയുന്നതും അല്ലെങ്കിൽ 'അവൻ ഇവിടെയില്ല' എന്ന് പറയുന്നതും ഒരേ കാര്യം തന്നെയാണ്. രണ്ടിന്റെയും പിറകിൽ നിൽക്കുന്ന ജീവിതാനുഭവം ഒന്നു തന്നെയാണ്.

ഇവിടെ കല്ലറയിലെ യുവാവ് പറയുന്ന വാചകം മുഴുവൻ നമ്മൾ ശ്രദ്ധിക്കണം: ''കുരിശിൽ തറക്കപ്പെട്ട നാസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല' (മർക്കോ 16:6). ഇതിൽ 'നാസറായനായ യേശു' എന്നത് ഈശോയുടെ പേരാണ്. സുവിശേഷത്തിന്റെ ആരംഭംമുതൽ പ്രധാന കഥാപാത്രമായ യേശുവിന് നൽകപ്പെടുന്ന പേരാണത്: 'അന്നൊരിക്കൽ യേശു ഗലീലിയിലെ നസ്രത്തിൽ നിന്നു വന്ന്...' (മർക്കോ 1:9). ചുരുക്കത്തിൽ 'ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള യേശു' എന്നതാണ് അവന്റെ മുഴുവൻ പേര്. അതിന്റ ചുരുക്ക രൂപമാണ് 'നസ്രായനായ യേശു'.

'നസ്രായനായ ഈശോയുടെ' ജീവിത കഥയാണ് മർക്കോസ് പറയുന്നത് എന്നു സാരം. നസ്രായനായ യേശു കുരിശിൽ തറക്കപ്പെട്ടു എന്ന് പറയുമ്പോൾ സുവിശേഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഈശോയുടെ ജീവിത യാത്രയെയാണ് അത് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ ഈശോയുടെ ഭൗമിക ജീവിതത്തെ മുഴുവൻ സംക്ഷേപിക്കുന്ന പ്രയോഗമാണ് 'ക്രൂശിൽ തറക്കപ്പെട്ട നസ്രായനായ' എന്നത്. അങ്ങനെയെങ്കിൽ, 'കുരിശിൽ തറക്കപ്പെട്ട നസ്രായനായ യേശു ഇവിടില്ല' എന്ന് പറയുമ്പോൾ, ഭൗമികനായ യേശു ഇവിടില്ല എന്നാണ് കല്ലറയിലെ യുവാവ് പറയുന്നത്. ചുരുക്കത്തിൽ 'ഈശോ ഇവിടില്ല' എന്നത് ഉത്ഥാനത്തിന്റെ ഒന്നാമത്തെ സൂചികയാണ്.

പക്ഷെ, 'ഇവിടില്ല' എന്നു പറയുന്നവൻ പലയിടത്തും ഉണ്ട് എന്നതാണ് കൗതുകകരമായ കാര്യം. മർക്കോസ് ഈ കാര്യം സംക്ഷിപ്തമായി അവതരിപ്പിക്കുന്നുണ്ട്: 'യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു... ഇതിനു ശേഷം അവരിൽ രണ്ടു പേർ ഗ്രാമത്തിലേക്കു നടന്നു പോകുമ്പോൾ അവൻ വേറൊരു രൂപത്തിൽ അവർക്ക് പ്രത്യക്ഷ്യപ്പെട്ടു... പിന്നീട് പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടു (മർക്കോ 16:9,12,14).

ഇതിനുംപുറമെ ഈശോ പത്ത് പേർക്ക് പ്രത്യക്ഷ്യപ്പെടുന്നതും (യോഹ 20:19-23), അതിനെ തുടർന്ന് പതിനൊന്ന് പേർക്ക് പ്രത്യക്ഷ്യപ്പെടുന്നതും (യോഹ 20:24-29), പിന്നീട് ഗലീലിയിൽ വച്ച് ഏഴ് ശിഷ്യർക്ക് പ്രത്യക്ഷ്യപ്പെടുന്നതും (യോഹ 21:1-14) യോഹന്നാൻ വിവരിക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ 'ഇവിടില്ല' എന്നു പറയുന്നവൻ 'പലയിടത്തും ഉണ്ട്' എന്നു വരുന്നു. 'കാണുന്നില്ല' എന്നു പറയുന്ന യേശുവിനെ അവർ പലയിടത്തും കാണുന്നു. ഇതാണ് ഉത്ഥാനത്തിന്റെ രണ്ടാമത്തെ സൂചിക.

മൂന്നാമത്തെ സൂചിക ലൂക്കായാണ് തന്റെ രണ്ട് ഗ്രന്ഥങ്ങളിലൂടെ നമുക്ക് തരുന്നത്. തന്റെ സുവിശേഷത്തിൽ ലൂക്കാ കുറിക്കുന്നു: 'അനുഗ്രഹിച്ചു കൊണ്ടിരിക്കേ അവൻ അവരിൽ നിന്നു മറയുകയും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു' (ലൂക്കാ 24:51). അപ്പസ്‌തോല പ്രവർത്തനത്തിൽ അദ്ദേഹം എഴുതുന്നു: 'അവർ നോക്കി നിൽക്കേ അവൻ ഉയരങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയിൽ നിന്നു മറച്ചു' (നട 1:9). അതായത്, ഈശോ അവരിൽ നിന്ന് മറഞ്ഞു പോയി. അഥവാ അവരുടെ കണ്ണുകളിൽ നിന്ന് മറയ്ക്കപ്പെട്ടു എന്നു സാരം. പിന്നീടൊരിക്കലും അവർ അവനെ കണ്ടില്ല എന്നർത്ഥം.

'ഇവിടില്ല' എന്നു പറയുന്നവനെ പിന്നീട് അവൻ പലയിടത്തും കാണുന്നു. എന്നാൽ അവസാനം, അവൻ അവരുടെ കൺമുമ്പിൽ നിന്ന് മറഞ്ഞു പോകുന്നു. 'അവരുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞു പോയി' എന്നതിന്, 'അവൻ ഒരിടത്തും ഇല്ല' എന്നായിരുന്നില്ല അർത്ഥം. മറിച്ച് അവൻ സകലയിടത്തും സന്നിഹിതനായിത്തീർന്നു എന്നായിരുന്നു അർത്ഥം. ഇത് ഏറ്റവും വ്യക്തമായി പറയുന്നത് പൗലോസ് ശ്ലീഹായാണ്: ''പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്'' (കൊളോ 3:11). അതായത്, അവരുടെ കണ്ണുകളിൽ നിന്ന് മറക്കപ്പെട്ടവൻ സകലയിടത്തും സന്നിഹിതനാകുന്നു, സകലർക്കും സംലഭ്യനാകുന്നു എന്നർത്ഥം. ഇതാണ് ഉത്ഥാനത്തിന്റെ മൂന്നാമത്തെ സൂചിക.

ചുരുക്കത്തിൽ, 'ഇവിടില്ല' എന്നു പറയുന്നവൻ, സകലയിടത്തും സന്നിഹിതനാകുന്നതും സകലർക്കും സംലഭ്യനാകുന്നതുമാണ് ഈശോയുടെ ഉത്ഥാനം.

ഈ ദൈവിക സ്വഭാവത്തിലേക്ക് വളരുന്നതാണ് സ്വപ്നതുല്യമായ ലക്ഷ്യമായി ഈശോ തന്റെ മലയിലെ പ്രസംഗത്തിൽ പറഞ്ഞുവച്ചത്: 'നിങ്ങളുടെ സർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്ന പോലെ, നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ' (മത്താ 5:48). ആ പരിപൂർണ്ണത എന്താണെന്നും ഈശോ വിശദീകരിക്കുന്നുണ്ട്: 'അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു' (മത്താ 5:45). സകലർക്കും സന്നിഹിതമാകുന്ന സൂര്യപ്രകാശവും, സകലർക്കും സംലഭ്യമാകുന്ന മഴയും ദൈവിക സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ ദൈവികഭാവത്തിലേക്ക് ഈശോ പരിപൂർണ്ണമായി രൂപാന്തരപ്പെട്ടതായിരുന്നു അവന്റെ ഉത്ഥാനം.

അങ്ങനെയെങ്കിൽ ഈശോയുടെ ഉത്ഥാനം എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? സകലയിടത്തും സന്നിഹിതമായ ഈ ക്രിസ്തു സാന്നിധ്യത്തിന് നിന്നെത്തന്നെ സംലഭ്യമാക്കുക. ഇതാണ് എന്റെയും നിങ്ങളുടെയും കടമ. അതായ്ത് ക്രിസ്തുസാന്നിധ്യത്തോട് അനുദിനം തുറവിയോടെ വർത്തിക്കുക.

ഇവിടെ പൗലോസ് ശ്ലീഹാ തരുന്ന വ്യക്തത കൂടി നമ്മൾ കണക്കിലെടുക്കണം: 'യേശുക്രിസ്തു നിങ്ങളിലുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ?' (2 കോറി 13:5). എല്ലായിടത്തും സന്നിഹിതനാകുകയും എല്ലാവർക്കും സംലഭ്യനാകുകയും ചെയ്യുന്ന ക്രിസ്തു നിനക്ക് ഒന്നാമതായി സന്നിഹിതനാകുന്നത് നിന്റെ ഉള്ളിലാണ്, നിന്റെ ആന്തരികതയിലാണ്. അത് തിരിച്ചറിഞ്ഞ് നിന്റെ ഉള്ളിലുള്ള ഉത്ഥിതനുമായി നീ ബന്ധത്തിലാകുക. നിന്റെ ഉള്ളിലുള്ള ക്രിസ്തുസാന്നിധ്യത്തിന് നിന്നെത്തന്നെ നീ സംലഭ്യനാക്കുക. അതാണ് ഉത്ഥിതനായ ഈശോ ഇന്ന് നിന്നോട് ആവശ്യപ്പെടുന്നത്.

ക്രിസ്തുസാന്നിധ്യത്തിന് നിന്നെത്തന്നെ സംലഭ്യനാക്കിയാൽ എന്താണ് സംഭവിക്കുക? ക്രിസ്തുവിന്റെ സ്വഭാവം നിന്നിലേക്കും പടിപടിയായി പടർന്നു കയറാൻ തുടങ്ങും. എല്ലാവരെയും ആശ്ലേഷിക്കുകയും, എല്ലാവർക്കും സംലഭ്യമാകുകയും ചെയ്യുന്ന ക്രിസ്തുവിന്റെ സർവാശ്ലേഷിയായ സ്നേഹം നിന്നിലേക്കും പടർന്നു കയറും. അതായത് പരിമിതികളെയും അതിരുകളെയും അതിലംഘിക്കുന്ന ഉത്ഥിതന്റെ സ്വഭാവം നിന്നിലേക്കും സാംശീകരിക്കപ്പെടും എന്നു സാരം. ഉത്ഥിതന്റെ വഴിയെ നീയും നടന്നുനീങ്ങാൻ തുടങ്ങുമെന്നർത്ഥം. അതിന്റെ പരിപൂർണ്ണതയിൽ, ഒരു നാൾ നീ ഇവിടെ ഇല്ലാതാകുമ്പോൾ, നിനക്ക് സകലയിടത്തും സന്നിഹിതനാകുന്ന ഉത്ഥിതന്റെ സാന്നിധ്യത്തിലേക്ക് പൂർണമായി വിലയം പ്രാപിക്കാനാകും.

അതിന് നമ്മൾ ചെയ്യേണ്ടത്, ക്രിസ്തു നിദർശിച്ച സ്വഭാവ സവിശേഷതകൾ സാംശീകരിക്കാൻ ശ്രമിക്കുകയാണ്. എന്നുപറഞ്ഞാൽ സർവ്വോശ്ലേഷിയായ സനേഹവും കരുണയും സ്വന്തമാക്കുക. കാരണം, 'പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ കരുണയുള്ളവരായിരിക്കാനാണ്' ഈശോയുടെ നിർദ്ദേശം (ലൂക്കാ 6:36).

ആരെയും ഒഴിവാക്കാത്ത സർവാശ്ലേഷിയായ കരുണയും സ്നേഹവും സാംശീകരിക്കുമ്പോഴാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സ്വഭാവത്തിലേക്കു നമ്മൾ നടന്നു കയറുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണം 2019 ജനുവരി 16ന് അമീർ ഖാൻ പുറത്തിറക്കിയ ഒരു സിനിമയാണ്. അതിന്റെ പേര് 'റുബാറു രോഷ്നി' എന്നാണ്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങളുടെ മൂന്ന് കഥകളാണ് ഈ സിനിമ. മനുഷ്യസഹജമായ പ്രതികാരത്തെയും പകയെയും അതിജീവിച്ച്, ക്ഷമയുടെയും പൊറുതിയുടെയും മാർഗം സ്വീകരിക്കുന്ന മൂന്നു കുടുംബങ്ങളുടെ സൗഖ്യദായകമായ കഥ പറയുന്ന സിനിമയാണിത് (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

അങ്ങനെയെങ്കിൽ, ഉത്ഥിതനായ ഈശോ കാണിച്ചു തരുന്നത് ഒരു വഴിയാണ് - എങ്ങനെ നിന്റെ ഇപ്പോഴത്തെ ജീവനെ അതിന്റെ നിറവിലേക്ക് വളർത്തിയെടുക്കാം എന്നുള്ള വഴി. ഇവിടെ ഇപ്പോൾ പരിമിതമായി നിൽക്കുന്ന നിന്നിലെ ജിവനെ എങ്ങനെ സർവാശ്ലേഷിയായ ജീവസാന്നിധ്യമായി രൂപാന്തരപ്പെടുത്താമെന്നുള്ള വഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP