Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗജന്യമായി ലഭിക്കുന്ന ജീവിതവിഭവങ്ങൾ

സൗജന്യമായി ലഭിക്കുന്ന ജീവിതവിഭവങ്ങൾ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്നത് ഒരു ഉപമയാണ് 'ക്ഷണി ക്കപ്പെട്ടവർ പ്രമുഖ സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് കണ്ടപ്പോൾ അവൻ അവരോടു ഒരു ഉപമ പറഞ്ഞു'' (ലൂക്കാ 7: 14). അതായത് ഈശോ പറയുന്നത് ഉപമ, അഥവാ ദൃഷ്ടാന്തകഥയായതിനാൽ അതിനെ അക്ഷരാർത്ഥത്തിൽ എടുക്കരുതെന്നു സാരം.

തുടർന്ന് ഈശോ പറയുന്നത് കല്ല്യാണ വിരുന്നിനെക്കുറിച്ചാണ്: 'ആരെങ്കിലും നിന്നെ ഒരു കല്ല്യാണ വിരുന്നിനു ക്ഷണിച്ചാൽ...'' (ലൂക്കാ 14: 8). അങ്ങനെയെങ്കിൽ കല്ല്യാണ വിരുന്നിനെക്കുറിച്ച് ഈശോ പറയുന്നത് ദൃഷ്ടാന്ത കഥയാണ്. അതിനാൽതന്നെ, ഇതിനെ അക്ഷരാർത്ഥത്തിൽ എടുക്കരുത്. സദ്യയിലോ ഭക്ഷണവേളയിലോ പുലർത്തേണ്ട ചട്ടവട്ടങ്ങളെക്കുറിച്ചല്ല ഈശോ സംസാരിക്കുന്നത്. മറിച്ച്, കല്ല്യാണവിരുന്ന് മറ്റ് എന്തിനെയോ സൂചിപ്പിക്കാൻ വേണ്ടി നിൽക്കുന്നതാണ്.

അങ്ങനെയെങ്കിൽ ഈശോ ഉന്നം വയ്ക്കുന്ന കല്ല്യാണവിരുന്ന് എന്താണ്? മിക്കവാറും നമ്മുടെ ജീവിതമാകുന്ന സദ്യയെക്കുറിച്ചു തന്നെയായിരിക്കണം ഈശോ പറയുന്നത്. ഏറ്റവും മുന്തിയ വിഭവങ്ങൾ വിളമ്പുന്ന അവസരമാണല്ലോ സദ്യ അഥവാ കല്ല്യാണ വിരുന്ന്. ജീവിതത്തിന്റെ ഏറ്റവും മുന്തിയ വിഭവങ്ങൾ വിളമ്പുന്ന കല്ല്യാണ വിരുന്നിനെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്.

ജീവിതമാകുന്ന ഈ വിരുന്നിൽ നമ്മൾക്ക് വിളമ്പപ്പെടുന്ന പ്രധാനവിഭവങ്ങൾ എന്തൊക്കെയാണ്? ഓർത്തു നോക്കിയാൽ നമ്മൾക്ക് ലഭിച്ചിരിക്കുന്ന 'ജീവൻ' തന്നെ നമ്മൾക്ക് നൽകപ്പെട്ടിരക്കുന്ന ഏറ്റവും മുന്തിയ വിഭവമല്ലേ? ജീവനെ നിലനിർത്താനും പരിപോഷിപ്പിക്കാനുമായി നമുക്ക് അനുദിനം നൽകപ്പെടുന്ന പ്രാണവായുവും ജലവും സൂര്യ പ്രകാശവും ഭക്ഷണവുമൊക്കെ നമ്മുടെ ജീവിതമാകുന്ന സദ്യയിൽ വിളമ്പപ്പെടുന്ന മുന്തിയ വിഭവങ്ങൾ തന്നെയല്ലേ?

അതിന് പുറമെ ജീവിതത്തിന്റെ ആരംഭം മുതൽ നമ്മൾക്ക് ലഭിക്കുന്ന സ്നേഹവും പ്രണയവും മുന്തിയ വിഭാവങ്ങൾ തന്നെയല്ലേ?

ജീവിതമാകുന്ന ഈ സദ്യയിൽ പങ്കെടുക്കുമ്പോൾ നമ്മൾ അനുവർത്തിക്കേണ്ട അടിസ്ഥാന ഒരു കാര്യത്തെക്കുറിച്ചാണ് ഈശോ പറയുന്നത് - കല്ല്യാണസദ്യയിൽ സീറ്റ് തിരഞ്ഞെടുമ്പോൾ ശ്രദ്ധിക്കണം. ഈശോ പറയുന്നു: 'ആരെങ്കിലും നിന്നെ ഒരു കല്ല്യാണവിരുന്നിന് ക്ഷണിച്ചാൽ, പ്രമുഖ സ്ഥാനത്തു കയറി നീ ഇരിക്കരുത്'' (ലൂക്കാ 14:8). അതിനു പകരം നീ അവസാനസ്ഥാനത്തു പോയി ഇരിക്കണം (ലൂക്കാ 14:10).

ജീവിതമാകുന്ന സദ്യയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഒന്നാം സ്ഥാനത്ത് കയറിയിരിക്കരുത്. അതിനു പകരം അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കണം. എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? ഒന്നാം സ്ഥാനത്ത് ഇരിക്കുന്നവന്റെ മനോഭാവം എന്തായിരിക്കും? സദ്യയിൽ പങ്കുപറ്റാൻ ഞാൻ അർഹനാണ്. പോരാ, ഇതിൽ പങ്കടുക്കാൻ ഏറ്റവും യോഗ്യൻ ഞാനല്ലാതെ മറ്റാരുമല്ല, ഈ ചിന്തയോടെയാണ് ഒരുവൻ ഒന്നാം സ്ഥാനത്ത് കയറിയിരിക്കുന്നത്.

നേരേ വിപരീത മനോഭാവമായിരിക്കും അവസാനത്തെ സ്ഥാനത്ത് ഇരിക്കുന്നവന്റേത്. ഈ സദ്യയിൽ പങ്കെടുക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല എന്ന മനോഭാവമായിരിക്കും ആയാളുടേത്. സദ്യയുണ്ണാൻ യാതൊര യോഗ്യതയുമില്ല. താൻ ഏറ്റവും അയോഗ്യനാണ് എന്ന ചിന്തയുള്ളതിനാലാണ് അയാൾ അവസാനസ്ഥാനത്ത് പോയി ഇരിക്കുന്നത്.

തനിക്കൊരു അർഹതയുമില്ല എന്ന ചിന്തയുടെ പരിണിതഫലം എന്തായിരിക്കും? അങ്ങനെ ചിന്തിക്കുന്നവന്റെ ഹൃദയം നിറയെ നന്ദിയായിരിക്കും, ആഹ്ലാദവുമായിരിക്കും- സദ്യയിൽ ഓരോ വിഭവം വിളമ്പപ്പെടുമ്പോഴും, ഓരോ വിഭവം സ്വീകരിക്കുമ്പോഴും.

നമ്മൾ ജീവിതമാകുന്ന സദ്യയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും വിശിഷ്ടമായ ഓരോ വിഭവം സ്വീകരിക്കുമ്പോവും ഈ മനോഭാവത്തോടെ നമ്മൾ സ്വീകരിക്കണമെന്നാണ് ഈശോ പറയുന്നത്. സത്യം അതു തന്നെയല്ലേ? നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കാൻ അവകാശപ്പെട്ടതായിട്ട് എന്താണുള്ളത്? ഒരർത്ഥത്തിൽ എല്ലാം നമുക്ക് ഔദാര്യമായി ലഭിക്കുന്ന വിഭവങ്ങളല്ലേ?

നമുക്ക് ലഭിച്ചിരിക്കുന്ന ജീവൻ തന്നെ വലിയ ഒരു ദാനമല്ലേ? ജീവൻ നിലനിർത്താനായി അനുനിമിഷം നമുക്ക് ലഭിക്കുന്ന പ്രാണവായു മറ്റൊരു ദാനമല്ലേ? അതുപോലെ നമുക്ക് ലഭിക്കുന്ന വെള്ളവും വെളിച്ചവും ഭക്ഷണവുമൊക്കെ നമുക്ക് അവകാശപ്പെടാനാവാത്ത ദാനങ്ങളാണ്? ഇതിനെല്ലാം പുറമെ, ജീവന്റെ ആരംഭം മുതൽ നമുക്ക് ലഭിക്കുന്ന സ്നേഹവും കരുതലും പ്രണയവും സൗജന്യദാനങ്ങൾ തന്നയല്ലേ?

ജീവതമാകുന്ന സദ്യയിലെ ഓരോ വിഭവം സ്വീകരിക്കുമ്പോഴും അത് ഔദാര്യമായി നമുക്ക് ലഭിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു സ്വീകരിക്കണമെന്നാണ് ഈശോ പറയുന്നത്. അതായത് അവസാനത്തെ സ്ഥാനത്ത് ഇരിക്കുന്നവന്റെ മനോഭാവം. ഒേോരാ വിഭവവും ഈ മനോഭാവത്തോടെ സ്വീകരിച്ചാൽ, ഭക്ഷണത്തിന് സ്വാദു കൂടും. ജീവതമാകുന്ന സദ്യ ഏറ്റവും നന്നായി നമുക്ക് ആസ്വദിക്കാനാകും; നമ്മുടെ ഹൃദയത്തിൽ നന്ദിയും സന്തോഷവും നിറയും.

ഗംഗാധരൻ ഡോക്ടറു പറയുന്ന സംഭവം. കാർത്തികയെന്ന ചെറുപ്പക്കാരിക്ക് ക്യാൻസർ ബാധിച്ച കഥ. ചികിത്സിച്ച്രോഗം ഭാദമായപ്പോൾ അവൾക്ക് വന്ന മാറ്റം (ഓഡിയോ കേൾക്കുക)

ജീവിതമാകുന്ന ഈ സദ്യ തന്നെ നമുക്ക് ലഭിച്ചിരിക്കുന്ന സൗജന്യമായ ഒരു ദാനമാണ്. അതിന്പുറമെ, ഈ സദ്യയിൽ നമ്മൾക്ക് ലഭിക്കുന്ന ഓരോ വിഭവവും സൗജന്യദാനമാണ്. അവസാനത്തെ കസേരയിൽ ഇരിക്കുന്നവന്റെ തിരിച്ചറിവോടെ ഈ സദ്യയിൽ പങ്കെടുത്തു കൊണ്ടിരുന്നാൽ സദ്യയുടെ രുചിയേറും. ഹൃദയത്തിൽ ആഹ്ലാദം നിറയും, ജീവിതം കൃതജ്ഞത നിർഭരമാകും അതിനു പുറമേ സൗജന്യമായി സ്വീകരിച്ചതിനാൽ സൗജന്യമായി കൊടുക്കാനുള്ള മനോഭാവത്തിലേക്ക് നമ്മൾ വളരും.

കാൻസർ രോഗത്തിൽ നിന്നും ജീവിതം തിരികെ കിട്ടിയ കാർത്തികയെന്ന ചെറുപ്പക്കാരിയുടെ മനോഭാവമാണത് -ഔദാര്യമായി കൊടുക്കാനുള്ള മനോഭാവം.

ഇതു തന്നെയാണ് ഈശോ പറയുന്നതും: ''തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു...'' (ലൂക്കാ 14:12). ക്ഷണിതാവിനോട് ഈശോ പറയുന്നത് സദ്യയൊരുക്കുമ്പോൾ ആരെ ക്ഷണിക്കണമെന്നാണ്. തിരികെത്തരാൻ ഒന്നുമില്ലാത്തവരെ ക്ഷണിക്കണം (ലൂക്കാ 14:14). അതായത്, പ്രതിഫലം പ്രതീക്ഷിക്കാതെ സൗജന്യമായി കൊടുക്കണമെന്നു സാരം. അത്തരമൊരു അവസ്ഥയിലേക്ക് വളരണമെങ്കിൽ, സൗജന്യമായി നമ്മൾ സ്വീകരിച്ചവർ തിരിച്ചറിയാനും ആ തിരിച്ചറിവിൽ അനുദിനം ജീവിക്കാനും നമുക്ക് പറ്റണം.

ഇത്തരമൊരു മനോഭാവത്തോടെ ജീവിതമാകുന്ന സദ്യയിൽ പങ്കെടുക്കുകയും സദ്യ വിളമ്പുകയും ചെയ്താൽ സംഭവിക്കുന്ന പരിണിത ഫലം എന്തായിരിക്കും? ഈശോ പറയുന്നു. സകലരുടെയും മുമ്പാകെ നിനിക്ക് മഹത്വമുണ്ടകും'' (ലൂക്കാ 14: 10) അതായത് നിന്റെ ജീവതം അതിന്റെ പൂർണ്ണതയിലേക്ക് വളരും. അതിന്റെ മഹത്വത്തിലേക്ക് വളരും. അതു തന്നെയാണ് നീതിമാന്മാരുടെ ഉത്ഥാനത്തിലെന്ന് ഈശോ പറയുന്നതും പ്രതിഫലം (ലൂക്കാ 14: 14) അതായത് നിന്നിലെ ജീവൻ അതിന്റെ പൂർണ്ണതയിലേക്ക് വളർന്ന് നിത്യ ജീവനായി രൂപാന്തരപ്പെടുമെന്നും സാരം - മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത ജീവിതമായി നീ മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP