Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നീ എവിടെയാണ് (നിന്റെ സമയവും കഴിവുകളും) നിക്ഷേപിച്ചിരിക്കുന്നത്? നിന്റെ ജീവനിലാണോ? അതോ നിന്റെ പണത്തിലും പദവിയിലുമാണോ?'

'നീ എവിടെയാണ് (നിന്റെ സമയവും കഴിവുകളും) നിക്ഷേപിച്ചിരിക്കുന്നത്? നിന്റെ ജീവനിലാണോ? അതോ നിന്റെ പണത്തിലും പദവിയിലുമാണോ?'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

2014-ൽ നടന്ന ഒരു സംഭവം. ഇതേ സുവിശേഷ വായനയ്ക്ക് പ്രസംഗം പറഞ്ഞപ്പോൾ ഉണ്ടായ ഒരു അനുഭവം. ഒരു കുടുംബത്തിന്റെ കഥ. കൊച്ചുകുട്ടികളായ രണ്ട് മക്കളുടെ വ്യത്യസ്തമായ താൽപ്പര്യങ്ങൾ. ''മമ്മി വന്നിട്ട് പോവാതിരുന്നാ മതി"യെന്ന് പറയുന്ന മൂത്തവൾ (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള വീഡിയോ കാണുക).

ഈശോ ചോദിക്കുന്ന ചോദ്യമുണ്ട്: ''നിന്റെ നിക്ഷേപം എവിടെയാണ്?'' (ലൂക്കാ 12:34). മുൻപ് പറഞ്ഞ സംഭവത്തിൽ മൂത്ത മകൾ നിക്ഷേപിക്കുന്നത് അമ്മയുമൊത്തുള്ള അവളുടെ ജീവിതത്തിലാണ്. അതുകൊണ്ടാണ് അവൾ പറഞ്ഞത് മമ്മി വന്നിട്ട് പോവാതിരുന്നാൽ മതി എന്ന്. എന്നാൽ ഇളയവളുടെ താൽപ്പര്യം അവൾക്കിഷ്ടമുള്ള ചേക്ലേറ്റുകളിലാണ്.

ഈശോ ഇന്ന് നമ്മളോടും ചോദിക്കുന്ന അടിസ്ഥാന ചോദ്യമിതാണ്: "നിന്റെ നിക്ഷേപം എവിടെയാണ്? നിന്റെ സമയവും കഴിവും ആരോഗ്യവും നീ നിക്ഷേപിച്ചിരിക്കുന്നത് എന്തിലാണ്?"

രണ്ടാ സാധ്യതകളാണുള്ളത് - ഒന്നുകിൽ നമുക്ക് നമ്മുടെ ജീവനിൽ നിക്ഷേപം നടത്താം. അല്ലെങ്കിൽ നമ്മുടെ ജീവസന്ധാരണത്തിന്റെ വഴികളിൽ നിക്ഷേപിക്കാം. ഈശോ പറയുന്ന 'ഭോഷനായ ധനികന്റെ' കഥ (ലൂക്കാ 12:16-21) ഇതാണ് വ്യക്തമാക്കുന്നത്. അവന്റെ കൃഷിസ്ഥലം വമ്പൻ വിളവു നൽകിയപ്പോൾ അവന്റെ താല്പര്യം കളപ്പുരകൾ പൊളിച്ച് വലിയവ പണിയാനും അനേക വർഷത്തേക്ക് ജീവസന്ധാരണത്തിനുള്ളവ ശേഖരിച്ചു കൂട്ടാനുമാണ് (ലൂക്കാ 12:16-19). എന്നാൽ ദൈവം അവനോടു ചോദിക്കുന്നു - "ഇന്ന് രാത്രി നിന്റെ ജീവനെ നിന്നിൽ നിന്നും ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കിയിരിക്കുന്നവ ആരുടേതാകും?" (ലൂക്കാ12:20).

കഥയിലൂടെ ഈശോ നമ്മളോട് ചോദിക്കുന്നതിതാണ് - 'നിന്റെ നിക്ഷേപം നിന്റെ ജീവനിലാണോ? അതോ നിന്റെ ജീവസന്ധാരണത്തിന്റെ ഉപാധികളിലാണോ?' ഇതു തന്നെയാണ് പിന്നീടും ഈശോ ആവർത്തിക്കുന്നത്: "എന്തു തിന്നുമെന്നോ, എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ?" (ലൂക്കാ 12:29). അതായത് ജീവസന്ധാരണത്തിന്റെ മാർഗ്ഗങ്ങളായ ഭക്ഷണത്തിലും വസ്ത്രത്തിലുമല്ല നീ നിന്റെ നിക്ഷേപം നടത്തേണ്ടതെന്ന് സാരം.

പക്ഷെ, പലപ്പോഴും നമുക്ക് പറ്റിപ്പോകുന്ന അബദ്ധം ഇതു തന്നെയാണ്. നമ്മുടെ സമയവും കഴിവുകളും ജീവസന്ധാരണത്തിന്റെ ഉപാധികൾക്കായിട്ട് നമ്മൾ നിക്ഷേപിച്ചു തീർക്കുന്നു - ഭക്ഷണത്തിനും വസ്ത്രത്തിനും വീടിനും പറമ്പിനും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കുമായി നമ്മൾ നമ്മുടെ സമയവും ആരോഗ്യവും വ്യയം ചെയ്തു കളയുന്നു. നമുക്കു വേണ്ടിയുള്ളത് മാത്രമല്ല, പലപ്പോഴും നമ്മുടെ പിൻതലമുറയുടെ ജീവസന്ധാരണത്തിനാവശ്യമായ സമ്പത്ത്‌കൂടി സംഭരിച്ചു വയ്ക്കാനാണ് നമ്മൾ നമ്മുട സമയവും ആയുസും വിനിയോഗിക്കുന്നത്. ഇതിനിടയിൽ ജീവിക്കാൻ നമ്മൾ മറന്നു പോകുന്നു; നമ്മുടെ ജീവനു വേണ്ടി നമ്മുടെ സമയവും കഴിവുകളും നിക്ഷേപിക്കാൻ നമുക്കു കഴിയാതെ പോകുന്നു.

സാധാരണ മനുഷ്യർക്കു മാത്രമല്ല ഈ അബദ്ധം പിണയുന്നത്. ക്രിസ്തുവിനെ അടുത്തനുകരിക്കാൻ വ്രതം ചെയ്തിരിക്കുന്ന സന്യസ്തരും വൈദികരും വൈദിക മേലദ്ധ്യക്ഷരും അവരുടെ സമയവും കഴിവുകളും നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണ്? സമ്പത്തും പദവികളും ആർജ്ജിച്ചെടുക്കുന്നതിനു വേണ്ടിയാണോ? അതോ അവരുടെ ജീവനിലാണോ?

നമ്മുടെ മഠയത്തരം വ്യക്തമാക്കാൻ ഈശോ ആകാശത്തിലെ കാക്കകളെയും വയലിലെ ലില്ലികളെയുമാണ് കൂട്ടുപിടിക്കുന്നത്. നിസ്സാരന്മാരായ കാക്കൾ യാതൊരു ഉത്കണ്ഠയുമില്ലാതെ അവരുടെ ജീവസന്ധാരണം നടത്തുന്നു (ലൂക്കാ 12:24). യാതൊരു ആകുലതകളുമില്ലാത്ത ലില്ലുകൾ മനോഹരമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നു (ലൂക്കാ 12:27). എന്തിന്, മനുഷ്യബുദ്ധിയുടെ ആയിരത്തിൽ ഒരംശം പോലും സ്വന്തമായില്ലാത്ത ഉറുമ്പുകൾ എത്ര അനായാസമാണ് അവരുടെ ജീവസന്ധാരണം നടത്തുന്നത്?

പ്രായോഗികമായി ചിന്തിച്ചാൽ പോലും ഈശോ പറയുന്ന ന്യായം നമ്മൾ സമ്മതിച്ചേ പറ്റൂ. ഇന്നത്തെ കാലത്ത് ഒരു സൂപ്പർമാളിലേക്ക് ചെന്നാൽ ഒരു മാസത്തേക്കോ രണ്ടു മാസത്തേക്കോ ഉള്ള ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും നമുക്കു സംഘടിപ്പിക്കാനാവും. അങ്ങനെയെങ്കിൽ നമ്മുടെ സമയവും കഴിവുകളും ജീവസന്ധാരണത്തിനുള്ള മാർഗ്ഗങ്ങളിൽ വ്യയം ചെയ്തു തീർക്കുന്നത് വലിയ മഠയത്തരമല്ലേ?

അതിനുപകരം നമ്മൾ നിക്ഷേപിക്കേണ്ടത് നമ്മുടെ ജീവനിലാണെന്നാണ് ഈശോ പറയുന്നത്. ആദ്യം പറഞ്ഞ സംഭവത്തിലെ മൂത്ത മകളുടെ ഉത്തരം ശ്രദ്ധിക്കണം: "മമ്മി വരുമ്പോൾ എനിക്കു സമ്മാനമൊന്നും കൊണ്ടുവരേണ്ട, മമ്മി വന്നിട്ടു പോവാതിരുന്നാ മതി." അവൾ അവളുടെ സമയവും താൽപ്പര്യവും നിക്ഷേപിക്കുന്നത് അവളുടെ അമ്മയുമൊന്നിച്ചുള്ള ജീവിതത്തിലാണ്. അതിനാണ് അവൾ ഒന്നാം സ്ഥാനം കൊടുക്കുന്നത്.

നമ്മൾ നമ്മുടെ സമയവും കഴിവുകളും നിക്ഷേപിക്കേണ്ടത് നമ്മുടെ ജീവനിലായിരിക്കണം. മക്കളുമൊന്നിച്ച് ചിലവഴിക്കുന്ന സമയത്തിന്റ സന്തോഷം നുകരുന്ന മാതാപിതാക്കൾ അവരുടെ നിക്ഷേപം നടത്തുന്നത് അവരുടെ ജീവനിലാണ്. ദാമ്പത്യപ്രണയത്തിന്റെ സന്തോഷം നുകരാൻ സമയം മാറ്റി വയ്ക്കുന്ന ദമ്പതികളും ഇതു തന്നെയാണ് ചെയ്യുന്നത്. വൃദ്ധരായ മാതാപിതാക്കളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന മക്കളും നിക്ഷേപം നടത്തുന്നത് അവരുടെ ജീവനിലാണ് - ദൈനംദിനം വളർന്നു വലുതാകുന്ന അവരുടെ ജീവനിൽ. അതിനും പുറമെ, തൊഴിൽ മേഖലയിലും ജീവിതത്തിന്റെ മറ്റവസരങ്ങളിലും കണ്ടുമുട്ടുന്നവർക്കൊക്കെ നന്മയും സന്തോഷവും പകരാൻ ശ്രദ്ധിക്കുമ്പോൾ നമ്മൾ നമ്മുടെ ജീവനിലാണ് നിക്ഷേപം നടത്തുന്നത്.

ഇങ്ങനെ പറയുന്നതിനുള്ള പ്രധാന കാരണം ജീവന്റെ സ്വഭാവം തന്നെയാണ്. ജീവന്റെ അടിസ്ഥാന സ്വഭാവം അത് മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു; അതോടൊപ്പം അവരുമായി പങ്കു വയ്ക്കാനും ആഗ്രഹിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെയാണ് ഈശോ ഇപ്രകാരം നിർദ്ദേശിക്കുന്നത്: "നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യുവിൻ" (ലൂക്കാ 12:33). സമ്പത്ത് വ്യയം ചെയ്യുന്നതിലൂടെ ജീവനെയും, ജീവന്റെ പരസ്പര ബന്ധത്തെയും വളർത്തിയെടുക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ, സമ്പാദിച്ചു കൂട്ടേണ്ടത് സമ്പത്തല്ല, മറിച്ചു ജീവന്റെ സമൃദ്ധിയാണെന്നർത്ഥം.

ഇവിടെ ഒരു ചോദ്യം ഉയർന്നു വരാം: "എന്താണ് ഈശോ ഉദ്ദേശിക്കുന്ന ഈ ജീവൻ? ഇത് വ്യക്തമാകുന്നത് ജീവസന്ധാരണത്തിന്റെ മാർഗ്ഗങ്ങളായ ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ആകുലരാകരുതെന്ന് നിർദ്ദേശിച്ച ശേഷം, അതിനുപകരമായി ഈശോ നിർദ്ദേശിക്കുന്നത് എന്താണെന്ന് തിരിച്ചറിയുമ്പോഴാണ്. അവൻ പറഞ്ഞു: "നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ" (ലൂക്കാ 12:31). 'ജീവന്' സമാന്തരമായി ഈശോ പറഞ്ഞുവയ്ക്കുന്നത് 'ദൈവരാജ്യമാണ്.'

അങ്ങനെയെങ്കിൽ എവിടെയായാണീ ദൈവരാജ്യം? ഈ സുവിശേഷം മുമ്പോട്ടു പോകുമ്പോൾ ഈശോ പറയുന്നു: "എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്" (ലൂക്കാ 17:21). ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'എൻറ്റോസ്' എന്ന ഗ്രീക്കു പദത്തിന്റെ ഒന്നാമത്തെ അർത്ഥം 'ഉള്ളിൽ' എന്നു തന്നെയാണ്.

'ഉള്ളിൽ' എന്നു പറഞ്ഞാൽ എവിടെയാണ്? നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും ഉള്ളിലായി, അഥവാ അവയ്ക്കു രണ്ടിനും ആധാരമായി നിൽക്കുന്ന ജീവനാണ് ദൈവരാജ്യം. അതായത്, നിന്റെ ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന നിന്നിലെ ജീവനാണ് ദൈവരാജ്യമെന്നു വരുന്നു. നിന്നിലെ ഈ ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംശമാണ്; നിന്നിലെ ദൈവികതയാണിത്. ഈ ജീവനാണ് അനുദിനം നിന്റെ പ്രിയരുമായുള്ള പരസ്പര ബന്ധത്തിൽ നീ ജീവിച്ചു നിൽക്കുന്നത്. ഈ ജീവനിലേക്ക് നിന്റെ സമയവും നിന്റെ കഴിവുകളും നിന്റെ ശ്രദ്ധയും നിക്ഷേപിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതിനുപകരം, ജീവസന്ധാരണത്തിന്റെ ഉപാധികളായ സമ്പത്തിനും സ്ഥാനമാനങ്ങൾക്കു വേണ്ടി നിന്റെ സമയവും കഴിവുകളും ശ്രദ്ധയും നിക്ഷേപിച്ചാൽ നീ കാണിക്കുന്നത് ആനമഠയത്തരമായിരിക്കും.

ജീവനിലുള്ള ഈ നിക്ഷേപത്തിന്റെ സവിശേഷത അത് "കള്ളന്മാർ അപഹരിക്കുകയില്ല ചിതൽ നശിപ്പിച്ചു കളയുകയുമില്ല" (ലൂക്കാ 12:33). അതായത് ജീവസന്ധാരണത്തിന്റെ ഉപാധികളൊക്കെ നിനക്ക് എന്നെങ്കിലും നഷ്ടപ്പെട്ടുപോകാവുന്നവയാണ്. മരിക്കുന്നതിന് മുൻപ് അത് സംഭവിച്ചില്ലെങ്കിൽ, മരണത്തോടെയെങ്കിലും നിന്റെ സമ്പത്തും നിന്റെ സ്ഥാനമാനങ്ങളും നിന്നെ കൈവിടും, തീർച്ച. എന്നാൽ നിന്നിലെ ജീവൻ മരണത്തിനു ശേഷവും തുടരുന്നു. അതിനാൽ നിന്റെ കഴിവും സമയവും നീ നിക്ഷേപിക്കേണ്ടത് നശ്വരങ്ങളായ ജീവസന്ധാരണത്തിന്റെ ഉപാധികളിലല്ല, മറിച്ച് നിന്റെ ജീവൻ ഓരോ ദിവസവും അതിന്റെ നിറവിൽ ജീവിക്കാനാണ്. ഇതിനെയാണ് 'ദൈവസന്നിധിയിൽ സമ്പന്നനാകുന്ന' അവസ്ഥയെന്ന് ഈശോ വിശേഷിപ്പിക്കുന്നത് (ലൂക്കാ 12:21). കാരണം ദൈവത്തിന്റെ ജീവന്റെ അംശമായ നിന്നിലെ ജീവൻ അനുദിനം അതിന്റെ നിറവിൽ നീ ജീവിക്കുമ്പോൾ നിന്നിലെ ദൈവികജീവനാണ് കരുത്താർജ്ജിക്കുന്നത്. അതിലൂടെയാണ് നീ ദൈവസന്നിധിയിൽ സമ്പന്നമാകുന്നത്.

അതിനാൽ ഈശോ ഇന്ന് ആവശ്യപ്പെടുന്നത്, നിന്റെ ജീവനിലേക്ക് നീ നിക്ഷേപം നടത്താനാണ്. ഓരോ ദിവസത്തെയും നിന്റെ ജീവിതം അതിന്റെ നിറവിൽ ജീവിക്കാൻ ഈശോ ആവശ്യപ്പെടുന്നു. മുരടിച്ചു നിൽക്കുന്ന മാവിന്റെ മാങ്ങ രുചിച്ചുനോക്കിയിട്ടുണ്ടോ? എത്രമാത്രം സ്വാദുണ്ടാകും? എന്നാൽ വളവും വെള്ളവും ലഭിച്ച് ഊർജ്ജ്വസ്വലമായി നിൽക്കുന്ന മാവിലെ മാമ്പഴത്തിന്റെ രുചിയോ?

ഓരോ ദിവസത്തെയും നിന്റെ ജീവിതം അതിന്റെ നിറവിൽ ജീവിക്കുക. അതിനായി നിന്റെ സമയവും കഴിവുകളും നീ നിക്ഷേപിക്കുക. നിന്റെ പ്രിയരുമായുള്ള പരസ്പരബന്ധത്തിന് നീ സമയവും ശ്രദ്ധയും മാറ്റി വയ്ക്കുക. അത് പകരുന്ന സന്തോഷവും സൗന്ദര്യവും നീ ആസ്വദിക്കുക. അങ്ങിനെയാണ് നിന്നിലെ ജീവൻ വളരുന്നത്; വളർന്ന് വളർന്ന് അത് നിത്യതയെ പുൽകുന്നത്; അത് നിത്യജീവനായി രൂപാന്തരപ്പെടുന്നത്. അതിനാൽ നീ സ്വയം വിലയിരുത്തലിന് തയ്യാറാകുക: നിന്റെ സമയവും കഴിവുകളും നീ നിക്ഷിപിച്ചിരിക്കുന്നത് ജീവസന്ധാരണത്തിന്റെ ഉപാധികളായ പണവും പദവിയും ആർജ്ജിച്ചെടുക്കാനാണോ? അതോ നിന്റെ സ്‌നേഹബന്ധങ്ങളെ പുഷ്ടിപ്പെടുത്തി നിന്നിലെ ദൈവാരാജ്യമാകുന്ന ജീവനെ വളർത്താനാണോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP