Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദനഹാതിരുന്നാൾ

ദനഹാതിരുന്നാൾ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്ന് ദനഹാത്തിരുന്നാളാണ്. ഈശോയുടെ ജ്ഞാനസ്‌നാനമാണ് നാമിന്ന് ധ്യാനവിഷയമാക്കുന്നത്. സ്നാനം കൊടുക്കുന്നത് സ്‌നാപകയോഹന്നാനാണ്. അവനിൽനിന്നും സ്‌നാനം സ്വീകരിക്കാൻ വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്.

'അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേൽക്കാൻ വരുന്നത് കണ്ട് യോഹന്നാൽ അവരോട് പറഞ്ഞു...' (മത്താ 3:7). അല്പംകൂടി മുമ്പോട്ട് പോകുമ്പോൾ സുവിശേഷകൻ എഴുതുന്നു: ''അനന്തരം യേശു ഗലിലിയിൽ നിന്ന് യോർദാനിൽ യോഹന്നാന്റെ അടുത്ത് സ്‌നാനമേൽക്കാൻ വന്നു'' (മത്താ 3:13).

അപ്പോൾ സ്‌നാപകനിൽ നിന്ന് സ്‌നാനം സ്വീകരിക്കാൻ വരുന്ന ആദ്യത്തെ കൂട്ടർ ഫരിസേയരും സദുക്കായരുമാണ്. അന്നത്തെ യഹൂദമതത്തിലെ ഭക്തരായ മനുഷ്യരാണവർ. മതജീവിതം കർശനമായി പാലിക്കാൻ ശ്രദ്ധിച്ചിരുന്നവർ. അതിന് ശേഷം സ്‌നാനം സ്വീകരിക്കാൻ വരുന്നത് ഈശോയും. ഇരുകൂട്ടരും സ്വീകരിക്കുന്ന സ്‌നാനം ഒന്നു തന്നെയാണ്. എന്നാൽ സ്വീകരിക്കുന്നവരുടെ മനോഭാവത്തിലും സ്വഭാവത്തിലുമാണ് വ്യത്യാസം കാണാനാവുന്നത്.

ആദ്യത്തെ കൂട്ടരോട് യോഹന്നാൻ പറഞ്ഞു: ''ഞങ്ങൾക്ക് പിതാവായി അബ്രഹാമുണ്ട് എന്ന് പറഞ്ഞു നിങ്ങൾ അഭിമാനിക്കേണ്ടാ...' (മത്താ 3:9). അതായത്, ഫരിസേയരുടെയും സദുക്കായരുടെയും ശ്രദ്ധ അവരുടെ കുലമഹിമയിലും, പാരമ്പര്യത്തിലും അവരുടെ ഭൗതികശ്രേഷ്ഠതയിലുമായിരുന്നുവെന്ന് സാരം.

എന്നാൽ ഈശോയുടെ കാര്യത്തിൽ സംഭവിക്കുന്നത് നേരെ വിപരീതമായ സംഗതിയാണ്: ''അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിനെപ്പോലെ അവന്റെമേൽ ഇറങ്ങിവരുന്നത് കണ്ടു. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി. ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു'' (മത്താ. 3:16-17).

ഫരിസേയരും സദുക്കായരും അവരുടെ കുലമഹിമയിലും ഭൗതികനേട്ടത്തിലും ശ്രദ്ധിച്ചിരിക്കുമ്പോൾ, ഈശോയിൽ ദൈവാത്മാവ് വന്ന് നിറയുകയും അവൻ ദൈവപുത്രനാണെന്ന ആത്മാവബോധത്തിലേയ്ക്ക് ഉണരുകയും ചെയ്യുന്നു. ആദ്യത്തെ കൂട്ടരുടെ ശ്രദ്ധ ഭൗതികതയിലായിരുന്നെങ്കിൽ, ഈശോയിൽ ഉണർന്നുവരുന്നത് ആന്തരികതയാണ്. ഈശോയിൽ വന്ന് നിറയുന്നത് അരൂപിയാണ്, റൂഹായാണ്, ജീവവായുവാണ്. അതിലൂടെ അവനിൽ സജീവമാകുന്നത് ജീവന്റെ പുർണതയാണ്. അതിനെയാണ് ദൈവപുത്രത്വം എന്ന് പേര് ചൊല്ലി വിളിച്ചത് (മത്താ. 3:17).

ചുരുക്കത്തിൽ ജലത്തിൽ സ്‌നാനപ്പെട്ടവൻ ജലത്തിന്റെ പരിമിതികളിൽ കെട്ടുപിണഞ്ഞുപോകാതെ അരൂപിയുടെ സാധ്യതകളിലേയ്ക്ക് വളർന്നുവെന്ന് സാരം. വെള്ളത്തിൽ നിന്ന് അരൂപിയിലേയ്ക്കുള്ള വളർച്ചയിലാണ് ഈശോ ക്രിസ്തുവായി രൂപാന്തരപ്പെട്ടത്. വെള്ളത്തിൽ കുളിച്ചവൻ, അരൂപിയിൽ കുളിപ്പിക്കപ്പെടുന്നു; അരൂപിയിൽ ആമഗ്നനാക്കപ്പെടുന്നു. അപ്പോഴാണ് അവൻ ദൈവപുത്രത്വത്തിന്റെ ആത്മബോധത്തിലേയ്ക്ക് വളരുന്നത്.

ജീവധാരയുടെ ഡിസംബർ ലക്കത്തിലെ ലേഖനത്തിൽ എഴുതിയ ഒരു കഥയുണ്ട്. സ്വന്തം കൊക്കുണിനുള്ളിൽ കുടുങ്ങിപ്പോയ ചിത്രശലഭപ്പുഴുവന്റെ കഥ (ഓഡിയോ കേൾക്കുക).

ജലം ഒരു പ്രതീകമാണ്. അതോടൊപ്പം അത് ഒരു മാധ്യമവും ഉപാധിയുമാണ്. അരൂപിയിലേയ്ക്കും ക്രിസ്തുബോധമെന്ന സാധ്യതയിലേയ്ക്കും വളർന്ന് കയറാനുള്ള ഉപാധിയും മാധ്യമവുമാണ് ജലം. എന്നാൽ ജലം പ്രതിനിധീകരിക്കുന്ന ഭൗതികതയിലും ബാഹ്യാനുഷ്ടാനങ്ങളിലും കുടുങ്ങിപ്പോയാൽ നമുക്ക് ഒരിക്കലും ക്രിസ്തുവായി രൂപാന്തരപ്പെടാനാവില്ല. ജലത്തിന്റെ ഭൗതികതയിൽ നിന്നും അരൂപിയുടെ ആന്തരികതയിലേയ്ക്ക് വളരാനാണ് സ്‌നാനപ്പെടുന്ന ഈശോ ഇന്ന് നമ്മെ ക്ഷണിക്കുന്നത്.

കുഞ്ഞുന്നാളിലേ സ്‌നാനപ്പെട്ടിട്ടും നീ എന്ത്യേ ഇനിയും ക്രിസ്തുവായി രൂപാന്തരപ്പെടാത്തത്? അനേകപ്രാവശ്യം ബലിയർപ്പിച്ചിട്ടും എന്ത്യേ നീ ബലിവസ്തുവായിത്തീരുന്നില്ലാ? ആവർത്തിച്ചാവർത്തിച്ച് കുരിശിന്റെ വഴിയേ നടന്നിട്ടും, എന്ത്യേ നീ ഇനിയും ക്രൂശിതനാനാകാത്തത്‌? പലയാവർത്തി കുർബാന അർപ്പിച്ചിട്ടും എന്ത്യേ നീ കുർബ്ബാനയായിത്തീരാത്തത്? ഇതാണ് ഓരോ ക്രിസ്തു ശിഷ്യനും ദനഹാത്തിരുന്നാളിൽ സ്വയം ചോദിക്കേണ്ട ചോദ്യം.

വെളിപ്പെടാനായി മറഞ്ഞിരിക്കുന്നൊരു ക്രിസ്തു നിന്റെ ഉള്ളിലുണ്ട് എന്നതാണ് സത്യം. അനാവരണം ചെയ്യപ്പെടാനായി ഒളിഞ്ഞിരിക്കുന്നൊരു ജീവന്റെ സാധ്യത നിന്റെ ഉള്ളിലുണ്ട്. അത് തിരിച്ചറിഞ്ഞ് അനുഭവിക്കുന്നിടത്താണ് നിന്റെ ദനഹാത്തിരുന്നാൾ ആരംഭിക്കുന്നത്. അല്ലാതെ ആറ്റിലിറങ്ങി ആചാരക്കുളി നടത്തുമ്പോഴും, പിണ്ടികുത്തി വിളക്ക് തെളിയിക്കുമ്പോഴും അല്ല.

ജലത്തിൽ മുങ്ങിയപ്പോൾ അരൂപിയാൽ കുളിപ്പിക്കപ്പെട്ട ഈശോ തന്നിലെ ജീവന്റെ നിറവിലേയ്ക്കാണ് അപ്പോൾ ഉണർന്നുവന്നത്. അതിനെയാണ് ദൈവപുത്രത്വം എന്ന് വിളിച്ചത് (മത്താ. 3:17). തന്നിലെ ജീവന്റെ നിറവിനെ അനുഭവിച്ചറിഞ്ഞ ഈശോ, തന്റെ ചുറ്റുമുള്ള ജീവന്റെ അംശങ്ങളെയെല്ലാം തിരിച്ചറിഞ്ഞു. അതിനാൽ ചുറ്റും കണ്ടവരെല്ലാം അവന്റെ സഹോദരങ്ങളായി - ദരിദ്ര മനുഷ്യരും ജീവിജാലങ്ങളും അമ്മഭൂമിയുമെല്ലാം. അതിനാലാണ് സഹോദര്യാബോധത്തോടെ അവർക്കായി ആത്മബലിയായിത്തീരാൻ അവനായത്.

ക്രിസ്തുവിന് ശേഷം അത്തരമൊരു ആത്മബോധത്തിലേയ്ക്ക് വളർന്നവനായിരുന്നു അസ്സീസിയിലെ ഫ്രാൻസിസ്. അതിനാൽ മനുഷ്യരും, മൃഗങ്ങളും കിളികളുമെല്ലാം അവന്റെ സഹോദരങ്ങളായി മാറി. അത്തരമൊരു ആത്മബോധമാണ് ഫ്രാൻസിസെന്ന പാപ്പായും ഇന്ന് പുറത്തെടുക്കുന്നത്.

ജലം പ്രതിനിദാനം ചെയുന്ന ഭൗതികതയിൽ കുളിച്ചു നിൽക്കാനാണോ നിന്റെ താല്പര്യം? അതോ അരൂപിയിൽ സ്‌നാനപ്പെട്ട് ജീവന്റെ നിറവിലേയ്ക്ക് വളർന്ന് ക്രിസ്താവബോധത്തിൽ ജീവിക്കാനാണോ? കുലമഹിമയിലും ആചാരാനുഷ്ഠാനങ്ങളിലും കെട്ടുപിണഞ്ഞു മൃതനായി തുടരാനാണോ നിന്റെ വിധി? അതോ ആന്തരികതയിലേയ്ക്ക് ഉണർന്ന് ക്രിസ്തുവായി രൂപാന്തരപ്പെട്ട് ജീവിക്കാനാണോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP