Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരാജയം ജീവൻ സമ്പുഷ്ടമാക്കാനുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

പരാജയം ജീവൻ സമ്പുഷ്ടമാക്കാനുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ല്ലൂരാനച്ചനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ അനുഭവം. കാരുണികന്റെ സംപ്റ്റംബർ ലക്കത്തിൽ വിവരിക്കുന്നതാണ് (ഓഡിയോ കേൾക്കുക).

പരാജയത്തിന്റെ മുമ്പിൽ നിൽക്കുന്ന രണ്ടുകൂട്ടം ആൾക്കാരാണ് ഇന്നത്തെ സുവിശേഷത്തിൽ. ഒന്ന് അപസ്മാര രോഗിയുടെ അപ്പൻ. അയാൾ പറയുന്നത് :'കർത്താവേ എന്റെ പുത്രനിൽ കനിയണമേ. അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു'. (മത്താ. 17:15). സ്വന്തം മകന്റെ രോഗത്തിന്റെയും അതിന്റെ പീഡകളുടെയും മുമ്പിൽ പരാജയപ്പെടുന്ന അപ്പനാണ് ഈശോയുടെ അടുത്തേയ്ക്ക് വരുന്നത്.

അല്പം കൂടെ മമ്പോട്ട് പോകുമ്പോൾ ശിഷ്യന്മാർ ഈശോയേ സമീപിച്ചു ചോദിക്കുന്നു:'എന്തുകൊണ്ടാണ് ഞങ്ങൾക്ക് അതിനെ ബഹിഷ്‌കരിക്കാൻ കഴിയാതെ പോയത്?' (17:19). പരാജയപ്പെടുന്ന രണ്ടാമത്തെ കൂട്ടം ആൾക്കാരാണ് ശിഷ്യന്മാർ.

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് പരാജിതരുടെ പ്രതികരണമാണ്. പരാജയപ്പെട്ട ശിഷ്യരും, പരാജയപ്പെട്ട പിതാവും ഈശോയുടെ അടുത്തേയ്ക്കാണ് വരുന്നത്. അങ്ങനെയെങ്കിൽ പരാജയം ഒരു ക്ഷണമാണ്. ഈശോയുടെ അടുത്തേയ്ക്ക് വരാനുള്ള ഒരു ക്ഷണം. എന്നാൽ ഈശോ എവിടെയാണ് സന്നിഹിതനാകുന്നത്? ഒന്നാമതായിട്ടും, ആത്യന്തികമായിട്ടും തമ്പുരാൻ സന്നിഹിതനാകുന്നത് നിന്റെ ശുദ്ധിയിലാണ്. അതിനാൽ, നിന്റെ ഉള്ളിലേയ്ക്കും, നിന്റെ ഹൃദയത്തിലേയ്ക്കും, നിന്റെ ഹൃദയത്തിനുള്ളിലെ ദൈവസാന്നിധ്യത്തിലേയ്ക്കും, നിന്റെ ആത്യന്തികതയിലേയ്ക്കും പിൻതിരിയാനുള്ള ക്ഷണമാണ് നിന്റെ ജീവിതത്തിലെ ഓരോ പരാജയവും.

ചുരുക്കത്തിൽ, നിന്റെ ജീവിതത്തിലെ ഓരോ പരാജയവും നിനക്ക് തമ്പുരാൻ തരുന്ന ഒരു ക്ഷണക്കത്താണ്: 'മകനേ/മകളേ നീ നിന്റെ ഹൃദയത്തിലേയ്ക്കും, നിന്റെ ആന്തരികയിലേയ്ക്കും പിൻതിരിയുക!'.

ഈശോയുടെ അടുത്തേയ്ക്ക് വരുന്ന അപസ്മാര വേനിയുടെ പിതാവും ശിഷ്യരും എന്താണ് ചെയ്യുന്നത്? അവർ ഈശോയുമായി സംഭാഷണത്തിൽ ഏർപ്പെടുന്നു. പരാജയപ്പെടുമ്പോൾ നീയും ചെയ്യേണ്ടത് ഇത് തന്നെയാണ് നിന്റെ ആന്തരികതയിലേയ്ക്ക് പിന്തിരിഞ്ഞ് ഈശോയുമായി സംഭാഷണത്തിൽ ഏർപ്പെടുക.

ഈശോയുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന ഇരു കൂട്ടരോടും ഈശോ പറയുന്നത് സമാനമായ കാര്യമാണ്. ശിശുവിന്റെ അപ്പനോട് ഈശോ പറയുന്നു: 'വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ...'(17:17). വിശ്വാസമില്ലായ്മയാണ് ഈശോയുടെ പ്രതികരണത്തിന്റെ മർമം. ശിഷ്യന്മാരോട് ഈശോ പറയുന്നു : 'നിങ്ങളുടെ അല്പവിശ്വാസം കൊണ്ടുതന്നെ...' (17:20).

വിശ്വാസമില്ലായ്മ, അല്പവിശ്വാസം എന്നിവയെക്കുറിച്ചാണ് തന്നോട് സംഭാഷണത്തിൽ ഏർപ്പെടുന്നവരോട് ഈശോ സംസാരിക്കുന്നത്. അങ്ങനെയെങ്കിൽ നിന്റെ ജീവിതത്തിലെ ഓരോ പരാജയത്തിലും ഈശോയ്ക്ക് പറയാനുള്ളത് ഇതു തന്നെയാണ്. രോഗമാകാം, സാമ്പത്തിക തകർച്ചയാകാം, പ്രിയപ്പെട്ടവരുടെ ചതിയും ഉപേക്ഷയുമാകാം ഏതുതരം പരാജയമാണെങ്കിലും അത് തമ്പുരാൻ തരുന്ന ഒരു ക്ഷണമാണ്. നിന്റെ ഉള്ളിലേയ്ക്ക് പിൻതിരിയാനും, തമ്പുരാനുമായി സംഭാഷണത്തിൽ ഏർപ്പെടാനും, നിന്റെ വിശ്വാസം വർധിപ്പിക്കാനുമുള്ള ദൈവിക ക്ഷണം.

വിശ്വാസം വർധിപ്പിക്കുക എന്നു പറയുന്നത് എന്താണ്? നിന്റെ ഉള്ളിലുള്ള തമ്പുരാനിലുള്ള വിശ്വാസമാണത്, നീ ഒറ്റയ്ക്കല്ല തമ്പുരാനും, നിന്റെ കൂടെയുണ്ട് എന്നുള്ള വിശ്വാസമാണത്. നിന്റെ ഉള്ളലെ ദൈവികസാന്നിധ്യത്തിലുള്ള വിശ്വാസമാണത്. നിന്റെ ഉള്ളിലെ ദൈവിക ജീവനിലുള്ള വിശ്വാസമാണത്. അത് വളർത്താനും വർധിപ്പിക്കാനുമുള്ള അവസരമാണ് നിന്റെ ജീവിതത്തിലെ ഓരോ പരാജയവും. ചുരുക്കത്തിൽ നിന്നിലെ ജീവനെ വളർത്താനുള്ള അവസരമാണ് നിന്റെ ജീവിതത്തിലെ ഓരോ പരാജയവും. നിന്നിലെ ജീവൻ ദൈവത്തിന്റെ തന്നെ ഒരു കണികയാണ്. അതിനെ വളർത്താനും വലുതാക്കാനുമായി തമ്പുരാൻ തരുന്ന ക്ഷണവും അവസരവുമാണ് നിന്റെ ജീവിതത്തിലെ ഓരോ പരാജയവും.

ഗംഗാധരൻ ഡോക്ടർ പറയുന്ന ഉഷയെന്ന രോഗിണിയുടെ കഥ. രോഗത്തിലും അതിന്റെ അന്ത്യത്തിലെ മരണത്തിലും തന്റെ ഉള്ളിലെ ജീവനെയും സ്‌നേഹത്തെയും ജ്വലിപ്പിച്ചുനിർത്തിയ ഉഷയെന്ന കുടുംബിനി (ഓഡിയോ കേൾക്കുക).

രോഗം പരാജയമാണ്. രോഗത്തിന്റെ അന്ത്യമായ മരണം അതിലും വലിയ പരാജയമാണ്. മരണത്തേക്കാൾ വലിയ പരാജയം എന്താണ് ഉള്ളത്? ഏറ്റവും വലിയ പരാജയത്തെപ്പോലും നിന്റെ ഉള്ളിലെ ജീവനെ വളർത്താനുള്ള അവസരമായി മാറ്റുക. ഉഷയെന്ന കാൻസർ രോഗിണി അതാണ് ചെയ്യുന്നത്. രോഗത്തിന്റെ ഓരോ ഘട്ടത്തെയും തന്റെ ഉള്ളിലെ ജീവനെയും സ്‌നേഹത്തെയും, കരുതലിനെയും വളർത്താനുള്ള അവസരമായി അവർ മാറ്റി. അവസാനം മരണത്തെപ്പോലും തന്റെ ഉള്ളിലെ ജീവനെ വളർത്താനുള്ള അവസരമാക്കി. തന്റെ ജീവനെ മരണത്തിനപ്പുറത്തേയ്ക്ക് വളർത്താനുള്ള അവസരമാക്കി മാറ്റി.

ഈശോ നിന്നോടും പറയുന്നത് ഇതാണ് നിന്റെ ജീവിതത്തിന്റെ ഏതെങ്കിലും തലങ്ങളിലൊക്കെ പരാജയപ്പെടുമ്പോൾ നീ നിന്റെ ഉള്ളിലേയ്ക്ക് പിൻതിരിയുക; ദൈവസാന്നിധ്യവുമായി സംഭാഷണത്തിലാകുക.

അതിലൂടെ നിന്നിലെ ജീവനെ ദൈവസാന്നിധ്യത്തിലുള്ള വിശ്വാസത്തെ വളർത്തിയെടുക്കുക. അപ്പോഴാണ് നീ ക്രിസ്തുശിഷ്യനാകുന്നത്. കാരണം മരണമെന്ന പരാജയത്തെപ്പോലും നിത്യജീവനിലേയ്ക്ക് വളർത്തിയവനാണ് ക്രിസ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP