Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"മതാനുഷ്ഠാനങ്ങളെക്കാൾ പ്രധാനപ്പെട്ടത് കാരുണ്യ പ്രവൃത്തികളാണ്" ഫ്രാൻസിസ് പാപ്പാ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ല്ല സമരിയാക്കാരന്റെ ഉപമയാണിത്. ഈശോ ഈ കഥ പറയുന്നതിന്റെ സന്ദർഭം വേദപണ്ഡിതന്റെ അന്വേഷണമാണ്: "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?" (ലൂക്കാ 10:25). നിത്യജീവനുള്ള മാർഗ്ഗമാണ് ഈശോ പറഞ്ഞു കൊടുക്കുന്നതെങ്കിലും മരണത്തിനുശേഷം മാത്രം കൈവരുന്ന ഒരു ജീവനെക്കുറിച്ചല്ല ഈശോ സംസാരിക്കുന്നത്. മറിച്ച്, ഇന്ന് നമ്മൾ ജീവിക്കുന്നതും നാളെയും മറ്റെന്നാളും തുടരുന്നതുമായ അനുദിനജീവിതത്തിലെ നമ്മുടെ ജീവനെക്കുറിച്ചു തന്നെയാണ് ഈശോയുടെ സംസാരം. ഈ ജീവൻ തന്നെയാണ് നിത്യതയിലേക്ക് വളർന്നു കയറി, അവിടെ നിത്യജീവനായി തുടരുന്നത്. അതിനാലാണ് ശരിയായി ഉത്തരം പറയുന്ന വേദപണ്ഡിതനോട് ഇതനുസരിച്ച് പ്രവർത്തിച്ചാൽ 'അവൻ ജീവിക്കുമെന്ന്' (ലൂക്കാ 10:28) ഈശോ പറയുന്നത്.

അങ്ങനെയെങ്കിൽ, ഓരോ ദിവസത്തെയും നമ്മുടെ ജീവിതം അതിന്റെ നിറവിൽ ജീവിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? അതിന്റെ തുടർച്ചയായി വരുന്ന നിത്യജീവനും എങ്ങനെ നമുക്ക് സ്വന്തമാക്കാൻ കഴിയും? ഇതിനുള്ള വഴിയാണ് ഈശോ ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്.

ഈശോ പറയുന്ന ഈ കഥയിൽ മൂന്നു കഥാപാത്രങ്ങളാണ് മുറിവേറ്റവന്റെ വഴിയിലൂടെ യാത്ര ചെയ്യുന്നത്. ആദ്യം പുരോഹിതനും അതിനു പിറകെ ലേവായനം, പിന്നീട്, സമരിയാക്കാരനും. ഇതിൽ ആദ്യത്തെ രണ്ടു പേരും മുറിവേറ്റവനോട് സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത്: "അവനെ കണ്ട് മറുവശത്തുകൂടെ അവൻ കടന്നു പോയി" (ലൂക്കാ 10:31,32). എന്തു കൊണ്ടാണ് അവർ രണ്ടു പേരും മുറിവേറ്റവനെ കണ്ടിട്ട് അവനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്താതെ കടന്നു പോയത്?

അതിന് ഉത്തരം കിട്ടണമെങ്കിൽ കഥയിൽ ഈശോ വ്യംഗമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചനകൾ നമ്മൾ വായിച്ചെടുക്കണം. കഥ തുടങ്ങുമ്പോൾ ഈശോ പറയുന്നത് ശ്രദ്ധിക്കണം: "ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു" (ലൂക്കാ 10:30). ജറുസലേം ഏറ്റവും ഉയർന്ന പട്ടണമാണ്. ജറീക്കോ ലോകത്തിലേക്കും വച്ച് ഏറ്റവും താഴ്ന്ന പട്ടണവും. അപകടത്തിൽപെട്ടവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ മറ്റുള്ളവരെല്ലാം എതിർദിശയിലായിരിക്കണം യാത്ര ചെയ്തിരുന്നത് - ജറുസലേമിലേക്ക്. അതിനാൽ പുരോഹിതന്റെയും ലേവായന്റെയും യാത്രയുടെ ലക്ഷ്യം യെരുശലേം ദേവാലയം തന്നെയായിരിക്കണം. കാരണം, അവർ ദേവാലയ ശുശ്രൂഷകരായിരുന്നല്ലോ.

അങ്ങനെയെങ്കിൽ, യെരുശലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തിരുന്ന പുരോഹിതനും ലേവായനും മുറിവേറ്റവനെ കടന്നു പോയതിന്റെ കാരണം എന്താണ്? അതിന്റെ കാരണം അവർ അവരുടെ ദേവാലയശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തു. അതായത്, ദേവാലയത്തിലെ ബലിക്കും പ്രാർത്ഥനയ്ക്കും അവർ മുൻഗണന കൊടുത്തു. മുറിവേറ്റവനെ ശുശ്രൂഷിക്കുന്നതിനേക്കാൾ പ്രാധാന്യമേറിയത് ദേവാലയത്തിലെ ബലിയും പ്രാർത്ഥനയുമാണെന്ന് അവർ കരുതി.

അങ്ങനെയെങ്കിൽ, അവരുടെ മുൻഗണനാക്രമം തെറ്റിയെന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനെ തഴഞ്ഞ് ആ സ്ഥാനത്തേക്ക് പ്രാർത്ഥനയേയും മതാനുഷ്ഠാനങ്ങളെയും പ്രതിഷ്ഠിച്ചതായിരുന്നു അവരുടെ തെറ്റ്. ഒരുവൻ ജീവിതത്തിൽ സ്വീകരിക്കുന്ന മുൻഗണനാക്രമമാണ് ഒരുവനെ നിത്യജീവനിൽ എത്തിക്കുന്നത്, അല്ലെങ്കിൽ നിത്യമരണത്തിൽ എത്തിക്കുന്നത് എന്നാണ് ഈശോ ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്. ബലിയർപ്പണം, പ്രാർത്ഥന, മതാനുഷ്ഠാനങ്ങൾ എന്നിവയേക്കാൾ പ്രാധാന്യമേറിയതാണ് സഹോദരസ്നേഹം എന്നു തന്നെയാണ് ഈശോ തരുന്ന പാഠം. ചുരുക്കത്തിൽ, മുറിവേറ്റ സഹോദരന് ഒന്നാം സ്ഥാനം കൊടുക്കുന്നവനാണ് നിത്യജീവൻ കൈവശമാക്കുന്നത് എന്നു സാരം.

ഒരു യുവ വ്യവസായിയുടെ സംശയം. അനാഥാലായങ്ങൾക്കും ദരിദ്രർക്കും കൊടുക്കുന്ന പണം ദശാംശത്തിൽ പെടുത്താൻ പറ്റില്ലേ? അതോ പള്ളിക്കും സുവിശേഷപ്രഘോഷണത്തിനും കൊടുക്കുന്നത് മാത്രമേ ദശാംശമാകുകയുള്ളോ? (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

ഈശോ പറഞ്ഞു വയ്ക്കുന്ന ഈ പ്രാധാന്യക്രമം "ആനന്ദിച്ച് ആഹ്ലാദിച്ചാലും" എന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ ഫ്രാൻസീസ് പാപ്പാ വ്യക്തമായി പറയുന്നുണ്ട്: "ഇവിടെ ഞാൻ വി. തോമസ് അക്വീനാസിനെക്കുറിച്ച് ചിന്തിക്കുന്നു. അദ്ദേഹം ചോദിച്ചു: 'നമ്മുട പ്രവൃത്തികളിൽ ഏറ്റവും മികച്ചത് ഏതാണ്? നമ്മുടെ ഏതു പ്രവൃത്തിയാണ് ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം ഏറ്റവും കൂടുതൽ പ്രകടമാക്കുന്നത്?' സംശയലേശമന്യേ അദ്ദേഹം ഉത്തരവും നൽകി: 'നമ്മുടെ ആരാധനാകർമ്മങ്ങളെക്കാൾ (മതാനുഷ്ഠാനങ്ങളേക്കാൾ) സഹോദരങ്ങളോടുള്ള നമ്മുടെ കാരുണ്യപ്രവൃത്തികളാണ് അവ'" (GE 106).

ഏതിനാണ് നമ്മൾ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്? ഈ ചോദ്യത്തിന് ഈശോ ഈ കഥയിലൂടെ വ്യക്തമായ ഉത്തരം തരുന്നു. ഈ ചോദ്യത്തിന് കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ വി. തോമസ് അക്വീനാസും അതേ ഉത്തരം തന്നെ പറയുന്നു. അതു തന്നെ ഫ്രാൻസിസ് പാപ്പായും ആവർത്തിക്കുന്നു - "മതാനുഷ്ഠാനങ്ങളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് കാരുണ്യപ്രവൃത്തികൾക്കാണ്."

ഇവിടെ നമ്മൾ ഒരു ചോദ്യം കൂടി ചോദിക്കണം - എന്തു കൊണ്ടാണ് പുരോഹിതനും ലേവായനും മുറിവേറ്റവനെ സഹായിക്കാതെ കടന്നുപോയത്? അവരുടെ മതാനുഷ്ഠാനങ്ങൾക്ക് അവർ ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ടാണെന്ന് നമ്മൾ പറയും. അത് ശരി തന്നെ. എന്നാൽ, അതിന്റെയും പിറകിലുള്ള അടിസ്ഥാനകാരണം ഈശോ വ്യംഗമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സമരിയാക്കാരന്റെ പ്രവൃത്തിയെ വിശദീകരിക്കുമ്പോഴാണ് ഈശോ അത് പറയുന്നത്: "ഒരു സമരിയാക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് 'മനസ്സലിഞ്ഞ്' അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചു കെട്ടി" (ലൂക്കാ 10:33). അതായത്, സമരിയാക്കാരനെ കാരുണ്യപ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന ഘടകം 'അവന്റെ മനസ്സലിവാണെന്ന്' അർത്ഥം. അങ്ങനെയെങ്കിൽ, മറ്റു രണ്ടു പേരും മുറിവേറ്റവനെ സഹായിക്കാഞ്ഞതിന് കാരണം അവരുടെ മനസ്സലിയാത്തതാണ്.

മനസ്സലിഞ്ഞില്ലെന്ന് പറഞ്ഞാൽ "ഹൃദയം കഠിനമായി" എന്നർത്ഥം. "ഹൃദയം കഠിനമായി" എന്നത് വേദപുസ്തകത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു പ്രമേയമാണ്. വെള്ളത്തിന്റെ മുകളിൽ നടന്നു വരുന്ന ഈശോയെ തിരിച്ചറിയാൻ ശിഷ്യന്മാർക്ക് കഴിയുന്നില്ല. അതിനു കാരണമായി മർക്കോസ് പറയുന്നത് ശ്രദ്ധിക്കണം: "കാരണം അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം കഠിനമായിരുന്നു" (മർക്കോ 6:52). ഇതേ കാര്യം ഈശോ പിന്നീട് ശിഷ്യന്മാരോട് നേരിട്ടു ചോദിക്കുന്നുണ്ട്: "നിങ്ങളുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നുവോ? (മർക്കോ 8:17). ഹൃദയം കഠിനപ്പെടുത്തുന്നതിന് ഏറ്റവും നല്ല ഉദാഹരണം ഈജിപ്തിലെ ഫറവോ രാജാവാണ്. പത്ത് പ്രാവശ്യമാണ് ആവർത്തിച്ചാവർത്തിച്ച് ഫറവോ ഹൃദയം കഠിനമാക്കുന്നത് (പുറ 7:13,14,22; 8:15,19,32; 9:7,12,34,35). ചുരുക്കത്തിൽ, മനസ്സലിയാത്ത അവസ്ഥയാണ് "ഹൃദയകാഠിന്യം" എന്നു വരുന്നു,

എല്ലാ മതാനുഷ്ഠാനങ്ങളുടെയും ലക്ഷ്യം ഈ "ഹൃദയാലിവ്" സൃഷ്ടിക്കുക എന്നതു തന്നെയാണ്. കാരണം, ഇതാണ് ദൈവത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് ഈശോ തന്നെ പറയുന്നു: "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6:36). ദൈവത്തിന്റെ ഈ അടിസ്ഥാനഭാവം സ്വായത്തമാക്കുകയാണ് നമ്മുടെ കുർബാനയുടെയും കൂദാശകളുടെയും ധ്യാനത്തിന്റെയും പ്രാർത്ഥനകളുടെയും ലക്ഷ്യം. അതിനാൽ, കാരുണ്യത്തെ അവഗണിച്ചു കൊണ്ട് മതാനുഷ്ഠാനങ്ങളുടെ പിറകെ പോകുന്നവർക്ക് നിത്യ ജീവൻ ലഭിക്കില്ല എന്നർത്ഥം.

മുൻപ് പറഞ്ഞ വ്യവസായിയുടെ സംശയത്തിന് കൊടുത്ത മറുപടി. ദശാംശം കൊടുക്കാൻ ഈശോ ആരോടും ഒരിടത്തും പറയുന്നില്ല (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

അങ്ങനെയെങ്കിൽ, ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് നമ്മുടെ ജീവിതത്തിന്റെ മുൻഗണനാക്രമങ്ങളെ വിലയിരുത്തനാണ്. ഏതിനാണ് നമ്മൾ ഒന്നാം സ്ഥാനം കൊടുക്കുന്നത്? നമ്മുടെ മതാനുഷ്ടാനങ്ങൾക്കാണോ, അതോ കാരുണ്യപ്രവൃത്തികൾക്കാണോ? ചുറ്റുമുള്ള മനുഷ്യരുടെ വേദന കാണുമ്പോൾ നമ്മുടെ മനസ്സലിയാറുണ്ടോ? അതോ മനസ്സലിയാതെ നമ്മുടെ ഹൃദയം കഠിനമാകുകയാണോ ചെയ്യുന്നത്? നമ്മുടെ വീട്ടിലും ഇടവകയിലും സന്യാസഭവനങ്ങളിലും അരമനകളിലും സഭയിലും വളർന്നു വരുന്നത് ഹൃദയകാഠിന്യമാണോ അതോ ഹൃദയാലിലാണോ? ഇതിനുള്ള ഉത്തരമനുസരിച്ചിക്കും എന്റെയും നിങ്ങളുടെയും ഓരോ ദിവസത്തെ ജീവനും പിന്നീടുള്ള നിത്യജീവനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP