Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിന്നിലെ ദൈവാരൂപി...

നിന്നിലെ ദൈവാരൂപി...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്ന് പന്തക്കുസ്താ തിരുന്നാളാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. ഇവിടെ ഈശോ പറയുന്ന രണ്ടു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഒന്ന്, ഈശോ തന്നെ അയച്ചവന്റെ അടുത്തേക്ക് പോയിക്കഴിഞ്ഞ ശേഷമാണ് പരിശുദ്ധാത്മാവിനെ അയക്കുക. തന്മൂലം രണ്ട് കാലഘട്ടമുണ്ടെന്നർത്ഥം - ഈശോയുടെ കാലഘട്ടവും പരിശുദ്ധാത്മാവിന്റെ കാലഘട്ടവും.

രണ്ട്, പരിശുദ്ധാത്മാവ് വരുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ശിഷ്യന്മാർ നയിക്കപ്പെടുന്നത് (യോഹ 16:13). പരിശുദ്ധാത്മാവാണ് എല്ലാ കാര്യങ്ങളും അവരെ പഠിപ്പിക്കുന്നത് (യോഹ 14:26). ഈശോയ്‌ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മുഴുവനായി ഉൾക്കൊള്ളാൻ അവർക്കിപ്പോൾ കഴിയില്ല (യോഹ 16:12). അങ്ങനെയെങ്കിൽ, ദൈവസാന്നിധ്യം പകരുന്ന അറിവിന്റെ കാര്യത്തിലും രണ്ട് ഘട്ടങ്ങളുണ്ടെന്ന് വരുന്നു - പഞ്ചേദ്രിയങ്ങളുടെ ഘട്ടവും, അരൂപിയുടെ ഘട്ടവും.

ദൈവം മനുഷ്യനായി അവതരിപ്പിച്ചതായിരുന്നു നസ്രത്തിലെ ഈശോ. ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായിരിക്കുന്നതാണ് ഈശോ. ഈശോയെ ശിഷ്യന്മാർക്ക് കാണാനും കേൾക്കാനും സ്പർശിക്കാനുമായി. അവൻ കൈമാറിയ അറിവും ജ്ഞാനവും പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടേയും അവർ സ്വീകരിച്ചു.

ദൈവാരൂപിയുടെ ഘട്ടത്തിൽ അറിവ് കൈമാറ്റപ്പെടുന്നത് പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായിട്ടാണ്. ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന ദൈവികചൈതന്യത്തിൽ നിന്നാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ഒരുവൻ എത്തേണ്ടത് എന്നർത്ഥം. അതിനാൽ തന്നെ ദൈവാരൂപി പകരുന്ന അറിവിനും ജ്ഞാനത്തിനുമായി നമ്മൾ പരിശ്രമിക്കുയാണ് വേണ്ടത്.

അങ്ങനെയെങ്കിൽ, ഈ ദൈവാരൂപി എവിടെയാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. ഇതിന് വ്യക്തമായ ഒരുത്തരം പൗലോസ് ശ്ലീഹാ നൽകുന്നുണ്ട്: "നിങ്ങളിൽ വസിക്കുന്ന ദൈവാത്മാമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ? (1 കോറി 6:19). സമാനമായ കാര്യം 1 കോറി 3:16 ലും പൗലോസ് എഴുതുന്നുണ്ട്. അതായത് എന്റെ ശരീരത്തിനുള്ളിലാണ് ദൈവാത്മാവ് വസിക്കുന്നതെന്ന്. എന്റെ ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന എന്നിലെ ജീവനിൽ സന്നിഹിതമാകുന്നത് ദൈവാത്മാവ്
ആണെന്നർത്ഥം.

എന്റെ ഉള്ളിൽ സന്നിഹിതമാകുന്ന ദൈവാത്മാവ്, ക്രിസ്തുവിന്റെ ആത്മാവ് തന്നെയാണെന്നും പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളനവല്ല (റോമ 8:9-16).

ചുരുക്കത്തിൽ, എന്റെ ശരീരത്തിനുള്ളിൽ വസിക്കുന്ന ദൈവാരൂപി ക്രിസ്തുവിൽ നിറഞ്ഞുനിന്നിരുന്ന ദൈവിക ചൈതന്യം തന്നെയാണ്. എന്റെയുള്ളിലെ ഈ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നിടത്താണ് സത്യത്തിന്റെ പൂർണതയിലേക്കും അറിവിന്റെ നിറവിലേക്കും ഞാൻ വളരുന്നത്.

അങ്ങനെയെങ്കിൽ, എന്റെ ഉള്ളിൽ വസിക്കുന്ന ദൈവാരൂപിയുമായി സമ്പർക്കത്തിലാകാൻ ഞാൻ എന്തു ചെയ്യണം? ഇതിനു വ്യക്തമായ നിർദ്ദേശം തരുന്നത് ഈശോ തന്നെയാണ്- തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. മലയിലെ പ്രസംഗത്തിൽ ഈശോ നിർദ്ദേശിച്ചു: ''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക'' (മത്താ 6:6).

ഈശോയുടെ ഈ നിർദ്ദേശത്തിന് പ്രതീകാത്മകമായ അർത്ഥമാണ് പല സഭാപിതാക്കന്മാരും കൽപ്പിച്ചത്. പഞ്ചേന്ദ്രിയങ്ങളാവുന്ന വാതായനങ്ങളെ പിൻവലിക്കുന്നതാണ് മുറിയിൽ കടന്ന് കതകടക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നർത്ഥം. അങ്ങനെയെങ്കിൽ പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ആന്തരികതയിലേക്ക് പിൻവാങ്ങുന്നിടത്താണ് അവൻ അവന്റെയുള്ളിലെ ദൈവസാന്നിധ്യവുമായി സമ്പർക്കത്തിലാകുന്നത് എന്നു വരുന്നു.

ശിഷ്യരോടു നിർദ്ദേശിച്ച ഈ കാര്യം സ്വന്തം ജീവിതത്തിൽ പതിവായി ആവർത്തിച്ചവനായിരുന്നു ഈശോ. മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളെല്ലാം തന്നെ ഏകാന്തതയിലും നിശബ്ദതയിലുമാണ്: "അതിരാവിലെ അവൻ ഉണർന്ന് ഒരു വിജന സ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു (മർക്കോ 1:35).

ഒന്നാം പ്രാവശ്യം അപ്പം വർദ്ധിപ്പിച്ചപ്പോൾ ഈശോ ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു നിന്നിരുന്നത്. അതിനുശേഷം ഈശോ ശിഷ്യരെ വഞ്ചിയിൽ മറുകരെക്കു വിട്ടു. പിന്നീട്, "ആളുകളോടു യാത്ര പറഞ്ഞ ശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്കു പോയി (മർക്കോ 6:46).

തന്റെ പീഡാസഹനത്തിന് മുൻപ് ഈശോ പ്രാർത്ഥിക്കാൻ പോയത് ഒലിവ് തോട്ടത്തിലേക്കാണ്. മൂന്നു ശിഷ്യരെ കൂടെ കൊണ്ടു പോയെങ്കിലും അവൻ അവരിൽ നിന്ന് അകന്ന് മാറി ഏകാന്തതയിലാണ് പ്രാർത്ഥിക്കുന്നത് (മർക്കോ 14:33-35).

ഏകാന്തതയിലും നിശബ്ദതയിലും പ്രാർത്ഥിക്കുന്ന ഈശോയുടെ രീതി ലൂക്കാ സുവിശേഷകനും വിവരിക്കുന്നുണ്ട്: "ആ ദീവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്ക് പോയി. അവിടെ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടു രാത്രി മുഴുവൻ ചിലവഴിച്ചു" (ലൂക്കാ 6:12).

പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനു മുമ്പുള്ള സന്ദർഭത്തെ ലൂക്കാ വിവരിക്കുന്നത് ശ്രദ്ധിക്കുക: "ഒരിക്കൽ അവൻ തനിയെ പ്രാർത്ഥിക്കുയായിരുന്നു (ലൂക്കാ 9:18).

ചുരുക്കത്തിൽ ഉള്ളിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ഏകാന്തതയിലാണ് ഈശോ പ്രാർത്ഥിക്കുന്നത് എന്നർത്ഥം. അതിനാലാണ് പ്രാർത്ഥിക്കാനായി അവൻ മലമുകളിലേക്കും മരുഭൂമിയിലേക്കും വിജനപ്രദേശത്തേക്കും ഒലിവുതോട്ടത്തിലേക്കും പോയിരുന്നത്. മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിച്ച ഈശോ പതിവായി ചെയ്തിരുന്നതും അതു തന്നെയായിരുന്നുവെന്നു സാരം.

പൗലോസ് ശ്ലീഹാ തെസലോനിക്കക്കാരോട് പറയുന്ന നിർദ്ദേശവും ഇതിനോട് കൂട്ടി നമ്മൾ വായിക്കണം. അദ്ദേഹം പറയുന്നു: "നിങ്ങൾ ആത്മാവിനെ നിർവീര്യമാക്കരുത് (1തെസ 5:19). പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ഉള്ളിലേക്ക് പിൻതിരിയുമ്പോഴാണ് അവൻ അവനിലെ അരൂപിയുമായി സമ്പർക്കത്തിലാകുന്നത്. അതായത് എന്റെ ശരീരത്തിനു പിറകിലുള്ള എന്നിലെ ജീവൻ ദൈവികജീവന്റെ തന്നെ അംശമാണ്. അതിനാൽ തന്നെ എന്നിലെ ജീവനിലാണ് ദൈവാരൂപി സന്നിഹിതനാകുന്നത്. അങ്ങനെയെങ്കിൽ, എന്നിലെ ജീവനുമായി ഞാൻ സമ്പർക്കത്തിലാകുമ്പോൾ എന്നിലെ ദൈവാരൂപി സജീവമാകുമെന്നർത്ഥം. നേരെ മറിച്ച്, എന്നിലെ ജീവനുമായുള്ള എന്റെ സമ്പർക്കം കുറഞ്ഞു വരുമ്പോൾ എന്നിലെ ദൈവാരൂപി നിർവീര്യമാകും, കെട്ടുപോകുന്നുവെന്നു സാരം.

ഒരു സന്യാസിയെ പരീക്ഷിക്കാൻ പോയെ കുട്ടിയുടെ കഥ. കുരിവി ജീവനുള്ളതാണോ അതോ ചത്തതാണോ? ഇതാണ് ചോദ്യം (കഥയുടെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക). നിന്നിലെ ദൈവാരൂപി സജീവമാണോ അതോ നിർവീര്യമാണോ എന്നത് നിന്നെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

ഇതേ നിർദ്ദേശം തന്നെയാണ് ഫ്രാൻസീസ് പാപ്പായും തന്റെ അപ്പസ്‌തോലിക പ്രബോധനത്തിൽ നൽകുന്നത്: "എന്നാൽ ഇതു സംഭവിക്കണമെങ്കിൽ ദൈവവുമായി ഒറ്റയ്ക്ക് ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങളെങ്കിലും വേണം. ആവിലായിലെ അമ്മത്രേസ്യായെ സംബന്ധിച്ചടുത്തോളം പ്രാർത്ഥന ദൈവവുമായുള്ള സ്‌നേഹ സംസർഗ്ഗമാണ്; കൂടെക്കൂടെയുള്ളതും ഒറ്റക്കുള്ളതുമായ സംഭാഷണമാണ് (GE 149).

നമ്മോട് നേരിട്ടുള്ള ചോദ്യത്തിലൂടെ ഇതേ കാര്യം തന്നെ പാപ്പാ ആവർത്തിക്കുന്നുണ്ട്: "അതുകൊണ്ട് നിങ്ങളോട് ഞാൻ ചോദിക്കട്ടെ, കർത്താവിന്റെ സന്നിധിയിൽ നിങ്ങളെത്തന്നെ ശാന്തമായി നിലനിർത്തുന്ന നിമിഷങ്ങൾ ഉണ്ടോ? ശാന്തമായി അവിടുന്നുമായി നിങ്ങൾ സമയം ചെലവഴിക്കുന്നുണ്ടോ (GE 151).

ചുരുക്കത്തിൽ, ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകാനാണ്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവനിലെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ജീവിക്കുന്നിടത്താണ് നീ നിന്നിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നത്. നിന്നിലെ ജീവചൈതന്യവുമായി സദാസമ്പർക്കത്തിൽ ജീവിക്കുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്കു നീ വളരുന്നത്.

കാരണം, പഞ്ചേദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടെയും ലഭിക്കുന്ന അറിവ് നിന്റെ ഉപജീവനത്തിന് നിന്നെ സഹായിക്കും. എന്നാൽ നിന്നിലെ ജീവചൈതന്യവുമായുള്ള സമ്പർക്കം നിന്നെ ജീവന്റെ നിറവിലേക്ക് വളർത്തും; മരണത്തിന് അപ്പുറത്തേക്ക് കടക്കുന്ന നിത്യജീവനിലേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP