Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതം കൊണ്ട് സുവിശേഷം പ്രസംഗിക്കുന്നവർ

ജീവിതം കൊണ്ട് സുവിശേഷം പ്രസംഗിക്കുന്നവർ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷ ഭാഗം (മർക്കോസ് 16:9-20) മർക്കോസ് സുവിശേഷത്തിന്റെ ആദിമ കൈയെഴുത്തു പ്രതിയുടെ ഭാഗമല്ല. അത് പിന്നീട് രണ്ടാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണെന്നാണ് പണ്ഡിതമതം (വിശദമായ അവതരണത്തിന് വീഡിയോ കാണുക).

ഈശോ ശിഷ്യന്മാർക്കു കൊടുക്കുന്ന ദൗത്യം ശ്രദ്ധിക്കണം: ''നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ'' (മാർക്കോ 16:15). സുവിശേഷം പ്രഘോഷിക്കാനുള്ള ധർമ്മമാണ് ഈശോ എല്ലാക്കാലത്തെയും ശിഷ്യന്മാരെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, സുവിശേഷപ്രഘോഷണമെന്ന് പറഞ്ഞാൽ എന്താണ്? അത് എങ്ങനെയാണ് നടത്തേണ്ടത്? ഇതാണ് നമുക്കിന്ന് വ്യക്തമാകേണ്ട കാര്യങ്ങൾ.

ഇന്നത്തെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷകൻ ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ, ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പായുടെ പ്രഘോഷണരീതികളെ ശ്രദ്ധിച്ചാൽ ഫലപ്രദമായ സുവിശേഷ പ്രഘോഷണത്തിനുള്ള വഴി നമുക്ക് കണ്ടെത്താനാവും.

വിനീചിയോയെന്ന വിരൂപനായ മനുഷ്യനെ ഫ്രാൻസിസ് പാപ്പാ ചുംബിക്കുന്ന രംഗം (വിശദമായ വിവരണത്തിന് വീഡിയോ കാണുക. അല്ലെങ്കിൽ ജെ. നാലുപറയിലിന്റെ 'കരുണാമയൻ' എന്ന പുസ്തകം 28-29 പേജുകൾ വായിക്കുക).

2016 ഏപ്രിൽ 16 ന് ഗ്രീക്ക് ദ്വീപായ ലിസ്‌ബോസിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനം. അന്ന് അദ്ദേഹം 12 മുസ്ലിം അഭയാർത്ഥികളെ സ്വന്തം വിമാനത്തിൽ കയറ്റിക്കൊണ്ടു വത്തിക്കാനിലേക്ക് പോന്നു (വിശദാംശങ്ങൾക്ക് വീഡിയോ കേൾക്കുക). 'ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന സദ്വാർത്തയുടെ ഏറ്റവും ഫലപ്രദമായ പ്രഘോഷണങ്ങളല്ലേ ഫ്രാൻസിസ് പാപ്പാ നടത്തുന്നത്?

'സുവിശേഷത്തിന്റെ ആനന്ദമെന്ന' തന്റെ അപ്പസ്‌തോലിക പ്രബോധനത്തിൽ പാപ്പാ എഴുതുന്നു: ''വാക്കുകളേക്കാൾ ഉപരി ദൈവസാന്നിധ്യത്താൽ രൂപാന്തരപ്പെട്ട ഒരു ജീവിതം കൊണ്ട് സദ്വാർത്ത പ്രഘോഷിക്കുന്ന സുവിശേഷകരെയാണ് യേശുവിന് ആവശ്യം'' (EG 259). അതായത് ക്രിസ്തീയ വിശ്വാസത്തിന്റെ താത്വികമായ പ്രഘോഷണത്തെക്കാൾ (ഓർത്തഡോക്‌സി), അതിന്റെ പ്രായോഗികമായ ജീവിതസാക്ഷ്യത്തിനാണ് (ഓർത്തോപ്രാക്‌സിസ്) പ്രാധാന്യം കൊടുക്കേണ്ടത് എന്നർത്ഥം.

'രണ്ടാമത്തെ ക്രിസ്തുവെന്ന്' വിളിക്കപ്പെടുന്ന ഫ്രാൻസിസ് അസ്സീസിയും ഇതേ കാര്യം തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. കസൻദ സാക്കിസ് എഴുതുന്ന അസ്സീസിയുടെ ജീവചരിത്രത്തിൽ ഫ്രാൻസിസ് തന്റെ ശിഷ്യർക്ക് കൊടുക്കുന്ന നിർദ്ദേശം അതാണ്: "വാക്കുകളേക്കാൾ ഉപരിയായി നിങ്ങൾ പ്രസംഗിക്കേണ്ടത് നിങ്ങളുടെ ജീവിതത്താലും പ്രവൃത്തിയാലുമാണ്. വാക്കുകളെക്കാൾ ഉയരത്തിൽ നിൽക്കുന്നതെന്താണ്? പ്രവൃത്തി. പ്രവൃത്തിയേക്കാൾ ഉയരത്തിൽ നിൽക്കുന്നത് എന്താണ്? നിശബ്ദത (എബ്രഹാം [വിവ.] 'ദൈവത്തിന്റെ നിസ്വൻ' പേജ് 340-341; വിശദമായ അവതരണത്തിന് വീഡിയോ കാണുക).

ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും 'ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന' സുവിശേഷം പ്രഘോഷിക്കണമെന്നാണ് അസ്സീസി പുണ്യാളനും ഫ്രാൻസിസ് പാപ്പായും പഠിപ്പിക്കുന്നത്. ഈ കാര്യത്തിൽ ഒന്നുകൂടി വ്യക്തത വരുത്തികൊണ്ടു ഫ്രാൻസിസ് പാപ്പാ തന്റെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനത്തിൽ ഇങ്ങനെ എഴുതുന്നു: "ഇവിടെ ഞാൻ വിശുദ്ധ തോമസ് അക്വിനാസിയെക്കുറിച്ച് ചിന്തിക്കുന്നു. അദ്ദേഹം ചോദിച്ചു: നമ്മുടെ പ്രവൃത്തികളിൽ ഏതാണ് ഏറ്റവും മികച്ചത്? സംശയലേശമന്യേ തോമസ് ഉത്തരവും നൽകി: 'നമ്മുടെ പ്രാർത്ഥനകളേക്കാൾ സഹോദരരോടുള്ള കാരുണ്യപ്രവൃത്തികളാണവ (GE 106).

അങ്ങനെയെങ്കിൽ, കാരുണ്യപ്രവൃത്തികളിലൂടെയുള്ള സുവിശേഷപ്രഘോഷണമാണ് നമ്മൾ ഒന്നാമതായി നടത്തേണ്ടതെന്ന് വരുന്നു. എങ്കിൽ ആരുടെയടുത്തേക്കാണ് കാരുണ്യത്തിന്റെ സുവിശേഷവുമായി നമ്മൾ ഒന്നാമതായി പോകേണ്ടത്? ഫ്രാൻസിസ് പാപ്പാ എഴുതുന്നു: "എന്നാൽ ആരുടെ അടുത്തേക്കാണ് സഭ ആദ്യം പോകേണ്ടത്? നമുക്കിതിന് വ്യക്തമായ സൂചന സുവിശേഷം തന്നെ തരുന്നുണ്ട്. നമ്മുടെ സുഹൃത്തുക്കളുടെയോ സമ്പന്നരായ അയൽവാസികളുടെയോ അടുത്തേക്കല്ല നാം പോകേണ്ടത്. പിന്നെയോ ദരിദ്രരും രോഗികളുമായവരുടെ അടുത്തേക്കാണ്; നിന്ദിക്കപ്പെടുകയും അവഗണിക്കപ്പെട്ടവരുടെയും ചെയ്യുന്നവരുടെ അടുത്തേക്കാണ്. അതായത് നിങ്ങൾക്ക് പകരം തരാൻ ഒന്നുമില്ലാത്തവരുടെ അടുത്തേക്കാണ് ആദ്യം പോകേണ്ടത്" (EG 48).

പാവങ്ങളോടുള്ള പക്ഷംചേരലും കാരുണ്യപ്രവൃത്തികളിലൂടെയുള്ള സുവിശേഷ പ്രഘോഷണവും സഭയെ സംബന്ധിച്ച് സാമൂഹികമോ സാമ്പത്തികമോ ആയ ഒരു പരിഗണന എന്നിനേക്കാൾ ആത്മീയമായ ധർമ്മമാണെന്നും പാപ്പാ പഠിപ്പിക്കുന്നു. കാരണം ദൈവം ദരിദ്രരോടാണ് തന്റെ ആദ്യകാരുണ്യം കാണിക്കുന്നത് (EG 198).

ഇങ്ങനെ കാരുണ്യപ്രവൃത്തികളിലൂടെയുള്ള സുവിശേഷപ്രസംഗത്തിലൂടെ സംഭവിക്കേണ്ടത് മതംമാറ്റമല്ല, മറിച്ച് ആകർഷിക്കപ്പെടുന്നതിലൂടെയുള്ള മനംമാറ്റമാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു വയ്ക്കുന്നു (EG 15). ക്രിസ്തുവിലേക്ക് നോക്കിയാൽ, അവൻ പ്രഘോഷിച്ചതും മതംമാറ്റമായിരുന്നില്ല, മറിച്ച് 'മനംമാറ്റമായിരുന്നെന്ന' കാര്യം നമ്മൾ മറക്കരുത്: "സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ 'മനസ്സുമാറി' സുവിശേഷത്തിൽ വിശ്വസിക്കുവിൻ (മർക്കോ 1:15).

ഹൈന്ദവർക്ക് മഹാഭൂരിപക്ഷമുള്ള നാടാണ് ഭാരതം. പോരാ, അന്യമതങ്ങളെ ബഹുമാനിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന നാടാണിത്. ഇന്നത്തെ ഹൈന്ദവ ഏകീകരണത്തിന്റെ കാലഘട്ടത്തിൽ 'സുവിശേഷപ്രഘോഷണമെന്ന' ക്രൈസ്തവധർമ്മം ഭാരതത്തിൽ എങ്ങനെയാണ് നമ്മൾ അനുവർത്തിക്കേണ്ടത്? ഇതിനുള്ള ഉത്തരത്തിനായിട്ട് നമ്മൾ ആദ്യം നോക്കേണ്ടത് ക്രിസ്തുവിലേക്കാണ്. അതിനുശേഷം അസ്സീസി പുണ്യാളനിലേക്കും, പിന്നെ ഫ്രാൻസീസ് പാപ്പായിലേക്കും. മൂവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യം, ജീവിതം കൊണ്ടും കാരുണ്യപ്രവൃത്തികൾ കൊണ്ടുമുള്ള സുവിശേഷ പ്രഘോഷണമാണ്. അതിനുള്ളിൽ ഇതരമതനിന്ദിയും മതസ്പർദ്ധയും ഇല്ലായെന്നതാണ് ഏറ്റവും മഹനീയമായ കാര്യം.

മഹാരാഷ്ട്രയിലെ ഒരു കുഗ്രാമത്തിലെ കോമൾ എന്ന നഴ്‌സ് പെൺകുട്ടിയുടെ കഥ. നമ്മുടെ ഒരച്ചൻ നടത്തുന്ന നഴ്‌സിങ് കോളേജിൽ നിന്ന് ഓരോ വർഷവും സൗജന്യമായി നഴ്‌സിങ് പഠിച്ചിറങ്ങുന്ന 60 കുട്ടികളിലൊരാൾ. അവൾ ജോലി ചെയ്യുന്ന ഗ്രാമീണ ആശുപത്രി സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം (വീഡിയോ കാണുക). ജീവിതം കൊണ്ടും കാരുണ്യപ്രവൃത്തികൾ കൊണ്ടുമുള്ള സുവിശേഷ പ്രഘോഷണത്തിന് ഏറ്റവും നല്ല ഉദാഹരണമല്ലേ ഇത്? 'ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി കൊടുക്കാനാവുന്നത് നമ്മുടെ ജീവിതത്തിലൂടെയും പ്രവൃത്തികളിലൂടെയുമാണ്, വാക്കുകളിലൂടെ എന്നതിനേക്കാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP