Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'

'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്‌നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം.

പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു'' (യോഹ14:9). സമാനമായൊരു പ്രസ്താവന ഇതിന് തൊട്ടുമുൻപും ഈശോ നടത്തുന്നുണ്ട്: "നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരന്നു" (യോഹ14:7). അതായത്, ഈശോയെ കാണുന്നവൻ ദൈവത്തെ കാണുന്നു; ഈശോയെ അറിയുന്നവൻ ദൈവത്തെ അറിയുന്നു എന്നർത്ഥം.

അങ്ങനെയെങ്കിൽ ഈശോ പറയുന്നതിന്റെ ചുരുക്കമിതാണ് - ദൈവം മനുഷ്യരൂപത്തിലായതാണ് ഈശോ. ദൈവം ശരീരവും രക്തവും സ്വീകരിച്ചതാണ് ഈശോ. ദൈവം നാമരൂപങ്ങൾ സ്വീകരിച്ചതാണ് ഈശോ. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായതാണ് ഈശോ.

ഈശോ പറയുന്നതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപ്പം എന്തായിരുന്നുവെന്ന് നമ്മൾ ആലോചിക്കണം. ഈശോയുടെ കാലം വരെ യൂദമതത്തിൽ നിലവിലിരുന്ന പ്രധാന ദൈവസങ്കൽപ്പങ്ങൾ എന്തൊക്കെയായിരുന്നു? ഉൽപ്പത്തിയുടെ തുടക്കത്തിൽ ദൈവത്തിനുള്ള പേര് 'എലോഹിം' (ഉൽ 1:1) എന്നാണ്. 'ഏൽ' എന്ന ദൈവനാമത്തിന്റെ ബഹുവചനമാണിത്. 'ഞാൻ ആകുന്നവൻ ആകുന്നുവെന്ന' നിർവ്വചനം വരുന്നത് പുറപ്പാടിലാണ് (പുറ 3:14). 'യഹോവ' എന്ന ദൈവനാമത്തിന്റെ പിറകിൽ നിൽക്കുന്നതും ഇത് തന്നെയാണ്. അതായത് ദൈവം അസ്തിത്വം തന്നെയാണെന്നർത്ഥം.

'യഹോവ' എന്ന് എഴുതുമ്പോഴും യഹൂദർ ദൈവനാമത്തെ വായിച്ചിരുന്നത് 'അദോനായി' എന്നായിരുന്നു. അതിനർത്ഥം, കർത്താവ് അഥവാ അതിനാഥൻ എന്നാണ്. 'എൽ ഷദായി' (ഉൽ 17:1) എന്നാൽ സർവ്വശക്തനായ ദൈവം എന്നാണ്. 'എൽ ഏലിയോൺ' (ഉൽ 14:18) അത്യുന്നതനായ ദൈവവും, 'ഏൽ ഒലാം' (ഉൽ 21:33) നിത്യനായ ദൈവവുമാണ്.

ദൈവത്തിനായുപയോഗിച്ചിരുന്ന ഈ വിശേഷണങ്ങളെല്ലാം ദൈവത്തിന്റെ അതീന്ദ്രിയ സ്വാഭാവത്തിലേക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. അതായത് ദൈവം അപരിമേയനും, മനുഷ്യന്റെയും പ്രകൃതിയുടെയും പരമിതികൾക്ക് അതീതനാണെന്നും കാണിക്കാൻ.

ഭാരതത്തിലെ ഉപനിഷത്തുക്കളും ശങ്കരാചാര്യയും മറ്റൊരു മാർഗ്ഗമാണ് ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് - 'നേതി നേതി' എന്ന മാർഗ്ഗം. എന്നു വച്ചാൽ 'ന + ഇതി;' ദൈവം 'ഇതല്ല ഇതല്ല' എന്ന് പറയുന്ന രീതി. പരിമിതികളെ നിഷേധിക്കുന്ന രീതി തന്നെയായിരുന്നു അതും.

അങ്ങനെയെങ്കിൽ ഈശോ പറയുന്നത് ഇതിന് ഘടകവിരുദ്ധമായ ഒരു ദൈവ സങ്കൽപ്പമാണ്. അതുവരെ ദൈവം അപരിമേയനും അതീന്ദ്രിയാനുമായിരുന്നെങ്കിൽ, ഈശോ അവതരിപ്പിക്കുന്ന ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനും പരിമിതനുമാണെന്നു വരുന്നു.

ചരുക്കിപ്പറഞ്ഞാൽ, ദൈവത്തെ കാണണമെങ്കിൽ ക്രിസ്തുവിനെ നോക്കുക; ദൈവത്തെ കേൾക്കണമെങ്കിൽ ക്രിസ്തുവിനെ കേൾക്കുക; ദൈവത്തെ അറിയണമെങ്കിൽ ക്രിസ്തുവിനെ അറിയുക.

അങ്ങനെയങ്കിൽ, നമ്മൾ ചേദിക്കേണ്ട ചോദ്യമിതാണ്: എവിടെയുള്ള ക്രിസ്തു? അതിന് ഉത്തരം സുവിശേഷത്തിലെ ക്രിസ്തു എന്നാണ്. അതായത്, സുവിശേഷത്തിലെ ക്രിസ്തു ദൈവത്തെ പ്രതിഫലിപ്പിക്കുന്നു എന്നു സാരം. ക്രിസ്തു ദൈവത്തെ പ്രതിബിംബിപ്പിക്കുന്നു. ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവെന്ന് പറയാം.

എങ്കിൽ, സുവിശേഷത്തിൽ നിറയുന്ന ക്രിസ്തിവിന്റെ മൗലിക സ്വഭാവം എന്താണ്? ഇത് തിരിച്ചറിഞ്ഞാൽ ദൈവത്തിന്റെ മൗലികസ്വഭാവും നമുക്ക് തിരിച്ചറിയാനാവും.

2013-ലെ മാർപാപ്പാ തിരിഞ്ഞെടുപ്പിനു മുമ്പുള്ള കോൺക്ലേവ് നടക്കുന്ന സമയം. അർജന്റീനിയൻ കർദ്ദിനാൾ ഹോർഹെ ബർഗോളിയോയുടെ മുറിയുടെ സമീപത്തായിരുന്നു ജർമൻ കർദ്ദിനാൾ കാസ്പറിന്റെ മുറിയും. ഒരു ദിവസം കാസ്പർ കർദ്ദിനാൾ തന്റെ അവസാനത്തെ പുസ്തകത്തിന്റെ സ്പാനീഷ് പരിഭാഷയുടെ ഒരു കോപ്പി കർദ്ദിനാൾ ബർഗോളിയോയ്ക്കു സമ്മാനിച്ചു. പുസ്തകത്തിന്റെ ശീർഷകം 'കരുണ' എന്നായിരുന്നു. അത് കണ്ടതേ, കർദ്ദിനാൾ ബർഗോളിയോ പറഞ്ഞു: "ഇതാണ് ദൈവത്തിന്റെ പേര്."

പിന്നീട് ബർഗോളിയോ ഫ്രാൻസിസ് പാപ്പായായി തിരിഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒരു പുസ്തകം എഴുതി. അതിന്റെ പേരായിരനനു "ദൈവത്തിന്റെ പേര് കരുണ എന്നാണ്." (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

ദൈവത്തിന്റെ ഈ സ്വഭാവം തന്നെയാണ് ഈശോ തന്റെ അന്ത്യപ്രഭാഷണത്തിലും വ്യക്തമാക്കുന്നത്. "ഞാൻ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുക" എന്ന കൽപ്പനയാണ് ഈശോ ആവർത്തിച്ചാവർത്തിച്ച് (യോഹ.13:35, 15:12-13) ശിഷ്യന്മാർക്കു നൽകുന്നത്. പരസ്‌നേഹത്തിന്റെ പരകോടി തന്നെയാണല്ലോ കാരുണ്യം.

ദൈവസ്വഭാവത്തെ ചിത്രീകരിക്കാനായി ഈശോ പറയുന്ന ധൂർത്തപുത്രന്റെ ഉപമയിലെ സ്ഥായീഭാവവും കാരുണ്യമാണ് (ലൂക്കാ 15:11-32). കാണാതെ പോയ ആടിനെ കണ്ടുകിട്ടുവോളം തിരിയുന്ന ആട്ടിടയനിലും (ലൂക്കാ 15:1-7), കാണാതെപോയ നാണയം തിരയുന്ന സ്ത്രീയിലും (ലൂക്കാ 15:8-17) നിഴലിക്കുന്നത് ദൈവസ്വഭാവമായ കാരുണ്യമല്ലാതെ മറ്റെന്താണ്? ശിഷ്യരുടെ മുമ്പിൽ ഈശോ വയ്ക്കുന്ന ജീവിതലക്ഷ്യവും ശ്രദ്ധിക്കണം: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്ന പോലെ നിങ്ങളും കരുണ്യുള്ളവരായിരിക്കുവാൻ" (ലൂക്കാ 6:36). ചുരുക്കത്തിൽ, ദൈവസ്വഭാവത്തിന്റെ ഹൃദയമെന്ന് പറയുന്നത് കരുണയാണ് എന്ന് വരുന്നു. ദൈവത്തിന്റെ ആൾരൂപമായ ക്രിസ്തുവിന്റെ ഹൃദയവും കാരുണ്യം തന്നെയാണ്.

അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് എന്താണ്? 'എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു' എന്നു പറയുന്ന ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഈശോ ദൈവത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനാണ്. അതായ്ത് നമ്മൾ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിത്തീരണമെന്നർത്ഥം. അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥായിഭാവമായ കാരുണ്യം നമ്മുടെ ജീവിതത്തിൽ നമ്മൾ സാംശീകരിക്കണം.

കാൻസർ രോഗിയായ പീറ്ററിന്റെ കഥ. ഫ്രാൻസിസ് പാപ്പായെ കാണാൻ കാത്തിരുന്നെങ്കിലും, ആ ദിവസത്തിന് മുൻപ് അവൻ മരിച്ചു. അവൻ പാപ്പായ്ക്ക് സമ്മാനിക്കാനായി വരച്ച അസ്സീസിയുടെ പെയിന്റിങ് സ്വീകരിച്ചപ്പോൾ പ്രാൻസിസി പാപ്പാ പറഞ്ഞ കഥ (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

ചുരുക്കത്തിൽ, എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്നു പറയുന്ന ഈശോ എന്നോടും നിങ്ങളോടും ആശ്യപ്പെടുന്നത് 'ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയായി' രൂപാന്തരപ്പെടാനാണ്. അതായത് നമ്മളെ കാണുന്നവർക്ക് ക്രിസ്തുവിനെ ഓർമ്മ വരണം. നമ്മുടെ സംസാരം കേൾക്കുന്നവർ ക്രിസ്തുവിന്റെ സംസാരം ഓർക്കണം. നമ്മുടെ പ്രവൃത്തികൾ കാണുന്നവർക്ക് ക്രിസ്തുവിന്റെ പ്രവൃത്തികൾ ഓർമ്മ വരണം. നമ്മുടെ ജീവിതം കാണുന്നവർക്ക് ക്രിസ്തുവിനെ കണ്ടപോലെ തോന്നണം. അപ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP