Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?

മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ണ്ടു വ്യക്തികൾ തമ്മിലുള്ള വൈയക്തിക ബന്ധത്തിലുണ്ടാകുന്ന പിരിമുറക്കമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഈശോയും ശിഷ്യനായ തോമാശ്ലീഹായും തമ്മിലുള്ള ബന്ധമാണ് പരമാർശ വിഷയം.

ഇവരുടെ പരസ്പരബന്ധത്തെക്കുറിച്ച് വളരെ ദുർലഭമായേ സുവിശേഷകർ എഴുതുന്നുള്ളു. ഏറ്റവും കൂടുതൽ പറയുന്നത് യോഹന്നാനാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ താൻ ശിഷ്യർക്ക് സ്ഥലമൊരുക്കാനായി പോകുന്നു, അവിടേക്കുള്ള വഴി അറിയാമല്ലോയെന്ന് പറയുമ്പോൾ, തോമാശ്ലീഹായുടും പ്രതികരണം ശ്രദ്ധിക്കണം: "നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പിന്നെ ഞങ്ങൾ വഴി എങ്ങനെ അറിയും? (യോഹ 14:5).

നിഷ്കളങ്കമായ ഈ ചോദ്യം വെളിപ്പെടുത്തുന്നത് ഈശോയോടുള്ള തോമാശ്ലീഹായുടെ സ്വാതന്ത്ര്യവും, അവരുടെ ബന്ധത്തിലെ സുതാര്യതയുമാണ്. എന്തും തുറന്നു ചോദിക്കാൻ സ്വാതന്ത്ര്യമുള്ള ബന്ധം വളരെ ഇഴയടുപ്പമുള്ള ബന്ധമായിരിക്കുമല്ലോ?

ഇതിലും തീവ്രമായ മറ്റൊരു മുഹൂർത്തം ലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ലാസറിന്റെ അടുത്തേക്ക് പോകാമെന്ന് ഈശോ പറയുമ്പോൾ മറ്റു ശിഷ്യന്മാർ അവനെ നിരുത്സാഹപ്പെടുത്തുന്നു. അപ്പോഴാണ് തോമാശ്ലീഹായുടെ പ്രതികരണം: "നമുക്കും അവന്റെ കൂടെ പോയി മരിക്കാം"(യോഹ 11:16). സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടുപോലും ഈശോയുടെ കൂടെ നിൽക്കാൻ മാത്രം വൈകാരികാടുപ്പം തോമാശ്ലീഹായ്ക്ക് ഈശോയോട് ഉണ്ടായിരുന്നു എന്നു സാരം.

ഇത്തരമൊരു തീവ്രമായ സ്‌നേഹബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷഭാഗം വയിക്കേണ്ടത്. ഈശോ കൊല്ലപ്പെട്ടതിനു ശഷേം മൂന്നാം നാൾ അവൻ ചിലർക്കൊക്കെ പ്രത്യക്ഷനായി എന്ന് കേട്ടു. അങ്ങനെയിരിക്കെ പുറത്തേക്കു പോയ തോമാശ്ലീഹാ അപ്പസ്‌തോല സമൂഹത്തിലേക്ക് തിരിച്ചു വരുമ്പോൾ മറ്റ് പത്ത് പേർ അവനോടു പറയുന്നു: "ഞങ്ങൾ കർത്താവിനെ കണ്ടു." അത്തരമൊരു വാർത്തയോടുള്ള തോമാശ്ലീഹായുടെ പ്രതികരണമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്: "അവന്റെ കൈകളിൽ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കില്ല" (യോഹ 20:25).

പുറമേ നിന്നു നോക്കിയാൽ ഇത് അൽപം കടന്ന പിടിവാശിയല്ലേയെന്ന തോന്നാം. ഇത് ഒരുതരം നിർബന്ധബുദ്ധിയും മർക്കടമുഷ്ടിയുമാണന്ന് പറയാം. എന്നാൽ തോമാശ്ലീഹായുടെ പ്രതികരണത്തിന്റെ പിന്നിലേക്ക് കടന്നു നോക്കിയാലോ? ആ പിടിവാശിക്ക് പിറകിലുള്ള മുറിവേറ്റ സ്‌നേഹത്തെ കാണാനാവും; വ്രണപ്പെട്ട ഹൃദയത്തെ നമുക്ക് തിരിച്ചറിയാനാവും.

അത്തരമൊരു പിടിവാശിയിലൂടെ തോമാശ്ലീഹാ വ്യംഗ്യമായി ഈശോയോട് പറയുന്നതിതാണ്: 'നീ എന്നെ സ്‌നേഹിക്കുന്നില്ലേ? നീ എന്നെ സവിശേഷമായി സ്‌നേഹിക്കുന്നില്ലേ?' സ്നേഹിക്കപ്പെടുന്നു എന്നതിന്റെ ഉറപ്പിനുള്ള ആഗ്രഹവും ദാഹവുമല്ലേ തോമാശ്ലീഹായുടെ പിടിവാശിക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്നത്.

മൂന്നു വയസ്സുകാരൻ ചാക്കോച്ചൻ എന്ന കുട്ടിയുടെ കഥ. അതിഥികളുമായി സംസാരിച്ചിരിക്കുമ്പോൾ വരുമ്പോൾ അപ്പന്റെ അടുത്തേക്ക് അവൻ ഇടക്കിടെ സംശയങ്ങളുമായി വരും. അത് അപ്പന്റെ ശ്രദ്ധയും താൽപ്പര്യും ഏറ്റവും കൂടുതലായി തനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പിക്കാനുള്ള അവന്റെ ഒരു സൂത്രവിദ്യയാണ് (വിശദമായ സംഭവത്തിന് വീഡിയോ കാണുക).

ഏതൊരു വ്യക്തിബന്ധത്തിലും സംഭവിക്കാവുന്ന പ്രതിസന്ധിയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സ്‌നേഹബന്ധങ്ങളിൽ പിടിവാശിയും മുറുമുറുപ്പും ചെറുപിണക്കവും ഇടക്കിടെ ഉണ്ടാകുക സ്വാഭവികമാണ്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, പുറമെ കാണുന്ന പിടിവാശിയിലും മുറുമുറുപ്പിലും പിണക്കത്തിലുമല്ല. മറിച്ച് അവയുടെ പിറകിലുള്ള മുറിപ്പെട്ട സ്നേഹത്തിലേക്കും വ്രണപ്പെട്ട ഹൃദയത്തിലേക്കുമാണ്. അപ്പോഴാണ് മുറിപ്പെട്ട സ്‌നേഹത്തിലേക്ക് മുറിവുണക്കുന്ന തൈലം പൂശാനും, തന്മൂലം ഹൃദയബന്ധം പൂർവ്വാധികം ശക്തിപ്പെടുത്താനും നമുക്ക് സാധിക്കുന്നത്. ഹൃദയം വായിക്കാനുള്ള അത്തരമൊരു കഴിവ് വളർത്തിയെടുക്കാനാണ് ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്.

ബാഹ്യ പ്രതികരണങ്ങളുടെ പിറകിലുള്ള ഹൃദായാഭിലാഷം വായിച്ചെടുക്കയെന്നത് ഈശോയുടെ പതിവു രീതിയായിരുന്നു. കുഷ്ടരോഗി ആവശ്യപ്പെടുന്നത് അവന്റെ രോഗത്തിൽ നിന്നുള്ള സൗഖ്യമാണ്. എന്നാൽ ഈശോയുടെ പ്രതികരണം അവൻ ആവശ്യപ്പെട്ടതനേക്കാൾ എത്രയോ വിശാലമാണ്: "അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസുണ്ട് നിനക്ക് ശുദ്ധിയുണ്ടാകട്ടെ" (മർക്കോ 1:41). കുഷ്ടരോഗി പ്രതീക്ഷിച്ചതിലും കൂടുതലാണ് അവന് ലഭിച്ചത്. കുഷ്ടരോഗിയെ സ്പർശിക്കുന്നതിലൂടെ അവന്റെ അസ്പർശ്യതയിലും ഒറ്റപ്പെടലിലും ഈശോ പങ്കുകാരനാകുകയും അവനുമായി താദാത്മ്യപ്പെടുകയുമാണ് ചെയ്തത്. അതിന് കാരണം കുഷ്ടരോഗിയുടെ മുറിവേറ്റ ഹൃദയം കാണാനും അവന്റെ ഹൃദയത്തിന്റെ ദാഹം തിരിച്ചറിയാനും ഈശോയ്ക്കു സാധിച്ചു എന്നതാണ്.

സമാനമായൊരു ഹൃദയാവായനയാണ് സമരിയായിൽ യാക്കോബിന്റെ കിണറ്റിന്റെ അരികിൽ വച്ച് ഈശോ നടത്തുന്നത്. വെള്ളം കോരാൻ വരുന്നവളോട് ഈശോ ആവശ്യപ്പെടുന്നത് 'എനിക്കു കുടിക്കാൻ തരിക' എന്നാണ് (യോഹ 4:7). അവിടെ നിന്ന് തുടങ്ങുന്ന സംഭാഷണത്തിലാണ് സമരിയാക്കാരി ഈശോയോട് നിത്യജീവന്റെ ജലം ആവശ്യപ്പെടുന്നത്. അതിനെല്ലാം കാരണം സമരിയാക്കാരിയുടെ ഹൃദയദാഹം വായിക്കാൻ ഈശോയ്ക്ക് കഴിഞ്ഞുവെന്നതാണ്.

സമാനമായ പ്രതികരണമാണ് ജറിക്കോയിലെ സക്കേവൂസിനും ലഭിക്കുന്നത്. ഈശോയെ ഒരു നോക്കു കാണാനായി മരത്തിൽ കയറിയിരിക്കുന്നവന് ലഭിക്കുന്നത് അവൻ ആഗ്രഹിച്ചതിന്റെ പതിന്മടങ്ങാണ്: "സക്കൈ വേഗം ഇറങ്ങി വരിക. എനിക്കിന്ന് നിന്റെ വീട്ടിൽ താമസിക്കണം" (ലൂക്കോ 19:5). സക്കെവൂസിന്റെ ഹൃദയാഭിലാഷം തിരിച്ചറിയുന്ന ഈശോ അവന്റെ ഹൃദയാഭിലാഷം ഉദാരമായി സാധിച്ചു കൊടുക്കുകയായിരുന്നു.

വ്യഭിചാരത്തിൽ പിടിക്കപ്പട്ട സ്ത്രീയോടും ഈശോ പ്രതികരിക്കുന്നത് ഇതു പോലെ തന്നെയാണ്. കല്ലെറിഞ്ഞ് കൊല്ലപ്പെടാനായി കൊണ്ടുവരപ്പെടുന്നവളോട് ഈശോ കാണിക്കുന്ന ഉദാരത ഈശോയുടെ പ്രസ്‌താവനയിൽ അടങ്ങിയിരിപ്പുണ്ട്: "നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ" (യോഹ 8:7). അവർ എല്ലാവരും കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോകുമ്പോൾ അവരെല്ലാവരും അവളെപ്പോലെ പാപികളാണെന്ന് സ്വയം സമ്മതിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ വ്യഭിചാരിണിയായ സ്ത്രീയെ നിയമജ്ഞരുടെ ധാർമികതലത്തിലേക്ക് ഈശോ ഉയർത്തുകയാണ് ചെയ്തത്. തന്മൂലം ഈശോ സംരക്ഷിച്ചത് വ്യഭിചാരിണിയുടെ ആത്മാഭിമാനമാണ്.

ഇന്നത്തെ സുവിശേഷ ഭാഗത്തേക്ക് നമുക്ക് തിരികെ വരാം. തോമാശ്ലീഹായുടെ പിടാവാശിക്ക് പിറകിലുള്ള മുറിക്കപ്പെട്ട സ്നേഹം തിരിച്ചറിയുന്ന ഈശോ, തോമാശ്ലീഹാ ആവശ്യ്‌പ്പെട്ടതെല്ലാം അവന് ചെയ്തു കൊടുക്കുന്നു (യോഹ 20:27). അതിലൂടെ ഈശോ വ്യംഗ്യമായി അവളോട് പറയുന്നതിതാണ് - 'ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എനിക്ക് പ്രിയപ്പെട്ടവനാണ്. പോരാ, നീ എനിക്കു സവിശേഷമായി പ്രിയപ്പെട്ടവനാണ്.'

ചുരുക്കത്തിൽ ഈശോയുടെ ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ പ്രകടിപ്പിക്കലും ഏറ്റു പറച്ചിലുമായിരുന്നു അത്. സ്നേഹിക്കുന്നു എന്നതിന്റെ ഒരു ഉറപ്പു കൊടുക്കലായിരുന്നു അത്. എന്തായിരുന്നു അതിന്റെ പരിണിതഫലം? തോമാശ്ലീഹാ പറഞ്ഞു: "എന്റെ കർത്താവേ എന്റെ ദൈവമേ" (യോഹ 20:28). അതായത് ഉദാരമായ സേനേഹത്തിന്റെ മുന്നിൽ അദ്ദേഹം പരിപൂർണമായി സ്വയം സമർപ്പിച്ചു. അതിലൂടെ അവരുടെ ആത്മബന്ധത്തിന്റെ ആഴപ്പെടലും വളർച്ചയുമാണ് സംഭവിച്ചത്.

ഇത്തരമൊരു ആഴപ്പെടലും സമർപ്പണവും മുമ്പ് നമ്മൾ കണ്ട വ്യക്തികളിലും സംഭവിക്കുന്നുണ്ട്. സമരിയാക്കാരിയുടെ ഹൃദയദാഹത്തോട് ഈശോ പ്രതികരിച്ചതിന്റെ പരിണിതഫലമായി അവൾ കുടം കിണറ്റിങ്കൽ വച്ചിട്ട് പട്ടണത്തിലേക്ക് പ്രഘോഷണത്തിനായി ഓടിപ്പോകുകയാണ്. സക്കെവൂസ് പറയുന്നത് തന്റെ സ്വത്തിന്റെ പകുതി ദരദ്രർക്ക് കൊടുക്കാമെന്നും, പറ്റിച്ചെടുത്തവർക്ക് നാലിരട്ടി തിരിക കൊടുക്കാമെന്നുമാണ്.

ചുരുക്കത്തിൽ പരസ്പരമുള്ള സ്‌നേഹബന്ധത്തിൽ നമ്മൾ പുലർത്തേണ്ട ശ്രദ്ധയിലേക്കും ജാഗ്രതയിലേക്കുമാണ് ഈശോ നമ്മളെ ക്ഷണിക്കുന്നത്. നമ്മുടെ സനേഹബന്ധത്തിൽ പിറുപിറുപ്പും പരാതിയും ദേഷ്യവും കണ്ടാൽ, നമ്മുടെ ശ്രദ്ധ അവയുടെ പിറകിലുള്ള മുറിവേറ്റ സ്നേഹത്തിലേക്ക് തിരിയണം. പരാതിയുടെയും പിറുപിറുപ്പിന്റെയും പിറികിലുള്ള വ്രണപ്പെട്ട ഹൃദയത്തെ തിരിച്ചറിയുന്നിടത്താണ് നിന്റെ സ്‌നേഹ ബന്ധം ആഴപ്പെടുന്നത്. അപ്പോഴാണ് അത് ആത്മ സമർപ്പണത്തിലേക്ക് വളരാവൻ തുടങ്ങുന്നത്.

ഏറ്റവും നല്ല ഉദാഹരണം 'പാവങ്ങൾ' എന്നെ നോവലാണ്. അതിലെ പ്രധാന കഥാപാത്രമായ ജീൻ വാൽജീന്റെ ഹൃദയ ദാഹത്തോട് ഉദാരമായി ബിഷപ്പ് പ്രതികരിക്കുന്നു. തൽഫലമായി മോഷ്ടവായ ജീൻ വാൽജീൻ കാരുണ്യത്തിന്റെ ആൾരൂപമായി രൂപാന്തരപ്പെടുന്നു (വിശദമായ സംഭവത്തിന് വീഡിയോ കാണുക).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP