Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പുറത്തു തന്റെ യാത്ര ആരംഭിക്കുന്നത്. ജനക്കൂട്ടത്തിന്റെയും ശിഷ്യരുടെയും വിജയാരവങ്ങളുടെ നടുവിൽ ജറുശലേം പട്ടണത്തിലേക്കും ജറുശലേം ദേവാലയത്തിലേക്കും ഈശോ പ്രവേശിക്കുന്നതാണ് അവന്റെ ഓശാന ഘോഷയാത്ര.

ഈ യാത്രയിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഈശോയ്ക്ക് ഓശാന വിളിക്കുന്ന ജനക്കൂട്ടത്തെയാണ്. ജറീക്കോയിൽ നിന്നും യാത്ര തിരിക്കുമ്പോൾ തന്നെ ജനക്കൂട്ടം ഈശോയുടെ കൂടെയുണ്ട്: "അവൻ ജറിക്കോയിൽ നിന്നു യാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു" (മത്താ: 20:29). ഉച്ചത്തിൽ നിലവിളിക്കുന്ന രണ്ട് അന്ധന്മാരോടുള്ള ജനക്കൂട്ടത്തിന്റെ പ്രതികരണവും നമ്മൾ ശ്രദ്ധിക്കണം: ''മിണ്ടാതിരിക്കാൻ പറഞ്ഞു കൊണ്ട് ജനക്കൂട്ടം അവരെ ശാസിച്ചു'' (മത്താ 20:31).

ബഥ്ഫഗേയിലെത്തിയപ്പോൾ ഈ ജനക്കൂട്ടത്തിന്റെ പ്രതികരണത്തിൽ മാറ്റമുണ്ടാകുന്നു: ''ജനക്കൂട്ടത്തിൽ വളരെപേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. മറ്റു ചിലരാകട്ടെ വൃക്ഷങ്ങളിൽ നിന്ന് ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി. യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു. ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റ നാമത്തിൽ വരുന്നവൻ അനുഗ്രഹിതൻ! ഉന്നതങ്ങളിൽ ഹോസാന!" (മത്താ 21:8-9).

അതായത് ജറീക്കോയിൽ വച്ച് അന്ധരോട് നിശ്ശബ്ദരാകാൻ കൽപ്പിച്ചവരാണ്, ബഥഫഗേയിലെത്തുമ്പോൾ ആർത്തു വിളിക്കുന്നത്; ഹോസാന പാടുന്നത്. എന്താണ് ജനക്കൂട്ടത്തിൽ ഈ മാറ്റത്തിനു കാരണം?

അതിന് ഉത്തരം പറയുന്നതിന് മുമ്പ് സമാനമായൊരു മാറ്റം അന്ധരിലും സംഭവിക്കുന്നത് ശ്രദ്ധിക്കണം. അവർക്ക് കാഴ്ച കിട്ടി കഴിയുമ്പോൾ ജറുശലേമിലേക്കുള്ള യാത്രയിൽ അന്ധരും ഈശോയെ അനുഗമിക്കുന്നുണ്ട് (മത്താ 20:34). അതായത് അവരും ഈശോയുടെ ഓശാന ഘോഷയാത്രയിൽ പങ്കുകാരാകുന്നു എന്നു സാരം. അങ്ങനെയെങ്കിൽ കാഴ്ച തിരിച്ചു കിട്ടിയ അന്ധരും വിളിച്ചു പറയുന്നത് ഓശാനയുടെ ആനന്ദ സ്തുതികളാണ്. എന്നാൽ ജറീക്കോയിൽ വച്ച് അവർ ചെയ്തിരുന്നത് യാചനയായിരിക്കുന്നു: ''വഴിയരുകിലിരുന്ന രണ്ട് അന്ധന്മാർ ഉച്ചത്തിൽ നിലവിളിച്ചു. കർത്താവേ ദാവീദിന്റ പുത്രാ, ഞങ്ങളിൽ കനിയണമേ'' (മത്താ 20:30). ജറീക്കോയൽ വച്ച് നിലവിളിച്ച് യാചിക്കുന്ന അന്ധരാണ് ബഥ്ഫഗേയിലെത്തുമ്പോൾ ഓശാന പാടുന്നത്. ഓശാന ഒരു യാചനയല്ല, മറിച്ച് ആനന്ദത്തിന്റെ സ്തുതിപ്പാണ് എന്നോർക്കണം.

എന്താണ് ഈ രണ്ടു മാറ്റങ്ങൾക്കും കാരണം? നിശബ്ദരാകാൻ കൽപ്പിക്കുന്ന ജനക്കൂട്ടം ആർത്തു വിളിക്കുന്നതിന്റെയും, നിലവിളിച്ചപേഷിക്കുന്ന അന്ധർ പിന്നീട് സ്തുതികീർത്തനം പാടുന്നതിന്റെയും കാരണം എന്താണ്?

രണ്ടിന്റെയും കാരണം ഒരേയൊരു സംഭവമാണ്: ''യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തൽക്ഷണം അവർക്ക് കാഴ്ച കിട്ടി'' (മത്താ 20:34). ക്രിസ്തുവിന്റെ മനസ്സലിവും കരുണയും അനുഭവിച്ചതിനാലാണ് അന്ധരുടെ യാചന, ആനന്ദസ്സുതിയുടെ ഓശാനയായി രൂപാന്തരപ്പെടുന്നത്. അന്ധരെ സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യം നേരിട്ട് കണ്ടതിനാലാണ് അന്ധരെ നിശബ്ദരാക്കാൻ പരിശ്രമിക്കുന്ന ജനക്കൂട്ടം പിന്നീട് ആർത്തു വിളിച്ച് ഓശാന പാടുന്നത്. ചുരുക്കത്തിൽ ഓശാനയുടെ സ്തുതികീർത്തനം ഉളവാകാനുള്ള മാർഗ്ഗം, ക്രിസ്തുവിന്റ കാരുണ്യം അനുഭവിക്കുകയും കാണുകയും ചെയ്യുക എന്നതാണ്.

സമാനമായൊരുപരിണാമം 'ഹോസാന' എന്ന പദത്തിനും സംഭവിക്കുന്നുണ്ട്. ഓശാന സങ്കീർത്തനമെന്ന് പറയുന്നത് 118ാം സങ്കീർത്തനമാണ്. അതിൽ സങ്കീർത്തകൻ പാടുന്നത് ഇപ്രകാരമാണ്: ''കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ'' (സങ്കീ 118:25). 'ഞങ്ങളെ രക്ഷിക്കണമേ' എന്നുള്ള യാചനയാണ് ഹീബ്രുവിൽ 'ഹൊഷിയാ നാ'. ഈ 'ഹൊഷിയാനാ' ആണ് ക്രിസ്തു സാന്നിധ്യത്തിൽ 'ഹോസാന' ആയി രൂപാന്തരപ്പെടുന്നത്. ഒലിവു മലയിലെ ഹോസാന ഒരു യാചനാ പ്രാർത്ഥനയല്ല, മറിച്ച് ഒരു ആനന്ദസ്തുതിയാണ്. അങ്ങനെയെങ്കിൽ സങ്കീർത്തനത്തിലെ 'യാചനാ നിലവിളി' കരുണാമയനായ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ 'ആനന്ദസ്തുതിയായി' (ഓശാനയായി) മാറുന്നു എന്നർത്ഥം.

ചുരുക്കത്തിൽ ദൈവകാരുണ്യം അനുഭവിക്കുന്നതിലൂടെയും കണ്ടറിയുന്നതിലൂടയുമാണ് 'ഓശാന' രൂപമെടുക്കുന്നത് എന്നു സാരം.

ഇതിന് ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പായുടെ ജീവിതം തന്നെയാണ്. 2019 ഏപ്രിൽ 11ാം തീയതി വത്തിക്കാനിൽ നടന്ന സംഭവം അതാണ് തെളിയിക്കുന്നത്. തെക്കൻ സുഡാനിൽ പരസ്പരം പോരടിച്ച് നിന്ന രാഷ്ട്രീയ നേതാക്കളെ വത്തിക്കാനിൽ വിളിച്ചു വരുത്തി രണ്ട് ദിവസം ധ്യാനിപ്പിച്ചതിന് ശേഷം സമാധാനം നിലനിർത്തണമെന്ന് അപേക്ഷിച്ചിട്ട് പാപ്പാ അവരുടെ ഓരോരുത്തരുടെയും പാദങ്ങൾ ചുംമ്പിച്ചു (വിശദമായ വിവരണത്തിന് വീഡിയോ കാണുക).

വിനീതനായി കഴുതപ്പുറത്ത് ആഗതനാകുന്ന ക്രിസ്തുവിന്റെ ആനുകാലിക ആൾരൂപമല്ലേ ആഫ്രിക്കൻ നേതാക്കളുടെ കാലു പിടികകുന്ന ഫ്രാൻസീസ് പാപ്പാ? ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്? അതിനുള്ള ഉത്തരം ഫ്രാൻസിസ് പാപ്പാ, മാർപ്പാപ്പ ആയതിനു ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അന്ന് അന്തോണിയോ സ്പദാരോ എന്ന ഈശോ സഭാ വൈദകൻ മാർപ്പാപ്പയോട് ചോദച്ചു: "ആരാണ് ഈ ഹോർഹേ ബർഗോളിയോ?"

അൽപ്പനേരത്തെ ആലോചനയ്ക്ക് ശേഷം പാപ്പാ പറഞ്ഞു: "ഞാൻ പാപിയായ ഒരു മനുഷ്യനാണ്." വ്യക്തമാക്കാനെന്നവണ്ണം അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാനിത് ഭംഗിവാക്ക് പറയുന്നതല്ല. സത്യത്തിൽ ഞാൻ പാപിയായ മനുഷ്യനാണ്." അല്പം കഴിഞ്ഞ് അദ്ദേഹം തുടർന്നു: "കർത്താവ് കാരുണ്യപൂർവ്വം തൃക്കൺപാർത്ത പാപിയായ മനുഷ്യനാണ് ഞാൻ." അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദൈവകാരുണ്യത്തിന്റെ ആദ്യസംഭവം അദ്ദേഹം വിവരിച്ചു. അത് മറക്കാതിരിക്കാനായി അദ്ദേഹം കണ്ടുപിടിച്ച സൂത്രവിദ്യയും പങ്കുവച്ചു.

പരസ്പരം യുദ്ധം ചെയ്യുന്ന തെക്കൻ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലു പിടിച്ചപേക്ഷിക്കാൻ ഫ്രാൻസിസ് പാപ്പാക്ക് കഴിഞ്ഞത് ഇതുകൊണ്ടാണ് - ദൈവകാരുണ്യം അനുഭവിച്ചതിനാലും, അനുഭവിച്ച ദൈവകാരുണ്യം മറക്കാതെ അദ്ദേഹം അയവിറക്കുന്നതിനാലും.

നിന്റെ ജീവിതത്തിൽ 'ഓശാന' യഥാർത്ഥ്യമാകാനുള്ള വഴിയിതാണ് - നിനക്ക് ലഭിക്കുന്ന ദൈവകാരുണ്യം അനുഭവിക്കുക; അത് മറക്കാതിരിക്കുക. അനുദിനം നീ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എത്രമാത്രം ദൈവകാരുണ്യമാണ്? നീ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും സ്വീകരിക്കുന്ന സൂര്യപ്രകാശവും മുതൽ എല്ലാം തന്നെ ദൈവകാരുണ്യങ്ങളല്ലേ? അങ്ങനെ ചിന്തിച്ചാൽ എന്താണ് ദൈവകാരുണ്യം അല്ലാതായിട്ട് നിന്റെ ജീവിതത്തിലുള്ളത്?

നിന്റെ ജീവിതത്തിലേക്ക് വന്നു ചേരുന്ന ദൈവകാരുണ്യത്തെ നീ തിരിച്ചറിയുക. അവബോധത്തോടെ അവയെ സ്വീകരിക്കുക, ദൈവകാരുണ്യത്തെ മറക്കാതിരിക്കുക. അപ്പോൾ ഓശാന എന്ന ആനന്ദകീർത്തനം നിന്റെ ജീവിതത്തിൽ നിറയും. പോരാ, നിന്റെ ജീവിതം തന്നെ ഓശാനയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP