Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ഈശോ ഇന്നത്തെ സുവിശഷത്തിൽ.

അവൻ പറഞ്ഞു: ''ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ'' (യോഹ 7:37). അതായത് താൻ ജീവദായകമായ ജലം കൊടുക്കുന്നവനാണെന്നാണ് ഈശോ അവകാശപ്പെടുന്നത്. പിന്നീട് അവൻ പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്'' (യോഹ 8:12). എന്നു വച്ചാൽ, താൻ ജീവദായകമായ വെളിച്ചമാണെന്ന്! ചുരുക്കത്തിൽ താൻ ജീവദായകമായ വെള്ളവും ജീവദായകമായ വെളിച്ചവുമാണെന്നാണ് ഈശോ അവകാശപ്പെടുന്നത്.

വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും സവിശേഷ സ്വഭാവം മനസ്സിലാക്കിയാൽ മാത്രമേ ഈശോ പറയുന്നതിന്റെ അർത്ഥം പൂർണ്ണമായി നമുക്ക് ഉൾക്കൊള്ളാനാകൂ. ജീവന്റെ ഉത്ഭവം തന്നെ വെള്ളത്തിലാണെന്നാണ് ശാസ്ത്രം പറയുന്നത്. ജീവനുണ്ടോയെന്ന് അറിയാൻ ആദ്യം ചെയ്യുന്നത് അവിടെ വെള്ളമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ചന്ദ്രനിലും ചൊവ്വായിലും മനുഷ്യൻ അന്വേഷിച്ചതും, ഇനി നെപ്ട്യൂണിൽ അന്വേഷിക്കാൻ പോകുന്നതും അവിടെ വെള്ളമുണ്ടോയെന്നാണ്. വെള്ളമുണ്ടെങ്കിൽ മാത്രമേ ജീവനുണ്ടാകാനുള്ള സാധ്യതയുള്ളൂ.

എന്തിന് ഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും വെള്ളം തന്നയല്ലേ! നമ്മുടെ ശരീരത്തിലും മൂന്നിൽ രണ്ട് വെള്ളം തന്നെ. ചുരുക്കത്തിൽ ജീവന്റെ ഉത്ഭവത്തിനും അതിന്റെ വളർച്ചയ്ക്കും വെള്ളം ആവശ്യമാണെന്നു വരുന്നു.

വെളിച്ചത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സത്യം. സൂര്യപ്രകാശമില്ലെങ്കിൽ ഭൂമിയിലെ ജീവൻ പെട്ടെന്നു തന്നെ കെട്ടുപോകില്ലേ? അപ്പോൾ ജീവന്റെ ഉത്ഭവത്തിനും നിലനിൽപ്പിനും വളർച്ചയ്ക്കും നിദാനമായ രണ്ട് മൂലകങ്ങളെയാണ് ഈശോ ഇവിടെ എടുത്ത് ഉപയോഗിക്കുന്നത്, വെള്ളത്തെയും, വെളിച്ചത്തെയും.

യോഹന്നാന്റെ സുവിശേഷത്തിൽ സമാനമായ മറ്റൊരു പ്രസ്താവന കൂടി ഈശോ നടത്തുന്നുണ്ട്: "ഞാനാണ് ജീവന്റെ അപ്പം" (യോഹ 6:35,48). അതായത് ഈശോ ജീവദായകമായ അപ്പമാണെന്ന്!

അങ്ങനെയെങ്കിൽ, ഈശോ സംസാരിക്കുന്നത് നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന ജീവനെ കുറിച്ചാണോ? അല്ല, അതിലും ഉപരിയായൊരു ജീവനെക്കുറിച്ചാകണം. കാരണം, എത്രയധികം വെള്ളം കുടിച്ചാലും എത്രയധികം സൂര്യപ്രകാശം സ്വീകരിച്ചാലും എത്രയധികം ഭക്ഷണം കഴിച്ചാലും അധികകാലം ശരീരത്തിലെ ജീവനെ നമുക്ക് പിടിച്ചു നിർത്താനാവില്ല. കുറെ കഴിക്കുമ്പോൾ ശരീരത്തിന്റെ ജീവൻ അസ്തമിച്ച് അത് മണ്ണോടു മണ്ണായിത്തീരും.

അങ്ങനെയെങ്കിൽ ഏത് ജീവനെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്? സമരിയായിലെ സിക്കാർ പട്ടണത്തിൽ വച്ച് സമരിയാക്കാരി സ്ത്രീയോടു സംസാരിച്ചപ്പോൾ ഈശോ പറഞ്ഞു: "ഞാൻ നൽകുന്ന ജലം അവനിൽ നിത്യ ജീവനിലേക്ക് നിർഗ്ഗളിക്കുന്ന അരുവിയാകും" (യോഹ 4:14). അതായത്, നിത്യമായ ജീവൻ പ്രദാനം ചെയ്യുന്ന ജലമാണ് ഈശോ തരുന്നതെന്ന്!

സമാനമായൊരു പ്രസ്താവന അപ്പത്തെക്കുറിച്ച് പറയുമ്പോഴും ഈശോ നടത്തുന്നുണ്ട്: "ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും" (യോഹ 6:51). അതായത്, ഈശോ തരുന്ന അപ്പം നിത്യമായ ജീവൻ പ്രദാനം ചെയ്യുന്നതാണെന്ന്! ചുരുക്കത്തിൽ, മരണത്തിനു ശേഷവും നിലനിൽക്കുന്ന ജീവൻ പ്രദാനം ചെയ്യുന്ന വെളിച്ചവും അപ്പവുമാണ് ഈശോ നൽകുന്നത്.

അങ്ങനെയങ്കിൽ നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും നിത്യജീവൻ പ്രദാനം ചെയ്യുന്ന വെളിച്ചവും നിത്യജീവൻ പ്രദാനം ചെയ്യുന്ന അപ്പവും സ്വന്തമാക്കാൻ നമ്മൾ എന്ത് ചെയ്യണം?

ഇതിനുവേണ്ടി എന്ത് ചെയ്യണമെന്ന കാര്യം വ്യക്തമായി ഈശോ പറയുന്നുണ്ട്: "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്... ജീവ ജലത്തിന്റെ അരുവികൾ ഒഴുകും" (യോഹ 7:37-38). ജീവദായകമായ ജലം ലഭിക്കണമെങ്കിൽ ഈശോയുടെ അടുക്കലേക്ക് പോകണമെന്നർത്ഥം; അവനിൽ വിശ്വാസമർപ്പിക്കുകയും വേണം.

പ്രകാശത്തെക്കുറിച്ച് പറയുമ്പോഴും ഈശോ സമാനമായ വ്യവസ്ഥയാണ് മുമ്പോട്ടു വയ്ക്കുന്നത്: "എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹ 8:12). ജീവദായകമായ വെളിച്ചം ലഭിക്കണമെങ്കിൽ ഈശോയെ അനുഗമിക്കണമെന്നർത്ഥം.

ജീവദായകമായ അപ്പത്തെക്കുറിച്ച് പറയുമ്പോൾ ഈശോ മുകളിൽ പറഞ്ഞ രണ്ട് വ്യവസ്ഥകളെയും സമന്വയിപ്പിക്കുന്നുണ്ട്: "ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയില്ല" (യോഹ 6:35).

ചുരുക്കത്തിൽ, നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും അപ്പവും ലഭിക്കണമെങ്കിൽ ഈശോയുടെ അടുക്കൽ ചെല്ലണം; അവനിൽ വിശ്വാസം അർപ്പിക്കുകയും ശരണപ്പെടുകയും ചെയ്യണം; അവനെ അനുഗമിക്കുകയും വേണം.

അങ്ങനെയെങ്കിൽ, ഇന്ന് ക്രിസ്തു എവിടെയാണ് സന്നിഹിതനാകുന്നതെന്ന് തിരിച്ചറിയണം. എങ്കിൽ മാത്രമേ അവന്റ അടുത്തെത്താനും അവനെ അനുഗമിക്കാനും പറ്റുള്ളൂ. ഇതിന് ഉത്തരം അർത്ഥശങ്കക്കിടിയില്ലാത്തവിധം പറയുന്നത് പൗലോസ് ശ്ലീഹായാണ്: "ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ 2:20). ക്രിസ്തു പൗലോസ് ശ്ലീഹായുടെ ഉള്ളിൽ ജീവിക്കുന്നെന്ന്!

അവിടംകൊണ്ടും അദ്ദേഹം നിർത്തുന്നില്ല. അദ്ദേഹം തുടരുന്നു: " ഈ രഹസ്യമാകട്ടെ... ക്രിസ്തു നിങ്ങളിലുണ്ട് എന്നത് തന്നെ" (കൊളോ 1:27). പൗലോസ് ശ്ലീഹായുടെ ഉള്ളിൽ ജീവിക്കുന്ന ക്രിസ്തുതന്നെ മറ്റ് എല്ലാവരുടെ ഉള്ളിലും ഉണ്ടെന്ന്!

വിശ്വാസത്തിന്റെ പരിശോധനയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം എഴുതുന്നു: "യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ?" (2 കൊറി 13:5). ചുരുക്കത്തിൽ, ഇന്ന് ക്രിസ്തു സന്നിഹിതനാകുന്നത് അവനവന്റെ ഉള്ളിലാണെന്ന് വരുന്നു. അതിനാൽ ക്രിസ്തുവിന്റെ അടുക്കലെത്തണമെങ്കിൽ അതിനുള്ള മാർഗ്ഗം "നിന്റ ഉള്ളിലേക്ക് പിന്തിരിയുക" എന്നതാണ്.

ഈ കാര്യം കാവ്യാത്മകമായി അവതരിപ്പിച്ചത് ആബേലച്ചനാണ്. അദ്ദേഹം എഴുതി:

ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരിഞ്ഞു
അവിടെയുമില്ലെവിടെയുമില്ല ഈശ്വരൻ
വിജനമായ ഭൂമിലുമില്ലീശ്വരൻ...

അവസാനം എന്നിലേക്കു ഞാൻ തിരിഞ്ഞു
ഹൃദയത്തിലേക്ക് ഞാൻ കടന്നു
അവിടെയാണ് ഈശ്വരന്റെ വാസം...

ഉള്ളിലാണ് ഈശ്വരസാന്നിധ്യമെന്നത് ക്രിസ്തുവിന്റെ തന്നെ പഠനമാണ്. പ്രാർത്ഥനയെക്കുറിച്ചു ശിഷ്യരെ പഠിപ്പിച്ചപ്പോൾ ഈശോ പറഞ്ഞു: "നീ പ്രാർത്ഥിക്കുമ്പോൾ നിന്റ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക" (മത്ത 6:6). ഇതിനെ പ്രതീകാത്മകമായി വ്യാഖ്യാനിക്കുന്ന സഭാപിതാക്കന്മാരുണ്ട്. മുറിയിൽ കടന്ന് കതകടക്കുയെന്ന് പറഞ്ഞാൽ നിന്റെ പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഉള്ളിലേക്ക് തിരിയുക എന്നർത്ഥം.

ഏകാന്തതയിലും നിശ്ശബ്ദതയിലും ഈശ്വരസാന്നിധ്യത്തിന്റെ ആന്തരികതയിലേക്ക് പിൻതിരിയുന്നത് ഈശോയുടെ പ്രാർത്ഥനാരീതിയായിരുന്നു. സുവിശേഷങ്ങൾ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. ഒന്നാം ദിവസത്തെ പ്രവർത്തനശേഷമുള്ള ഈശോയുടെ രണ്ടാം ദിനത്തെക്കുറിച്ച് മർക്കോസ് എഴുതുന്നു: "അതിരാവിലെ അവൻ ഉണർന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി, അവിടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു" (മാർക്കോ1:35).

ഒന്നാമത്തെ അപ്പം വർദ്ധിപ്പിക്കലിനു ശഷം ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ മധ്യത്തിൽ നിന്നും ഈശോ പിൻതിരിയുന്നത് ശ്രദ്ധിക്കണം: "ആളുകളോടു യാത്ര പറഞ്ഞശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി" (മർക്ക 6:45). പിന്നീട് മരണത്തിന് മുൻപ് അവൻ പ്രാർത്ഥിക്കാൻ പിൻതിരിയുന്നത് ഗെത്സെമെനിയെന്ന ഒലിവു തോട്ടത്തിലേക്കാണ് (മർക്കോ 14:32-36).

ചുരുക്കത്തിൽ, ഉള്ളിലേക്ക് പിൻതിരിയാനാണ് തന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഈശോ പഠിപ്പിക്കുന്നത്. അതായത്, നിന്റെ ശരീരത്തിനും മനസ്സിനും ജീവൻ പ്രദാനം ചെയ്യുന്ന നിന്നിലെ ആന്തരികജീവനെ തിരിച്ചറിയുക. അത് ഈശ്വരന്റെ തന്നെ അംശമാണെന്ന് അനുഭവിക്കുക. എന്നുപറഞ്ഞാൽ, നിന്നിലെ ക്രിസ്തുസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനുഭവിക്കുക; ആ തിരുസാന്നിധ്യത്തിൽ നീ ശരണമർപ്പിക്കുക; ആ തിരുസാന്നിധ്യത്തെ അനുദിനം നീ പിന്തുടരുക. അപ്പോഴാണ് നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും അപ്പവും ക്രിസ്തുവിൽ നിന്നും നിനക്കു ലഭിക്കുന്നത്.

എന്താണ് ഇതിന്റെയൊക്കെ പരിണിതഫലം? ഈശോ പറയുന്നു: "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും" (യോഹ 7:36). തന്റെ ഉള്ളിലെ ജീവസ്രോതസ്സിലേക്ക് പിന്തിരിഞ്ഞു, അതിനെ അനുഗമിക്കുന്നവനിൽ നിന്ന് ജീവദായകമായ വെള്ളവും വെളിച്ചവും പുറപ്പെടുമെന്ന്! അതായത് അവന്റെ വാക്കും പ്രവൃത്തിയും മറ്റുള്ളവർക്ക് ജീവദായകമായി പരിണമിക്കുമെന്ന്!

അങ്ങനെയെങ്കിൽ, ഈശോ പറയുന്നത് നിന്റെ ഉള്ളിലെ ജീവസ്രോതസ്സിലേക്ക് പിന്തിരിയാനാണ്. അപ്പോഴാണ് നിന്റെ വാക്കും പ്രവൃത്തിയും ജീവദായകങ്ങളായി മാറുന്നത്. കതിരിൽ വളം വയ്ക്കരുതെന്ന് പറയാറില്ലേ. കതിരേൽ അല്ല വേരിലാണ് വളം വയ്‌ക്കേണ്ടത്. പ്രവൃത്തികളാകുന്ന നിന്റെ കതിർഫലങ്ങളെയല്ല നീ ശ്രദ്ധിക്കേണ്ടത്. അവയുടെയൊക്ക ഉറവിടമായി നിൽക്കുന്ന നിന്നിലെ ജീവസ്രോതസായ ക്രിസ്തു സാന്നിധ്യത്തിലേക്കാണ് നീ പിന്തിരിയേണ്ടത്. അതിലൂടെയാണ് നിന്റെ ജീവിതം ജീവദായകമായി മാറുന്നത്.

മൂന്ന് പതിറ്റാണ്ടു കാലം ഡോക്ടറായി സേവനം ചെയ്ത ഒരു സിസ്റ്ററിന്റെ മരണ സമയത്തെ മുഹൂർത്തം. മരണത്തിൽ പോലും മറ്റുള്ളവർക്ക് വെള്ളവും വെളിച്ചവും പകരാനുള്ള പരിശ്രമം! അതിനു കാരണം ജീവസ്‌ത്രോതസ്സായ ക്രിസ്തു സാന്നിധ്യവുമായുള്ള തുടർബന്ധമായിരിക്കണം (വിശദമായ വിവരണത്തിന് വീഡിയോ കാണുക).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP