Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).

ദൈവരാജ്യത്തിന്റെ കോണിപ്പടി കയറി ഏറ്റവും മുകളിൽ എത്താനാണ് സെബദീപുത്രന്മാരുടെ ശ്രമം. അവരുടെ അമ്മയുടെ അപേക്ഷയിൽ ഒളിഞ്ഞിരിക്കുന്നത് ഇത്തരമൊരു താൽപ്പര്യമാണ്: "നിന്റെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ നിന്റെ വലത്തുവശത്തും അപരൻ ഇടത്തുവശത്തും ഇരിക്കുന്നതിനു കൽപ്പിക്കണമേ'' (മത്താ 20:21). ദൈവരാജ്യത്തിലെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമാണ് അവർ അഭ്യർത്ഥിക്കുന്നത്. എന്നാൽ ഏറ്റവും മുകളിൽ എത്താൻ ശ്രമിക്കുന്നവരോട് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൈയിലുണ്ടോയെന്ന് പരിശോധിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്: ''ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്ക് കഴിയുമോ?'' (മത്താ 20:22). അതായത്, പതിനെട്ടാം നിലയിൽ എത്താൻ ശ്രമിക്കുന്നവരോട് അകത്ത് കടക്കാനുള്ള താക്കോൽ കൈയിലുണ്ടോന്നാണ് ഈശോയുടെ ചോദ്യം.

മറ്റ് അപ്പസ്‌തോലന്മാരുടെ മനോഭാവവും ഇതിൽ നിന്നും ഭിന്നമല്ല: ''ഇതു കേട്ടപ്പോൾ ബാക്കി പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി'' (മത്താ 20:24). ഒന്നും രണ്ടും സ്ഥാനം കൈക്കലാക്കാൻ ശ്രമിക്കുന്നവരോട് മറ്റുള്ളവർക്ക് അമർഷം തോന്നാനുള്ള കാരണം, അവരും സമാന ചിന്താഗതി വച്ചുപുർത്തുന്നതുകൊണ്ടായിരിക്കും. ചുരുക്കത്തിൽ, രണ്ടു പേർ പത്തു പേരുടെ മുകളിൽ കയറാൻ ശ്രമിക്കുന്നു, പത്തു പേർ രണ്ടു പേരെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു.

ശിഷ്യന്മാരുണ്ട് ഈ മനോഭാവത്തെ ഈശോ ഉപമിക്കുന്നത് വിജാതീയ ഭരണകർത്താക്കളുടെയും പ്രമാണിമാരുടെയും മനോഭാവത്തോടെയാണ്: "വിജാതീയരുടെ ഭരണകർത്താക്കൾ അവരുമേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്" (മത്താ 20:25-26).

ക്രിസ്തുശിഷ്യർ ഒഴിവാക്കേണ്ട മനോഭാവവും രീതിയുമാണിതെങ്കിൽ അവർ സ്വായത്തമാകേണ്ട മനോഭാവം എന്താണ്? "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനായിരിക്കണം" (മത്താ 20:27). ദാസ്യവൃത്തിയും ശുശ്രൂഷയുമാണ് ശിഷ്യന്മാർ സ്വായത്തമാകേണ്ട രീതി. ഇതാണ് യഥാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കാനുള്ള താക്കോൽ.

സ്വർഗ്ഗരാജ്യത്തിന്റെ ഈ താക്കോലിനെ ഒന്നുകൂടി വ്യക്തമായി ഈശോ അവതരിപ്പിക്കുന്നത് അടുത്ത വചനത്തിലാണ്: "ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20:28). അങ്ങനെയെങ്കിൽ സ്വർഗ്ഗരാജ്യത്തിനകത്ത് കടക്കാനുള്ള താക്കോലും വഴിയുമാണ് മനുഷ്യപുത്രന്റെ 'മോചനദ്രവ്യവുമാകൽ'.

ഒരു പുൽമേടിന്റെ ഒരു ഭാഗത്ത് ഒരു തടിക്കഷണം കിടക്കുന്നവെന്നു കരുതുക. അത് അവിടെ കുറേക്കാലം കിടന്നാൽ എന്താണ് സംഭവിക്കുക? അതിന്റെ കീഴിലുള്ള പുല്ലുകളെല്ലാം സൂര്യപ്രകാശം കിട്ടാതെ വിളറി വെളുത്ത് വളർച്ചയറ്റു പോകും. യജമാനത്വത്തിനും ആധിപത്യത്തിനും കീഴിലാണാകുന്നവർക്കും സംഭവിക്കുന്നത് ഇതാണ്. അവർ വിളറിവെളുത്ത് വളർച്ച പ്രാപിക്കാതെയും ഫലപ്രാപ്തിയിലെത്താതെയും പോകും.

നേരെ മറിച്ച് അതേ തടിക്കഷണം അഴുകി ദ്രവിച്ച് പൊടിഞ്ഞ് ആ പുല്ലുകൾക്ക് വളമായി തീർന്നാലോ? അവ കൂടുതൽ ഉന്മേഷത്തോടെ വളർച്ച പ്രാപിച്ച് അവയുടെ ഫലപ്രാപ്തിയുടെ കൊടുമുടിയിലെത്തും. ശുശ്രൂഷിക്കുന്നവനും അതിലൂടെ മറ്റുള്ളവർക്ക് മോചനദ്രവ്യമായി മാറുന്നവനും ചെയ്യുന്നത് ഇതാണ്. മറ്റുള്ളവരെ വളർച്ചയിലേക്കും ജീവിതനിറവിലേക്കും ഫലപ്രാപ്തിയിലേക്കും അവൻ നയിക്കുന്നു. അതിനു വേണ്ടി സ്വയം അവർക്ക് പോഷണവും വളവുമായി അവൻ മാറും. ചുരുക്കത്തിൽ ആധിപത്യം തടവിലാക്കും, നേരെമറിച്ച് ശുശ്രൂഷ വളർത്തുമെന്ന് സാരം.

ആധിപത്യം പുലർത്തുന്നതിനു പകരം ശുശ്രൂഷയിലൂടെ മോചനദ്രവ്യമാകാണമെന്ന് ഈശോ പറയുന്നതിന്റെ കാരണം എന്താണ്? അതിന്റെ കാരണം ഈശോയുടെ ദൈവരാജ്യ സങ്കൽപ്പം തന്നെയാണ്. ദൈവരാജ്യമെന്നു പറഞ്ഞാൽ ദൈവം പിതാവായിത്തീരുന്നയിടം. അതിനായി പ്രാർത്ഥിക്കാനാണ് ഈശോ ശിഷ്യരെ പഠിപ്പിച്ചത്: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ" (മത്താ 6:9). ദൈവം സകലരുടെയും പിതാവാണെങ്കിൽ മനുഷ്യരും മറ്റു സൃഷ്ടവസ്തുക്കളും ദൈവത്തിന്റെ മക്കളായിത്തീരുന്നു. തൽഫലമായി അവരെല്ലാം സാഹോദര്യതുല്യതയുടെ പരസ്പരബന്ധത്തിലായിത്തീരുന്നു. ദൈവരാജ്യത്തിന്റെ സാഹോദര്യതുല്ല്യതയിൽ ആരും ആരുടെയും മുകളിലല്ല; ആരും ആരുടെയും കീഴിലുമല്ല. മറിച്ച് എല്ലാവരും തുല്യരാകുന്നിടത്ത് പരസ്പര ബഹുമാനവും, സ്‌നേഹത്തിലൂടെയുള്ള പങ്കുവച്ചു കൊടുക്കലുമേ സാധ്യമാകുകയുള്ളൂ.

കാർക്കശ്യക്കാരനായ ഒരു ഗൃഹനാഥന്റെ കഥ. കർശനമായ ചിട്ടയോടെ അയാൾ മക്കളെ വളർത്തി. അവർ വളർന്ന് പ്രായപൂർത്തയായി കല്ല്യാണം കഴിഞ്ഞിട്ടും അവർക്കൊരു സ്വാതന്ത്ര്യവും അയാൾ അനുവദിച്ചില്ല. എന്നാൽ കൊച്ചുമക്കളായി കഴിഞ്ഞപ്പോൾ അവർ വല്ല്യപ്പനെ ആനയാക്കി അയാളുടെ മുതുകത്ത് കയറി ആനയും പാപ്പാനും കളിക്കുന്ന രംഗം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).

അപ്പോൾ രണ്ടു സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒന്നുകിൽ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രീതി പിന്തുടരാം. അല്ലെങ്കിൽ ശുശ്രൂഷയുടെയും ആത്മദാനത്തിന്റെയും രീതിയാകാം. ആധിപത്യവും അധികാരവും അടിമപ്പെടുത്തുകയേ ഉള്ളൂ. ആരെ? ആധിപത്യം പ്രയോഗിക്കുന്നവനെ തന്നെയാണ് അധികാരം ആദ്യം ബന്ധനത്തിലാക്കുന്നത്. അയാൾ ഇത് തിരിച്ചറിയുന്നില്ലെന്നു മാത്രം. പിന്നീട് അയാളുടെ ചുറ്റുമുള്ളവരെയും അത് ബന്ധനത്തിലാക്കും.

നേരെമറിച്ച് ശുശ്രൂഷയും പങ്കുവയ്ക്കലും ഒരുവനെ സ്വതത്രനാക്കും. ശുശ്രൂഷ ചെയ്യുന്നവനെ തന്നെയാണ് ആദ്യമത് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്. പിന്നീട് അയാൾക്ക് ചുറ്റുമുള്ളവരെയും അത് സ്വാതന്ത്ര്യത്തിലേക്കും വളർച്ചയിലേക്കും നയിക്കും.

അതിനാൽ ഈശോ ശിഷ്യരോടായി ആവശ്യപ്പെടുന്നത് നമ്മുടെ സ്വഭാവശൈലിയിലുള്ള മാറ്റമാണ് - ആധിപത്യത്തിന്റെ ശൈലി മാറ്റി ശുശ്രൂഷയുടെയും പങ്കുവച്ചു കൊടുക്കലിന്റെയും ശൈലി സ്വന്തമാക്കാൻ. അന്നത്തെ അപ്പസ്‌തോലരോട് ആവശ്യപ്പെട്ടത് ഇന്നത്തെ അനുയായികളോടും ഈശോ ആവശ്യപ്പെടുന്നുണ്ട്.

ഇത് സ്വാഭാവികമായി സംഭവിക്കേണ്ട ഇടം കുടുംബം തന്നെയാണ്. ഏറ്റവും ഹൃദ്യമായ ബന്ധമാണല്ലോ അമ്മയും മക്കളും തമ്മിലുള്ളത്. അവിടെപ്പോലും യജമാനത്വവും ആധിപത്യവും അരുത്. പകരം പങ്കുവയ്ക്കലും ശുശ്രൂഷയുമേ ആകാവൂ. ഇത് ഏറ്റവും മനോഹാരമായി അവതിപ്പിച്ചത് ഖലീൽ ജിബ്രാനാണ് - അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'പ്രവാചകനിൽ.'

ശിശുവിനെ മാറോടണച്ചവൾ പ്രവാചകനോടു പറഞ്ഞു. കുഞ്ഞുങ്ങളെപ്പറ്റി ഞങ്ങളോടു പറയുക. പ്രവാചകൻ പ്രതികരിച്ചു: "നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ! നിങ്ങളിലൂടെ വരുന്നുവെങ്കിലും അവർ നിങ്ങളിൽ നിന്ന് ആവിർഭവിക്കുന്നില്ലല്ലോ.
നിങ്ങളോട് ഒപ്പമാണെങ്കിലും അവർ നിങ്ങളുടെ സ്വന്തമല്ല.
അവർക്ക് നിങ്ങളുടെ സ്‌നേഹം നൽകുക. എന്നാൽ നിങ്ങളുടെ വിചാരങ്ങൾ ഒരിക്കലും നിങ്ങൾ അവർക്ക് കൊടുക്കരുത്. എന്തെന്നാൽ അവർക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.
അവരുടെ ഉടലുകൾക്ക് നിങ്ങൾ ഇടം നൽകുക. എന്നാൽ അവരുടെ ആതമാക്കളെ നിങ്ങൾ തടവിലാക്കരുത്."

ദാമ്പത്യബന്ധത്തിലും ഇതാണ് സംഭവിക്കേണ്ടത്. ഒരാൾ മറ്റേയാളുടെ മേൽ ആധിപത്യവും യജമാനത്വവും പുലർത്തരുത്, മറിച്ച് ശുശ്രൂഷയും പങ്കുവച്ചു കൊടുക്കലുമായിരിക്കണം. അതാണ് ഈശോ പറഞ്ഞ 'മോചനദ്രവ്യമാകൽ.' അതിലൂടെയേ ജീവിത പങ്കാളി വ്യക്തിത്വപൂർണ്ണതയിലേക്ക് വളരുകയുള്ളൂ; ദൈവപുത്രിയായി രൂപാന്തരപ്പെടുള്ളൂ.

അധികാരത്തിന്റെ കോണിപ്പടിയുടെ വിവിധ തട്ടുകളിൽ കഴിയുന്ന എല്ലാവരും ആത്മപരിശോധന ചെയ്യേണ്ട കാര്യമാണിത്. വികാരിയച്ചനും, മെത്രാനച്ചനും, സന്യാനത്തിലെ പ്രൊവിൻഷ്യാളും, ജനറാളും അധികാരത്തിന്റെ ഈ അപകടവഴിയിലാണ് അനുദിനം സഞ്ചരിക്കുന്നത്. അവർ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഫ്രാൻസിസ് പാപ്പ ഇതിനെ പേരിട്ട് വിളിച്ചത് 'ക്ലെറിക്കലിസം' എന്നാണ്. അതായത് 'വൈദികരുടെ മാടമ്പിത്തരം.'

അധികാരത്തിന്റെ ഊടുവഴികളിൽ ചരിക്കുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്: താക്കോൽ കൈയിലുണ്ടോ? ദൈവരാജ്യത്തിന് അകത്ത് കടക്കാനുള്ള താക്കോൽ എന്റെ കൈയിലുണ്ടോ? ശുശ്രൂഷയുടെയും അധ്വാനത്തിന്റെയും മോചനദ്രവ്യമാകലിന്റെയുമായ താക്കോൽ എന്റെ കൈയിലുണ്ടോ? ഇല്ലെങ്കിൽ അധികാരത്തിന്റെ പതിനെട്ടാം പടിയിലെത്തിയാൽ പോലും എനിക്കു ദൈവരാജ്യത്തിനകത്ത് കടക്കാനുവാതെ വരും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP