Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3).

ഇതിനോടു പ്രതികരിച്ചു കൊണ്ടു നിക്കൊദേമോസ് ഈശോയോട് ചോദിക്കുന്നത് ഇതേ കാര്യത്തെക്കുറിച്ചു തന്നെയാണ്: "അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് ഒരുവനു ജനിക്കാൻ കഴിയുമോ? (യോഹ 3: 4)

ഇതിനെ വിശദീകരിച്ചു കൊണ്ട് ഈശോ സംസാരിക്കുന്നത് 'അരൂപിയിൽ നിന്നുള്ള ജനനത്തെക്കുറിച്ചാണ്;' അഥവാ 'ആത്മാവിൽ നിന്നുള്ള ജനനത്തെക്കുറിച്ചാണ്' (യോഹ 3:5,6). അരൂപിയിൽ നിന്ന് ജനിച്ചാൽ മാത്രമേ ഒരുവന് ദൈവരാജ്യം കാണാനും ദൈവരാജ്യത്തിൽ പ്രവേശിക്കാനും കഴിയുള്ളൂവെന്നും (യോഹ 3:3,5) ഈശോ പറയുന്നു. അങ്ങനെയെങ്കിൽ എന്താണ് ഈശോ പറയുന്ന ഈ രണ്ടാം ജന്മം? ഭാരതീയ പാരമ്പര്യത്തിലും 'ദ്വിജൻ' എന്ന രണ്ടാം ജന്മ സങ്കൽപ്പമുണ്ട്. എന്താണ് ഈശോ ഉദ്ദേശിക്കുനന 'രണ്ടാമത്തെ ജനനം'?

ഇത് വ്യക്തമാകണമെങ്കിൽ നമ്മൾ യോഹന്നാൻ 3:15 ലെ തിരുവചനത്തെ കൂട്ടു പിടിക്കണം. അവിടെ ഈശോ പറയുന്നു: "തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ 3:15). ഇവിടെ പറയുന്ന നിത്യജീവൻ തന്നെയാണ് തുടക്കത്തിൽ ഈശോ പറഞ്ഞ ദൈവരാജ്യ പ്രവേശനവും (യോഹ 3:3,5). അങ്ങനെയെങ്കിൽ 'ഉയർത്തപ്പെടുന്ന മനുഷ്യപുത്രനാണ്' രണ്ടാമത് ജനിച്ചവനെന്ന് വരുന്നു. ഉയർത്തപ്പെടുന്ന മനുഷ്യപുത്രനെന്നാൽ 'ക്രൂശിതനായ ഈശോ' എന്നാണ് അർഥം. അപ്പോൾ, ക്രൂശിതനായ ഈശോയാണ് അരൂപിയിൽ നിന്ന് ജനിച്ചവൻ, ഉന്നതങ്ങളിൽ നിന്നു ജനിച്ചവൻ, രണ്ടാമതും ജനിച്ചവൻ. എങ്കിൽ ഉയർത്തപ്പെടുന്ന മനുഷ്യ പുത്രനെന്ന ക്രൂശിതനെ ശ്രദ്ധിച്ചാൽ രണ്ടാമത് ജനിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാനാവും.

രണ്ട് സവിശേഷതകൾ ക്രൂശിതനിൽ നമുക്ക് കാണാനാവും. ഒന്നാമത്തേത്, ഈശോ തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, തന്റെ യൗവനത്തിന്റെ നിറവിൽ, അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങിയെന്നതായിരുന്നു. അതും ആരോടും പരിഭവമില്ലാതെയും ഹൃദയത്തിൽ നിറയെ സ്‌നേഹത്തോടെയും. ചെറുപ്പത്തിന്റെ നിറവിൽ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് നടന്നു നീങ്ങണമെങ്കിൽ ശരീരത്തിന്റെ ജീവനപ്പുറത്ത് അവൻ മറ്റെന്തോ ഈശോ കണ്ടെത്തിയിട്ടുണ്ടായിരിക്കണം. അതായത്. ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന അരൂപിയെ അവൻ തിരിച്ചറിഞ്ഞനഭവിച്ചിട്ടുണ്ടായിരക്കണം. ശരീരവും മനസ്സും മരണത്തോടെ കടന്നു പോകുമെങ്കിലും അതിനെ രണ്ടിനെയും ജീവിപ്പിച്ചു നിർത്തുന്ന അരൂപിയുടെ കാര്യം അങ്ങനെയല്ല. ഈ 'അരൂപിയെ' ഈശോ 'ജീവൻ' എന്നും വിളിക്കുന്നുണ്ട് (മർക്കോ 8:36). ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന അരൂപിയെ അഥവാ ജീവനെ തിരിച്ചറിഞ്ഞവനായിരുന്നു ക്രിസ്തു. അതുകൊണ്ട് ക്രിസ്തുവാണ് യഥാർത്ഥ 'ദ്വിജൻ;' പൂർണ്ണാർത്ഥത്തിൽ രണ്ടാമത് ജനിച്ചവൻ. അവനാണ് അരൂപിയിൽ നിന്നും ജനിച്ചവൻ. അതിനാലാണ് ശാരീരിക ജീവന്റെ മരണത്തിലേക്ക് സധൈര്യം നടന്നു കയറാൻ അവനായത്.

ഒരു വേദപാഠ ക്ലാസ്സിലെ സംഭവം. ടീച്ചർ ചോദിച്ചു: സ്വർഗത്തിൽ പോകാൻ എന്താണ് മാർഗ്ഗം? സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അതിന് മുൻപ് അയാൾ മരിക്കണമെന്ന് ടോമി ഉത്തരം പറഞ്ഞു (വീഡിയോ കാണുക).

ടോമിയുടെ ഉത്തരം വിരൽ ചൂണ്ടുന്നത് ക്രൂശിതനിലേക്കാണ്, ഉയർത്തപ്പെടുന്ന മനുഷ്യപുത്രനിലേക്കാണ്. നിത്യജീവൻ പ്രാപിക്കാനും ദൈവരാജ്യത്തിൽ പ്രവേശിക്കാനുമുള്ള മാർഗ്ഗം, ക്രൂശിതനിൽ വിശ്വസിക്കുക എന്നതാണ് (യോഹ 3:15). അതായത്, തന്നിലെ അരൂപിയെയും ജീവനെയും തിരിച്ചറിഞ്ഞതിന്റെ ഫലമായി തന്റെ ശാരീരിക ജീവനെ മരണത്തിന് വിട്ടു കൊടുക്കുന്ന ക്രൂശിതനിലാണ് നിത്യജീവൻ.

ഇവിടെ ഉയർന്നു വരേണ്ട യഥാർത്ഥ ചോദ്യം, 'സത്യത്തിൽ ഞാൻ ആരാണ്' എന്നതാണ്. പലപ്പോഴും അതിന് ഞാൻ ഉത്തരം പറയുക എന്റെ പേരു പറഞ്ഞും, എന്റെ രൂപം ചൂണ്ടിക്കാണിച്ചുമാണ്. അതായത് എന്റെ നാമരൂപങ്ങളുമായി ഞാൻ താദാത്മ്യപ്പെടുന്നു എന്നർത്ഥം. എന്നാൽ ഇവയൊക്കെ മരണത്തോടെ എനിക്കു നഷ്ടമാകും. എന്റെ മനസ്സിന്റെ കാര്യവും അങ്ങനെതന്നെ. ഞാൻ സമ്പാദിച്ചു കൂട്ടുന്ന സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം മരണത്തോടെ എനിക്കു നഷ്ടമാകും. അങ്ങനെയെങ്കിൽ ഞാൻ യഥാർത്ഥത്തിൽ ഇവയൊന്നുമല്ല എന്ന് വരുന്നു. ഇവയ്‌ക്കൊക്കെ പിറകിൽ നിൽക്കുന്ന എന്നിലെ ജീവനാണ് എന്നിലെ അരൂപിയാണ് ഞാൻ- ഈ അവബോധത്തിലേക്ക് വളരുന്നവനാണ് രണ്ടാമത് ജനിച്ചവൻ.

പക്ഷെ പലപ്പോഴും നമ്മൾ നമ്മുടെ ശരീരവുമായും നമ്മുടെ സമ്പത്തുമായും നമ്മുടെ സ്ഥാനമാനങ്ങളുമായും നമ്മളത്തന്നെ താദമ്യപ്പെടുത്തിയെന്നു വരും. അവയുമായി നമ്മൾ കെട്ടുപിണഞ്ഞു ജീവിച്ചെന്നു വരും. അത് ഒരു തരം ബന്ധനാവസ്ഥയാണ്. അത്തരം ബന്ധനത്തിൽ ജീവിക്കുന്നവന് അരൂപിയിൽ നിന്ന് ജനിക്കാനാവില്ല,

നിന്റെ ജീവനുമായി താരതമ്യം ചെയ്യുമ്പോൾ നിന്റെ ശരീരവും മനസ്സും സമ്പത്തും സ്ഥാനമാനങ്ങളും അപ്രധാനങ്ങളാണെന്ന് തിരിച്ചറിയുമ്പോഴാണ് നീ അരൂപിയിൽ നിന്ന് ജനിക്കുന്നവനാകുന്നത്. അത്തരമൊരു അവബോധത്തിന്റെ പരകോടിയിൽ എത്തിയവനായിരുന്നു ക്രൂശിതൻ. ഇത് ക്രൂശിതന്റെ ഒന്നാമത്തെ പ്രതേകത.

ക്രൂശിതന്റെ രണ്ടാമത്തെ സവിശേഷത, അവൻ പരോന്മുഖതയുടെപരകോടിയാണെന്നതാണ്. ജീവനുമായി താരതമ്യം ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മനസ്സിന്റെയും സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നിസ്സാരത തിരിച്ചറിയുന്ന 'ദ്വിജൻ' അവയെല്ലാം ഉദാരതയോടെ മറ്റുള്ളവരുമായി പങ്കു വയ്ക്കും. അങ്ങനെ പങ്കുവയ്ക്കുമ്പോഴല്ലോം അവനിലെ യഥാർത്ഥ ജീവൻ വളർന്നുകൊണ്ടിരിക്കും. അത്തരം പങ്കു വയ്ക്കലിന്റെ കൊടുമുടിയിലെത്തിയവനായിരുന്നു ഉയർത്തപ്പെടുന്ന മനുഷ്യപുത്രനെന്ന ക്രൂശിതൻ.

'ഗോതമ്പു മണി നിലത്തു വീണ അഴിയുമ്പോഴാണ് അത് നൂറുമേനിയായി വിളയുന്നത്' എന്ന് ഈശോ പറയുന്നത് ഇതിനെക്കുറിച്ച് തന്നെയാണ്. അഴിയുകയെന്നത് ആത്മദാനത്തിന്റെ മകുടമായ മരണമെന്ന് സാരം. ആത്മാദാനത്തിലൂടെയാണ് ഒരുവനിലെ ജീവനും അരൂപിയും വളർന്നു വലുതാകുന്നത്. അങ്ങനെയാണ് അത് നിത്യജീവനായി രൂപാന്തരപ്പെടുന്നത്. അതുകൊണ്ടാണ് ക്രൂശിതനിലാണ് ജീവൻ നിത്യജീവനായി പരിണമിച്ചതെന്ന് പറയുന്നത്. അതിനാലാണ്, കുരിശു മരണത്തിൽ തന്നെയാണ് ഉത്ഥാനവും സംഭവിച്ചതെന്ന് ദാർശനികർ പറയുന്നത്.

ചുരുക്കത്തിൽ രണ്ടാമതും ജനിക്കുന്നത് എങ്ങനെയാണെന്നാണ് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിനും മനസ്സിനും ആധാരമായി നിൽക്കുന്ന അരൂപിയെന്ന ജീവനെ തിരിച്ചറിയുന്നവനാണ് അരൂപിയിൽ നിന്നു ജനിച്ചവൻ. ഒരുവൻ തന്നിലുള്ള ജീവനെക്കുറുച്ചുള്ള അവബോധത്തിലേക്ക് ഉണരുമ്പോൾ അവൻ രണ്ടാമതും ജനിക്കുന്നു. അങ്ങനെ അരൂപിയിൽ ജനിച്ചവൻ തന്റെ സമ്പാദ്യങ്ങളായ ശരീരവുമായും സമ്പത്തുമായും സ്ഥാനമാനങ്ങളുമായി കെട്ടുപിണയാതെ ജീവിക്കും. അതിലുപരി, ഈ സമ്പാദ്യങ്ങളെ സ്‌നേഹത്തോടെ അവൻ സഹജരുമായി പങ്കുവച്ചു ജീവിക്കും. അത്തരം ഓരോ പങ്കുവയ്ക്കലിലും അവനിലെ ജീവൻ വളർന്നു വരും. ക്രമേണ അത് നിത്യജീവനിലക്ക് വളർന്നു കയറും. ഇങ്ങനെയാണ് അരൂപിയിൽ നിന്ന് ജനിക്കുന്നവൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP