Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

സ്‌നാപക യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന പ്രസ്താവന ശ്രദ്ധിക്കണം: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ 1:29). സമാനമായൊരു പരിചയപ്പെടുത്തൽ പിറ്റെ ദിവസം തന്റെ രണ്ട് ശിഷ്യരുടെ മുമ്പിലും സ്‌നാപകൻ നടത്തുന്നുണ്ട്: "ഇതാ ദൈവത്തിന്റെ കുഞ്ഞാട്" (യോഹ 1:36).

എന്താണിതിന്റെ അർത്ഥം? ഈശോയെ 'പുതിയ പെസഹാ കുഞ്ഞാടിക്കിയിട്ടാണ്' യോഹന്നാൻ അവതരിപ്പിക്കുന്നത് എന്നാണ് പ്രധാന വാദം. ഈശോയുടെ കുരിശുമരണം സംഭവിക്കുന്നത് പെസഹാ കുഞ്ഞാടിനെ ബലിയർപ്പിക്കുന്ന സമയത്താണെന്നാണ് യോഹന്നാന്റെ സുവിശേഷം തരുന്ന സൂചന (യോഹ 18:31). അതായത്, പെസഹാ കുഞ്ഞാട് ഈജിപ്ത്തിൽ നിന്നുള്ള ഇസ്രയേൽക്കാരുടെ മോചനത്തിന്റെയും രക്ഷയുടെയും കാരണമായിരുന്നുത് പോലെ, ക്രൂശിതനായ ഈശോയും ലോകത്തിന്റെ പാപമോചനത്തിനും രക്ഷയ്ക്കും കാരണമാകുന്നു. അങ്ങനെ ഈശോ 'പുതിയ പെസഹാ കുഞ്ഞാടായി' മാറുന്നു.

ഈശോയെ പാപപരിഹാര ദിനത്തിലെ 'ബലിയാടായിട്ടാണ്' യോഹന്നാൻ ചിത്രീകരിക്കുന്നത് എന്നൊരു വാദവും ഉണ്ട്. പാപപരിഹാര ദിനത്തിൽ നറുക്കിട്ടെടുക്കുന്ന രണ്ട് കോലാടുകളിൽ ഒന്നിനെ കർത്താവിന് ബലിയർപ്പിക്കുകയും മറ്റതിന്റെ മേൽ പാപം ചുമത്തി അതിനെ മരുഭൂമിയിലേക്ക് വിട്ടയ്ക്കുകയും ചെയുന്ന രീതി യഹൂദർക്കുണ്ടായിരുന്നു (ലേവ്യ 16:7-10). അതിനാൽ 'പാപഹരിഹാരത്തിനുള്ള ബലിയാടായിട്ടാണ്' യോഹന്നാൻ ഈശോയെ അവതരിപ്പിക്കുന്നത് എന്ന് വാദിക്കുന്നവരുമുണ്ട്.

എന്നാൽ ഈശോ പുതിയ പെസഹാകുഞ്ഞാടാണ് എന്ന വാദത്തിനാണ് കൂടുതൽ പ്രാബല്യം കിട്ടിയിരിക്കുന്നത്. എങ്ങനെ ചിന്തിച്ചാലും തന്റെ മരണത്തിലൂടൊണ് ഈശോ പാപം നീക്കിയതെന്ന ചിന്തയാണ് പിന്നീട് കൂടുതൽ ശക്തി പ്രാപിച്ചിട്ടുള്ളത്.

എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം മരിക്കുന്ന ഈശോയെ ചൂണ്ടിയല്ല, പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു യോഹന്നാൻ പറയുന്നത്. നേരെ മറിച്ച് പരസ്യ ജീവിതം ആരംഭിക്കുന്ന ഈശോയെ ചൂണ്ടിക്കാട്ടിയിട്ടാണ് ഇത് പറയുന്നത്. അതിനർത്ഥം ഈശോ തന്റെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ലോകത്തിന്റെ പാപം നീക്കുന്നു എന്നു സാരം. ഇത് വലിയൊരു വ്യത്യാസമാണ്.

സമാനമായ ചിന്തയാണ് സമാന സുവിശേഷകരും അവതരിപ്പിക്കുന്നത്. ഈശോ തന്റെ പ്രവർത്തനത്തിലൂടെയും സംസാരത്തിലൂടെയും ലോകത്തിന്റെ പാപം നീക്കുന്നു. തളർവാത രോഗിയോട് ഈശോ പരസ്യമായി പ്രഖ്യാപിക്കുന്നത് അവന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു (മർക്കോ 2:5) എന്നാണ്. അതായത് ഈശോ തന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും അവന്റെ പാപം മോചിക്കുന്നു എന്നർത്ഥം.

ദുഷ്ടാരൂപികളുടെ അടിമത്വത്തിൽ നിന്നും ഒരുവനെ വിമോചിപ്പിച്ചു കൊണ്ടാണ് ഈശോ തന്റെ പ്രവർത്തനം തുടങ്ങുന്നത് തന്നെ (മർക്കോ 1:21-20). സമൂഹത്തിലെ വേർതിരിവുകൾ സൃഷ്ടിക്കുന്ന അസ്വമത്വങ്ങളിൽ നിന്നും ഈശോ മറ്റുള്ളവരെ വിമോചിപ്പിക്കുന്നുണ്ട് (മർക്കോ 2:15-16). മതാനുഷ്ടാനങ്ങൾ കൊണ്ടു വരുന്ന അടിമത്വത്തിൽ നിന്നും അവൻ മനുഷ്യരെ മോചിപ്പിക്കുന്നുണ്ട് (മർക്കോ 2:18-20). അതിന്റെയെല്ലാം കൊടുമുടിയായി സാബത്തെന്ന മതാനുഷ്ടാനം സൃഷ്ഠിക്കുന്ന അസ്വാതന്ത്ര്യത്തിൽ നിന്നും ഈശോ മനുഷുരെ മോചി്പ്പിക്കുന്നു (മർക്കോ 2:23-28, 3:1-6).

ചുരുക്കത്തിൽ ഈശോ തന്റെ വാക്കുകളും പ്രവൃത്തികളും വഴി പാപത്തിൽ നിന്നും, പാപത്തിന്റെ വിവിധതരം രൂപങ്ങളിൽ നിന്നും മനുഷ്യരെയെല്ലാം വിമോചിപ്പിച്ചവനായിരന്നു. അതിനാലാണ് ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ഈശോ മാറുന്നത്.

ഈ വസ്തുതയെ തന്നെ ഭാവാത്മാകമായി നമുക്ക് പറയാൻ പറ്റും. പാപത്തിൽ നിന്നും അവൻ മനുഷ്യരെ മോചി്പ്പിക്കുന്നു എന്ന് പറയുന്നതിനു പപകരം, ഈശോ തന്റെ ജീവതത്തിലൂടെ മറ്റുള്ളവർക്ക് പുണ്യം പകരുന്നു എന്ന് പറയാനാവും. അതുപോലെ തുടർന്ന് പറഞ്ഞാൽ അവൻ തന്റെ പ്രവർത്തനവും ജീവിതവും വഴി ആനന്ദം പകരുന്നവനും സമാധാനം കൈമാറുന്നവനും മുക്തി തരുന്നനും ജീവൻ പകരുന്നവനുമാണ്.

ഈശോയുടെ ശിഷ്യരെന്ന നിലയിൽ ഈശോയുടെ ഈ ദൗത്യത്തിൽ നമ്മളും പങ്കു പറ്റുന്നു. അതായത് നമ്മളും ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവരായിത്തീരണം. നമ്മൾ കണ്ടുമുട്ടുന്നവർക്കും നാമുമായി ഇടപെടുന്നവർക്കും സമാധാനം സമ്മാനിക്കാനും അവരിലെ ജീവനെ വളർത്താനും നമുക്കാകണം. അപ്പോഴാണ് ക്രിസ്തുവിനെപ്പോലെ നമ്മളും മറ്റുള്ളവരുടെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റൈ കുഞ്ഞാടുകളായി തീരുന്നത്.

ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ തോട്ടക്കാരന്റെ കഥ. 'മദേഴ്‌സ് ഡേയ്ക്കു' അയാളുടെ മകൾ എഴുതിയ ലോഖനത്തിന്റെ ചുരുക്കം. 'എന്റെ അമ്മ എന്റെ അച്ഛനാണ്' എന്ന പ്രസ്താവന (വീഡോയോ കാണുക).

ഏതൊരാൾക്കും ചെയ്യാവുന്ന കാര്യമാണിത്. നാമൊക്കെ അനുദിനം ചെയ്തുകൊണ്ടിരിക്കുന്ന കാര്യവുമാണിത് - മറ്റുള്ളവരുടെ പാപം നീക്കികളുയുന്നു. അഥവാ അവർക്കൊക്കെ ആനന്ദവും സമാധാനവും ജീവനും പകരുന്നു. ഇത് കൂടുതൽ അവബോധത്തോടെ ചെയ്യാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്.

എങ്ങനെയാണ് ഒരുവന് ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആകാനാവുക? ഇതിന് ഉത്തരം കിട്ടണമെങ്കിൽ നമ്മൾ ഈശോയിലേക്ക് തന്നെ നോക്കണം. ദൈവാത്മാവ് ഇറങ്ങിവന്ന് ആവസിക്കുന്നവനാണ് (യോഹ 1:32-33) ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാകുന്നത്. ദൈവാത്മാവിന്റെ ആവാസത്തിലൂടെ അവൻ ദൈവപുത്രനായി തീരുകയും ചെയ്യുന്നു (യോഹ 1:34).

നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിലും ഇതു തന്നെയാണ് സത്യം. ദൈവാരൂപി വന്നു വസിക്കുന്നതിലൂടെ ദൈവത്തിന്റെ മക്കളായി തീർന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നു വച്ചാൽ നമ്മുടെ ശരീരവും മനസ്സും മരണത്തോടെ കടന്നുപോകുന്നവയാണ്. എന്നാൽ അവയെ രണ്ടിനെയും സജീവമാകുന്ന നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംശമാണ്. ഈ ദൈംവാശത്തെയാണ് 'ദൈവപുത്രൻ' എന്ന് വിളിക്കുന്നത്. നമ്മിലെ ജീവനിലേക്ക് ശ്രദ്ധിക്കുകയും അതിന് ഒന്നാം സ്ഥാനം കൊടുക്കുകയും ചെയ്താൽ നമ്മിലെ ജീവൻ വളരും. അത് ശക്തി പ്രാപിക്കും. നമ്മിലെ ജീവൻ അതിന്റെ നിറവിലേക്ക് വളരുന്നതനുസരിച്ച് കണ്ടുമുട്ടുന്നവർക്കൊക്കെ സന്തോഷവും സമാധാനവും സൗഹൃദവും നമുക്ക് പകർന്നു കൊടുക്കാനാവും.

ദാവീദ് രാജാവിന് അമിത സന്തോഷവും അമിത ദുഃഖവും വരുന്ന രീതി. പ്രതിവിധിയായി തട്ടാൻ പണികഴിപ്പിച്ചു കൊടുത്ത മോതിരത്തിന്റെ കഥ (വീഡിയോ കാണുക).

കടന്നു പോകുന്ന എല്ലാത്തിനോടും ഒരു അകലം പ്രാപിക്കാൻ പററുമ്പോഴാണ് സ്ഥിരമായി നിലനിൽക്കുന്ന നമ്മിലെ ജീവനു ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതിലൂടെയാണ് മറ്റുള്ളവർക്ക് സന്തോഷവും സമാധാനവും പകരാൻ നമുക്ക് സാധിക്കുന്നത്. അങ്ങനെയാണ് നമ്മൾ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവിനെപ്പോലെയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP