Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവരിൽ അദ്വീതിയൻ സ്‌നാപകയോഹന്നാണ്. ആ അർത്ഥത്തിൽ എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷിയാകേണ്ടത് എന്നതിന്റെ ഏറ്റവും നല്ല മാതൃക സ്‌നാപകൻ തന്നെയാണ്. അതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.

യോഹന്നാൻ സ്നാനം നൽകിക്കൊണ്ടിരുന്ന ബഥാനിയായിലാണ് സംഭവം നടക്കുന്നത് (യോഹ 1:28). നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുശലേമിൽ നിന്ന് പുരോഹിതരെയും ലേവായെരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: "ഞാൻ ക്രിസ്തുവല്ല... അവർ ചോദിച്ചു. എങ്കിൽ പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു... എങ്കിൽ നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി" (യോഹ 1:19-21).

യോഹന്നാനോടുള്ള ചോദ്യം - നീ ആരാണ് എന്നാണ്. അതായത് അവന്റെ സ്വത്വം ആണ് ചോദ്യം ചെയ്യപ്പെടുന്നത്. ചോദ്യത്തിനെല്ലാം യോഹന്നാൻ കൊടുക്കുന്ന ഉത്തരം ഒന്നു തന്നെയാണ്: അല്ല, അല്ല, അല്ല.

ഇവിടെ ശ്രദ്ധിക്കേണ്ടത് സ്നാപകൻ നിഷേധിക്കുന്നത് എന്താണെന്നാണ്? അവൻ നിഷേധിക്കുന്നത് - ക്രിസ്തു ഏലിയാ പ്രവാചകൻ എന്നീ സ്ഥാനപ്പേരുകളാണ്. ഇവ മൂന്നും അന്നത്തെ സമൂഹം യോഹന്നാന് ചാർത്തിക്കൊടുത്തു സ്ഥാനപ്പേരുകളായിരുന്നു; അഥവാ സ്ഥാനമാനങ്ങളായിരുന്നു. സമൂഹം കൊടുക്കുന്ന സ്ഥാനമാനങ്ങളുമായി സ്‌നാപകൻ താദാത്മ്യപ്പെടുന്നില്ല. അതിനു പകരം അവയെയൊക്കെ നിഷേധിച്ച് അവയിൽ നിന്നൊക്കെ അദ്ദേഹം അകന്നു നിൽക്കാൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ മാതൃകാസാക്ഷിയായിത്തീരുന്നവൻ നമുക്ക് കാണിച്ചു തരുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള വഴിയാണ്.

നമുക്ക് ഓരോരുത്തർക്കും സമൂഹം ചാർത്തിത്തരുന്ന സ്ഥാനമാനങ്ങളുണ്ട്. പ്രത്യേകിച്ചും സമൂഹത്തിലെ അധികാര സ്ഥാനങ്ങളിൽ എത്തുന്നവർക്ക്. അത്തരം സ്ഥാനമാനങ്ങളുമായി അവർ പറ്റിപ്പിടിക്കാതിരിക്കുകയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ആദ്യത്തെ പടി.

ഉദാഹരണം പറയാം. ഞാൻ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, ബൈബിൾ പ്രൊഫസറാണ്, സന്യാസ സഭാംഗമാണ്. ഇതൊക്കെ സമൂഹം എനിക്കു കൽപ്പിച്ചു നൽകുന്ന സ്ഥാനാമാനങ്ങളാണ്. അവയിൽ നിന്നൊക്കെ ഹൃദയം കൊണ്ടൊരു അകലം പാലിച്ചെങ്കിൽ മാത്രമേ, എനിക്കു ക്രിസ്തുവിന്റെ സാക്ഷിയാകാൻ പറ്റുള്ളുവെന്ന് സാരം.

അങ്ങനെയെങ്കിൽ ഏതിൽ നിന്നൊക്കെയാണ് ഞാൻ അകലം പാലിക്കേണ്ടത്? അഥവാ ഏതിനോടൊയൊക്കെയാണ് ഞാൻ താദാത്മ്യപ്പെടരുതാത്തത്? ഇത് കൃത്യമായി തിരിച്ചറിയാൻ പറ്റുന്നത് മരണം അടുത്ത് വരുമ്പോഴാണ്. മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്ന ഒന്നിനോടും ഞാൻ താദാത്മ്യപ്പെടരുത്, identify ചെയ്യരുത് എന്നർത്ഥം. മരണത്തോടെ എനിക്കു നഷ്ടപ്പെടുന്നവയുമായി ഞാൻ എന്നെത്തന്നെ താദാത്മ്യപ്പെടുത്തിയാൽ മരണത്തോടെ ഞാൻ തീർന്നുപോകല്ലേ? അതിൽ പരം മഠയത്തരം മറ്റെന്താണുള്ളത്?

എന്തൊക്കെയാണ് മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്നത്? ഞാൻ സമ്പാദിച്ചവയെല്ലാം എനിക്കപ്പോൾ നഷ്ടപ്പെടും. എന്ന് വച്ചാൽ എന്റെ സമ്പത്തും, പണവും, സമൂഹത്തിൽ എനിക്കു ലഭിച്ച സ്ഥാനമാനങ്ങളും, എന്തിന് എന്റെ ശരീരവും, എന്റെ മനസ്സുമൊക്കെ എനിക്ക് മരണത്തോടെ നഷ്ടമാകും. ഇവയിൽ നിന്നൊക്കെ ജീവിതകാലത്തു തന്നെ ഒരകലം പാലിക്കാൻ കഴിയുമ്പോഴാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഞാൻ പ്രാപ്തനാകുന്നത്.

സമൂഹം കൽപ്പിച്ചു നൽകിയ സ്ഥാനമാനങ്ങളിൽ നിന്നു അകലം പാലിക്കുന്ന സ്നാപകൻ തന്റെ സ്വത്വത്തെക്കുറിച്ച് ഭാവാത്മകമായി പറയുന്നൊരു കാര്യമുണ്ട്: "മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാൻ" (യോഹ 1:23).

ശബ്ദത്തിന്റെ സവിശേഷത അതിന് സ്വന്തമായ ഒരു അസ്ഥിത്വമില്ലെന്നതാണ്. ശബ്ദം എപ്പോഴും അതിന്റെ ഉടമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉടമയിൽ നിന്നും സ്വതന്ത്രമായ ഒരു അസ്ഥിത്വം ശബ്ദത്തിനില്ല. യോഹന്നാൻ, വെളിച്ചത്തിന്റെ സാക്ഷിയാണ് (യോഹ1:7), ക്രിസ്തുവിന്റെ സാക്ഷിയാണ് (യോഹ 1:15) എന്ന് പറയുന്നതിലൂടെ അനാവൃതമാകുന്നതും സമാനമായ കാര്യം തന്നെയാണ്.

ചുരുക്കത്തിൽ സ്നാപകൻ ശബ്ദമാണ്, സാക്ഷിയാണ്, കൈചൂണ്ടിയാണ് എന്നു സാരം. അങ്ങനെയെങ്കിൽ സ്നാപകൻ സാക്ഷ്യം വഹിക്കുനനത് ആർക്കാണ് അഥവാ എന്തിനാണ്? സ്‌നാപകൻ സാക്ഷ്യം വഹിക്കുന്നത് ജീവനാണ് (യോഹ 1:4), വെളിച്ചത്തിനാണ് (യോഹ 1:7), ക്രിസ്തുവിനാണ് (യോഹ 1:26,27,28), ക്രിസ്തുവിലൂടെ വന്ന കൃപയ്ക്കാണ് (യോഹ 1:17).

അതായത്, ജീവന്റെയും, വെളിച്ചത്തിന്റെയും, ക്രിസ്തുവിന്റെയും, കൃപയുടെയും സാക്ഷിയാണ് യോഹന്നാൻ എന്ന് വരുന്നു. കൃപയെന്നു പറഞ്ഞാൽ ദൈവകൃപ. അതായത് ദൈവം ദാനമായി നമുക്കു നൽകുന്നതും, നമ്മൾ സൗജന്യമായി സ്വീകരിക്കുന്നതു എല്ലാമാണ് കൃപ. അങ്ങനെയെങ്കിൽ കൃപയ്ക്കു പകരം പറയാവുന്ന മറ്റൊരുപദമാണ് ദൈവകാരുണ്യം. ചുരുക്കത്തിൽ, ജീവന്റെയും പ്രകാശത്തിന്റെയും ദൈവകാരുണ്യമാകുന്ന ക്രിസ്തുവിന്റെയും സാക്ഷിയാണ് യോഹന്നാൻ; അവയെയൊക്കെ മറ്റുള്ളവർക്ക് കൈമാറുന്ന നീർച്ചാലുമാണ് യോഹന്നാൻ.

അങ്ങനെയെങ്കിൽ, ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷിയും വഴിച്ചാലുമായിത്തീരുക എന്നതാണ് ഓരോ ക്രിസ്തു ശിഷ്യന്റെയും കടമ. അതിന് ഒരുവൻ ആദ്യം ചെയ്യേണ്ടത് സമൂഹം കല്പിച്ചു തരുന്നതും മരണത്തോടെ കൈവിട്ടു പോകുന്നതുമായ സ്ഥാനമാനങ്ങളിൽ നിന്നും സമ്പാദ്യങ്ങളിൽ നിന്നും ഒരകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലം പാലിക്കുന്നവനു മാത്രമേ ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും ക്രിസ്തുവിന്റെയും നീർച്ചാലായി തീരുവാൻ സാധ്യക്കുകയുള്ളൂ.

കാരണം സമൂഹം കൽപ്പിച്ചു തരുന്ന സ്ഥാനമാനങ്ങളും, മരണത്തോടെ കൈവിട്ടു പോകുന്ന സമ്പാദ്യങ്ങളും തെറ്റായ താദാത്മ്യപ്പെടലിനായി നമ്മെ എപ്പോഴും പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനെ ചെറുത്ത് "ഞാനല്ല ഞാനല്ല ഞാനല്ല" എന്ന് സ്‌നാപകനെപ്പോലെ തുടർച്ചയായി ആവർത്തിക്കുന്നവനു മാത്രമേ ക്രിസ്തുവിനും അവന്റെ കാരുണ്യത്തിനും സാക്ഷ്യവും മാർഗ്ഗവുമായി തീരാൻ സാധിക്കൂ.

ഇതിനു ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസീസ് പാപ്പാ തന്നെയാണ്. മാർപ്പാപ്പാ ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അഭിമുഖം 2013 ഓഗസ്റ്റ് 19-നായിരുന്നു. അന്തോണിയോ സ്പദാരോ എന്ന ഈശോ സഭാ വൈദികനായിരുന്നു ചോദ്യകർത്താവ്. ആദ്യത്തെ ചോദ്യം: "ആരാണ് ഈ ഹോർഹെ ബർഗോളിയോ? (ഫ്രാൻസീസ് പാപ്പായുടെ പഴയ പേരായിരുന്നു അത്)

ചോദ്യം കേട്ട് പാപ്പാ ഒന്ന് മൗനിയായി. അതിനാൽ ചോദ്യം ആവർത്തിക്കണോയെന്ന് അച്ചൻ ചോദിച്ചു. വേണ്ടെന്ന് തലയാട്ടി കാണിച്ച ശേഷം പപ്പാ പറഞ്ഞു തുടങ്ങി: "ഞാൻ പാപിയായ ഒരു മനുഷ്യനാണ്." ഒന്നു നിർത്തിയിട്ടു അദ്ദേഹം തുടർന്നു: "ഞാനീ പറയുന്നത് ഭംഗിവാക്കല്ല; ആലങ്കാരിക പ്രയോഗവുമല്ല. സത്യത്തിൽ ഞാനൊരു പാപിയാണ്."

ഫ്രാൻസിസ് ഈ പാപ്പാ പറയുന്നത് സ്നാപകൻ പറഞ്ഞതിനോട് സമാനമാണ്. 'ഞാൻ പാപിയായ മനുഷ്യനാണെന്ന്' ഏറ്റു പറയുന്നത് ഒരു മാർപാപ്പായാണെന്ന് ഓർക്കണം. അതായത് കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സ്ഥാനം വഹിക്കുന്നവൻ പറയുന്നത്, ഞാനെന്നുമല്ല എന്നാണ്. 'അല്ല' എന്നു ആവർത്തിച്ചു പറയുന്ന സ്നാപകന്റെ പ്രതിധ്വനിയാണ് നാമിവിടെ കേൾക്കുന്നത്.

അതിനുശേഷം പാപ്പാ തുടർന്നു: "കർത്താവിന്റെ കാരുണ്യത്താൽ തൃക്കൺപാർക്കപ്പെട്ട പാപിയായ മനുഷ്യമാണ് ഞാൻ." ഈ കാര്യം തന്നെ ഒന്നുകൂടെ സ്പഷ്ടമായി അദ്ദേഹം 'ദൈവത്തിന്റെ പേര് കാരുണ്യമാകുന്നു' എന്ന തന്റെ പുസ്തകത്തൽ അവതരിപ്പിക്കുന്നുണ്ട്. പപ്പാ എഴുതുന്നു: "ഒരു പാപിയെന്ന് സ്വയം തോന്നാത്തവന് മറ്റുള്ളവരോട് കരുണ കാണിക്കാനാവില്ല. കാരണം, സ്വയം പാപിയെന്ന് തോന്നാത്തവന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ സമ്മാനം കൊണ്ട് നിറയാൻ സാധിക്കില്ല. അതിന് സാധിക്കാത്തവൻ കാർക്കശ്യം കൊണ്ടും ഔദ്ധത്യം കൊണ്ടും അസഹിഷ്ണുത കൊണ്ടും നിറയും. അത് കപടതയായി അവന്റെ ഉള്ളിൽ വളരുകയും ചെയ്യും" (ജെ. നാലുപറയിൽ കരുണായൻ പേജ് 97-98).

കേരളസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇത് തന്നെയല്ലേ? സമൂഹം കൽപ്പിച്ചു നൽകുന്ന സ്ഥാനമാനങ്ങളോട് പറ്റിപ്പിടിച്ച് അവയോട് താദാത്മ്യപ്പെടുന്ന അവസ്ഥ. പ്രത്യേകിച്ച്, അധികാരുമുള്ള സ്ഥാനമാനങ്ങളോട്. സന്യാസ സമൂഹങ്ങളിലും, സഭാജീവിതത്തിലും സംഭവിച്ചിരിക്കുന്ന വലിയ അബദ്ധം ഇതു തന്നെയല്ലേ? സ്ഥാനമാനങ്ങളിൽ നിന്നും, അവ തരുന്ന അധികാരങ്ങളിൽ നിന്നും, സമ്പാദ്യങ്ങളിൽ നിന്നും അകലം പാലിക്കാൻ കഴിവില്ലാത്ത സന്യാസ നേതൃത്വവും സഭാ നേതൃത്വവും! ഇത്തരക്കാർക്ക് എങ്ങനെ ക്രിസ്തുവിന്റെ കാരുണ്യത്തിനും, ജീവനും സാക്ഷ്യം വഹിക്കാൻ പറ്റും? എങ്ങനെ സാക്ഷികളുടെ കൂട്ടായ്‍മക്ക് നേതൃത്വം കൊടുക്കാൻ പറ്റും?

എന്തായിരിക്കും ഇതിന്റെ പരിണിത ഫലം? പാപ്പാ പറയുന്നതു പോലെ 'ദൈവത്തിന്റെ കാരുണ്യം കൊണ്ടു നിറയാൻ നമുക്കു സാധിക്കാതെ പോകുന്നു. അതിനു പകരം കാർക്കശ്യം കൊണ്ടും, അസഹിഷ്ണുതയും കൊണ്ടും, അനീതി കൊണ്ടും നമ്മൾ നിറയുന്നു. പരിണിതഫലമായി ജീവനോ പ്രകാശത്തിനോ കാരുണ്യത്തിനോ ക്രിസ്തുവിനോ സാക്ഷ്യം വഹിക്കാൻ നമുക്ക് പറ്റാതാകുന്നു.

ചുരുക്കത്തിൽ, സ്‌നാപകൻ എല്ലാ ക്രിസ്തുശിഷ്യർക്കും മാതൃകയാണ് - എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് എന്നതിന്. ക്രിസ്തുവിന്റെ സാക്ഷിയാകാൻ ആദ്യം ചെയ്യേണ്ടത്, സമൂഹം നൽകുന്ന സ്ഥാനമാനങ്ങളോട് അകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലത്തിലൂടെ മാത്രമേ നമ്മുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയാനും ശ്രദ്ധിക്കാനും നമുക്കു സാധിക്കുകയുള്ളു. എന്താണ് നമ്മുടെ യഥാർത്ഥ സ്വത്വം? നമ്മുടെ സ്ഥാനമാനങ്ങൾക്കും, നമ്മുടെ സമ്പത്തിനും, നമ്മുടെ ശരീരത്തിനും, നമ്മുടെ മനസ്സിനും പിറകിൽ നിൽക്കുന്ന നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശമാണെന്ന തിരിച്ചറിവാണത്. അത്തരമൊരു തിരിച്ചറിവിലൂടെ നമ്മിലെ ജീവന് ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുമ്പോഴാണ്, ഒരുവൻ ജീവനും പ്രകാശത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കുന്നത്. അതിലൂടെയാണ് അവൻ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP