Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിന്റെ കൂടെയുള്ള 'ദൈവത്തിന്റെ കരം' തിരിച്ചറിയുക

നിന്റെ കൂടെയുള്ള 'ദൈവത്തിന്റെ കരം' തിരിച്ചറിയുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ വിചിന്തനത്തിന് നമ്മൾ അടിസ്ഥാനമാക്കുന്നത് ലൂക്കാ 1:66 ആണ്: ''കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്ന് പറഞ്ഞ്കൊണ്ട് ഇവ ഹൃദയത്തിൽ സൂക്ഷിച്ചു. എന്തെന്നാൽ കർത്താവിന്റ കരം അവനോടു കൂടെ ഉണ്ടായിരുന്നു.'' ''കർത്താവിന്റെ കരം അവന്റെ കൂടെ ഉണ്ടായിരുന്നു'' എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്?

പഴയ നിമയത്തിൽ ആവർത്തിച്ചു കാണുന്ന ഒരു പ്രയോഗമാണിത് - ''കർത്താവിന്റെ കരം'' അഥവാ ദൈവത്തിന്റെ കരം. ''കർത്താവിന്റെ കരം ഏലിയായോടു കൂടെ ഉണ്ടായിരുന്നു'' ( 1രാജ 18:46). എസ്രായും ഇതേ അനുഭവം തന്നെയാണ് പങ്കു വയ്ക്കുന്നത്: ''എന്റെ ദൈവമായ കർത്താവിന്റെ കരം എന്റെ മേലുണ്ടായിരുന്നതിനാൽ പ്രമുഖന്മാരായ ഇസ്രയേല്യരെ കൂട്ടികൊണ്ടു പോകുന്നതിനു ഞാൻ ധൈര്യപ്പെട്ടു'' (എസ്രാ 7:28). എസക്കിയേൽ പ്രവാചകനാണ് ഈ പ്രയോഗം ഏറ്റും കൂടുതൽ ആവർത്തിക്കുന്നത് (എസെ 1:3; 3:14, 22; 33:22; 37:1). എന്താണ് ഈ പ്രയോഗത്തിന്റെ അർത്ഥം? ദൈവസാന്നിധ്യത്തെയും ദൈവിക ശക്തിയെയും ദൈവ ചൈതന്യത്തെയും സൂചിപ്പിക്കാൻ വേണ്ടിയാണ് 'കർത്താവിന്റെ കരമെന്ന പ്രതീകം' പലപ്പോഴും ഉപയോഗിക്കുന്നത്.

'കർത്താവിന്റെ കരം' യോഹന്നാനോടു കൂടെ ഉണ്ടായിരുന്നു എന്ന പറഞ്ഞാൽ, 'കർത്താവിന്റെ സാന്നിധ്യം' അവന്റെ കൂടെ ഉണ്ടായിരുന്നു എന്നർത്ഥം. അതു മൂലമുണ്ടാകുന്ന പരിണത ഫലമാണ് ശ്രദ്ധിക്കേണ്ടത്. കർത്താവിന്റെ കരം യോഹന്നാനോടു കൂടി ഉണ്ടായിരുന്നതുകൊണ്ട് ഉളവാകുന്നത് സന്തോഷമാണ്. യോഹന്നാന്റെ ജനനത്തിന്റെ പരിണതഫലമായിട്ട് സംഭവിക്കുന്നത് അതാണ്: ''കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്ന് കേട്ട് അയൽക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു'' (ലൂക്കാ 1:58).

യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള ദർശനത്തിൽ ഗബ്രിയേൽ ദൂതൻ സക്കറിയായോടു പറയുന്നതും ഇതു തന്നെയാണ്: ''നിനക്ക് സന്തോഷവും ആനന്ദവും ഉണ്ടാകും. അനേകർ അവന്റെ ജനനത്തിൽ ആഹ്ലാദിക്കും (ലൂക്കാ 1:14). യോഹന്നാനെ ഗർഭം ധരിച്ചു കഴിയുമ്പോൾ എലിസബത്തിൽ നിറയുന്ന ആനന്ദം കൊണ്ടാണ് അവൾ ദൈവത്തെ സ്തുതിക്കുന്നത്: "മനുഷ്യരുടെ ഇടയിലുള്ള എന്റെ അപമാനം നീക്കാൻ എന്നെ കടാക്ഷിച്ച നാളുകളിൽ കർത്താവ് എനിക്ക് ഇപ്രകാരം ചെയ്തു തന്നിരിക്കുന്നു'' (ലൂക്കാ 1:25). ചുരുക്കത്തിൽ, 'കർത്താവിന്റെ കരം' കൂടെ ഉണ്ടാകുന്നതിന്റെ പരിണിതഫലം സന്തോഷവും ആഹ്ലാദവുമാണ്. കർത്താവിന്റെ കരം കൂടെയുള്ളവർ ചുറ്റുമുള്ളവരിലേക്കും അവരുടെ പരിസരങ്ങളിലേക്കും സന്തോഷവും ആഹ്ലാദവും പ്രസരിപ്പിക്കും.

'കർത്താവിന്റെ കരം' കൂടെ ഉണ്ടെങ്കിൽ സംഭവിക്കുന്ന മറ്റൊരു പരിണതഫലം കൂടിയുണ്ട്. എസെക്കിയേൽ പ്രവാചകനാണ് അത് വിവിരിക്കുന്നത്: ''കർത്താവിന്റ കരം എന്റെ മേൽ വന്നു. അവിടുന്നു തന്റെ ആത്മാവിനാൽ എന്നെ നയിച്ച് അസ്ഥികൾ നിറഞ്ഞ ഒരു താഴ് വരയിൽ കൊണ്ടുവന്നു നിർത്തി.' (എസെ 37:1). മുമ്പോട്ടു പോകുമ്പോൾ പ്രവാചകൻ പറയുന്നു: ''അവിടുന്നു എന്നോട് അരുളി ചെയ്തു. ഈ അസ്ഥികളോട് നീ പ്രവചിക്കുക'' (എസെ 1:4).

അദ്ദേഹം തുടരുന്നു: "എന്നോടു കൽപ്പിച്ചതു പോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി - ഒരു കിരികിരാ ശബ്ദം. വേർപെട്ടുപോയ അസ്ഥികൾ തമ്മിൽ ചേർന്നു. ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെ മേൽ വന്നിരുന്നു. അവിടുന്നു എന്നോട് അരുളി ചെയ്തു. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക... അവിടുന്നു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. അപ്പോൾ ജീവശ്വാസം അവരിൽ പ്രവേശിച്ചു. അവർ ജീവൻ പ്രാപിച്ചു" (എസെ 37:7-10).

അപ്പോൾ, 'കർത്താവിന്റെ കരം' കൂടെ ഉള്ളപ്പോൾ ജീവൻ വയ്‌പ്പിക്കാനും ജീവൻ പ്രദാനം ചെയ്യാനും പറ്റുമെന്നു സാരം. 'കർത്താവിന്റെ കരം' അഥവാ 'ദൈവിക ചൈതന്യം' കൂടെ ഉണ്ടെങ്കിൽ അത് സന്തോഷം ഉളവാക്കുമെന്ന് മാത്രമല്ല, ജീവനും പ്രദാനം ചെയ്യും.

യോഹന്നാനോടു കൂടി ഉണ്ടായിരുന്നുവെന്ന് പറയുന്ന ദൈവസാന്നിധ്യത്തിന്റെ പ്രതീകമായ 'കർത്താവിന്റെ കരം' നമ്മുടെ എല്ലാവരുടെയും കൂടെ ഉണ്ട് എന്നതാണ് സത്യം. എന്നാൽ നമ്മുടെ കൂടെയുള്ള ഈ ദൈവസാന്നിധ്യത്തെക്കുറിച്ച് നമ്മൾ അവബോധമുള്ളവരാണോ? നിന്റെ ഉള്ളിലെ ദൈവിക ചൈതന്യത്തെക്കുറിച്ചുള്ള നിന്റെ അവബോധം വർദ്ധിക്കുന്നതനുസരിച്ച് നിന്റെ സന്തോഷവും വർദ്ധിക്കും; നിന്നിലെ ജീവൻ കൂടുതൽ സജീവമാകുകയും ചെയ്യും.

അദ്ധ്യാപികയും കുടുംബിനിയുമായ ഒരു ചേച്ചി. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാൽ അവരുടെ അദ്ധ്വാനം തീരുന്നത് രാത്രി പത്ത് മണിക്ക് ശേഷമാണ്. അമിതിഭാരത്തിന്റെ പിരിമുറുക്കവും ക്ലേശവും പങ്കുവച്ചപ്പോൾ ചോദിച്ച ചോദ്യം ഇതായിരുന്നു (ഓഡിയോ കേൾക്കുക).

നമ്മുടെ ബന്ധങ്ങളും ബന്ധുക്കളും നമ്മൾ ഈ ജീവിതത്തിൽ സമ്പാദിക്കുന്നവയാണ്. അതുപോലെ തന്നെയാണ് നമ്മുടെ ശരീരവും മനസ്സും - അവയും നമ്മൾ സമ്പാദിക്കുന്നവയാണ്. എന്നാൽ ഇവയ്‌ക്കെല്ലാം പിറകിൽ നിൽക്കുന്ന നമ്മിലെ 'ജീവനുണ്ട്.' ആ ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംശമാണ്. അതാണ് 'നമ്മിലെ ദൈവസാന്നിധ്യം.' അതു തന്നെയാണ് 'നമ്മോടു കൂടെയുള്ള കർത്താവിന്റെ കരം.'

നിന്നോടു 'കൂടെയുള്ള കർത്താവിന്റ കരത്തെക്കുറിച്ച്' നീ എത്രമാത്രം അവബോധമുള്ളവനാണ്? നിന്റെ ഉള്ളിലെ ദൈവസാന്നിധ്യമാകുന്ന നിന്റെ ജീവനിലേക്ക് നീ ഇടയ്ക്കിടെ പിന്തിരിയാറുണ്ടോ? നിന്റെ ജീവനു വേണ്ടി നീ സമയം മാററി വയ്ക്കാറുണ്ടോ?

യോഹന്നാനെ കുറിച്ചുള്ള പ്രസ്‌കതമായ മറ്റൊരു വചനമുണ്ട്: ''ഇസ്രയേലിനുള്ള പ്രത്യക്ഷപ്പെടലിന്റെ നാളുകൾവരെ അവൻ മരുഭൂമിയിലായിരുന്നു'' (ലൂക്കാ 1:80). മരുഭുമിയെന്ന് പറഞ്ഞാൽ മറ്റാരുമില്ലാത്ത സ്ഥലം; യോഹന്നാൻ ഒറ്റക്കാകുന്ന സ്ഥലം. അതായത്, യോഹന്നാനും തമ്പുരാനും മാത്രമാകുന്ന ഇടം. ചുരുക്കത്തിൽ, യോഹന്നാൻ തന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തിലേക്ക് പിന്തിരിയുന്ന ഇടമാണ് 'മരുഭൂമി.' അവനിലെ ദൈവസാന്നിധ്യമാകുന്ന 'കർത്താവിന്റെ കരം' അവൻ അനുഭവിക്കുന്ന ഇടം.

നിന്നിലെ ദൈവസാന്നിധ്യമാകുന്ന 'കർത്താവിന്റെ കരത്തെ' അനുഭവിക്കണമെങ്കിൽ നീ നിന്റെ മരുഭൂമിയിലേക്ക് പിന്തിരിയണം. നീയും തമ്പുരാനും മാത്രമാകുന്ന ഇടവും സമയവും നിന്റെ ജീവിതത്തിൽ നിനക്കുണ്ടാകണമെന്ന് സാരം. നിന്റെ ഉള്ളിലേക്ക് പിന്തിരിയാനായി അൽപ സമയം സ്ഥിരമായി മാറ്റി വയ്ക്കുന്നിടത്താണ് നീ നിന്നലെ 'കർത്താവിന്റെ കരത്തെക്കുറിച്ച്' ബോധവാനാകുന്നത്.

അപ്പോഴാണ് നിന്നിലെ ജീവനാകുന്ന ദൈവസാന്നിധ്യം വളരാൻ തുടങ്ങുന്നത്. അപ്പോഴാണ്, നിന്നിൽ ജീവനും സ്‌നേഹവും നിറയുന്നത്. അതിന്റെ പരിണതഫലമായി നിന്നിലെ ജീവനും സന്തോഷവും നിന്റെ പ്രവൃത്തികളിലേക്കും വ്യാപിക്കും; നിന്റെ ചുറ്റുമുള്ളവരിലേക്കും അത് പടർന്നു കയറും. അതിനാൽ നിന്റെ ആന്തരികതയിലേക്ക് പിൻവാങ്ങി, നിന്നിലെ ജീവനാകുന്ന 'കർത്താവിന്റ കരത്തെ' അനുഭവിക്കുന്നത് നീ പതിവാക്കുക. നിന്നിലെ ജീവൻ സമൃദ്ധമാകാനും നിന്നിലും, നിന്റെ ചുറ്റിലും സന്തോഷം നിറയാനുമുള്ള വഴിയിതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP