Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ടെത്തിയ ജീവിതനിയോഗത്തിനായി നീ സ്വയം സമർപ്പിക്കുക

കണ്ടെത്തിയ ജീവിതനിയോഗത്തിനായി നീ സ്വയം സമർപ്പിക്കുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ബ്രിയേൽ ദൈവദൂതനോടുള്ള മറിയത്തിന്റെ ആദ്യ പ്രതികരണം ശ്രദ്ധിക്കണം: ''ഈ വചനത്തിൽ അവൾ അതീവം അസ്വസ്ഥയായി; ഏതു തരം അഭിവാദനമായിരിക്കുമിത് എന്ന് അവൾ ചിന്തിച്ചു കൊണ്ടിരുന്നു'' (ലൂക്കാ 1:29). അതായത് ദൈവദൂതന്റെ അഭിവാദനം കേട്ട മറിയം ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു; അഥവാ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അടുത്ത തവണ മറിയത്തിന്റെ അന്വേഷണം അൽപം കൂടെ പ്രകടമായി പുറത്തു വരുന്നുണ്ട്: ''ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും?'' (ലൂക്കാ 1:34). അതായത്, ഇത്തവണ മറിയം തന്റെ അന്വേഷണം പ്രകടമായി മാലാഖയുടെ മുമ്പിൽ അവതരിക്കുകയാണ്.

പിന്നീടു, പന്ത്രണ്ടു വയസ്സിൽ ഈശോയെ കാണാതെപോയ ശേഷം കണ്ടെത്തുമ്പോഴും മറിയത്തിന്റെ ഈ അന്വേഷണഭാവം മറ്റൊരു രീതിയിൽ പ്രകടമാകന്നുണ്ട്: ''അവന്റെ അമ്മയാകട്ടെ, ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ടിരിക്കുന്നു'' (ലൂക്കാ 3:51). തനിക്കു മനസിലാകാത്തവയെ ഹൃദയത്തിൽ സംഗ്രഹിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു മറിയം. തന്റെ ജീവിതാനുഭവങ്ങളുടെ മുമ്പിൽ മറിയം സത്യാന്വേഷിയായിട്ട്, സമീക്ഷകയായിട്ട് മാറുകയാണ്.

അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ് താൻ അന്വേഷിച്ചറിഞ്ഞ ജീവിതനിയോഗത്തിനു മുമ്പിൽ മറിയം സ്വയം സമർപ്പിക്കുന്നത്: '' ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്കു എനിക്കു സംഭവിക്കട്ടെ'' (മർക്കോ 1:38). അങ്ങനെയെങ്കിൽ മാതാവ് ഇന്ന് നമ്മളോട് പറഞ്ഞ് തരുന്ന സന്ദേശമിതാണ് - നിന്റെ ജീവിതാനുഭവങ്ങളെ അന്വേഷണ മനോഭാവത്തോടെ നീ സമീപിക്കുക. അങ്ങനെ അന്വേഷിച്ചു കണ്ടെത്തുന്ന നിന്റെ ജീവിതിനിയോഗത്തിന്റെ മുൻപിൽ നീ സ്വയം സമർപ്പിക്കുക

തായ്‌ലന്റിലെ താങ് ലുവാങ് ഗുഹയിൽ ഒറ്റപ്പെട്ടുപോയ കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തിയ സംഭവം ആഗോള ശ്രദ്ധ ആകർഷിച്ചതാണ്. അന്നത്തെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്ന ജോൺ വോളാന്തൻ എന്ന ഇംഗ്ലീഷുകാരൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ച വരികൾ ശ്രദ്ധേയമാണ് (ഓഡിയോ കേൾക്കുക). അയാൾ പറയുന്നത് ശ്രദ്ധിക്കണം - കഴിഞ്ഞ രണ്ടാഴ്ചക്കു വേണ്ടിയാണ് എന്റെ ജീവിതകാലം മുഴുവൻ ഞാൻ പരിശീലിച്ചത്!

നിന്റെ ഹൃദയത്തിന്റെ അഭിനിവേശം എന്താണെന്ന് നീ അന്വേഷിക്കുക. അങ്ങനെ കണ്ടെത്തുന്ന നിന്റെ ജീവിതനിയോഗത്തിന്റ മുമ്പിൽ നിന്നെത്തന്നെ സമർപ്പിക്കുക. ഇതാണ് മാതാവ് തന്റെ ജീവിത മാതൃകയിലൂടെ നമ്മളോടു പറഞ്ഞു തരുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അന്വേഷണം നടത്തേണ്ട തലം ഏതാണെന്നാണ്. ''അവന്റെ അമ്മയാകട്ടെ, ഈ കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ടിരുന്നു'' (ലൂക്കാ 2:51). തന്റെ ഹൃദയത്തിലാണ് മാതാവ് അന്വേഷണം നടത്തുന്നത്. ഗബ്രിയേൽ ദൈവദൂതനോടുള്ള സംഭാഷണത്തിൽ ഒളിഞ്ഞിരിക്കുന്ന മറിയത്തിന്റെ അന്വേഷണവും അവളുടെ ഹൃദയത്തിൽ തന്നെയായിരിക്കില്ലേ നടന്നിരിക്കാവുന്നത്. കാരണം, മാലാഖ അരൂപിയായിതിനാൽ, അരൂപിയോടുള്ള സംഭാഷണവും അതിലെ അന്വേഷണവും അമ്മയുടെ ഹൃദയത്തിൽ തന്നെയായിരിക്കണം നടന്നത്.

എങ്കിൽ, ഇന്നത്തെ സുവിശേഷം നമ്മളോടാവശ്യപ്പെടുന്നത് നമ്മുടെ ഉള്ളിലേക്ക് തിരിയാനാണ്. നിന്റെ ഉള്ളിലേക്ക് തിരിയുക; നിന്റെ ദൈവസാന്നിധ്യ മേഖലയിലേക്ക് തിരിയുക. അവിടെയാണ് നിന്റെ ജീവിതനിയോഗം കണ്ടെത്താനായി നീ അന്വേഷിക്കേണ്ടത്.

അങ്ങനെ കണ്ടത്തപ്പെടുന്ന നിന്റെ ജീവിത നിയോഗം ദൈവികമാണോ അല്ലയോയെന്ന് എങ്ങനെ തിരിച്ചറിയാനാവും? ഇതിനും നമ്മൾ നോക്കേണ്ടത് മാതാവിലേക്ക് തന്നെയാണ്. തന്റെ ജീവിത നിയോഗത്തിനു മുമ്പിൽ ആത്മസമർപ്പണം ചെയുന്ന മറിയം ഉടനടി ചെയ്യുന്നത് എന്താണ്?

''ആ ദിവസങ്ങളിൽ തന്നെ മറിയം എഴുന്നേറ്റ് യൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ പുറപ്പെട്ടു'' (ലൂക്കാ 1:33). ജീവിത നിയോഗത്തിന്റെ മുമ്പിൽ സ്വയം സമർപ്പിച്ച മറിയം ആദ്യം ചെയ്യുന്നത് എലിസബത്തിന്റെയടുത്തേക്ക് യാത്ര ചെയ്യുകയാണ്. അതായത് തന്റെ സാന്നിധ്യവും സഹായവും ആവശ്യമുള്ള വ്യക്തിയുടെ അടുത്തേക്കാണ് തിടുക്കത്തിൽ അവൾ യാത്ര ചെയ്യുന്നത്. ഇത് പരോന്മുഖതയാണ്, പരസ്നേഹമാണ്. നിന്റെ നിയോഗം ദൈവികമാണെങ്കിൽ ഉറപ്പായും അതിന് പരോന്മഖതയുടെ സ്വഭാവമായിരിക്കും.

പിന്നീട് മാതാവ് പാടുന്ന സ്‌തോത്രഗീതത്തിലും ദൈവികതയുടെ പരോന്മുഖസ്വഭാവമാണ് അവൾ വാഴ്‌ത്തിപ്പാടുന്നത്: ''അവിടുന്ന് ശക്തരെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കി. എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തരാക്കി. സമ്പന്നരെ വെറും കൈയോടെപറഞ്ഞയച്ചു'' (ലൂക്കാ 1:52-53).

എളിയവരെ ഉയർത്തുന്നതും വിശക്കുന്നവർക്ക് വിശഷ്ട വിഭവങ്ങൾ കൊടുക്കുന്നതും പരോമുഖതയാണ്. അത് ദൈവത്തിന്റെ തന്നെ സ്വഭാവമണ്. അതിനാൽ തന്നെ ദൈവനിയോഗം കണ്ടെത്തി അതിനായി സ്വയം സമർപ്പിക്കുന്ന മറിയത്തിന്റെ ജീവിതവും പരോന്മുഖമായിത്തീരുന്നു. നീ അന്വേഷിച്ചു കണ്ടെത്തുന്ന നിന്റെ ജീവിത നിയോഗവും ദൈവികമാണെങ്കിൽ അത് പരോമുഖമായിരക്കും. അത്തരം പരോന്മുഖമായ നിന്റെ ജീവിത നിയോഗമാണ് രക്ഷാകരമായിത്തീരുന്നത്.

ചുരുക്കത്തിൽ, ഇന്നത്തെ സുവിശേഷത്തിലൂടെ മാതാവ് നമ്മളോടു പറയുന്നത് ഇതാണ് - നിന്റെ ജീവിത നിയോഗം കണ്ടെത്താനുള്ള അന്വേഷണത്തിലായിരിക്കണം നീ. അങ്ങനെ കണ്ടെത്തുന്ന നിന്റെ ഹൃദയ താല്പര്യത്തിനായി നീ സ്വയം സമർപ്പിക്കുക. അത്തരമൊരു സമ്പർണ്ണ സമർപ്പണത്തിലൂടെയാണ് രക്ഷ കരമാകുന്നത്. - നിന്റെയും നിന്റെ ചുറ്റുമുള്ളവരുടെയും രക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP