Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ ആലയമാണോ, അതോ കള്ളന്മാരുടെ ഗുഹയാണോ?

ദൈവത്തിന്റെ ആലയമാണോ, അതോ കള്ളന്മാരുടെ ഗുഹയാണോ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

നാലു സുവിശേഷകന്മാരും ഓരേ പോലെ വിവരിക്കുന്നതാണ് ഈശോ ജറുശലേം ദേവാലയത്തിൽ ചെയ്യുന്ന പ്രവൃത്തികൾ. ദേവാലയത്തിലെ കച്ചവടത്തെയും കച്ചവടക്കാരെയും പുറത്താക്കുന്നതാണ് യോഹന്നാൻ വിവരിക്കുന്നതെങ്കിലും, മർക്കോസ് പ്രാധാന്യം കൊടുക്കുന്നത് ദേവാലയത്തിലെ ബലി ഈശോ തടഞ്ഞതിനാണ് (മർക്കോ 11:16). ഏതാണെങ്കിലും ദേവാലയത്തിലെ ഈശോയുടെ പ്രവൃത്തികൾ അവന്റെ കുരിശുമരണത്തിനു കാരണമായിയെന്നത് (മർക്കോ 11:18; മത്താ 21:46; ലൂക്കാ 20:19) നാം മറക്കരുത്. അതായത് ദേവാലയശുദ്ധീകരണവും ഈശോയുടെ ആത്മദാനമായ കുരിശുമരണവുമായി നേരിട്ടു ബന്ധമുണ്ടെന്നർത്ഥം.

ദേവാലയത്തെയും കുരിശുമരണത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന അഭിപ്രായം യോഹന്നാൻ രേഖപ്പെടുത്തുന്നത്, മൂന്ന് ദിവസത്തിനുള്ളിലെ ദേവാലയപുനരുദ്ധാരണത്തെ വ്യാഖ്യാനിക്കുമ്പോഴാണ്: "എന്നാൽ അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെപ്പറ്റിയാണ്" (യോഹ 2:21). ഈശോയുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്ന്! അതായത് ഈശോയുടെ ശരീരത്തിനുള്ളിൽ ദൈവം വസിക്കുന്നുവെന്നർത്ഥം. ഈശോയുടെ ശരീരത്തിനും മനസ്സിനും പിറകിലുള്ള അവനിലെ ജീവശക്തി ദൈവത്തിന്റെ തന്നെ അശംമാണെന്ന് സാരം. ഈ കാര്യം തന്നെയാണ് ഈശോ ദൈവപുത്രനാണെന്ന് പറയുമ്പോൾ അർത്ഥമാക്കുന്നതും. ദൈവത്തിന്റെ മകനെന്ന നിലയിൽ താൻ ദൈവത്തിന്റെ തന്നെ അംശമാണെന്നത് ഈശോയ്ക്കുണ്ടായ വ്യക്തിപരമായ ഒരനുഭവമായിരുന്നു: "നീ എന്റെ പ്രിയപുത്രൻ. നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (മർക്കോ 1:11). ഈശോയോട് നേരിട്ട് പറയുന്ന ദൈവത്തിന്റെ അശരീരിസ്വരമാണിത്.

ദൈവപുത്രനെന്ന നിലയിൽ താൻ ദൈവത്തിന്റെതന്നെ ഭാഗമാണന്ന തന്റെ അനുഭവം ഈശോ തന്നെ വ്യക്തമാക്കുന്നുണ്ട്. ദേവാലയ ശുദ്ധീകരണത്തിന് ഈശോയ്ക്കുള്ള അധികാരത്തെ യഹൂദസെൻഹെദ്രിൻ ചോദ്യം ചെയ്തതിനുള്ള (മർക്കോ 11:28) മറുപടിയായി ഈശോ പറയുന്ന ഒരു ഉപമയുണ്ട് (മർക്കോ 12:1-12). അതിൽ ഈശോ സ്വയം ചിത്രീകരിക്കുന്നത് ദൈവത്തിന്റെ പ്രിയപുത്രനായിട്ടാണ്: ''അവന് ഇനി ഒരുവൻ മാത്രം അവശേഷിച്ചു - തന്റെ പ്രിയ പുത്രൻ. എന്റെ പുത്രനെ അവൻ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു'' (മർക്കോ 12:16). താൻ ദൈവത്തിന്റെ പുത്രനാണെന്ന് മാത്രമല്ല, താൻ കൊല്ലപ്പെടുന്ന ദൈവപുത്രനാണെന്നു കൂടിയാണ് ഉപമയിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. അതായത് മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ ദാനം ചെയ്യുന്ന ദൈവപുത്രനാണ് താനെന്ന്.

ദൈവപുത്രന്റെ ആത്മദാനം പിതാവിന്റെ സ്വഭാവത്തിന്റെ തന്നെ ഭാഗമാണ്: ''തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്‌നേഹിച്ചു'' (യോഹ 3:16). അപ്പോൾ 'സ്‌നേഹവും ആത്മദാനവും' ദൈവത്തിന്റെതന്നെ സ്വഭാവമാണെന്നുവരുന്നു. ദൈവത്തിന്റെതന്നെ അംശമായ ഈശോയും ഈ ദൈവസ്വാഭാവം തന്റെ ജീവിതത്തിലുടനീളം കാണിക്കുന്നു; അവസാനം അതിന്റെ പരിപൂർണ്ണത തന്റെ കുരിശു മരണത്തിലും. ഇതാണ് യോഹന്നാൻ തന്റെ ലേഖനത്തിൽ പറയുന്നത്: ''അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരവുമായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം'' (യോഹ 4:10).

ചുരുക്കത്തിൽ, സ്‌നേഹവും സേനേഹത്തോടെയുള്ള ആത്മദാനവും ദൈവസ്വഭാവമാണെന്നു വരുന്നു. ദൈവത്തിന്റെതന്നെ ഭാഗമായ ദൈവപുത്രനായ ഈശോയും സ്വന്തം തന്തയുടെ സ്വഭാവം തന്നെ പ്രകടിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, താൻ ദൈവപുത്രനാണെന്ന് തിരിച്ചറിയുകയും, തൽഫലമായി ദൈവത്തിന്റെ സ്വഭാവം പ്രകാശിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈശോ ദേവാലയമായി മാറുന്നത്.

ദൈവത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ സ്‌നേഹമാണെന്ന് യോഹന്നാൻ ആവർത്തിച്ചു എഴുതുന്നുണ്ട്: ''ദൈവം സ്‌നേഹമാണ്'' (1 യോഹ. 4:7,16). അങ്ങനെയെങ്കിൽ, അതിന്റെ പരിണതഫലം ദൈവത്തിന്റെ മക്കൾ എല്ലാവരും തങ്ങളുടെ പിതാവിന്റെ സ്വഭാവം കാണിക്കണമെന്നതാണ്: ''പ്രിയപ്പെട്ടവരേ, നമുക്ക് പരസ്പരം സ്‌നേഹിക്കാം. എന്തെന്നാൽ സ്‌നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തിൽ നിന്നും ജനിച്ചവനാണ്'' (1 യോഹ 4:7).

സ്വന്തം പിതാവിന്റെ അടിസ്ഥാന സ്വഭാവമായ സ്‌നേഹം ഈശോ ജീവിക്കുകയും അതിന്റെ കൊടുമുടിയായി കുരിശിൽ തന്നെത്തന്നെ ദാനം ചെയ്യുകയും ചെയ്തു. അതിലൂടെയാണ് ഈശോ ദൈവത്തിന്റെ ആലയമായിത്തീർന്നത്. ഇത് വ്യക്തമാകുന്നത് ദേവാലയപ്രസ്താവനയ്ക്കു (യോഹ 2:21) കാരണമായി അതിന്റെ പിറകിൽ നിൽക്കുന്ന ഈശോയുടെ പ്രസ്താവനയാണ്: ''നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാൻ അതു പുനരുദ്ധരിക്കും'' (യോഹ 2:19). ഈശോയുടെ കുരിശുമരണത്തിലേക്കും അതിന്റെ പരിണിതഫലമായ അവന്റെ പുനരുദ്ധാനത്തിലേക്കുമാണ് ഈ പ്രസ്തതാവന വിരൽ ചൂണ്ടുന്നത്. ഈശോ ദൈവം വസിക്കുന്ന ദേവാലയമായിത്തീരുന്നത് തന്റെ ആത്മദാനമായ കുരിശുമരണത്തിലൂടെയാണെന്നർത്ഥം.

അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷം എന്നോടും നിങ്ങളോടും വ്യംഗ്യമായി ആവശ്യപ്പെടുന്നത് - ദൈവം വസിക്കുന്ന ദേവാലയമായിത്തീരാനാണ്! അതായത് നിന്നിലെ ദൈവാംശത്തെ നീ തിരിച്ചറിയുക; നിന്നിലെ ദൈവസാന്നിധ്യത്തെ നീ തിരിച്ചറിയുക; നിന്നിലെ ദൈവസ്വഭാവത്തെ നീ തിരിച്ചറിയുക; നീ ദൈവപുത്രനാണെന്നു നീ തിരിച്ചറിയുക. ഈ അവബോധത്തെയും നിന്നിലെ ദൈവസ്വഭാവത്തെയും നീ വളർത്തിയെടുക്കുക. അപ്പോൾ നിന്റെ ശരീരവും ദൈവം വസിക്കുന്ന ദേവാലയമായി തീരും.

അതായത്, നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിയണം എന്നർത്ഥം. നിന്റെ ഭൗതിക സമ്പാദ്യങ്ങളാണോ നീ? അല്ലല്ലോ. സമൂഹത്തിൽ നിനക്കു ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങളാണോ നീ? അതും അല്ലല്ലോ. നിന്റെ ശരീരമാണോ നീ? അതും അല്ലല്ലോ? നിന്റെ മനസ്സാണോ യഥാർത്ഥത്തിൽ നീ? അല്ലല്ലോ. ഇവയുടെയെല്ലാം പിറകിൽ നിൽക്കുന്നതും ഇവയേയൊക്ക ജീവസുറ്റതാക്കുന്നതുമായ നിന്റെയുള്ളിലെ ജീവനില്ലേ. നിന്റെയുള്ളിലെ ആ ജീവനല്ലേ യഥാർത്ഥത്തിൽ നീ? നിന്നിലെ ആ ജീവൻ പ്രപഞ്ചത്തിലാകമാനം നിറയുന്ന ജീവസ്‌ത്രോതസ്സായ ദൈവത്തിന്റെ തന്നെ ഒരംശമല്ലേ? ഈ തിരിച്ചറിവിലാണ് ദൈവത്തിന്റെ ആലയമായി നീ പരിണമിക്കാൻ തുടങ്ങുന്നത്. നിന്നിലെ ഈ ദൈവികജീവന്റെ അടിസ്ഥാന സ്വഭാവം തന്നെ പങ്കുവച്ചു കൊടുക്കുക എന്നതാണ്. അതിനെയാണ് നമ്മൾ സ്‌നേഹമെന്ന് പേരിട്ടു വിളിക്കുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ 'ടോപ് സിഗംർ' പരിപാടിയിലെ ഒരു സംഭവം. അതിഥിയെന്ന പെൺകുട്ടിയുടെ പാട്ടും അതിനെ തുടർന്നുണ്ടായ സംഭവും. അവളുടെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു? (ഓഡിയോ കേൾക്കുക).

'കൊടുക്കുക' എന്നതാണ് ജീവന്റെ യഥാർത്ഥ സ്വഭാവം. ദൈവത്തിന്റെ സ്വഭാവവും ഇതുതന്നെ. ഇത് ഏറ്റവും പ്രകടമായി കാണുന്നത് അമ്മമാരിലാണ്. സ്‌നേഹത്തോടെ കൊടുക്കുന്നവളാണ് അമ്മ. നിന്നിലെ ജീവന്റെ ഈ സ്വഭാവത്തെ നീ തിരിച്ചറിയുകയും അതിനെ വളർത്തിയെടുക്കുകയും ചെയ്യുമ്പോഴാണ് നീ ദൈവം വസിക്കുന്ന ദേവാലയമായി രൂപാന്തരപ്പെടുന്നത്. ചുരുക്കത്തിൽ, ക്രൂശിതനായ ഈശോയുടെ ആത്മദാനത്തിലേക്ക് വളരുന്നതിലൂടെയാണ് ഒരുവൻ ദേവാലയമായി പരിണമിക്കുന്നത് എന്നർത്ഥം. ഈശോ തന്നെ ഇത് വ്യക്തമായി പറയുന്നുണ്ട്: "ഇതാണ് എന്റെ കൽപ്പന: ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്‌നേഹം ഇല്ല" (യോഹ 15:12-13).

കൊടുക്കുക, പങ്കുവയ്ക്കുക, സ്നേഹത്തോടെ കൊടുക്കുക എന്നത് ജീവന്റെ അടിസ്ഥാന സ്വഭാവമാണ്. എന്നാൽ ഇതിന് നേരം വിപരീതമായ ഒരു സ്വഭാവവും നമ്മിൽ പ്രബലമാണ്. അത്, സമ്പാദിക്കുക, സമാഹരിക്കുക, സ്വരുക്കൂട്ടിവയ്ക്കുക എന്ന സ്വഭാവമാണ്. നമ്മുടെ ശരീരത്തിന്റെ കാര്യം തന്നെയെടുക്കാം. ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏകദേശം രണ്ടേമുക്കാൽ കിലോഗ്രാമേ കാണുള്ളൂ. എന്നാൽ വളർന്നു വലുതാകുമ്പോഴോ? ഞാനിപ്പോൾ 67 കിലോതൂക്കമുണ്ട്. ഇതൊക്കെ പടിപടിയായി ഞാൻ സമ്പാദിച്ചു കൂട്ടിയതല്ലേ? സമാഹരിക്കുക, സ്വരുക്കൂട്ടുക എന്നത് ശരീരത്തിന്റെ സ്വഭാവമാണ്. നമ്മുടെ മനസ്സിന്റെ രീതിയും ഇതുതന്നെയാണ്. കുഞ്ഞുന്നാൾ മുതൽ നമ്മൾ സമാഹരിച്ച വിവരങ്ങളുടെ ആകെത്തുകയും അവയുടെ വിശകലനങ്ങളുമല്ലേ നമ്മുടെ മനസ്സ്? അപ്പോൾ രണ്ടു വിരുദ്ധ സ്വഭാവങ്ങൾ നമ്മിൽ തന്നെയുണ്ടെന്ന് വരുന്നു- പങ്കു വച്ചു കൊടുക്കാനുള്ള പ്രവണതയും, സമ്പാദിച്ചു സ്വരുക്കൂട്ടാനുള്ള പ്രവണതയും.

ജറുസലേം ദേവാലയത്തിൽ ഈശോ നടത്തുന്ന പ്രസ്താനനയിൽ ഈ രണ്ടു സ്വഭാവങ്ങളും വെളിവാകുന്നുണ്ട്: "എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്!" (യോഹ 2:16). വീടും ചന്തയും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്കാണ് ഈ രണ്ടു സ്വഭാവങ്ങൾ വിരൽ ചൂണ്ടുന്നത്. 'എന്തു കൊടുക്കാം, എന്തു കൊടുക്കാം' എന്നാണ് വീട്ടിൽ മാതാപിതാക്കൾ ചിന്തിക്കുന്നത്. ദനമ്പതികളും പരസ്പരമുള്ള സ്‌നേഹബന്ധത്തിൽ ഇതു തന്നെയാണ് ആലോചിക്കുന്നത്. എന്നാൽ ചന്തയിലെ ചിന്ത എന്താണ്? 'എന്ത് സമ്പാദിക്കാം, എന്ത് ലാഭമുണ്ടാക്കാമെന്നല്ലേ' ചന്തയിലെ പ്രധാന ചിന്ത?

സ്‌നേഹത്തോടെ കൊടുക്കുന്ന ആത്മദാനത്തിന്റെ രീതിയാണ് നിന്നിലെ ജീവന്റെ സ്വഭാവം. അതാണ് നിന്നിലെ ദൈവാംശത്തിന്റെ രീതി. ആ സ്വഭാവത്തെ വളർത്തിയെടുക്കുന്നിടത്താണ് നീ ദൈവം വസിക്കുന്ന ദേവാലയമായി രൂപാന്തരപ്പെടുന്നത്. മറിച്ചായാലോ???

വ്യക്തി ജീവിതത്തിൽ മാത്രമല്ല, ക്രിസ്തുവിന്റെ നാമത്തിലുള്ള സമൂഹത്തിലെ ദൈവസാന്നിധ്യ മേഖലകളിലൊക്കെ ആത്മദാനത്തിന്റെ ചൈതന്യം നിറഞ്ഞുനിൽക്കണമെന്നാണ് ഈശോ ആവശ്യപ്പെടുന്നത്. നമ്മുടെ ഇടവകപ്പള്ളികളിലും, നമ്മുടെ സ്ഥാപനങ്ങളായ സ്‌കൂളുകളിലും ആശപത്രികളിലും, നമ്മുടെ സന്യാസഭവനങ്ങളിലും നിറഞ്ഞു നിൽക്കേണ്ടത് ആത്മദാനത്തിന്റെ ദൈവികചൈതന്യമാണ്. അതിനുള്ള ഏറ്റവും നല്ല വഴി ആത്മദാനത്തിന്റെ ദേവാലയങ്ങളായി രൂപാന്തരപ്പെട്ട വ്യക്തികൾ ഈ സ്ഥാപനങ്ങളുടെയൊക്കെ നേതൃസ്ഥാനത്തേക്ക് വരുകയാണ്. അഥവാ, സഭയുടെ നേതൃസ്ഥാനത്തിരിക്കുന്നവർ ആത്മദാനത്തിന്റെ ദേവാലയങ്ങളായി രൂപാന്തരപ്പെടാൻ നിരന്തരം പരശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെയായില്ലെങ്കിൽ, ഈശോ ജറുശലേം ദേവാലയത്തെക്കുറിച്ച് പറഞ്ഞത് വീണ്ടും ആവർത്തിക്കേണ്ടി വരും. ''നിങ്ങൾ ഇതിനെ കവർച്ചക്കാരുടെ ഗുഹയായിത്തീർത്തിരിക്കുന്നു'' (മർക്കോ 11:17).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP