Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഏതാണ് പ്രധാനപ്പെട്ടത്, നിന്റെ ജീവനാണോ അതോ നിന്റെ സമ്പാദ്യങ്ങളാണോ?'

'ഏതാണ് പ്രധാനപ്പെട്ടത്, നിന്റെ ജീവനാണോ അതോ നിന്റെ സമ്പാദ്യങ്ങളാണോ?'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ മൂന്നു സംഭവങ്ങളാണുള്ളത്. ഒന്ന്, ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു; രണ്ട്, ഗദരായരുടെ ദേശത്തെ രണ്ട് പിശാചുബാധിതരെ ഈശോ സുഖപ്പെടുത്തുന്നു; മൂന്ന് മറുകരയിലെത്തുമ്പോൾ ഒരു തളർവാതക്കാരനെ അവൻ സുഖപ്പെടുത്തുന്നു.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ആദ്യത്തെ സംഭവത്തിലെ ഒരു വചനമാണ്: ''ശിഷ്യന്മാർ അടുത്ത് ചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ രക്ഷിക്കേണമേ, ഞങ്ങൾ ഇതാ നശിക്കുന്നു'' (മത്താ 8: 25). അപകടത്തിൽ നിന്നും രക്ഷപ്പെടാനും അവരുടെ ജീവൻ തന്നെ രക്ഷിക്കാനുമായി അവർ ഈശോയെ ആശ്രയിക്കുന്നു; അവനിൽ ശരണപ്പെടുന്നു; അവനോട് പറ്റിച്ചേർന്നു നിൽക്കുന്നു.

എന്നാൽ ഇതിനു വിപരീതമായ ഒരു മനോഭാവം അടുത്ത സംഭവത്തിൽ പുറത്തു വരുന്നുണ്ട്: ''പിശാചു ബാധിതർ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ ഞങ്ങൾക്കും നിനക്കുമെന്ത്? സമയത്തിനു മുൻപേ ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ?'' (മത്താ 8: 29). ഈ ചോദ്യത്തിനർത്ഥം, പീഡിപ്പിക്കാൻ വന്നവൻ അകന്നു പോകണമെന്ന് തന്നെയാണ്. അങ്ങനെയങ്കിൽ, ക്രിസ്തുവിൽ നിന്നും അകന്നു പോകാനാഗ്രഹിക്കുന്നവരാണവർ.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഈ പിശാചു ബാധിതർ ശവക്കല്ലറകളിൽ നിന്നാണ് ഇറങ്ങി വരുന്നത് (മത്താ 8: 28). അതായത്, മരണത്തിന്റെ പ്രതീകവും സ്ഥലവുമായ ശവക്കല്ലറയിലാണ് അവരുടെ വാസം; മരണത്തോടാണ് അവർ പറ്റിപ്പിടിച്ചു നിൽക്കുന്നത്.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ഗദറായിലെ ജനകൂട്ടത്തിന്റെ അപേക്ഷ: "അപ്പോൾ പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടു വന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു" (മത്താ 8: 34). ശിഷ്യരുടെ സമീപനത്തിന് ഘടകവിരുദ്ധമാണിത്. ശിഷ്യന്മാർ ഈശോയെടു ചേർന്നുനിൽക്കാനും അവനിൽ ആശ്രയിക്കാനും ശ്രമിക്കുമ്പോൾ, ഗദാറായിലെ ജനം ഈശോയോട് അകന്നു പോകാൻ ആവശ്യപ്പെടുന്നു.

അവരിങ്ങനെ അപേക്ഷിക്കാനുള്ള കാരണം അവർക്ക് നഷ്ടപ്പെട്ട പന്നിക്കൂട്ടമായിരുന്നു (മത്താ 8:32). പന്നിക്കൂട്ടം അവരുടെ സമ്പത്തായിരുന്നു; അഥവാ അവരുടെ സമ്പത്തിന്റെ ഉറവിടമായിരുന്നു. അത് നഷ്ടമായതിനാലാണ് ഈശോയോടു അവിടം വിട്ടുപോകാകാൻ അവർ അഭ്യർത്ഥിക്കുന്നത്. കാരണം അവർ ആശ്രയിക്കുന്നതും പറ്റിച്ചേർന്നു നിൽക്കുന്നതും അവരുടെ സമ്പത്തിനോടാണ്; അവരുടെ സമ്പത്തിന്റെ ഉറവിടങ്ങളോടാണ്.

അങ്ങനെയെങ്കിൽ, രണ്ടുതരം മനോഭാവങ്ങളാണ് സുവിശേഷത്തിൽ പ്രകടമാകുന്നത്. ഒന്ന്, ഈശോയോട് ചേർന്നു നിൽക്കുന്ന മനോഭാവം ശിഷ്യന്മാർ പ്രകടിപ്പിക്കുന്നു. അവരുടെ ജീവൻ രക്ഷിക്കണേയെന്ന അപേക്ഷയുമായി അവർ ഈശോയെ ആശ്രയിക്കുന്നു. നേരെ മറിച്ച് തങ്ങളെ വിട്ടു പോകണമെന്ന് പിശാചു ബാധിതരും ഗദരായരും ഈശോയോട് അപേക്ഷിക്കുന്നു. കാരണം, പിശാചുബാധിതർ ചേർന്നുനിൽക്കുന്നത് കല്ലറക്കുള്ളിലെ അവരുടെ വസത്തോടാണ്; ഗദരായർ ആശ്രയിക്കുന്നത് അവരുടെ ഭൗതിക സമ്പത്തിനെയാണ്. അതിലൂടെ അവർ പരിശ്രമിക്കുന്നത് അവരുടെ ജീവനെ നിലനിൽത്താനും സംരക്ഷിക്കാനുമാണ്. അവരുടെ സമ്പത്തിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴത്തെ ജീവിതത്തിൽ സുരക്ഷിതമായി കഴിയാനാണ്.

ചുരുക്കത്തിൽ നമ്മുടെ മുന്നിലുള്ള സാധ്യതകൾ രണ്ടാണ് - ഒന്നുകിൽ, ഈശോയോടും അവൻ പ്രതിദാനം ചെയ്യുന്ന ജീവനോടും ചേർന്നു നിൽക്കുക; അല്ലെങ്കിൽ നിന്റെ സമ്പത്തിനോടും നിന്റെ സമ്പാദ്യങ്ങളോടും ചേർന്നു നിൽക്കുക.

നീ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. നീ ആരാണ്? നീ നിന്റെ ഭൗതിക സമ്പത്താണോ? അതോ നിനക്ക് ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങളാണോ? അതോ, നിന്റെ ശരീരം തന്നെയാണോ?

ഇതൊന്നും അല്ലല്ലോ. അതിനെല്ലാമുപരി നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനില്ലേ നീ? നിന്റെ മനസ്സിനെയും ശരീരത്തെയും സജീവമാക്കുന്ന നിന്നിലെ ജീവൻ തന്നെയല്ലേ യഥാർത്ഥത്തിൽ നീ. കാരണം മറ്റുള്ളവയെല്ലാം മരണത്തോടെ തീർന്നുപോകും. മരണത്തിനപ്പുറത്തേക്ക് നിലനിൽക്കുന്നത് നിന്നിലെ ജീവൻ മാത്രമാണ്.

അങ്ങനെയങ്കിൽ, ഏതിനോടാണ് നീ ചേർന്നുനിൽക്കുന്നത്? ഏതിനോടാണ് നീ ഒട്ടിച്ചേർന്നു നിൽക്കുന്നത്? ഏതിനോടാണ് നീ താദത്മ്യപ്പെട്ടു നിൽക്കുന്നത്? നശ്വരസമ്പാദ്യങ്ങളായ നിന്റെ സമ്പത്തിനോടും നിന്റെ സ്ഥാമാനങ്ങളോടുമാണോ? അതോ അവയുടെയെല്ലാം പിറകിൽ നിൽക്കുന്ന അനശ്വരമായ നിന്റെ ജീവനോടാണോ?

നിന്റെ സമ്പാദ്യങ്ങളോട് നീ പറ്റിച്ചേർന്നു നിന്നാൽ അവ നിന്നിലെ ജീവനെ ക്രമേണ ഞെരുക്കികളയും; അതിനെ തിക്കിഞെരുക്കി ഇല്ലാതാക്കികളയും. അങ്ങനെ ഗദാരയരുടെ നാട്ടിലെ പിശാചുബാധിതർ ശവക്കല്ലറകളിൽ കഴിഞ്ഞിരുന്ന മൃദാവസ്ഥയിലേക്ക് നീയും വഴുതി വീണെന്നു വരും. അത് നിന്റെ ജീവൻ കുറഞ്ഞുപോകുന്നതും, ജീവൻ കെട്ടുപോകുന്നതുമായ അവസ്ഥയാണ്.

ഒരു സംഭവം. ജർമനിയിലെ ഫ്രാൻസ് പീറ്ററെന്ന ജർമ്മൻ മെത്രാൻ. മെത്രാസനമന്ദിരം നവീകരിക്കാൻ 250 കോടി രൂപ ചിലവഴിച്ചു. ആഡംബര ജീവിതക്കാരനായ മെത്രാനെ ഫ്രാൻസിസ് പാപ്പാ ആദ്യം സസ്‌പെൻഡ് ചെയ്തു. പിന്നീട് ഡിസ്മിസ് ചെയ്തു. കാരണം ആഡംബരം ക്രിസ്തു ശിഷ്യന് പാപമാണ് (ഓഡിയയോ കേൾക്കുക).

ക്രിസ്തുശിഷ്യരെ സംബന്ധിച്ച് ആഡംബരം പാപമാകുന്നതിന്റെ കാരണമാണ് ഇന്നത്തെ സുവിഷേഷം വെളിപ്പെടുത്തുന്നത്. നീ എന്തിനോടാണ് പുറ്റിച്ചേർന്നു നിൽക്കുന്നത്? മരണത്തോടെ കടന്നു പോകുന്ന നിന്റെ സമ്പാദ്യങ്ങളോടാണോ? അതോ മരണത്തിനപ്പുറത്തേക്ക് നീളുന്ന നിന്നിലെ ജീവനോടാണോ നീ ഒട്ടിച്ചേർന്നു നിൽക്കുന്നത്? നിന്റെ സമ്പാദ്യങ്ങളോട് നീ ഒട്ടിച്ചേർന്നു നിന്നാൽ അത് നിന്നിലെ ജീവനെ ഞെരുക്കികളയും, ജീവനെ അപകടത്തിലാക്കും.

നേരെ മറിച്ച് നിന്നിലെ ജീവനോട് പറ്റിച്ചേർന്നു നിന്നാൽ, നിന്നിലെ ജീവൻ അതിന്റെ നിറവിലേക്ക് വളർന്നു വരും. കാരണം നിന്നിലെ ജീവൻ ക്രിസ്തുസാന്നിധ്യത്തിന്റെ തന്നെ അംശമാണ്. അതിനാൽ നിന്റെ ജീവനോട് താദാത്മ്യപ്പെടുകയെന്നു പറഞ്ഞാൽ ക്രിസ്തുവിനോട് ചേർന്നു നിൽക്കുക എന്നു തന്നെയാണർത്ഥം. അങ്ങനെ ചേർന്നു നിന്നാൽ നിന്നിലെ ജീവൻ വളരുകയും അത് സമൃദ്ധമാകുകയും ചെയ്യും.

മലയിലെ പ്രസംഗത്തിൽ ഈശോ പറയുന്നത് ഇത് തന്നെയാണ്: ''രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല... ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല'' (മത്താ 6:24). മാമോനെന്നു പറഞ്ഞാൽ സമ്പത്താണ്, നിന്റെ സമ്പാദ്യങ്ങളാണ്; ദൈവമോ, നിന്നിലെ ജീവന്റെ ആധാരവും.

അതിനാൽ നിന്റെ നിക്ഷേപം എവിടെയാണ് എന്നാണ് ഈശോ ചോദിക്കുന്നത്: ''എവിടെയാണോ നിങ്ങളുടെ നിക്ഷേപം. അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും'' (മത്താ 6:21) (ഓഡിയോ കേൾക്കുക).

തളർവാതരോഗിയുടെ പാപം ഈശോ മോചിക്കുമ്പോൾ നിയമജ്ഞർ പ്രതികരിക്കുന്നത് കൂടി നമ്മൾ ശ്രദ്ധിക്കണം: ''അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു ഇവൻ ദൈവഭൂഷണം പറയുന്നു'' (മത്താ 9:3). പാപം മോചിച്ച് അവനെ സൗഖ്യപ്പെടുത്തുന്ന ഈശോയ്ക്കെതിരെ എന്തുകൊണ്ടാണ് അവർ ദൈവഭൂഷണം ആരോപിച്ചത്? കാരണം അവരുടെ ഹൃദയവും ജീവിതവും അവരുടെ മതനിയമങ്ങളോടും മതാചാരങ്ങളോടും പറ്റിച്ചേർന്നിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ മതാചാരങ്ങളോടുമുള്ള താദാത്മ്യപ്പെടലും നിന്നിലെ ജീവനെ അപകടപ്പെടുത്താം.

ഫ്രാൻസിസ്സ് പാപ്പ സുവിശേഷത്തിന്റെ ആനന്ദമെന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ ഈ അപകടത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട് (EG 93, 95, 97) (ഓഡിയോ കേൾക്കുക)

അതിനാൽ സുവിശേഷം ഇന്ന് നമ്മോട് ചോദിക്കുന്നത് ഇതാണ്: നീ പറ്റിച്ചേർന്നു നിൽക്കുന്നത് എന്തിനോടാണ്? നീ ആശ്രയിക്കുന്നത് എന്തിനെയാണ്? നശ്വരമായ സമ്പാദ്യങ്ങളായ നിന്റെ സമ്പത്തിനെയും, സ്ഥാനമാനങ്ങളെയുമാണോ? അതോ അനശ്വരമായ നിന്റെ ജീവനെയും അതിന്റെ ആധാരമായ ക്രിസ്തുവിനേയുമാണോ? അതനുസരിച്ചിരിക്കും, നീ ജീവനിലേക്കാണോ അതോ മരണത്തിലേക്കാണോ നടന്നു നീങ്ങുന്നതെന്ന സത്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP