Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സാധ്യതകളുടെ ചിറകുകളെ ധ്യാനിക്കുക!'

'സാധ്യതകളുടെ ചിറകുകളെ ധ്യാനിക്കുക!'

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

മൂന്നു സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. കനാൻകാരിയായ സ്ത്രീ തന്റെ രോഗിയായ മകളുടെ സൗഖ്യത്തിനായി കേണപേക്ഷിക്കുന്നു; അവൾക്ക് സൗഖ്യം ലഭിക്കുന്നു. അതിനുശേഷം ഗലീലി തീരത്തുവച്ച് ഈശോ അനേകം വികലാംഗരെ സുഖപ്പെടുത്തുന്നു. അതിനെത്തുടർന്ന് അവൻ അപ്പം വർദ്ധിപ്പിച്ച് നാലായിരം പേരെ തൃപ്തരാക്കുന്നു.

ഈ മൂന്നു സംഭവങ്ങളെയും ധ്യാനവിഷയമാക്കുമ്പോൾ ഓർക്കേണ്ടത് ശിഷ്യന്മാരുടെ ചേദ്യമാണ്: ''ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ നമുക്ക് എവിടെ നിന്നു കിട്ടും?'' (മത്താ 15: 33). മരുഭൂമിയിലെ ജനക്കൂട്ടത്തിന് ഭക്ഷണം കൊടുക്കാനുള്ള ഈശോയുടെ പരോക്ഷമായ ആഹ്വാനത്തോടുള്ള ശിഷ്യരുടെ പ്രതികരണമാണിത്. വലിയ ജനക്കൂട്ടം, മരുഭൂമി, വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര അപ്പം - അവരുടെ പരിമിതികളെയാണ് അവർ ശ്രദ്ധിക്കുന്നത്. ശിഷ്യരുടെ കണ്ണും മനസ്സും തിരിഞ്ഞിരിക്കുന്നത് അവരുടെ പരിമിതികളിലേക്കും പോരായ്മകളിലേക്കുമാണ്.

ഇതിന് വിരുദ്ധമായ മനോഭാവം കാണിക്കുന്നത് ഈശോയാണ്: ''ഈ ജനക്കൂട്ടത്തോട് എനിക്കു അനുകമ്പ തോന്നുന്നു. എന്തെന്നാൽ മൂന്നു ദിവസമായി അവർ എന്നോടു കൂടിയാണ്. അവർക്ക് ഭക്ഷിക്കാൻ ഒന്നുമില്ല. വഴിയിൽ തളർന്നു വീഴാനിടയുള്ളതിനാൽ വിശക്കുന്നവരായി അവരെ പറഞ്ഞയക്കാൻ എനിക്കു മനസ്സു വരുന്നില്ല'' (മത്താ 15:33). വിശക്കുന്നവർക്ക് എങ്ങനെ ഭക്ഷണം കൊടുക്കാനാവും എന്നാണ് ഈശോയുടെ ചിന്ത. മരുഭൂമിയിൽ വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കാനാവുന്ന സാധ്യതയിലേക്കാണ് ഈശോയുടെ കണ്ണും ഹൃദയവും തുറന്നിരിക്കുന്നത്.

ഒരു പ്രശ്‌നത്തിന്റെ മുമ്പിൽ ശിഷ്യന്മാർ അവരുടെ പരിമിതികളക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, തനിക്ക് ചെയ്യാനാവുന്ന സാധ്യതകളെ കുറിച്ചാണ് ഈശോ ചിന്തിക്കുന്നത്. രണ്ടും രണ്ട് വിപരീത മനോഭാവങ്ങളാണ്. ഒന്ന് പരിമിതകളെ ഓർത്തോർത്തിരിക്കുന്ന ഹൃദയം, മറ്റൊന്ന് സാധ്യതകളെ ധ്യാനിക്കുന്ന ഹൃദയം.

നമ്മുടെ അനുദിനാനുഭവങ്ങൾ നമ്മുടെ മുമ്പിൽ തുറന്നു വയ്ക്കുന്നത് നമ്മുടെ പരിമിതികൾ തന്നെയാണ്. എന്നാൽ ഓരോ പരിമിതിയും നമ്മുടെ മുമ്പിൽ ഓരോ സാധ്യതയും കൂടി തുറന്നു വയ്ക്കുന്നുണ്ട്. നമ്മുടെ പരിമിതികളിൽ വിരിയുന്ന സാധ്യതകളെ കാണാനും അതിലേക്ക് ഹൃദയവും മനസ്സും ചേർത്തുപിടിക്കാനും നമുക്കാകുന്നുണ്ടോ? ഈശോ ഇന്ന് എന്നോടു ആവശ്യപ്പെടുന്നത് ഇതാണ് - അനുദിനം നീ കണ്ടുമുട്ടുന്ന നിന്റെ പരിമിതികളിലല്ല നീ നിന്റെ ഹൃദയം ചേർത്തു വയ്‌ക്കേണ്ടത്; മറിച്ച് പരിമിതികൾ തുറന്നു തരുന്ന സാധ്യകളെയാണ് നീ ധ്യാനിക്കേണ്ടത്.

ഏറ്റവും നല്ല ഉദാഹരണം ചിത്രശലഭത്തിന്റേതാണ്. കൊക്കൂൺ പൊട്ടി പുറത്തുവരാൻ പോകുന്ന പുഴു ധ്യാനിക്കുന്നത് ത്തന്നെ പൊതിഞ്ഞുനിൽക്കുന്ന കൂടിനെ കുറിച്ചല്ല, മറിച്ച് തനിക്ക് മുളക്കാൻ പോകുന്ന ചിറകുകളെക്കുറച്ചാണ് (ഓഡിയോ കേൾക്കുക)

ഇതിനു മുമ്പു നടന്ന കനാൻകാരിയുടെ മകളെ സുഖപ്പെടുത്തുന്ന സംഭവത്തിലും ഇതു തന്നെയാണ് പ്രമേയം. കനാനാൻകാരി വിജാതീയ സ്ത്രീയാണ്, മകളല്ലാത്തതിനാൽ അപ്പം നിഷേധിക്കപ്പെടുന്നവളാണ്, അതിന്റെകൂടെ പിശാചുബാധിതയായ മകളും - ഇവയെല്ലാം കനനാൻകാരിയുടെ പരിമിതികളാണ്. എന്നാൽ ഈ പരിമിതികളാൽ ചുറ്റപ്പെട്ടു നിൽക്കുമ്പോഴും അവൾ സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാലാണ് അവൾ ഈശോയോട് കരഞ്ഞപേക്ഷിക്കുന്നത്; അവന്റെ പിന്നാലെ ചെന്ന് നിലവിളിക്കുന്നത്; നായ്ക്കൾക്കും അപ്പക്കഷണത്തിന് അവകാശമുണ്ടെന്ന് അവനോട് വാദിക്കുന്നത്. അവളുടെ ഹൃദയവും മനസ്സും സാധ്യയിലേക്കാണ് തുറന്നു പിടിച്ചിരിക്കുന്നത്. സൗഖ്യം ലഭിക്കാനുള്ള സാധ്യത മാത്രമേ അവളുടെ ഹൃദയത്തിലുള്ളൂ.

ഈ സംഭവത്തിനുശേഷമുള്ള കൂട്ട രോഗശാന്തിയിലും ഇതേ സന്ദേശമാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. മുടന്തർ, അന്ധർ, ഊമർ എന്നീ വികലാംഗരെയെല്ലാം ഏറെ പരിമിതികളുള്ളവരാണ് (മത്താ 15:30). എന്നിട്ടും അവരെയെല്ലാം ഈശോയുടെ അടുത്തേക്ക് അവർ കൊണ്ടുവരുകയാണ്; അവന്റെ പാദത്തിങ്കൽ കിടത്തുകയാണ് (മത്താ 15:30). സൗഖ്യത്തിനുള്ള സാധ്യതയിലാണ് അവർ ഹൃദയവും മനസ്സും അർപ്പിച്ചിരിക്കുന്നത് എന്നർത്ഥം.

ഗാഗംധരർ ഡോക്ടർ പറഞ്ഞ ഒരു സംഭവം. പാവപ്പെട്ട ഒരു ടാക്‌സിക്കാരൻ അനേകരുടെ ജീവൻ രക്ഷിക്കുന്ന സംഭവം. ടാക്‌സിക്കാരന്റെ ടാക്‌സി ആംബുലൻസായി പരിണമിക്കുന്നത് ഒരു സാധ്യതയാണ് (ഓഡിയോ കേൾക്കുക).

ഏതു പരിമിതിയും നമ്മുടെ മുമ്പിൽ ഒരു സാധ്യത കൂടി തുറന്നുവയ്ക്കുന്നുണ്ട്. നമ്മുടെ ഹൃദയവും മനസ്സും ഏതിലേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്നതാണ്
പ്രധാനപ്പെട്ട കാര്യം. പരമിതികളെ ധ്യാനിച്ചിരുന്നാൽ നമ്മൾ നമ്മുടെ കൊക്കൂണുകളിൽ ഒതുങ്ങി നമ്മൾ കെട്ടുപോകും. അതിനു പകരം സാധ്യതകളുടെ ചിറകുകളെ ധ്യാനിച്ചാൽ അനന്തവിഹായസ്സിലേക്കായിരിക്കും നമുക്ക് പറന്നുയരാൻ പറ്റുക.

ഇന്നത്തെ സുവിശേഷത്തിലെ മൂന്നു സംഭവങ്ങളിലും എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരിക്കുന്നത് ക്രിസ്തുവിലേക്കാണ്. മരുഭൂമിയില്ലെ വിശക്കുന്ന ജനവും, കനാൻകാരി സ്ത്രീയും വികലാംഗരും ക്രിസ്തുവിലേക്കാണ് നോക്കുന്നത്. നിന്നിലെ സാധ്യതകളുടെ കൊടുമുടിയാണ് ക്രിസ്തു എന്നു നീ തിരിച്ചറിയുക. ആ ക്രിസ്തു പുറത്തല്ല, നിന്റെ ഉള്ളിലാണന്ന് നീ മനസ്സിലാക്കുക.

അതിനാൽ അനുദിന ജീവിതത്തിലെ നിന്റെ പരിമിതകളെ നീ തിരിച്ചറിയുമ്പോൾ നിന്റെ ശ്രദ്ധയും ഹൃദയവും നിന്റെ പിരിമിതികളിൽ കുടുങ്ങി പോകരുത്. മറിച്ച് ഓരോ പരിമിതിയും വച്ചു നീട്ടുന്ന സാധ്യതകളെ നീ ധ്യാനിക്കണം. അതിലൂടെയാണ് നിന്നിലെ ക്രിസ്തുഭാവത്തിലേക്ക് നടന്നു കയറാൻ നിനക്കു സാധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP