Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിന്നിലെ ജീവൻ നൂറുമേനിയാക്കുക

നിന്നിലെ ജീവൻ നൂറുമേനിയാക്കുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷഭാഗത്ത് ഈശോ ഒരു കഥ പറയുകയാണ്. വിതക്കാരൻ വിതക്കാൻ പോയ കഥ. ഒരു കണക്കിനു നോക്കിയാൽ ഏറ്റവും കൂടുതൽ കഥകൾ പറിഞ്ഞിട്ടുള്ള ആത്മീയാചാര്യൻ ഈശോ തന്നെയായിരിക്കും.

ഈശോ പറഞ്ഞിട്ടുള്ള കഥകളിലെ ഏറ്റവും ശ്രേഷ്ഠമായ കഥയാണിതെന്നു പറയാം. അദ്ദേഹത്തിന്റെ 'മാസ്റ്റർ പാരബിൾ.' ഒരു കൃഷിക്കാരൻ വിതക്കാൻ പോയി. അയാൾ വിതച്ചപ്പോൾ വിത്തുകൾ വിവിധ സ്ഥലങ്ങളിൽ വീണു. ചിലത് വഴിയരുകിൽ, മറ്റു ചിലത് പാറപ്പുറത്ത്, വേറ ചിലത് മുള്ളകൾക്കിടയിൽ, ബാക്കിയുള്ളവ നല്ല നിലത്തും. നല്ല നിലത്തു വീണവ മാത്രാണ് ഫലങ്ങൾ പുറപ്പെടിവിച്ചത്. എന്നാൽ അവയും വിവധതരം ഫലങ്ങളാണ് പുറപ്പെടുവിച്ചത്. മുപ്പതും അറുപതും നൂറും മേനി വിളവുകൾ.

ഇതാണ് ഈശോ പറയുന്ന കഥ. ഇതിലൂടെ ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഫലം പുറപ്പെടിവിക്കുന്ന വിളനിലങ്ങളാകുക എന്നാണ്. നമ്മുടെ ജീവിതങ്ങൾ ഫലം പുറപ്പെടുവിക്കുന്ന വിളനിലങ്ങളായി രൂപാന്തരപ്പെടണം എന്നർത്ഥം.

അങ്ങനെയെങ്കിൽ എന്താണ് നമ്മൾ ഫലം വിളയിക്കണ്ട വിത്ത്? മുപ്പതും അറുപതും നൂറും മേനി വിളയേണ്ട വിത്ത് എന്താണ്? നമ്മുടെ പറമ്പും വീടും ഭൗതിക സമ്പത്തുകളുമാണോ? അല്ലല്ലോ. അതോ അവയ്‌ക്കൊക്കെ പുറകിൽ നിൽക്കുന്ന നമ്മുടെ ശരീരമാണോ? അല്ലല്ലോ. അതോ നമ്മുടെ മനസ്സാണോ, അതുമല്ലല്ലോ. അങ്ങനെയെങ്കിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും സജീവാക്കുന്ന നമ്മിലെ ജീവനായിരിക്കില്ലേ തമ്പുരാൻ നമ്മിലേക്ക് വിതയ്ക്കുന്ന വിത്ത്? അതല്ലേ മുപ്പതും അറുപതും നൂറും മേനിയായി വിളയിക്കേണ്ടത്?

അത്തരമൊരു സൂചന ഈശോ പറയുന്ന കഥയിൽ തന്നെയുണ്ട്. മത്തായി ഈ കഥ എടുത്തിരിക്കുന്നത് മർക്കോസിൽ നിന്നാണ് (മർക്കോ 4:1-20). കഥ തുടങ്ങുമ്പോൾ ഈശോ പറയുന്നത് വിതക്കാരൻ വിതക്കുന്നത് 'വിത്താ'ണെന്നാണ് (മാർക്കോ 4:3; മത്താ 13:3). എന്നാൽ, പിന്നീട് ഉപമ വ്യാഖ്യാനിക്കുമ്പോൾ ഈശോ പറയുന്നത് വിതക്കാരന്റെ 'വചനം' (ലോഗോസ്) വിതക്കുന്നു എന്നാണ് (മർക്കോ 4: 14). എന്നാൽ, വിതക്കാരൻ വിതക്കുന്ന 'വചനം' എന്താണെന്ന് ഇവിടെയും വ്യക്തമാക്കുന്നില്ല. അത് വ്യക്തമാകുന്നത് സുവിശേഷം മുമ്പോട്ടു പോകുമ്പോൾ മാർക്കോ 8: 31-32 ലാണ്.

തന്റെ പരോന്മുഖമായ കുരിശുമരണത്തെക്കുറിച്ച് ഈശോ പരസ്യമായി പറഞ്ഞു കഴിഞ്ഞപ്പോൾ (മർക്കോ 8:31) സുവിശേഷകൻ കുറിക്കുന്നു, 'അവൻ വചനം വ്യക്തമായി [പരസ്യമായി] പറഞ്ഞുവെന്ന്' (മാർക്കോ 8:32). അതായത് ഈശോയുടെ കുരിശുമരണമാണ് 'വചന'മെന്നർത്ഥം. ഈശോയുടെ കുരിശുമരണം പരോന്മുഖതയുടെ പരകോടിയാണ് (മർക്കോ 10:45; 14:24). പരസ്‌നേഹത്തിന്റെ കൊടുമുടിയാണത്. അതു തന്നെയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയമായ ആവിഷ്‌കാരവും. അങ്ങനെയെങ്കിൽ വചനമെന്ന് പറയുന്നത് 'മറ്റുള്ളവർക്കായി ജീവ ത്യാഗം ചെയ്യുന്ന മനുഷ്യപുത്രനാണ്'; അവനിലെ ജീവനാണ്; മനുഷ്യത്വത്തിന്റെയും മനുഷ്യജീവന്റെയും നിറവാണ് വചനമാകുന്ന വിത്ത്.

അങ്ങനെയെങ്കിൽ ഫലം പുറപ്പെടുവിക്കാനായി നമ്മിലേക്ക് വിതക്കപ്പെടുന്ന വിത്ത് നമ്മിലെ 'ജീവൻ' തന്നെയാണ്, 'മനുഷ്യജീവനാണ്'. നമ്മിൽ വിതക്കപ്പെട്ടിരിക്കുന്ന ജീവൻ ഫലം പുറപ്പെടുവിക്കുന്നുണ്ടോ എന്നതാണ് ഇന്ന് നമ്മൾ ചോദിക്കേണ്ട പ്രധാന ചോദ്യം.

'ജീവൻ' മുപ്പതും അറുപതും നൂറുമേനിയായി വിളയുന്നത് നമ്മൾ കണ്ടത് എപ്പോഴാണ്? ഉറപ്പായും നമുക്ക് പറയാൻ പറ്റും, ഓഗസ്റ്റ് പതിനഞ്ചിനു ശേഷം കേരളത്തിലുണ്ടായ പ്രളയ കാലത്താണെന്ന്. 'മനുഷ്യജീവൻ' അതിന്റെ നിറവിൽ ഫലം പുറപ്പെടുവിക്കുന്ന അനേകമനേകം സംഭവങ്ങൾ നമ്മൾക്ക് ഈ പ്രളയകാലത്ത് കാണാനായി.

പാണ്ടനാട്ടുകാരാനായ ദുബായി വ്യവസായി രക്ഷപ്പെട്ടതിന്റെ കഥ. "ഞങ്ങളുടെ ജീവൻ അപകടപ്പെടുത്തിയാണെങ്കിലും ഞങ്ങൾ നിങ്ങളെ രക്ഷിക്കും" എന്ന് പറഞ്ഞ മത്സ്യത്തൊഴിലാളികളികൾ! (ഓഡിയോ കേൾക്കുക). മനുഷ്യജീവൻ അതിന്റെ നിറവിൽ ഫലം പുറപ്പെടിവിച്ച അവസരമല്ലേ ഇത്?

തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയയെന്ന കൊച്ചുകുട്ടി നാലു വർഷം സ്വരുക്കൂട്ടി സൈക്കിൾ വാങ്ങിക്കാനായി സൂക്ഷിച്ചരുന്ന 9000 രൂപ സംഭാവന ചെയ്ത സംഭവം. മനുഷ്യജീവൻ നുറുമേനിയായി വിളഞ്ഞുനിൽക്കുന്ന അനുഭവമല്ലേ ഇത്? (ഓഡിയോ കേൾക്കുക). മലപ്പുറംകാരൻ കെ. പി. ജയ്‌സന്റെ കഥ (ഓഡിയോ കേൾക്കുക).

ഈ പ്രളയകാലത്താണ് മനുഷ്യജീവൻ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതായി മലയാളികൾ കണ്ടത്. മനുഷ്യത്വം അതിന്റെ നിറവിലേക്ക് വളരുന്നത് മലയാളി തിരിച്ചറിഞ്ഞനുഭവിച്ചത് ഈ പ്രളയകാലത്താണ്.

അപ്പോൾ തമ്പുരാൻ നമ്മളോട് പറഞ്ഞ ഒരു 'പാരബിൾ' ആയിരുന്നു ഈ പ്രളയമെന്നു വരുന്നു. അങ്ങനയെങ്കിൽ 'ഉപമ' അഥവാ 'പാരബിൾ' പറയുമ്പോൾ സംഭവിക്കുന്നൊരു സംഗതിയുണ്ട്. ഉപമാകഥക്ക് വിശദീകരണം ചോദിക്കുമ്പോൾ ശിഷ്യരോട് ഈശോ പറയുന്ന മറുപടിയിലാണ് അത് വ്യക്തമാകുന്നത്: "നിങ്ങൾക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യം നൽകപ്പെട്ടിരിക്കുന്നത്. പുറത്തുള്ളവർക്കാകട്ടെ എല്ലാം ഉപമകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സു തിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്" (മർക്കോ 4:11-12.) അതായത് ഉപമ അതിന്റെ ശ്രോതാക്കളെ രണ്ടായി തിരിക്കുമെന്നർത്ഥം- അകത്തുള്ളവരെന്നും പുറത്തുള്ളവരെന്നും. ഇതിൽ അകത്തുള്ളവർക്ക് ഉപമയുടെ രഹസ്യം ലഭിക്കും. പുറത്തുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുമെങ്കിലും ഗ്രഹിക്കുന്നവരാകില്ലേ. തൽഫലമായി അവർ മനസ്സു മാറുകയും രക്ഷപ്പെടുകയും ചെയ്യില്ല.

തമ്പുരാൻ നമ്മളോട് പറഞ്ഞ 'പ്രളയമെന്ന പരബിൾ' നമ്മൾ ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടോ? ഇതാണ് നമ്മൾ ഓരോരുത്തരും നമ്മളോടു തന്നെ ചോദിക്കേണ്ടത്. ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും വചനത്തെ തടയുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഈശോ പറയുന്നുണ്ട്. അതിൽ മൂന്നാമത്തേത് ശ്രദ്ധിക്കണം: "ഒരുവൻ വചനം ശ്രവിക്കുന്നു. എന്നാൽ ലൗകികവ്യഗ്രതയും ധനത്തിന്റെ ആകർഷണവും വചനത്തെ ഞെരുക്കുകയും അത് ഫല ശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയിൽ വീണ വിത്ത്" (മത്താ 13:22).

അതായത്, പണത്തിനോടുള്ള ആകർഷണവും ഭൗതികസമ്പത്തും നമ്മിലെ ജീവനാകുന്ന വിത്തിനെ ഞെരുക്കിക്കളയുമെന്നു സാരം. തൽഫലമായി ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും ഭൗതികസമ്പത്ത് നമ്മിലെ ജിവനെ തടയുമെന്നർത്ഥം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ അഭയം പ്രാപിച്ച് സമ്പന്നരായ സ്ത്രീയുടെ സാക്ഷ്യം (ഓഡിയോ കേൾക്കുക). ഭൗതികസമ്പത്ത് നമ്മിലൈ ജീവനെ അതിന്റെ നിറവിലേക്ക് വളരുന്നതിൽ നിന്നും തടയാം. ജീവൻ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതിന് ഭൗതികസമ്പത്ത് തടസ്സമായി നിൽക്കാം. ഈ അപകടം തിരിച്ചറിയുന്നവനു മാത്രമേ ലഭിച്ചിരിക്കുന്ന ജീവനെ അതിന്റെ നിറവിലേക്ക് വിളിയിപ്പിച്ചെടുക്കാനാവൂ.

'ജീവൻ' ഫലം പുറപ്പെടുവിക്കാതിരിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടി ശ്രദ്ധിക്കണം. പാറപ്പുറത്തു വീണ വിത്തിനെ കുറിച്ചു പറയുമ്പോൾ ഈശോ പറയുന്നു: ''വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും, തന്നിൽ വേരില്ലാത്തതിനാൽ... വചനത്തെ പ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തൽക്ഷണം വീണു പോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്'' (മത്താ 13:21).

ക്ലേശവും ജീവിതത്തിലെ പ്രതിസന്ധികളും വരുമ്പോൾ ഫലം പുറപ്പെടുവിക്കാതെ കൂമ്പടഞ്ഞുപോകുന്ന വിത്തുകളുണ്ട്. ജീവിത്തിന്റെ സങ്കടങ്ങൾ കാരണം വളരാതെ മുരടിച്ചു പോകുന്ന ജീവനുണ്ട്. ഇതിനെക്കിറിച്ചാണ് ഇവിടെ ഈശോ പറയുന്നത്.

അരുൺ ഷൂറിയുടെയും മകൻ ആഥിത്യയുടെയും കഥ. ഒരേയൊരു മകൻ സെറിബൽ പാൾസി ബാധിച്ച കുട്ടിയാണെന്നത് ഒരുവന്റെ ജീവിത്തതിലെ ഏറ്റഴും വലിയ നൊമ്പരമായിരിക്കും. ഒരുവനെ തകർക്കാൻ മാത്രം ശക്തിയുള്ള നൊമ്പരം. എന്നാൽ, അതേ സമയം ഒരുവനിലെ ജീവനെയും മനുഷ്യത്വത്തെയും വളർത്തി വിളയിക്കാനുള്ള ഏറ്റവും നല്ല ഒരു സന്ദർഭം കൂടിയല്ലേ അത്? അരുൺ ഷൂറിയെന്ന പ്രശസ്ത പത്രപ്രവർത്തകന്റെ 'മനുഷ്യത്വം' നൂറുമേനിയായി വിളഞ്ഞു കതിരായത് ആഥിത്യയെന്ന മകന്റെ വൈകല്യത്തിന് മുമ്പിലായിരുന്നു (ഓഡിയോ കേൾക്കുക).

ജീവത്തിലെ ക്ലേശവും പ്രതിസന്ധികളും നിന്നിലെ ജീവന്റെ വളർച്ച മുരടിപ്പിച്ചു കളയുന്ന കല്ലും പാറയുമായി പരിണമിക്കാം. അതേസമയം തന്നെ നിന്നിലെ മനുഷ്യത്വത്തെ കൂടുതൽ ഊർജ്ജസ്വലതയോടെ വളർത്താനും കൂടുതൽ ഫലം പുറപ്പെടുവിക്കാനുമുള്ള അവസരമാക്കി അതിനെ കൂടുതൽ ഫലം നിനക്കും മാററിയെടുക്കാനും പറ്റും.

പ്രളയമെന്ന നമ്മോട് പറയുന്നത് ഇതു തന്നെയാണ്. കാരണം, പ്രളയം മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഏറ്റവും കൊടിയ നാശമാണ്. എന്നാൽ ഈ പാരബിൾ ഗ്രഹിച്ച് അകത്തുള്ളവരാകണമെങ്കിൽ ഈ പാരബിൾ വച്ചു നീട്ടുന്ന സാധ്യതകൾ നാം തിരിച്ചറിയണം നമ്മിലെ ജീവനെ നൂറുമേനി വിജയിപ്പിക്കുന്ന സന്ദർഭമാക്കി ഇതിനെ മാറ്റണം.

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഇതൊരു അവസരമാണ്. ഈ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന തിരിച്ചറിയാനുള്ള അവസരം. സമ്പത്തും, ഭൗതിക നേട്ടങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ടത്, മറിച്ച് നിന്നിലെ ജീവിതം. അതിന്റെ ഹൃദമായ മനുഷ്യത്വവുമാണ്, പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയാനും, നിന്റെ ജീവനെ നൂറുമേനിയിലേക്ക് വളർത്താനുള്ള അവസരം.

അതേ പോലെ തന്നെ പ്രളയ കെടുതിയുടെ നാശനഷ്ടങ്ങളിൽ പെടാത്തവർക്കും ഇതൊരു അവസരമാണ്. തങ്ങളിലെ മനുഷ്യ ജീവനെ വളർത്താനും, മുനഷ്യത്വത്തെ വളർത്താനും സങ്കടപ്പെടുന്നവരുമായി തങ്ങളുടെ പങ്കു വയ്ക്കാനുമുള്ള അവസരം. നൊമ്പരപ്പെടുന്നവരെ ചേർത്തു പിടിക്കാനുള്ള അവസരം. അതിലൂടെ തങ്ങളിലെ തന്നെ മനുഷ്യത്വത്തെ നൂറുമേനിയായി വളർത്തിയെടുക്കാനുള്ള അവസരം.

ഈശോ നമ്മളോടു പറയുന്ന ഉപമാകഥയുടെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം. തമ്പുരാൻ നമ്മിലേക്ക് വിതച്ചിരിക്കുന്ന ജീവനെ നൂറുമേനിയായി നമുക്ക് ഫലം വിളയിക്കാൻ പറ്റും, നമ്മിൽ വിതക്കപ്പെട്ടിരിക്കുന്ന ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംഗമാണെന്നറിയുക. ഈ ജീവനാണ് നിന്റെ ശരീരത്തെക്കാളും ഭൗതിക സമ്പത്തിനെക്കാളും

വലുതെന്നു തിരിച്ചറിയുക. അങ്ങനെയെങ്കിൽ നിന്റെ സമ്പത്തും ഭൗതികനേട്ടങ്ങളും നിന്നിലെ ജീവന്റെ വളർച്ചയ്ക്ക് തടസ്സമാകാതെ നീ സൂക്ഷിക്കണം. അതോടൊപ്പം ജീവിതത്തിലെ നൊമ്പരങ്ങൾ ജീവന്റെ കെടുത്താൻ ഇടയാക്കാതെയും നേരെ മറിച്ച്, ഓരോ നൊമ്പരവും നിന്റെ ജീവനെയും മനുഷ്യത്വത്തെയും വളർത്താനുള്ള അവസരങ്ങളാക്കി മാറ്റണം. അപ്പോഴാണ് നൂറുമേനി വിളവ് നൽകുന്ന വയലായി നിന്റെ ജീവിതം പരിണമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP