Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

''നമ്മൾ മോശയുടെ ശിഷ്യന്മാരാണോ അതോ ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ"

''നമ്മൾ മോശയുടെ ശിഷ്യന്മാരാണോ അതോ ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ ശിഷ്യന്മാർ ഈശോയോട് ഒരു ചോദ്യം ചോദിക്കുകയാണ്. കേരളസഭയിലെ ആത്മീയരംഗത്ത് നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നത്തിലേക്കാണ് ഈ ചോദ്യം വിരൽ ചൂണ്ടുന്നത്.

ജന്മനാ അന്ധനായവനെ മുൻ നിർത്തിയാണ് ചോദ്യം. ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം മൂലമാണ്? ഇവന്റെ പാപം മൂലമാണോ, അതോ ഇവന്റെ മാതാപിതാക്കളുടെ പാപം മൂലമാണോ? ഈ ചോദ്യത്തിന് അടിസ്ഥാനമായി നിൽക്കുന്നത് രണ്ട് പഴയ നിയമ ഭാഗങ്ങളാണ്.

ഒന്നാമത്തേത്‌, സീനായ് മലയിൽ വച്ച് മോശയ്ക്ക് 10 കൽപ്പനകൾ കൊടുക്കുന്ന സന്ദർഭത്തിലെ വചനമാണ്. ''എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാൻ ശിക്ഷിക്കും'' (പുറ 20: 5).

ആദ്യത്തെ കൽപ്പകകൾ തല്ലിത്തകർത്തതിനു ശേഷം വീണ്ടും കൽപ്പകകൾ നൽകുന്ന പശ്ചാത്തലത്തിലാണ് അടുത്ത വചനം. ''എന്നാൽ കുറ്റവാളികളുടെ നേരെ കണ്ണടക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങൾക്ക്‌ മക്കളെയും മക്കളുടെ മക്കളെയും മൂനന്നം നാലും തലമുറ വരെ ശിക്ഷിക്കുന്നവനാണ് ഞാൻ'' (പുറ 34: 7).

ഈ രണ്ടു തിരുവചനങ്ങളുടെ പശ്ചാത്തലത്തിലാണ്‌
യൂദസസമൂഹത്തത്തിൽ മേൽപ്പറഞ്ഞ ചിന്ത വളർന്നത്‌. അതായത് ഒരുവന്റെ അംഗ വൈകല്യവും ജീവിത ക്ലേശവും പൂർവ്വികരുടെ പാപത്തിന്റെ ഫലമാണെന്ന്.

മുമ്പോട്ടു പോകുമ്പോൾ ഈ സുവിശേഷ ഭാഗത്ത് ഫരിസേയർ അന്ധനായിരുന്നവനോട് പ്രതികരിച്ചപ്പോഴും ഈ ചിന്ത തന്നെയാണ് പുറത്തേക്ക് വരുന്നത്. ''പൂർണ്ണമായും പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ?'' (യോഹ 9: 34).

പാപത്തിന്റെ പരിണതഫലമാണ് ഒരുവന്റെ ദുരന്തങ്ങളും ക്ലേശങ്ങളുമെന്ന ചിന്ത യൂദ മതചിന്തയുടെ ഭാഗമായിരുന്നു. ഇതാണ് ശിഷ്യരുടെ ചോദ്യത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഒരർത്ഥത്തിൽ യോഹന്നാന്റെ സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രശ്‌നം തന്നെയായിരിന്നിരിക്കാം ഇത്.

ഈ ചോദ്യത്തിന് ഈശോയുടെ മറുപടി വളരെ അസന്നിഗ്ദ്ധമാണ്. ''ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ പാപം ചെയ്തിട്ടല്ല. പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്'' (യോഹ 9: 3).

ഒരു സന്ന്യാസശിഷ്യന്റെ കഥ. അവനുണ്ടായ ഒരു ദൈവിക സന്ദേശം. മുടന്തൻ ചെന്നായ്ക്ക് പതിവായി ഭക്ഷണം കൊടുക്കുന്ന സിഹംത്തിന്റെ കഥ (ഓഡിയോ കേൾക്കുക).

ഈശോ ഇന്ന് പറയുന്നതും ഇതു തന്നെയാണ്. ജീവിത ദുരന്തവും ക്ലേശങ്ങളും നിന്റെ മുമ്പിൽ കൊണ്ടു വരുന്നത് നിനക്കുള്ള സന്ദേശമാണ്. അത് ഈശോയുടെ വചനത്തിൽ തന്നെ വ്യക്തമാണ്. ''ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിന്റ പ്രകാശമാണ്'' (യോഹ 9: 5).

അന്ധൻ മുമ്പിൽ നിൽക്കുമ്പോഴാണ് താൻ ലോകത്തിന്റെ പ്രകാശമാണെന്ന് ഈശോ പറയുന്നത്. അതായത് ആദ്യമായി ഈശോ ആ അന്ധന് പ്രകാശമാണെന്ന്. അത് പറഞ്ഞിട്ട് ഈശോ ചേറുണ്ടാക്കി അന്ധന്റെ കണ്ണിൽ പുരട്ടുന്നു. അന്ധൻ കഴുകുന്നു. അതിലൂടെ അവന്റെ കണ്ണുകൾക്ക് പ്രകാശം ലഭിക്കുന്നു. ഈശോ അന്ധന്റെ കണ്ണുകൾക്കും ജീവിതത്തിനും പ്രകാശമായി തീരുന്നു എന്നർത്ഥം.

അംഗവൈകല്യങ്ങളും ജീവിത ദുരന്തങ്ങളും ആരുടെയും പാപം മൂലമല്ല. മറിച്ച് ദൈവിക പ്രവൃത്തികൾ പ്രകടമാക്കാനുള്ള അവസരമാണ്. ദൈവിക പ്രവൃത്തിയുടെ ഉപകരണമായിത്തീരാൻ നിനക്കുള്ള ക്ഷണമാണത്. അന്ധന് വെളിച്ചമാകാനും, ചെകിടന്റെ കാതാകാനും,
മൂകന്റ്‌ ശബ്ദമാകാനും, ബലഹീനന് കൈത്താങ്ങാകാനും ദൈവം നിന്നെ ക്ഷണിക്കുന്നു.

''കരുണായമൻ'' എന്ന പുസ്തകത്തിൽ (പേജ് 144) വിവരിക്കുന്ന ഒരു സംഭവം. ഓട്ടിസം ബാധിച്ച രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന്റെ കഥ (ഓഡിയോ കേൾക്കുക).

ജന്മനാ അന്ധനായവനെ കുറിച്ചുള്ള ചോദ്യവും, അതിനോടുള്ള ഈശോയുടെ മറുപടിയും, തുടർന്നുള്ള അവന്റെ പ്രവൃത്തിയും നമ്മോടു പറയുന്നത് ഇതാണ്‌. നമ്മുടെ കൂടെയും നമ്മുടെ ചുറ്റും ഉള്ളവരുടെ വൈകല്യങ്ങളും കുറവുകളും
ദൈവം നമ്മുക്ക്‌ തരുന്ന ക്ഷണങ്ങളാണ്. അവരുടെ വൈകല്യങ്ങൾക്ക് പരിഹാരവും കുറവുകൾക്ക് കൈത്താങ്ങുകളുമാകാൻ. അതിലൂടെ അവരുടെ ജീവിതത്തിൽ ദൈവികപ്രവർത്തനത്തിന്റെ ഉപകരണങ്ങളായിത്തീരാൻ.

യഹൂദരും ഫരിസേയരും അന്ധനായിരുന്നവനോടു പ്രതികരിക്കുമ്പോൾ പറയുന്നത് ശ്രദ്ധിക്കണം. ''നീയാണ് അവന്റെ (ക്രിസ്തുവിന്റെ) ശിഷ്യൻ, ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്‌." ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രസ്താവനയാണ്. അതായത് മോശയുടെ ശിഷ്യന്മാരുടെ കാഴ്ചപ്പാടാണ് പൂർവ്വികരുടെ പാപം മൂലം അംഗവൈകല്യം സംഭവിക്കുന്നുവെന്നത്.

എന്നാൽ ക്രിസ്തുശിഷ്യരുടെ കാഴ്ചപ്പാട് ഇതായിരിക്കരുതെന്നു തന്നെയാണ് ഈശോ വ്യക്തമായി പറയുന്നത്. ചുരുക്കത്തിൽ മോശയുടെ ശിഷ്യരുടെ കാഴ്ചപ്പാടും, ക്രിസ്തുശിഷ്യരുടെ കാഴ്ചപ്പാടും രണ്ടാണ് എന്നർത്ഥം.

കേരള സഭയിലെ ആത്മീയ ജീവിതത്തിൽ
ആഴപ്പെട്ടു വരുന്ന അപകടമാണ് മോശയിലേക്ക് തിരികെപ്പോകാനുള്ള പ്രവണത, മോശയുടെ ശിഷ്യരായിത്തീരാനുള്ള പ്രലോഭനം. തോറായുടെ പ്രതിനിധിയാണ്‌ മോശ, പഴയ നിയമത്തിന്റെ തന്നെ പ്രതീകമാണ് മോശ. അപ്പോൾ, മോശയുടെ ശിഷ്യരാകുക, അഥവാ മോശയിലേക്ക് തിരികെ പോകുക എന്നു പറഞ്ഞാൽ, പഴയ നിയമത്തിലേക്ക് തിരികപ്പോകുക എന്നു സാരം.

എന്താണ്‌ ഇതിന്റെ അപകടം? ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്ന അവസ്ഥയിൽ നിന്നം മോശയുടെ ശിഷ്യന്മാരെന്ന അവസ്ഥയിലേക്കുള്ള തിരിച്ചു പോക്ക് ഒരു വളർച്ചയല്ല, അധ:പതനവും ജീർണ്ണതയുമാണ്. കേരളത്തിലെ പല ധ്യാനകേന്ദ്രങ്ങളിലും ആത്മീയതയുടെ പേരിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഈ ജീർണ്ണതയല്ലാതെ മറ്റെന്താണ്?

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് കത്തോലിക്കാ സഭയുടെ പഠനത്തിന് ഘടക വിരുദ്ധമാണ് എന്നതാണ്. അതായത് ബൈബിളിനെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നതിനെക്കുറിച്ച് കത്തോലിക്കാ സഭയ്ക്ക് കൃത്യമായ നിർദ്ദേശവും മാർഗ്ഗരേഖയുംമുണ്ട്. അവയ്ക്കെല്ലാം ഘടക വിരുദ്ധമായ രീതിയാണ് മുകളിൽ പറഞ്ഞത്.

ബൈബിൾ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് സഭ പുറത്തിറക്കിയ ഏറ്റവും ഒടുവിലത്തെ രേഖയാണ്-
1993 ൽ പ്രസിദ്ധീകരിച്ച ‘The Interpretation of the Bible in the Church’ എന്ന രേഖ. വത്തിക്കാനിലെ ബൈബിൾ കമ്മീഷനാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ രേഖയുടെ ഒന്നാം അദ്ധ്യായത്തിൽ ബൈബിളിന്റെ തീവ്രവാദപരമായ വായന (fundamentalist reading) അരുതെന്ന് പറയുന്നുണ്ട്. ബൈബിൾ വചനങ്ങളെ അവയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ അക്ഷരാർത്ഥത്തിൽ വായിക്കുന്നതിനെയാണ് തീവ്രവാദ വായനയെന്ന് പറയുന്നത്.

എങ്ങനെയാണ് ശരിയായ രീതിയിൽ വായിക്കേണ്ടതെന്ന് രണ്ടാം അദ്ധ്യായത്തിൽ ഈ രേഖ വിശദീകരിക്കുന്നുണ്ട്. ക്രിസ്തുശിഷ്യൻ പഴയ നിയമത്തെയും പഴയനിയമ വചനങ്ങളെയും ക്രിസ്തുകേന്ദ്രീകൃതമായാണ്‌ വായിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നു. അതായത് പഴയ നിയമത്തെയും
അതിലെ വചനങ്ങളെയും സുവിശേഷത്തിലെ ക്രിസ്തുവിന്റെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വായിക്കണമെന്ന് സാരം. കാരണം പഴയനിയമത്തിന്റെ പൂർത്തീകരണമാണല്ലോ ക്രിസ്തു.

അതിനാലാണ് ഇന്നത്തെ സുവിശേഷത്തിൽ വ്യക്തമാകുന്ന പഴയനിയമ ചിന്തയെ ക്രിസ്തു തിരുത്തുന്നത്‌. ഇത്തരം അനേകം വിഷയങ്ങളും
സന്ദർഭങ്ങളും സുവിശേഷത്തിൽ തന്നെ നമുക്ക് കാണാനാവും. ക്രിസ്തു, പഴയനിയമത്തെ തിരുത്തുകയും വളർത്തുകയും പൂർണ്ണതയിലെത്തിക്കുകയും ചെയ്യുന്നുവെന്നു സാരം.

അതിനാൽ പഴയനിയമത്തിലെ വചനങ്ങളെ അതേപടി എടുക്കുകയല്ല ക്രിസ്തുശിഷ്യർ ചെയ്യേണ്ടത്. മോശയുടെ ശിഷ്യർ ചെയ്യുന്നതു പോലെ ക്രിസ്തു ശിഷ്യർ ചെയ്യരുതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശാ നമ്മോട് ആവശ്യപ്പെടുന്നത്. അതായത് പഴയ നിയമത്തിലെ ഏതൊരു വചനത്തെയും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വായിക്കാനാണ് ക്രിസ്തുവും സുവിശേഷവും സഭയും നമ്മെ പഠിപ്പിക്കുന്നത്.

മുൻപുപറഞ്ഞ രേഖ ഒരു കാര്യം കൂടി വിശദമാക്കുന്നുണ്ട്. ക്രിസ്തോന്മുഖമായി വായിക്കുക എന്നു പറഞ്ഞാൽ, ക്രിസ്തുവിന്റെ ''പെസഹാ രഹസ്യങ്ങളുടെ'' വെളിച്ചത്തിൽ വേണം പഴയനിയമത്തെ വ്യാഖ്യാനിക്കാനെന്ന് രേഖ
വ്യാക്തമാക്കുന്നു. അതായത്, 'പെസഹാരഹസ്യം'
ബൈബിൾ വായനയിൽ ഒരു രാസധ്വരകമായി (catalyst) വർത്തിക്കണമെന്ന് സാരം. സ്വയം മാറാതെ അടുത്തു വരുന്നതിനെയൊക്കെ രൂപാന്തരപ്പെടുത്തുന്നതാണ് രാസധ്വരകം. ഈശോയുടെ 'പെസഹാരഹസ്യം' ബൈബിൾ വായനയിലെ രാസധ്വരകമായി വർത്തിക്കണമെന്ന് സഭ പഠിപ്പിക്കുന്നു.

പെസഹാ രഹസ്യം ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവുമാണ്‌. പെസഹാരഹസ്യത്തിന്റെ ഹൃദയമെന്നത് പരസ്‌നേഹമാണ്. കാരണം ഈശോ സ്വന്തം മരണത്തിന്റെ സവിശേഷതയായി പറഞ്ഞത് മറ്റുള്ളവർക്ക് വേണ്ടിയുള്ള മരണമാണ് (മർക്കോ 10:45;14: 24;.

ചുരുക്കത്തിൽ പെസഹാ രഹസ്യങ്ങളുടെ ഹൃദയമായി നിൽക്കുന്ന ''പരസ്‌നേഹത്തിന്റെ'' കണ്ണുകളിലൂടെയാണ് പഴയനിയമത്തെ നാം വായിക്കേണ്ടത് എന്നു വരുന്നു.

ഒന്ന് ശ്രദ്ധിത്തു നോക്കിക്കേ. നമ്മുടെ ധ്യാന കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്നത് പഴയനിയമത്തിലെ വചനങ്ങളല്ലേ? എന്നാൽ അവയെ ക്രിസ്തു കേന്ദ്രീകൃതമായിട്ടാണോ വ്യാഖ്യാനിക്കുന്നത്? പലപ്പോഴും അല്ലെന്ന്തന്നെ പറയേണ്ടി വരും. അതോടൊപ്പം പഴയമനിയമ വചനങ്ങളെ അവയുടെ ചരിത്രപഞ്ചാത്തലത്തിൽ മനസ്സിലാക്കാതെയും കൂടി വരുമ്പോൾ സംഭവിക്കുന്നത് തീവ്രവാദപരമായ വ്യാഖ്യാനമാണ്. ഇത് തെറ്റാണണെന്നും, അപജയമാണെന്നുമാണ്‌ സഭ പഠിപ്പിക്കുന്നതന്നത്‌. പോരാ, അതിലൂടെ മോശയുടെ ശിഷ്യരായിത്തീരാനുള്ള പുറകോട്ടുള്ള യാത്രയിൽ പെട്ടുപോകുകയാണ് നമ്മൾ.

പൂർവ്വികരുടെ പാപത്തെക്കുറിച്ചു മാത്രമല്ല, മറ്റനേകം കാര്യങ്ങളെക്കുറിച്ചും - ദൈവസങ്കൽപ്പത്തെ കുറിച്ചും, പാപത്തെക്കുറിച്ചും, സാംസ്‌കാരികാനു രൂപത്തെക്കുറിച്ചും, മറ്റു മതങ്ങളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം - ഇത്തരമൊരു ആത്മീയതയല്ലേ ധ്യാന കേന്ദ്രങ്ങൾ വളർത്തിയെടുക്കുന്നത്???

ഇതിന്റെയെല്ലാം അടിസ്താന കാരണം, ബൈബിൾ എങ്ങനെ വ്യാഖ്യാനിക്കണമെന്ന കത്തോലിക്കസഭയുടെ വ്യക്തമായ നിദ്ദേശങ്ങൾ ഒരു പറ്റം ധ്യാനഗുരുക്കന്മാർ പരസ്യമായി ലംഘിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. അതിനെ തിരുത്തേണ്ട സഭാനേതൃത്വവും, ദൈവശാസ്ത്രജ്ഞരും മൗനം പാലിക്കുകയും ചെയ്യുന്നു. ഫലമോ, കേരളത്തിലെ ക്രിസ്തു ശിഷ്യർ അവർ അറിയാതതന്നെ മോശയുടെ ശിഷ്യരായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. മോശയുടെ ആത്മീയത സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

അതിനാൽ ഇന്നത്തെ സുവിശേഷത്തിൽ ഈശോ നൽകുന്ന തിരുത്തലും വെളിച്ചവും നമുക്ക് സ്വീകരിക്കാം. നമ്മുട കണ്ണുകൾ ക്രിസ്തുവിന്റെ കാഴ്ചപ്പാടിനാൽ തുറക്കപ്പെടാനായി നമുക്ക് നമ്മെതന്നെ ഒരുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP