Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഓണപ്പൂക്കൾ മനസ്സിൽ വിരിയണം'

'ഓണപ്പൂക്കൾ മനസ്സിൽ വിരിയണം'

 ടലും കരയും കടന്ന് മറുനാടൻ മനസ്സുകളിൽ മഹാബലിയുടെ രൂപത്തിൽ ഒരിക്കൽ കൂടി തിരുവോണം വരവായി. പൂക്കളം, മഹാബലിയുടെ വരവേല്പും, ഓണസദ്യയും, ഓണപ്പുടവയും, തിരുവാതിരയും എല്ലാം നമ്മുടെ തിരുമുറ്റത്ത് എത്തിക്ക്കഴിഞ്ഞു. തനതായ ആഘോഷ തിമിർപ്പിൽ ഒരു ഓണക്കാലം കൂടി വരവേൽക്കുവാൻ മറുനാടൻ മലയാളികൾ തയ്യാറെടുത്തു കഴിഞ്ഞു.

ഒരു ഗഥകാല നന്മയുടെ നല്ല നാളുകളെ അനുസ്മരിക്കുക മാത്രമല്ല ഈ ആഘോഷങ്ങളിലൂടെ നാം ചെയ്യുന്നത്. ആ പൂക്കാല സ്മരണകളെ നമ്മുടെ ഹൃദയങ്ങളിൽ കുടിയിരുത്തുവാനും നാം ശ്രമിക്കുകയാണ്. ഇന്നത്തെ ഓണാഘോഷങ്ങൾ, ബാഹ്യമായ പ്രകടനങ്ങൾ മാത്രമായി ചുരുങ്ങിപ്പോയോ എന്ന സന്ദേഹം പലപ്പോഴും ഇതിൽ പങ്കെടുക്കുമ്പോൾ തോന്നാറുണ്ട്. നൃത്തങ്ങളാലും സംഗീത ധ്വനിയാലും മുഖരിതമാകുന്ന ഹാളുകൾക്ക് ഉള്ളിൽ നഷ്ടപ്പെടുത്തിയ ആത്മാവിന്റെ തേങ്ങലുകൾ ഒരു പക്ഷെ നീണ്ട നെടുവീർപ്പുകളായി മാറിയേക്കാം. കാലമാകുന്ന യവനികയ്ക്കപ്പുറത്ത് ഒരു ജനതയുടെ വിശ്വാസത്തിന്റേയും, സംസ്‌കൃതിയുടേയും വർണ്ണങ്ങളിൽ ചാലിച്ചെടുത്ത പൗരാണിക സങ്കല്പങ്ങളുടെ ചായക്കൂട്ട് ഇതിന്റെ ക്യാൻവാസിലേക്ക് പകർത്തുമ്പോൾ ഒരു നഷ്ടയുഗത്തിന്റെ തേങ്ങലുകൾ മാത്രമല്ല അലയടിക്കുന്നത്. പ്രത്യുത കൈമോശം വന്ന ഒരു ആത്മാവിന്റെ നഷ്ടബോധം കൂടിയാണ്.

ചരിത്രത്തിലെ തിരുവോണം ശാന്തിയുടേയും സമാധാനത്തിന്റെയും സായൂജ്യം മാത്രമല്ല ഒരു പുതിയ ലോകത്തിന്റെ പ്രതീക്ഷയും കൂടി ആയിരുന്നു. ഉച്ചനീചത്വങ്ങൾ ഇല്ലാത്ത, പൂജിതങ്ങളും നിഷേധങ്ങളും അല്ലാത്ത സമത്വസുന്ദരമായ ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു തിരുവോണം. ദേവലോക വാസികളായ അസുരന്മാർ അസൂയാലുക്കൾ ആയപ്പോൾ, താഴെയുള്ള നരന്മാർ ദേവതുല്യരായ ഇതിഹാസ ചരിത്രമാണ് തിരുവോണം. സത്യത്തെ ചവുട്ടി താക്കുവാൻ ഉയർന്ന വാമനന്മാർ ഇന്നും സജീവരായി നിലകൊള്ളുന്നു എന്നതാണ് സത്യം. സാമൂഹ്യ വ്യക്തി ന്യൂനതയെ ചൂഷണം ചെയ്യുവാനും, ദൗർബല്യങ്ങളെ മുതലെടുക്കുവാനും നിതാന്ത പരിശ്രമത്തിലാണ് അഭിനവ വാമനന്മാർ. ഒരുവന്റെ ഇല്ലായ്മയെ സമർത്ഥമായി ഇതരന്റെ ആർഭാടമാക്കി മാറ്റുന്നതാണ് ഈ കാലഘട്ടത്തിന്റെ സാമൂഹ്യപാഠം. ഒരു പക്ഷെ ഇല്ലാത്തവനിൽ നിന്നും എടുത്ത് ഉള്ളവനു കൊടുക്കട്ടെ എന്ന വേദ വചനം ഈ കാലഘട്ടത്തിലെ ബുദ്ധിരാക്ഷസന്മാർ തങ്ങളുടെ ജീവിതതപസ്യയാക്കി മാറ്റി. സമത്വസുന്ദര നാളുകൾ മഹാബലികഥയുടെ കൊഴിഞ്ഞ അദ്ധ്യായങ്ങളായി മാറിപ്പോയോ?

തുല്യ അവകാശങ്ങളും തുല്യ സ്ഥാനങ്ങളും മാത്രമല്ല മഹത്തായ സഹോദര്യത്തിന്റെ മകുടമാണ് ഈ മനുഷ്യരാശിയെന്ന് പഠിപ്പിച്ച മഹാബലിയുടെ നാളുകൾ നമ്മെ ഓർമപ്പെടുത്തുന്നത് അധഃസ്ഥിതരുടെയും അടിമകളുടെയും ഉദ്ധാരണത്തിന് സ്വയം ഭാഗമായ യേശുക്രിസ്തുവിനെയാണ്. സമൂഹത്തിന്റെ സമൂലമായ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്ന ഘടകങ്ങളാണ് മഹാബലിയും യേശുക്രിസ്തുവിന്റെ പഠിപ്പിക്കലും. അതിലുപരിയായി സ്‌നേഹിച്ച ജനതയ്ക്ക് വേണ്ടി ജീവാർപ്പണം ചെയ്ത മഹത്തായ ത്യാഗത്തിന്റെ കഥ കൂടിയാണ്. ഐഹീക ജീവിതത്തിനപ്പുറമായി ഒരു പുതുജീവന്റെ പുത്തൻ പ്രതീക്ഷകളാണ് യേശുക്രിസ്തു ഈ ലോകത്തിനു നൽകിയതെങ്കിൽ ഭൂതകാലത്തിന്റെ മനം കുളിർക്കുന്ന സ്മരണകൾ അയവിറക്കാൻ എല്ലാ വർഷവും നാടോടുകൂടി ചേരുന്ന ഒരു മഹാബലിയെയാണ് തിരുവോണം നമുക്ക് നൽകുന്നത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക മാത്രമല്ല തിരുവോണം പഠിപ്പിക്കുന്നത്, നമുക്ക് ചുറ്റും ഉള്ളവരെ കരുതുവാനും, സ്‌നേഹിക്കുവാനും, ബഹുമാനിക്കുവാനും നമുക്ക് കഴിയണം. മൂല്യത്തിന്റെ അളവുകോല് സ്‌നേഹത്തിലധിഷ്ഠിതമാകുമ്പോൾ അകലങ്ങൾ അടുപ്പങ്ങളായി മാറ്റുവാൻ കഴിയും. ആഘോഷങ്ങൾ വ്യക്തി നാമ മഹത്വ പ്രഖ്യാപനങ്ങളാകാതെ സാമൂഹ്യ നന്മയാക്കയാൽ തിരുവോണത്തിന്റെ സന്ദേശത്തിന് അർത്ഥവും വ്യാപ്തിയും ഉണ്ടാകുന്നു. നന്മയുടെ തീനാളങ്ങൾ വ്യക്തിഹൃദയങ്ങളാൽ ജ്വലിക്കുമ്പോൾ അവ സമൂഹത്തിന്റെ ദീപസ്തംഭങ്ങളായി പരിലസിക്കും. അവയിൽ കൂടി ദേശം മാർഗ്ഗവും ദിശയും കണ്ടെത്തും. മഹാബലിയെ എതിരേല്ക്കാൻ ഒരുക്കുന്ന പൂക്കളങ്ങൾ ഹൃദയത്തിൽ നിന്നും വിരിയുന്ന പൂക്കൾ കൊണ്ടാകട്ടെ എന്നാശിക്കുന്നു. എല്ലാവർക്കും സമത്വസുന്ദരമായ ഓണത്തിന്റെ ആശംസകൾ നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP