Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശൻ; ഗണേശ ചതുർത്ഥി: രൂപത്തിലൂടെ അരൂപത്തിലേക്ക്-ശ്രീ ശ്രീ രവിശങ്കർ

നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശൻ; ഗണേശ ചതുർത്ഥി: രൂപത്തിലൂടെ അരൂപത്തിലേക്ക്-ശ്രീ ശ്രീ രവിശങ്കർ

ശ്രീ ശ്രീ രവിശങ്കർ

ണപതി ഭഗവാൻ തന്റെ ഭക്തർക്ക് സ്വന്തം സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അതിന് കുറേക്കൂടി ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്. ഗണേശനെ ആദിശങ്കരൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗജമുഖനായാണ് ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്മത്തെയാണ് വ്യക്തമാക്കുന്നത്.

'' അജം നിർവ്വീകല്പം നിരാകാരമേകം ''- എന്ന പരാമർശം ഗണേശൻ ഒരിക്കലും ജനിച്ചിട്ടില്ല എന്നാണ് ദ്യോതിപ്പിക്കുന്നത്. അദ്ദേഹം അജം( ജനിക്കാത്തത്) ആണ്. നിരാകാരം(രൂപമില്ലാത്തത്) ആണ്. നിർവ്വികൽപ്പം (ഗുണ വിശേഷണങ്ങളില്ലാത്തത് ) ആണ്. എല്ലായിടത്തുമുള്ള സർവ്വവ്യാപിയായ ചേതനയുടെ പ്രതീകമാണ് ഭഗവാൻ. ഈ പ്രപഞ്ചത്തിന് കാരണമായ ഊർജ്ജമാണ് ഗണപതി. അതേസമയം എല്ലാം പ്രകടമാക്കുന്നതും ഈ ഊർജ്ജത്തിൽനിന്നുതന്നെ. ഈ പ്രപഞ്ചം ലയിക്കുന്നതും ഈ ഊർജ്ജത്തിലാണ്. ഗണേശൻ നമുക്ക് പുറത്തല്ല ഉള്ളത്. മറിച്ച് നമ്മുടെ ഉള്ളിലെ കേന്ദ്ര ബിന്ദുവാണ്. ഇത് വളരെ സൂക്ഷ്മമായ ജ്ഞാനമാണ്. എല്ലാവർക്കും രൂപത്തിൽ അരൂപത്തെ തിരിച്ചറിയാൻ സാധിക്കുകയില്ല.

ഇതറിഞ്ഞ നമ്മുടെ പുരാതന ഋഷിമാർ എല്ലാതാലങ്ങളിലുമുള്ള മനുഷ്യർക്കും രൂപങ്ങൾ മനസ്സിലാക്കാൻ വേണ്ടി സൃഷ്ടിച്ചതാണ്. അരൂപമായതിനെ അനുഭവിക്കാനാവാത്തവർക്ക് ആദ്യം കുറേക്കാലം മൂർത്തരൂപത്തിന്റെ അനുഭവത്തിലൂടെ അരൂപിയായ ബ്രഹ്മനിലേക്കു എത്താൻ കഴിയുന്നു. അതുകൊണ്ട് അരൂപിയാണ് ഗണേശൻ. എന്നാൽ ആദിശങ്കരൻ പ്രാർത്ഥിച്ച ഗണേശരൂപം അരൂപിയായ ഗണേശനെക്കുറിച്ചുള്ള സന്ദേശം നൽകുന്നു. അങ്ങിനെ രൂപത്തിൽ നിന്ന് തുടങ്ങിക്കഴിയുമ്പോൾ സാവധാനം അരൂപിയായ ചേതന പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു.

ഗണേശന്റെ രൂപത്തെ തുടർച്ചയായി ആരാധിക്കുന്നത്തിലൂടെ ഗണേശൻ എന്ന് വിളിക്കുന്ന അരൂപിയായ പരമാത്മാവിലേക്കെത്തുന്നു. അനന്യമായ കലയെ ആണ് ഗണേശചതുർത്ഥി പ്രതിധാനം ചെയ്യുന്നത്. ഗണേശസ്‌തോത്രങ്ങളും ഈയൊരു സന്ദേശമാണ് നൽകുന്നത്. നമ്മുടെ ചേതനയിലെ ഉള്ളിൽനിന്ന് ഗണേശനോട് പുറത്തുവന്ന് മുമ്പിലിരിക്കുന്ന വിഗ്രഹത്തിൽ കുറച്ചുനേരത്തേക്ക് നമ്മോടോപ്പം കളിക്കാനായി ഇരിക്കാൻ നമ്മൾ പറയുന്നു. പൂജക്ക് ശേഷം നമ്മൾ അദ്ദേഹത്തോട് നമ്മുടെതന്നെ ചേതനയിലേക്ക് തിരിച്ചു പോകാനായി വീണ്ടും പ്രാർത്ഥിക്കുന്നു. അദ്ദേഹം വിഗ്രഹത്തിൽ ആവാഹിക്കപ്പടുമ്പോൾ ഈശ്വരൻ നമുക്ക് തന്നതെല്ലാം നമ്മൾ വിഗ്രഹത്തെ പൂജിക്കുന്നതിലൂടെ തിരിച്ചുകൊടുക്കുന്നു.

പൂജ കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷം വിഗ്രഹം ജലത്തിൽ നിമജ്ജനം ചെയ്യുന്നത് ഈശ്വരൻ നമ്മുടെ ഉള്ളിൽത്തന്നെയാണ്, വിഗ്രഹത്തിലല്ല എന്ന തിരിച്ചറിവ് ഉറപ്പിക്കുന്നു. അതുകൊണ്ട് ഗണേശ ചതുർത്ഥി ആഘോഷരൂപത്തിൽ സർവ്വവ്യാപിയായ ഈശ്വരനെ അനുഭവിക്കുന്നതിനെയും അതിൽനിന്ന് ആനന്ദം കണ്ടത്തുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.

ഒരുതരത്തിൽ സംഘടിതങ്ങളായ ഇത്തരം ആഘോഷങ്ങൾ ഉത്സാഹത്തിന്റെയും, ഭക്തിയുടേയും വളർച്ചക്ക് കാരണമാകും. നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശനുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ ആരാധിക്കുമ്പോൾ നമ്മിലെ എല്ലാ സത്ഗുണങ്ങളും വിടർന്നു വികസിക്കും. അദ്ദേഹം ജ്ഞാനത്തിന്റെ ദേവനുമാണ്. നമ്മിൽ ജ്ഞാനം ഉദിക്കുന്നത് ആത്മാവിനെക്കുറിച്ച് അവബോധമുണ്ടാകുമ്പോഴാണ്. ജഡതയുള്ളപ്പോൾ ജ്ഞാനവും അറിവും ഉണ്ടാവുകയില്ല. മാത്രമല്ല ചൈതന്യവും വികാസവും സംഭവിക്കുകയുമില്ല.

അതുകൊണ്ട് ഗണേശന്റെ അധീശനായ ചേതനയെ ഉണർത്തണം. അതുകൊണ്ടാണ് ഏതു പൂജക്ക് മുമ്പും ചേതനയെ ഉണർത്താൻ ഗണേശനെ പ്രാർത്ഥിക്കുന്നത്. ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കൂ..അനന്തമായ സ്‌നേഹത്തോടെ ആരാധിക്കൂ, ധ്യാനിക്കൂ എന്നിട്ട് ഉള്ളിലെ ഗണേശനെ അനുഭവിക്കൂ. ഇതാണ് ഗണേശ ചതുർത്ഥിയുടെ പ്രതീകാത്മക സത്ത. ഉള്ളിൽ മറഞ്ഞുകിടക്കുന്ന ഗണേശ തത്വത്തെ നമുക്ക് ഉണർത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP