Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണിനും മനസിനും കുളിർമയേകാൻ പൂരങ്ങളുടെ പൂരം; തൃശൂർ ജനസാഗരമായി; താള വിസ്മയത്തിൽ അലിഞ്ഞ് പതിനായിരങ്ങൾ

കണ്ണിനും മനസിനും കുളിർമയേകാൻ പൂരങ്ങളുടെ പൂരം; തൃശൂർ ജനസാഗരമായി; താള വിസ്മയത്തിൽ അലിഞ്ഞ് പതിനായിരങ്ങൾ

തൃശൂർ: കണ്ണിനും മനസിനും കുളിർമയേകുന്ന അനുഭവങ്ങൾ സ്വന്തമാക്കാനായി പൂരങ്ങളുടെ പൂരത്തിന് തൃശൂർ നഗരത്തിൽ ജനലക്ഷങ്ങളുടെ പ്രവാഹം. പത്ത് ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന പൂരത്തിന്റെ കാഴ്ചകൾ തേടി നാടൊട്ടുക്കുനിന്നും ജനം ഒഴുകിയത്തെി.

നാദവും വർണവും ദൃശ്യവിസ്മയങ്ങളുമൊക്കെയായാണ് പൂരം ജനമനസുകളിൽ അവിസ്മരണീയ വിരുന്നാകുന്നത്. തെച്ചിക്കോട്ടു രാമചന്ദ്രന്റെ പുറത്തെഴുന്നള്ളിയ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് കണിമംഗലം ശാസ്താവിന് വഴിയൊരുക്കിയതോടെയാണ് രണ്ടുനൂറ്റാണ്ട് ചരിത്ര പാരമ്പര്യമുള്ള പൂരച്ചടങ്ങുകൾക്കു തുടക്കമായത്.

തൊട്ടുപിന്നാലെ മറ്റു ഘടക ക്ഷേത്രങ്ങളുമത്തെി. തിരുവമ്പാടി വിഭാഗത്തിന്റെ പൂര പ്രയാണത്തിനിടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കേളത്ത് കുട്ടപ്പൻ മാരാർ നേതൃത്വം നൽകി. പാറമേക്കാവിന്റെ പൂരം പുറപ്പാടിനും ഇലഞ്ഞിത്തറ മേളത്തിനും മേളപ്രമാണി പെരുവനം കുട്ടൻ മാരാരാണ്. വൈകുന്നേരം 5.30നാണ് പ്രസിദ്ധമായ കുടമാറ്റം.

തലയെടുപ്പുള്ള ആനകളും പേരു കേട്ട മേളക്കാരും അണിനിരക്കുന്നതാണ് ഘടക പൂരങ്ങൾ. ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ ചേർന്ന് പൂരം കെങ്കേമമാകും. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത് (മഠത്തിൽ വരവ്), മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പൂരം നാളിലെ പ്രധാന ചടങ്ങുകൾ.

പകൽപ്പൂരങ്ങൾ രാത്രി വടക്കുന്നാഥ സന്നിധിയിലെത്തും. പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾ മത്സരിച്ചാണ് വെടിക്കെട്ട് നടത്തുന്നത്. നാളെ ഉച്ചക്ക് 12ന് ഇരു വിഭാഗങ്ങളും ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.

ലോകത്തെ പത്തു മനോഹര ദൃശ്യങ്ങളിൽ ഇടംപിടിച്ച തൃശൂർ പൂരം പകർത്താൻ വിദേശചാനലുകളുമെത്തിയിട്ടുണ്ട്. കുടമാറ്റം ലൈവായി പ്രേക്ഷകരിലെത്തിക്കാൻ വിപുല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ദേവിമാരും ശാസ്താക്കന്മാരും മാത്രമാണ് പൂരത്തിലെ പങ്കാളികൾ. തിരുവമ്പാടിയിൽ ഉണ്ണിക്കണ്ണനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ക്ഷേത്ര ഭഗവതിക്കാണ് പൂരം. തെക്കോട്ടിറക്കം കാണാൻ ഇത്തവണ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കും.

രാത്രിപ്പൂരങ്ങൾ കഴിഞ്ഞു പുലർച്ചെവരെ ഉറക്കമില്ലാത്ത നഗരം പ്രദക്ഷിണവഴിക്കു ചുറ്റും ഒഴുകും. മൂന്നുമണിക്കു വെടിമരുന്നു കത്തിക്കുന്നതു കാണാനുള്ള കാത്തിരിപ്പാണ് പിന്നെ. 120 ആനകളാണ് നഗരത്തിലെത്തിയിട്ടുള്ളത്. ലക്ഷണമൊത്ത കൊമ്പന്മാർ കുളിച്ചു കുറിയിട്ട് ചന്തത്തോടെ നിൽക്കുന്നതു കാണാനും കാമറയിൽ പകർത്താനും വൻതിരക്കായിരുന്നു പൂരനഗരിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP