Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്ത നിറക്കൂട്ടുകളിൽ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന കോട്ടങ്ങൽ പടയണി; ക്ഷേത്രകലയുടെ മനോഹാരിതയിൽ തൊട്ട ഒരു മധ്യതിരുവിതാംകൂർ മഹിമ

പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്ത നിറക്കൂട്ടുകളിൽ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന കോട്ടങ്ങൽ പടയണി; ക്ഷേത്രകലയുടെ മനോഹാരിതയിൽ തൊട്ട ഒരു മധ്യതിരുവിതാംകൂർ മഹിമ

ത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങാൽ എന്ന ഗ്രാമത്തെ പുറംലോകമറിയുന്നത് പടയണി എന്ന അനുഷ്ടാന കലയുടെ പേരിലാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പടയണി നടത്തപ്പെടാറുണ്ടെങ്കിലും പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്തമായ നിറക്കൂട്ടുകളിൽ തന്നെ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലൊന്നാണ് കോട്ടാങ്ങാൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രം. മാത്രമല്ല കോട്ടാങ്ങൽ ഗ്രാമത്തിന്റെ ഭാഗമായ ദേവീക്ഷത്രത്തിൽ പടയണി അരങ്ങേറുന്നത് ക്ഷേത്രോത്സവമായാണ്. അതുകൊണ്ട് തന്നെ കോട്ടാങ്ങൽ പടയണി മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥതമാണ്

പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല എന്ന് ഉറക്കെ പാടിയും കൊട്ടിയും തുള്ളിയും അറിയിക്കുന്ന പടയണി കാലത്തിന് കോട്ടാങ്ങാൽ ഗ്രാമത്തിൽ തുടക്കമായിരിക്കുകയാണ്. ധനുമാസത്തിലെ ഭരണിനാളിൽ ചൂട്ട് വയ്‌പ്പ് നടത്തി തുടങ്ങി 28 ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ ചടങ്ങുകൾ, മകരമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് സമാപിക്കുക. ഇതിൽ അവസാന എട്ടു ദിവസങ്ങൾക്കാണ് പ്രാധാന്യം. കാലാകലങ്ങളായുള്ള പാരമ്പര്യമനുസരിച്ച് കോ്ട്ടാങ്ങാൽ കര, കുളത്തൂർ കര എന്നിങ്ങനെ രണ്ട് കരക്കാരുടെ നേതൃത്വത്തിലാണ് പടയണി അരങ്ങേറുക.

കോട്ടാങ്ങാൽ കരക്കാർക്ക് വേണ്ടി പുളിക്കൽ കൊട്ടാരത്തിലും കൂളത്തൂർ കരക്കാർക്ക് വേണ്ടി താഴത്ത് വീട്ടിൽ കൊട്ടാരത്തിലും പടയണി നടക്കും. ആദ്യത്തെ ഇരുപത് ദിവസം ഈ വീടുകളിൽ ചൂട്ട് വച്ചാണ് പടയണിയുടെ സാധിപ്പ് അഥവാ മറവി തീർക്കുക.അവസാന 8 ദിവസം മാത്രമാണ് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളോട് കൂടി പടയണി നടത്താണ്. രണ്ട് കരക്കാരുടെയും ചൂട്ട് വലത്തിന്ശേഷമാണ് കോലങ്ങൾ തുള്ളിയാടുക.

ചൂട്ട് വയ്‌പ്പ് എന്നാൽ ഭഗവതിയെ കളത്തിൽ കുടിയിരുത്തുക എന്ന സങ്കൽപ്പമാണ്. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്ന് അഗ്‌നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്‌നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നവരെ അണയാതെ എരിഞ്ഞു നിൽക്കണം. അടുത്ത ദിവസം മുതലാണ് പടയണി ക്കോലങ്ങൾ കളത്തിലെത്തി തുള്ളിയുറയാൻ തുടങ്ങുക.

രാത്രി തപ്പ്, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള പടയണിപ്പാട്ടുകളുടെ അകമ്പടിയിൽ, ചൂട്ടുകറ്റ കത്തിയെരിയുന്ന വെളിച്ചത്തിൽ കോലങ്ങൾ തുള്ളിയുറയും. അതിൽ കോപമേറുംമഹാകാലനുണ്ട്, പരസ്പരം പോരടിക്കുന്ന അരക്കിയക്ഷിയുണ്ട്, വശ്യതകൊണ്ട് മനംമയക്കുന്ന സുന്ദരയക്ഷിയുണ്ട്, ഭഗവതിയുടെ സത്യരൂപമെന്ന് വിശ്വസിക്കുന്ന ഭൈരവിയുണ്ട്. പിന്നെ മുഷിപ്പ് മാറ്റാൻ തമാശകളുമായി ചക്കരക്കുടക്കാരനും പരദേശികളും എത്താറുണ്ട്. ഗണപതിക്കോലം, ഭൈരവി, യക്ഷി, പക്ഷി, കുതിര, സുന്ദരയക്ഷി, മറുത, മാടൻ കാലൻ, മംഗള ഭൈരവി തുടങ്ങി വിവിധ കോലങ്ങൾ 8 ദിവസങ്ങളിലായി കളത്തിൽ തുള്ളിയാടും.

കോലങ്ങളെ കളത്തിലേക്ക് കൊണ്ടുവരുന്നതിനെ കാപ്പൊലി എന്നാണ് പറയുക. ഇരുകൈകളിലുമായി കത്തിജ്വലിക്കുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ പടയണിക്കളത്തിലേക്ക് ആനയിക്കുകയാണ്. പഞ്ചവർണങ്ങളാൽ രചിക്കപ്പെട്ട കോലങ്ങൾ തീയുടെ വെളിച്ചത്തിൽ വശ്യമായി തിളങ്ങുന്നു. കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിലുകളാൽ യോജിപ്പിച്ച്, കുരുത്തോലകൊണ്ട് അലങ്കരിച്ചാണ് കോലങ്ങൾ ഒരുക്കുന്നത്. ആചാരദേവതയുടെ കോലം, കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരച്ചുണ്ടാക്കുന്നു. അഞ്ച് വർണങ്ങളാണ് കോലങ്ങളിലുള്ളത്; പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ. കമുകിൻ പാളയിൽ നിന്നാണ് പച്ച, വെള്ള നിറങ്ങൾ ലഭിക്കുക.

ആദ്യത്തെ ചടങ്ങായി ഗണപതി കോലമാണ് എത്തുക. അഞ്ച് പിശാച കോലങ്ങളാണ് ഇത്്. ഗണപതിക്കോലം തുള്ളിയൊഴിഞ്ഞാൽ അടുത്ത ദിവസം അടവിയാണ്. പടയണിയിലെ അതിപ്രധാനമായ ചടങ്ങാണ് അടവി. അടവി മരങ്ങൾ കൊണ്ടുവരുന്നതിന്റെ ബഹളമാണ് ഇതിലൊന്ന്, മാത്രമല്ല കോട്ടാങ്ങാൽ അടവിക്ക് വന്നാൽ അടവി പുഴുക്ക് നിർബന്ധമായും കഴിച്ചിരിക്കണം. അതൊരു കീഴ് വഴക്കമാണ്. കിഴങ്ങുകളും പയറു വർഗങ്ങളും ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന പുഴുക്കും ഒരനുഭവം തന്നെയാണ്.

ഗണപതിക്കോലത്തിന്റെ അന്നത്താതുപോലെ അടവി നാളിലും തപ്പുമേളമുണ്ട്. അന്നേദിവസം കുതിരക്കോലം, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളാണ് പ്രധാനമായും എത്തുക. വിനോദങ്ങളായ ചക്കരക്കുടക്കാരനും പരദേശിയും ഒപ്പം കളത്തിലെത്തും.അടവിനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് പള്ളിപ്പാന. മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിത്. മലദൈവങ്ങൾക്കായി വൃതാനുഷ്ടാനത്തോടെ കരിക്കുകൾ ഉരലിൽ അടിച്ചുടയ്ക്കുന്ന ആചാരം.

അടവി നാളിൽ നാടിന്റെ നാനാ ഭാഗത്തുനിന്നും മരങ്ങൾ പിഴുതുകൊണ്ട് വരും. തുടർന്ന് ചാറ്റുപാട്ടുകളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ഇവ ക്ഷേത്ര മൈതാനത്തു നാട്ടും. ഇതോടെ പ്രദേശം ഒരു വനത്തിന് സമാനമാകും. ശേഷം കരക്കാർ ഇതിൽ കയറി ചില്ലകൾ ഓരോന്നായി ഒടിച്ച് മരങ്ങൾ വീഴ്‌ത്തുന്നു. വനം വെട്ടിത്തെളിച്ച് ജീവിതവും സംസ്‌കാരവും തുടങ്ങിയ മനുഷ്യന്റെ ഓർമ പുതുക്കൽ കൂടിയാണ് അടവി.

അടവിക്ക് ശേഷം അഗ്നിക്കുചുറ്റും തുള്ളുന്ന ഉടുമ്പുതുള്ളലാണ്. തുള്ളക്കാർ പരസ്പരം പേരോ ജാതിയോ ചോദിക്കില്ല. എല്ലാവരും തുല്യർ.അടവിക്ക് ശേഷം വലിയ പടയണിയാണ്. കാവിലമ്മയ്ക്ക് വളരെ വിശേഷപ്പെട്ട ദിനമാണിത്. ശിവഭക്തിയാൽ മരണത്തെ മറികടന്ന മാർക്കണ്ഡേയന്റെ ചരിത്രം വർണിക്കുന്ന കാലൻകോലം വഴിപാടാണ് കോട്ടാങ്ങൽ വലിയ പടയണിയിൽ പ്രധാനം. മഹാമൃത്യുഞ്ജയഹോമത്തിന് പകരം നിൽക്കുന്നതാണ് കോട്ടാങ്ങൽ കാലൻകോലം എന്നും വിശ്വാസമുണ്ട്.

മറ്റെല്ലാ പടയണികളിലും നിരവധി കാലൻകോലങ്ങൾ കളത്തിലെത്തുമെങ്കിൽ കോട്ടാങ്ങലിൽ അത് രണ്ടെണ്ണത്തിലൊതുങ്ങുന്നു. ദേവിയുടെ അഭിഷ്ടം പരിഗണിച്ചാണത്രേ ഇത്. വലിയ പടയണി നാളിൽ കളം കാപ്പൊലീക്കുക എന്നൊരു ചടങ്ങുണ്ട്. ഇത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷികവൃത്തിയിലെ മനുഷ്യന്റെ സഹായിയായിരുന്ന കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കുകയാണ് പ്രധാന ചടങ്ങ്.

മകരത്തിലെ രേവതി അശ്വതി നാളിലാണ് വലിയ പടയണി. ഭരണി നക്ഷത്രത്തിൽ പുലർച്ചെയാണ് അതിപ്രശസ്തമായ കാലൻ കോലം തുള്ളായാടും. അതേ ദിനം വൈകുന്നേരം പുലവൃത്തം നടക്കും. രണ്ട് കരക്കാരും ഒരുമിച്ച് കൈകോർത്ത് തുള്ളുന്ന ചടങ്ങാണിത്. മംഗളഭൈരവി കളത്തിൽ നിന്ന് തൊഴുത് മാറുമ്പോഴേും ഉഷ പൂജ നടക്കും, തുടർന്ന് കിഴക്കേ നടയിൽ കേളി കൊട്ടികഴിഞ്ഞാൽ കോട്ടാങ്ങാൽ കുടി കൊള്ളുന്ന ദേവി തന്റെ സഹോദരിയായ കല്ലൂപ്പാറ ദേവിയുടെ സമീപത്തേക്കും പോകും എന്നതാണ് ഐതിഹ്യം. അന്നേ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പൂജകളൊന്നും നടത്താറില്ല, കാരണം ഭഗവതി അവിടെ അല്ല എന്നാണ് സങ്കല്പം. പിറ്റേന്ന് കാർത്തിക നാളിൽ തന്ത്രിയുടെ നേതൃത്വത്തിൽ വലിയ കുരുതി നടക്കുന്നതോടെയാണ് പ്രശസ്തമായ 28 പടയണി സമാപിക്കുന്നത്.

വലിയ പടയണി നാളിലാണ് വേല കളിയും അരങ്ങേറുന്നത്. മനോഹരമായ കാഴ്ചകളാണ് വേലയും വിളക്കും ഒരുങ്ങുന്നത്്. ഒരുവർഷത്തെ ചിട്ടയായ പരിശീലനത്തിനുശേഷം കച്ചകെട്ടുന്ന കുരുന്ന് പോരാളികൾ പയറ്റുമുറകൾ അവതരിപ്പിക്കുന്നു. പഴയ രാജഭരണ കാലത്തെ സൈനികരെ അനുസ്മരിപ്പിക്കുന്ന രംഗം. പഴയകാലത്തുകൊയ്ത്തു കഴിഞ്ഞ പാടത്താണ് ഈ വിനോദകലാരൂപം നടത്തിവന്നിരുന്നത്.

ജീവിതത്തിൽ അന്ധകാരം അകറ്റി, പ്രകാശത്തിന്റെ പുത്തനുണർവ് പ്രദാനം ചെയ്യുന്നതാണ് പടയണി. നിഗ്രഹ ശക്തികളെ അനുഗ്രഹ ശക്തികളാക്കുന്ന ഈ കലാരൂപം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. രോഗങ്ങൾ മാറാനും ഭൂത, യക്ഷി, ബാധകൾ ഒഴിയാനും മരണഭയമില്ലാതാക്കാനും സന്താനലബ്ധി, കുടുംബ ഐശ്വര്യം തുടങ്ങിയവയ്ക്കുമാണ് കോലങ്ങൾ കെട്ടിയാടുന്നത്.പച്ചപ്പാളയിൽ കലയുടെ കറതീർന്ന കരവിരുതുകൾ തീർക്കുന്ന കോലങ്ങൾ ശിരസിലേറ്റി, തപ്പിന്റെ താളത്തിലും വായ്‌പ്പാട്ടിന്റെ ഈണത്തിനുമൊപ്പം കലാകാരന്മാർ ചുവടുവച്ച് ഉറഞ്ഞുതുള്ളുമ്പോൾ അത് ഐതീഹ്യത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല, ജാതിഭേദമന്യേ നാടിന്റെ ഒത്തുചേരൽ കൂടിയായിമാറുകയാണ്. പടയണി ഒരു സാഹിത്യമാണ്. സർവോപരി മാറുന്ന കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

പാരമ്പര്യത്തിന്റെ പെരുമകൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ കൃത്യത കൊണ്ടും പേരു കേട്ട പ്രശസ്തമായ കോട്ടങ്ങൽ പടയണിക്കാലത്തിനായി കോട്ടാങ്ങാൽ ഗ്രാമം ഈ വർഷവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ചൂട്ട് വയ്ക്കുന്നതോടെ തുടങ്ങുന്ന കോട്ടങ്ങൽ പടയണി രാവുകൾ ഫെബ്രുവരി മൂന്ന് വരെ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP