Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

വൈരജാതൻ ഈശ്വരന്റെ തെയ്യം അരങ്ങിലെത്തിയതോടെ വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരുപ്പിന്; കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരുന്നത് 717 വർഷങ്ങൾക്കു ശേഷം; നൂറ്റാണ്ടുകളുടെ ചരിത്രത്തിന് സാക്ഷിയായി ക്ഷേത്രമുറ്റത്തെ ആയിരം വർഷം പഴക്കമുള്ള അരയാൽ മാത്രം; ഇത് മതമൊത്രിയുടെ പെരുങ്കളിയാട്ടക്കാലം

വൈരജാതൻ ഈശ്വരന്റെ തെയ്യം അരങ്ങിലെത്തിയതോടെ വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരുപ്പിന്; കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരുന്നത് 717 വർഷങ്ങൾക്കു ശേഷം; നൂറ്റാണ്ടുകളുടെ ചരിത്രത്തിന് സാക്ഷിയായി ക്ഷേത്രമുറ്റത്തെ ആയിരം വർഷം പഴക്കമുള്ള അരയാൽ മാത്രം; ഇത് മതമൊത്രിയുടെ പെരുങ്കളിയാട്ടക്കാലം

മറുനാടൻ മലയാളി ബ്യൂറോ

കല്ല്യോട്ട്: കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് മുതൽ തെയ്യങ്ങൾ അരങ്ങിലെത്തി തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴിന് വൈരജാതൻ ഈശ്വരന്റെ തെയ്യം അരങ്ങിലെത്തി. തമ്പുരാൻ, രജകൻ, ക്ഷുരകൻ, മരുതോടൻനായർ, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തെയ്യങ്ങളും അരങ്ങിലെത്തും. ഇന്നലെ പുലർച്ചെയാണ് തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചെത്തിയതോടെ ചടങ്ങുകൾക്ക് കൊടിയേറി. ഏഴുദിവസത്തെ പെരുങ്കളിയാട്ടത്തിന് തുടക്കമിട്ട് കല്യോട്ട് ഭഗവതിയുടെ തിടങ്ങലും വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടവും.

ആയിരങ്ങളുടെ അകമ്പടിയോടെ ദീപവും തിരിയും ക്ഷേത്രത്തിലെത്തിയപ്പോൾ അവിടെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകളാണ് കൂടിയത്. കൊടിയേറ്റത്തിനും ജനസഞ്ചയം. ഉച്ചയ്ക്കുശേഷം ഭഗവതിയുടെ പിതൃസ്ഥാനത്തുള്ള വേങ്ങയിൽ നായർ തറവാട്ടിൽനിന്ന് കലവറപ്പുരയിലേക്ക് ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനങ്ങൾ എത്തിച്ചു. അടുപ്പുകല്ലും തീയും കൊണ്ടുവന്നതും ഈ തറവാട്ടുകാർ തന്നെയായിരുന്നു. വൈകീട്ട് കല്യോട്ട് ഭഗവതിയുടെ തോറ്റം. ഐതിഹ്യങ്ങൾ പാടിപ്പറഞ്ഞ് കോലധാരി സുകുമാരൻ കർണമൂർത്തി കൊളുവിലെ താത്കാലിക ശ്രീകോവിലിനുമുന്നിൽ നിലകൊണ്ടു.

പെരുങ്കളിയാട്ടഭൂമിയിൽ തെയ്യങ്ങൾ അരങ്ങിലെത്തുന്നതിന്റെ വിളംബരമായി ഭഗവതിയുടെ തോറ്റംപാട്ടും ഉച്ചത്തോറ്റവും. പിന്നാലെ രൗദ്രഭാവത്തിൽ വൈരജാതൻ ഈശ്വരന്റെ വെള്ളാട്ടം. പെരിഞ്ചല്ലൂർ ഗ്രാമത്തിൽനിന്ന് ഉപാസനാമൂർത്തിയായി യാദവകുലത്തിനൊപ്പം അള്ളട സ്വരൂപത്തിലെത്തിയ ഐതിഹ്യത്തെ പറഞ്ഞ് നേരത്തേ വൈരജാതൻ ഈശ്വരന്റെ തോറ്റംപാട്ടും അരങ്ങേറി. തുടർന്ന് ഗുരു, രജകൻ, ക്ഷുരകൻ, രക്തചാമുണ്ഡി തെയ്യങ്ങളുടെ തോറ്റവും ആദ്യഗുരു, മരുതോടൻ നായർ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടവും നടന്നു.

തൃക്കണ്ണാട് ത്രയംബകേശ്വര ദേവന്റെ അധീശ ഭൂമിയായ കല്യോട്ട് ഭഗവതി ക്ഷേത്ര കഴകം ഏഴു നൂറ്റാണ്ടിനു ശേഷമാണ് പെരുങ്കളിയാട്ടത്തിനു കാൽച്ചിലമ്പണിയുന്നത്. ഉത്തര കേരളത്തിലെ പ്രമുഖ യാദവ കഴകമായ കല്യോട്ട് കഴകത്തിൽ ഡിസംബർ 29 വരെയാണ് പെരുങ്കളിയാട്ടം. അപൂർവതകൾ നിറഞ്ഞ ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഇത് ശ്രദ്ധേയമാകുന്നു.

ഉത്തരകേരളത്തിലെ യാദവ സമുദായ കഴകങ്ങളിൽ പ്രമുഖമായ കല്യോട്ട് കഴകത്തിൽ 717 വർഷങ്ങൾക്കു ശേഷമാണു ഭഗവതിയുടെ തിരുമുടി ഉയരുന്ന പെരുങ്കളിയാട്ടം നടക്കുന്നത്. നൂറ്റാണ്ടുകൾക്കു സാക്ഷിയായി ക്ഷേത്രതിരുമുറ്റത്തെ ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്നു കരുതുന്ന അരയാൽമരം മാത്രം. ക്ഷേത്രസന്നിധിയിലെ വയലിലാണു പെരുങ്കളിയാട്ടം നടന്നതെന്നാണു പഴമക്കാർ പറയുന്നത്. അതിനാൽ ഇവിടെ പീഠം വച്ച 'കൊളു' (ചെറിയ വയൽ) എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ പെരുങ്കളിയാട്ടം നടക്കുന്നതും ഈ വയലിലാണ്.

മതസൗഹാർദ്ദത്തിന്റെ പെരുങ്കളിയാട്ടക്കാലം

മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയാകുകയാണു കല്യോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം. ആഘോഷ കമ്മിറ്റിയിലുൾപ്പെടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ഇതര മതസ്ഥരായ പ്രമുഖരും ഇതര സമുദായ സംഘടനകളിൽപ്പെട്ടവരുമുണ്ട്. ആഘോഷ കമ്മിറ്റി മുഖ്യരക്ഷാധികാരി കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയാണ്. ക്ഷേത്ര കഴകത്തിലെ വെടിവഴിപാട് അവകാശി ആമു കല്യോട്ട് ഉത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ്. ഉത്സവത്തിന്റെ ഭാഗമായി 26നു 10നു നടക്കുന്ന സ്‌നേഹസംഗമം തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി സ്‌നേഹജ്യോതി തെളിയിക്കും. നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP