Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴംകുളം കുംഭഭരണി മഹോത്സവം 'ഇത് ഞങ്ങൾ കരക്കാരുടെ ഉത്സവം'

ഏഴംകുളം കുംഭഭരണി മഹോത്സവം 'ഇത് ഞങ്ങൾ കരക്കാരുടെ ഉത്സവം'

റമിസ് മുഹമ്മദ്

തൃശൂർ പൂരം മുതൽ നാഗത്താൻ തറയിലെ പാലൂട്ട് വരെ മനസിലെ കലണ്ടറിലേ അക്കങ്ങളിൽ സന്തോഷത്തിൽ ചാലിച്ച ചുമന്ന അടയാളങ്ങൾ രേഖപ്പെടുത്തി വെയ്ക്കുന്ന ഒരു ജനത ഉണ്ടെങ്കിൽ അത് നാം മലയാളികൾ അല്ലാതെ ഈ ഭൂമുഖത്തു വേറെ ഏതു ജനതയുണ്ട് ?വർഷത്തിൽ ഇത്രത്തോളം ദിനങ്ങൾ ഉത്സവങ്ങളും ആഘോഷങ്ങളുമായ് കൊണ്ടാടുന്ന ഈ വിശാലമായ ഭൂപരപ്പിൽ നാം മാത്രമേ ഉള്ളു എന്ന് നമ്മൾ മലയാളികൾക്ക് ഒരുത്തർക്കും നെഞ്ചിൽ കൈവച്ചു പറയാം..

ഉത്സവങ്ങൾ വലിയ ആഘോഷങ്ങൾ എന്നതിലുപരി വ്യത്യസ്തകളിലാണ് നമ്മുടെ ഉത്സവങ്ങളുടെ ആത്മാവ്. പ്രാദേശികമായ വ്യത്യസ്തകളിലേക്കു ആ നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ രീതിയിലായിരിക്കും. ഓരോ ഇടങ്ങളിലെയും ഐതീഹങ്ങളിലും ആ മണ്ണിന്റെ പഴമയേയും പഴമക്കാരെയും ആ ദേശത്തെ ജനതയുടെ ആത്മാവിലേക്കു എന്നും ചേർത്ത് നിർത്തപ്പെടുന്നതുകൊണ്ടാവാം കാവിലെ ചെറു ഉത്സവങ്ങൾ പോലും ഇത്ര ഗംഭീരമായ കൊണ്ടാടുവാൻ നമ്മെ ഇന്നും പ്രേരിപ്പിക്കുന്നത്..

ഒരു ദേശത്തെ ജനതയുടെ ആത്മാവിലേക്കു എന്നും ചേർത്ത് നിർത്തപ്പെടുന്നതുകൊണ്ടാവാം ഞങ്ങൾ ഏഴംകുളത്തുകാർക്കു ഒരു വലിയ പൂരത്തേക്കാളും ഉയരത്തിലും ആഴത്തിലും ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇവിടുത്തെ മണ്ണിലും ഇവിടുത്തെ ജനതയുടെ മനസ്സിലും ഇത്ര ആഴത്തിൽ പതിഞ്ഞത്... 22 ഓളം വരുന്ന കരക്കാരുടെ ഒരുവർഷത്തെ കാത്തിരിപ്പിന്റെ,കരുതിവയ്പിന്റെ ഉത്സവമാണ് ഇവിടുത്തകാർക്കു കുംഭ ഭരണി....

ജാതി മത ഭേദമന്യേ അതതു ദേശത്തെ കേട്ട് കാഴ്ചക്ക് ചുറ്റും ആർപ്പുവിളികളോടെ ഒരു മത്സരാവേശം പോലെ രണ്ടു കൈകളാൽ ഒത്തൊരുമിച്ചു എടുത്തുയർത്തുന്ന കെട്ടുകാഴച്ചകൾ അത് ഉയർത്തുന്നവരിലും അത് കണ്ടുനിൽകുന്ന സ്ത്രീ പുരുഷാരാവും ഒരേ ആവേശത്തിലാവും അപ്പോൾ മാത്രമാണ് ഇത് ഞങൾ കരക്കാരുടെ കൂടിച്ചേരലിന്റെ ഒരു വൻ ഉത്സവമായി മാറുന്നത്, 22 ഓളം വരുന്ന കരക്കാരുടെ ഒരാണ്ടത്തെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമാണ് ഞങൾ ഓരോ കരക്കാർക്കും വേണ്ടി തയ്യാറാക്കപ്പെടുന്ന കെട്ടുകാഴച്ചകളുമായ് അവരവരുടെ കരയുടെ ഭാഗം ചേർന്ന് എല്ലാ ആവേശങ്ങളിലും പങ്കു ചേരുന്നത്

മലയാള മാസം കുംഭം 18 മുതൽ 21 വരെ നടന്നു വരുന്ന നടത്തപെടുന്ന ഞങൾ ഏഴംകുളത്തുകാരുടെ ഉത്സവം..ദുഃഖത്തോടുകൂടി പറയട്ടെ ഇന്ന് നമ്മളിൽ എത്രപേർക്ക് മലയാള മാസങ്ങൾ അറിയാം...നമ്മളിൽ മലയാള മാസങ്ങൾ അറിയുന്നവർ ?ദിനം ദിനം നമ്മളെ വിട്ടു പിരിഞ്ഞുകൊണ്ടിരിക്കുന്നവരിൽ. അവരുടെ എണ്ണവും നിലക്കും. അപ്പോൾ ഒരു നാൾ ചെന്ന് നിൽക്കും നമ്മളിൽ എത്ര പേര് ഇനി അവശേഷിക്കുന്നു മലയാള മാസങ്ങൾ അറിയാവുന്നവർ എന്ന്..ആ ദിനങ്ങൾ ഇനി വിദൂരമല്ല.....ഇങ്ങനെ ഉള്ള ഉത്സവങ്ങൾ മാത്രമാകും ഇനി മലയാള മാസങ്ങൾ നമ്മൾ അറിയുവാനുള്ള ദിനങ്ങൾ..

സ്വദേശത്തും വിദേശത്തും ജോലിയിലുള്ളവർ, അന്യ ദേശങ്ങളിൽ മാറി താമസിക്ക പെട്ടവർ, കല്യാണം കഴിച്ചു കൊടുത്തയക്കപെട്ടവർ,കുട്ടികാലത്തെ ഉറ്റ കൂട്ടുകാരനെയോ,കൂട്ടുകാരിയെയോ ഇനിയും കാണാൻ വെമ്പൽ കൊള്ളുന്നവർ....ഏവരുടെയും മനസ്സിലെ ഒരു ഉത്തരമാണ് ഈ ഭരണിക്ക് കാണാം നമുക്ക്...

പണ്ട് നാം അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു നടന്ന ആ വലിയ ആൽത്തറയെയും നമ്മുട കുഞ്ഞു പാദങ്ങളെ നുള്ളി നോവിച്ച അമ്പല മുറ്റത്തെ മണൽ തരികളെയും....സന്ധ്യ സമയത്തു 'എണ്ണയിൽ മുങ്ങി എരിയുന്ന തിരിയും, കത്തിപ്പടരുന്ന ആ കർപ്പൂര ഗന്ധവും'....നമുക്ക് വീണ്ടും ആത്മാവിൽ മുട്ടുവോളം ആഴത്തിൽ ശ്വസിച്ചു ചുറ്റമ്പലം ഒന്നൂടെ വലം വെയ്ക്കണം....ചുറ്റുമുള്ള ആൾ കൂട്ടത്തിനൊപ്പം നമുക്കു ഒന്നുകൂടെ കൈ പിടിച്ചു നടക്കണം അമ്പല കുളത്തിലെ പടിയോടു ഒട്ടി കിടക്കുന്ന വെള്ളം കൈ കുമ്പിളിൽ കോരി എടുത്തു മനം തണുത്തപോലെ മുഖവും നനക്കണം...

കുട്ടിയായിരുന്നപ്പോളും കൗമാരത്തിലിരുന്നപ്പോളും നല്ല ആഴത്തിൽ മനസിൽ പതിഞ്ഞ ഉത്സവ ഓർമ്മകൾ ഉള്ളവരുടെ മനസ്സിൽ മാത്രമേ എത്ര മുതിർന്നാലും എനിക്ക് വീണ്ടും ആ പഴയ കുട്ടിയോ കൗമാരക്കാരനോ.ആയി ആ അമ്പല മുറ്റം വീണ്ടും നടന്നു തീർക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടാവുകയുള്ളു...

70 -80 കാലഘട്ടങ്ങളിൽ പ്രശസ്ത നാടക സംഘങ്ങളുടെ നാടകങ്ങളും 80- 90 കാലഘട്ടങ്ങളിൽ ഗാന മേളകളും കൂടാതെ പുലർച്ചെയുള്ള ബാലെയും ആയിരുന്നു കുംഭഭരണി രാവുകളെ കാലാ സാന്ദ്രമാക്കിയിരുന്നത്.... 90 കളുടെ മധ്യത്തിൽ കേരളക്കരയിലെ ഒരുപറ്റം മികച്ച കലാകാരന്മാരെയും അവർ പാടി അനശ്വരമാക്കിയ പാട്ടുകൾ അത്തായുടെ {അച്ഛൻ} കൈയ് പിടിച്ചു അവരിലൂടെ തന്നെ കേൾക്കുവാനുംഈ ഉള്ളവനും സാധിച്ചു കെപിഎസി സുലോചന ആലപിച്ച ഗാനവും സിഎ ആന്റോ ആലപിച്ച മധുരിക്കും ഓർമകളെ...മലർ മഞ്ചൽ കൊണ്ടുവരൂ... ഇന്നും അവർ മുന്നിൽ നിന്നു പാടും പോലെ വെറും ഓർമ്മകൾ മാത്രമായ് ഒതുങ്ങുന്നില്ല..

സമീപ പ്രദേശങ്ങളിൽ രണ്ടു ക്രിസ്ത്യൻ പള്ളികൾ, ഒരു മുസ്ലിം പള്ളി തൊട്ടടുത്തായി ഒരു മഹാദേവർ ക്ഷേത്രം എല്ലാമുണ്ടായിട്ടും മതിൽ കെട്ടുകൾ ഇല്ലാതെ ഈ അമ്പല മുറ്റത്തേക്കു ആ മണൽ പരപ്പിലേക്കു നമ്മെ വീണ്ടും വീണ്ടും പോകാൻ മാടി വിളിക്കുന്നത് ഇവിടുത്തെ ആൽത്തറയോടും മണൽ പരപ്പിനോടും ഓരോരുത്തർക്കും ഉള്ള ആ ആത്മബന്ധമാവാം...

വർഷങ്ങളോളം അമ്പലത്തിന്റെ കിഴക്കേ വാതിലിലൂടെ കൂട്ടമായി നടന്നു ആൽത്തറ വലംവച്ചു അമ്പലമുറ്റമിറങ്ങി മണൽ കണ്ടത്തിലെ വരമ്പുകളിലൂടെ നടന്നു കനാലിലെ പാലത്തിൽ നിന്ന് ധൃതിപെട്ട് പടഞ്ഞാറോട്ടുഴുകുന്ന കുത്തൊഴുക്കുള്ള വെള്ളത്തെ നോക്കി പറക്കോട് സ്‌കൂള് ലക്ഷ്യമാക്കി 10 മണി ബെല്ല് കാതു കൂർപ്പിച്ചു സ്‌കൂളിനോട് ഓടിയടുക്കുന്ന കൂട്ടത്തിലെ ഒരംഗം ആയിരുന്നു ഈയുള്ളവനും..

അങ്ങനെ ഓരോ കരക്കാരനും വ്യത്യസ്തമായ ആത്മാവിൽ തൊട്ട ഓർമകളും ഓർമപെടുത്തലുകളും ഉള്ള ഇടം. കുറി തൊട്ടവന്റെയും കുരിശിട്ടവന്റെയും കൈയ് പിടിച്ചു ഓടി നടന്ന ഇടം, വള വിൽക്കുന്നവന്റെ വള കൂട്ടത്തിനിടയിലൂടെ സ്വന്തം പ്രണയിനിയേയും പ്രണയിക്കപ്പെടുവാൻ പോകുന്നവവളെയും മിന്നായം പോലെ ഒന്ന് കണ്ടു ആത്മ സംതൃപ്തി അടഞ്ഞ ഇടം....

ഉത്സവം കൊടി ഇറങ്ങി കൂട്ടുകാരോട് നാളെ കാണാം എന്ന് സങ്കടത്തോടെ വിട ചൊല്ലി അച്ഛന്റെയും അമ്മയുടെയും കയ്യ് പിടിച്ചു ഇരുട്ടിന്റെ മറവിലൂടെ ഇടവഴികളും കനാൽ റോഡുകളും നടന്നു തീർക്കുമ്പോൾ ദൂരെ എങ്ങോ ഊതി വീർപ്പിച്ച അമ്പിളി അമ്മാവന്റെ ബലൂണിൽ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന അവസാന ശബ്ദം പോലെ നമ്മുടെ മനസ്സും ഒന്ന് തേങ്ങും കാറ്റു തീരാറായ അമ്പിളി അമ്മാവന്റെ കുഴലിൽ നിന്നും വരുന്ന അതെ ശക്തി കുറഞ്ഞ നൊമ്പരപ്പെടുത്തുന്ന ഒരു തേങ്ങൽ...അച്ഛനും അമ്മയും കേൾക്കാതെ ഉള്ളിൽ ഒളിപ്പിക്കും...വീണ്ടും അടുത്ത ഭരണിക്ക് കാണാം എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ചു......

കുംഭ ഭരണി തുടങ്ങിയ ആവേശത്തോടുകൂടിയാണ് എഴുതി തുടങ്ങിയത്.....എന്നാൽ അവസാന വരിയും എഴുതി തീർന്നപ്പോൾ... അമ്പിളി അമ്മാവന്റെ ബലൂണിൽ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന അവസാന ശബ്ദം പോലെ ഈ യുള്ളവന്റെ മനസ്സും ഒന്നു പിടഞ്ഞു..... ഭരണി കൂടി ഇട്ടു വർഷം 8 കഴിഞ്ഞു....വരുന്ന കുംഭ ഭരണി എങ്കിലും കൂടണം...എന്ന പ്രതീക്ഷയോടെ ആ അമ്പല മുറ്റത്തേക്ക് നടന്നടുക്കുവാൻ കാലുകൾ ആവേശത്തോടെ വച്ചെടുക്കുവാൻ..വെമ്പൽകൊള്ളുന്നു

ഏഴംകുളം നിവാസികളായ എന്റെ എല്ലാ സഹോദരി,സഹോദരന്മാർക്കും വർഷങ്ങളായി കുംഭ ഭരണി കൂടുവാൻ പറ്റാത്തവർക്കും ഈ വട്ടത്തെ കുംഭ ഭരണി അതി ഗംഭീരമായി കൊണ്ടാടുവാൻ പോകുന്നവർക്കും..ഈ ഉള്ളവന്റെ ഹൃദയത്തിൽ നിന്നും..... ഒരായിരം കുംഭ ഭരണി ആശംസകൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP