Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

വിശ്വാസികൾക്കു ഭക്തിയുടെയും പ്രാർത്ഥനയുടെയും റമദാൻ കാലം; സമൂഹ നോമ്പുതുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചിക്കൂട്ടുകളിൽ സമ്പുഷ്ടമായി മലബാർ

വിശ്വാസികൾക്കു ഭക്തിയുടെയും പ്രാർത്ഥനയുടെയും റമദാൻ കാലം; സമൂഹ നോമ്പുതുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചിക്കൂട്ടുകളിൽ സമ്പുഷ്ടമായി മലബാർ

എം പി റാഫി

കോഴിക്കോട്: റംസാൻ കാലം വിശ്വാസികൾക്ക് ഭക്തിയുടെയും പ്രാർത്ഥനയുടെയും നാളുകളെന്നപോലെ സമൂഹനോമ്പു തുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചി വൈവിധ്യങ്ങൾ ഒരുക്കിയുള്ള വൈകുന്നേരങ്ങൾ കൂടിയാണ് മലബാറുകാർക്ക് റംസാൻ ദിനങ്ങൾ. നോമ്പെടുക്കുന്നതോടൊപ്പം മറ്റുള്ളവരെ സൽക്കരിച്ച് നോമ്പുതുറപ്പിക്കുക എന്നത് വലിയ സൽക്കർമ്മമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

ഇതിനാൽ ഈ പുണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുതും വലുതുമായ ഇഫ്താർ സംഗമങ്ങൾ നടത്തി വരുന്നത്. പുതിയാപ്പിള സൽക്കാരം മുതൽ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോമ്പുതുറകൾ വരെയുമുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങളാണ് ഇവിടങ്ങളിലെല്ലാം കണ്ടുവരാറുള്ളത്.

റംസാൻ വ്രതനാളുകളിലെ ആദ്യ പത്തിലാണ് ഇത്തരത്തിലുള്ള ഇഫ്താർ സംഗമങ്ങൾ കൂടുതലും നടുന്നു വരാറുള്ളത്. ഓരോ നോമ്പുതുറകളും വ്യത്യസ്ത സ്വഭാവരീതികളിലും രുചി വൈവിധ്യങ്ങളിലുമായിരിക്കും.

റംസാനിലെ ആദ്യദിനങ്ങൾ പുതിയാപ്പിള സൽക്കാരങ്ങളുടേതാണ്. പഴയ കാലം മുതൽക്കേ പുതിയാപ്പിള സൽക്കാരങ്ങൾക്ക് പേരുകേട്ട നാടാണ് മലബാർ. എന്നാൽ റംസാൻ കാലമായാൽ വരനും കൂട്ടുകാർക്കുമുള്ള സൽക്കാരങ്ങൾ ഇഫ്താറിന്റെ രൂപത്തിലാണ്. കല്ല്യാണം കഴിഞ്ഞ് പുതുക്കം മാറിയിട്ടില്ലാത്ത വരനെയും കൂട്ടുകാരെയും വധുവിന്റെ വീട്ടുകാർ നോമ്പുതുറ സൽക്കാരത്തിന് വിളിക്കുന്നതാണ് മലബാറിലെ മിക്കസ്ഥലങ്ങളിലെയും പതിവ്. വടക്കൻ മലബാറിൽ ചെറുക്കന്റെ വീട്ടിൽ വച്ചും നോമ്പുതുറ സൽക്കാരങ്ങൾ നടത്താറുണ്ട്. പുതിയാപ്പിള സൽക്കാരങ്ങൾക്കായി പെൺ വീട്ടുകാർ റംസാനിലെ ആദ്യ ദിനങ്ങൾ തന്നെ തിരഞ്ഞെടുക്കും. പെൺവീട്ടുകാരുടെ സൽക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റു കുടുംബങ്ങൾ ഓരോന്നായി വധൂ വരന്മാരെ നോമ്പു തുറക്കാനായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഈ സൽക്കാരങ്ങളെല്ലാം കഴിയുമ്പോഴേക്കും നോമ്പ് പത്തോ പതിനെഞ്ചോ പിന്നിടും.

പുതിയാപ്പിളയും കൂട്ടുകാരുമെല്ലാം എത്തുമ്പോഴേക്കും സൽക്കാര വീട് നാനാതരം വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. വിഭവങ്ങൾ എത്ര തരമുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ തന്നെ പ്രയാസകരമാണ്. സമ്പന്നനും പാവപ്പെട്ടവനും തങ്ങളാലാകുന്ന തരത്തായിരിക്കും നോമ്പുതുറ സംഘടിപ്പിക്കുകയെങ്കിലും വിഭവങ്ങളിൽ ഒട്ടും കുറവു വരുത്താറില്ല. വിഭവങ്ങളാലും സൽക്കാരങ്ങളാലും പ്രിയം ഏറുന്നത് പുതിയപ്പിളമാരുടെ ഇഫ്താറുകൾക്കു തന്നെയാണ്. എന്നാൽ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഗമങ്ങളാണ് സമൂഹ നോമ്പുതുറകൾ. റംസാനിലെ ആദ്യ പത്ത് ദിനങ്ങൾ കഴിയുന്നതോടെ വലിയ സമൂഹനോമ്പു തുറകളും റംസാൻക്വിറ്റ് വിതരണങ്ങൾക്കും തുടക്കമാകും. ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മഹല്ല് ജമാഅത്ത് എന്നിങ്ങനെ സംഘം ചേർന്ന് സംഘടിപ്പിക്കുന്നതാണ് സമൂഹ നോമ്പുതുറകൾ. ഇതിൻ പങ്കെടുക്കാനെത്തുന്നവർ സമൂഹത്തിന്റ എല്ലാ തലങ്ങളിൽ നിന്നുള്ളവരുമുണ്ടാകും. പണക്കാരനും പാവപ്പെട്ടവനും തുല്ല്യമെന്നോണം തോളോടു തോൾ ചേർന്നിരുന്ന് വിശപ്പെന്ന വികാരമറിയുന്ന നിമിഷങ്ങളാണ് സമൂഹ നോമ്പുതുറകൾ. അവശരും രോഗികളുമായവർക്ക് ആശുപത്രികളിലേക്കും മറ്റും ഭക്ഷണ സാധനങ്ങളടങ്ങിയ റംസാൻ ക്വിറ്റ് വിതരണവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതും പതിവു കാഴ്ചയാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള മലബാറിലെ സമൂഹ നോമ്പുതുറകൾ വേറിട്ട കാഴ്ചകൾ തന്നെയാണ്. ഓരോ ഇഫ്താർ സംഗമങ്ങളും ഒരുമയുടെയും മതസൗഹാർതത്തിന്റെയും വേദികൾ കൂടിയാണിവിടെ.

14 നീണ്ട പകലിന് വിരാമമിട്ടുകൊണ്ട് പള്ളികളിൽ നിന്നും ഉയരുന്ന മഗ്‌രിബ് ബാങ്കിന്റെ അലിയൊലികൾ കേൾക്കുന്നതിന് മിനുട്ടുകൾക്കു മുമ്പ് തന്നെ തീൻ മേശയിൽ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുങ്ങിയിട്ടുണ്ടാകും. തീന്മേശക്കു മുന്നിലിരിക്കുന്ന കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഘ്യവുമായിരിക്കും. ഇത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയുടെ നിമിഷങ്ങളാണ്. ശേഷം വെള്ളമോ കാരക്കയോ കഴിച്ചായിരിക്കും നോമ്പ് മുറിക്കുക. നേരത്തെ ഒരുക്കുന്ന തീന്മേശയിൽ റംസാനിൽ മാത്രമായി തയ്യാറാക്കുന്ന വിഭവങ്ങളും പാനീയങ്ങളുമുണ്ടാകും. പണ്ടു കാലങ്ങളിൽ നാടൻ പഴങ്ങൾ യഥേഷ്ടം ഒരുക്കുമായിരുന്നെങ്കിലും ഇന്ന് നാടൻ ഇനങ്ങളെ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയുണ്ട്. അന്യസംസ്ഥാനത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെല്ലാം എത്തുന്ന പഴവർഗ്ഗങ്ങളാണ് തീന്മേശയിൽ സ്ഥാനം പിടിച്ചിരിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുർതുഖാലുകൾ, അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ചിലിയിൽ നിന്നുമെല്ലാം എത്തുന്ന ആപ്പിളുകൾ, കൊഡൈകനാലിൽ നിന്നുള്ള റമ്പൂട്ടാനും മാങ്കോസ്റ്റിനും, രാജസ്ഥാനിൽ നിന്നുള്ള പച്ച ഈത്തപ്പഴം, ബംഗ്ലൂരുവിൽ നിന്നും ഷമാം, ബട്ടർ ഫ്രൂട്ട് തുടങ്ങിയവയാണ് സൽക്കാരങ്ങളിലെ മുന്തിയ ഇനങ്ങൾ. മാമ്പഴങ്ങളും വത്തക്കകളും റമ്പൂട്ടാനുകളും ഈ റംസാൻ കാലത്ത് യേഥേഷ്ടം ഇടം പിടിച്ചിട്ടുണ്ട്. പഴവർഗങ്ങൾ കൂടാതെ വിവിധങ്ങളായ രുചിക്കൂട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ വേറെയുമുണ്ടാകും. ഒറ്റ നോട്ടത്തിൽ എല്ലാം സമൂസയോ കട്ട്‌ലൈറ്റോ ആണെന്ന് തോന്നും എന്നാൽ രുചിച്ചു നോക്കിയാൽ അതിലെ രുചിക്കൂട്ടുകളാണെങ്കിൽ ഓരോന്നും വ്യത്യസ്തമായിരിക്കും.

തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലാണ് നോമ്പ് വിഭവങ്ങൾക്ക് പേരും പെരുമയുമുള്ളത് എന്നാൽ മലബാർ രുചികൾക്ക് ഇപ്പോൾ തെക്കൻ കേരളത്തിലും ഏറെ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. നോമ്പു തുറകളിൽ നിത്യസാന്നിദ്ധ്യമാകുന്നത് കോഴിഅട, ഇറച്ചിപ്പത്തിരി, കല്ലുമ്മൽകായ, സമൂസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് , പഴം നിറച്ചതും ഇറച്ചി നിറച്ചതുമായ പത്തിരികൾ, നൈസ് പത്തിരി, മുട്ടപ്പത്തിരി, ഈത്തപ്പഴം നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളാണ്. കൂടാതെ തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേർത്തുണ്ടാക്കുന്ന പാനീയം, ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങളാണ്. മുഖ്യ ഇനങ്ങളായ അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കു പുറമെ കഫ്‌സ, മന്തി തുടങ്ങിയ ബിരിയാണി ഇനങ്ങളും ഇന്ന് ഇഫ്താർ സംഗമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സംഗമ വേദികൾ കൂടിയായ ഇഫ്താർ സംഗമങ്ങൾ ഇന്ന് ഏറെ ജനകീയമായാണ് സംഘടിപ്പിച്ചു വരുന്നത്. ഗൾഫ് രാജ്യങ്ങളിലും മലയാളികൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. അതിരുകളില്ലാത്ത വിശേഷങ്ങൾ ഓരോ ഇഫ്താർ സംഗമങ്ങൾക്കും പറയാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP