Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശങ്കകളും ഉത്കണ്ഠയും അകറ്റൂ സമാധാനമായി ജീവിക്കൂ; ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച സെമിനാർ ശ്രേദ്ധേയമായി

ആശങ്കകളും ഉത്കണ്ഠയും അകറ്റൂ സമാധാനമായി ജീവിക്കൂ; ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച സെമിനാർ ശ്രേദ്ധേയമായി

ദോഹ: അനാവശ്യമായ ആശങ്കകളും അമിതമായ ഉത്കണ്ഠയുമാണ് മനുഷ്യ ജീവിതത്തെ പലപ്പോഴും സമ്മർദ്ധത്തിലാഴ്‌ത്തുന്നതെന്നും നന്മ നിറഞ്ഞ സമീപനവും പ്രതീക്ഷാനിർഭരമായ പ്രവർത്തികളും സമാധാനം പ്രദാനം ചെയ്യുമെന്നും ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത പ്രസംഗകർ അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടും സംഘർഷങ്ങളും സമ്മർദ്ധങ്ങളും സമാധാനപരമായ സഹവർതിത്വത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലൂടെ അതിനെ അതിജീവിക്കുവാൻ സമൂഹം സജ്ജമാകണമെന്ന് സെമിനാർ ഓർമപ്പെടുത്തി.

മനുഷ്യ മനസ്സിന് ഏറെ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും നല്ല ചിന്തകളും വികാരങ്ങളും കൊണ്ട് അതിന്റെ മാറ്റു കൂട്ടാൻ പരിശ്രമിക്കമെന്നും സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിച്ച അബ്ബാസ് രാമനാട്ടുകര അഭിപ്രായപ്പെട്ടു. എല്ലാ ദുസ്വഭാവങ്ങളേയും മാറ്റി നിർത്തി മനസ്സിൽ നന്മ മാത്രം കൊണ്ടു നടക്കുന്നവർ ഏത് ഘട്ടത്തിലും ശക്തരായിരിക്കും. ജീവിത യാത്രയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായ വെല്ലുവിളികളായി സ്വീകരിച്ച് മുന്നോട്ടു പോകുവാൻ അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.

നഷ്ടപ്പെട്ട ഇന്നലെകളും പിറക്കാനിരിക്കുന്ന നാളെകളും നമ്മെ ആശങ്കാകുലരാക്കി മനോഹരമായ ഇന്നുകളെ ദുസ്സഹമാക്കരുതെന്ന് സ്പീഡ്‌ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ് പറഞ്ഞു. ശുഭാപ്തി വിശ്വാസവും വിജയ പ്രതീക്ഷയും ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാൻ നമുക്ക് കരുത്ത് പകരണം. സ്വർഗത്തെക്കുറിച്ചുള്ള പ്രോൽസാഹനങ്ങളാണ് നരകത്തെകുറിച്ച പേടിപ്പെടുത്തലുകളേക്കാൾ മനുഷ്യനെ നേർവഴിക്ക് നടത്താൻ പ്രയോഗിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിന്റെ ശുദ്ധീകരണവും ശാക്തീകരണവും മാനവ സമൂഹത്തിന് പുരോഗമനപരമായ ഊർജ്ജം പകരുമെന്ന് ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി പറഞ്ഞു. ജീവിത വിശുദ്ധിയും കർമ സാഫല്യവുമാണ് മനസിന് ശാന്തിയും സമാധാനവും നൽകുന്നത്. മനുഷ്യരോടും പ്രകൃതിയോടും സമരസപ്പെട്ട് ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളാടിസ്ഥാനത്തിലുള്ള ഭീകരവാദവും ഫാസിസ്റ്റ് രീതികളുമൊക്കെ മാനസികാരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ സമാധാനത്തിന്റെ അരുണോദയം കാത്തു കിടക്കുന്ന ലോകത്തിന്റെ പ്രതീക്ഷ വിവേകപൂർവം കാര്യങ്ങൾ വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണെന്ന് ഫ്രന്റ്‌സ് കൾചറൽ സെന്റർ ഗവേണിങ് ബോഡി ചെയർമാൻ മുഹമ്മദ് ഖുതുബ് പറഞ്ഞു. കുടുംബജീവിതത്തിലും തൊഴിൽ രംഗത്തും സുതാര്യവും സത്യസന്ധവുമായ സമീപനങ്ങളാണ് സമാധാനവും ശാന്തിയും നൽകുകയെന്നാണ് സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും മൈൻഡ് ട്യൂൺ വേവ്‌സ് ജി.സി.സി. ഉപാധ്യക്ഷനുമായ എൻ. കെ. എം. മുസ്തഫ അഭിപ്രാപ്പെട്ടത്. എം. ടി. നിലമ്പൂർ, അമാനുല്ല വടക്കാങ്ങര, റഫീഖ് മേച്ചേരി സംസാരിച്ചു. പ്രശസ്ത മൈൻഡ് ട്യൂൺ പരിശീലകനും സക്‌സസ് കോച്ചുമായ സി. എ. റസാഖ് ഓൺലൈനിൽ സദസ്സിന് മാനസികാരോഗ്്യ ദിന സന്ദേശം കൈമാറി. മനസിനെ ദുശ്ചിന്തകളാൽ മരുപ്പറമ്പാക്കാതെ സ്‌നേഹവും പരിമളവും പരിലസിക്കുന്ന മലർവാടിയാക്കുവാനുള്ള സോദ്ദേശ്യപരമായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP