Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യം; സെമിനാർ

ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യം; സെമിനാർ

ദോഹ. മദ്യവും മയക്കുമരുന്നുകളും ലോകത്ത് സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ധാർമിക പ്രതിസന്ധി അതി ഗുരുതരമാണെന്നും ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ലോക ലഹരി ദിനാചരണത്തിന്റെ ഭാഗമായി ദോഹയിൽ ആന്റി സ്മോക്കിങ് സൊസൈറ്റിയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രായോഗിക യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് നിരന്തരമായ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുമ്പോൾ ആശാവഹമായ മാറ്റമുണ്ടാകും. ലഹരി വർജനവും ലഹരി നിരോധവുമൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജീവിതം ലഹരിയാവുകയും മാനവ സൗഹൃദവു സ്നേഹവും നിലനിൽക്കുകയും ചെയ്യുമ്പോൾ ഏത് വെല്ലുവിളികളേയും അതിജീവിക്കാനാകുമെന്ന് സെമിനാർ വിലയിരുത്തി.

ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ ഫോറം വൈസ് പ്രസിഡണ്ട് പി. എൻ. ബാബുരാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ വളരുന്ന ലഹരി സംസ്‌കാരത്തെ സാംസ്‌കാരിക കൂട്ടായ്മകളിലൂടെ അതിജീവിക്കുവാനും സാധ്യമാകുന്ന എല്ലാവിധ ബോധവൽക്കരണ പരിപാടികളും സജീവമാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ സമഗ്രമായ മൂല്യവൽക്കരണവും സംസ്‌കരണവുമാണ് ഏറ്റവും പ്രധാനമെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംസ്‌കരണത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ധർമവും മൂല്യവും അവരെ പഠിപ്പിക്കുന്നതിൽ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നമ്മുടെ കോളേജ് കാമ്പസുകൾ മാത്രമല്ല സ്‌ക്കൂൾ കാമ്പസുകൾ പോലും ലഹരി മണക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു പക്ഷേ കേരളീയ സമൂഹത്തിന്റെ കുടുംബ പശ്ചാത്തലത്തിലും ശീലങ്ങളിലും സംഭവിച്ച മൂല്യ ശോഷണവും താളപ്പിഴകളും തന്നെയാകാം ഇതിന് വഴിമരുന്നിട്ടത്. ഉപഭോഗ സംസ്‌കാരത്തിന്റെ ധന്യമായ പാരമ്പര്യങ്ങളും ചിട്ട വട്ടങ്ങളും കേരളീയ കുടുംബ സാംസ്‌കാരിക മൂല്യങ്ങളെ നിഷ്പ്രഭമാക്കിയപ്പോൾ കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാനോ അവരുടെ വൈകാരിക വൈചാരിക തലങ്ങളിൽ യഥോചിതം ഇടപെട്ട് നേർവഴിക്ക് നടത്തുവാനോ ഉത്തരവാദപ്പെട്ടവർക്ക് കഴിയാതെ പോയപ്പോഴാണ് കാമ്പസിന്റെ ഇടവഴികളിലും പാതയോരങ്ങളിലുമൊക്കെ ലഹരി മാഫിയകൾ സ്ഥാനമുറപ്പിച്ചത് എനുവേണം കരുതാൻ. കൂട്ടുകുടുംബങ്ങൾ അവസാനിക്കുകയും അണുകുടുംബങ്ങൾ വ്യാപകമാകുകയും ചെയ്തതും കുട്ടികളുടെ വൈകാരിക മാനസിക വളർച്ചയെ സ്വാധീനിച്ചു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജീവിത വ്യവഹാരങ്ങളിൽ ആശാസ്യമല്ലാത്ത തിരക്കുകളും സമ്മർദ്ദങ്ങളുമായി കഴിയുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ വേണ്ട പോലെ ശ്രദ്ധിക്കാനോ പരിചരിക്കുവാനോ കഴിയാതെ വരുമ്പോഴാണ് അഭിശപ്തമായ ലഹരി പദാർഥങ്ങളുടെ മായാവലയത്തിൽ അവർ പലപ്പോഴും പെട്ടുപോകുന്നതെന്നും രക്ഷിതാക്കൾ കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകണമെന്നും മൈൻഡ് പവർ ട്രെയിനറും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ഷൈജു കാരയിൽ പറഞ്ഞു. ബന്ധപ്പെട്ടവരുടെ പെരുമാറ്റ സമീപനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുകയും ഓരോരുത്തർക്കും അവരർഹിക്കുന്ന ശ്രദ്ധയും പരിചരണവും നൽകുകയും ചെയ്താൽ ജീവിതത്തിന്റെ മനോഹരമായ മേച്ചിൽ പുറങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ഈ പ്രമേയത്തിന്റെ വിശാലമായ താൽപര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ മീഡിയ ഫോറം ട്രഷറർ ഷഫീഖ് അറക്കൽ, മൈൻഡ് ട്യൂൺ എക്കോ വേവ്സ് പ്രതിനിധി സബീന എം.കെ., ക്വാളിറ്റി അഡ്‌മിനിസ്ട്രേഷൻ കൺസൽട്ടന്റ്സ് ഡയറക്ടർ ജോയ് മത്തായ്, ജനറൽ മാനേജർ ഹംസാസ് കെ. എം, ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ട്രസ്റ്റ് എക്സ്ചേഞ്ച് ജറനൽ മാനേജർ കെ.എൻ. എസ്. ദാസ് എന്നിവർ സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് ബിവറേജ് ഔട്ട്ലെറ്റുകൾ അടച്ചിട്ട കേരള ഗവൺമെന്റിന്റെ നടപടി ശ്ളാഘനീയമാണെന്നും എല്ലാ ദിവസവും ബവറേജ് ഷോപ്പുകൾ അടച്ചിടുന്ന ധാർമിക നിലവാരമാണ് നമുക്കാവശ്യമെന്നും പരിപാടി നിയന്ത്രിച്ച മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ലഹരി പദാർഥങ്ങളുടെ ലഭ്യത നിയന്ത്രിച്ച് കൊണ്ട് മാത്രമേ ലഹരി വിമുക്തിയും ലഹരി നിർമ്മാർജനവും സാധ്യമാവുകയുള്ളൂ.

ആദ്യം ശ്രദ്ധിച്ചു കേൾക്കുക എന്ന സുപ്രധാനമായ വിഷയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭയുടെ ലഹരിവിരുദ്ധ വകുപ്പ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനമാചരിക്കുന്നത്. നാം ജീവിക്കുന്ന ലോകത്ത് ഓരോരുത്തരും ശ്രദ്ധ ആഗ്രഹിക്കുന്നണ്ടെന്നും കുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ ശ്രദ്ധ നൽകുകയും അവർക്ക് പറയുവാനുള്ളത് കേൾക്കാൻ തയ്യാറാവുകയും ചെയ്താൽ അവരുടെ മാനസികവും ധാർമികവുമായ മേഖലകളിൽ വിപ്ളവകരമായ മാറ്റമുണ്ടാക്കുമെന്നാണ് ഈ പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സംഘടന പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സന്തോഷങ്ങളും സങ്കടങ്ങളും ശരിയായ അർഥത്തിൽ പങ്കിടാൻ കഴിയാതെ വീർപ്പുമുട്ടുന്നവരാണ് പലരും. ഗുംണകാംക്ഷയോടെ ഇത്തരമാളുകളെ കേൾക്കുവാനും അവർക്കാവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകുവാനും ആളില്ലാതെ പോകുന്നത് അത്യന്തം ഗുരുതരമായ മാനസിക പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ആത്മാർഥമായ സ്നേഹ വായ്പോടെയുള്ള ഇടപെടലുകൾക്കും പെരുമാറ്റത്തിനും ഒട്ടു മിക്ക പ്രശ്നങ്ങളും പരിഹരിക്കുവാനോ ലഘൂകരിക്കുവാനോ കഴിയുമെന്നതാണ് വസ്തുത. ഈയടിസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രമേയമാണ് ഈ വർഷം ഐക്യ രാഷ്ട്ര സംഘടന മുന്നോട്ടുവെക്കുന്നത്.

ആകർഷകമായ രീതിയിൽ ലഹരി ഗുണികകളും ലഹരി മിഠായികളുമൊക്കെ കൗമാരക്കാരുടെ കൂട്ടായി മാറാൻ അധികസമയം വേണ്ടി വന്നില്ല. പലരും വഴിക്ക് വെച്ച് പഠന മുപേക്ഷിച്ചു. മറ്റു പലരും നാടു വിട്ടു. വേറെ ചിലർ വീടുകളുടെ ഇരുണ്ട തടവറകളിലായി . എല്ലാ കേസുകളിലും സമൂഹത്തിന്റെ പ്രതീക്ഷയായ യുവസമൂഹം കൈവിട്ടുപോകുന്ന ദുരന്തമാണ് ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കും യുവാക്കൾക്കും പറയുവാനും പങ്കുവെക്കുവാനുമുള്ളത് കുടുംബവും സമൂഹവും വിദ്യാഭ്യാസ അധികൃതരുമെക്കെ ശ്രദ്ധിച്ചുകേൾക്കണമെന്ന സന്ദേശം കൂടുതൽ പ്രസക്തമാകുന്നത്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ലഹരിക്കടിപ്പെടുന്നവരെ തിരികെ കൊണ്ടുവരുവാനും കൂടുതലാളുകളെ ലഹരിയിലേക്ക് ആകർഷിക്കുന്നതിൽ നിന്നും തടയുവാനും ഇത്തരം ശ്രദ്ധിച്ച് കേൾക്കലുകൽലൂടെ സാധിക്കുമെന്ന് സെമിനാർ വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP