Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സി.കെ മേനോൻ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്' പ്രകാശനം ചെയ്തു

സി.കെ മേനോൻ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്' പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദോഹ. നിരുപാധികമായ മനുഷ്യസ്നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ പ്രഥമ ഓർമപുസ്തകം ദോഹയിൽ പ്രകാശനം ചെയ്തു. സ്‌കിൽസ് ഡവലപ്മെന്റ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന നിറഞ്ഞ സദസ്സിൽ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി. മണി കണ്ഠൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഒ.ഐ.സി.സി. ഗ്ളോബൽ കമ്മറ്റി വൈസ്പ്രസിഡണ്ട് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ജോപ്പച്ചൻ തെക്കേക്കുറ്റ്, കേരള ഭൂഷണം ദിനപത്രം മാനേജിങ് ഡയറക്ടർ ഡോ. കെ.സി. ചാക്കോ, ഭവൻസ് പബ്ളിക് സ്‌ക്കൂൾ പ്രിൻസിപ്പൽ ഫിലിപ്പ്, അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ചാലിയാർ ദോഹ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, ഇൻകാസ് നേതാക്കളായ ഹൈദർ ചുങ്കത്തറ, ജോൺ ഗിൽബർട്, ടി.ജെ.എസ്.വി. ഗാൽവനൈസിങ് ആൻഡ് ഫാബ്രിക്കേഷൻസ് കമ്പനി വൈസ് ചെയർമാൻ ആർ.ഒ. അബ്ദുൽ ഖാദർ, ഭവൻസ് പബ്ലിക് സ്‌ക്കൂൾ ജനറൽ സെക്രട്ടറി കെ.എം. അനിൽ, മുഹമ്മദ് പാറക്കടവ്, എം ടി നിലമ്പൂർ തുടങ്ങി നിരവധി പ്രമുഖർ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി.

മേനോന്റെ മക്കളായ ജെ.കെ. മേനോൻ, അജ്ഞന മേനോൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. സി.കെ. മേനോന്റെ സംഭവ ബഹുലമായ ജീവിതം കുറേ നന്മകൾ അവശേഷിപ്പിച്ചതായും ആ നന്മകളുടെ പൂർത്തീകരണമാണ് അദ്ദേഹത്തോടുള്ള ആദരമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരന്റെ നിർദ്ദേശാനുസരണം അടുത്ത വർഷം മുതൽ മേനോന്റെ പേരിൽ വിവിധ സേവന മേഖലകളിൽ മികച്ച സംഭാവനകളർപ്പിക്കുന്നവർക്ക് ഐ.സി. ബി.എഫ് അവാർഡ് നൽകുമെന്ന് പ്രസിഡണ്ട് പി. എൻ. ബാബുരാജൻ പറഞ്ഞു.
നിറഞ്ഞ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വിസ്മയകരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പത്മശ്രീ അഡ്വ. സി.കെ. മേനോൻ. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയ അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ മനുഷ്യസ്നേഹവും സൗഹൃദവുമായിരുന്നു ഏഴ് പതിറ്റാണ്ടു നീണ്ട ധന്യമായ ആ ജീവിതത്തിന്റെ ബാക്കി പത്രമെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി. മണി കണ്ഠൻ പറഞ്ഞു.

അച്ഛന്റെ പാരമ്പര്യം സന്തോഷത്തോടെ പിന്തുടരുമെന്നും മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ വികാരമെന്നാണ് അച്ചൻ ഞങ്ങളെ പഠിപ്പിച്ചതെന്നും ജെ.കെ. മേനോൻ പറഞ്ഞു. നാം സമ്പത്തിന്റെ കാത്തുസൂക്ഷിപ്പുകാർ മാത്രമാണ്. അത് സഹജീവികൾക്ക് വേണ്ടി കൂടി ചിലവഴിക്കുമ്പോഴെ നമ്മുടെ ഉത്തരവാദിത്തം പൂർണമാവുകയുള്ളൂ. അച്ചൻ കാണിച്ചുതന്ന നന്മയുടെയും സൗഹൃദത്തിന്റെയും തണൽ മരങ്ങളുമായി ചേർന്ന് നിന്ന് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബിനോയ് വിശ്വം എംപി, കൈതപ്രം ദാമോദരൻ നമ്പൂതിരി, അഡ്വ. പി.എസ് ശ്രീധരൻ പിള്ള, കെ.സി ജോസഫ് എംഎ‍ൽഎ, മൻസൂർ പള്ളൂർ, ആർ.എസ് ബാബു, വി. ബൽറാം, ഡോ. കെ.സി. ചാക്കോ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓർമക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. മേനോനുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും സമാഹരിച്ച ഈ കൃതി ഏവർക്കും പ്രചോദനമേകാൻ പര്യാപ്തമായ ഈടുറ്റ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാണ്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുസ്തകത്തിന്റെ എഡിറ്റർ. പുസ്തകത്തിന്റെ കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP