Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ഖത്തറിൽ നിന്നും പി.എൻ.ബാബുരാജൻ, ഡോ.ശുക്കൂർ കിനാലൂർ, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാർ, നാസർ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവർക്ക് പുരസ്‌കാരം

പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ഖത്തറിൽ നിന്നും പി.എൻ.ബാബുരാജൻ, ഡോ.ശുക്കൂർ കിനാലൂർ, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാർ, നാസർ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവർക്ക് പുരസ്‌കാരം

സ്വന്തം ലേഖകൻ

രുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഖത്തറിൽ നിന്നും പി.എൻ.ബാബുരാജൻ, ഡോ.ശുക്കൂർ കിനാലൂർ, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാർ, നാസർ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവർക്ക് പുരസ്‌കാരം .

ഖത്തറിലെ കൈരളി പ്രതിനിധി, സംസ്‌കൃതി ജനറൽ സെക്രട്ടറി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പി.എൻ. ബാബുരാജനെ അവാർഡിന് അർഹനാക്കിയത്. ജനോപകാര പ്രദമായ പ്രവർത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറ സാന്നിധ്യമാണ്.

സംരംഭകത്വത്തിന്റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോൺ ഗ്രൂപ്പ് ഹോൾഡിങ്സ് ചെയർമാൻ ഡോ.പി.എ.ശുക്കൂർ കിനാലൂരിനെ അവാർഡിന് തെരഞ്ഞെടുത്തത്. ഖത്തറിൽ നിരവധി സംരംഭകരെ തന്നോടൊപ്പം ചേർത്ത് വളരാൻ അവസരം നൽകിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് ഡോ.പി.എ.ശുക്കൂർ കിനാലൂർ.

ഖത്തർ ആസ്ഥാനമായ അക്കോൺ ഗ്രൂപ്പ് ഹോള്ഡിങ്‌സ് ചെയർമാൻ ഡോ. പി.എ. ശുക്കൂർ കിനാലൂർ മൂന്ന് പതിറ്റാണ്ടായി പ്രവാസ ലോകത്തെ സംരംഭകനാണ്. ഖത്തറിലും യു.എ.ഇയിലുമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ ഇന്ത്യയിലും പല സംരംഭങ്ങളുടേയും അമരക്കാരനായ അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് .സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള വേറിട്ട പ്രവർത്തനങ്ങളും അദ്ദേഹത്തെ സവിശേഷനാക്കുന്നു.

ഖത്തറിൽ സൗന്ദര്യ സംരംക്ഷണ രംഗത്തെ ശ്രദ്ധേയ നാമമായ ദോഹ ബ്യൂട്ടി സെന്റർ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അറിയപ്പെടുന്ന സംരംഭകയും സാമൂഹ്യ പ്രവർത്തകയുമാണ് . മികച്ച വനിത സംരംഭകയെന്ന നിലക്കും മാതൃകാപരമായ സാമൂഹ്യ സാംസ്‌കാരിക ജനസേവന പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് അവരെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

പുകവലിക്കെതിരെ സന്ധിയില്ലാസമരം നയിക്കുന്ന ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ എന്ന നിലക്കും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വേറിട്ട സേവനങ്ങൾ മുൻനിർത്തിയുമാണ് ഡോ. മുഹമ്മദുണ്ണി ഒളകരയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടിലേറെക്കാലമായി പ്രവാസ ലോകത്തെ കല കായിക സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. മുഹമ്മദുണ്ണി ഒളകര ഒരു സംരംഭകൻ എന്ന നിലക്കും പൊതു പ്രവർത്തകൻ എന്ന നിലക്കും ശ്രദ്ധേയനാണ്. ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാനായ അദ്ദേഹത്തിന് കീഴിൽ സാമൂഹ്യ പ്രധാനമായ നിരവധി ബോധവൽക്കരണ പരിപാടികളാണ് പ്രവാസ ലോകത്തും ഇന്ത്യയിലും നടന്നത്.

ഖത്തറിലെ ഹിൽസ് എഞ്ചിനീയറിങ് , മീഡിയ പെൻ എന്നീ സ്ഥാപനങ്ങളുടെ ജനറൽ മാനേജറായ ബിനുകുമാർ. ജി ഒരു നല്ല സംരംഭകനും സാമൂഹ്യ സാംസ്‌കാരിക കലാപ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാറുള്ള ഇന്റർസ്‌കൂൾ യൂത്ത് ഫെസ്റ്റിവലായ കലാജ്ഞലി ഏറെ പ്രശസ്തമാണ്.

ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ ശ്രദ്ധേയമായ ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത് ഗൾഫ് മേഖലയിലെ മുതിർന്ന ട്രാവൽ പ്രൊഫഷണലും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമാണ് . ഖത്തർ, യു.എ.ഇ, സൗദി, ബഹറൈൻ എന്നിവിടങ്ങളിലൊക്കെ പ്രവർത്തിപരിചയമുള്ള അദ്ദേഹത്തെ ടൂറിസം രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഗൾഫിൽ ജോലി തേടുന്നവർക്ക് സ്‌പോക്കൺ അറബിക് പരിശീലന പരിപാടികളിലൂടെ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര സ്‌പോക്കൺ അറബികുമായി ബന്ധപ്പെട്ട ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ് . ആയിരക്കണക്കിന് പ്രവാസികളെ അറബി സംസാരിക്കുവാൻ പരിശീലിപ്പിച്ച അദ്ദേഹം മലയാളം, അറബി, ഇംഗ്‌ളീഷ് ഭാഷകളിലായി 82 പുസ്തകങ്ങളുടെ കർത്താവാണ് . പ്രവാസികളുടെ തൊഴിൽപരമായ വളർച്ചക്കനുഗുണമായി അദ്ദേഹം നടത്തിയ സ്‌പോക്കൺ അറബിക് പരിശീലന പരിപാടികളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.

ജനുവരി 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

സംഘാടകസമിതി ഭാരവാഹികളായ വില്ലറ്റ് കൊറയ, ശശി ആർ.നായർ, എച്ച്. നൂറു ദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP