Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യനെ ആദരിക്കാൻ പഠിപ്പിക്കലാണ് മതവിദ്യാഭ്യാസം; ഡോ. ബദീഉസ്സമാൻ

ഡോ. അമാനുല്ല വടക്കാങ്ങ

ദോഹ : ആദ്യ മനുഷ്യനെ ഭൂമിയിലയക്കും മുമ്പ് ആദരിക്കാൻ ദൈവം മാലാഖമാരോട് കൽപ്പിച്ചു. ആ മനുഷ്യനെ ആദരിക്കാൻ ഭൂമിയിൽ പിറക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും പരിശീലിപ്പിക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്ന് ഇന്റഗ്രേറ്റഡ് എഡുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ സിഇഒ ഡോ. ബദീഉസ്സമാൻ അഭിപ്രായപ്പെട്ടു. ഏഴ്, പത്ത് ക്ലാസ്സുകളിൽ പരീക്ഷയെഴുതി ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനു വേണ്ടി അൽ മദ്രസ അൽ ഇസ്ലാമിയ ദോഹ (ഐഡിയൽ ഇന്ത്യൻ സ്‌കൂൾ) സംഘടിപ്പിച്ച ''തക്രീം-2021'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം സ്‌നേഹിക്കുക, ആദരിക്കുക, പരിഗണിക്കുക തുടങ്ങി പ്രവാചകൻ നമ്മിൽ വിട്ടേച്ചു പോയ ഉന്നത ശീലങ്ങൾ തിരക്ക് പിടിച്ച ലോകസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യൻ മറന്നു പോകും. ഏത് തിരക്കിലും അവനെ അതോർമ്മിപ്പിക്കാൻ കെൽപ്പുള്ള സംസ്‌കാരവും പാരമ്പര്യങ്ങളും തലമുറകൾക്ക് പകർന്നു കൊടുക്കുന്ന വിദ്യയാണ് മദ്രസകളിലൂടെ നൽകുന്നത്. അല്ലാഹുവിന്റെ ഖിലാഫത്ത് ഭൂമിയിൽ ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഏറ്റവും ഗുണമേന്മയുള്ള മനുഷ്യരായി അവർ മാറും. പക്ഷെ ഇതൊരു ''പങ്കു കച്ചവട''മാണ്. പകുതി അദ്ധ്യാപകരും പകുതി രക്ഷിതാക്കളും. പ്രത്യേകിച്ച് ഈ ഓൺലൈൻ കാലത്ത്. കുട്ടികൾ പൂർണ്ണമായും രക്ഷിതാക്കളുടെ അടുത്താണ്. അവർ പഠിക്കുന്ന പാഠങ്ങൾക്കനുഗുണമായ ഒരു ഗൃഹാന്തരീക്ഷം വീട്ടിനകത്ത് സൃഷ്ടിക്കപ്പെടണം. അദ്ദേഹം തുടർന്നു. പരീക്ഷകൾക്കും മാർക്കുകൾക്കുമപ്പുറം പഠിച്ച പാഠങ്ങൾ ജീവിതത്തിൽ പ്രയോഗികമാക്കണം എന്നദ്ദേഹം ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളുടെ പേരുകൾ പ്രഖ്യാപിച്ചു കൊണ്ട് എല്ലാ കുട്ടികളെയും ഉപദേശിച്ചു.

കേരള മദ്രസ എഡുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസൻ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡണ്ട് ഡോ. എംപി. ഹസൻ കുഞ്ഞി, ഐഡിയൽ സ്‌കൂൾ പ്രിൻസിപ്പൽ സയ്യിദ് ഷൗകത്ത് അലി, സിഐസി പ്രസിഡണ്ട് കെ.ടി അബ്ദുറഹ്‌മാൻ, രക്ഷാകർതൃ പ്രതിനിധി ഡോ. മുഹമ്മദ് ശാഫി, സിഐ.സി വിദ്യാഭ്യാസ വകുപ്പ് തലവൻ അൻവർ ഹുസൈൻ, മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ബിലാൽ ഹരിപ്പാട്, വിവിധ മദ്രസാ പ്രിൻസിപ്പാൾമാരായ എം ടി ആദം (ശാന്തിനികേതൻ വക്റ), തൗഫീഖ് തൈക്കണ്ടി (അൽഖോർ), വിദ്യാർത്ഥി പ്രതിനിധി അയിദ ഷംസു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിശിഷ്ഠാതിഥികൾ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. അവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മദ്രസയിൽ ലഭ്യമായിരിക്കുമെന്നും അറിയിച്ചു.

അബീദ് റഹ്‌മാൻ ഖാസിമിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. മദ്രസ പ്രിൻസിപ്പൽ അബ്ദുറഹിമാൻ പുറക്കാട് അധ്യക്ഷ്യം വഹിച്ചു. റഷാ ജുറൈജ് ഗാനമാലപിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദലി ശാന്തപുരം സ്വാഗതവും വൈസ് പ്രിൻസിപ്പൽ എം ടി സിദ്ദീഖ് നന്ദിയും പറഞ്ഞു. അംന ഫാത്തിമ, ഹന ഫാത്തിമ എന്നീ വിദ്യാർത്ഥിനികളാണ് പരിപാടി നിയന്ത്രിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP