Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

അശരണരുടെ കണ്ണീരൊപ്പാൻ ഒന്നിക്കണമെന്ന് താജ് ആലുവ

അശരണരുടെ കണ്ണീരൊപ്പാൻ ഒന്നിക്കണമെന്ന് താജ് ആലുവ

ദോഹ. നിരന്തരമായ നീതി നിഷേധങ്ങളും അവകാശ ലംഘനങ്ങളും ലോകത്ത് സംഘർഷങ്ങളുടേയും ദുരിതങ്ങളുടേയും തോത് വർദ്ധിപ്പിക്കുമ്പോൾ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ അശരണരുടെ കണ്ണീരൊപ്പാനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്ന് മാദ്ധ്യമ പ്രവർത്തകനും ഖത്തറിലെ കൾചറൽ ഫോറം പ്രസിഡണ്ടുമായ താജ് ആലുവ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് ഫ്രന്റ്സ് കൾചറൽ സെന്ററുമായി സഹരിച്ച് സംഘടിപ്പിച്ച സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ശക്തികളുടെ സാമ്പത്തിക താൽപര്യങ്ങളും നടപടികളുമാണ് പലപ്പോഴും ജീവിതം ദുസ്സഹമാക്കുന്നത്. മാനവരാശിയുടെ സമാധാനപരമായ സഹവർതിത്വത്തിന് മത ജാതി രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കതീതമായി മനുഷ്യത്വത്തിലൂന്നിയ മുന്നേറ്റങ്ങൾക്ക് ശക്തിപകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോൾ ജീവകാരുണ്യ ദിനത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും ഓരോ മനുഷ്യസ്നേഹിയും ഈ രംഗത്ത് തന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ബ്രാഡ്മ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ് പറഞ്ഞു. ഭാവി തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുകയും പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയുടേയും സ്ഥാപനത്തിന്റേയും ബാധ്യതയാണ്. ഈ ബാധ്യതയെ ഓർമപ്പെടുന്നതോടൊപ്പം കാര്യക്ഷമമായ നടപടികളും ഈ ദിനം ആവശ്യപ്പെടുന്നു. നാം ഓരോരുത്തരും മാറ്റത്തിന്റെ വാക്താക്കളാകുമ്പാഴാണ് ലോകം മനോഹരമാകുന്നത്. മാനവരാശിയുടെ ക്ഷേമൈശ്വര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ അതിന്റെ ഗുണഫലങ്ങൾ കൂടുതലായി ലഭിക്കുന്നത് എല്ലാവർക്കുമാണെന്ന ബോധ്യം ജീവകാരുണ്യദിനത്തെ സവിശേഷമാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമ്പോഴാണെന്നും മാനവരാശിയുടെ സമാധാനപരമായ സഹവർതിത്വം ഉറപ്പാക്കുവാൻ സ്വാർത്ഥക്ക് മേൽ സേവനമനസിന് മേൽകോയ്്മ ഉണ്ടാകുന്ന സാമൂഹ്യ സാഹചര്യം വേണമെന്നും പരിപാടിയുടെ മോഡറേറ്റേറായിരുന്ന മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. മാനവികത, മനുഷ്യപ്പറ്റ്, ജീവകാരുണ്യം, പരസ്പര സഹായസഹകരണം, സേവനം, സ്നേഹം, ആർദ്രത, ദയ തുടങ്ങിയവ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വികാരങ്ങളാണ്. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സ്വന്തം വികാരങ്ങളായി പരിഗണിച്ച് മാനവികതയുടേയും സാഹോദര്യത്തിന്റേയും സന്ദേശമാണ് കാലം ആവശ്യപ്പെടുന്നത് . ഈ രംഗത്ത് കൂട്ടായ ചിന്തയും പരിശ്രമങ്ങളുമാണ് ജീവകാരുണ്യദിനം ലക്ഷ്യം വെക്കുന്നത്.

ദുരിതങ്ങളും ദുരന്തങ്ങളും ഏറി വരികയാണ്. സ്വാഭാവികമായും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആവശ്യകതയുമേറുന്നു. ഭൗതിക സുഖസൗകര്യങ്ങളുടെയും ലോകം വെട്ടിപ്പിടിക്കുവാനുള്ള ഓട്ടത്തിന്റേയുമിടയിൽ കഷ്ടപ്പെടുന്ന തന്റെ സഹജീവിയുടെ കണ്ണീരൊപ്പുവാൻ നമുക്കൊക്കെ സമയമുണ്ടോ എന്നാണ് വാസ്തവത്തിൽ ഈ ദിവസം ഉയർത്തുന്ന പ്രധാന ചോദ്യം. ജീവിതത്തിലെ മുൻഗണനാക്രമങ്ങളിൽ മാനവികതക്കും സാഹോദര്യത്തിനും നാമോരോരുത്തരും എന്ത് വില കൽപ്പിക്കുന്നു എന്നതാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ജീവിതയാത്രയിൽ ബാക്കിയാവുന്ന, എന്നും മനസിന് ശാന്തിയും സായൂജ്യവും നൽകുന്ന സേവന പ്രവർത്തനങ്ങളിൽ മുഴുകുവാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരാനുമാണ് ഈ ദിനം ഉപകരിക്കേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച എം ടി. നിലമ്പൂർ പറഞ്ഞു. ശുക്കൂർ കിനാലൂർ, നിയാസ് അബ്ദുൽ നാസർ എന്നിവരും സംസാരിച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ ബ്രാഡ്മ ഗ്രൂപ്പിനും സഹപ്രായോജകരായ അൽ സുവൈദ് ഗ്രൂപ്പിനുമുള്ള ഉപഹാരങ്ങൾ അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ വിതരണം ചെയ്തു.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 19 ആണ് ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളിലും വർഗീയ വംശീയ കലാപങ്ങളിലും ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാകുന്ന നിരപരാധികളും നിരാശ്രയരുമായ മനുഷ്യരുടെ പരിചരണത്തിനും സേവനത്തിനും സമയം കണ്ടെത്തുന്ന മനുഷ്യസ്നേഹികളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അവർ ഉദ്ഘോഷിക്കുന്ന ഉന്നതമായ സേവന സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ദൗത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP