Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികൾ കേരളത്തിന്റെ കാവൽക്കാർ; പി.ടി. കുഞ്ഞിമുഹമ്മദ്

പ്രവാസികൾ കേരളത്തിന്റെ കാവൽക്കാർ; പി.ടി. കുഞ്ഞിമുഹമ്മദ്

ദോഹ: പ്രവാസികൾ കേരളത്തിന്റെ കാവൽക്കാരാണെന്നും പ്രവാസമാണ് കേരളത്തെ സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റി മറിച്ചതെന്നും സാംസ്‌കാരിക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ പി..ടി കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച 'സഫലമാകണം ഈ പ്രവാസം കാമ്പയിനിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ നെടുംതൂണായ പ്രവാസികളോട് മാറിമാറി വരുന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും തികഞ്ഞ അവഗണനയാണ് കാണിച്ചത്. പ്രവാസി ക്ഷേമത്തിനായി സമർപ്പിക്കുന്ന പദ്ധതികളൊക്കെ അംഗീകരിക്കാനും നടപ്പിലാക്കാനും ഉദ്യോഗസ്ഥർ സന്നദ്ധമാകാത്തതിനാൽ പലപ്പോഴും നിർദേശങ്ങൾ കടലാസുകളിലൊതുങ്ങുകയാണെന്ന് പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച കമ്മറ്റി അംഗമായിരുന്ന അദ്ദേഹം പറഞ്ഞു.

ഇ.കെ. നായനാരിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാറാണ് ഇന്ത്യയിൽ തന്നെ ആദ്യമായി പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചത്. പ്രവാസിയിലെ വ്യക്തി ഉണരുന്നതിലൂടെ മാത്രമെ അവന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുയുള്ളൂവെന്നും ഈ രംഗത്ത് ശക്തമായ ബോധവൽക്കരണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളിൽ നിന്നും പലതും നേടി എടുക്കാൻ അതിവേഗത കാണിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ പ്രവാസികൾക്ക് തിരിച്ച് നൽക്കുന്നതിൽ അനന്തമായ കാലതാമസമാണ് വരുത്തുന്നതെന്ന് പരിപാടിയിൽ സംസാരിച്ച വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ പറഞ്ഞു. എമിഗ്രേഷൻ നിയമങ്ങൾ പോലും കാലാനുസൃതമായി പരിഷ്‌ക്കരിക്കാൻ തയ്യാറായിട്ടില്ല. പ്രവാസികളുടെ പല പ്രശ്നങ്ങളും അവർ സ്വയം തന്നെയാണ് പരിഹരിക്കുന്നതെന്നും പ്രവാസികളുടെ കാര്യത്തിൽ പുനരധിവാസ പദ്ധതികളുൾപ്പെടെ പ്രവാസിയുടെ ജീവിതത്തിന് സംരക്ഷണം നൽകുന്ന നിലപാടുകൾ ഗവൺമെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണക്കാരോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും കപടമുഖം മൂടിയിട്ടാണ് സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ തുടങ്ങിയ വംശീയ രാഷ്ട്രീയം ഇന്ന് കേരളം വരെ എത്തിപ്പെട്ടിരിക്കുന്നു. എം ടിക്കും കമലിനും നേരെയുള്ള പ്രസ്താവനകൾ അതിന്റെ ഉദാഹരണങ്ങളാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽപ്പോലും മോദിഭരണത്തിന്റെ സ്വാധീനം പ്രകടമാണ്. പലർക്കെതിരെയും യു.എ.പി.എ ചുമത്തിയതും പല പൊലീസ് നടപടികളും ഇതാണ് വ്യക്തമാക്കുന്നത്. ഇത്തരം രാഷ്ട്രീയത്തെ ബഹുസരതയിലൂടെ ജനപക്ഷത്ത് നിന്ന് പ്രതിരോധിക്കാൻ സാധിക്കണമെന്നും എന്നും പേരാട്ടങ്ങളിൽ വെൽഫെയർ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും അംബുജാക്ഷൻ പറഞ്ഞു.


പ്രവാസ ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകി ഖത്തറിലെ പ്രവാസി സമൂഹത്തെ അഭിസംബോധനം ചെയ്ത് കൾചറൽ ഫോറം സംഘടിപ്പിച്ച സഫലമാകണം ഈ പ്രവാസം' കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് നടന്ന 'എക്സ്പാറ്റ്സ്് ഫിയസ്റ്റ 2017' ൽ കൊടും തണുപ്പിനെ അവഗണിച്ച് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ പങ്കെടുത്തു. വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് സമാപന പരിപാടികൾ നടന്നത്. വൈകുന്നേരം നാല് മണി മുതൽ ആരംഭിച്ച എക്സ്പാറ്റ്് ഫിയസ്റ്റ രാത്രി പത്ത് മണിയോടെയാണ് അവസാനിച്ചത്.

'പ്രവാസം ആവിഷ്‌ക്കരിക്കപ്പെടുന്നു' എന്ന വിഷയത്തിൽ ഒരുക്കിയ പ്രദർശത്തോടെയാണ് എക്സ്പാറ്റ് ഫിയസ്റ്റക്ക് തുടക്കമായത്. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവീസ് എടക്കുളത്തൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രവാസി ജീവിതത്തിലെ ആരോഗ്യം മുതൽ സമ്പാദ്യം വരെ ചിത്രീകരിച്ച പ്രദർശനം പ്രവാസികളിൽ അവബോധം സൃഷ്ടിക്കാൻ ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്ത ആരോഗ്യ പരിശോധന, ഖത്തറിന്റെ പാരമ്പര്യം, കേരളത്തനിമ എന്നിവ ചിത്രീകരിച്ച സ്റ്റാളുകൾ, പ്രവാസം കേരളത്തെ മാറ്റിയതും പ്രവാസിയുടെ ജീവിതവും വരച്ചുകാണിച്ച പവലിയൻ, നോർക്ക സ്റ്റാൾ, വെൽഫെയർ കോർണർ, മോഡൽ ബജറ്റ്, ജൈവകൃഷി തുടങ്ങിയ സ്റ്റാളുകൾ സന്ദർശകരെ ഏറെ ആകർഷിച്ചു.

വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ എക്സ്പാറ്റ് ഫിയസ്റ്റയുടെ ഔപചാരിക ഉദ്ഘാടനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ നിർവ്വഹിച്ചു. ഖത്തറിലെത്തുന്ന പ്രവാസികൾ നിർബന്ധമായും അിറഞ്ഞിരിക്കേണ്ട നിയമങ്ങളും വിവരങ്ങളുമുൾക്കൊള്ളുന്ന മെബൈൽ ആപ്പിന്റെ പ്രഖ്യാപനം ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ നിർവ്വഹിച്ചു. ഖത്തറിലെ സാധാരണ പ്രവാസി സമൂഹത്തിലേക്ക് ഇറങ്ങിചെന്ന് കൾച്ചറൽ ഫോറം നടത്തിയ ബോധവൽക്കരണ പരിപാടികൾ മാതൃകപരമാണെന്ന് മിലൻ അരുൺ പറഞ്ഞു.

പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. പ്രവാസത്തിന്റെ നാല് പതിറ്റാാണ്ട് പൂർത്തിയാക്കുന്ന മലയാളി പ്രവാസി ഹൈദറിനെ ചടങ്ങിൽ പി.ടി കുഞ്ഞിമുഹമ്മദ് ആദരിച്ചു. കാമ്പയിന്റെ ഭാഗമായി നടത്തിയ ട്രോൾ, ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള ട്രോഫികൾ മുഖ്യാതിഥികൾക്ക് പുറമെ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ ശശിധരപണിക്കർ, സുഹൈൽ ശാന്തപുരം, റജീന അലി, ജനറൽ സെക്രട്ടറി റഷീദ് അഹമ്മദ് എന്നിവർ വിതരണം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി റഫീഖുദ്ധീൻ പാലേരി പ്രമേയാവതരണം നടത്തി. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടന വേദിയിൽ എൻ.കെ.എം അബ്ദുശ്ശുക്കൂർ, കൾച്ചറൽ ഫോറം ജില്ല പ്രസിഡന്റുമാർ എന്നിവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി റോണി മാത്യു സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ മജീദ് അലി സമാപന പ്രസംഗവും നടത്തി. 'ബാച്ചിലർ റൂം' തീം ഷോ, ഗാനമേള എന്നിവയും അരങ്ങേറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP