Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

പരിസ്ഥിതി കാമ്പയിൻ ശ്രദ്ധേയമായി

പരിസ്ഥിതി കാമ്പയിൻ ശ്രദ്ധേയമായി

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്നും കുട്ടികളും മുതിർന്നവരും ഈ ബാധ്യത തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്ത് ആന്റി സ്മോക്കിങ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകപരിസ്ഥിതി കാമ്പയിൻ ശ്രദ്ധേയമായി. പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളിൽ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘോഷിച്ച കാമ്പയിൻ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കാൻ കഴിയുന്ന പരിസ്ഥിതി നിലനിർത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെടുത്തി. 

അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും, വനനശീകരണം, വ്യവസായവൽക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങൾക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും കാമ്പയിൻ അടയാളപ്പെടുത്തി. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാർബൺ വികിരണം, ഊർജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെള്ളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങളും കാമ്പയിനിൽ വിഷയീഭവിച്ചു.

പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്തിയും പരിസ്ഥിതി സംരക്ഷിക്കുവാൻ കാമ്പയിൻ ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയർത്തുന്ന ഭീഷണിയെ നേരിടുവാൻ സമൂഹം ഓറ്റക്കെട്ടായി നിലകൊള്ളണം. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ ജീവിതം ഉറപ്പുവരുത്തുവാൻ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ കഴിയുമെന്നതാണ് കാതലായ പ്രശ്നമമെന്നും ഉദ്ബോധിപ്പിച്ച കാമ്പയിൻ എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള ശക്തമായ സന്ദേശമാണ് നൽകിയത്. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയിൽ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തിൽ നിന്നും പുറം തിരിഞ്ഞ് നിൽക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാർഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ പ്രസക്തമാകുന്നത്. കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിർമ്മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂർവമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാൽ പാരിസ്ഥിക പ്രശ്നങ്ങൾ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികൾ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിർമ്മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയെ സംരക്ഷിക്കുമെന്നും കാമ്പയിൻ അടിവരയിട്ടു.

ഗവൺമെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവർത്തനങ്ങൾക്കുമപ്പുറം ഓരോരുത്തരും പരിസ്ഥി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ബന്ധപ്പെട്ടവർ ഉദ്ബോധിപ്പിച്ചപ്പോൾ കുരുന്നു പ്രതിഭകൾ പരിസ്ഥിതി ദിന സന്ദേശങ്ങളുൾക്കൊള്ളുന്ന പ്ളേക്കാർഡുകളും പെയിന്റിംഗുകളും ഉയർത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള തങ്ങളുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ആന്റി സ്മോക്കിങ് സൊസൈറ്റി ഭാരവാഹികളും ചേർന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ മാർച്ച് സന്ദേശ പ്രധാനമായിരുന്നു. നിയമ വ്യവസ്ഥകൾ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാൻ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാൽ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകൾ ഓർമപ്പെടുത്തിയപ്പോൾ സംഘാടകരും പ്രായോജകരും സായൂജ്യരായി.

എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്, വൃത്തിയുള്ളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്നം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പെയിന്റിങ് മൽസരത്തിൽ ഖത്തറിലെ വിവിധ സ്‌ക്കൂളുകളിൽ നിന്നുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. പരിസ്ഥിതി സംബന്ധിച്ച കുരുന്നു പ്രതിഭകളുടെ കാഴ്ചപ്പാടുകളും സങ്കൽപങ്ങളും ഏറെ നിലവാരമുള്ളതും കാര്യമാത്ര പ്രസക്തവുമണെന്ന് അവരുടെ രചനകൾ ഉദ്ഘോഷിച്ചു.

ഫ്രന്റ്സ് കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മൽസര വിജയികളെ ആദരിച്ചു. ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, സിഇഒ. അമാനുല്ല വടക്കാങ്ങര, അക്കോൺ ഗ്രൂപ്പ് വെൻച്വർസ് ചെയർമാൻ ശുക്കൂർ കിനാലൂർ, സ്പീഡ്ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, ഡോ. ബേനസീർ ലത്തീഫ് നാസർ, റഫീഖ് മേച്ചേരി, വിങ്സ് ഫ്രഷ് ഫുഡ് ഡയറക്ടർ മനു ജോസഫ്് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ആന്റി സ്മോക്കിങ് സൊസൈറ്റി നിർവാഹക സമിതി അംഗങ്ങളായ ജൗഹറലി, അബ്ദുൽ ഫത്താഹ് നിലമ്പൂർ, അഫ്സൽ കിളയിൽ, ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടിൽ, സിയാഹു റഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യു, നിഥിൻ തോമസ്, മാത്യൂ തോമസ്, ഖാജാ ഹുസൈൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇ്ന്റസ്‌ക്കൂൾ പെയിന്റിങ് മൽസരത്തിൽ ഓവറോൾ കിരീടം നേടിയ എം. ഇ. എസ്. ഇന്ത്യൻ സ്‌ക്കൂളിനുള്ള കിരീടം ആന്റി സ്മോക്കിങ് സൊസൈറ്റി ഭാരവാഹികളും അതിഥികളും ചേർന്നാണ് സമ്മാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP