Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമീഹ ജുനൈദിന്റെ പുസ്തക പ്രകാശനം വേറിട്ട അനുഭവമായി

സമീഹ ജുനൈദിന്റെ പുസ്തക പ്രകാശനം വേറിട്ട അനുഭവമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പൂർവ വിദ്യാർത്ഥിനി സമീഹ ജുനൈദിന്റെ പുസ്തക പ്രകാശനം ഇന്ത്യൻ കൾചറൽ സെന്ററിൽ ഒത്തുകൂടിയ സഹൃദയ സമൂഹത്തിന് വേറിട്ട അനുഭവമായി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ നേതാക്കൾ ചേർന്നാണ് സമീഹയുടെ പ്രഥമ കാവ്യ സമാഹാരമായ വൺ വേൾഡ്, വൺ ലൈഫ്, വൺ യൂ, ബി യൂ എന്ന പുസ്തകം പ്രകാശനം ചെയ്തത്.

സമീഹ സ്‌ക്കൂളിന്റെ അഭിമാനതാരകവും യുവ തലമുറക്ക് മാതൃകയുമാണെന്ന് ചടങ്ങിൽ സംബന്ധിച്ച ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഡോ. എം. പി. ഹസൻ കുഞ്ഞിയും സ്‌ക്കൂൾ പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്തലിയും അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കൾചറൽ സെന്ററിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് എ.പി, മണികണ്ടൻ, നിയുക്ത പ്രസിഡണ്ട് പി. എൻ. ബാബുരാജൻ, ഐ.സി.ബി.എഫ്. നിയുക്ത പ്രസിഡണ്ട് സിയാദ് ഉസ്മാൻ, സിഐ.സി. പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ, മുൻ പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ്, ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. ഹംസ വി.വി, യൂഗോ പേ വേ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, റേഡിയോ മലയാളം മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് റിലേഷൻസ് മേധാവി നൗഫൽ അബ്ദുറഹിമാൻ, കൾചറൽ ഫോറം ജനറൽ സെക്രട്ടറി റഷീദ് അലി, നടുമുറ്റം ഖത്തർ ചീഫ് കോർഡിനേറ്റർ ആബിദ സുബൈർ, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ കൺവീനർ ഫെമി ഗഫൂർ, റഹീപ് മീഡിയ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മുഹമ്മദ് ഷാഫി, അൽ സഹീം ആർട്സ് & ഈവന്റ്സ് ബിസിനസ് ഡയറക്ടർ ഗഫൂർ കോഴിക്കോട്, സമീഹയുടെ സഹോദരൻ ഹിഷാം ജുനൈദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇന്ത്്യൻ സ്പോർട്സ് സെന്റർ നിയുക്ത പ്രസിഡണ്ടുമായ ഡോ. മോഹൻ തോമസും, ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ കെ. എം. വർഗീസും ഓൺ ലൈനായി പ്രകാശന ചടങ്ങിൽ സാന്നിധ്യം ഉറപ്പിച്ചപ്പോൾ ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡി നേതാക്കളുടെയും സാമൂഹ്യ രംഗത്തെ പ്രമുഖരുടേയും സാന്നിധ്യം പ്രകാശന ചടങ്ങിനെ സവിശേഷമാക്കി.

ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങളേയും ആഹ്‌ളാദ നിമിഷങ്ങളേയും താലോലിക്കുന്ന സമീഹ ജുനൈദ് എന്ന പത്തൊമ്പത്കാരി ലക്ഷ്യബോധത്തിലും ജീവിതവീക്ഷണത്തിലുമൊക്കെ പുതിയ തലമുറയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് പ്രതിനിധീകരിക്കുന്നത്. മധുരപ്പതിനേഴിന്റെ സുവർണനാളുകളിൽ അപ്രതീക്ഷിതമായി പിതാവ് മരണപ്പെടുകയും പടുത്തുയർത്തിയ സ്വപ്ന കൊട്ടാരങ്ങൾ തകർന്നടിയുമോ എന്ന് സ്വന്തക്കാർ പോലും ഭയപ്പെടുകയും ചെയ്തപ്പോൾ, ജീവിതത്തിൽ സ്വപ്നങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ ഏത് പ്രതിസന്ധിയേയും ആർജവത്തോടെ നേരിടുവാനും സമാധാനപരമായി ജീവിക്കുവാനും കഴിയുമെന്ന് ഈ പെൺകുട്ടി പറയുമ്പോൾ ഈ ചെറുപ്രായത്തിലെ ഇരുത്തം വന്ന അവരുടെ ചിന്തയും കാഴ്ചപ്പാടുകളുമൊക്കെ നമ്മെ വിസ്മയിപ്പിക്കും.

ഈ ലോകത്ത് ഓരോരുത്തർക്കും സവിശേഷമായ നിയോഗമാണുള്ളതെന്നും ആ നിയോഗം തിരിച്ചറിഞ്ഞ് കർമപഥത്തിൽ മുന്നേറുകയാണ് വേണ്ടതെന്നുമാണ് കണ്ണുകളിൽ നക്ഷത്ര തിളക്കം ഒളിപ്പിച്ച ഈ പെൺകുട്ടിയുടെ നിലപാട്. സ്വപ്നങ്ങളുടെ വർണാഭമായ ഭൂമികയിൽ സ്വന്തമായൊരിടം അടയാളപ്പെടുത്താനൊരുങ്ങി ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് ചിറകടിച്ചുയരാൻ കൊതിച്ച ഈ കൊച്ചുമിടുക്കിയുടെ സർഗസഞ്ചാരത്തിന്റെ വേറിട്ട വഴികളാണ് നമ്മെ കൂടുതൽ ആകർഷിക്കുന്നത്. കുതിച്ചുചാട്ടത്തിന് തയ്യാറായി നിൽക്കുമ്പോഴാണ് ജീവിതത്തിന്റെ വഴികാട്ടിയും മുഖ്യ പ്രചോദകനുമായിരുന്ന പ്രിയപിതാവ് ഈ ലോകത്തോട് വിടപറഞ്ഞത്. കൗമാരത്തിന്റെ കൗതുകത്തിലുള്ള ഏത് പെൺകുട്ടിയും തകർന്നടിയുകയോ കത്തിക്കരിഞ്ഞ സ്വപ്നചിറകുകളുമായി നിശബ്ദമായേക്കാവുന്ന വൈകാരിക സമ്മർദ്ദങ്ങൾക്കൊടുവിലും വിശ്വാസത്തിന്റെ വെളിച്ചവും പ്രതീക്ഷയുടെ കരുത്തുമായി ക്രിയാത്മക രംഗത്ത് സജീവമായ സാന്നിധ്യം അടയാളപ്പെടുത്തിയാണ് സമീഹ ജുനൈദ് തന്റെ നിയോഗം തിരിച്ചറിയുന്നത്.

മാസ്മരിക ശക്തിയുള്ള തന്റെ ചിന്തകളും വരികളും സമൂഹത്തിന്റെ രചനാത്മകമായ വളർച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഈ ചെറുപ്പക്കാരി ചിന്തിച്ചത്. കുട്ടിക്കാലം മുതലേ ഒരു ഗ്രന്ഥകാരിയാകണമെന്നായിരുന്നു മോഹം. വ്യത്യസ്ത സന്ദർഭങ്ങളിൽ മനസിൽ തെളിയുന്ന ചിതറിയ ചിന്തകളും ആശയങ്ങളുമൊക്കെ ഒരു നോട്ട് പുസ്തകത്തിൽ കുറിച്ചിടുമായിരുന്നു. അങ്ങനെ സ്വന്തം സ്വപ്നത്തിന്റെ സാക്ഷാൽക്കാരമായി പത്തൈാമ്പതാമത് വയസ്സിൽ ആദ്യകവിതാസമാഹാരം പുറത്തിറക്കിയാണ് ഈ കൊച്ചുമിടുക്കി നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. one world, one life, one you, be you എന്നാണ് പുസ്‌കത്തിന് പേരിട്ടിരിക്കുന്നത്.

ദുഃഖിച്ചിരിക്കാനും സങ്കടപ്പെടുവാനും ജീവിതത്തിൽ പല കാരണങ്ങളുമുണ്ടാകാം. അവയെ മറികടക്കാനാവുക സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ്. പിതാവിന്റെ അനശ്വരമായ ഓർമകൾ മനസിനെ തരളിതമാക്കിയപ്പോഴാണ് വൈകാരിക വിസ്‌ഫോടനത്തിന്റെ മനോഹരമായ വരികൾ സമീഹയുടെ പേനയിൽ നിന്നും ഉതിർന്നുവീണത്.

ജീവിതം സമ്മർദ്ദങ്ങളിൽപ്പെട്ട് പ്രയാസപ്പെടുമ്പോൾ മനസിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ആനന്ദം കണ്ടെത്തുകയും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഈ കൊച്ചു കവയിത്രി നമ്മോട് പറയുന്നത്.

ഓരോരുത്തരും നിസ്തുലരാണെന്നും അനാവശ്യമായ താരതമ്യങ്ങളില്ലാതെ നിങ്ങൾ നിങ്ങളാകൂ എന്നവൾ മന്ത്രിക്കുമ്പോൾ ഉള്ളിലുയരുന്ന തീപ്പൊരി കെടുത്താൻ ഒരു കണ്ണുനീരിനും ശക്തിയില്ലെന്ന് ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് സമീഹ. ഉൾവിളി തിരിച്ചറിഞ്ഞ് സ്വപ്നത്തിന്റെ ചിറകിലേറി ലക്ഷ്യത്തിലേക്ക് കുതിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ് സമീഹയുടെ ഓരോ വരിയും. മനസ്സിന്റെ ചില്ലയിലേക്ക് മഴക്കാറു വീശുമ്പോഴേ പേനയും കടലാസും കയ്യിലെടുത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും മനോഹരമായ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഈ പെൺകുട്ടി എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും വകഞ്ഞുമാറ്റി സർഗസഞ്ചാരത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാമെന്നാണ് തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP