Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രജ്ഞയുടെ പിളർപ്പുകൾ

പ്രജ്ഞയുടെ പിളർപ്പുകൾ

ഷാജി ജേക്കബ്‌

തിയാഥാർഥ്യത്തെയും യാഥാർഥ്യത്തെയും വേർതിരിച്ചറിയാനാവാത്തവിധം കൂട്ടിയിണക്കി നിർമ്മിക്കുന്ന ‘നവറിയലിസ’ത്തിന്റെ ആഖ്യാനഭൂപടങ്ങളിലാണ് ഒരുവിഭാഗം മലയാളനോവലുകളും ചെറുകഥകളും സിനിമകളും പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ ഭാവുകത്വപരമായി സ്ഥാനപ്പെടുത്തുന്നത്. എൻ. പ്രഭാകരനും സാറാജോസഫും പി.എഫ്. മാത്യൂസും ജോണി മിറാൻഡയും അംബികാസുതനും ടി.പി. രാജീവനും ഇന്ദുമേനോനും ഇ. സന്തോഷ്‌കുമാറും ലിജോ പെല്ലിശ്ശേരിയും എസ്. ഹരീഷും വിനോയ് തോമസും വി എം. ദേവദാസും കെ.വി. പ്രവീണും സംഗീതാ ശ്രീനിവാസനും ഉൾപ്പെടെയുള്ളവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈയൊരു ഭാവലോകത്താണ്, വിവേക് ചന്ദ്രന്റെയും സ്ഥാനം. നാലുവർഷം. ആറു കഥകൾ. ഓരോന്നും മേല്പറഞ്ഞ നവറിയലിസത്തിന്റെ വിസ്മയലോകങ്ങൾ തീർക്കുന്നവ.

അഞ്ചു ഭാവ-തലങ്ങളിലും മൂന്നു രൂപ-ബന്ധങ്ങളിലും (ഏതെങ്കിലും ഒന്നിലോ പലതിലോ) ചുവടുറപ്പിക്കുന്നവയാണ് സമീപകാല മലയാളഭാവനയിലെ രചനകൾ മിക്കതും. നോവലോ സിനിമയോ ചെറുകഥയോ ആകട്ടെ, ഇതിനു മാറ്റമൊന്നുമില്ല. ആഗോളവൽക്കരണകാലത്തു സംഭവിക്കുന്ന പ്രാദേശികവൽക്കരണം, സിനിമാറ്റിക്-ടെലിവിഷ്വൽ-ഡിജിറ്റൽ ആഖ്യാനകല, സ്ഥല-കാല-ചരിത്രമണ്ഡലങ്ങളുടെ രാഷ്ട്രീയ ഉണർവുകൾ, സമസ്ത ആധിപത്യങ്ങൾക്കുമെതിരെയുള്ള സാംസ്‌കാരിക കുറ്റവിചാരണ, ഹിംസയുടെ സിംഫണി എന്നിവയാണ് ഈ ഭാവതലങ്ങൾ. (നിശ്ചയമായും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നാമ്പിട്ടവയാണ് ഇവയിൽ പലതും). ഭാഷയിലും ഭാഷണത്തിലും ഭാവനയിലും സംഭവിക്കുന്ന പ്രതിബോധത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയമാണ് ‘ദേശ’ത്തിന്റെയും ‘ഇട’ത്തിന്റെയും ഭാവസാന്നിധ്യം. ആഗോളഭാവനയുടെ വിപരീതഭൂപടം. കഥപറച്ചിലിൽ ദൃശ്യാത്മകതക്കു കൈവരുന്ന ഇന്ദ്രിയപരമായ അനുഭൂതിമേൽക്കോയ്മയും സാങ്കേതികതക്കു കൈവരുന്ന സത്താപരമായ മൂർത്തതയും ആധുനികതയെ പിന്തള്ളിയതിന്റെ അടയാളമാണ് ആഖ്യാനകലയിലെ മാറ്റം. ചരിത്രത്തെ രാഷ്ട്രീയാബോധമാക്കി മാറ്റുന്നതിന്റെ പാഠപരതയാണ് കഥനത്തിന്റെ മൂന്നു വിസ്തൃതമണ്ഡലങ്ങളുടെയും പരിണാമത്തിനു പിന്നിലുള്ളത്. ഭരണകൂട-പ്രത്യയശാസ്ത്ര-മത-വംശ-വർഗ-ജാതി-ലിംഗാധികാരങ്ങൾക്കെതിരെയുള്ള ‘കൾചറൽ മീ ടു’വാണ് ഭാവനയിലെ ജനാധിപത്യമായി രൂപം കൊള്ളുന്നത്. പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ ഹിംസകളുടെ അക്കൽദാമകളാണ് പുതിയ കഥയുടെ ഭാവനാഭൂമികകളിൽ ഏറ്റവും തീവ്രവും തീഷ്ണവും.

കാഴ്ച (മുഖ്യമായും ദൃശ്യം), കാമന (മുഖ്യമായും ശരീരം), ഹിംസ (മുഖ്യമായും മരണം) എന്നിവയാണ് പുതിയ കഥയുടെ അടിസ്ഥാനരൂപ-ബന്ധങ്ങൾ. ഒന്നാമത്തേത് യാഥാർഥ്യമെന്നതുപോലെതന്നെ പ്രതീതിപരവുമാണ്. രണ്ടാമത്തേത് അനുഭവമെന്നതുപോലെതന്നെ അനുഭൂതിപരവുമാണ്. മൂന്നാമത്തേത് ഭാവനയെന്നതുപോലെതന്നെ അവസ്ഥയുമാണ്.

ഈയൊരു ലാവണ്യരാഷ്ട്രീയസന്ദർഭം മുൻനിർത്തിവേണം വിവേക് ചന്ദ്രന്റെ കഥകൾ വിശകലനം ചെയ്യാൻ. ‘മനുഷ്യരെപ്പോലെതന്നെ നമ്മൾ ജീവിക്കുന്ന ഇടങ്ങൾക്കും കഥപറയാനിഷ്ടമാണ്’ എന്നൊരു നിരീക്ഷണം വിവേകിന്റെ ഒരു കഥയിലുണ്ട്. ആറുകഥകൾക്കും ബാധകമാണ് ഈ നിരീക്ഷണം.

അതിയാഥാർഥ്യം യാഥാർഥ്യവുമായി ഇണചേർന്നുണ്ടാകുന്ന നവറിയലിസത്തിന്റെ അണലിപ്പാമ്പുകൾപോലെ വിവേകിന്റെ ഓരോ കഥയും വായനയെ വിറങ്ങലിപ്പിക്കുന്നു. മരണം ജീവിതത്തെയും ജീവിതം മരണത്തെയും പരസ്പരം വെട്ടിമാറ്റുന്ന ചതുരംഗക്കളമാണ് അവയൊന്നടങ്കം. ആത്മാവിന്റെ പരകായപ്രവേശങ്ങൾ. അതീതഭാവം കൈവരിക്കുന്ന സ്ഥലഭൂമികകൾ. ആൺ-പെൺ ബന്ധങ്ങളിലെ ഹിംസാത്മകത. രതിയുടെ കിരാതത്വം. ആത്മപീഡനത്തിന്റെയും പരപീഡനത്തിന്റെയും ആനന്ദലഹരികൾ. അഗമ്യഗമനത്തിന്റെയും പിതൃ-മാതൃ-ഭ്രാതൃ-പുത്രഹത്യകളുടെയും നരകാഗ്നികൾ. വെളിപാടുകളുടെയും പലായനങ്ങളുടെയും പാപനാശങ്ങൾ. കുറ്റവാസനകളുടെയും കുമ്പസാരങ്ങളുടെയും അബോധമണ്ഡലങ്ങൾ. ഭ്രാന്തിന്റെയും വിഭക്തമനസ്സിന്റെയും അമാവാസികൾ. സ്വപ്നങ്ങളും മായികഭാവനകളും വിഭ്രമങ്ങളും ഓർമയും മറവിയും കൂടിക്കലരുന്ന ഷിസോഫ്രേനിക് കടുംകെട്ടുകൾ. കാഴ്ചയുടെയും കേൾവിയുടെയും സ്പർശത്തിന്റെയും മൂർത്തമായ ഇന്ദ്രിയസംവേദനങ്ങൾ. ഭൂതവും ഭാവിയും തമ്മിലുള്ള മാന്ത്രിക സംലയനങ്ങൾ. ഉണ്മയും ശൂന്യതയും തമ്മിലുള്ള അപാരമായ കലക്കങ്ങൾ. യാഥാർഥ്യവും അയാഥാർഥ്യവും തമ്മിലുള്ള കടലകലങ്ങളെ ഒറ്റത്തൂവാലവീശലിൽ അപ്രത്യക്ഷമാക്കുന്ന ജാലവിദ്യകൾ. ഇടങ്ങൾ മനുഷ്യരെയും മനുഷ്യർ ഇടങ്ങളെയും പൂരിപ്പിക്കുന്ന വന്യഭൂതലങ്ങളിൽ വീണ കഥയുടെ ചോരക്കറകൾ. മനുഷ്യജന്മത്തെക്കുറിച്ചു നാം നിലനിർത്തിപ്പോരുന്ന സാങ്കല്പികമായ സ്ഥിതപ്രജ്ഞയുടെ അസ്ഥിഭേദിക്കുന്ന പിളർപ്പുകൾ - കഥ, ആഖ്യാനം തന്നെയായി മാറുന്നതിന്റെ മലയാളത്തിലെ ഏറ്റവും പുതിയ മാതൃകകളാണ് വിവേകിന്റെ ഈ ആറുരചനകളും.

നോട്ടമാണ് കാഴ്ചയെന്നു തെളിയിക്കുന്ന ഒരു മാന്ത്രിക കഥയാണ് ‘പ്രഭാതത്തിന്റെ മണം’. നാലുഭാഗങ്ങളുണ്ട് ഈ കഥയ്ക്ക്. നഗരത്തിൽ ഒരു കൺകെട്ടുവിദ്യ നടത്താൻ തയ്യാറെടുക്കുകയാണ് മാന്ത്രികനും സഹായി ജാനകിയും. മാജിക്കിനിടയിൽ അയാൾ അവളെകൊന്ന് കഷണങ്ങളാക്കിയത് യാഥാർഥ്യമാണെന്നു കരുതിയ ജനങ്ങൾ മാന്ത്രികനെ പിടികൂടി പൊലീസിലേല്പിക്കുന്നു. ജാനകിയാകട്ടെ മാന്ത്രികനെയും ആൾക്കൂട്ടത്തെയും കബളിപ്പിച്ച് നാടുവിടുകയും ചെയ്തു. രണ്ടാം ഭാഗത്ത്, മാന്ത്രികൻ ജയിലിൽ കണ്ടുമുട്ടുന്ന ബാഹിസ് എന്ന തടവുകാരനിലേക്ക് പരകായപ്രവേശം നടത്തുന്നു. സഹതടവുകാരാകട്ടെ മാന്ത്രികനെ കൊല്ലുകയും ചെയ്യുന്നു. മൂന്നാം ഭാഗത്ത് ബാഹിസ് മനഃശാസ്ത്രജ്ഞനായി ജയിലിൽനിന്ന് പുറത്തുവന്ന് പ്രാക്ടീസ് തുടങ്ങുന്നു. ജാനകി അയാളെ ചികിത്സക്കായി സമീപിക്കുന്നു. ഇരുപത്തിമൂന്നുവർഷം കഴിഞ്ഞിരിക്കുന്നു, അവൾ മാന്ത്രികനെ വിട്ടുപോയിട്ട്. ഭർത്താവ് സാദിത്തിന്റെ സർക്കസ് കമ്പനിയിലാണ് അവളിപ്പോൾ. നാലാം ഭാഗത്ത്, ബാഹിസിൽ ആവേശിച്ച മാന്ത്രികൻ അവളെ ഓർമകളിലേക്കും ഭൂതത്തിലേക്കും നയിക്കുന്നു. സ്വപ്നം, ഓർമ, ബോധം, കാഴ്ച, കാലം... ജാനകി തന്റെ ജീവിതം കൊണ്ടുള്ള ഊഞ്ഞാലാട്ടം തുടരുന്നു. ഒരുദിവസം ട്രപ്പീസിൽ തൂങ്ങിയാടവേ അവൾ മരിച്ചു.

നഗരവും മൈതാനവും ലോജും ജയിലും സർക്കസ് ക്യാമ്പും ക്ലിനിക്കും... ഇടങ്ങൾ മനുഷ്യരെയും മനുഷ്യർ ഇടങ്ങളെയും നിർവചിക്കുന്ന ആഖ്യാനത്തിന്റെ മാജിക്കൽ റിയലിസം ഈ കഥയെ പുകമഞ്ഞുപോലെ പൊതിയുന്നു. തുടർന്നങ്ങോട്ടുള്ള കഥകളിൽ ആവർത്തിക്കുന്ന നിരവധി സൂചകങ്ങൾ ഈ ആദ്യരചനയിൽ തന്നെ സമൃദ്ധമായി സന്നിവേശിപ്പിക്കുന്നു, വിവേക് ചന്ദ്രൻ. ആത്മപീഡനത്തിന്റെയും പരപീഡനത്തിന്റെയും രതിസമാനമായ അനുഭൂതികൾ, വേദനയുടെ വ്യവഹാരങ്ങൾ, മരണാനന്തരജീവിതത്തിന്റെ അധിഭൗതികതലങ്ങൾ, ഇടങ്ങളുടെ മൂർത്തജീവിതം, എക്സ്‌പ്രഷനിസ്റ്റ് ബിംബാവലികൾ, ഉന്മാദത്തിന്റെ ചങ്ങലക്കെട്ടുകൾ, കാമനയുടെ കനലാട്ടങ്ങൾ, ഉപബോധമനസ്സിന്റെ ശരീരമുക്തമായ ഭാവസഞ്ചാരങ്ങൾ, ഉണ്മയും ശൂന്യതയും; ഭൂതവും ഭാവിയും; ശരീരവും ആത്മാവും; ബോധവും അബോധവും; മരണവും ജീവിതവും തമ്മിലുള്ള ക്രയവിക്രയങ്ങൾ... ഓരോന്നും ഈ കഥകളുടെ സഞ്ചാരപഥങ്ങളിൽ സർപ്പിളാകൃതിയിൽ പുളഞ്ഞുതിമിർക്കുന്നു.

അനാഥനായി വളരുന്ന ഒരു ബോക്‌സറാണ് സമരൻ ഗണപതി. മുൻകഥയിലെന്നപോലെ നഗരവും പീഡനവും ഹിംസയും പലായനവും സ്വപ്നവും പരകായപ്രവേശവും അതീന്ദ്രീയാനുഭവങ്ങളും ഭരണകൂടാധിനിവേശവും... കുഴമറിയുന്ന ആഖ്യാനമാണ് ഈ രചനയും. ‘കാഴ്ച’യ്ക്കുപകരം ‘കേൾവി’യാണ് ഇതിൽ സമരന്റെ ബോധാബോധങ്ങൾ തമ്മിലുള്ള അകലം ലഘൂകരിക്കുന്ന മുഖ്യ അനുഭൂതിയായി രൂപപ്പെടുന്നത് എന്ന വ്യത്യാസവുമുണ്ട്. മരിച്ചവർ സംസാരിക്കുക മാത്രമല്ല, മരിച്ചവനിലേക്ക് ജീവിച്ചിരിക്കുന്നവൻ സഞ്ചരിച്ചെത്തുകയും ചെയ്യുന്നു. ഭൂതായനത്തിന്റെ ഈ സങ്കേതത്തിലൂടെ യാഥാർഥ്യങ്ങളും ഭാവനകളും തമ്മിലുള്ള കലർപ്പാണ് കാലമെന്നതുപോലെ കഥയും എന്നു സ്ഥാപിക്കുന്നു, വിവേക്. റിംഗിലെ എതിരാളി മരിക്കുന്നതോടെ താൻ ജയിലിലാകും എന്നു ഭയപ്പെടുന്ന സമരന്റെ സംഘർഷങ്ങളെന്നതിനപ്പുറം തന്റെ തന്നെ വംശ-രക്താശുദ്ധികളെക്കുറിച്ചും ജന്മങ്ങളുടെ അപാരമായ സമാനതകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് അയാളുടെ തലച്ചോറിൽ അശരീരികളായി മുഴങ്ങുന്നത്. അയാൾ താമസിക്കുന്നതുതന്നെ പിശാചുക്കളുടെ മുറിയിലാണ്.

“ഈ കെട്ടിടം നിർമ്മിച്ചുതീരുന്ന കാലത്ത് വന്ന വാടകക്കാർ പരിസരത്തെ ടൈൽ ഫാക്ടറിയിൽ ജോലി കിട്ടി വന്ന യുവാവും അയാളുടെ ഗർഭിണിയായ ഭാര്യ ദാമിനിയുമായിരുന്നു. ഉറക്കം നഷ്ടപ്പെട്ട് എന്നും ഭർത്താവുമായി കലഹിച്ച് അലറിത്തളർന്ന ദാമിനി പ്രഭാതങ്ങളിൽ ഉന്മാദം കുറുകിയ കണ്ണുകളുമായി പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ശപിച്ചുകൊണ്ട് ഗോവണിപ്പടിയിൽ മുടിവേർപെടുത്തിയിരുന്നു.

ഒരു സായംകാലത്ത് മൂർച്ചയുള്ള ആയുധം നിർമ്മിക്കാൻ തീവണ്ടിപ്പാതയിൽനിന്നും ഉരുക്ക് മോഷ്ടിച്ച യുവാവിനു പുലരുവോളം കരുതൽത്തടങ്കലിൽ കഴിയേണ്ടി വന്നു. അന്ന് വിഷം കലർത്തിയ അത്താഴവുമായി അയാളെ കാത്തിരുന്ന ദാമിനി പാതിരാകഴിഞ്ഞപ്പോൾ കൈയിലുള്ള ഏതോ നാടൻ ഉപകരണം കൊണ്ട് സ്വയം ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. അവളുടെ തുടയിലെ നനുത്ത രോമവേരുകളിൽ തഴുകി ചോര അനുനിമിഷം പുതിയ കൈവഴികൾ കീറി നിലത്തേക്കൊഴുകി. ചോരത്തുള്ളികൾ വരയിട്ടുകൊണ്ട് എല്ലാ മുറികളിലും അവൾ അലഞ്ഞുനടന്നു. പിറ്റേന്ന് താൻ അലറിക്കരഞ്ഞ് ഉദിപ്പിച്ച പ്രഭാതസൂര്യനു മുന്നിൽ പാതിയിൽ വളർച്ച അവസാനിച്ച മാംസക്കഷണം അവൾ പ്രസവിച്ചിട്ടു. യുവാവ് തന്റെ നാട്ടുവഴക്കം പിൻപറ്റി, ഭ്രൂണത്തെ സംസ്‌കരിക്കാൻ, തങ്ങൾ നിരന്തരം പെരുമാറുന്ന കിടപ്പുമുറിയുടെ തറ പൊട്ടിച്ചു. ബഹളം കേട്ട് അവിടെ ഒരാൾക്കൂട്ടം രൂപപ്പെടുമ്പോഴേക്കും മറവുചെയ്ത് നിലം നികത്തിയതിനു മുകളിൽ അവസാനം തേച്ച സിമന്റുചാന്തിൽ ചോര കിനിഞ്ഞിരുന്നു. രക്തം വാർന്ന് മൂന്നാം ദിവസം മരിച്ച ദാമിനിയുടെ ശരീരം വീട്ടിൽ ഉപേക്ഷിച്ച് യുവാവ് നഗരം വിട്ടു.

വിശദമായി വന്ന പത്രവാർത്ത വായിച്ചെത്തുന്ന സന്ദർശകരെ മടുത്ത് അടച്ചിട്ട ഈ വീട് പിന്നെ തുറക്കുന്നത് മാലിയിൽ നിന്നും വന്ന ഒരു വൃദ്ധന് വാടകയ്ക്ക് നൽകാനാണ്. അയാൾ പൊതുവേ ആൾപ്പെരുമാറ്റം തീരെയില്ലാത്ത ഈ പരിസരത്തിന്റെ സവിശേഷത മുതലാക്കി വീട്ടിനകത്ത് വിഷപ്പാമ്പുകളെ വളർത്തിത്തുടങ്ങി. വെള്ളിക്കെട്ടുള്ള മിനുത്ത വിഷസർപ്പങ്ങൾ കിടപ്പുമുറിയുടെ തണുപ്പിൽ അലസതയോടെ അടുക്കടുക്കുകളായി മയങ്ങിക്കിടന്നു. ഉന്മാദം മൂക്കുമ്പോൾ അവ ചുവരുകളിൽ വിഷം ചീറ്റി. നീലഛവി പടർന്ന ചുവരുകളിൽ പതിയെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. തറയിൽ തല ചേർത്ത് കിടക്കുന്ന വൃദ്ധൻ ചില രാത്രികളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അവ്യക്തമായി കേട്ടു. ചിലപ്പോഴൊക്കെ കുളിമുറിയിൽനിന്നും ഇറങ്ങുമ്പോൾ അയാൾ ചോരത്തുള്ളികൾ വരയിട്ടു കിടക്കുന്നത് കണ്ടു. ഭയന്നുപോയ വൃദ്ധൻ ഒരു നട്ടുച്ചയ്ക്ക് തനിക്ക് പ്രിയപ്പെട്ട ചില പാമ്പുകളെ മാത്രം തിരഞ്ഞെടുത്ത് ചാക്കിൽ നിറച്ച് അവിടെനിന്നും ഇറങ്ങി നടന്നു. അതിനുശേഷവും മുകളിലത്തെ സൂക്ഷിപ്പ് അറകളിൽനിന്നും ഒളിച്ചുകടക്കുന്ന കൂറ്റൻ എലികളെ അവിടെ ബാക്കിയായ പാമ്പുകൾ തറയിൽ ചോരത്തുള്ളികൾ വരയിട്ടുപടർത്തി ഇറുക്കിയമർത്തിക്കരയിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞിരിക്കണം. ഞാനവിടെ വന്നിത്രയും ദിവസങ്ങളായിട്ടും അസാധാരണമായ ദൃഷ്ടാന്തങ്ങൾ ഒന്നും അനുഭവിക്കാൻ കഴിയാത്തതിൽ എനിക്കപ്പോൾ കഠിനമായ നിരാശ തോന്നി”.

ദാമിനിയും യുവാവും തന്റെതന്നെ മാതാപിതാക്കളാണെന്നു ചിന്തിക്കുന്ന സമരനിലേക്കാണ് പിന്നെ കഥ സഞ്ചരിക്കുന്നത്. ഒടുവിൽ, റിംഗിലെ എതിരാളി ഹോമർഗാന്ധിയിലേക്കും അയാളുടെ ഗർഭിണിയായ ഭാര്യയിലേക്കും. മൂന്നു ഗർഭങ്ങളുടെയും അവയുടെ ഭ്രൂണഹത്യകളിലൂടെയും സ്വപ്നങ്ങളിലും അബോധത്തിലും വേട്ടയാടാനെത്തുന്ന മുൻ-പിൻ ജന്മങ്ങളുടെ കഥയായി മാറുന്നു, വിവേകിന്റെ മിക്ക രചനകളും പോലെ സമരൻ ഗണപതിയും. പരകായപ്രവേശങ്ങളുടെ അതീതഭാവനകളെന്നതിനെക്കാൾ, ഭയം വിഴുങ്ങുന്ന അസ്തിത്വസന്ദർഭങ്ങളെന്നതിനെക്കാൾ, അവ മർത്യജന്മത്തിന്റെ നിത്യമായ അനാഥത്വങ്ങളെക്കുറിച്ചുള്ള കടങ്കഥകളായി മാറുന്നു.

മറ്റെന്തിലുമുപരി, മാതൃഹത്യയുടെ രൂപകാതിശയോക്തിയാണ് ‘സമരൻ ഗണപതി’യെങ്കിൽ അഗമ്യഗമനത്തിന്റെയും പിതൃഹത്യയുടെയും വന്യഭാവനയാണ് ‘ഭൂമി’. കാഴ്ചയുടെ ക്ലാസിക്ക്. സിനിമകളിലൂടെ മനുഷ്യാവസ്ഥയുടെ നിഷ്‌ക്കളങ്കതയും (‘ഇവശഹറൃലി ീള ഒലമ്‌ലി’) കിരാതത്വവും (‘ഛഹറ യീ്യ’) സമീകരിക്കുന്ന അസാധാരണമായ ഭാവന. ഒരു കിം കിഡുക് സിനിമപോലെ, വയലൻസിന്റെ വശ്യസൗന്ദര്യം പുനഃസൃഷ്ടിക്കുന്ന കഥ. അനുഭവങ്ങളുടെ അതിയാഥാർഥ്യങ്ങൾ ജീവിതത്തിലെയും സിനിമയിലെയും സമൂഹത്തിലെയും ദുരന്തങ്ങളായി പരാവർത്തനം ചെയ്യുന്ന വെളിപാടുപുസ്തകം. ഫിലിം ഓപ്പറേറ്ററായ പിതാവ്, പരകായപ്രവേശം നടത്തി പുത്രിയെ പ്രാപിക്കുന്നതിന്റെയും അതു സൃഷ്ടിക്കുന്ന ഭൂചലനത്തിന്റെയും കഥാരൂപം; മനോനില തകിടം മറിഞ്ഞ ഭൂമിയെന്ന ആ പെൺകുഞ്ഞിന്റെ കഥയും.

“ചാച്ചനല്ലാതെ ഭൂമിക്ക് വേറെയാരാ ഉള്ളത്?”

“ചാച്ചന്റെ ഒരു ഇരട്ടയുണ്ട് ഈ നഗരത്തിൽ, മുപ്പുരവാസൻ”.

“ആഹാ, അതുകൊള്ളാമല്ലോ”.

“അതേന്നെ. ഞാനിങ്ങനൊരാൾ ഉള്ള കാര്യംതന്നെ അറിയുന്നത് സൂക്ഷം ഒരു കൊല്ലം മുമ്പാണ്. അന്നൊരു ദിവസം പൊടുന്നനേ ചാച്ചന് സിനിമ കാണാൻ മോഹം. അന്നിവിടെ നഗരത്തിന്റെ അതിർത്തിയിലുള്ള തിയറ്ററിൽ ഒരു അനിമേഷൻ പടം കളിക്കുന്നുണ്ട്. അവിടെയെത്തിയപ്പോഴാ കാണുന്നെ, വാതുക്കൽ ടിക്കറ്റ് കീറാൻ നിൽക്കുന്നത് കാഴ്ചയ്ക്ക് ചാച്ചനേക്കാൾ ചെറുപ്പം തോന്നിക്കുന്ന ചാച്ചന്റെ രൂപത്തിലുള്ള ഒരു കക്ഷി!”.

ഞങ്ങളെ കണ്ടപ്പോൾ അങ്ങേര് വലിയ കാര്യത്തിൽ വന്നു സംസാരിച്ചു. ചാച്ചന്റെ മനസ്സിലെ മൂടലിനെപ്പറ്റിയൊക്കെ ചോദിച്ചു. ചാച്ചന് പുള്ളിയുടെ ഇടപെടലൊന്നും അങ്ങോട്ട് പറ്റുന്നുണ്ടായിരുന്നില്ല. ചാച്ചനിങ്ങനൊരു എളേപ്പനെക്കുറിച്ച് ഇത് വരേം പറഞ്ഞില്ലല്ലോ എന്ന തോന്നലാരുന്നു എനിക്ക്. ഞങ്ങള് അകത്തു കയറി ഇരുന്നു. ആളുകൾ അധികമില്ലാത്ത പ്രദർശനമായിരുന്നു അത്.

ഡോക്ടർ എനിക്കരികിലെ കിടക്കയിലേക്ക് കയറിയിരുന്നു, “ഭൂമി മയക്കത്തിലുടനീളം കാലുകൾ ബലമായി ചേർത്തുപിടിച്ച് ഭയപ്പെട്ട മുഖഭാവത്തോടെ വേണ്ടാ വേണ്ടായെന്നും പറഞ്ഞ് സ്വയം വാപൊത്തി കരഞ്ഞിരുന്നു. ഉറക്കത്തിൽ എന്ത് സ്വപ്നമാ കണ്ടത്?”.

പിടിക്കപ്പെട്ടവളുടെ ജാള്യതയോടെ ഞാനൊരുനിമിഷം പരുങ്ങി. അപ്പോൾ എന്തായിരുന്നു പറഞ്ഞുവന്നത്? അതെ, ആളുകൾ അധികമില്ലാത്ത പ്രദർശനമായിരുന്നു അത്. ചാച്ചൻ അക്ഷമയോടെ സിനിമയ്ക്കുവേണ്ടി കാത്തിരുന്നു. തിയേറ്റർ മേൽക്കൂരയുടെ തുളയിലൂടെ ഒളിച്ചുകടന്ന അസ്തമയസൂര്യൻ കാലപ്പഴക്കം കൊണ്ട് ഞരമ്പുകൾ പൊന്തിയ തിരശ്ശീലയുടെ ഒരറ്റത്ത് പതുങ്ങി നിന്നു. പഴകിയ തിയേറ്ററിന്റെ പൊടിപുരണ്ട വിയർപ്പുഗന്ധം ശ്വസിച്ച് എനിക്ക് ഓക്കാനം വന്നു. സിനിമ തുടങ്ങിയെന്നായപ്പോൾ ടിക്കറ്റ് ഫോയിലുകൾ എണ്ണിക്കൊണ്ട് വാസൻ എളേപ്പൻ എന്റെയടുത്തുവന്നിരുന്നു.

“ഈ ചേട്ടായിക്കിപ്പോഴും സ്പീഡിൽ നടക്കുന്ന ഒന്നുമങ്ങോട്ട് കിട്ടത്തില്ലല്ലോ?”

ഞാനുത്തരം പറഞ്ഞില്ല. അയാൾ എന്റെ മുഖം ബലമായി തിരിച്ച് ചുണ്ടിൽ തീകൊളുത്തുന്നതുപോലെ ചുംബിച്ചു. ചാച്ചൻ പകപ്പോടെ ഞങ്ങളിരുന്നിടത്തേക്ക് നോക്കി. ചാച്ചന് വേഗത്തിലുള്ള ആ നീക്കം കാഴ്ചയിൽ കിട്ടിയിരിക്കില്ല. അയാളെന്റെ വായ പൊത്തിപ്പിടിച്ച് ശരീരത്തിൽ പലയിടത്തും നഖംകൊണ്ട് കീറുകയും ചുണ്ടുകളമർത്തി ഞെരിക്കുകയും ചെയ്തു. അയാളുടെ എല്ലാ നീക്കങ്ങൾക്കും വേഗമുണ്ടായിരുന്നു, ചാച്ചനൊന്നുമറിഞ്ഞില്ല. ചാച്ചൻ മുഴുവൻസമയവും സിനിമയിലേക്ക് കണ്ണുംനട്ടുകൊണ്ടിരുന്നു. സിനിമയുടെ ശബ്ദപ്പൊലിമ എന്റെ അലർച്ചയെ നിശ്ശബ്ദതയുടെ സഞ്ചിയിൽ ഒളിപ്പിച്ച് നടന്നുമറഞ്ഞു. വിരലിൽ തൊട്ടപ്പോൾ പൊടുന്നനേ ചാച്ചൻ ഞാനിരിക്കുന്നിടത്തേക്ക് നോക്കി. പക്ഷേ, വേഗത്തിൽ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചകളെ കൈകാര്യം ചെയ്യാൻ മടിച്ച് ചാച്ചൻ വീണ്ടും തിരശ്ശീലയിലേക്ക് തലതിരിച്ചു. പിന്നെയും സിനിമ പുരോഗമിച്ചപ്പോൾ ചാച്ചൻ സിനിമ മനസ്സിലാവാനെന്നോണം തിരശ്ശീലയുടെ തൊട്ടടുത്തു ചെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചുനിന്നു. ഒരു രംഗത്തിൽ തുറന്നിട്ട വാതിൽ കണ്ടപ്പോൾ ചാച്ചൻ അതിലൂടെ സ്‌ക്രീനിലേക്ക് കയറി. ചാച്ചൻ കയറിയ ആ വീട് അടുത്ത രംഗത്തിൽതന്നെ മിന്നലിൽ തകർന്നുപോയി. വാസൻ എന്നെ വലിച്ച് തിയേറ്ററിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി. ഞാൻ കുതറിയില്ല, അയാളുടെ ഇരുമ്പുവിരലുകൾ എന്റെ പിൻകഴുത്തിലെ ഞരമ്പിലാണ് കോർത്തിരുന്നത്. അയാൾ സാവധാനം എന്റെ വസ്ത്രങ്ങൾ അഴിച്ചെടുത്തു. ഞാൻ കരയാതെ മൂലയിലെ കസേരയുടെ കൈവരിയിൽ പിടിച്ച് കുനിഞ്ഞുനിന്നു കൊടുത്തു.

“ഞാൻ ഭൂമിയെ പിളർത്തി അങ്ങുള്ളിലേക്ക് എരിഞ്ഞുകയറുവാണേ”.

കൂട്ടുകസേരകൾ കുലുങ്ങിത്തുടങ്ങി. എനിക്കപ്പോൾ തിയേറ്ററിന്റെ നീളൻകെട്ടിടം എന്റെ അരക്കെട്ടിലൂടെ കയറിപ്പോകുന്നതായി അനുഭവപ്പെട്ടു. പുറത്ത് വലിയ മുഴക്കത്തോടെ ഇടിവെട്ടി. ചുവരിലൂടെ ഒഴുകിയിറങ്ങിയ കൊഴുത്ത മഴത്തുള്ളികളുടെ കുളിരിൽ ഞാൻ വിറച്ചു. എന്നെ പതിച്ചുനിർത്തി ഭോഗിച്ചുകൊണ്ടിരുന്ന ചുവരുകളിലാകെ മഴക്കൂണുകൾ മുളച്ചുപൊന്തി. എല്ലാമൊടുങ്ങിയപ്പോൾ കുഴഞ്ഞുതുടങ്ങിയ എന്റെ നാവിൽ തീപ്പെട്ടിക്കമ്പ് കൊളുത്തിയിട്ട് അയാൾ പോകാൻ കാലകത്തി അനുവാദം തന്നു. അപ്പോഴേക്കും അസ്തമയസൂര്യന്റെ ചൂടിൽ ചാച്ചൻ കയറിപ്പോയ തിരശ്ശീല ഒരുഭാഗത്തുനിന്നും കത്തിനീറിത്തുടങ്ങിയിരുന്നു. ഒടുവിൽ കാലുകൾ കവച്ചുവെച്ച് തിയേറ്ററിൽനിന്നുമിറങ്ങുമ്പോൾ കവാടത്തിൽ സ്ഥാപിച്ചിരുന്ന മുൻകാലുകളുയർത്തി ചാടാനാഞ്ഞു നിന്ന സിമന്റ് ഐരാവതങ്ങൾ തുമ്പിക്കൈ തകർന്നു മരിച്ചുവീണിരുന്നു”.

ഒരു ഉത്തരേന്ത്യൻ ഗ്രാമീണൻ കാടെരിക്കുന്നതിന്റെ കഥ പറയുന്നു, ‘ഏകനാഥൻ’ എന്ന രചന. കേൾവിയുടെ മറ്റൊരു കഥ. ഏകനാഥനെ ഫോണിൽ റെക്കോർഡ് ചെയ്തു കേൾപ്പിക്കുന്നു, ഷീബ മേമ. കഥപറഞ്ഞവസാനിപ്പിക്കുന്ന ഏകനാഥനോട് അമ്മ ഫോണിൽ സംസാരിക്കുന്നതു കേൾക്കുന്ന ജോക്കുട്ടന് മനസ്സിലാകുന്നു, അയാളാണ് തന്റെ പിതാവെന്ന്. കേൾവിയുടേതെന്നപോലെ ദൃശ്യങ്ങളുടെയും ഉത്സവമുണ്ട് ഏകനാഥനിൽ: ഒരു കുട്ടിയുടെ കണ്ണിലും കാതിലും കൂടി ജീവിതവും ജന്മാന്തരങ്ങളും ലോകാന്തരങ്ങളും വീണ്ടെടുക്കുന്നു, വിവേക്.

ഈഡിപ്പൽ രതിയുടെ ബാലചോദനയാണ് ‘ഏകനാഥ’നെങ്കിൽ, രതിയുടെയും കാമനയുടെയും പിശാചഭാവനയാണ് വന്യത്തിലുള്ളത്. ഗോഥിക്‌രചനകളെ അനുസ്മരിപ്പിക്കുന്ന മിത്തിക്കൽ-പാപപുരാണം. ‘സമരൻ ഗണപതി’യിലേതിനു സമാനമായി വീടിനുള്ളിൽ ഭ്രൂണം സംസ്‌കരിക്കുന്ന പ്രേതചേതനയ്ക്കു സംഭവിക്കുന്ന പിൽക്കാല വിഭ്രമങ്ങളുടെയും വിപര്യയങ്ങളുടെയും കഥ. ‘സമര’നിൽ, ചോരക്കറകളായി ഭ്രൂണം കാലാകാലം സന്നിഹിതമാകുന്നുവെങ്കിൽ ‘വന്യ’ത്തിൽ അത് ഭ്രൂണത്തിന്റെ ചങ്കിടിപ്പായി ഭിത്തിയെ, വീടിനെ, ദാമ്പത്യത്തെ, കുടുംബത്തെ, കിടിലം കൊള്ളിക്കുന്നു; ജീവിതങ്ങളെയും. ഒരു പുരോഹിതൻ വെവ്വേറെ കേൾക്കുന്ന ഭാര്യയുടെയും ഭർത്താവിന്റെയും കുമ്പസാരക്കഥകളുടെ കൂട്ടിക്കെട്ടലാണ് ‘വന്യം’. തങ്ങൾക്കിണചേരാൻ ഒറ്റമുറിവീട്ടിൽ മകനെ മരുന്നുകൊടുത്തു മയക്കിക്കിടത്തുന്നു, ആദവും സ്റ്റെഫിയും. അവനെ ചെന്നായകൾ കൊണ്ടുപോകുന്നു. ഒടുവിൽ ചെന്നായകളെ അകറ്റാൻ കെട്ടിയ വൈദ്യുതിവേലിയിൽ കുരുങ്ങിച്ചാകുന്നു, മനുഷ്യമുഖമുള്ള ചെന്നായായി മാറിക്കഴിഞ്ഞ ആ കുട്ടി. മകനെ മറന്ന വേഴ്ചയുടെ കുറ്റബോധമാണ് ദമ്പതികൾക്കെങ്കിൽ അവനെ രഹസ്യമായി കുഴിച്ചിട്ടതിന്റെ കുറ്റബോധമാണ് കപ്യാർ ലോനക്ക്. അസാധാരണമാംവിധം വിചിത്രവും വിഭിന്നവുമായ ഭാവനയും ആഖ്യാനവും കൊണ്ട് മലയാളകഥയിൽ ഭയത്തിന്റെ ക്ലാസിക്കായി മാറുന്നു, വന്യം.

സ്ഥിതമെന്നു കരുതപ്പെടുന്ന മനുഷ്യപ്രജ്ഞയുടെ അത്യഗാധമായ പിളർപ്പുകളെക്കുറിച്ചാണ് മേല്പറഞ്ഞ അഞ്ചുകഥകളും അടിസ്ഥാനപരമായി സംവദിക്കുന്നത്. മനോവിജ്ഞാനീയവും നാഡീവിജ്ഞാനീയവും മുതൽ പ്രേതഭാവനയും ഗൂഢതന്ത്രങ്ങളും വരെയുള്ളവ സമീകരിക്കുന്ന അതിയാഥാർഥ്യങ്ങളുടെയും അവയെക്കാൾ വിചിത്രമായ യാഥാർഥ്യങ്ങളുടെയും ഗാഢസാരസ്വതം.

ആറാമത്തെ കഥയാകട്ടെ, മറ്റ് കഥകളിൽ നിന്നു കുറെയൊക്കെ ഭിന്നമായി രാധിക, സമീർ എന്നിവരുടെ ജീവിതവും മരണത്തെക്കുറിച്ചുള്ള രാധികയുടെ അനുഭവങ്ങളും അവളുടെതന്നെ മരണവും പറയുന്നു. അച്ഛന്റെ ഭ്രാന്തും മരണവും അമ്മയുടെ ആത്മഹത്യയും ഒരുവശത്ത്. നാഷണൽ അക്കാദമിയിൽ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം പഠിപ്പിക്കുന്ന അദ്ധ്യാപികയായി ചേർന്നപ്പോൾ രാധികക്കുണ്ടായിരുന്ന സാംസ്‌കാരിക മൂലധനം സ്വന്തം അനുഭവങ്ങൾ കൂടിയായിരുന്നു. ആത്മപീഡനരതിയും സ്വപ്നങ്ങളും ഭയങ്ങളും വിഭ്രമങ്ങളും കാഴ്ചയുടെയും അന്ധതയുടെയും തുടർച്ചകളും ഈ കഥയിലുമുണ്ടെങ്കിലും മരണത്തെക്കുറിച്ചുള്ള രാധികയുടെ നിരന്തരാന്വേഷണങ്ങളും അക്കാദമിക വ്യാഖ്യാനങ്ങളും വിഷംതീണ്ടിയുള്ള അവളുടെതന്നെ മരണവും തമ്മിലുള്ള ബന്ധമാണ് ഈ രചനയുടെ കാതൽ. പിതാപുത്രബന്ധങ്ങളിലെ വിസ്മയകരമായ രക്തച്ചൊരിച്ചിലുകളാണ് സമീറിനെ തേടിവരുന്നത്. മരിച്ചാലും മരിക്കാത്ത മനുഷ്യരാണ് ഓർമകൾ എന്നയാൾ മനസ്സിലാക്കുന്നു; ഇടങ്ങളും.

നിശ്ചയമായും നിരവധി അധികാർഥങ്ങളിലേക്കു സഞ്ചരിച്ചെത്താനുള്ള സാധ്യതകൾ ഈ കഥകളോരോന്നും തുറന്നിടുന്നുണ്ട്. നരേന്ദ്ര മോദിക്കാലത്തിന്റെ കഥകളാണിവ. ഭരണകൂട അധികാരം, മതഫാഷിസം, വംശീയ ഉന്മൂലനം തുടങ്ങിയവയൊക്കെ കിരാതഭാവങ്ങളിൽ തിമിർത്താടുന്ന കാലത്തിന്റെ അന്യാപദേശങ്ങളായി വേണമെങ്കിൽ ഈ കഥകൾ വായിക്കാം. മാന്ത്രികനും ബോക്‌സറും ഫിലിം ഓപ്പറേറ്ററും പുരോഹിതനും കുറ്റാന്വേഷകനും പ്രതിനിധാനം ചെയ്യുന്ന കർതൃത്വപരമായ അധീശത്വങ്ങളും വിധായകപരമായ ഇടപെടലുകളും കേവല മാനുഷികതകൾക്കും സാമാന്യ ജീവിതാവസ്ഥകൾക്കുമപ്പുറത്തേക്കു കഥയുടെ സാദ്ധ്യതകൾ നീട്ടിയെടുക്കുന്നുണ്ട്. ‘മലയാളിത്തം’ കഥാപാത്രങ്ങളിൽനിന്നു തീർത്തും മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. കണിശമായ നാമരൂപങ്ങളിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്ന ഹിന്ദുവും മുസ്ലിമുമാണ് മിക്ക സ്ത്രീപുരുഷന്മാരും. ദേശസ്വത്വം തിരിച്ചറിയാവുന്ന സ്ഥലങ്ങളല്ല, അതു മറികടക്കുന്ന ഇടങ്ങളാണ് കഥകൾക്കു പശ്ചാത്തലം. സങ്കീർണവും ശിഥിലവുമായ ഘടനകൊണ്ട് ചെറുകഥയുടെ പരമ്പരാഗത സൗന്ദര്യശില്പം ഉടച്ചുവാർക്കാൻ വിവേക് എല്ലാ കഥകളിലുംതന്നെ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളിലേക്ക് ‘വന്യ’ത്തിലെ രചനകൾക്കുള്ള പരകായപ്രവേശസാധ്യത തള്ളിക്കളയേണ്ടതില്ല എന്നു ചുരുക്കം.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, കാഴ്ചയുടെയും കാമനയുടെയും ഹിംസയുടെയും ത്രിമാനഭൂപടമായി വിന്യസിക്കപ്പെടുന്ന സമകാലമലയാള കഥാഭാവനയിൽ ചോരയും ഭ്രാന്തും കൊണ്ടു വരച്ച ശരീരത്തിന്റെയും മനസ്സിന്റെയും കൊളാഷാണ് വിവേകിന്റെ രചനകൾ. ജീവിതവും മരണവും തമ്മിലുള്ള ചൂതുകളി. നിശ്ചയമായും ഭൂതത്തിലേക്കെന്നതിനെക്കാൾ ഭാവിയിലേക്കാണ് ഈ കഥകൾ വേരുകൾ നീട്ടുന്നത്.

കഥയിൽനിന്ന്:-

“ “പൊരുന്നാളൊക്കെ കഴിഞ്ഞ് ഇടവകക്കാര് പിരിഞ്ഞുപോയപ്പൊ പള്ളിമുറ്റവും പരിസരവും ഒക്കെ പെട്ടന്നങ്ങോട്ട് വിജനമായത് പോലെ. പൊടുന്നനെയങ്ങ് ഒറ്റക്കായപ്പോ എനിക്കേതാണ്ട് പോലെ തോന്നി. അപ്പഴാ നീ രണ്ടു ദിവസം നിന്നേച്ചും പോടാ ലോനേയെന്ന് അച്ചൻ. അങ്ങനെ അന്ന് രാത്രി അവിടെ കിടന്നു. പിറ്റേന്ന് സന്ധ്യമുതലാണ് പറമ്പിന്റെ കിഴക്കേ അതിരിൽ ചില്ലറ അനക്കങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. അവര്, വലിയ കൈയും കാലുമൊക്കെയുള്ള കൂറ്റൻ മനുഷ്യർ, നാലഞ്ച് പേരുണ്ടായിരുന്നു. അവരാദ്യം വനത്തിന്റെ അതിരിലുള്ള വേലി പൊളിച്ചു. പിന്നെ രാത്രി മുഴുവൻ സെമിത്തേരിപ്പറമ്പിലിട്ട് ഏതാണ്ട് കുറുക്കുകയോ ചുട്ടുതിന്നുകയോ ഒക്കെ ചെയ്തുകൊണ്ടിരുന്നു. അച്ചൻ മേടയിലിരുന്ന് പേടിയോടെ എല്ലാം കണ്ടു. എനിക്കും കാലത്ത് സെമിത്തേരിപ്പറമ്പിൽനിന്നും പൊട്ടിയ ഒരു ഫണലും മറ്റും കിട്ടി. അച്ചന് പരവേശമായി, കൂട്ടമണിയടിച്ച് കരക്കാരെ വരുത്തിക്കാൻ പറഞ്ഞു. അടുത്ത രാത്രിയിൽ നമുക്ക് തേങ്ങാക്കളത്തിൽ കെട്ടിയിടാറുള്ള അച്ചന്റെ വളർത്തുനായയില്ലേ ഡീസൽ, അവനെ അഴിച്ചുവിടാമെന്ന് പറഞ്ഞപ്പഴാ അച്ചനൊന്ന് തെളിഞ്ഞത്. അങ്ങനെ പിന്നെയുള്ള രാത്രികളിൽ അച്ചൻ അത്താഴം കഴിഞ്ഞ് മേടയിലേക്ക് തിരിച്ചുകേറിയാൽ ഞാൻ പോയി ഡീസലിനെ ഇറക്കിക്കൊണ്ടുവന്ന് പറമ്പിൽ വിടാൻ തുടങ്ങി. അവനാന്നേ ഉരുണ്ടോണ്ട് പുല്ലിലൂടെ പ്രാന്ത് പിടിച്ചപോലെ രാത്രി മുഴുവൻ ഓടിക്കൊണ്ടിരിക്കും.

രണ്ടു ദെവസി കഴിഞ്ഞൊരു പ്രഭാതത്തിൽ ഞങ്ങളുണരുമ്പോൾ വിത്തുപാകാൻ ഒരുക്കിവെച്ച അടുക്കളത്തോട്ടത്തിലെ നിലം മൊത്തം ചവുട്ടി മെഴുകിയിട്ടിരുന്നു. രാക്ഷസന്റെ തലയോടുപോലെ പന്തലിച്ചുകിടന്ന അരയാലിൽനിന്നും താഴോട്ട് ചാഞ്ഞ ഒരു വള്ളിയിൽ ഡീസലിന്റെ ശരീരം ഞാന്ന് കിടന്നു. കണ്ടാ സഹിക്കത്തില്ല, അര രാത്രികൊണ്ട് അതിന്റെ കഴുത്ത് വലിഞ്ഞു നീണ്ട് കാലൊക്കെ നിലത്തുമുട്ടിത്തുടങ്ങിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കെട്ടഴിച്ചു താഴെയിറക്കിയ ശരീരം വേണ്ട ശുശ്രൂഷയൊക്കെ കൊടുത്ത് സെമിത്തേരിപ്പറമ്പിൽ കുഞ്ഞികല്ലറ കെട്ടി അടക്കി. അന്ന് മുഴുവൻ അച്ചൻ കുഞ്ഞുങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് തേങ്ങിക്കൊണ്ടിരുന്നു. അടക്കിന്റെ ചടങ്ങൊക്കെ കഴിഞ്ഞപ്പൊ അച്ചൻ കവലയിൽ ഇലക്ട്രിക്കൽസ് നടത്തുന്ന വാൾട്ടറിനെ വിളിച്ചുവരുത്തി. അന്ന് വൈകുന്നേരത്തോടെ പള്ളിപ്പറമ്പിനും വനത്തിനും ഇടയിലുള്ള അതിര് കമ്പിവേലി കെട്ടിതിരിച്ച് അതിലൂടെ വൈദ്യുതി പായിക്കാനുള്ള സംവിധാനമുണ്ടാക്കി. രാത്രി അത്താഴം കഴിഞ്ഞ് അച്ചൻ ചെന്ന് വേലിയിലേക്ക് പച്ചയില എറിഞ്ഞുനോക്കി. അതപ്പോൾതന്നെ കരിഞ്ഞ് ചുരുണ്ടുപോയി. അച്ചനന്ന് സമാധാനമായി ഉറങ്ങാൻ പോയി.

പിറ്റേന്ന് പ്രഭാതത്തിൽ ഞാനുണരുന്നത് വല്ലാത്തൊരു മുശടു വാട മൂക്കിലടിച്ചിട്ടാണ്. മേടയ്ക്കു ചുറ്റും കുറെനേരം നടന്ന് നോക്കിയിട്ടും സംഭവം എവിടെനിന്നാണെന്ന് മാത്രം പിടികിട്ടിയില്ല. പിന്നെ പൊടുന്നനേ ഓർമ്മവന്നപ്പോൾ ഞാൻ പറമ്പിന്റെ അതിരിലേക്ക് ചെന്നു. ഞാൻ നോക്കുമ്പൊ സെമിത്തേരിയും വനവും തമ്മിൽ വേർതിരിക്കുന്ന വേലിയിൽ കുടുങ്ങി ഭസ്മനിറമുള്ള ഒരു മുഴുത്ത ചെന്നായ തൂങ്ങിക്കിടക്കുന്നു. വൈദ്യുതി തട്ടി അതിന്റെ ശരീരത്തിലുടനീളം നീലം പാഞ്ഞിരുന്നു. ഞാൻ വെക്കനെ ചെന്ന് വൈദ്യുതി കെടുത്തി. മേടയിൽ ചെന്ന് നോക്കിയപ്പോൾ അച്ചൻ ഉണർന്നിട്ടില്ല. തിരിച്ചുചെന്ന് മരച്ചുപോയ ആ ചെന്നായയുടെ ശരീരം കാപ്പിക്കമ്പുകൊണ്ട് മലർത്തിയിട്ടു. വാട സഹിച്ച് അതിന്റെ മുഖത്തിനടുത്ത് സൂക്ഷിച്ചുനോക്കിയപ്പോഴാ, കുഞ്ഞുമോളെ പറഞ്ഞാ നീ വിശ്വസിക്കത്തില്ല, അതൊരു മനുഷ്യക്കുഞ്ഞായിരുന്നു, ഒരു പന്ത്രണ്ടുവയസ്സിൽ കൂടത്തില്ല! കൈപ്പത്തിയൊക്കെ തഴമ്പുവീണ് തുരുമ്പ് നിറമായി, കാൽമൊട്ടിൽ തൊലിയുരഞ്ഞ് കറുപ്പുകയറി, കൺതടം ഏതാണ്ട് വർഷങ്ങളായി ഉറങ്ങിയതുപോലെ കരുവാളിച്ച്, ഒരു ചെകുത്താൻ രൂപം. അവന്റെ ശരീരം മൊത്തം പൂടപോലെ ഇളംരോമം വന്നു മൂടിയിരുന്നു, ഈ പച്ചമാംസം തുടർച്ചയായിട്ടു കഴിച്ചിട്ടാണെന്ന് തോന്നുന്നു വയറൊക്കെ തട്ടി വീർത്ത് ഹോ!” ലോന കഞ്ഞികുടി നിർത്തി കുറച്ചുനേരം പുറത്തേക്ക് അമ്പരപ്പോടെ നോക്കിക്കൊണ്ടിരുന്നു. “പുറത്തറിഞ്ഞാൽ കൊലക്കുറ്റമാ, അതുകൊണ്ട് അച്ചനെ ഒന്നും അറിയിച്ചില്ല”. ലോന വേഗം ബാക്കിയുള്ള കഞ്ഞി മോന്തിത്തീർത്തു.

രാത്രിയിൽ കോലായിൽ പായ വിരിച്ചപ്പോൾ എന്തോ ഓർത്തതുപോലെ ലോന ദേയിപ്പം വരാടീ എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. കൈ രണ്ടും പുറകേ കെട്ടി ലോന ചായ്പിനുമുന്നിലെ കുന്നിറങ്ങി പോകുന്നത് തെറുത വെറുതേ നോക്കി നിന്നതേയുള്ളൂ. നടന്നുനടന്ന് ലോന പാഴ്‌ചെടികൾ വളർന്നുനിൽക്കുന്ന ആളില്ലാത്ത പുരയിടത്തിലെത്തി. അവിടെ തായ്ത്തടിയും അനേകം വേരുകളുമൊക്കെയായി ആകാശത്തിലേക്ക് തലയുയർത്തി നിന്ന് ഓരിയിടുന്ന ചെന്നായയുടെ രൂപമുള്ള ഒരു അരയാലുണ്ടായിരുന്നു. അതിന്റെ ചുവട്ടിലെ പുതിയതായി കിളച്ചിട്ട നനവുള്ള മണ്ണിന് മുന്നിൽ ലോന ഹവായിച്ചെരുപ്പ് അഴിച്ചുവെച്ചു. പള്ളിയിൽവെച്ച് സന്ധ്യയ്ക്ക് ആദമിന്റെ കയ്യിൽനിന്നും മോഷ്ടിച്ച മെഴുകുതിരിക്കൂട് പുറത്തെടുത്ത് അതിലെ മെഴുകുതിരികൾ ഓരോന്നായി ആ നിലത്ത് നിരത്തിനിർത്തി. എന്നിട്ട്, സാവധാനം കാറ്റടങ്ങി എന്ന് തോന്നിയപ്പോൾ ആ തിരികളിലേക്ക് ലൈറ്ററിൽ നിന്നും നാളം പടർത്തി. ലോന എന്താണ് ചെയ്യുന്നതെന്നു കൃത്യമായി പിടികിട്ടിയ മാലാഖമാർ കഥ മുഴുവനായ സംതൃപ്തിയിൽ പതിയെ ആ തീത്തുള്ളിയിലേക്ക് അരിച്ചുകയറി”.

വന്യം
വിവേക് ചന്ദ്രൻ
ഡി.സി. ബുക്‌സ്
2019, 110 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP