Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉടലുകൾ സായുധമാകുമ്പോൾ

ഉടലുകൾ സായുധമാകുമ്പോൾ

ഷാജി ജേക്കബ്‌

ഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഒരു പതിറ്റാണ്ടിലെ ദുബായ് പശ്ചാത്തലമാക്കി, അത്യസാധാരണമായ ഒരു ഒറ്റവഴിയിൽ വന്നുപെടുന്ന പത്തിലധികം സ്ത്രീകളുടെ ജീവിതം പറയുന്ന നോവലാണ് ഫാസിലിന്റെ ‘ഉടലാഴം’. ഓരോരോ കാലത്ത് ഒറ്റയോ കൂട്ടമോ ആയ ബലാത്സംഗത്തിനിരയായവരും അതു നൽകിയ മാനസികവും ശാരീരികവുമായ ആഘാതത്തെ അതിജീവിക്കാൻ സ്വന്തം നാടും വീടും വിട്ട് ദുബായിയിലെത്തിയവരുമാണ് അവർ. ദേശങ്ങളുടെയും ഭാഷകളുടെയും അനുഭവങ്ങളുടെയും പലവഴികളിൽ നിന്നൊഴുകി ആത്മീയവും ഭൗതികവും രാഷ്ട്രീയവുമായി ഗൾഫിൽ ഒന്നിച്ചവർ.

രണ്ടുതലങ്ങളിൽ നിന്നാണ് നോവൽ ഈ സ്ത്രീകളെ കണ്ടെത്തുന്നത്. അഞ്ചുപേർ, ഏറെ വാർത്താപ്രാധാന്യം നേടിയ ചില ചരിത്രസന്ദർഭങ്ങളിൽ ഭ്രാന്തുപിടിച്ച ആൺകൂട്ടങ്ങളാൽ ആക്രമിക്കപ്പെട്ടവരാണ്. 1984 ഒക്‌ടോബറിൽ ഡൽഹിയിൽ നടന്ന സിഖ്കൂട്ടക്കൊലക്കിടയിൽ കൂട്ടബലാത്സംഗത്തിനിരയായ അമിത് കൗർ, 1986 ഒക്‌ടോബറിൽ ഇടുക്കിയിലെ തങ്കമണി ഗ്രാമത്തിലുണ്ടായ പൊലീസ് അതിക്രമത്തിൽ വേട്ടയാടപ്പെട്ട മേരി ജേക്കബ്, 1987-ൽ (അതും ഒരു ഒക്‌ടോബർദിനത്തിൽതന്നെ!) ജാഫ്‌നയിൽ ഇന്ത്യൻ സമാധാനസേന നടത്തിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയും ബലാത്സംഗത്തിന് ഇരയുമായ രേവതി, തമിഴ്‌നാട്ടിലെ വാച്ചാത്തി എന്ന ഗ്രാമത്തിൽ 1992-ൽ വീരപ്പൻവേട്ടയ്ക്കിടെ പൊലീസ് നടത്തിയ ഭീകരമായ നരനായാട്ടിന്റെയും ബലാൽക്കാരത്തിന്റെയും ഇരകളായ ചിന്ന, മീനു എന്നിവർ, 2002-ൽ ഗുജറാത്ത് കലാപത്തിൽ ചിരപരിചിതനായിരുന്ന ശങ്കർയാദവിനാൽ ക്രൂരമായി ആക്രമിക്കപ്പെട്ട ഫരീദ എന്നിങ്ങനെ. ദുബായിയിൽ ഓരോരോ ഇടങ്ങളിൽ ഓരോരോ നിലകളിൽ തങ്ങളുടെ ഭൂതകാലം ഓർത്തും മറന്നും അവർ അതിജീവിക്കുന്നു.

നോവലിലെ പ്രത്യക്ഷകഥാപാത്രങ്ങളായ സുനന്ദ, ലക്ഷ്മി, രേഷ്മ, ഫരീദ എന്നിവർ ഒരു വില്ലയിൽ ഒരു ദശകത്തോളമായി ഒന്നിച്ചു ജീവിക്കുന്നവരും സമാനമായ ദുരനുഭവങ്ങളുടെ ഓർമകൾ വേട്ടയാടുന്നവരുമാണ്.

കോളേജിൽനിന്നും വീട്ടിലേക്കു വരുമ്പോൾ പരിചിതമെങ്കിലും വിജനമായ കുന്നിൻപുറത്തുവച്ച് ബലാൽക്കാരം ചെയ്യപ്പെടുകയും നാട്ടുകാർ അവശനിലയിൽ കണ്ടെത്തുകയും ചെയ്തതാണ് സുനന്ദയെ. വേട്ടക്കാരനല്ല, ഇരയാണ് വേട്ടയാടപ്പെടുന്നത് എന്നു മനസ്സിലായപ്പോൾ ചില സ്ത്രീസുഹൃത്തുക്കളുടെ പ്രേരണയിൽ സുനന്ദ നാടുവിട്ട് ഗൾഫിലെത്തി മേരിയാന്റിയുടെ സംരക്ഷണത്തിൽ തന്റെ ജീവിതം തിരിച്ചുപിടിച്ചു.

ലക്ഷ്മിയുടെ മാതാപിതാക്കളും ഗൾഫിൽതന്നെയുണ്ടെങ്കിലും അവൾ സുനന്ദക്കൊപ്പമാണ് താമസം. നാട്ടിൽ പഠിക്കാൻ പോയ കാലത്ത് കാമുകനായ മനുപ്രകാശ് അവളെ ചതിച്ചു. മയക്കുമരുന്നു നൽകി തളർത്തി പലർക്കായി അവളെ കാഴ്ചവച്ചു, അവൻ.

രേഷ്മക്കുമുണ്ട് സമാനമായ അനുഭവവും ആഘാതവും അതിജീവനത്തിന്റെ കഥയും. ഗോവയിലെ ഡോണാപോളാ പാറക്കെട്ടുകളിൽ അഞ്ചു പുരുഷന്മാരാണ് മെറ്റിൽഡയെ ആക്രമിച്ചു കീഴടക്കിയത്. ദൈവങ്ങളോ മനുഷ്യരോ അവളുടെ തുണയ്‌ക്കെത്തിയില്ല.

സമീറ, ബലാൽക്കാരത്തിന്റെ ഇരയല്ലെങ്കിലും ഒരുപാട് ദുരനുഭവങ്ങളിൽനിന്ന് കരകയറി ജോർദാനിയെ കല്യാണം കഴിച്ചു ജീവിക്കുകയാണ്.

ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന സമീപനവും ആ തുടർബലാൽക്കാരങ്ങൾ സഹിക്കാനാവാതെ അവർ നാടുവിട്ടുപോകുന്നതും പിന്നീടൊരിക്കലും ഒരു പുരുഷന്റെ സാമീപ്യമോ സൗഹൃദമോ പോലും അവർക്കുൾക്കൊള്ളാനാകാത്തതും അതിജീവിക്കാനുള്ള സമരത്തിൽ അത്ഭുതകരമാംവിധം അവർ തമ്മിൽ തമ്മിൽ ഐക്യപ്പെടുന്നതുമാണ് ‘ഉടലാഴ’ത്തിന്റെ രാഷ്ട്രീയം. അതിന്റെ ചില തുടർചർച്ചകളിൽനിന്നാണ് നോവൽ അതിന്റെ സവിശേഷമായ പ്രമേയം രൂപപ്പെടുത്തുന്നത്. സ്വന്തം ശരീരത്തെ സായുധീകരിച്ചു മാത്രമേ സ്ത്രീക്ക് പുരുഷന്റെ ലൈംഗികാക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയൂ എന്ന തീർപ്പിലാണ് അവരിൽ ചിലർ എത്തിച്ചേരുന്നത്. ‘ഉടലാഴം’, ഉടലുകളുടെ ഈ സായുധീകരണത്തിന്റെ കഥയാണ്.

മേല്പറഞ്ഞ സ്ത്രീകളെല്ലാം ഒന്നിക്കുന്ന ഒരധ്യായമേ ഈ നോവലിലുള്ളൂ. വാച്ചാത്തിയെക്കുറിച്ചുള്ള ഒരു ചർച്ചയാണത്. ബാക്കിഭാഗങ്ങളിൽ സുനന്ദയും ലക്ഷ്മിയും രേഷ്മയും ഫരീദയുമാണ് കഥ മുന്നോട്ടു നയിക്കുന്നതും നോവലിന്റെ കലയും രാഷ്ട്രീയവും നിർണയിക്കുന്നതും. ഓഫീസും എയർപോർട്ടും ബീച്ചും ദുബായ്‌നഗരം പൊതുവിലും പശ്ചാത്തലമാകുന്നുണ്ടെങ്കിലും അവരുടെ വില്ലയാണ് നോവലിലെ മുഖ്യമായ സ്ഥലഭൂമിക. അവിടെ നടക്കുന്ന ചർച്ചകളാണ് നോവലിന്റെ ഭാഷണതലം.

സാമ്പത്തികമാന്ദ്യത്തിന്റെ തുടർച്ചയിൽ കഴിഞ്ഞ ഒരു ദശകത്തിലധികമായി ഗൾഫിലുൾപ്പെടെ നിലനിൽക്കുന്ന തൊഴിൽനഷ്ടങ്ങളുടെ സന്ദർഭമാണ് നോവലിന്റെ വർത്തമാനം. സുനന്ദക്കും ജോലി നഷ്ടമായി. ഒരുപതിറ്റാണ്ടായി അവൾ നാട്ടിലും വീട്ടിലും പോയിട്ട്. ഇനി മറ്റൊരു ജോലി നോക്കാനല്ല, നാട്ടിൽ തിരിച്ചുചെന്ന് ഒരു ബദൽജീവിതം നയിക്കാനാണ് സുനന്ദ പദ്ധതിയിടുന്നത്. അക്കാര്യം അവൾ കൂട്ടുകാരികളോടു പറയുമ്പോൾ അവർ മൂന്നുപേരും അവൾക്കൊപ്പം ചേരുന്നു.

ലക്ഷ്മിയാണ്, നാട്ടിലെത്തിയാൽ തങ്ങൾക്കാരംഭിക്കാവുന്ന ചില സംരംഭങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നത്. ഗർഭകാലവസ്ത്രങ്ങളിൽ തുടങ്ങുന്ന ആലോചന വളരെ വേഗം മറ്റൊരു വിഷയത്തിലേക്കു കടക്കുന്നു. ബലാത്സംഗത്തെ പ്രതിരോധിക്കാൻ സ്ത്രീകളെ സഹായിക്കുന്ന വസ്തുക്കളെക്കുറിച്ച് (Antirape devices). ആത്മപ്രതിരോധത്തിന്റെ ആയുധങ്ങളായി മാറുന്ന ചില ഉല്പന്നങ്ങൾ. ശരീരംതന്നെ സായുധമാക്കി മാറ്റി ആത്മാഭിമാനം നിലനിർത്താനും അതിക്രമം തടയാനുമുള്ള വഴികൾ. സദാ ബലാത്സംഗം പ്രതീക്ഷിച്ചു കഴിയേണ്ടവരാണോ സ്ത്രീകൾ? ബലാത്സംഗത്തിനുള്ള പരിഹാരം സ്ത്രീകൾ സദാ സായുധരായി ജീവിക്കുകയാണോ? ഇങ്ങനെയൊരവസ്ഥ സ്ത്രീകളുടെ മാനസികാവസ്ഥയും ശാരീരിക സ്വാതന്ത്ര്യവും എത്രമേൽ പ്രതിസന്ധിയിലാക്കും? ആണിനെ ഭയന്നു കഴിയുക എന്നതാണോ പെണ്ണിന്റെ വിധി? എന്തൊരു ജീവിതമാണിത്? സുനന്ദക്കും ലക്ഷ്മിക്കും രേഷ്മക്കും ഫരീദക്കും പക്ഷെ ഇക്കാര്യങ്ങളിൽ സംശയമൊന്നുമില്ല. അവരുടെ അനുഭവം അവർക്കു മുന്നിൽ തുറന്നിട്ട കാലവും ലോകവും അത്രമേൽ കെട്ടതും ദുഷ്‌കരവും ഭീതിദവും ക്രൂരവുമായിരുന്നു.

സായാഹ്നചർച്ചകളിൽ ലക്ഷ്മി മുൻകയ്യെടുത്ത് മുൻപറഞ്ഞ ഉപകരണങ്ങളുടെ നിരവധി മാതൃകകളെക്കുറിച്ചും അവ സൃഷ്ടിച്ച സംവാദങ്ങളെക്കുറിച്ചും പറയുന്നു. നാട്ടിൽ കുറെ സ്ഥലം വാങ്ങി ഒരു പെൺഗ്രാമം സ്ഥാപിക്കാനുള്ള പദ്ധതി സുനന്ദയും മുന്നോട്ടുവയ്ക്കുന്നു. ഇതിനിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെക്കുറിച്ച് താൻ നിർമ്മാണം തുടങ്ങിവച്ച ഡോക്യുമെന്ററിയിൽ അമിതാ ദീദിയെയും മേരിയാന്റിയെയും പാർവതിയക്കനെയും ഇന്റർവ്യു ചെയ്യാനുള്ള സുനന്ദയുടെ ആഗ്രഹവും അതിനുള്ള നടപടികളുമാണ് ഒന്ന്. തന്നെ ആക്രമിച്ച ശങ്കർയാദവ് ദുബായിൽ എത്തുന്നതോടെ ആകെ തളർന്ന ഫരീദയെ ഒപ്പംനിർത്തി അവൾക്കുവേണ്ടി യാദവിനോട് പകരം ചോദിക്കുന്നു, രേഷ്മയും ലക്ഷ്മിയും ചേർന്ന്. ഇതിനിടെ രൂപപ്പെടുന്ന, ഇരകൾ തമ്മിലുള്ള അതിഗാഢവും അസാമാന്യവുമായ ആത്മബന്ധത്തിന്റെ ആഴമാണ് ഈ നോവലിന്റെ മാനുഷിക-ലാവണ്യ തലം. അവരുടെ അനുഭവങ്ങൾ പുനഃസൃഷ്ടിക്കുന്നതിൽ പുലർത്തുന്ന കണിശവും സൂക്ഷ്മവുമായ സ്ത്രീപക്ഷ-സാമൂഹ്യ-ചരിത്രനിലപാട് ഈ കൃതിയുടെ രാഷ്ട്രീയവും രൂപപ്പെടുത്തുന്നു.

നാലുതലങ്ങളിൽ പ്രസക്തമാകുന്നുണ്ട്, ‘ഉടലാഴ’ത്തിന്റെ കലയും പ്രത്യയശാസ്ത്രവും.

1. പ്രവാസജീവിതത്തിന്റെ സവിശേഷ സാംസ്‌കാരിക ഭൂമിശാസ്ത്രമാണ് ഒന്ന്.

2. ശരീരത്തെ ഒരു പാഠവും വ്യവഹാരവുമാക്കി നിലനിർത്തുന്നതിലെ ജാഗ്രതകളാണ് മറ്റൊന്ന്.

3. ചരിത്രാനുഭവങ്ങളെ ലിംഗവൽക്കരിക്കുന്ന സൂക്ഷ്മരാഷ്ട്രീയമാണ് വേറൊന്ന്.

4. ജനപ്രിയനോവൽരചനയിൽ ‘വിക്കി’ഭാവുകത്വത്തിനുള്ള സാധ്യതകളുപയോഗപ്പെടുത്തി നിർമ്മിച്ച, ഏറെ വായനാക്ഷമതയുള്ള കൃതിയെന്നതാണ് നാലാമത്തെ തലം.

പി. മോഹനൻ, ബന്യാമിൻ, കെ.വി. പ്രവീൺ തുടങ്ങിയവരെഴുതിയ മലയാളത്തിലെ മികച്ച പ്രവാസനോവലുകളുടെ തുടർച്ചയിലും സിനിമാറ്റിക് ആഖ്യാനത്തിന്റെ പടർച്ചയിലുമാണ് ‘ഉടലാഴം’ ശ്രദ്ധേയമാകുന്നത്. ദുബായ് എന്ന ആഗോളനഗരത്തിന്റെ ജൈവ-വാസ്തു ഭൂമിശാസ്ത്രങ്ങൾ സൂക്ഷ്മവും സുന്ദരവുമായി ആവിഷ്‌കരിക്കപ്പെടുന്നു, നോവലിലുടനീളം. ഒരു പതിറ്റാണ്ടിലേറെ ദുബായിയിൽ ജീവിച്ച കഥാപാത്രങ്ങളുടെ പരിചിതസഞ്ചാരമേഖലയെന്നതിനപ്പുറം, ദുബായ് നൽകുന്ന സാമ്പത്തിക, വാണിജ്യ, ജീവിതസാധ്യതകളുടെ ആഗോളഘടന വരെ സൂചിതമാകുന്നുണ്ട്, ‘ഉടലാഴ’ത്തിൽ. പ്രവാസനോവലുകളെക്കാൾ, സമീപകാല മലയാളസിനിമ പ്രത്യക്ഷവൽക്കരിച്ച ദുബായിയാണ് നോവലിലേത് എന്നും പറയാം. കേവലസ്ഥലഭാവനയെന്നതിനെക്കാൾ ദൃശ്യബിംബ/രൂപകങ്ങളുടെ സമൃദ്ധിയിലാണ് ‘ഉടലാഴം’ ഈ ഭൂമിക അടയാളപ്പെടുത്തുന്നത്. ഒപ്പം, ഒരേസമയംതന്നെ സംഭവിക്കുന്ന പ്രവാസജീവിതത്തിന്റെ സംഘർഷങ്ങളും സമ്മോഹനതകളും നോവലിന്റെ ഭാവതലത്തെ നിർണയിക്കുകയും ചെയ്യുന്നു. നാട് ഒരു ഗൃഹാതുരതയായി നിന്ന് പ്രവാസിയെ ഉലയ്ക്കുന്ന ഭാവനയല്ല ‘ഉടലാഴ’ത്തിലേത്. പ്രവാസം ഒരു രക്ഷപെടലും അഭയവും സ്വാതന്ത്ര്യവും സ്വയം പര്യാപ്തിയുമാകുന്നു.

ശരീരം ഒരു രാഷ്ട്രീയപാഠവും പ്രത്യയശാസ്ത്ര വ്യവഹാരവുമായി മലയാളനോവലിൽ സാന്നിധ്യമറിയിച്ചു തുടങ്ങുന്നത് ധർമ്മപുരാണത്തിലാണെന്നു തോന്നുന്നു. പിന്നീടിങ്ങോട്ട്, 1984-ന്റെ ചരിത്രപാഠങ്ങളായെഴുതപ്പെട്ട നിരവധി രചനകളിൽ ശരീരം ദേശീയത മുതൽ കീഴാളത വരെയുള്ളവയുടെ രാഷ്ട്രീയ പ്രതിനിധാനമായി. സാറാജോസഫും കെ.ആർ. മീരയും സംഗീതാ ശ്രീനിവാസനും ഉൾപ്പെടെയുള്ളവർ ശരീരത്തിന്റെ ലിംഗരാഷ്ട്രീയത്തെ നോവൽവൽക്കരിച്ചപ്പോൾ ‘പാലേരി’യും ‘സുഗന്ധി’യും ‘മീശ’യുമുൾപ്പെടെയുള്ളവ ഭരണകൂടവും ശരീരവും തമ്മിലുള്ള (അഥവാ അധികാരവും നാനാതരം കീഴാളതകളും തമ്മിലുള്ള) രാഷ്ട്രീയം പുനർനിർവചിച്ചു. ‘ഉടലാഴം’, മലയാളത്തിൽ അപൂർവവും എന്നാൽ അങ്ങേയറ്റം സാമൂഹിക-വാർത്താ-രാഷ്ട്രീയ മൂല്യങ്ങളുള്ളതുമായ ഒരു ശരീരപ്രത്യയശാസ്ത്രത്തെയാണ് നോവലിന്റെ ആഖ്യാനത്തിൽ പാഠവും വ്യവഹാരവുമായി നിബന്ധിക്കുന്നത്. ബലാത്സംഗത്തിന്റെ സാമൂഹ്യ നരവംശശാസ്ത്രവും ആണധികാര ബലതന്ത്രങ്ങളും ഒരുപോലെ നടപ്പാകുന്ന പെണ്ണുടലിന്റെ സംത്രാസങ്ങളെയാണ് നോവൽ പ്രശ്‌നവൽക്കരിക്കുന്നതും പ്രതിരോധത്തിന്റെ സാമൂഹ്യപാഠമാക്കി മാറ്റുന്നതും.

ബലാത്സംഗങ്ങൾ തങ്ങളുടെ ഉടലിനെ തൽക്കാലത്തേക്കു മലിനമാക്കുകയല്ലാതെ ഉണ്മയെ ദ്രവിപ്പിച്ചിട്ടില്ല എന്നു സ്ഥാപിക്കുന്ന സ്ത്രീകളുടെ സ്വാത്മബോധമാണ് നോവലിന്റെ ലിംഗരാഷ്ട്രീയമായി വികസിക്കുന്നത്. എക്കാലത്തേക്കുമുള്ള വേദനയും ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത തിന്മയുമായി അവർ തങ്ങളുടെ ശരീരത്തിനും സ്വത്വത്തിനും മേൽ നടന്ന അതിക്രമത്തെ കാണുന്നുണ്ടെങ്കിലും തങ്ങളുടെ ആത്മാവിനെ അത് തളർത്തിക്കളഞ്ഞിട്ടില്ല എന്ന് നിരന്തരം ഓർമിക്കുകയും പരസ്പരം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

1984, 86, 92, 2002 വർഷങ്ങളിലെ അഞ്ചു സംഭവങ്ങളിൽ ഭരണകൂടം എങ്ങനെ സ്ത്രീക്കുമേൽ ഹീനമായ അധികാരപ്രരൂപമായി വർത്തിച്ചുവെന്നു ചൂണ്ടിക്കാണിക്കുകയാണ് അമിത് കൗർ, മേരി, രേവതി, ഫരീദ, ചിന്ന, മീനു എന്നിവരുടെ അനുഭവങ്ങളിലൂടെ നോവൽ. യുദ്ധവും സമാധാനവും ഒരുപോലെ പെണ്ണുടലിനുമേൽ അഴിച്ചുവിടുന്ന ചെന്നായ്ക്കളെ പ്രതിരോധിക്കാൻ അവർ ദൃഢപ്രതിജ്ഞ ചെയ്യുന്നതിന്റെ പശ്ചാത്തലമിതാണ്.

വാച്ചാത്തിയുടെ കഥ കേൾക്കുക:

വാച്ചാത്തി കാട്ടുകൊള്ളക്കാരനായ വീരപ്പന്റെ വാസസ്ഥലമായിരുന്ന സത്യമംഗലം വനത്തിനു സമീപത്തുള്ള ഗ്രാമങ്ങളിലൊന്നാണ്. രണ്ടായിരത്തോളം ആളുകളാണ് അന്ന് അവിടെ താമസിച്ചിരുന്നത്. അവരിൽ ബഹുഭൂരിപക്ഷവും ആദിവാസികളായിരുന്നു. വൈവിധ്യം നിറഞ്ഞ മാമ്പഴയിനങ്ങൾ വിളയുന്ന മാന്തോപ്പുകളും ബജ്രയും മഞ്ഞളും പച്ചവിരിച്ച കൃഷിഭൂമികളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗ്രാമം. അവിടെ മറ്റൊന്നു കൂടി ഉണ്ടായിരുന്നു. ഗ്രാമത്തിന് അതിരിടുന്ന വനങ്ങളിൽ വളർന്നുനിൽക്കുന്ന സുഗന്ധികളായ ചന്ദനമരങ്ങൾ. വീരപ്പനേയും അതുവഴി ഫോറസ്റ്റ് ഗാർഡുകളേയും പൊലീസുകാരേയുമൊക്കെ ആ പ്രദേശത്തേക്ക് നയിച്ചത് അവയുടെ സുഗന്ധമാണ്. ഏതോ ചന്ദനക്കടത്തുകാരനെ ഒരുപക്ഷെ വീരപ്പനെത്തന്നെ തിരക്കിയാണ് വലിയ ഒരു സംഘം ഉദ്യോഗസ്ഥർ നിരവധി വാഹനങ്ങളിലായി വാച്ചാത്തിയിൽ എത്തിയത്. 1992 ജൂൺ 20നു സായാഹ്നത്തിലായിരുന്നു അത്. കാട്ടുപ്രദേശമായിരുന്നെങ്കിലും സൂര്യൻ മറഞ്ഞിരുന്നില്ല. നൂറ്റിയമ്പതിലധികം ഫോറസ്റ്റുകാരും നൂറിലധികം പൊലീസുകാരും അഞ്ചോ ആറോ റെവന്യൂ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. 269 പേർ എന്ന് കേസിന്റെ രേഖകൾ പറയുന്നു.

ജീപ്പുകൾ ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്ന നേരത്ത് ഗ്രാമത്തിലെ പുരുഷന്മാരിൽ അധികവും തങ്ങളുടെ ജോലികളിലായിരുന്നു. അവർ തോപ്പുകളിൽ പഴങ്ങൾ പറിക്കുകയോ പുൽമേടുകളിൽ കാലികളെ മെയ്‌ക്കുകയോ ഒക്കെയായിരുന്നു. ഗ്രാമത്തിൽ മുഖ്യമായും സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും മാത്രമേയുണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥർ ചന്ദനമോഷണം ആരോപിച്ച് ജനങ്ങളെ ഭേദ്യം ചെയ്യുവാൻ തുടങ്ങി. മുപ്പത് സ്ത്രീകളേയും പത്ത് പുരുഷന്മാരേയും കസ്റ്റഡിയിലെടുത്ത് ചന്ദനം ഒളിപ്പിച്ചുവെച്ച സ്ഥലം കാണിക്കുവാൻ ആവശ്യപ്പെട്ട് അവർ കൊണ്ടുപേയി. സംഘത്തിൽ ഉണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾമാർ കസ്റ്റഡിയിൽ എടുത്ത സ്ത്രീകൾക്കു കൂട്ടുപോയില്ല.

ഗ്രാമത്തിൽ ശേഷിച്ചവർ ഈ വലിയ സൈന്യത്തെ ഭയന്ന് ഗ്രാമസഭ കൂടാറുള്ള വലിയ ആൽമരത്തിനു കീഴിൽ വട്ടം കൂടി. പണി കഴിഞ്ഞ് തിരിച്ചെത്തിയവർ കാര്യമറിയാൻ അവിടെയെത്തി. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് അവരെ ക്രൂരമായി മർദ്ദിച്ചു. മൈതാനത്തിലെ ആലിൻചുവട്ടിൽ ഉണ്ടായിരുന്ന ചെറിയ മാരിയമ്മൻകോവിൽ പോലും തകർക്കപ്പെട്ടു. രാത്രിയായതോടെ നൂറുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. ശേഷിച്ചവർ ഗ്രാമത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. അവർ ഇരുട്ടിൽ സിതേരി കുന്നുകളിലേക്ക് ജീവനും കൊണ്ട് പാഞ്ഞു. ജീപ്പുകൾ ഗ്രാമത്തിലേക്കു വരുന്നതുകണ്ട് ഭയന്ന് കൃഷിയിടങ്ങളിൽ ഒളിച്ചിരുന്നവരും അവരുടെ പിറകെ ചെന്നു. കസ്റ്റഡിയിൽ എടുക്കപ്പെട്ട സ്ത്രീകളിൽ കുറേപ്പേരെ ആദ്യം കൊണ്ടുപോയത് കാട്ടരുവിയുടെ തീരത്തേക്കായിരുന്നു. അവിടെവെച്ച് അവർ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു. അക്രമികൾ തങ്ങളുടെ മുന്നിൽ ഇരുന്ന് പരസ്യമായി മൂത്രമൊഴിക്കാൻ അവരെ നിർബന്ധിച്ചു. മർദ്ദനങ്ങളേറ്റ് തളർന്ന അവർക്ക് പൊലീസുകാരും ഫോറസ്റ്റുകാരും പറയുന്നത് അനുസരിക്കേണ്ടിവന്നു. അവരുടെ യോനികളെക്കുറിച്ചുള്ള അളിഞ്ഞ ഭാഷയിലുള്ള കമന്റുകളുമായി ഉദ്യോഗസ്ഥർ അത് ആഘോഷിച്ചു.

ആ അരുവിയുടെ തീരത്തുനിന്നാണ് ചിന്നയും മീനുവും തകർന്ന ഉടലും മനസ്സും സ്വയം താങ്ങിയെടുത്ത് കാട്ടുരാത്രിയിലൂടെ സിതേരികുന്നുകൾക്കു നേരെ പാഞ്ഞത്. ജീവൻ പണയംവെച്ചുള്ള ഒരു ശ്രമമായിരുന്നു അത്. രാത്രിയായിരുന്നതിനാൽ മാത്രമാണ് അവർ രക്ഷപ്പെട്ടത്. ആ സ്ത്രീകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നുപേരിൽ രണ്ടുപേരായിരുന്നു അവർ. പതിമൂന്നുവയസ്സായിരുന്നു അന്ന് രണ്ടുപേർക്കും. എട്ടാംക്ലാസ്സ് വിദ്യാർത്ഥികളായിരുന്നു രണ്ടുപേരും.

ഹാരൂറിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസില് വെച്ച് അതേ രാത്രിയിൽതന്നെ വീണ്ടും ഈ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു. അരുവിക്കരയിലെ അനുഭവങ്ങളുടെ ആവർത്തനം തന്നെ. രണ്ടു ദിവസത്തിനുള്ളിൽ 28 കുട്ടികളടക്കം 133 പേർ ജയിലുകളിൽ അടയ്ക്കപ്പെട്ടു. വാചാതി പൂർണ്ണമായും കൊള്ളയടിക്കപ്പെട്ടു. ഗ്രാമം വാസയോഗ്യമല്ലാതായി. ഒട്ടുമിക്ക കുടിലുകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. കോഴികളേയും കന്നുകാലികളേയും കൊന്ന് പൊലീസും ഫോറസ്റ്റുകാരും ചേർന്ന് തിന്നുതീർക്കുകയോ മാംസം കടത്തിക്കൊണ്ടുപോവുകയോ ചെയ്തു. ഗ്രാമത്തിലെ പൊതുകിണർ മാലിന്യക്കുഴിയായി. കോഴിത്തലകളും കന്നുകാലികളുടെ തൊലികളും അസ്ഥികളും മറ്റ് ശരീരാവശിഷ്ടങ്ങളും കിണറ്റിൽ ചീഞ്ഞുനാറി. മറ്റു കിണറുകളിൽ കൊട്ടയും വട്ടിയും പാത്രങ്ങളും അമ്മിയും ഉരലും സൈക്കിളുകളും തുടങ്ങി കൈയിൽ കിട്ടിയതെല്ലാം കൊണ്ടുതള്ളിയിരുന്നു. ഗ്രാമത്തിൽ തള്ളമ്മാൾ എന്ന വൃദ്ധയും രണ്ട് നായ്ക്കളും മാത്രമായി അന്തേവാസികൾ. ബാക്കിയുള്ളവർ തുടർന്നുണ്ടായേക്കാവുന്ന ആക്രമണങ്ങളെ ഭയന്ന് സിതേരിക്കുന്നുകളിലെ കുറ്റിച്ചെടികളുടെയും പാറക്കല്ലുകളുടേയും മറവിൽത്തന്നെ കഴിച്ചുകൂട്ടി. ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങളും സ്ത്രീകളും വലഞ്ഞു. അവരിൽ ഗർഭിണികളുണ്ടായിരുന്നു. കാട്ടുപഴങ്ങളും കിഴങ്ങുകളും തിന്നാണ് അവർ വിശപ്പടക്കിയത്. പിന്നെപ്പിന്നെ കുറ്റിക്കാടുകളിൽ കെണിവെച്ച് അവർ ചെറുജീവികളെ പിടിക്കുവാൻ തുടങ്ങി. നിരവധി ആഴ്ചകൾ അവർ അവിടെത്തന്നെ കഴിച്ചുകൂട്ടി. ഗർഭിണികളിൽ ചിലർ ആ മലഞ്ചെരുവിൽതന്നെ കുഞ്ഞുങ്ങളെ പെറ്റിട്ടു. വീരപ്പന്റെ കാലമായിരുന്നതുകൊണ്ടാവണം സിതേരിക്കുന്നുകളിലേക്ക് കടന്നുചെന്ന് വേട്ടതുടരാൻ പൊലീസുകാരും ഫോറസ്റ്റുകാരും മടിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി ലോകമറിയാൻ സമയമെടുത്തു. സംഭവങ്ങൾ നടന്ന് മൂന്നാഴ്ചയ്ക്കു ശേഷമാണ് പുറത്തുനിന്ന് ആരെങ്കിലും വാചാതിയിൽ എത്തുന്നത്. തമിഴ്‌നാട് ട്രൈബർ അസോസിയേഷൻ സെക്രട്ടറി പി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ ഒരു ഏഴംഗ സംഘം ഗ്രാമത്തിലെത്തി. ജൂലൈ പതിനാലിനായിരുന്നു അത്. തള്ളമ്മാളുടെ സഹായത്തോടെ അവർ സിതേരിക്കുന്നുകളിലെത്തി അവിടെ ഒളിച്ചുതാമസിക്കുന്നവരെ കണ്ടു സംസാരിച്ചു. പിന്നീട് മറ്റു രാഷ്ട്രീയപ്രവർത്തകരും ഏൻജിഒകളും വാചാതിയിലെത്തി. അവർ കാട്ടുവഴികൾ താണ്ടി കുന്നുകയറിച്ചെന്നു.

‘45 of the victims had died at the time of inv--tseigations andt riald’. വൈകിയെത്തുന്ന നീതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മേരിയാന്റി. അതിൽ അസാധാരണമായി ഒന്നുമില്ലെന്ന് കേട്ടിരിക്കുന്നവരുടെ കണ്ണുകളിലെ അവിശ്വസനീയ കണ്ടാവണം മേരിയാന്റി പറഞ്ഞു. ഗ്രാമീണരിൽ അധികവും ദരിദ്രരായിരുന്നു. അവരുടെ ജീവിതോപാധികളൊക്കെ നഷ്ടപ്പെട്ടിരുന്നു. മർദ്ദനങ്ങളേറ്റ പുരുഷന്മാരിൽ അധികവും വൃദ്ധരും രോഗികളുമായിരുന്നു. കുറ്റവാളികളായ 269 പേരിൽ എഴുപതോളം ആളുകൾ ഈ കാലത്തിനിടെ മരണപ്പെട്ടു. അത് അസാധാരണം തന്നെയാണെന്നാണ് മേരിയാന്റിയുടെ നിരീക്ഷണം. അവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ആ ദിവസങ്ങളിൽ നടന്ന അതിനീചമായ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ആരോഗ്യവും ശാരീരികബലവും അവർ ഓരോരുത്തർക്കുമുണ്ടായിരുന്നു. പതിനെട്ടുപേർ മാത്രമാണ് തങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് പരാതി നൽകിയത്. ശരിയായ കണക്ക് അതിലും എത്രയോ കൂടുതലാണെന്ന് ചിന്നയും മീനുവും തങ്ങളെ ചൂണ്ടിക്കാട്ടി പറയുന്നു”.

ഈ നോവലിലെതന്നെ ഏറ്റവും ഭാവതീവ്രവും രാഷ്ട്രീയസൂക്ഷ്മവുമായ ഭാഗമാണ് അമിത് കൗർ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന രണ്ടധ്യായങ്ങൾ. ബലാത്സംഗത്തിന്റെ കഥയിലേക്കു കടക്കുന്നില്ല അവർ. പക്ഷെ സിഖ്കൂട്ടക്കൊല തുടങ്ങിയ ദിവസം ഡൽഹിയിലൂടെ അവർ നടത്തിയ പ്രാണഭിക്ഷാടനം നോവൽ ഗംഭീരമായവതരിപ്പിക്കുന്നു. ഓർമ്മകൾ കൊണ്ട് ചരിത്രത്തിനു കാവലിരിക്കുകയാണ് അമിത് കൗർ. ജാഫ്‌നയിൽ ഇന്ത്യൻ സമാധാനസേന നടത്തിയ കൂട്ടക്കൊലയും ബലാൽക്കാരവും, തങ്കമണിഗ്രാമത്തിലെ പൊലീസ് അതിക്രമം എന്നിവയുടെ അവതരണവും നോവലില്ല. എങ്കിലും ഇതിവൃത്തത്തിൽ അവയൊന്നടങ്കം മൂർത്തവും വന്യവുമായി ഇഴചേർന്നു നിൽക്കുകയാണ്, സൂചനകളിലും ഓർമകളിലും കൂടി.

ജനപ്രിയനോവലിന്റെ രചനയിൽ എല്ലാക്കാലത്തും നിലനിൽക്കുന്ന ആഖ്യാനസ്വഭാവങ്ങളിലൊന്നാണ് സവിശേഷമായ ഏതെങ്കിലും ഒരു ജീവിതവിജ്ഞാനമണ്ഡലത്തിന്റെ സൂക്ഷ്മസാന്നിധ്യം. ഡിറ്റക്ടിവ്, റൊമാൻസ്, ത്രില്ലർ, ഹൊറർ, മെഡിക്കൽ ഫിക്ഷൻ തുടങ്ങിയ ഗണങ്ങളുടെ കലാസ്വരൂപം ഓർത്താൽ മതി. മലയാളത്തിൽ റൊമാൻസും ഹൊററുമൊഴികെയുള്ള ഗണങ്ങൾ തീരെയില്ല. ‘ഉടലാഴം’ കൗതുകകരമായൊരു വിവരമേഖലയെയാണ് പ്രമേയമായി സ്വീകരിച്ചിരിക്കുന്നതും ഇതിവൃത്തമായി വികസിപ്പിച്ചിരിക്കുന്നതും. Anti rape devices. ഇവയെക്കുറിച്ചുള്ള വിക്കിപ്പീഡിയ വിവരങ്ങൾ സമഗ്രമായവതരിപ്പിച്ചുകൊണ്ട് നോവലിസ്റ്റ്’’ഉടലാഴ’ത്തിലുടനീളം മേല്പറഞ്ഞ വിഷയത്തിൽ ചർച്ചചെയ്യുന്ന ഉപകരണങ്ങളുടെ വിവരവും വിവരണവും ഒന്നടങ്കം ‘വിക്കി’ അറിവുകളുടെ നോവൽവൽക്കരണമാകുന്നു.

‘ഠലലവേ’ എന്ന സിനിമയുടെ കാഴ്ചയിൽനിന്നാണു തുടക്കം. യോനിയിൽ പല്ലുമുളപ്പിച്ച് ഉടലിന്റെ കാവൽനായയാക്കി മാറ്റുക എന്ന ഫാന്റസി ഒരു യാഥാർഥ്യമാക്കി ബലാൽക്കാരികളെ അതിജീവിക്കുന്നു, സിനിമയിലെ കഥാപാത്രം. കൂട്ടബലാത്സംഗങ്ങൾ പതിവായ ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിൽ അങ്ങനെയൊരു തെറാപ്പി വികസിപ്പിച്ച കഥയിലേക്കാണ് സിനിമയുടെ ചർച്ചയിൽനിന്ന് ലക്ഷ്മി സുനന്ദയെ കൊണ്ടുപോകുന്നത്. ചാസ്റ്റിറ്റിബെൽറ്റ്, സേഫ്റ്റിബൽറ്റുകൾ, ജൈവവേലി, ആന്റിമോളസ്റ്റേഷൻ ജാക്കറ്റ്, ആന്റി റേപ്പ് ബ്രാ, ഗാർഡിയൻ ഏഞ്ചൽ നെക്ലസ്, ഫെംഡിഫൻസ്, കില്ലർറ്റാമ്പൊൻ, റേപ്പ് ആക്‌സ്... എന്നിങ്ങനെയുള്ള നിരവധി ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചയുമാണ് നോവലിന്റെ സിംഹഭാഗം. കെനിയയിലെ ‘ഡാീഷമ’ എന്ന പെൺഗ്രാമം മാതൃകയാക്കി തങ്ങളാരംഭിക്കാൻ ആഗ്രഹിക്കുന്ന പെൺഇടത്തെക്കുറിച്ചുള്ള ആലോചന രൂപം കൊള്ളുന്നതും വിക്കിവിജ്ഞാനത്തിൽ നിന്നുതന്നെ. ഒരു മാതൃക വായിക്കുക:

“ ‘നന്ദാ, നീ ഡോക്ടർ സോണറ്റ് എൽഹേറിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?’ എപ്പോഴോ ലക്ഷ്മി ചോദിച്ചു.

‘ഇല്ല. ആരാ അത്?’

‘അതൊരു സൗത്താഫ്രിക്കൻ ലേഡി’. ലാപ്പിൽനിന്നു മുഖമുയർത്താതെ ലക്ഷ്മി പറഞ്ഞു. ‘സ്ത്രീകൾക്കു നേരെയുള്ള വ്യാപകമായ അതിക്രമങ്ങൾ കണ്ടു ഭയന്നു വളർന്ന ഒരു സ്ത്രീ. ഒരിക്കൽ ഒരു റേപ് വിക്ടിമിനെ ട്രീറ്റ് ചെയ്തുകൊണ്ടിരിക്കെ ആ സ്ത്രീ തനിക്ക് അവിടെ പല്ലുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പരിതപിക്കുന്നത് അവർ കേട്ടു. അന്നുതൊട്ട് എൽഹേർ ഒരു ആന്റിറേപ് ഡിവൈസിനെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങി’.

ശ്രദ്ധ പാക്കിങ്ങിലായിരുന്നതിനാൽ സുനന്ദ ഒന്ന് മൂളിയതേയുള്ളൂ.

‘നീ കേൾക്കുന്നുണ്ടോ?’ ലക്ഷ്മി ചോദിച്ചു.

‘കേൾക്കുന്നുണ്ട്’.

‘എൽഹേർ റേപ് ആക്‌സ് എന്നൊരു ഡിവൈസ് ഇൻവെന്റ് ചെയ്തു. കാഴ്ചയിൽ ജസ്റ്റ് ലൈക്ക് എ ഫീമെയിൽ കോണ്ടം. പക്ഷെ കോണ്ടത്തിന്റെ ഇൻസൈഡിൽ ലാടെക്‌സ് കോട്ടിങ്ങുള്ള കൂർത്തുമൂർത്ത ഹുക്കുകളുടെ നിരകൾ ഉള്ളിലേക്കു ചെരിഞ്ഞുള്ള ഒരാങ്കിളിൽ ഘടിപ്പിച്ചിരിക്കുന്നു. സോ ഏൻ ഇന്ട്രൂടിങ്ങ് പെനിസ് കാൻ ഗെറ്റ് ഇൻസൈഡ് ജസ്റ്റ് ഫൈൻ, ബട്ട് പെനിസ് പിറകോട്ടുവലിക്കുമ്പോഴാണ് വിവരമറിയുക; പല്ലുകൾ അള്ളിപ്പിടിച്ച് തറഞ്ഞുകയറി അക്രമിയെ അനങ്ങാൻ പറ്റാതാക്കും. ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രമേ ഡിവൈസ് റിമൂവ് ചെയ്യാൻ കഴിയൂ’.

‘റേപ് ആക്‌സ് മാർക്കറ്റിൽ ഇറങ്ങിയോ?’ സുനന്ദ ചോദിച്ചു.

‘സൗത്താഫ്രിക്കയിൽ വേൾഡ്കപ്പ് കാലത്ത് മുപ്പതിനായിരം സ്ത്രീകളാണ് മെഡിക്കൽ സൂപ്പർവിഷനു കീഴിൽ ഒരു ട്രയൽ എന്ന നിലയിൽ ഈ ഡിവൈസ് ധരിച്ചുതുടങ്ങിയത്. അതിനുശേഷം ഒരു പീസിന് രണ്ടു ഡോളർ വിലയിൽ കടകളിൽ ഇവ ലഭിക്കുന്നുണ്ട്’.

‘ട്രയൽ വിജയമായിരുന്നു അല്ലേ?’.

‘അതെ’.

‘ഗവൺമെന്റ് അനുവദിച്ചതെങ്ങനെ?’.

‘എങ്ങനെ അനുവദിക്കാതിരിക്കും? ഇറ്റ് ഈസ് എ കണ്ട്രി നൊട്ടോറിയസ് ഫോർ റേപ് ആൻഡ് എച്ച് ഐ വി ഇൻഫെക്ഷൻ’.

‘എന്നാലും ഒരു മെയിൽ ഡോമിനന്റ് സൊസൈറ്റിയിൽ ഇത്തരമൊരു ഡിവൈസ് എത്തുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണ്. ജാപ് ഹൗമൻ കില്ലർറ്റാമ്പോൻ നിർമ്മിച്ചപ്പോൾ സൗത്താഫ്രിക്കൻ മീഡിയ അതിനോട് പ്രതികരിച്ചത് വളരെ മോശമായിട്ടായിരുന്നു. മീഡിയയുടെ അറ്റാക്ക് കാരണമാണ് കില്ലർറ്റാമ്പോൻ കമേഴ്‌സ്യലായി പ്രൊഡ്യൂസ് ചെയ്യാനോ സെയിൽസ് മെറ്റീരിയലൈസ് ചെയ്യാനോ ഹൗമന് കഴിയാതെ പോയത്’.

സുനന്ദ പാക്കിങ്ങ് അവസാനിപ്പിച്ച് ബാഗേജ് അടച്ച് മാറ്റിവെച്ചു.

‘റേപ് ആക്‌സിന്റെ വയലന്റ് നേച്ചറിനെ ചൂണ്ടിക്കാട്ടി അത് ബാൻ ചെയ്യണമെന്ന് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വിഭാഗം ഈ ഡിവൈസ് മിഡീവൽ ആണെന്നു കുറ്റപ്പെടുത്തി; ഒരു മോഡേൺ സൊസൈറ്റിയിൽ അത് അനുവദിച്ചുകൂടാ. ‘A medieval deed deserv--es a medieval consequence’ എന്നായിരുന്നു എൽഹറിന്റെ മറുപടി. ഹൗമനും എൽഹറും ഒരുപോലെ വിമർശനങ്ങൾ ഏറ്റവരാണ്. ഹൗമൻ കില്ലർറ്റാമ്പോന്റെ നിർമ്മാണത്തിൽ നിന്നു പിന്മാറിയതിന്റെ ഒരു കാരണം അയാൾ ഒരു വെറ്റ് ഹാർട്ടഡ് സിംപതൈസർ മാത്രമായിരുന്നു എന്നതാണ്. അതൊരു സ്ത്രീയായിരുന്നുവെങ്കിൽ ഒരുപക്ഷെ കില്ലർറ്റാമ്പോൻ മാർക്കറ്റിൽ എത്തിയിട്ടുണ്ടാകുമായിരുന്നു’.

‘ഹൗമന് അന്നേ എഴുപതിനുമേൽ പ്രായമുണ്ടായിരുന്നു. ഇല്ലേ?’ സുനന്ദ ചോദിച്ചു.

‘എഴുപത്തിരണ്ട്’.

‘അത്രയും എയ്ജുള്ള ഒരാൾക്ക് താങ്ങാവുന്ന സമ്മർദ്ദത്തിന് ഒരു പരിധിയില്ലേ? റിട്ടയർമെന്റ് കഴിഞ്ഞ ശേഷമുള്ള ലൈഫിൽ ഒരാൾക്ക് അങ്ങനെയൊക്കെ തോന്നിയെന്നതുതന്നെ വലിയ കാര്യം. ഹൗമനെ വിട്ടേക്ക്’.

‘ഞാൻ ഹൗമനെ ക്രിട്ടിസൈസ് ചെയ്യാൻ ശ്രമിച്ചതല്ല’.

‘അതുപോട്ടെ. നീ റേപ് ആക്‌സിന്റെ കൺസ്യൂമർ റിവ്യൂ വല്ലതും കണ്ടിരുന്നോ?’.

‘കാര്യമായിട്ടൊന്നും കണ്ടില്ല. It will sit like a ferocious എന്നൊരു അഭിപ്രായം റേപ് ആക്‌സിനെക്കുറിച്ച് എവിടെയോ വായിച്ചത് ഓർക്കുന്നു”.

റേപ്പ് ആക്‌സ് വാങ്ങി, ഫരീദക്കും തങ്ങൾക്കും വേണ്ടി ശങ്കർയാദവിനോട് പകരം വീട്ടിയിട്ടാണ് രേഷ്മയും ലക്ഷ്മിയും നാട്ടിലേക്കു വിമാനം കയറുന്നത്.

പെണ്ണുടലിനുമേൽ നടക്കുന്ന പ്രത്യക്ഷവും പ്രതീകാത്മകവുമായ ആൺകൂട്ടഹിംസയുടെ രാഷ്ട്രീയത്തിനെതിരെ, ഫാന്റസികളായി തുടങ്ങി യാഥാർഥ്യമായി മാറിയ പ്രതിരോധത്തിന്റെ സായുധരൂപകങ്ങൾ അണിനിരത്തി ഒരു നോവലെഴുതുകയാണ് ഫാസിൽ. നിശ്ചയമായും മലയാളി മുൻപ് അത്രമേൽ അറിഞ്ഞിട്ടില്ലാത്ത ഒരു സവിശേഷ ജീവിതലോകത്തിന്റെ, കൗതുകകരവും അതേസമയംതന്നെ രാഷ്ട്രീയസാധ്യതകളേറെയുള്ളതുമായ നോവൽസ്വരൂപം എന്ന നിലയിൽ ‘ഉടലാഴം’ ശ്രദ്ധേയമാകുന്നു.

നോവലിൽ നിന്ന്:-

സേരയിൽ ഇരുന്നതും മുഖവുരയൊന്നും കൂടാതെ ദീദി സരോജിനി നഗറിലെ തങ്ങളുടെ വീടിനെക്കുറിച്ചു പറയുവാൻ തുടങ്ങി. സുനന്ദ അതു പ്രതീക്ഷിച്ചില്ല. ദീദിയെ തടയാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. അവൾ ധൃതിയിൽ ക്യാമറകളിലെ വീഡിയോമോഡ് ഓൺ ചെയ്തു. “മഹാനഗരത്തിന്റെ പ്രാന്തത്തിലുള്ള വീടിനോട് ചേർന്നുണ്ടാക്കിയ കിച്ചണിൽ അച്ഛൻ മധുരപലഹാരങ്ങൾ ഉണ്ടാക്കിയിരുന്നു. ലഡുവും ജിലേബിയുമായിരുന്നു സ്ഥിരമായി ഉണ്ടാക്കിയിരുന്നത്. അതിനൊക്കെ ആവശ്യക്കാരെ കണ്ടെത്തുവാനും അച്ഛനു കഴിഞ്ഞിരുന്നു. വീട്ടിൽനിന്ന് ഒരു ഫർലോങ്ങ് അകലെയായിരുന്നു സെൻട്രൽ മാർക്കറ്റ്. ഏതാണ്ട് അതേ ദൂരത്തിൽതന്നെയാണ് ബാബു മാർക്കറ്റും സബ്ജി മാർക്കറ്റും. ബാബു മാർക്കറ്റിലായിരുന്നു അന്ന് ഞാൻ ജോലിചെയ്തിരുന്നത്. അക്കാലത്തെ ബാബു മാർക്കറ്റ് ചതുരാകൃതിയിലുള്ള ഒരു ചെറുമൈതാനത്തെ ഉള്ളിലടക്കി മുഖാമുഖം നിൽക്കുന്ന നാലുനിര കെട്ടിടങ്ങളായിരുന്നു. ബാബു മാർക്കറ്റിലെ കടകളിൽ കുറെയെണ്ണം തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും വിൽക്കുന്നവയായിരുന്നു. മാർക്കറ്റിലേക്ക് കടന്നുചെല്ലുന്നിടത്ത് ആദ്യത്തെ കട മഹീന്ദ്ര സ്വീറ്റ്‌സ് ആയിരുന്നു. അങ്ങനെയാരും ആ കടയുടെ പേര് പറയുന്നത് കേട്ടിട്ടില്ല. ഹൽവാ കി ദൂകാൻ എന്നു പറയും. അതിന്റെ ഉടമയ്ക്ക് അതിഗംഭീരമായ ഒരു മീശയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുക്ചൽ ഹൽവാ കി ദൂകാൻ എന്നും ആളുകൾ അതിനെ വിളിച്ചു. വൈകുന്നേരങ്ങളിൽ ആ കടയ്ക്കുമുന്നിൽ പലഹാരങ്ങൾ വാങ്ങിക്കുന്നതിനായി ആളുകൾ ക്യൂ നിൽക്കും. മഴക്കാലത്തു പോലും അതു കാണാം. കുടചൂടി വരിനിൽക്കുന്ന ആളുകൾ ചൂടുള്ള സമൂസകളുടെ പൊതികളുമായി മടങ്ങും.

തൊട്ടപ്പുറത്ത് സ്റ്റീൽപാത്രങ്ങൾ വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു. അതിന്റെ കാഷ്‌കൗണ്ടറിൽ ഉണ്ടായിരുന്ന സുമുഖനായ ഒരു യുവാവ് ഞാൻ കടന്നുപോവുമ്പോഴൊക്കെ എന്നെ ഇമവെട്ടാതെ നോക്കിയിരിക്കും. ചിലപ്പോഴൊക്കെ അയാൾ സങ്കോചത്തോടെ ചിരിക്കാൻ ശ്രമിക്കും. എനിക്കയാളുടെ രൂപമൊക്കെ ഇഷ്ടപ്പെട്ടു. പക്ഷെ അയാളൊരു ശിഖൻ ആയിരുന്നില്ല. അതുകൊണ്ട് ഞാൻ അയാളെ ഗൗനിക്കാറുണ്ടായിരുന്നില്ല. പാത്രക്കടയുടെ എതിർവശത്ത് ഒരു ബേക്കറിയും പലചരക്കു പീടികയുമായിരുന്നു. ചാച്ചാ സാരീസ്, കേവൽ കി ടോയ്‌ഷോപ്പ്, നീൽ ഗഗൻ സ്റ്റേഷനറി, കുമാർ ഡെന്റിസ്റ്റ്... അങ്ങനെയങ്ങനെ ഒട്ടേറെ കടകൾ. പല കടകളും ഓർത്തെടുക്കാൻ ഇപ്പോൾ കഴിയുന്നില്ല. അവയ്ക്കിടയിൽ ഒരു കോർണറിൽ ഒരു മീറ്റ് ഷോപ്പ് ഉണ്ടായിരുന്നു. തൊട്ടടുത്തുതന്നെ സ്റ്റെയർ കെയ്‌സിനടിയിലെ കൊച്ചുമുറിയിൽ വയസ്സായ ഒരു ചായാവാല ഉണ്ടായിരുന്നു. അതിനടുത്തുതന്നെ ഒരു ബാർബർ ഷോപ്പ്... ദീദി പറയുന്നതുനിർത്തി ഏതോ ആലോചനകളിലേക്ക് പോയെങ്കിലും ക്യാമറ ഓഫ് ചെയ്യുവാൻ സുനന്ദ മുതിർന്നില്ല. ഒരു പക്ഷെ ബാബു മാർക്കറ്റിന്റെ വിശദാംശങ്ങൾ ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരിക്കും. കിട്ടിക്കഴിഞ്ഞാൽ നേരെയങ്ങു പറഞ്ഞുതുടങ്ങിയെന്നു വരും.

ബാബു മാർക്കറ്റിൽ ഒരു കുർത്ത-പൈജാമ ഷോപ്പുണ്ടായിരുന്നു. സർദാർജി കാ ദൂകാൻ എന്ന് വിളിപ്പേരുണ്ടായിരുന്ന ഗുരുകളക്ഷൻസ്. അമരീന്ദർസിങ്ങ് എന്നു പേരുള്ള ഒരാളായിരുന്നു അതിന്റെ ഉടമ. എന്റെ കുടുംബത്തെപ്പോലെ പണ്ടെന്നോ ഡൽഹിയിൽ എത്തിയതായിരുന്നു അയാളുടെ കുടുംബവും. കട അയാളുടെ അച്ഛൻ തുടങ്ങിയതാണ്. അച്ഛനു പ്രായമായപ്പോൾ അയാൾ ഏറ്റെടുക്കേണ്ടിവന്നു. എന്റെ അച്ഛന്റെ പരിചയക്കാരനായിരുന്നു അമരീന്ദർസിങ്ങ്. അങ്ങനെയാണ് എനിക്ക് അയാളുടെ കടയിൽ ജോലി കിട്ടുന്നത്. സെയിൽസ് ഗേളായിരുന്നു. കാര്യമായ പണിയൊന്നും ഇല്ല. കടയിൽ അമരീന്ദറിന്റെ അച്ഛന്റെ കാലത്തുള്ള ഒരാളുണ്ടായിരുന്നു. ആളുകൾ കാക്കു എന്നു വിളിച്ചിരുന്ന കരൺസിങ്. അയാൾ സിക്ക് ആയിരുന്നില്ല. ബീഹാറിലോ ഹരിയാനയിലോ വേരുകളുള്ള ജാട്ടായിരുന്നു. അയാളെ സഹായിക്കുകയായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഇടയ്ക്ക് അയാൾ പർച്ചേസിനും പാർസലുകൾ കൊണ്ടുവരുന്നതിനുമൊക്കെ പോകും. അപ്പോൾ കടയുടെ കാര്യങ്ങൾ ഏറ്റെടുക്കേണ്ടിവന്നു. ആ ജോലി ഞാൻ അത്രയൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനു കാരണം അച്ഛന്റെ കിച്ചനാണ്. അതിനകത്ത് പണിയെടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. നെയ്യും പഞ്ചസാരയും ഉരുകുമ്പോഴുണ്ടാകുന്ന ഗന്ധങ്ങളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ എനിക്ക് താല്പര്യമുണ്ടായിരുന്നു. അതിൽ മികവു നേടണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അച്ഛനും അമ്മയും അതനുവദിച്ചില്ല. ഞാൻ വീട്ടിൽ ഒതുങ്ങിയാൽ വിവാഹാലോചനകൾ വന്നില്ലെങ്കിലോയെന്ന് അവർ ഭയപ്പെട്ടു.

അന്ന് ഇന്ദിരാജിക്ക് വെടിയേറ്റ ദിവസം രാവിലെ ഞാൻ കടയിൽ എത്തിയതായിരുന്നു. ഏതാനും കിലോമീറ്ററുകൾ അകലെ നടന്ന സംഭവമായിരുന്നിട്ടും ആരുമൊന്നും അറിഞ്ഞിരുന്നില്ല. കടയിലെത്തി അരമണിക്കൂർ കഴിഞ്ഞുകാണും. കടയിലെ ഫോൺ മണിയടിച്ചു. കാക്കുവാണ് അറ്റൻഡ് ചെയ്തത്. അയാൾ അത് എനിക്കുനേരെ നീട്ടി. ആരതിയായിരുന്നു അത്.

അമിതാ.... എന്നുള്ള ആദ്യവിളിയിൽ നിന്നുതന്നെ ഞാൻ അവളുടെ പരിഭ്രമം അറിഞ്ഞു. എന്താണെന്ന എന്റെ ചോദ്യത്തിന് അല്പനേരം അവൾ മറുപടി പറഞ്ഞില്ല. സിറ്റിയിൽ ഏതോ വിഐപിക്ക് സാരമായ എന്തോ അപകടം പറ്റിയിട്ടുണ്ട്. അവർ ഓ നെഗറ്റീവ് രക്തം തേടി പരക്കം പായുകയാണ്. ഇവിടത്തെ ലിസ്റ്റ് അങ്ങനെത്തന്നെ ബലമായി എടുത്തുകൊണ്ടുപോയി. നീ കുറച്ചു നേരത്തേക്ക് എങ്ങോട്ടെങ്കിലും ഒന്നു മാറിനിൽക്ക്. വീട്ടിലും കടയിലും ഇരിക്കേണ്ട. പിന്നീടെപ്പോഴോ ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു. അവൾ ശ്വസിക്കുന്ന ശബ്ദം ഞാൻ കേട്ടു. ആരതി അത്രയ്ക്ക് അസ്വസ്ഥയാവേണ്ട കാര്യമെന്തെന്ന് എനിക്ക് മനസ്സിലായില്ല. അത്യാവശ്യമാണെങ്കിൽ ഒരു കുപ്പി രക്തം കൊടുക്കുവാൻ എനിക്ക് പേടിയില്ലെന്ന് ഞാൻ അവളോടു പറഞ്ഞു. അമിതാ... വിഡ്ഢിത്തം കാണിക്കരുത്. അപകടം പറ്റിയിരിക്കുന്നത് ഏതോ വിവിഐപിക്കാണെന്നത് തീർച്ചയാണ്. പതിനെട്ടു മുറിവുകളിൽനിന്ന് നിലയ്ക്കാതെ രക്തം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആ സ്ഥിതിയിൽ ഒരു ഡോണറെ കിട്ടിയാൽ എന്തും സംഭവിക്കാം. പരിക്കേറ്റയാൾ നിന്റെ പരിസരത്തുതന്നെയുണ്ട്. എന്റെ പരിസരത്തെവിടെയെന്നു ചോദിച്ചപ്പോൾ ഈർഷ്യയോടെ ‘സഫ്ദർജങ്ങ്’ എന്നു മുരണ്ടു. നീ എത്രയും പെട്ടെന്ന് ആ പരിസരത്തുനിന്ന് മാറിപ്പോ, ആദ്യം കാണുന്ന ബസ്സിൽ കയറി എങ്ങോട്ടെങ്കിലും പോ. കരയുന്ന സ്വരത്തിൽ പറഞ്ഞ് അവൾ ഫോൺ കട്ട്‌ചെയ്തു. ആരതി, സ്‌ക്കൂൾ കാലം തൊട്ട് എന്റെ സഹപാഠിയും സുഹൃത്തുമാണവൾ. അരബിന്ദോമാർഗിൽ ഉള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ വർക്ക് ചെയ്യുകയാണ്. രണ്ടുമാസം മുമ്പ് അവൾ വർക്ക് ചെയ്യുന്ന ക്ലിനിക്കിൽ അവളെ കാണാൻ ഞാൻ പോയിരുന്നു. അന്നേരത്ത് അവളെന്റെ വിരൽത്തുമ്പിൽ കുത്തി രക്തമെടുത്ത് ഗ്രൂപ്പ് പരിശോധിച്ച് പറഞ്ഞുതന്നിരുന്നു. റെയർ ഗ്രൂപ്പാണ് ആർക്കെങ്കിലും ആവശ്യം വന്നാലോയെന്നു പറഞ്ഞ് ഒ നെഗറ്റീവുകാരുടെ ലിസ്റ്റിൽ എന്റെ പേരും അഡ്രസും എഴുതിവെക്കുകയും ചെയ്തു. അതാണിപ്പോൾ ആപത്തായത്. അത്യാവശ്യമായി ഒരാളെ കാണാൻ ഹോസ്പിറ്റലിൽ പോകുന്നുവെന്ന് കാക്കുവിനോട് പറഞ്ഞ് ബാഗുമെടുത്ത് ഞാൻ പുറത്തിറങ്ങി. വീട്ടിലേക്കു പോകുന്നത് അപകടമാണെന്നു തോന്നി. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഒരു നിശ്ചയവുമില്ലാതെ അവസ്ഥയിൽ ഞാൻ ആഫ്രിക്കൻ അവന്യൂവിലേക്ക് നടന്നു” ”.

ഉടലാഴം
ഫാസിൽ
ലോഗോ ബുക്‌സ്
2019, വില: 180 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP