Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാഭാരതം: അപനാമങ്ങൾ, അവിരാമങ്ങൾ

മഹാഭാരതം: അപനാമങ്ങൾ, അവിരാമങ്ങൾ

ഷാജി ജേക്കബ്‌

രിത്രജീവിതങ്ങളും ജീവിതചരിത്രങ്ങളും ഇഴപിരിഞ്ഞുണ്ടായ മനുഷ്യേതിഹാസങ്ങളിൽ ഏറ്റവും മഹത്തും ഭാരവത്തുമായ കൃതിയാണ് ഇന്ത്യൻ കാവ്യമായ മഹാഭാരതം. ഒരൊറ്റ വ്യക്തിയോ രചനാകാലമോ ഈ കാവ്യത്തിനു പിന്നിൽ സങ്കല്പിക്കപ്പെടുന്നില്ല. ബി.സി. 500നും എ.ഡി. 500നുമിടയിൽ പലനിലകളിൽ രൂപം കൊണ്ട് വളർന്നുപൂർത്തീകരിച്ച ഭാരതത്തിന്റെ മഹാവ്യാസജീവിതം പിൽക്കാലത്ത് സ്വയം ഒരു വിജ്ഞാനമേഖലതന്നെയായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ദേശാന്തരങ്ങളിലും കാലാന്തരങ്ങളിലും സംഭവിക്കുന്ന പാഠാന്തരങ്ങളും ഭാഷാന്തരങ്ങളും രൂപാന്തരങ്ങളും ജന്മാന്തരങ്ങളുമായി മഹാഭാരതത്തിന്റെ ഐതിഹാസിക ജീവിതത്തിനു കൈവന്ന ചരിതചംക്രമണം ഇന്നും തുടരുന്നു.

രാമായണത്തിനൊപ്പം ഇന്ത്യൻ ഭാവസംസ്‌കൃതിയുടെ ബൃഹദാഖ്യാനപദ്ധതിയായി വളർന്നുപടർന്ന മഹാഭാരതത്തിന്റെ ഭാഷാന്തരങ്ങൾ പതിനാലാംനൂറ്റാണ്ടു തൊട്ടേ മലയാളത്തിലുണ്ടാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലാകട്ടെ, കാവ്യരൂപം മറികടന്ന ഭാഷാ, മാധ്യമജന്മങ്ങൾ മഹാഭാരതത്തിനുണ്ടായി. ഫോക്, ക്ലാസിക്കൽ മണ്ഡലങ്ങളിൽ; രംഗ, സാഹിത്യപാഠങ്ങളിൽ; ഗദ്യ, പദ്യ ഭാഷകളിൽ; ദൃശ്യ, ശബ്ദ രൂപങ്ങളിൽ; ലഘു, ഗുരു ഭാവങ്ങളിൽ; മാനുഷിക, സാങ്കേതിക മാധ്യമങ്ങളിൽ ഒക്കെ വ്യാസഭാരതമെന്ന ഈ മഹാവടവൃക്ഷം ജന്മാന്തരങ്ങൾ നേടി നിലനിൽക്കുന്നു. മധ്യകാലമഹാഭാരതപാഠങ്ങളുടെ കാലം പിന്നിട്ട് ആധുനിക കാലത്തെത്തുമ്പോൾ മഹാഭാരതതർജ്ജമകളുടെയും പഠനങ്ങളുടെയും വലിയൊരു നിരതന്നെ മലയാളത്തിലുമുണ്ടാകുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനവും വിദ്വാൻ കെ. പ്രകാശത്തിന്റെയും കുന്നത്തൂർ ജനാർദ്ദനമേനോന്റെയും ഗദ്യവിവർത്തനങ്ങളും ഒരുവശത്ത്, കുട്ടികൃഷ്ണമാരാരുടെ അനന്യമായ ഭാരതപര്യടനം മുതൽ സുനിൽ പി. ഇളയിടത്തിന്റെ അതിദീർഘമായ മഹാഭാരതപഠനം വരെ മറ്റൊരുവശത്ത്. പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ മുതൽ എം ടി.യുടെ രണ്ടാമൂഴം വരെ ഇനിയുമൊരുവശത്ത്.

          മലയാളത്തിനു പുറത്തേക്കു നോക്കിയാൽ, വി എസ്. സൂക്താങ്കർ തൊട്ടുള്ള മഹാഭാരതസംശോധകരുടെ സംഭാവനയാണ് ഇവയെക്കാളൊക്കെ പ്രധാനം. ഡി.ഡി. കൊസാംബിയും ദേബിപ്രസാദ് ചതോപാധ്യായയും റൊമിലാ ഥാപ്പറുമുൾപ്പെടെയുള്ള ചരിത്ര-തത്വചിന്താപണ്ഡിതർ മുതൽ ശശിതരൂരും ആനന്ദ് നീലകണ്ഠനുമുൾപ്പെടെയുള്ള ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരും വെൻഡി ഡോണിഗറും പമേല ലോത്‌സ്പീച്ചും പീറ്റർ ബ്രൂക്ക്‌സുമുൾപ്പെടെയുള്ള വിദേശികളും വരെ മഹാഭാരതത്തെ ഉപജീവിച്ചെഴുതിയ ചരിത്രാപഗ്രഥനങ്ങളുടെയും സാഹിത്യപാഠങ്ങളുടെയും പശ്ചാത്തലമാണ് മഹാഭാരതവിജ്ഞാനീയത്തിന്റെ മറ്റൊരു മേഖല.

         

മേല്പറഞ്ഞ മുഴുവൻ രചനകളുടെയും തുടർച്ചയായി കാണാവുന്ന കെ.സി. നാരായണന്റെ ഈ ഗ്രന്ഥം മലയാളത്തിൽ മഹാഭാരതവിജ്ഞാനീയത്തിൽ ഏറ്റവുമൊടുവിൽ പ്രസിദ്ധീകൃതമായ കൃതിയാണ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ മഹാഭാരതവിവർത്തനം പ്രാഥമികാകരമാക്കിയും കൊസാംബിയും ഥാപ്പറുമുൾപ്പെടെയുള്ളവരുടെ മഹാഭാരതചരിത്രവിജ്ഞാനം സ്വാംശീകരിച്ചും മുഖ്യമായും ഡോണി വെൻഡിഗർ മുന്നോട്ടുവച്ച ചില മഹാഭാരതവിശകലനങ്ങളിൽനിന്നു പ്രചോദനം നേടിയും കെ.സി. നാരായണൻ നടത്തുന്ന ഈ ഭാരതവായന മൗലികവും ശ്രദ്ധേയവുമായ ഒരു പഠനസമ്പ്രദായം മുന്നോട്ടുവയ്ക്കുന്നത് അടിസ്ഥാനപരമായ നാലു സമീപനങ്ങളിൽ ചുവടുറപ്പിച്ചാണ്.

          ഒന്ന്, ബി.സി. ആറാം നൂറ്റാണ്ടോടെ നിലവിൽ വരുന്ന ചാതുർവർണ്യ വ്യവസ്ഥയിലടിയുറച്ച ബ്രാഹ്മണ്യത്തിന്റെയും അതേകാലത്തുതന്നെ ഉത്ഭവിച്ച ജൈന, ബുദ്ധ, ചാർവാക മതങ്ങളുടെയും സംഘർഷാത്മകമായ ചിന്താപദ്ധതികളുടെയും ജീവിതമൂല്യങ്ങളുടെയും സന്ദർഭത്തിലും ഇതരമതങ്ങളെ കീഴടക്കി ബ്രാഹ്മണ്യം നേടിയ പ്രാമാണികത്വത്തിന്റെ പശ്ചാത്തലത്തിലും മഹാഭാരതത്തിന്റെ ചരിത്രപരത തിരിച്ചറിയുകയാണ്, കെ.സി. വായിക്കൂ:

'ഇന്ത്യാചരിത്രത്തിലെ ഏഴു നൂറ്റാണ്ടുകളുടെ ചരിത്രമാണ് മഹാഭാരതത്തെ സാധ്യമാക്കിയത്. പഴയ ഇന്ത്യയുടെ ചരിത്രത്തിൽ സുപ്രധാനമായ മൂന്ന് അടയാളബിന്ദുക്കളുണ്ട്. അതിൽ ആദ്യത്തേത് ബ്രാഹ്മണനു കോയ്മയും ശൂദ്രന് ദാസ്യത്തിന്റെ കീഴ്‌നിലയും വിധിക്കുന്ന, അസമത്വത്തെ മൂലതത്ത്വമാക്കിയ ചാതുർവർണ്യവ്യവസ്ഥ ബി.സി. ആറാം ശതകത്തോടെ നിലവിൽ വരുന്നതാണ്. മഹാഭാരതത്തിൽ ആ ചാതുർവർണ്യവ്യവസ്ഥയെ പല കഥാപാത്രങ്ങളും ആവർത്തിച്ച് പറയുന്നതും അത് പ്രകൃതിസിദ്ധമായ ഒരു തത്ത്വമാണെന്ന് വിചാരിക്കുന്നതും സമർഥിക്കുന്നതും കാണാം. രണ്ടാമത്തേത്, ഈ വ്യവസ്ഥയെയും അതിനാധാരമായ വേപ്രാമാണ്യത്തെയും നിരസിക്കുന്ന ജൈന-ബൗദ്ധ ചാർവാകമതങ്ങൾ, ബി.സി. ആറാം ശതകത്തിൽ ഉദ്ഭവിച്ച് മൗര്യസാമ്രാജ്യകാലത്ത്, പ്രത്യേകിച്ച് അശോകചക്രവർത്തിയുടെ കാലത്ത് ശക്തിപ്പെടുന്നതാണ്. മൂന്നാമത്തേത്, ഈ വിയോജകമതങ്ങളെ തോൽപ്പിച്ചും ചിലപ്പോൾ സ്വാംശീകരിച്ചും ബ്രാഹ്മണമതം സുംഗവംശത്തിലൂടെ തിരിച്ചുവരുന്നതാണ്. അതോടെ ചാതുർവർണ്യത്തിന് പൂർണമായ പ്രാമാണികതയായി. ഈ മൂന്ന് സംഭവങ്ങളുടെയും അടയാളങ്ങളും സ്മരണകളും വീണുകിടക്കുന്ന കഥാപാത്രങ്ങളിലൂടെ, സന്ദർഭങ്ങളിലൂടെ, ആ കാലത്തിന്റെ കീഴ്‌പ്പെടുത്തലുകളും കുറ്റബോധങ്ങളും വർണ ധർമനിരാസങ്ങളും അതിലെ സന്ദേഹങ്ങളും സ്വാംശീകരിച്ചുണ്ടായ കൃതിയാണ് മഹാഭാരതം'.

          രണ്ട്, ഈ സംഘർഷകാലങ്ങളുടെ ധർമ്മാധർമ്മ പ്രരൂപങ്ങളായി ഒരുവശത്ത് അദൃശ്യനായ അശോകനും മറുവശത്ത് ദൃശ്യനായ കൃഷ്ണനും അണിനിരക്കുന്ന ഭാവമണ്ഡലമാണ് മഹാഭാരതത്തിന്റേത് എന്ന നിലപാടും അതു മുൻനിർത്തി മഹാഭാരതസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും വ്യാഖ്യാനിക്കുന്ന രീതിയും. നോക്കുക:

          'മഹാഭാരതത്തിൽ രണ്ടു സാന്നിധ്യങ്ങളുണ്ട്. ഒന്ന് കൃഷ്ണൻ. രണ്ട് അശോകചക്രവർത്തി. കൃഷ്ണനെ മഹാഭാരതത്തിലുടനീളം നമുക്കു കാണാം. ഒരു ദൃശ്യസാന്നിധ്യമാണ് അദ്ദേഹം. എന്നാൽ അശോകചക്രവർത്തിയെ ആരും മഹാഭാരതത്തിൽ കാണുകയില്ല. കഥയ്ക്കു പുറത്തുള്ള ഈ ചരിത്രപുരുഷൻ കഥയിലെ അദൃശ്യസാന്നിധ്യമാണ്. ധർമപുത്രൻ, കുറച്ചൊക്കെ അർജുനൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അശോകൻ സാന്നിധ്യമറിയിക്കുന്നത്. കൃഷ്ണൻ യുദ്ധം ജയിപ്പിക്കുന്നതിന്റെയും ധർമപുത്രനെ രാജാവാക്കുന്നതിന്റെയും വർണധർമത്തെ ഉറപ്പിക്കുന്നതിന്റെയും അതിൽ ക്ഷത്രിയനുണ്ടാകുന്ന ദുഃഖത്തെ അകറ്റുന്നതിന്റെയും പ്രതിപുരുഷനാണ്. അർജുനനിലൂടെയും ധർമപുത്രനിലൂടെയും മറ്റും  ദൃശ്യനാകുന്ന അശോകനാവട്ടെ ജയത്തെ തോൽവിയായി കാണുന്നതിന്റെയും വർണധർമമാചരിക്കുന്നതിൽ ദുഃഖമനുഭവിക്കുന്നതിന്റെയും അതുകൊണ്ടുകൊണ്ടുതന്നെ വർണധർമത്തെ വെടിയാൻ വെമ്പുന്നതിന്റെയും പ്രതീകമാണ്'.

          മൂന്ന്, അർഥപരവും മൂല്യപരവുമായ വിപരീതങ്ങളുടെയും വൈരുധ്യങ്ങളുടെയും പ്രതിപാഠങ്ങളുടെയും പ്രത്യാഖ്യാനങ്ങളുടെയും വലിയൊരു ശൃംഖലയോ ശ്രേണിയോ ആയി കരുതാവുന്ന അപനാമഘടനയാണ് മഹാഭാരതത്തിന്റെ ആഖ്യാനകല എന്ന കാഴ്ചപ്പാടും അത് നിർണയിക്കുന്ന ഇതിഹാസവായനയും. നാരായണൻ എഴുതുന്നു:

         

'മഹാഭാരതത്തെ ഒന്നാകെയെടുത്താൽ ജയത്തിന്റെയും വർണധർമവിജയത്തിന്റെയും പ്രകൃതിനിയമജ്ഞാനത്തിന്റെയും ലോകവീക്ഷണം ഒരുവശത്തും നാശവും ക്ഷയവും ദുഃഖവും കുറ്റബോധവും ചേർന്ന ലോകവീക്ഷണം മറുവശത്തും നിൽക്കുന്ന ഒരു വലിയ അപനാമഘടനയാണ് ആ ഇതിഹാസത്തിനുള്ളതെന്നു കാണാം. ഈ അപനാമഘടനയുടെ സമാന്തരങ്ങളോ പോഷകങ്ങളോ ആണ് വിപരീത പാഠചേരുവയുടെ മറ്റു ഘടനകൾ. ഈ ഘടനകളുടെ രണ്ടു ഭാഗങ്ങളിൽ ഏതെങ്കിലുമൊരു ഭാഗത്തിൽ അർഥത്തിന് നങ്കൂരമിടാനോ മൂല്യത്തിന് പ്രതിഷ്ഠ നൽകാനോ സാധ്യമല്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം മറുഭാഗം അതിനെ അസ്ഥിരമാക്കിക്കൊണ്ടിരിക്കും. മഹാഭാരതത്തിന്റെ നിഷ്പക്ഷതയും ഈ അപനാമസ്വഭാവത്തിൽനിന്നു വന്നതാണ്. വാസ്തവത്തിൽ മഹാഭാരതമെഴുതിയ വ്യാസൻ ഒട്ടും നിഷ്പക്ഷനല്ല. അദ്ദേഹം പാണ്ഡവപക്ഷത്തുനിൽക്കുന്നയാളും കഥയിലിടപെട്ട് അവരെ സഹായിക്കുന്നയാളും അവരുടെ ഭാഗത്താണ് ശരിയെന്നു വിശ്വസിക്കുന്നയാളുമാണ്. എന്നാൽ, വ്യാസപ്രക്രിയ എന്നു നാം വിശേഷിപ്പിച്ച ചരിത്രപരമായ വികാസത്തിലൂടെ രൂപം പ്രാപിച്ച മഹാഭാരതമാകട്ടെ, വലിയ ഒരു വിപരീതപാഠചേരുവയുടെ ഫലമായി, കഥാകൃത്തായ വ്യാസൻ എന്ന വ്യക്തിയുടെ ഇംഗിതത്തെ മറികടന്നുകൊണ്ട്, പാണ്ഡവരിലോ കൗരവരിലോ ശരിത്വമുറപ്പിക്കാതെ, ബ്രാഹ്മണമതത്തിലോ ബൗദ്ധദർശനത്തിലോ നങ്കൂരമിടാതെ, വീരത്തിലോ ശോകത്തിലോ വിശ്വാസം പ്രഖ്യാപിക്കാതെ, ജീവിതത്തെ സംബന്ധിച്ച് നിലനിൽക്കുന്ന വീക്ഷണഭേദങ്ങളുടെ ഒരു സഹോദരചേരിയിലും പങ്കുപറ്റാതെ, ഒന്നിനെ പുരസ്‌കരിക്കുമ്പോൾ മറ്റേതിന്റെ തിരസ്‌കരണം നേരിടുന്ന ഒരു വലിയ അപനാമഘടനയുടെ രൂപത്തിൽ, എപ്പോഴും ഒരു അപൂർണവിരാമത്തിൽ നിലനിൽക്കുന്നു-ഒരു പങ്കിലും അവസാനത്തെ ചുവടുറപ്പിക്കാതെ, ഒരു ചേരിയിലും അർഥവിശ്രാന്തി കാണാതെ, Closure ഇല്ലാതെ. അങ്ങനെയുള്ള കൃതി വിരാമത്തിലല്ല, തുറസ്സിലും തുടർച്ചയിലുമാണ് നീങ്ങുന്നത്. മഹാഭാരതം കഥ അവസാനിച്ചിട്ടില്ല. ഒരു ആയിരമാണ്ടുകൂടി അതിന് ഇനിയും ജീവിക്കാനുണ്ട്-മാറിയും മറിഞ്ഞും, അനേകം ഭാഷകളിലൂടെ, അനേകം ദേശങ്ങളിലൂടെ, അനേകം മനസ്സുകളിലൂടെ'.

          നാല്, വെൻഡി ഡോണിഗർ മഹാഭാരതത്തിന്റെ രൂപീകരണത്തെ വിക്കിപീഡിയയോട് ഉപമിച്ചുകൊണ്ട് നടത്തുന്ന വിശകലനമാതൃക പിൻപറ്റി, റിച്ചാർഡ് സ്റ്റാൾമാൻ വികസിപ്പിച്ച 'ഫ്രീസോഫ്റ്റ്‌വെയർ' എന്ന സാങ്കേതികസംസ്‌കൃതിയോട് മഹാഭാരതത്തിന്റെ ചരിത്രജീവിതത്തെയും ജീവിതചരിത്രത്തെയും സമീകരിക്കുന്ന കെ.സി.യുടെ സമീപനം.

          'ലോകത്തിൽ ആർക്കും മതജാതിഭേദമെന്യേ വായിക്കാനും പകർപ്പെടുക്കാനും കാലഭേദമനുസരിച്ച് പുതിയ ഭാഷ്യങ്ങൾ ഉണ്ടാക്കാനും കഴിയുന്ന ഉടമസ്ഥതയില്ലാത്ത ഒരു വലിയ പുസ്തകമായ മഹാഭാരതത്തെ 'സ്വതന്ത്ര സോഫ്റ്റ്‌വെയർ' എന്ന ഉപമകൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് വിശേഷിപ്പിക്കും? അത്രമാത്രം ആവർത്തിച്ച്, വീണ്ടും വീണ്ടും മാറ്റിയെഴുതുകയും ജനപദങ്ങളും ജനസമൂഹങ്ങളും സ്വന്തമാക്കി മാറ്റുകയും ചെയ്തതാണ് ആ പുസ്തകം. കഥയ്ക്കുതന്നെ മാറ്റം വരുത്തി, കഥാപാത്രങ്ങളെ തങ്ങളുടെ നാട്ടുകാരാക്കി, പല കഥാപാത്രങ്ങളെയും സ്വന്തം വംശത്തിന്റെ പിതാക്കന്മാരാക്കി, അതിൽ ചിലരെ ദൈവങ്ങളാക്കി ക്ഷേത്രം പണിത് പ്രതിഷ്ഠിച്ച്, സമകാലിക സന്ദർഭങ്ങൾക്കനുസരിച്ച് കഥയെ മാറ്റിയെഴുതി, ഭക്തിപ്രസ്ഥാനകാലത്ത് അതിനനുരൂപമായും സ്വാതന്ത്ര്യസമരകാലത്ത് അതിനനുരൂപമായും സ്വാതന്ത്ര്യം കിട്ടിയശേഷമുള്ള കാലത്ത് വേറൊരു വിധത്തിലും മാറ്റിമറിച്ച്, പലഭാഷകളിലും പല മാധ്യമങ്ങളിലും പുനരവതരിക്കപ്പെട്ട്, ശില്പത്തിലും നൃത്തത്തിലും നാടകത്തിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും പുനരാവിഷികരിക്കപ്പെട്ട്, ഇന്ത്യയുടെ ദേശകാലവൈവിധ്യത്തിൽ അലിഞ്ഞുചേർന്ന ഒരു കൃതിയുടെ ആധുനിക കാലത്തെ രൂപകമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ'. 

         

മേല്പറഞ്ഞ നാലു സമീപനങ്ങളെ മഹാഭാരതത്തിന്റെ വായനാരീതിശാസ്ത്രമാക്കി മാറ്റിനടത്തുന്ന, അതീവ ചാരുതയും ഐതിഹാസിക മാനങ്ങളുമുള്ള, ജീവിതധർമമർമ്മജ്ഞത തുളുമ്പിനിൽക്കുന്ന, ഒരു മനുഷ്യകഥാനുഗാനമാണ് ഈ പുസ്തകം. ഇരുന്നൂറ്റമ്പത് പുറം വരുന്ന ഒന്നാം ഭാഗത്ത് അശോകനെ പ്രതിപുരുഷനാക്കി നടത്തുന്ന ഇരുപത്തഞ്ച് ഭാരതസന്ദർഭ/വ്യക്തിത്വങ്ങളുടെ വായനയും അത്രയും തന്നെ പുറം വരുന്ന രണ്ടാം ഭാഗത്ത് കൃഷ്ണനെ പ്രതിപുരുഷനാക്കി നടത്തുന്ന ഇരുപത്തിരണ്ട് സന്ദർഭ/കഥാപാത്രങ്ങളുടെ വായനയും. ചരിത്രപരവും തത്വചിന്താപരവും മൂല്യപരവും ഭാവപരവുമായ അപനാമങ്ങളുടെ പാഠമാതൃകകളാകുന്നു, ഈ നാല്പത്തേഴധ്യായങ്ങളും. ധർമ്മാധർമ്മങ്ങളുടെയും ഹിംസാഹിംസകളുടെയും ആഴക്കയച്ചുഴികളിൽ പെട്ട് നട്ടം തിരിയുന്ന മനുഷ്യാവസ്ഥയുടെ നിത്യനൈതികസന്ദേഹങ്ങൾക്കുമേൽ ആധുനികാനന്തരമായ കാലബോധങ്ങളും ആഗോളവൽകൃതമായ ലോകബോധങ്ങളും സമീകരിക്കുന്ന, ക്ലാസിക്കൽ ഇതിഹാസത്തിന്റെ പുനർവായന-'മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ'.

          അശോകനെ കേന്ദ്രീകരിച്ചു രൂപം കൊള്ളുന്ന ഭാരതവായന, ഇതിഹാസത്തിലെ ധർമ്മത്തിന്റെയും നീതിയുടെയും കരുണയുടെയും അഹിംസയുടെയും ദുഃഖങ്ങളുടെയും പതനങ്ങളുടെയും മഹാവ്യാസാർഥങ്ങൾ കണ്ടെത്തി അവയെ കാലാന്തരപ്രസക്തിയുള്ള മാനവികമൂല്യങ്ങളുടെ ആഖ്യാനമാതൃകകളും പാഠങ്ങളുമായി വ്യാഖ്യാനിക്കുമ്പോൾ, കൃഷ്ണനെ കേന്ദ്രീകരിച്ചു രചിക്കപ്പെടുന്ന ഭാരതവായന ഇതിഹാസത്തിലെ അധർമ്മങ്ങളുടെയും അനീതികളുടെയും യുദ്ധത്തിന്റെയും ഹിംസകളുടെയും ചതികളുടെയും വഞ്ചനകളുടെയും പ്രത്യക്ഷഭൂപടം നിവർത്തി, അവയെയും ലോകജീവിതമൂല്യങ്ങളുടെയും മായാഭൂമികയിൽ പ്രതിഷ്ഠിക്കുന്നു. അതുവഴി മഹാഭാരതത്തിന്റെ മൂല്യമണ്ഡലങ്ങളിലെ ഗുപ്തവും അഗുപ്തവുമായ ഭാവബന്ധങ്ങളുടെ സമാന്തരവായനയായി മാറുന്നു, കെ.സി.യുടെ 'മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ'.

         

'ശാപങ്ങളുടെ ഇതിഹാസമാണ് മഹാഭാരത'മെന്ന വെൻഡി ഡോണിഗറിന്റെയും മറ്റും നിരീക്ഷണത്തിലാണ് തുടക്കം. സാത്വികരായ കാനനമഹർഷിമാർ എങ്ങനെ ശാപകോപങ്ങളുടെ മണലാരണ്യങ്ങൾക്കു ജന്മം നൽകിയെന്നന്വേഷിക്കുന്ന ഒന്നാമധ്യായം, തുടർന്നങ്ങോട്ട് ഈ ഗ്രന്ഥം ആദ്യന്തമപഗ്രഥിക്കുന്ന വിപരീതങ്ങളുടെ തത്വചിന്താപദ്ധതിയിലേക്കുള്ള ആദ്യചുവട് വയ്ക്കുകയാണ്. പരാശരനും വ്യാസനും വിശ്വാമിത്രനും ദുർവ്വാസാവും ശാരദ്വാനും കൃപനും വസിഷ്ഠനും ഭരദ്വാജനും കണ്വനും നാരദനും... ഭാരതത്തിന്റെ മാത്രമല്ല ഭാരതവംശത്തിന്റെയും സൃഷ്ടിയിലും സ്ഥിതിയിലും ഒരുപോലെ പങ്കുവഹിക്കുന്ന മഹർഷിമാരാണ്. രതിവിരതികളുടെ വിപര്യയങ്ങളിൽ പെട്ട് ലോകജീവിതങ്ങളുടെ നേർക്ക് വില്ലുകുലയ്ക്കുന്ന മഹാപുരുഷബിംബങ്ങൾ. കാമക്രോധങ്ങളുടെ ഇരട്ടഗോപുരങ്ങൾ.

          രണ്ടാമധ്യായത്തിൽ ഈ വൈരുധ്യങ്ങളുടെ നരവംശശാസ്ത്രമന്വേഷിക്കുകയാണ് കെ.സി. ക്രോധത്തിൽ നിന്നു ജനിക്കുന്ന എൺപത്തിനാല് ശാപങ്ങൾ മഹാഭാരതത്തിന്റെ സംഘർഷാത്മക സൗന്ദര്യശാസ്ത്രത്തിനു പിന്നിലുണ്ടെന്ന് ഒരു പഠനം തെളിയിക്കുന്നു.

          തന്റെ മക്കളുടെ കഥ പറയുന്ന മഹാഭാരതത്തിൽ വ്യാസൻ കൗരവർക്കൊപ്പമോ പാണ്ഡവർക്കൊപ്പമോ? ഈയന്വേഷണമാണ് മൂന്നാമധ്യായം. ആഖ്യാനത്തിൽ സംവാദപരത ദീക്ഷിക്കുന്നുണ്ടെങ്കിലും, കുരുക്ഷേത്രയുദ്ധം പോലുള്ള ഭാഗങ്ങളിൽ തുല്യനിലപാലിക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി പാണ്ഡവപക്ഷത്താണ് വ്യാസന്റെ നിലയെന്ന് സവിസ്തരം, സസൂക്ഷം നാരായണൻ വിശദീകരിക്കുന്നു. പാണ്ഡവരിൽ ആരോപിച്ചു മഹത്വവൽക്കരിക്കുന്ന ധാർമ്മികതയുടെ തുലാസുകൊണ്ടാണ് വ്യാസൻ തന്റെ നിലപാടളക്കുന്നത്. കുരുപാണ്ഡവരുടെ കഥയിലും ചരിത്രത്തിലും ജീവിതത്തിലും ഉടനീളം ഇടപെട്ട് വ്യാസൻ പാണ്ഡവരെ ധർമ്മമൂർത്തികളാക്കി മാറ്റുന്നു. അതേസമയം തന്നെ അത്ഭുതകരമാംവിധം ആഴക്കാഴ്ചകളുള്ള ഒരു എതിർപാഠവും രൂപംകൊണ്ടുതുടങ്ങുന്നു. കെ.സി. എഴുതുന്നു:

         

'മഹാഭാരതകഥയുടെ ആഴത്തിനും സങ്കീർണതയ്ക്കും തുറവികൾക്കും കാരണംപോലും ഈ എതിർപാഠച്ചേർച്ചയാണെന്നും പറയാം. ഒരാൾ ഒരേസമയം തെറ്റും ശരിയുമാകുന്ന അവസ്ഥയോളം അർഥസമ്പന്നമായി മറ്റെന്തുണ്ട്? ധർമാധർമങ്ങളുടെ സംഘർഷസ്ഥലം എന്ന് മഹാഭാരതംതന്നെ വിശേഷിപ്പിക്കുന്ന കുരുക്ഷേത്രത്തിൽവെച്ച് നടന്ന യുദ്ധത്തിൽ ധർമിഷ്ഠരായ പാണ്ഡവരും അധർമിഷ്ഠരായ ദുര്യോധനാദികളും എങ്ങനെ പെരുമാറി എന്ന് വിവരിക്കുന്ന നാലു പർവങ്ങൾ പരിശോധിച്ചാൽ മഹാഭാരതത്തിലെ ഈ എതിർപാഠച്ചേരുവയുടെ സ്വഭാവവും അത് സൃഷ്ടിക്കുന്ന അർഥസങ്കീർണതകളും നമുക്ക് മനസ്സിലാകും'.

          മഹാഭാരതത്തിലെ ആറിലൊന്നു വരുന്ന കുരുക്ഷേത്രയുദ്ധത്തിലെ മഹാപതനങ്ങളെക്കുറിച്ചാണ് അടുത്ത രണ്ടധ്യായങ്ങൾ. ദ്രോണരുടെയും കർണന്റെയും ദുര്യോധനന്റെയും വധത്തിനു പിന്നിൽ ധർമ്മം കൈവിട്ടു പ്രവർത്തിച്ച ധർമ്മപുത്രന്റെയും സഹോദരന്മാരുടെയും കൃഷ്ണന്റെയും പക്ഷം പിടിക്കാതെ വ്യാസൻ തന്റെ ആഖ്യാനത്തിന്റെ ഗതിമാറ്റി വിടുന്നു. കഥയുടെ 'ഡയലക്റ്റിക്‌സ്' എന്നുതന്നെ വിളിക്കാവുന്നവിധം ഉടമ്പടികളുടെയും അവയുടെ ലംഘനങ്ങളുടെയും ഇതിഹാസപാഠമായി വളരുകയാണ് മഹാഭാരതം.

          യുദ്ധത്തെക്കാൾ നാടകീയവും കഥാത്മകവുമായി ഇതിഹാസത്തിന്റെ ആഖ്യാനത്തെ വഴിതിരിച്ചുവിടുന്ന ചൂതുകളിയുടെ ഗൂഢലോകങ്ങളെക്കുറിച്ചാണ് ഏഴു മുതൽ പത്തുവരെ അധ്യായങ്ങൾ. ധർമ്മപുത്രൻ നായകനും പ്രതിനായകനുമായി വളരുന്ന അസാധാരണമായ കഥാസന്ധി. മഹാഭാരതത്തിലെ ഏറ്റവും സങ്കീർണതയുള്ള കഥാപാത്രമായി ധർമപുത്രനെ സ്ഥാനപ്പെടുത്തുകയാണ് കെ.സി.

         

മഹാഭാരതത്തിന് ജയം എന്നു പേരുണ്ട്. ആരുടെ, എന്തിന്റെ ജയമാണ് ഇതിഹാസം ലക്ഷ്യംവയ്ക്കുന്നത്? ഈ വിഷയം ചർച്ചചെയ്യുന്ന പതിനൊന്നാമധ്യായം, എല്ലാ വിജയങ്ങൾക്കും മുകളിൽ പരാജയത്തിന്റെയും കുറ്റബോധത്തിന്റെയും ചോരയും കണ്ണീരും വിലാപവും ദുഃഖവും പെയ്തിറങ്ങുന്ന വിധിയുടെ മഹാമാരിക്കു നേരെയാണ് വിരൽചൂണ്ടുന്നത്. കെ.സി. എഴുതുന്നു:

          'കുരുക്ഷേത്രയുദ്ധത്തിൽ ജയിച്ച പാണ്ഡവർ ആദ്യം സ്വന്തം പുത്രന്മാരുടെ നാശവും പിന്നീട് സ്വന്തം വംശത്തിന്റെ ആസന്ന നാശവും കണ്ടതിനുശേഷം സാക്ഷിയാകുന്നത് തങ്ങളെ ജയിപ്പിച്ച കൃഷ്ണന്റെ വംശത്തിന്റെ പ്രവചിക്കപ്പെട്ട നാശത്തിനുകൂടിയാണ്. ജയിച്ചവരുടെ പക്ഷക്കാർ അനുഭവിക്കുന്ന ക്ഷേമത്തിന്റെയല്ല, മറിച്ച്, ക്ഷയത്തിന്റെയും വിനാശത്തിന്റെയും വിഷാദത്തിന്റെയും കഥനമാണ് മഹാഭാരതം നിർവഹിക്കുന്നത് എന്നർഥം. വംശവിച്ഛേദങ്ങളാണ് വിജയത്തിന്റെ ഉത്തരഭാഗം. തുടർച്ചയായ ആ വംശവിച്ഛേദങ്ങൾ സൃഷ്ടിച്ച ആഘാതത്തിനു ശേഷം പാണ്ഡവരെ കാത്തിരിക്കുന്നത് അവരുടെ വിഷാദത്തെ ഒന്നുകൂടി പെരുപ്പിക്കുകയും അവരുടെ കുറ്റബോധത്തെ അനേകമടങ്ങ് വർധിപ്പിക്കുകയും ഇനി രാജ്യം വേണ്ട എന്ന നിശ്ചയത്തിലേക്ക് ധർമപുത്രനെ എത്തിക്കുകയും ചെയ്യുന്ന ഒരു അഭിജ്ഞാനമാണ്-കുന്തിയാണ് ഈ അഭിജ്ഞാനം മക്കൾക്ക് നൽകുന്നതും. ധൃതരാഷ്ട്രന്റെ നിർദ്ദേശപ്രകാരം, യുദ്ധത്തിൽ മരിച്ച ലക്ഷക്കണക്കിന് പോരാളികളെ ചിതകൂട്ടി സംസ്‌കരിച്ചശേഷം, കുരുവംശത്തിൽ അവശേഷിച്ച അഞ്ചുപുരുഷന്മാരും എത്രയോ വിധവകളും ഗംഗാതീരത്ത് എത്തി മരിച്ചവർക്ക് ഉദകക്രിയ ചെയ്യാൻ തുടങ്ങി. ഗംഗ ആനന്ദംകെട്ട് ഒഴുകി. പെട്ടെന്ന് ദുഃഖം മുഴുത്ത കുന്തി ധർമപുത്രനോട് പറഞ്ഞു: 'ശൂരനും മഹാരഥിയും യുദ്ധത്തിൽ അർജുനൻ വധിച്ചവനുമായ കർണൻ, എല്ലാവരും രാധയുടെ പുത്രൻ എന്നു കരുതിയ ആ വീരലക്ഷണം തികഞ്ഞ പുരുഷൻ, വീര്യത്തിൽ ലോകത്തിൽ ഒരാളും കിടനിൽക്കാത്തവൻ, ദുര്യോധനന് എന്നും ബലമായിരുന്നവൻ, യുദ്ധത്തിൽ പിന്മാറാത്തവൻ, എന്നും സത്യം പാലിക്കുന്നവൻ- ആ കർണനുകൂടി മക്കളേ നിങ്ങൾ ഉദകക്രിയ ചെയ്യുക. കാരണം ആ കർണൻ നിങ്ങൾക്കെല്ലാം ജ്യേഷ്ഠസഹോദരനാണ്. എനിക്ക് സൂര്യദേവനിൽ ഉണ്ടായ സന്തതിയാണ് കവചകുണ്ഡലങ്ങളോടെ പിറന്ന സുര്യതുല്യനായ കർണൻ. ആ സഹോദരനുകൂടി നിങ്ങൾ നീരർപ്പിക്കുക'.

'അപ്രിയമായ ഈ മാതൃവാക്യം' കേട്ട് പാണ്ഡവർ വീണ്ടും അതിയായ ദുഃഖത്തിലേക്ക് വീണു. കർണനെക്കുറിച്ച് ആലോചിച്ചാലോചിത്ത് അവർ വീണ്ടും വിഷാദവാന്മാരായി. കുറച്ചു കഴിഞ്ഞ് യുധിഷ്ഠിരൻ പാമ്പുചീറ്റുംപോലെ ചീറ്റിക്കൊണ്ട് (കോപംകൊണ്ടാവാം, ദുഃഖംകൊണ്ടാവാം)  കുന്തിയോട് പറഞ്ഞു: വില്ലാളികളിൽ മുൻപൻ, അമ്പെയ്യുമ്പോൾ അർജുനനൊഴികെ ഒരാൾക്കും എതിർത്തു നിൽക്കാൻ കഴിയാത്തവൻ, ആ ദേവഗർഭനായ കർണൻ അമ്മയുടെ ആദ്യപുത്രനാണെന്നോ? ആറുടെ കൈബലം ഓർത്ത് ഞങ്ങളൊക്കെ എന്നും ചുട്ടുനീറിയോ, ആരുടെ വില്ലാളിത്തത്തെ മുഴുവൻ ധാർത്തരാഷ്ട്രന്മാരും ഉപാസിച്ചുവോ, അദ്ദേഹത്തെ വസ്ത്രംകൊണ്ട് തീയിനെ എന്നപോലെ അമ്മ മറച്ചതെങ്ങനെ? ആശ്ചര്യവീര്യനായ അദ്ദേഹത്തെ അമ്മ ആദ്യം പെറ്റതാണെന്നോ! അമ്മയുടെ മന്ത്രഗ്രഹണംമൂലം ഞങ്ങൾ കെട്ടുപോയല്ലോ. കർണനെ കൊന്നല്ലോ എന്നോർത്ത് ഞങ്ങളെല്ലാം ദുഃഖാർത്തരായല്ലോ. ആദ്യം അഭിമന്യുവിന്റെ മരണംകൊണ്ട്, പിന്നീട് ദ്രൗപദിയുടെ പുത്രന്മാരുടെ മരണംകൊണ്ട്, മുഴുവൻ പാഞ്ചാലരുടെയും നാശംകൊണ്ട്, കുരുവംശത്തിന്റെ ക്ഷയംകൊണ്ട്, ഉളവായ ദുഃഖത്തിന്റെ നൂറിരട്ടിയായി ഇപ്പോൾ ഞങ്ങളുടെ ദുഃഖം. കർണനെപ്പറ്റി ആലോചിച്ചാലോചിച്ച് ഞാൻ വേവുകയാണ്. ഈ ഘോരമായ കുലക്ഷയം ഉണ്ടാകാതെ കഴിക്കായമായിരുന്നു'. 

          ഈ അപരാധബോധവും ദുഃഖവും കൊണ്ട് വേട്ടയാടപ്പെടുന്ന യുധിഷ്ഠിരന്റെ ചിത്രമാണ് മഹാഭാരതത്തിന്റെ അവസാനത്തെ ആറിലൊന്ന്. 'ജയിച്ചവന്റെ ആനന്ദമല്ല, ദുഃഖമാണ് യുദ്ധാനന്തര മഹാഭാരതം നമ്മോട് പറയുന്നത്'. ഇവിടെയാണ് അശോകനിലേക്ക് ധർമ്മപുത്രന്റെ വ്യക്തിത്വം മാറ്റിപ്രതിഷ്ഠിച്ചുകൊണ്ട് കെ.സി. തന്റെ ഭാരതപഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾക്കു തുടക്കമിടുന്നത്.

          'മഹാഭാരതത്തിൽ ഇവിടന്നങ്ങോട്ട് ആവർത്തിച്ചാവർത്തിച്ചുവരുന്ന കഥ ധർമപുത്രന്റെ വിഷാദവും രാജ്യം ത്യജിക്കാനുള്ള ആഗ്രഹവും കുറ്റബോധവും അത് തീർക്കാൻ മറ്റുള്ളവർ നടത്തുന്ന പരിശ്രമങ്ങളുമാണ്. ധർമപുത്രന്റെ തീരുമാനത്തിന്, കലിംഗയുദ്ധത്തിലെ കൂട്ടക്കൊലകണ്ട് ഹിംസയോടുതന്നെ വെറുപ്പുതോന്നി അഹിംസയുടെ മാർഗം സ്വീകരിച്ച അശോകചക്രവർത്തിയുടെ മാനസികാവസ്ഥയുമായി ഏറെ സാമ്യം ഉണ്ടെന്ന് ഇതിനകം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'ഹിന്ദൂസ്: ആൻ ആൽട്ടർനേറ്റീവ് ഹിസ്റ്ററി' എന്ന ചരിത്രഗ്രന്ഥത്തിൽ (പെൻഗ്വിൻ 2009, P. 253, 271) വെൻഡി ഡോണിഗറാണ് ഈ സാമ്യത്തെപ്പറ്റി വിശദമായി പറയുന്നത്. ചരിത്രത്തിലെ അശോകചക്രവർത്തിയും മഹാഭാരതകഥയിലെ ധർമപുത്രനും ഒരുപോലെ ഹിംസയിൽ മടുപ്പുവന്ന് അതിനെ ഒഴിവാക്കാൻ ശ്രമിച്ചവരാണ് എന്ന് ചൂണ്ടിക്കാട്ടിയശേഷം അവർ എഴുതുന്നു: 'യുദ്ധാനന്തരം രാജ്യഭരണം ഉപേക്ഷിക്കുന്ന യുധിഷ്ഠിരന്റെ പ്രവൃത്തി അശോകന്റെ പതിമൂന്നാം ശിലാശാസവത്തോടോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ച കഥകളോടോ ഉള്ള പ്രതികരണമാവാം' (P. 271). മഹാഭാരതത്തിലെ കഥാപാത്രപഠനത്തിൽ ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നുണ്ടായ ഉജ്ജ്വലമായ ഒരു ഉൾക്കാഴ്ചയാണ് ഇത്. മഹാഭാരതം രൂപപ്പെട്ടത് ബി.സി. മൂന്നാം നൂറ്റാണ്ടിനും എ.ഡി. മൂന്നാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള അഞ്ഞൂറുകൊല്ലംകൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടുന്ന ഡോണിഗർ, ഈ കാലത്ത് ഇന്ത്യയിലുണ്ടായ വലിയ ചിന്താമുന്നേറ്റമായ ബുദ്ധദർശനം മഹാഭാരത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ചു എന്ന് കണ്ടെത്തുകയാണ് (P. 253 മുതൽ കാണുക). ഇത് ശരിയാണെങ്കിൽ ധർമപുത്രന് ഹിംസയോട് തോന്നിയ വെറുപ്പും ആ വെറുപ്പിനെ കളയാനായി വ്യാസൻ, കൃഷ്‌നൻ മുതൽ പേർ നടത്തുന്ന സമർഥനങ്ങളും ഹിംസയെയും അഹിംസയെയും ചൊല്ലി ബുദ്ധദര്ഡശനക്കാരും അല്ലാത്തവരും തമ്മിൽ നൂറ്റാണ്ടുകളോളം നടന്ന സംഘർഷത്തിന്റെ പ്രതിഫലമാണെന്ന് പറയേണ്ടിവരും. ബൗദ്ധന്മാരും ജൈനന്മാരും ആജീവകന്മാരും ചാർവാകന്മാരും ഉന്നയിച്ച അഹിംസാതത്ത്വത്തിന്റെ വിചാരങ്ങൾകൊണ്ടുകൂടി നിർമ്മിക്കപ്പെട്ടതാണ് ധർമപുത്രന്റെ വ്യക്തിത്വം എന്ന് അർഥം. ധർമപുത്രനെപ്പറ്റി, അദ്ദേഹം ധർമരാജാവുതന്നെയായ വിദുരന്റെ പുത്രനാണ് എന്ന് കഥയിലെ തെളിവുകൾ മുൻനിർത്തി ഇരാവതി കാർവേ (യുഗാന്ത), എം ടി. വാസുദേവൻനായർ (രണ്ടാമൂഴം) എന്നിവർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിനെക്കാൾ വലിയ അളവിൽ മഹാഭാരതകഥയ്ക്ക് ചരിത്രത്തിന്റെ അർഥസമ്പന്നത നൽകുന്ന ഉൾക്കാഴ്ചയാണ് ധർമപുത്രൻ ബുദ്ധധർമത്തിന്റെ കൂടി പുത്രനാവാം എന്ന ചരിത്രകാരന്റെ കണ്ടുപിടിത്തം'.

ദ്യൂതം, യുദ്ധം, രാജ്യഭരണം, ഹിംസ, വിരക്തി, ധർമ്മത്തെക്കുറിച്ചുള്ള കടുത്ത സന്ദേഹങ്ങൾ, ആചാരബദ്ധത, പാരമ്പര്യം, ദുഃഖം, വനവാസം, കാമം, ഭ്രാതൃത്വം.... എന്നിങ്ങനെ ധർമ്മപുത്രന്റെ ജീവിതസംഘർഷങ്ങളോരോന്നും അശോകനിൽനിന്നുണ്ടായ വലിയ പ്രചോദനങ്ങളിലൂടെ മഹാഭാരതത്തിൽ ഭാവനചെയ്യപ്പെട്ടതാകാമെന്ന് വ്യാഖ്യാനിക്കുന്ന കെ.സി, യദുകുലത്തിന്റെ നാശം, മഹാപ്രസ്ഥാനം, സ്വർഗാരോഹണം, നരകദർശനം എന്നിവ തുടർന്നുള്ള നാലഞ്ചധ്യായങ്ങളിൽ വിവരിക്കുന്നു.

          മഹാഭാരതത്തിന്റെ ആഖ്യാനചരിത്രമപഗ്രഥിക്കുകയാണ് തുടർന്നുള്ള രണ്ടധ്യായങ്ങൾ. മഹാഭാരതത്തിലെതന്നെ പാഠ/ചരിത്ര സൂചനകൾ വ്യാഖ്യാനിച്ചും കൊസാംബി, ആർതർ എം. മക്‌ഡൊണാൾഡ്, ഡോണിഗർ തുടങ്ങിയ ചരിത്രകാരരും ഇൻഡോളജിസ്റ്റുകളും നൽകുന്ന സൂചനകൾ പിൻപറ്റിയും നാരായണൻ എഴുതുന്നു:

'ഈ ചരിത്രകാരന്മാരുടെയും ഇൻഡോളജിസ്റ്റുകളുടെയും വീക്ഷണം ചേർത്തുവെക്കുമ്പോൾ മഹാഭാരതത്തിന്റെ പരിണാമചരിത്രം ഏറക്കുറെ വ്യക്തമാവും. ഹസ്തിനപുരം വാണ ദുര്യോധനാദികളെ അർധസഹോദരന്മാരായ പാണ്ഡുപുത്രന്മാർ യാദവനായ കൃഷ്ണന്റെ സഹായത്തോടെ ചതികൊണ്ടും ഉപായംകൊണ്ടും വധിച്ചു. യുദ്ധത്തിൽ കൊല്ലപ്പെട്ട ആ വീരന്മാരായ ദുര്യോധനാദികളെക്കുറിച്ച് സൂതന്മാർ വിലാപഗാനങ്ങൾ പാടി. ദുര്യോധനാദികൾ ആയിരുന്നിരിക്കാം അതിലെ നായകന്മാർ. അത് തലമുറകളിലൂടെ വളർന്നു. ഇതിനിടയിൽ വിജയിച്ച പാണ്ഡവകുലത്തിന്റെ പിന്മുറക്കാർ അധികാരത്തിൽ വന്നപ്പോൾ, സൂതന്മാരുടെ ഗാഥകളിൽ അവരുടെ കാഴ്ചസ്ഥാനത്തുനിന്നായി കഥനം. പാണ്ഡവന്മാർ ആയി അതിലെ നായകന്മാർ. കാലം ചെല്ലുംതോറും കൃതി വ്യാസംവെച്ച്, വീതികൂടി, ആദ്യം എണ്ണായിരവും പിന്നെ ഇരുപത്തിനാലായിരവും പിന്നീട് ഒരുലക്ഷത്തിലധികവും ശ്ലോകങ്ങളുള്ള വൻ രചനയായി വളർന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള ഇന്നത്തെ മഹാഭാരതം എ.ഡി. അഞ്ചാം ശതകത്തോടെ രൂപപ്പെട്ടുകഴിഞ്ഞു എന്നാണ് മാക്‌ഡൊണൽ അനുമാനിക്കുന്നത്.

          ആദ്യം ദുര്യോധനനെ അനുകൂലിക്കുന്ന ഒരു പാഠം, അതിനുശേഷം പാണ്ഡവരെ അനുകൂലിക്കുന്ന എതിർപാഠവും. രണ്ടാമത്തേത് വന്നപ്പോഴും ആദ്യത്തെ പാഠം തീർത്തും ഇല്ലാതായില്ല. അത് പിന്നീട് വന്ന പാഠങ്ങളും വാങ്മയങ്ങളുമായി ഇടകലർന്നു. പാണ്ഡവർ വിജയിച്ച ധർമിഷ്ഠരാണ് എന്ന് പറയുന്ന വേളയിൽത്തന്നെ അവർ ചെയ്ത അധർമിഷ്ഠമായ പ്രവൃത്തികളും അതിനോട് ചേർന്നുവന്നു. നായകത്വത്തിൽ പ്രതിനായകത്വവും സത്യത്തിൽ അസത്യവും ധർമത്തിൽ അധർമവും കലർന്നു. മഹാഭാരതം പാണ്ഡവർക്കുവേണ്ടിയുള്ള കൃതിയായിരിക്കുമ്പോൾത്തന്നെ അവർക്കെതിരായ കൃതികൂടി ആയിരിക്കുന്നതും ധർമപുത്രനെ സാധൂകരിക്കുമ്പോൾതന്നെ ദുര്യോധനനെ സ്വർഗസിംഹാസനത്തിൽ അവരോധിക്കുന്ന കൃതികൂടിയായിരിക്കുന്നതും മാക്‌ഡൊണലും ഇൻഡോളജിസ്റ്റുകളും കൊസാംബിയും പറയുന്ന ഈ തകിടം മറിച്ചിലും പാഠക്കലർപ്പുംകൊണ്ടാണ്. തീർന്നില്ല, ദുര്യോധനാദികളെ വധിച്ച പാണ്ഡവരുടെ ജയം വെറുതേ എതിരാളികളെ കൊന്ന സഹോദരന്മാരുടെ വിജയം മാത്രമല്ല, പിന്നെയോ ധർമപുത്രൻ നേടിയ പ്രത്യയശാസ്ത്രപരമായ വിജയംകൂടിയാണ് എന്നുകൂടി മഹാഭാരതം ചിത്രീകരിക്കുകയാണ്. ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ വർണധർമം നേടിയ പ്രത്യയശാസ്ത്രപരമായ വിജയം. എങ്കിൽ ഏത് പരമതങ്ങളെ തോല്പിച്ചായിരുന്നു ആ വിജയം? ബൗദ്ധ, ജൈന, ചാർവാകാദി വിയോജന മതങ്ങളെ എന്നാണ് ഉത്തരം. പാണ്ഡവർ ദുര്യോധനാദികളെ തോല്പിച്ചതിന് സമാന്തരമായി ധർമപുത്രൻ ഈ വിയോജകമതങ്ങളെയും തോല്പിച്ച് ബ്രാഹ്മണമതത്തെ ജയിപ്പിക്കുന്നു. മഹാഭാരതം രചിക്കുന്നതിന്റെ പ്രത്യയശാസ്ത്രപരമായ പ്രചോദനവും ഈ ബ്രാഹ്മണമതത്തിന്റെ ജയത്തെ ഘോഷിക്കുകയായിരിക്കാം. മഹാഭാരതത്തെ വെറും ഒരു യുദ്ധവിജയത്തിന്റെ കഥയിൽനിന്ന് പ്രത്യയശാസ്ത്രപരമായ അർഥത്തിലുള്ള വേറൊരു വിജയത്തിലേക്ക് മാറ്റുന്ന ആ ചരിത്രപ്രക്രിയയിലേക്കും അതിന്റെ പശ്ചാത്തലത്തിലേക്കുമാണ് ഇനി നമ്മുടെ അന്വേഷണം പോകുന്നത്'.

          തുടർന്നങ്ങോട്ട് നാലഞ്ചധ്യായങ്ങളിലായി ബൗദ്ധ, ബ്രാഹ്മണ പ്രത്യയശാസ്ത്രങ്ങൾ മഹാഭാരതത്തിന്റെ ചരിത്രപരതയെയും ഭാവുകത്വരൂപീകരണത്തെയും നിർണയിച്ചതിന്റെ വിശകലനങ്ങളാണ് കെ.സി. നടത്തുന്നത്. കൊസാംബിക്കും ഡോണിഗറിനുമൊപ്പം റൊമിലാ ഥാപ്പറാണ് ഇവിടെ കെ.സി.ക്ക് ഏറെ സഹായകമായ ആശയപിൻബലം നൽകുന്നത്. മഹാഭാരതപാഠത്തിന്റെ സൂക്ഷ്മചർച്ചകളിലൂടെ ചരിത്രപണ്ഡിതരുന്നയിച്ച നിഗമനങ്ങളുടെ സാംസ്‌കാരിക സാധൂകരണം നടത്തുന്നു കെ.സി. ചാതുർവർണ്യത്തിന്റെയും ബുദ്ധനീതിയുടെയും അന്തർവിപര്യയങ്ങളുടെ പാഠരൂപമായി ഇതിഹാസത്തെ വ്യാഖ്യാനിക്കുകയാണ് ഈയധ്യായങ്ങളിൽ. ഭഗവത്ഗീതയെക്കുറിച്ച്, അംബേദ്കർ ഉൾപ്പെടെയുള്ളവരെ പിൻപറ്റി രചിച്ചിരിക്കുന്ന അധ്യായം ഏറെ ശ്രദ്ധേയമാണ്.

         

'ഇരട്ടനാവുകൊണ്ടെഴുതിയ അശ്വമേധവിവരണ'ത്തെക്കുറിച്ചുള്ള അധ്യായങ്ങളിൽ കെ.സി. ധർമ്മശാസ്ത്രഗ്രന്ഥമെന്ന നിലയിൽ മഹാഭാരതത്തിനു കൈവന്ന സാംസ്‌കാരികപദവിയും ജീവിതവുമപഗ്രഥിക്കുന്നു. ധർമത്തിന്റെ അർഥവിചാരം, കലികാലത്തെക്കുറിച്ചുള്ള ചരിത്രവിചാരം, അശ്വമേധയാഗത്തിന്റെ പാഠവിചാരം എന്നിവ വിശദീകരിക്കുന്ന അധ്യായങ്ങൾക്കുശേഷം 'കീരിയും അശോകനും' എന്ന ഇരുപത്തഞ്ചാമധ്യായത്തിൽ ഒന്നാം ഭാഗമവസാനിക്കുന്നു. അശ്വമേധയാഗത്തിന്റെയും ജന്തുബലിയുടെയും നിരർഥകതയിലേക്കു വളരുന്ന മഹാഭാരതദർശനത്തിന്റെ ഈ പരിണാമം വിരൽചൂണ്ടുന്നത് എവിടേക്കാണ്? കെ.സി. സംഗ്രഹിക്കുന്നു:

          'അത്ഭുതം തോന്നാം, സ്വയം പാപമുക്തനാകാൻവേണ്ടി, ധർമ്മപുത്രൻ ചെയ്ത അശ്വമേധം എന്ന വൈദികയാഗത്തിന്റെ മഹിമകളെ ഘോഷിക്കുന്ന മഹാഭാരതം അതേ ഭാഗത്തുതന്നെ ആ യാഗം 'മഹാധർമ്മ'ത്തിന് എതിരാണെന്നും ജന്തുബലി തെറ്റാണെന്നും സമർഥിക്കുകകൂടി ചെയ്യുന്നു. ജന്തുഹിംസ നിറഞ്ഞ യാഗത്തെ ഉയർത്തിപ്പിടിക്കുന്ന പാഠത്തോടൊപ്പം അതു തെറ്റാണെന്നു പറയുന്ന എതിർപാഠം ചേർത്തുവെച്ചിരിക്കുന്നു. ചരിത്രകാരന്റെ ദൃഷ്ടിയിൽ രണ്ടു കാലത്തുണ്ടായ രണ്ടു ദർശനങ്ങളുടെ ഉടമസ്ഥരാവാം ഈ പാഠങ്ങൾ രചിച്ചത്. വൈദിക ബ്രാഹ്മണമൂല്യങ്ങളുടെ പ്രയോക്താക്കൾ അശ്വമേധത്തിലെ ജന്തുഹിംസയെ സാധൂകരിച്ചപ്പോൾ പിന്നീടു വന്ന ബുദ്ധമത വിശ്വാസികൾ ജന്തുഹിംസയെ എതിർക്കുന്ന വിപരീത പാഠം അതിനോട് ചേർത്തുവെച്ചു. അതെന്തായാലും ഇന്നു മഹാഭാരതം വായിക്കുന്നവർക്കു പ്രസക്തമായ വസ്തുത, അതിലെ അശ്വമേധപർവം ഒരേസമയം അശ്വമേധത്തെ ശരിവെക്കുകയും അതിനെ നിരാകരിക്കുകയും ചെയ്യുന്ന രണ്ടു വിപരീതപാഠങ്ങൾ ഒത്തിരിപ്പായി മാറിയിരിക്കുന്നു എന്നതാണ്. എന്നല്ല ഈ ബുദ്ധമതമൂല്യങ്ങളുടെ പ്രഭാവം മഹാഭാരതത്തിന്റെ അവസാന ഭാഗങ്ങളിൽ കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യും. ധർമ്മപുത്രന്റെ സ്വർഗാരോഹണ ഘട്ടം ഒരു ഉദാഹരണമാണ്. മഹാപ്രസ്ഥാന യാത്രയിൽ അദ്ദേഹത്തോടൊപ്പം ഉള്ളത് കഥയിലേക്ക് ഏറ്റവും അവസാനം പ്രവേശിക്കുന്ന കഥാപാത്രമായ നായയാണ്. തന്നെ പിന്തുടരുന്ന ഈ നായയെയും സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ധർമ്മപുത്രൻ ശഠിച്ചു. അതു സാധ്യമല്ലെന്നു പറഞ്ഞ ഇന്ദ്രനോട് ധർമ്മപുത്രൻ പറഞ്ഞു: 'ഹേ ദേവേന്ദ്രാ, ഈ നായ എന്നും എന്നിൽ കൂറുള്ള ജീവിയാണ്. ഇവനും എന്റെ കൂടെ സ്വർഗത്തിലേക്കു പോരണം. എന്റെ ബുദ്ധി അനൃശംസയാണ്'. അനൃശംസത എന്നാൽ മനുഷ്യനു നേരേ ഹിംസ ചെയ്യായ്മ എന്നർത്ഥം. എന്നാൽ അർഥവ്യാപ്തിയിൽ അതു കരുണയുടെ പേരാണ് എന്നും ധർമ്മരാജാവ് അതിനെ അങ്ങനെയാണ് വ്യാഖ്യാനിച്ചത് എന്നും പിന്നീടുള്ള ഭാഗങ്ങൾ കാണിക്കുന്നു. നായയുടെ രൂപം ഉപേക്ഷിച്ച ശേഷം ധർമ്മരാജാവ് പുത്രനായ യുധിഷ്ഠിരനോടു പറഞ്ഞു: 'നീ അച്ഛനു ചേർന്ന മകൻതന്നെ. സ്വഭാവംകൊണ്ടും ബുദ്ധികൊണ്ടും മാത്രമല്ല എല്ലാ ജീവികളിലും തോന്നുന്ന കനിവുകൊണ്ടുംകൂടിയാണത്' (മഹാ. 3/18). ബുദ്ധദർശനത്തിൽ പ്രധാനമാണ് എല്ലാ ജീവികളോടും തോന്നുന്ന മൈത്രിയും കരുണയും. അശോകൻ പ്രചരിപ്പിക്കാൻ ശ്രമിച്ച മൂല്യവും ആണത്. ധർമ്മപുത്രന്റെ മനോഘടനയിലേക്ക് ഈ ബുദ്ധമതമൂല്യങ്ങൾ എത്ര ഗാഢമായി കടന്നുവന്നിരിക്കുന്നു എന്നാണ് സ്വർഗാരോഹണത്തിനു മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കാണിക്കുന്നത്. ധർമ്മപുത്രൻ ഒരു ചെറിയ അളവുവരെയെങ്കിലും ബൗദ്ധനായിട്ടാണ് സ്വർഗത്തിലേക്കു പോകുന്നത് എന്നർത്ഥം'.

രണ്ടാം ഭാഗമായ 'കൃഷ്ണൻ', മഹാഭാരതത്തിന്റെ മൂല്യമണ്ഡലങ്ങളെ മുൻനിർത്തി മറ്റൊരു ഭാവലോകത്തേക്കാണ് വായനയുടെ വഴി തുറക്കുന്നത്.

പാണ്ഡവരുടെ ജീവിതത്തിലേക്കും മഹാഭാരതകഥയിലേക്കുമുള്ള കൃഷ്ണന്റെ രംഗപ്രവേശത്തിലാണ് തുടക്കം. ദ്രൗപദിയെ പാണ്ഡവർ/അർജുനൻ വിവാഹം ചെയ്യുന്ന സന്ദർഭത്തിൽ തന്നെയാണ് ഇതു നടക്കുന്നത്. അർജുനന്റെ സുഭദ്രാവിവാഹമാണ് അടുത്ത അധ്യായം. കൃഷ്ണന്റെ പങ്കാണ് ഇവിടെയും നിർണായകമായി മാറുന്നത്. സുഭദ്രാർജ്ജുനം, രണ്ടു വംശങ്ങളുടെ ചേർച്ചയും ചാർച്ചയുമായി മാറി. ഖാണ്ഡവദഹനത്തെക്കുറിച്ചുള്ള മൂന്നാമധ്യായത്തിലും കൃഷ്ണനാണ് കെ.സി.യുടെ ഭാരതവായനയുടെ ദിശ നിർണയിക്കുന്നത്. 'ഒറ്റക്കൊറ്റക്കുള്ള വധങ്ങളുടെയും അവിശ്വസനീയമാംവിധം വലുതായ മാനങ്ങളുള്ള കൂട്ടക്കൊലകളുടെയും പരമ്പരയാണ് മഹാഭാരതം... ഹിംസയും ചോരയും വലിയ അനുപാതങ്ങളിൽ ചേരുന്ന ഒരു സർപ്പസത്രം'. എന്തായിരുന്നു കൃഷ്ണന്റെ ദൗത്യം, മഹാഭാരതത്തിൽ? വായിക്കൂ:

          'മിക്കയിടത്തും മർത്ത്യഭാവവും അപൂർവം സന്ദർഭങ്ങളിൽ ഈശ്വരഭാവവും ഉള്ള കഥാപാത്രമാണ് മഹാഭാരതത്തിലെ കൃഷ്ണൻ. മർത്ത്യഭാവത്തിൽ പലപ്പോഴും ഈശ്വരഭാവത്തിൽ എപ്പോഴും ഹിംസയുടെ ഭാഗത്താണ് കൃഷ്ണൻ നിൽക്കുന്നത്. ഉദാഹരണത്തിന്, മർത്ത്യഭാവത്തിൽ അർജുനനുമായി ചേർന്ന് നടത്തിയ ഖാണ്ഡവദഹനം കൃഷ്ണന് പൂർണമായും ഹിംസയുടെ ഉത്സവമായിരുന്നു. ഇപ്പോൾ ഈശ്വരഭാവത്തിൽ സ്വയം വെളിപ്പെട്ട് കൃഷ്ണൻ പറയുന്നത് 'ഞാൻ ലോകക്ഷയം ചെയ്യുന്ന കാലനാണ്' എന്നാണ്. ആ ഈശ്വരൻ കാരുണ്യവാരിധിയോ സ്‌നേഹസ്വരൂപനോ അല്ല. ഖാണ്ഡവദഹനത്തിനൊടുവിൽ സംതൃപ്തനായ അഗ്നിദേവൻ എന്താണ് വരം വേണ്ടത് എന്ന് ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞത്, 'ഒന്നും വേണ്ട, വേണ്ടത് പാർഥ സൗഹാർദമൊന്നുതാൻ' എന്നാണ്. മഹാഭാരതത്തിൽ കാണുന്ന ദൃഢമായ രണ്ട് മൈത്രിബന്ധങ്ങളിൽ ഒന്ന് കൃഷ്ണനും പാർഥനുമായുള്ള സൗഹാർദമാണ്. മറ്റേത് കർണനും ദുര്യോധനനും തമ്മിലുള്ള ബന്ധവും. ഹിംസയിലെ സഹപ്രവർത്തകൻകൂടിയായ പാർഥൻ എന്ന സുഹൃത്ത്, യുദ്ധക്കളത്തിൽ തളർന്നിരുന്ന് അഹിംസയുടെ തത്ത്വം പറയാൻ തുടങ്ങിയപ്പോൾ അത് ക്ഷുദ്രമായ ഹൃദയദൗർബല്യമാണെന്നു പറഞ്ഞ് അതിനെ തിരുത്തി ഗീതോപദേശത്തിലൂടെ ഹിംസയിലേക്കും യുദ്ധത്തിലേക്കും തിരിച്ചുകൊണ്ടുവന്നു കൃഷ്ണൻ എന്ന അദ്ദേഹത്തിന്റെ നിതാന്ത സുഹൃത്ത്. ആ സൗഹൃദം കൃഷ്ണന്റെ മരണംവരെയും തുടരുകയും ചെയ്തു'.

          ജരാസന്ധവധത്തിലെ കുടിലമായ നയതന്ത്രം, ശിശുപാലവധത്തിന്റെ ആസൂത്രണം എന്നിങ്ങനെ ഹിംസയുടെ താവഴിയിൽ കൃഷ്ണൻ സൃഷ്ടിച്ച മാതൃകകൾ മഹാഭാരതത്തിലെ ഏറ്റവും താമസഭാവമാർന്ന സന്ദർഭങ്ങൾക്കുദാഹരണമാണ്.

          മഹാഭാരതസന്ദർഭങ്ങൾ ഉദ്ധരിച്ചും ഇതിഹാസഭാഗങ്ങൾ വിശദീകരിച്ചും നാലഞ്ചധ്യായങ്ങളിലായി വിരാട രാജധാനിയിലെ പാണ്ഡവരുടെ അജ്ഞാതവാസകാലം നാരായണൻ സവിസ്തരം പ്രതിപാദിക്കുന്നു. കീചകവധം മുതൽ ഉത്തരാസ്വയംവരം വരെയുള്ള സംഭവങ്ങൾ ഈയധ്യായങ്ങളിൽ അരങ്ങേറുന്നു. നാടകീയവും കാവ്യാത്മകവുമായ പുനരാഖ്യാനങ്ങളിലൂടെ കെ.സി. പാണ്ഡവരുടെ കഷ്ടകാണ്ഡങ്ങളുടെ കഥ പറയുന്നു.

          കൃഷ്ണന്റെ ഭാഗധേയവും പങ്കാളിത്തവും കൂടുതൽ ക്രിയാത്മകവും നിർണായകവുമായി മാറുന്ന ദ്യൂതത്തിന്റെയും യുദ്ധത്തിന്റെയും സംഘർഷാത്മക സന്ധികളിലേക്കാണ് ഇതിഹാസത്തിന്റെ ആഖ്യാനവും കെ.സി.യുടെ വായനയും തുടർന്നു സഞ്ചരിക്കുന്നത്.

          ദ്യൂതത്തിന്റെയും യുദ്ധത്തിന്റെയും ദൗത്യങ്ങൾ, വൈകാരികത്തിളപ്പുകൾ, വൈചാരിക സന്ദിഗ്ദ്ധതകൾ, ധർമ്മാധർമ്മസംവാദങ്ങൾ, ഒരുക്കങ്ങൾ, സന്നാഹങ്ങൾ, അസ്വാസ്ഥ്യങ്ങൾ, ചിന്താവിഷ്ടതകൾ.... തുടങ്ങിയവ ദീർഘദീർഘമായി വിവരിക്കുന്ന കെ.സി, കൃഷ്ണപക്ഷത്തിന്റെ മൂല്യവിചാരകളിലേക്കാണ് വായനയുടെ വഴി തെളിയിക്കുന്നത്. സന്ധിസംഭാഷണങ്ങൾ തകരുകയും ദൗത്യങ്ങൾ പരാജയപ്പെടുകയും ചെയ്യുന്നതോടെ, ഒരു ഭാഗത്ത് ദുര്യോധനന്റെയും മറുഭാഗത്ത് കൃഷ്ണന്റെയും യുദ്ധതന്ത്രങ്ങൾ മുഖാമുഖം നിലകൊണ്ടുതുടങ്ങുന്നു. വർണധർമ്മത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ മുറുകെപ്പിടിച്ച് കൃഷ്ണൻ പാണ്ഡവരുടെ ക്ഷത്രിയവീര്യത്തിന് തീകൊളുത്തുന്നു. അതങ്ങനെ ആളിപ്പടരുകയാണ്. കെ.സി. എഴുതുന്നു:

          'വിഭജനങ്ങളുടെ പുസ്തകം എന്നുവേണമെങ്കിൽ മഹാഭാരതത്തെ വിശേഷിപ്പിക്കാം. സഹോദരനെയും അമ്മയെയും മകനെയും പിതാമഹനെയും പൗത്രരെയും അമ്മാവനെയും മരുമക്കളെയും ഗുരുവിനെയും ശിഷ്യരെയും ധർമത്തെയും അധർമ്മത്തെയും രണ്ട് ചേരികളാക്കി വിഭജിച്ച് പരസ്പരം വൈരികളാക്കി മാറ്റുന്ന ഒരു വിഭജനരേഖ കഥയുടെ മധ്യത്തിലൂടെ കടന്നുപോകുന്നു. ഒട്ടേറെ ഹൃദയങ്ങളെ ഭേദിക്കുന്ന ഒരു വാൾപോലെയാണ് ആ രേഖയുടെ യാത്ര. ഹൃദയഭേദകം എന്ന് എല്ലാ അർഥത്തിലും പറയാവുന്ന ആ അതിർത്തിരേഖ അതിന്റെ പര്യവസാനത്തിലെത്തുന്നത് കുരുക്ഷേത്രം എന്ന യുദ്ധക്കളത്തിന്റെ മധ്യത്തിലാണ്. നടുക്ക് വരച്ച ആ അദൃശ്യരേഖയുടെ അപ്പുറത്തും ഇപ്പുറത്തും കൊല്ലാനും ചാവാനുമായി നിലയുറപ്പിച്ചിരിക്കുകയാണ് പതിനെട്ട് അക്ഷൗഹിണികൾ. കുരുവംശത്തിലെ സഹോദരന്മാരെ മാത്രം സംബന്ധിക്കുന്നതും അതിനു പുറത്ത് അധികമാർക്കും കാര്യമില്ലാത്തതുമായ ഒരു രാജ്യാവകാശത്തർക്കത്തിൽ ഇടപെട്ട് പടവെട്ടിച്ചാവാനാണ് കേകയത്തിൽനിന്നും കേരളത്തിൽനിന്നും കോസലത്തിൽനിന്നും കാംബോജത്തിൽനിന്നും പാണ്ഡ്യനാട്ടിൽനിന്നും പ്രാഗ്‌ജ്യോതിഷത്തിൽനിന്നും ആന്ധ്രാദേശത്തുനിന്നും കലിംഗനാട്ടിൽനിന്നും എല്ലാം നൂറുകണക്കിന് രാജാക്കന്മാരും പതിനായിരക്കണക്കിന് സൈനികരും അവിടെ എത്തിച്ചേർന്നിരിക്കുന്നത്. എന്തൊരു വിരോധാഭാസം! പലപ്പോഴും തികഞ്ഞ അസംബന്ധതയിലേക്ക് നീങ്ങുന്നതുകൂടിയാണ് ഈ വിഭജനവും സേനാവിന്യാസവും. ഉദാഹരണത്തിന് യാദവാധിപനും നിരായുധനുമായ കൃഷ്ണൻ ഒറ്റയ്ക്ക് ഒരു ചേരിയിൽ, അദ്ദേഹത്തിന്റെ യാദവസൈന്യമോ അദ്ദേഹത്തോട് പൊരുതാനായി എതിർചേരിയിൽ. സ്വന്തം കമാണ്ടർമാർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് അയാളുടെ മുഴുവൻ റെജിമെന്റും. ഇതിൽപ്പരം അസംബന്ധതയും അന്യവത്കരണവും എന്തുണ്ട്? ഇനി മറ്റൊരു ഉദാഹരണം: ശല്യർ, അദ്ദേഹം പാണ്ഡവരായ നകുലസഹദേവന്മാരുടെ അമ്മാമനാണ്; അവരെ സഹായിക്കാനായി ഒരക്ഷൗഹിണി സൈന്യവുമായി ധർമപുത്രരുടെ ഭാഗത്തുചേരാൻ പുറപ്പെടുന്നതുമാണ്. വഴിക്ക് ദുര്യോധനന്റെ വിരുന്നും സത്കാരവും അനുഭവിച്ചപ്പോൾ മരുമക്കളെ മറന്ന് ദുര്യോധനന്റെ പക്ഷത്തേക്ക് കൂറുമാറി. അവിടെയും നിന്നില്ല അദ്ദേഹം. ദുര്യോധനപക്ഷത്തിരിക്കേതന്നെ, ദുര്യോധനന്റെ സുഹൃത്തും ബലവുമായ കർണനെ യുദ്ധമധ്യത്തിൽവെച്ച് തേജോവധം ചെയ്ത് നിർവീര്യനാക്കി അർജുനന് എളുപ്പം വധിക്കാവുന്നവിധം ദുർബലനാക്കാം എന്ന് അദ്ദേഹം ധർമപുത്രന് വാക്കും കൊടുത്തു. ആ കർണന്റെ സാരഥിയായി വരുന്നത് ഈ ശല്യർ ആണ്. കർണനെയാകട്ടെ മറുചേരിയിൽപ്പെട്ട കുന്തി പ്രസവിച്ചതാണ്; പ്രസവിച്ച ഉടനെതന്നെ കുന്തി അവനെ ഒരു പെട്ടിയിലാക്കി വെള്ളത്തിലൊഴുക്കി വിട്ടു. ക്രമേണ ആ പെട്ടി ഒഴുകിയൊഴുകി വിഭജനരേഖയുടെ അപ്പുറത്ത് ദുര്യോധനന്റെ ചേരിയിൽ എത്തിച്ചേർന്നു. പിന്നീട് എത്രയോ വർഷം കുന്തി കർണനെ ഓർത്തതുപോലുമില്ല. ഇപ്പോൾ യുദ്ധത്തിന് സമയമായി എന്ന് മനസ്സിലാക്കിയ ഘട്ടത്തിൽ ഏതുവിധേനയും ആ മകനെ അതിർത്തി കടത്തി രേഖയുടെ ഇപ്പുറത്തേക്ക് തിരിച്ചുകൊണ്ടുവരാൻ അവർ യത്‌നിക്കുന്നു. അതുപോലെ കൃഷ്ണനും. ശല്യനെപ്പോലെ കർണനെയും വാഗ്ദാനങ്ങളാൽ പ്രലോഭിതനാക്കി അതിർത്തിരേഖ മുറിച്ച് ഇങ്ങോട്ടു കടത്താൻ കൃഷ്ണൻ പരമാവധി യത്‌നിച്ചു. എന്നാൽ നിൽക്കുന്ന ചേരിയിൽ ഉറച്ചുനിൽക്കുന്ന കർണനാകട്ടെ കൃഷ്ണന്റെ പ്രലോഭനങ്ങൾക്കോ കുന്തിയുടെ വാത്സല്യത്തിൽ പൊതിഞ്ഞ സ്വാർഥത്തിനോ വഴിപ്പെട്ടില്ല. യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ധർമപുത്രൻ എതിർചേരിയിലേക്ക് നോക്കി വിളിച്ചു ചോദിച്ചു: 'ഞങ്ങളുടെ പക്ഷത്തേക്കു വരാൻ താത്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വന്നുകൊള്ളട്ടെ'. ധൃതരാഷ്ട്രന് വൈശ്യസ്ത്രീയിൽ ഉണ്ടായ മകൻ യുയുത്സുമാത്രം അപ്പോൾ കൗരവരുടെ ചേരിവിട്ട് മുന്നോട്ട് വന്ന്, അതിർരേഖ മുറിച്ചുകടന്ന്. പാണ്ഡവരുടെ സൈന്യത്തിലേക്ക് വന്നുകയറി. യുദ്ധത്തിനുശേഷം ധൃതരാഷ്ട്രരുടെ പിന്തുടർച്ചക്കാരനായി അവശേഷിക്കുന്നതും കുരുവംശത്തിന്റെ ഇല്ലാത്തുടർച്ച നിലനിർത്തുന്നതും ക്ഷത്രിയൻ അല്ലാത്ത ഈ യുയുത്സുവാണ്. ധൃരാഷ്ട്രപുത്രന്മാരുടെ ചേരിയിൽ നിൽക്കുമ്പോഴും സ്‌നേഹംകൊണ്ടും ഇംഗിതംകൊമ്ടും പാണ്ഡവരോട് ചേർന്നുനിൽക്കുന്ന ആളാണ് വിദുരർ. ഭീഷ്മർ, ദ്രോണർ, കൃപർ എന്നിവരും ധൃതരാഷ്ട്രച്ചേരിയിലാണെങ്കിലും പാണ്ഡവച്ചേരിയോട് ഒരു ആനുകൂല്യം മനസ്സിൽ സൂക്ഷിക്കുന്നവരാന്. യുദ്ധത്തിനുശേഷം മറുചേരിയിലുള്ള ധൃരാഷ്ട്രർ ധർമപുത്രന്റെ ചേരിയിലാകുന്നു. യുയുത്സു ഭരണമേറ്റപ്പോൾ മറുചേരിയിലെ കൃപരെ ഇങ്ങോട്ടു കൊണ്ടുവരുന്നു. സഹസ്രാബ്ദങ്ങൾക്കുശേഷം 1947-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വാളിന്റെ ഒരതിർത്തിരേഖകൊണ്ട് വിഭജിക്കപ്പെട്ടപ്പോൾ, ആ വിഭജനരേഖ മുറിച്ചുവന്ന അഭയാർഥികളുടെ അക്ഷൗഹിണികളെ തമ്പടിച്ച് പാർപ്പിച്ച സ്ഥലവും പഴയ യുദ്ധക്കളമായ കുരുക്ഷേത്രം ആയിരുന്നു എന്ന് ഓർക്കാവുന്നതാണ്'

          ഭീഷ്മരുടെ ശരശയ്യയും അഭിമന്യുവിന്റെ ചക്രവ്യൂഹവും വിവരിക്കുന്ന അധ്യായങ്ങൾ തുടർന്നുവരുന്നു. പുത്രവധത്തിൽ ക്രോധം കൊണ്ടു തിളച്ച പാർഥന്റെ പ്രതികാരപർവമാണ് അടുത്തത്. ആചാരലംഘനങ്ങളുടെയും ധർമച്യുതികളുടെയും തുടർച്ചയിൽ ജയദ്രഥന്റെ വധം അരങ്ങേറുന്നു. കൃഷ്ണൻ നയിക്കുന്ന യുദ്ധത്തിന്റെ ഏറ്റവും വലിയ നിയമമായി വഞ്ചന (ഛലം) മാറുന്നു. മായായുദ്ധത്തിന്റെ ആസുരവും ഭീതിദവുമായ വിവരണമാണ് പതിനെട്ടാമധ്യായം. കർണനെ വധിക്കാൻ അർജ്ജുനന് കൃഷ്ണൻ തുണയാകുന്നു. അതിന്റെ രക്തപങ്കിലമായ ആഖ്യാനം ഇരുപതാമധ്യായത്തിൽ വായിക്കാം. ദുശ്ശാസ്സനവധത്തിന്റെ കിരാതത്വവും ഹിംസയുടെ മഹാപുരോഹിതനായി മാറുന്ന കൃഷ്ണന്റെ അവതാരലക്ഷ്യങ്ങൾ ഒന്നൊന്നായി നിറവേറുകയാണ്.

          'ആർക്കും മനസ്സിലാവുന്ന രീതിയിൽ കൃഷ്ണൻ തന്റെ ഉദ്ദേശ്യവും ദൗത്യവും എന്തെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇവിടെ. ചാതുർവർണ്ണ്യത്തിന്റെ പുറത്തു നിൽക്കുന്നവരും, അതിന്റെ ധർമ്മത്തെ ദ്വേഷിക്കുന്നവരും, അതിന്റെ ആധാരമായ യജ്ഞങ്ങളെ തകർക്കുന്നവരുമായ രാക്ഷസന്മാർ, നിഷാദന്മാർ തുടങ്ങിയവരെ വധിച്ച് ചാതുർവർണ്യത്തെ അതിന്റെ കർക്കശമായ ശുദ്ധിയോടുകൂടി സംരക്ഷിക്കുകയാണ് താന്റെ ദൗത്യം എന്ന് അദ്ദേഹം പറയുകയാണ്. അതിൽ കൊലയ്ക്കും ഹിംസയ്ക്കും നിഗ്രഹത്തിനും ഉള്ള പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ചാതുർവർണ്യത്തിന്റെ നിസ്സംശയനായ വക്താവാണ് യാദവാധിപതിയും ദ്വാരകാനാഥനും പാർഥസാരഥിയുമായ മഹാഭാരതത്തിലെ കൃഷ്ണൻ. ഭാരതത്തിനു ശേഷം എഴുതപ്പെട്ട ഭാഗവതം എന്ന ഗ്രന്ഥത്തിലാണ് മധുരസ്വഭാവിയും മൃദുസ്വഭാവിയുമായ മറ്റൊരു ശ്രീകൃഷ്ണനെ നാം പരിചയിക്കുന്നത്. മഹാഭാരതത്തിലെ ശേഷിക്കുന്ന പർവങ്ങളിലെല്ലാം കാണുക വ്യവസ്ഥ നിലനിർത്തുകയാണ് പ്രധാനം എന്ന് നിർബന്ധിക്കുന്ന കൃഷ്ണനെയാണ്'.

          കർണാർജ്ജുനയുദ്ധത്തിന്റെയും കർണവധത്തിന്റെയും സസൂക്ഷ്മവിവരണം ഇരുപത്തൊന്നാമധ്യമായത്തിൽ. കൃഷ്ണന്റെ ഹിംസാത്മകതയും ഗൂഢതന്ത്രങ്ങളും ചതിയും വഞ്ചനയും അതിന്റെ പാരമ്യത്തിലെത്തുന്ന യുദ്ധാന്ത്യം അടുത്ത അധ്യായത്തിൽ. ഊരുഭംഗം എന്നറിയപ്പെടുന്ന ദുര്യോധനവധത്തിന്റെ അത്യന്തം നായകീയവും നാരകീയവുമായ ആഖ്യാനം.

          'മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ', വ്യാസേതിഹാസത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ദീർഘമായ പാഠകേന്ദ്രിതവിമർശനവും ഏറ്റവും സൂക്ഷ്മമായ പാഠാന്തരവ്യാഖ്യാനവുമാണ്. ബൗദ്ധ-ബ്രാഹ്മണചിന്തകൾ തമ്മിൽ ഭാരതഖണ്ഡത്തിൽ നിലനിന്നിരുന്ന ധർമ്മാധർമ്മമൂല്യവിപര്യയങ്ങൾ രൂപംകൊടുത്ത അപനാമങ്ങളുടെ ഘടനയിലൂടെ അവിരാമം പരിണമിച്ചുകൊണ്ടേയിരിക്കുന്ന അസാധാരണമായ ഒരു ചരിത്ര-സംസ്‌കാര വ്യവഹാരമായി മഹാഭാരതത്തെ വായിച്ചെടുക്കുന്ന കൃതി.

          സാംസ്‌കാരിക ദേശീയതയുടെ വിപൽസൂചനകൾക്കും കുമാർഗങ്ങൾക്കും പിൻബലമേകി കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി ഇന്ത്യൻ രാഷ്ട്രീയത്തെ പുനർനിർവചിച്ചുകൊണ്ടേയിരിക്കുന്ന പുരാണേതിഹാസങ്ങളുടെ പുനരുത്ഥാനവാദപരമായ വിനിമയസമ്പ്രദായങ്ങളെ വഴിതിരിച്ചുവിടുന്ന രാഷ്ട്രീയപ്രവർത്തനം. കൃഷ്ണനെയും അശോകനെയും മുഖാമുഖം നിർത്തി ഹിംസാഹിംസകളുടെ ചരിത്രപാഠമായി വ്യാസേതിഹാസത്തെ പുനർവായിക്കുന്ന സാംസ്‌കാരിക നിരൂപണം. എത്രമേൽ സൈദ്ധാന്തികവും ചരിത്രപരവുമാകുമ്പോഴും മഹാഭാരതത്തിന്റെ ഗ്രന്ഥപാഠത്തെ അതിസൂക്ഷ്മമായ ഗാഢവായനക്കു വിധേയമാക്കുന്ന സമീപനം.

          ദേശീയവാദപരമായ ചരിത്രവിജ്ഞാനീയത്തെ മറികടന്ന് മാർക്‌സിയൻ ചരിത്രവിജ്ഞാനീയവും കൊളോണിയൽ ഇൻഡോളജിയെ മാറ്റിപ്രതിഷ്ഠിച്ച് കോളനിയനന്തര ഇന്ത്യാവിജ്ഞാനവും മതാത്മക-അധിഭൗതികവാദം പിൻതള്ളി ലിബറൽ ഹ്യൂമനിസ്റ്റ് സൗന്ദര്യശാസ്ത്രവും നിശിതവും ജാഗ്രത്തുമായി പിന്തുടരുന്ന പ്രത്യയശാസ്ത്ര സമീപനമാണ് കെ.സി. മഹാഭാരതവായനയിൽ സ്വീകരിക്കുന്നത്. ഒപ്പം, ഇതിഹാസത്തിന്റെ സഹസ്രാബ്ദങ്ങളായി തുടരുന്ന പാഠരൂപീകരണ പരിണാമചരിത്രത്തെ ഫ്രീസോഫ്റ്റ്‌വെയറിന്റെ സാങ്കേതികവ്യവസ്ഥയോടും സാംസ്‌കാരിക രാഷ്ട്രീയത്തോടും സൂക്ഷ്മസുന്ദരമായി ഇണക്കി വിശദീകരിക്കുന്ന രൂപകാധിഷ്ഠിതമായ കലാപദ്ധതിയും.

പുസ്തകത്തിൽ നിന്ന്

'ഏകദേശം ഈ കാലത്തുതന്നെ ഉണ്ടായ വാല്മീകിരാമായണത്തിൽ കാണുന്നതിലധികം ധർമ, കാല, ചരിത്രസങ്കീർണതകൾ മഹാഭാരതത്തിൽ അടങ്ങിയിരിക്കുന്നു. എത്രയോ അകലത്തുനിന്ന് ഉറന്നൊഴുകി കാലക്രമത്തിലും ദൂരക്രമത്തിലും വീതികൂടുന്ന പുഴപോലെയാണത്. ഉപമ ഒന്നു മാറ്റിപ്പറഞ്ഞാൽ ഒരു ചെറിയ ജനപദത്തിന്റെ മുകളിൽ വേറൊരു സംസ്‌കാരത്തിന്റെ മണ്ണട്ടികൾ വീണ് മെല്ലെ മെല്ലെ പൊക്കം വെച്ചുവരുന്ന കുന്നുപോലെയാണത്. ഒരുതരം ആർക്കിയോളജിക്കൽ മൗണ്ടുകൾ. മേടുകുഴിച്ചുകുഴിച്ചു ചെല്ലുന്ന ആർക്കിയോളജിസ്റ്റ് ഓരോ അടരും സൂചിപ്പിക്കുന്ന കാലത്തിലും സംസ്‌കാരത്തിലും ചെന്നുനിൽക്കുന്നു. അങ്ങനെ അയാൾക്ക് അടിയിലെ തട്ടുവരെയെത്താം. എത്രയോ മുമ്പു കഴിഞ്ഞ ഒരു ഗോത്രയുദ്ധത്തിന്റെ അവശിഷ്ടങ്ങളാണ് ആ അടിത്തട്ടിൽ. രണ്ടു സഹോദരകുലങ്ങൾ രാജ്യാവകാശത്തിനുവേണ്ടി നടത്തിയ യുദ്ധം. എന്നാൽ, അവിടെ നിൽക്കുന്നില്ല ഈ അടിപ്പടവുകൾ. പ്രകൃതിയിലേക്കും അതിലെ മൂലകങ്ങളിലേക്കുംകൂടി പോവുന്നു അത്. സൂര്യനും ഭൂമിയും പരസ്പരം അഭിലഷിക്കുകയും സംഗമിക്കുകയും ചെയ്യുന്ന പ്രകൃതിനാടകം അങ്ങനെയൊരു അടിപ്പടവാണ്. പൃഥ എന്ന കുന്തി സൂര്യനെ കാമിക്കുമ്പോൾ അതിൽ കർണൻ പിറക്കുന്നു. സൂര്യവംശജനായ രാമൻ ഭൂമിപുത്രിയായ സീതയെ വേൾക്കുന്നതുപോലെ പല കഥകളിലും സംസ്‌കാരങ്ങളിലും ആവർത്തിക്കുന്ന ഭൂമ-സൂര്യ സംഗമം എന്ന ആദിരൂപമാണത്. മുകിലിന്റെ പുത്രനായ അർജുനനും വെയിലിന്റെ പുത്രനായ കർണനും തമ്മിൽ നടക്കുന്ന യുദ്ധം വേരൊരു ആദിരൂപമാണ്.

          വായുവിന്റെ മകനാണ് ഭീമസേനൻ. നദിയുടെ പുത്രനാണ് ഗാംഗേയനായ ഭീഷ്മർ. അർജുനൻ വിവാഹം കഴിക്കുന്ന ഒരു സ്ത്രീ നാഗകന്യകയായ ഉലൂപിയാണ്. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും ദൈവങ്ങളും വേർപിരിഞ്ഞ് വേവ്വേറെ ലോകങ്ങളിലാവുന്നതിനും മുമ്പ്, മഴയ്ക്കും പുഴയ്ക്കും മലയ്ക്കും കാറ്റിനും മനുഷ്യനിൽ വംശത്തുടർച്ചയുണ്ടായിരുന്ന ഒരു മൃഗ-മർത്ത്യ-ദേവ-ഭാവ സംഗമകാലത്തിന്റെ ഓർമകളാണ് ആ കഥയുടെ അടിപ്പടവ്. പിന്നെപ്പിന്നെ അതിന്റെ മുകളിൽ രാജാധികാരത്തിനുവേണ്ടി പോരാടുന്ന രണ്ടു സഹോദരകുലങ്ങളുടെ കഥ എന്ന മണ്ണട്ടി വന്നു വീഴുകയായി. പാണ്ഡവരെന്നും കൗരവരെന്നും വൃഥാ വിശേഷിപ്പിക്കപ്പെട്ട രണ്ടു സഹോദരകുലങ്ങൾ തമ്മിലുണ്ടായ യുദ്ധത്തിന്റെ കഥ. അവയിൽ പഴയ പ്രകൃതിമൂലകങ്ങൾ ലയിച്ചു. പ്രകൃതിയുടെ ഋതുവിലാസ നാടകത്തിന്മേൽ മനുഷ്യകഥയുടെ അർഥമാമല അങ്ങനെ ഉയരുകയായി. ഇനി മുഴുവൻ ചരിത്രസംഭവങ്ങളുടെ മേലടരുകളാണ്. ആ സഹോദരയുദ്ധത്തിൽ പാണ്ഡവരുടെ ചതിയും ബന്ധുവായ കൃഷ്ണന്റെ തന്ത്രവുംകൊണ്ട് ദുര്യോധനാദികൾ കൊല്ലപ്പെടുന്നു. ആ വീരന്മാരുടെ വേർപാടിൽ ദുഃഖിച്ചുകൊണ്ട് നാട്ടുകവികൾ ഓർത്തുപാടിയ വിലാപകാവ്യം അതിന്മേൽ വന്നുവീഴുന്നു. എന്നാൽ, ജയിച്ച പാണ്ഡവരുടെ കൊട്ടാരത്തിലേക്കും അവർ നടത്തുന്ന യാഗസദസ്സിലേക്കും കഥനമെത്തുന്നതോടെ ഒരു വലിയ തകിടംമറിച്ചിൽ സംഭവിക്കുന്നു. പാണ്ഡവരെ ശരിവെക്കുന്നതും ദുര്യോധനാദികളെ കുറ്റപ്പെടുത്തുന്നതുമായ ആ കഥനം വേറൊരു മണ്ണടരായി അതിന്മേൽ വന്നുവീഴുകയായി. കൂടാതെ, ആ യുദ്ധത്തിൽ വിജയിച്ചത് പാണ്ഡവർ മാത്രമല്ല, അന്നു ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ചാതുർവർണ്യത്തിന്റെ ധർമബോധം കൂടിയാണ് എന്നു വന്നതോടെ ധർമശാസ്ത്രത്തിന്റെ വേറൊരു അടരുംകൂടി അതിന്മേൽ നിക്ഷേപിക്കപ്പെടുകയായി. ഇപ്പോൾ മഹാഭാരതം ഒരു യുദ്ധകഥ മാത്രമല്ല, ബ്രാഹ്മണക്കോയ്മയുള്ള ധർമശാസ്ത്രപുസ്തകം കൂടിയാണ്. യുധിഷ്ഠിരൻ 'ധർമപുത്രനും' ആണ്. എന്നാൽ, മൗര്യചക്രവർത്തിയായ അശോകന്റെ കാലത്തിലൂടെ കടന്നുപോകുമ്പോഴേക്ക് അശോകന്റെ ശോകതാപങ്ങൾ പകർന്ന് ആ ധർമപുത്രനും ഒരിടെ അർജുനനും ഒരു ബൗദ്ധധർമജ്ഞൻകൂടിയാവുന്നു. ഇനിയാണ് അടുത്ത ഘട്ടം. അശോകനെത്തുടർന്ന് അരനൂറ്റാണ്ടിനുള്ളിൽ മൗര്യവംശത്തെ സ്ഥാനഭ്രഷ്ടരാക്കി, മഗധത്തിൽ പുഷ്യമിത്രൻ ബ്രാഹ്മണാധികാരം സ്ഥാപിച്ചതോടെ ബൗദ്ധധർമത്തെ രാഷ്ട്രീയമായും ദാർശനികമായും പരാജയപ്പെടുത്തുന്ന വർണധർമതത്ത്വങ്ഹളും അതിന്റെ മൂർത്തിമദ്ഭാവമായ ഭഗവദ്ഗീതയും വേറൊരു അടരായി അതിന്മേൽ ഉയർന്നുവന്നു. ഇതിഹാസം പർവങ്ങൾക്കുമേൽ പർവങ്ങൾ വന്നു വീണ് അഞ്ഞൂറിലധികം കൊല്ലങ്ങൾ കൊണ്ട് ഒരുലക്ഷം ശ്ലോകങ്ങളുള്ള ഒരു കഥാപർവതമായി.

കുന്നിന്റെ ഈ ഉപമ പക്ഷേ, പൂർണമായും ശരിയല്ല. മഹാഭാരതത്തിന്റെ രൂപവത്കരണത്തെ അതു വിശദീകരിക്കുമെങ്കിലും ആ സാദൃശ്യകല്പന മുഴുവൻ അർഥത്തിലും എടുത്തുകൂടാ. കാരണം, കുന്നിന്റെ അടിയിലേക്ക് ആർക്കിയോളജിസ്റ്റിന് കുഴിച്ചുപോകാൻ കഴിയുന്നതുപോലെ മഹാഭാരതം എന്ന നിർമ്മിതിയിൽ അങ്ങനെയൊരു ഖനനം സാധ്യമല്ല. എന്തെന്നാൽ, മണ്ണിന്റെ അടരുകൾകൊണ്ടല്ല, ഭാഷകൊണ്ടും ആഖ്യാനങ്ങൾകൊണ്ടുമാണ് ആ മേട് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഭാഷയും ആഖ്യാനങ്ങളും പലകാലത്തെ മണ്ണട്ടികൾപോലെ പരസ്പരം ലയിക്കാതെയും പരസ്പരം ബാധിക്കാതെയും കലരാതെയും കാലക്രമം ദീക്ഷിച്ച് മേലും കീഴുമായി നിൽക്കുകയില്ല. അവ പരസ്പരം കലരും. തൊട്ടുതൊട്ടിരിക്കുകയും ചെയ്യും. അഥവാ, മേലേത്, കീഴേത് എന്നു നിശ്ചയിക്കാനാവാത്തവിധം അവ തിരശ്ചീനമായി സഹവസിക്കും. ഒരു പാഠവും അതിനോടൊപ്പം അതിന്റെ എതിർപാഠവും ചേരുന്ന വിപരീതപാഠച്ചേരുവയായി കൃതി മാറും. മഹാഭാരതം ഒരു വലിയ അപനാമമായി വളരുന്നതിന്റെ പശ്ചാത്തലവും ഹേതുവും ഈ എതിർപാഠങ്ങളുടെ ഒത്തിരിപ്പാണ് എന്നു സാരം.

          മഹാഭാരതത്തിന്റെ രൂപവത്കരണത്തെപ്പറ്റി വേറൊരുപമ പറയുന്നത് അമേരിക്കൻ ഇൻഡോളജിസ്റ്റായ വെൻഡി ഡോണിഗറാണ്. ആധുനികമായ ഇ-ലോകത്തിന്റെ ഉപമ. ഡോണിഗറുടെ അഭിപ്രായത്തിൽ മഹാഭാരതം രൂപംകൊണ്ടത് ഇന്ന് വിക്കിപീഡിയ ഉണ്ടാവുന്നതുപോലെയാണ്. ഒരാൾ ഒറ്റയ്‌ക്കെഴുതിയുണ്ടാക്കുന്നതല്ല വിക്കിപീഡിയ. അതു വായിക്കുന്നവർ തങ്ങളുടെ വരികൂടി ചേർത്ത് എഴുതി വലിപ്പം വെപ്പിക്കുന്നതാണ് ആ വിജ്ഞാനകോശം. മഹാഭാരതം ആയിരത്തിലധികം കൊല്ലംകൊണ്ട്, എത്രയോ വിക്കിപീഡിയ പങ്കാളികളുടെ കൂട്ടിച്ചേർക്കൽ കൊണ്ട് വളർന്ന കഥാപുസ്തകമോ വിജ്ഞാനകോശമോ ആണ്. ഈ ഉപമയെ ഒന്നുകൂടി മുന്നോട്ടു കൊണ്ടുപോയാൽ ഓരോ കാലത്തും തങ്ങളുടെ നിലപാടിനനുകൂലമായ വരികൾ ആ കാലത്തെ എഴുത്തുകാർ എഴുതിച്ചേർക്കുന്നു. ആ നിലപാടുകൾക്കുള്ള മറുപടിയായി പിന്നീടുവരുന്ന എഴുത്തുകാർ തങ്ങളുടെ വരികളും കൂട്ടിച്ചേർക്കുന്നു. കുരുക്ഷേത്രത്തിൽവെച്ച് അർജുനൻ ദുഃഖിതനായി എന്നെഴുതിയത് അശോകന്റെ കാലത്തോ ശേഷമോ ബുദ്ധദർശനത്തോടു താത്പര്യം തോന്നിയവരാകാം. അതിനു മറുപടിയായി ബ്രാഹ്മണ എഴുത്തുകാരാവാം, കൃഷ്ണൻ അർജുനന്റെ ശോകത്തെ ഗീതോപദേശംകൊണ്ടു തീർത്തുവെന്ന് എഴുതിച്ചേർത്തത്. ധർമപുത്രൻ അശ്വമേധം നടത്തി പാപവിമുക്തനായെന്നെഴുതിയത് യജ്ഞത്തിൽ വിശ്വസിക്കുന്ന ബ്രാഹ്മണരാവാം. അതിനു മറുപടിയായിട്ടാവാം ആ അശ്വമേധത്തിന് അത്ര വലിയ മേന്മയൊന്നുമില്ല എന്ന്, ഒരു കീരിയുടെ കഥ പറഞ്ഞ് ബൗദ്ധന്മാർ എഴുതിച്ചേർത്തത്. ഇതേ ബൗദ്ധരാവാം ഒരു ഘട്ടത്തിലെ അർജുനനും അശോകച്ഛായ നൽകിയത്. ധർമപുത്രന് തന്റെ അന്ത്യയാത്രയിൽ ഒരു നായയോട് കനിവുതോന്നിയെന്ന കഥനത്തിലൂടെ ഇതേ ബൗദ്ധന്മാരാവാം ധർമപുത്രന് ഒരു അശോകാനുയായിരുടെ മുഖം നൽകിയത്. ആഖ്യാനവും പ്രത്യാഖ്യാനവും ചേർന്ന് അപനാമത്തിന്റെ ഘടനയാർജിച്ച്, ക്രമത്തിൽ വീതികൂടുന്ന പുഴയായോ ഉയരം കൂടുന്ന കുന്നായോ വരികൾ ചേർന്നു വളരുന്ന വിക്കിപീഡിയയായോ അത് ഇന്നത്തെ മഹാഭാരതമായി മാറി'. 

മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ
കെ.സി. നാരായണൻ
ഡി.സി. ബുക്‌സ്
2021
580 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP