Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആത്മശില

ആത്മശില

ഷാജി ജേക്കബ്‌

'യാഥാർഥ്യമെന്നത് ഭാവനതന്നെയാണ്. അഥവാ ഭാവന മാത്രമാണ് യാഥാർഥ്യം' - Tim Unwin

മനുഷ്യജീവിതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും അനുഭവങ്ങളുടെ ആഴച്ചുഴികളെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമെന്നോണം, യാഥാർഥ്യത്തിന്റെ അടരുകളെയും സത്യത്തിന്റെ പലമകളെയും ഭാവനയുടെ മായികതകളെയും കുറിച്ചെഴുതപ്പെട്ട നോവലാണ് 'സമുദ്രശില'. ലോകനോവലിന്റെതന്നെ ഏറ്റവും വലിയ കലാതന്ത്രമായി കരുതപ്പെടുന്ന, നോവലെഴുത്തിനെക്കുറിച്ചുതന്നെയുള്ള എഴുത്തായി സുഭാഷ്ചന്ദ്രൻ ആസൂത്രണം ചെയ്ത നോവൽത്രയത്തിൽ രണ്ടാമത്തേത്. മലയാളത്തിലെ ആധുനികാനന്തര ചെറുകഥയുടെ ഏറ്റവും മികച്ച മാതൃകകൾ പലതും അവതരിപ്പിച്ച തൂലികയിൽനിന്നു ലഭിച്ച ഒരു ദശകത്തിന്റെ ധ്യാനഫലം.

മലയാളഭാവനയുടെ നാലു സ്ഥൂലപശ്ചാത്തലങ്ങളിൽ വായിച്ചെടുക്കാം, 'സമുദ്രശില'യുടെ രൂപകലയും ഭാവസൗന്ദര്യവും.

ഒന്നാമത്തേത്, നോവലിന്റെയും ചെറുകഥയുടെയും സംയുക്ത കലാപദ്ധതിയാണ്. ഇരുരൂപങ്ങളിലും ഇടപെട്ട് ഒരുപോലെ വിജയിച്ച എത്ര മലയാളികളുണ്ടാകും? കൂടിവന്നാൽ ഏഴോ എട്ടോ പേർ. തകഴി, എം ടി, കോവിലൻ, വി.കെ.എൻ, മുകുന്ദൻ, ആനന്ദ്, സാറാജോസഫ്, മീര. ബാക്കിയുള്ളവരൊക്കെ ഒന്നുകിൽ നോവലിൽ അല്ലെങ്കിൽ ചെറുകഥയിൽ മാത്രം മൗലികത തെളിയിച്ചവരാണ്-പുതിയ തലമുറയിലുൾപ്പെടെ. മീരയ്‌ക്കൊപ്പം ഹരീഷും വിനോയ് തോമസുമാണ് ഈ രംഗത്തു സാധ്യതയുള്ള രണ്ടു പുതുതലമുറക്കാർ. സുഭാഷ്ചന്ദ്രന്റെ കഥകൾക്ക് രൂപ, ഭാവതലങ്ങളിൽ കൈവന്ന അസാധാരണമായ ലാവണ്യദീപ്തി പക്ഷെ നോവലുകൾക്കന്യമാണ്. വിജയിച്ച കഥാകൃത്തും പരാജയപ്പെട്ട നോവലിസ്റ്റുമാണദ്ദേഹം.

രണ്ടാമത്തേത് അനുഭവത്തിന്റെയും ആത്മാംശത്തിന്റെയും തലം ആഖ്യാനകലയിൽ ഇഴചേർക്കുന്നതിന്റെ മലയാളനോവൽമാതൃകകളിലൊന്നായി 'സമുദ്രശില'യെ കാണാമെന്നതാണ്. ബഷീറാണ് നിശ്ചയമായും ഈ കലാവിദ്യയുടെ മലയാളത്തിലെ കുലപതി. സെർവാന്റിസ് മുതൽ അരുന്ധതിറോയി വരെയുള്ളവരെ വായിക്കൂ. നോവലിൽ ആത്മവും അപരവും തമ്മിൽ നടക്കുന്ന അപാരമായ സംലയനത്തിന്റെ മുഴക്കം കേൾക്കാം. പത്മനാഭനും എം ടി.യും മാധവിക്കുട്ടിയും മാത്രമല്ല കോവിലനും വിജയനും ആനന്ദും സൃഷ്ടിച്ച ആത്മസാന്നിധ്യങ്ങളുടെ അമ്പരപ്പിക്കുന്ന ജീവിതഛായകൾ മലയാള കഥാഭാവനയുടെ ഉയരങ്ങളായി മാറിയവയാണ്. പുതിയ തലമുറ കഥാകൃത്തുക്കളിൽ ബുദ്ധിയുള്ളവർ ഈ ആത്മവിദ്യയെ പലമട്ടിൽ ഒളിച്ചും തെളിച്ചും വയ്ക്കുകയും രാഷ്ട്രീയമായി മാത്രം അവയ്ക്കു ചില തെളിച്ചങ്ങൾ നൽകി തങ്ങളുടെ ആഖ്യാനകർതൃത്വത്തെ കഥയുടെ പിന്നാമ്പുറത്തേക്കു മാറ്റിനിർത്തുകയും ചെയ്യുന്നു. അയ്യപ്പനും പ്രഭാകരനും സാറാജോസഫും സന്തോഷ്‌കുമാറും ഹരീഷുമൊക്കെ ഉദാഹരണമാണ്. 'സമുദ്രശില' ആത്മത്തിന് അപരവുമായുള്ള ഭാവസംലയനം സാധ്യമാകുന്ന, ബൗദ്ധികമോ രാഷ്ട്രീയമോ ആയ മാനങ്ങളുള്ള ആഖ്യാനത്തിന്റെ സൗന്ദര്യമല്ല; ആത്മരതി തെഴുത്തും കൊഴുത്തും ശിലാരൂപം പൂണ്ട വെറുമൊരു കരിങ്കൽക്കെട്ടു മാത്രമാണ്. ഈ നോവലിലെ കഥാപാത്രമായ അപ്പുവിന്റെ വായിൽനിന്ന് ഇരുപത്തിനാലുമണിക്കൂറും ഊറിയൊഴുകുന്ന ഉമിനീരുപോലെ ആരെയും അലോസരപ്പെടുത്തുന്ന കാഴ്ച. അപ്പുവിന്റെ അവസ്ഥ അംബക്കുമാത്രമേ അസഹ്യമല്ലാതുള്ളൂ എന്നതുപോലെ നോവലിലെ ആത്മരതി സുഭാഷ്ചന്ദ്രനുമാത്രമേ സഹ്യമാകാൻ ഇടയുള്ളു. ജീവശാസ്ത്രപരമായ പരിമിതികളുള്ള അപ്പു അർഹിക്കുന്ന അനുതാപവും സഹതാപവും നോവലിസ്റ്റ് അർഹിക്കുന്നില്ലതന്നെ.

യാഥാർഥ്യത്തിന്റെ പാഠാന്തരങ്ങൾ കൊണ്ട് നോവലിന്റെ കലയിൽ സൃഷ്ടിക്കുന്ന ആഖ്യാനപരീക്ഷണങ്ങളുടെ മലയാളവഴിയിൽ 'സമുദ്രശില'യ്ക്കുള്ള വായനാസാധ്യതയാണ് മൂന്നാമത്തേത്. വിശേഷിച്ചും ആധുനികാനന്തര നോവലിന്റെ ഭാഷണസന്ദർഭത്തിൽ. അതിൽനിന്നാണ് യാഥാർഥ്യത്തിന്റെ ബഹുലതകളിലേക്കുള്ള ഭാഷാസഞ്ചാരം സുഭാഷ്ചന്ദ്രൻ നടത്തുന്നത്. ഒൻപതധ്യായങ്ങൾ വീതമുള്ള മൂന്നു ഭാഗങ്ങളിൽ ഭാവനയും യാഥാർഥ്യവും തമ്മിലുള്ള അമ്പരപ്പിക്കുന്ന വൈരുധ്യങ്ങളവസാനിപ്പിക്കാനുള്ള കലാവിദ്യയെ ഒൻപതുതലങ്ങളിലേക്കു വ്യാപിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്.

സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ളതാണ് ഒന്ന്. അംബയെന്ന സ്ത്രീ ജീവിതത്തിലും നോവലിലും കടന്നുവരുംമുൻപേ സ്വപ്നത്തിൽ സന്നിഹിതയാകുന്നു, നോവലിസ്റ്റിന്. Uncanny, Dejavu തുടങ്ങിയ അനുഭവസന്ധികൾപോലെ, അമൂർത്തതയിൽ നിന്നു മൂർത്തതയിലേക്കു വഴിമാറുകയാണ് അംബയുടെ സാന്നിധ്യം. തുടർന്നങ്ങോട്ട് യാഥാർഥ്യത്തെ നിർണയിക്കുന്നതിൽ ഈ സ്വപ്നത്തിനും അതിൽ സംഭവിക്കുന്ന വധക്രമത്തിനുമുള്ള പങ്ക് ചെറുതല്ല.

കല്പനയും യാഥാർഥ്യവും തമ്മിലുള്ളതാണ് മറ്റൊന്ന്. എം. മുകുന്ദന്റെ നോവലിൽ നിന്നാണ് മലയാളി വെള്ളിയാങ്കല്ല് എന്ന കല്പന സ്വാംശീകരിച്ചത്. 'സമുദ്രശില' വെള്ളിയാങ്കല്ലാണ്. നോവലിന്റെ കേന്ദ്രരൂപകം എന്ന നിലയിൽ ഈ ശിലാവ്യൂഹത്തിനു കൈവരുന്ന പ്രാധാന്യം ജീവിതസമുദ്രത്തിലെ അനുഭവദാർഢ്യത്തിന്റെ കൂടി സൂചകമായി മാറുന്നു.

കലയും യാഥാർഥ്യവും തമ്മിലുള്ളതാണ് വേറൊന്ന്. ഫ്രീദാ കാഹ്‌ലോയുടെ 'റിവേറ ആൻഡ് ഐ' എന്ന സെൽഫ്‌പോർട്രെയ്റ്റാണ് അംബയുടെ കലാബോധത്തിന്റെയും ജീവിതാവസ്ഥയുടെയും ദൃശ്യപ്രതീകം. സാഹിത്യം, സംഗീതം, ചിത്രകല എന്നിവക്ക് നോവലിൽ കൈവരുന്ന അർഥമാനങ്ങൾ വലുതാണ്. ചെക്കോവും ദേവരാജനും ബഷീറും മുകുന്ദനും സുഭാഷ്ചന്ദ്രനും ബില്ലി ഹോളിഡേയുമൊക്കെ പുനഃസൃഷ്ടിക്കുന്ന ഭാവയാഥാർഥ്യങ്ങളാണ് ഇവിടെ സൂചിതം.

മാധ്യമങ്ങളും യാഥാർഥ്യവും തമ്മിലുള്ളതാണ് ഇനിയുമൊന്ന്. പത്രമാഫീസും പത്രപ്രവർത്തനവും ഫീച്ചറെഴുത്തും യാത്രാവിവരണവും ഫോട്ടോഗ്രാഫുകളും മറ്റും മറ്റുമായി ഈ ബന്ധം രൂപപ്പെടുന്നു. 'യാത്ര'മാസികയിൽ സുഭാഷ്ചന്ദ്രൻ എഴുതിയ വെള്ളിയാങ്കല്ലിലേക്കുള്ള യാത്രാനുഭവമാണ് നോവലിന്റെ അച്ചുതണ്ട്.

ഭാഷയും യാഥാർഥ്യവും തമ്മിലുള്ളതാണ് അഞ്ചാമത്തേത്. വാക്കിന്റെ ഉല്പത്തിയെയും ഭാഷാജീവിതത്തെയും കുറിച്ചുള്ള ചർച്ചകൾ നോവലിലുടനീളം സൂചിപ്പിച്ചുകൊണ്ടും ഒന്നുരണ്ടധ്യായങ്ങളിൽ വിശദമായി ചർച്ചചെയ്തുകൊണ്ടും ഈയനുഭൂതിതലത്തെ സുഭാഷ്ചന്ദ്രൻ സ്ഥാപിച്ചെടുക്കുന്നു.

ദൈവവും ചെകുത്താനും പ്രതിനിധാനം ചെയ്യുന്ന ജീവിതമണ്ഡലത്തിന്റെ ഇരുധ്രുവങ്ങൾ സൃഷ്ടിക്കുന്ന മൂല്യാവബോധങ്ങളുടേതാണ് മറ്റൊന്ന്. ഓരോ അധ്യായങ്ങളിലായി ഈയവബോധത്തിന്റെ ആവിഷ്‌ക്കാരം നോവൽ മുന്നോട്ടുവയ്ക്കുന്നുമുണ്ട്.

സ്ഥലകാലങ്ങളും യാഥാർഥ്യവും തമ്മിലുള്ള ബന്ധമാണ് വേറൊന്ന്. യാത്രകൾ ഇവ രണ്ടിനെയും കൂട്ടിയിണക്കുന്നു. ആഖ്യാനത്തിൽ സ്ഥലവും കാലവും ക്രമരഹിതമായാണ് സന്നിഹിതമാകുന്നതെങ്കിലും കോഴിക്കോട് നഗരത്തിന്റെയും 2009-2018 ദശകത്തിന്റെയും മൂർത്തസാന്നിധ്യം നോവലിലുണ്ട്. സ്ഥലകാലബദ്ധമായ ജീവിതാനുഭവങ്ങളും ഓർമയെക്കാൾ വർത്തമാനം സൃഷ്ടിക്കുന്ന ബോധതലങ്ങളുമാണ് നോവലിലുള്ളത്. ചില സ്ഥലങ്ങളും കാലങ്ങളുമാകട്ടെ മായികവും ഭ്രമാത്മകവുമാണ്.

ചരിത്രവും യാഥാർഥ്യവും തമ്മിലുള്ളതാണ് എട്ടാമത്തേത്. കനോലികനാൽ മുതൽ 2018ലെ പ്രളയം വരെയും വയനാടിന്റെ 'സുവർണ'ഭൂതകാലം മുതൽ കൊളോണിയൽ രാഷ്ട്രീയം വരെയും ഇടയ്ക്കിടെ തലനീട്ടി നോവലിൽ സൃഷ്ടിക്കുന്നത് യാഥാർഥ്യത്തിന്റെ മറ്റൊരടരാണ്.

യാഥാർഥ്യം തന്നെ സൃഷ്ടിക്കുന്ന യഥാതഥത്വമാണ് ഒൻപതാമത്തേത്. സുഭാഷ്ചന്ദ്രൻതന്നെയാണ് ഇതിന്റെ നടുനായകബിംബം. അയാളുടെ കുടുംബവും സുഹൃത്തുക്കളും ഓഫീസും തൊഴിലും പുസ്തകങ്ങളും... ഒന്നും ഭാവനാത്മകം മാത്രമല്ലതന്നെ. അനീസ് ബഷീർ, എം.എൻ. കാരശ്ശേരി, ദിനേഷ്‌കുമാർ, ചലച്ചിത്രകാരൻ പത്മരാജൻ, മകൻ അനന്തപത്മനാഭൻ, ഡോ. സന്തോഷ് തോമസ് തുടങ്ങിയവരുടെ സാന്നിധ്യവും സൂചനകളും രൂപപ്പെടുത്തുന്ന ഒട്ടുമേ മാന്ത്രികമല്ലാത്ത യാഥാർഥ്യത്തിന്റെ അനുഭൂതിലോകങ്ങൾ 'സമുദ്രശില'യിലുണ്ട്.

സ്ത്രീത്വത്തിന്റെ ഭാവസാക്ഷാത്കാരമായി 'സമുദ്രശില'യ്ക്കുള്ള സാധ്യതകളാണ് നാലാമത്തെ പശ്ചാത്തലം. ചരിത്രമായിരുന്നു, 'മനുഷ്യന് ഒരു ആമുഖ'ത്തിന്റെ ഭാവഭൂമികയെങ്കിൽ സ്ത്രീത്വമാണ് 'സമുദ്രശില'യുടെ ഭാവസന്ദർഭവും പ്രശ്‌നഭൂമികയും. സരസ്വതിയമ്മ മുതൽ മീര വരെയുള്ളവരെഴുതിയ ശ്രദ്ധേയങ്ങളായ സ്ത്രീജീവിതങ്ങളുടെയും അനുഭവലോകങ്ങളുടെയും തുടർച്ചയിൽ 'സമുദ്രശില' എവിടെ നിൽക്കുന്നു? പ്രണയത്തെ തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റിയ ഇതിഹാസത്തിലെ അംബയെന്ന ആദിപ്രരൂപത്തിൽനിന്ന് പ്രണയവും ദാമ്പത്യവും മാതൃത്വവും ശരശയ്യയാക്കി മാറ്റേണ്ടിവരുന്ന അംബയെന്ന സ്ത്രീയിലേക്കാണ് നോവൽ സഞ്ചരിച്ചെത്തുന്നത്. കാമനകളുടെ ബലിക്കല്ലായി മാറുന്നു, അവൾക്കു ജീവിതം. സ്വാനുഭവങ്ങളുടെ കൊടും കയ്പുകളോട് നോവലിലെ അംബ നാലഞ്ചുപതിറ്റാണ്ടുകാലം പൊരുതിനിന്നു. ഉപാധികളില്ലാത്ത സ്‌നേഹത്തിനുവേണ്ടിയാണ് തന്റെ ജീവിതം എന്നു പ്രഖ്യാപിച്ച അവൾക്ക് നിരുപാധികം വിധിക്കു കീഴടങ്ങേണ്ടിവന്നു.

അസാധാരണമായ ഭാവ, ആഖ്യാന സാധ്യതകളുള്ള കഥാപാത്രമാണ് അംബ. പക്ഷെ ഈ കഥാപാത്രത്തിനു സങ്കല്പിച്ചുകൊടുക്കുന്ന ഐതിഹാസികമാനങ്ങളും അനുഭവവൈവിധ്യവും ആവിഷ്‌ക്കരിക്കുന്നതിലെ ഉപരിപ്ലവതയും ഭാവനാരാഹിത്യവും ഈ നോവലിലെ സ്ത്രീരാഷ്ട്രീയത്തെ ദയനീയമായി പരാജയപ്പെടുത്തുന്നു. മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും കൊണ്ട് കൊട്ടിപ്പാടുന്ന ആരവങ്ങൾക്കപ്പുറം അംബയെന്ന കഥാപാത്രം യാതൊരു ഭാവപ്രതീതിയും സൃഷ്ടിക്കുന്നില്ല. എന്നുമാത്രവുമല്ല, എത്രയും അയുക്തികമായ ഒരു ജീവിതപരിണാമത്തിലേക്കാണ് അവർ കടന്നുപോകുന്നതും. 'മനുഷ്യന് ഒരു ആമുഖം' സവർണ ഹിന്ദുമലയാളി ജാതിപുരുഷന്റെ ലജ്ജാശൂന്യമായ ആത്മകഥയായിരുന്നുവെങ്കിൽ സമുദ്രശില, അതേപുരുഷന്റെ അതിപരിമിതമായ പെൺകാഴ്ചകളുടെ കെട്ടുകഥയാണ്. മെക്‌സിക്കൻ മാജിക്കൽ റിയലിസത്തിന്റെ രാജകുമാരിയായിരുന്ന ഫ്രീദാകാഹ്‌ലോയിലേക്ക് അംബക്കു സങ്കല്പിക്കുന്ന ഭാവാന്തരവും മറ്റും വെറും മിമിക്രിയായി പര്യവസാനിക്കുന്നു.

രണ്ടു താവഴിയിലാണ് സമുദ്രശിലയുടെ ആഖ്യാനകല വികസിക്കുന്നത്. അസാമാന്യമായ ആത്മഛായ കലർത്തി സുഭാഷ്ചന്ദ്രൻ നേരിട്ടവതരിക്കുന്നതാണ് ഒരു വഴി. പത്രപ്രവർത്തനം, സാഹിത്യരചന, കുടുംബജീവിതം, സുഹൃത്ബന്ധങ്ങൾ എന്നിങ്ങനെ ഓരോ മണ്ഡലവും കൂട്ടിയിണക്കി സൃഷ്ടിക്കുന്ന കഥവഴിയാണിത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറും കുടുംബവും, സുഭാഷിന്റെതന്നെ കുടുംബം, ആലുവയിലും കോഴിക്കോട്ടുമായുള്ള ജീവിതം, മാതൃഭൂമി സൺഡേ എഡിഷന്റെ ചുമതലയുണ്ടായിരുന്ന കാലത്തെ എഴുത്തുബന്ധങ്ങളിൽ നിന്നു കൈവന്ന വിരലടയാളവിദഗ്ദ്ധൻ ദിനേഷ്‌കുമാറുമായുള്ള അടുപ്പം, സംഗീതസംവിധായകൻ ദേവരാജനുമായി ദിനേഷിനുള്ള ആത്മബന്ധം എന്നിവയോരോന്നും ഈ താവഴിയുടെ ഭാഗമാകുന്നു.

രണ്ടു പ്രധാന വഴിത്തിരിവുകളാണ് ഈ കുടുംബകഥകൾ നോവലിൽ സൃഷ്ടിക്കുന്നത്. ഒന്ന്, അനീസിന്റെ ഭാര്യ അഞ്ജു പറയുന്ന അംബയുടെ സൂചന, താൻ സ്വപ്നത്തിൽ കണ്ട അംബതന്നെയാണെന്നു തിരിച്ചറിഞ്ഞ് ആ സ്ത്രീയിലേക്കു തിരിയുന്ന എഴുത്തുകാരന്റെ അവസ്ഥ. ഒപ്പം, ആന്റണിയെന്ന കുറ്റവാളിയുടെ മകൾ സോഫിയ, മനോവിഭ്രമം വന്ന കാലത്തെഴുതിയ കഥയുടെ സൂചനയും. മോസ്‌കോയിലെത്തി, ആന്റൺ ചെക്കോവിന്റെ സ്മൃതി പുനഃസൃഷ്ടിക്കുന്ന തന്റെയും കുടുംബത്തിന്റെയും കഥയാണ് അവൾ എഴുതിയിരിക്കുന്നത്.

രണ്ടാമത്തെ വഴിത്തിരിവ് ദിനേഷ്‌കുമാർ അംബയുടെയും മകന്റെയും മരണത്തെക്കുറിച്ചു പറയുന്ന കാര്യങ്ങളും അവയുടെ കഥാന്തരങ്ങളുമാണ്. അംബ മകനെ കൊന്ന് ആത്മഹത്യ ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണയാൾ. ഒപ്പം, അംബക്ക് സുഭാഷ്ചന്ദ്രനോടുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനകളും അയാൾ കണ്ടെത്തുന്നു.

നോവലിന്റെ രണ്ടാമത്തെ താവഴി അംബയുടെ കഥയാണ്. വയനാട്ടിൽ ബാലഗംഗാധരൻ എന്ന ടൈപ്പ് റൈറ്റർ മെക്കാനിക്കിന്റെയും ചന്ദ്രിക ടീച്ചറുടെയും മകളായി ജനിച്ച അംബ, കോളേജിലും യൂണിവേഴ്‌സിറ്റി കാമ്പസിലും പഠിച്ച്, സിദ്ധാർഥൻ എന്ന കോളേജധ്യാപകനെ വിവാഹം ചെയ്തു. അവൾക്കുണ്ടായ മകന് സെറിബ്രൽ പാൾസിയും ഓട്ടിസവും ഉണ്ടായിരുന്നു. സിദ്ധാർഥന്റെ കുട്ടിയല്ല, വിവാഹത്തിനു മുൻപ് കാമുകനിൽനിന്നു ലഭിച്ച കുട്ടിയാണ് അവൻ എന്ന സ്വപ്നം അംബയെ വേട്ടയാടി. സിദ്ധാർഥന്റെ നിരന്തരമായ അവഗണനയും പരസ്ത്രീഗമനവും മടുത്ത അംബ വിവാഹമോചനം നേടി കോഴിക്കോട്ട് മകനുമൊത്തു താമസം തുടങ്ങി. അച്ഛന്റെ മരണശേഷം അമ്മ അംബക്കൊപ്പം താമസിക്കാനെത്തി, മകനെ നോക്കാൻ അമ്മ അംബക്കു തുണയായി.

പുരാവസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിൽ ജോലിചെയ്യവെ അംബ റൂമി ജലാലുദീൻ എന്ന വിദേശിയുമായി പ്രണയത്തിലായി. എങ്കിലും ഒരു ഹോട്ടൽമുറിയിലെ ആദ്യ സംഗമത്തിൽ തന്നെ അവൾ അയാളെ വെറുത്തു. അംബയുടെ സ്‌കൂട്ടറിൽനിന്നു വീണു പരിക്കേറ്റ് കിടപ്പിലായ അമ്മ മരിച്ചതോടെ അംബയും മകനും വീണ്ടും ഒറ്റപ്പെട്ടു. ഇരുപത്തൊന്നു വയസ്സായിട്ടും, മറ്റൊരു ശാരീരിക ശേഷിയുമില്ലാതിരുന്നിട്ടും, അപ്പുവെന്ന അനന്തപത്മനാഭൻ അടങ്ങാത്ത കാമാർത്തി വിവേകമില്ലാതെ പ്രകടിപ്പിച്ചുപോന്നു.

വെള്ളയാങ്കല്ലിലേക്കുള്ള യാത്രയെക്കുറിച്ച് സുഭാഷ്ചന്ദ്രൻ എഴുതിയ വിവരണം വായിച്ച്, സിദ്ധാർഥനുമായുള്ള വിവാഹത്തിനു തൊട്ടു മുൻപ് കാമുകനുമൊത്ത് ഒരു രാത്രി അവിടെ ചെലവഴിച്ചതിന്റെ ഓർമയിൽ അംബ അസ്വസ്ഥയാകുന്നു. യാദൃച്ഛികമായി എഴുത്തുകാരനെ കണ്ട അംബയുമായി, അവളെ സ്വപ്നത്തിൽ കണ്ട എഴുത്തുകാരൻ അടുക്കുന്നു. അയാൾ അവളുടെ കഥ നോവലായെഴുതുന്നു.

ഇതിനിടെ തനിക്കു ഗുരുതരമായ കാൻസറാണെന്നു മനസ്സിലാക്കുന്ന അംബ മകന് വിഷം കൊടുത്ത്, ആദ്യവും അവസാനവുമായി അവന്റെ കാമാർത്തിയും തീർത്തുകൊടുത്ത്, ആത്മഹത്യ ചെയ്യുന്നു.

എഴുത്തുകാരന്റെയും സുഹൃത്തുക്കളുടെയും കഥവഴിയും അംബയുടെ കഥവഴിയും, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, യാഥാർഥ്യത്തിന്റെ എത്രയെങ്കിലും അടരുകളിലൂടെയുള്ള കലയും സങ്കേതവുമായി വികസിക്കുന്നു. ഇതിൽ നോവലിനുണ്ടാകുന്ന കലാപരമായ വിജയവും പരാജയവും നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത് ആഖ്യാനത്തിന്റെ സാധ്യതകളും പരിമിതികളും തന്നെയാണ്.

'സമുദ്രശില' വായിച്ചുകഴിയുമ്പോൾ (അതു സാധ്യമാകുന്നവർക്ക്) അവശേഷിക്കുന്ന ഗുണാത്മകമായ ഏക ഘടകം അതിവൈകാരികതയും ക്ലീഷെയും മറികടന്ന് അങ്ങിങ്ങു രൂപംകൊള്ളുന്ന മികച്ച ചില ഭാഷാബിംബങ്ങളും കൗതുകകരമായ ചില ജീവിതനിരീക്ഷണങ്ങളുമായിരിക്കും. മുഴുവൻ അധ്യായങ്ങളുടെയും തുടക്കത്തിൽ സുഭാഷ്ചന്ദ്രൻ എടുത്തെഴുതുന്ന വാക്യങ്ങൾ മിക്കതും ഉദാഹരണമാണ്.

'എപ്പോഴാണ് എഴുതുന്നത് എന്ന് ഒരെഴുത്തുകാരനോടു ചോദിക്കുന്നത്, എപ്പോഴാണു വളരുന്നത് എന്നൊരു മരത്തോടു ചോദിക്കുംപോലെയാണ്' (പുറം 45),

'നിങ്ങളിൽ നിന്നു പിരിഞ്ഞുതാമസിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ നഷ്ടപരിഹാരം' (പുറം 168),

'രൂപമല്ല, വിശ്വാസമാണ് സ്ത്രീയുടെ പ്രണയത്തിന്റെ താക്കോൽ' (പുറം 208) എന്നിങ്ങനെയുള്ള വാക്യങ്ങളും ഇവയ്‌ക്കൊപ്പമുണ്ട്.

'നോവലെഴുത്തിനെക്കുറിച്ചുള്ള നോവൽ' എന്ന പ്രഖ്യാപിതവും പ്രകടവുമായ കലാപദ്ധതി മുൻനിർത്തി നോക്കിയാൽ സമുദ്രശിലയുടെ കാമ്പില്ലായ്മ എത്രയും വേഗം തെളിഞ്ഞുവരും. ആധുനികാനന്തര നോവലിന്റെ ഏറ്റവും രാഷ്ട്രീയബദ്ധവും ചരിത്രനിഷ്ഠവും ജീവിതഗന്ധിയുമായ ആഖ്യാനതന്ത്രങ്ങളിലൊന്നാണ് മെറ്റഫിക്ഷന്റേത്. നന്നേ ചുരുക്കം ചില സന്ദർഭങ്ങളിലൊഴികെ ഒരിടത്തും ഈ രൂപവിചാരത്തെ മൗലികമായി പിൻപറ്റാൻ സുഭാഷ്ചന്ദ്രനു കഴിയുന്നില്ല. എഴുത്തിന്റെ തത്വചിന്തയും നോവലിന്റെ കലാചിന്തയും അവതരിപ്പിക്കുന്നുവെന്ന മട്ടിൽ കൃതിയിലുടനീളം കൊണ്ടുവരുന്ന നിരീക്ഷണങ്ങൾ മിക്കതും പാഴാണ്.

ആഖ്യാനഘടനയിൽ നോവലിനു സംഭവിച്ച കെട്ടുറപ്പില്ലായ്മയും കനക്കുറവും ശൈഥില്യവുമാണ് മറ്റൊന്ന്. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് മൂന്നു ഭാഗങ്ങളായി തിരിയുന്നതിന്റെ യുക്തിയൊന്നും തീരെ വ്യക്തമല്ല. അംബയെ ഇതിഹാസത്തിലെ പ്രണയസന്ദർഭത്തിൽനിന്നടർത്തി, നോവലിലേക്കു കൊണ്ടുവന്ന്, സ്വേച്ഛയില്ലാതെ പ്രാപിച്ചാലുണ്ടാകാവുന്ന പുത്രനെക്കുറിച്ചു സൂചന നൽകി ഒരമ്മയുടെയും മകന്റെയും കഥപറയുന്നു എന്നതിനപ്പുറത്ത് ഒരു വിശേഷഭാവതീവ്രതയും സമുദ്രശിലയ്ക്കില്ല. (സ്വേച്ഛയോടെയാണ് അംബ കാമുകനെ പ്രാപിക്കുന്നത് എന്ന വൈരുധ്യം വേറെ) എന്നുമാത്രവുമല്ല, അതികാല്പനികതയും വാചാടോപതയും അതിവൈകാരികതയും സൃഷ്ടിക്കുന്ന അതിഭാവുകത്വത്തിന്റെ കുത്തൊഴുക്കാണ് നോവൽ നിറയെ. മിക്ക അധ്യായങ്ങളും അതാതധ്യായങ്ങളായിത്തന്നെ അവസാനിക്കുന്നു. ദൈവം, ചെകുത്താൻ, വാക്ക് തുടങ്ങിയ എത്രയെങ്കിലും അധ്യായങ്ങൾ തീർത്തും ബാലിശവും അസംബന്ധവുമായ നിരീക്ഷണങ്ങളുടെ കൂടായി മാറുന്നു. ആഖ്യാനസങ്കേതങ്ങളിൽ കൊണ്ടുവരുന്ന കലാവിദ്യകൾ മിക്കതും വെറും സൂത്രവിദ്യകളായി അവശേഷിക്കുന്നു. രണ്ടുദാഹരണം എടുത്തുപറയാം.

ദേവരാജന്മാസ്റ്ററെയും ദേവരാജ് എന്ന കുറ്റവാളിയെയും തമ്മിലിണക്കി നടത്തുന്ന വിവരണമാണ് ഒന്ന്. യാദൃച്ഛികതകളുടെ സംയോഗത്തെക്കുറിച്ചുള്ള ആർതർ കൊയ്‌സലറുടെ പുസ്തകം ചൂണ്ടിക്കാണിച്ചുകൊണ്ട് ആനന്ദ് എഴുതിയ 'ഹോട്ടൽക്കാരൻ' എന്ന കഥ വായിച്ചാൽ സുഭാഷിനു മനസ്സിലാകും, എന്താണ് ഈ സങ്കല്പനത്തിന്റെ കലാസാധ്യതയെന്ന്.

അടിമുടി കൃത്രിമമായിപ്പോയ 'ചെക്കോവ്' സങ്കേതമാണ് മറ്റൊന്ന്. ഇയാൻ വാട്‌സൺന്റെ Chekov's Journey എന്ന നോവൽ വായിച്ചാൽ എങ്ങനെ സ്ഥല-കാലങ്ങളെയും ചരിത്ര-ജീവിതങ്ങളെയും ദേശ-ഭാഷകളെയും രൂപ-ഭാവങ്ങളെയും കുഴമറിച്ച് ഒരു മാന്ത്രികഭാവന (ആന്റൺ ചെക്കോവിനെത്തന്നെ മുൻനിർത്തി) നോവലിൽ ആവിഷ്‌ക്കരിക്കാം എന്നും സുഭാഷിനു മനസ്സിലാകും.

പരത്തിപ്പറയാനുള്ള അമിതാവേശം, അതിശയോക്തിപരമായി മാത്രം കാര്യങ്ങളവതരിപ്പിക്കാനുള്ള ഭ്രമം എന്നിവ നോവലിന്റെ രൂപലാവണ്യവും ഭാവഗൗരവവും തകർത്തുതരിപ്പണമാക്കുന്നത് ഒന്നോ രണ്ടോ ഇടത്തല്ല. ചലച്ചിത്രതാരത്തിന്റെ പുസ്തകപ്രകാശനം അവതരിപ്പിക്കുന്ന അധ്യായത്തിലും മറ്റുമുള്ളതുപോലെ ഏറ്റവും വിരസവും നിസ്സാരവുമായ കാര്യങ്ങളെപ്പോലും പത്തും ഇരുപതും പുറങ്ങളിലേക്കു വലിച്ചുനീട്ടുകയാണ് സുഭാഷിന്റെ രീതി. സിദ്ധാർഥനും ശകുന്തളയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ ക്ഷുദ്രത മാത്രമായി മാറുന്നുവെങ്കിൽ കാമുകനുമൊത്ത് വെള്ളിയാങ്കല്ലിൽ പോകുന്നത് സോഫ്റ്റ് പോണിന്റെ ഇക്കിളിയായവസാനിക്കുന്നു. ഒരുപക്ഷെ ഈനിരയിൽ ഏറ്റവും ജുഗുപ്‌സാവഹം, അംബ സ്വന്തം മകന്റെ കാമപൂർത്തി തീർത്തുകൊടുക്കുന്ന ഭാഗമായിരിക്കും.

ഇതൊന്നുമല്ല പക്ഷെ 'സമുദ്രശില'യുടെ കലാപരമായ പതനത്തിന്റെ 'മാസ്റ്റർ സ്‌ട്രോക്ക്'. അത് ഈ നോവലിലുടനീളം മഹാമേരുപോലെ നിറഞ്ഞിരുണ്ടുനിൽക്കുന്ന സുഭാഷ്ചന്ദ്രന്റെ അസഹനീയവും അനന്യവുമായ ആത്മരതിയാകുന്നു.

ആന്റൺ ചെക്കോവിന്റെ ജീവിതത്തിലെ ഒരു സന്ദർഭം മുൻനിർത്തി പറയുന്ന കഥയിൽ എഴുത്തുകാരന്റെ അഹംഭാവത്തിനും ആത്മരതിക്കും 'ഒൻപതാം മാസഗർഭം പോലൊരു ഗർവം' എന്ന രൂപകം സുഭാഷ്ചന്ദ്രൻ കൊണ്ടുവരുന്നുണ്ട്. ഈ നോവൽ ആദ്യന്തം ഏതാണ്ടിത്തരമൊരു ഗർഭഗർവം പേറുന്നുണ്ട് എന്നതാണ് യാഥാർഥ്യം. മുൻപു സൂചിപ്പിച്ചതുപോലെ എഴുത്ത്, എഴുത്തുകാരന്റെ ആത്മരതിയുടെ വിസർജ്യമായി മാറുന്നതിന്റെ അശ്ലീലമാണ് 'മനുഷ്യന് ഒരു ആമുഖ'ത്തിലേതിലേതിലെക്കാൾ മ്ലേച്ഛമായി ഈ നോവലിൽ പ്രകടമാകുന്നത്. സുഭാഷ്ചന്ദ്രൻ തന്റെ ഉടലും ഉയിരും കൂടും കുടുംബവുമായി 'സമുദ്രശില'യിൽ തിടംവച്ചു നിൽക്കുകയാണ്. ഭാഷണപരമായ അഹന്തയുടെ പരമപദസമ്പന്നതയോടെ. എന്നു മാത്രവുമല്ല, വ്യാസഭാരതത്തിന്റെ തുടർച്ചയായി തന്റെ നോവലിനു മഹത്വം കല്പിക്കുകയും ഇതിഹാസകാരന്റെ ഛായയിൽ തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട്, സ്വയം പുകഴ്‌ത്താനും വാഴ്‌ത്താനും വേണ്ടി നോവലെഴുതുന്ന, ലോകത്തെ തന്നെ ആദ്യഎഴുത്തുകാരനായി മാറുകയും ചെയ്യുന്നു, സുഭാഷ്ചന്ദ്രൻ. സമാനതകളോ സമാന്തരതകളോ ഇല്ലാത്തവിധം ഹീനമാകുന്നു, ഈ എഴുത്തുരീതി.

ഏറ്റവും വലിയ കൗതുകമെന്തെന്നാൽ, സാഹിത്യത്തിലും സാമൂഹ്യമാധ്യമങ്ങളിലുമുള്ള തന്റെ എഴുത്ത് ആത്മരതിയുടെ ആറാട്ടാണെന്ന വായനക്കാരുടെ പരാതി പലകുറി സൂചിപ്പിച്ചുകൊണ്ട് അതിനെ ലഘൂകരിക്കാൻ സുഭാഷ്ചന്ദ്രൻ നടത്തുന്ന 'സൈക്കോളജിക്കൽ മൂവ്' ആണ് നോവലിൽ തന്നെയുള്ള ആത്മരതിയുടെ കുറ്റസമ്മതം. സ്വയം ഇകഴ്‌ത്തിയും പരിഹസിച്ചും സൃഷ്ടിക്കുന്ന ഈയൊരു ട്വിസ്റ്റ് യഥാർഥത്തിൽ നോവലിന്റെ ആഖ്യാനത്തെ വലിയൊരു അശ്ലീലമാക്കി മാറ്റുന്ന ആത്മരതിയുടെ തലതിരിഞ്ഞ പ്രകടനം മാത്രമാണ്. അംബ, സുഭാഷ്ചന്ദ്രനെഴുതുന്ന കത്തിൽ, 'ഊച്ചാളികളായ പുരുഷന്മാർക്ക് സഹിക്കാൻ കഴിയാത്ത, എന്നാൽ ആത്മാദരമുള്ള മനുഷ്യർക്ക് ഇഷ്ടം കലർന്ന ബഹുമാനം തോന്നുന്ന ഒരെഴുത്താണ് അയാളുടേത്' എന്നു പറയുന്നുണ്ട്. സുഭാഷ്ചന്ദ്രൻ സ്വയമണിഞ്ഞ അമേധ്യത്തിന്റെ കിരീടമാണ് ഈ വാക്യം. അവസാനഭാഗത്ത് ചേർത്തിരിക്കുന്ന ചിത്രങ്ങൾക്കുള്ളതും റിയലിസത്തിന്റെ രേഖീകരണമെന്നതിനെക്കാൾ മെഗലോമാനിയയുടെ പ്രകടനസ്വഭാവം മാത്രമാണ്.

ചുരുക്കിപ്പറഞ്ഞാൽ,

1. കാല്പനികവും കാവ്യാത്മകവുമായ ചില ഭാഷണസന്ദർഭങ്ങളും പ്രയോഗവിശേഷണങ്ങളും ജീവിതനിരീക്ഷണങ്ങളുമൊഴികെ ഈ നോവൽ മൗലികമായി ഒരു സാഹിത്യസൗന്ദര്യവും പ്രകടിപ്പിക്കുന്നില്ല.

2. മികച്ച നോവൽ സൃഷ്ടിക്കേണ്ട (1) ജീവിതചിന്തയുടെയും (2) സാമൂഹ്യാനുഭവത്തിന്റെയും (3) രാഷ്ട്രീയബോധത്തിന്റെയും (4) ചരിത്രബന്ധത്തിന്റെയും (5) സ്ഥല-കാലമാനങ്ങളുടെയും ആഴം സമുദ്രശിലയ്ക്ക് തീർത്തും അന്യമാണ്.

3. അടിമുടി കൃത്രിമമായ ആഖ്യാനതലവും ക്ഷുദ്രമായ ഭാവതലവും ശിഥിലമായ രൂപതലവും ഈ രചനയുടെ പ്രധാന ദൗർബ്ബല്യങ്ങളാണ്.

4. ആദ്യന്തം നിറഞ്ഞുനിൽക്കുന്ന അതിഭാവുകത്വം കൊണ്ട് വായനയെ ചെടിപ്പിക്കുന്നു, സമുദ്രശില.

5. മേല്പറഞ്ഞ നാല് ഭാവനാദാരിദ്ര്യങ്ങൾക്കും മകുടം ചൂടുന്ന ആത്മരതിയുടെ പള്ളിനീരാട്ടാണ് സമുദ്രശിലയുടെ ഏറ്റവും ഗുരുതരമായ ഭാവപ്രതിസന്ധി. പറയാതെവയ്യ, കൃതിക്കുള്ളിലും പുറത്തും രേഖപ്പെടുത്തപ്പെട്ട അർഥശൂന്യമായ എല്ലാ അവകാശവാദങ്ങൾക്കും മാധ്യമങ്ങളിലും പൊതുവേദികളിലും നടക്കുന്ന തൽപരകക്ഷികളുടെ വചനപ്രഘോഷണങ്ങൾക്കുമപ്പുറം സമുദ്രശില വെറുമൊരു ആത്മശില മാത്രമാണ്.

നോവലിൽനിന്ന്:-

'അംബ അടുക്കളയിലെ വെളിച്ചം ആദ്യം കെടുത്തി.

അമ്മ കിടന്നിരുന്നതും ഇപ്പോൾ താൻ കിടക്കുന്നതുമായ മുറിയിലെ വെളിച്ചം കെടുത്തും മുൻപ് അവൾ നിശാവസ്ത്രം മാറ്റി സാരിയുടുക്കാൻ തീരുമാനിച്ചു. അലമാര തുറന്ന് തനിക്ക് ആകെയുള്ള പത്തോ പന്ത്രണ്ടോ സാരികളിലൂടെ അവൾ വിരലോടിച്ചു. ഒടുവിൽ ഇളംനീലയിൽ വെളുത്ത ഇത്തിരിപ്പൂക്കൾ നിറഞ്ഞുനിന്ന കോട്ടൺസാരി അംബ തിരഞ്ഞെടുത്തു. അതുടുത്ത് കണ്ണാടിയുടെ മുന്നിൽ അവൾ കുറച്ചുനേരം നിന്നു. മുഖത്തോടു പ്രതിമുഖം ചേർത്ത് തന്റെ ചുണ്ടിന്റെ വലത്തേ കോണിനും താടിയെല്ലിനുമിടയിൽ കിളിർത്തുനീണ്ട ഒരൊറ്റ രോമം അവിടെത്തന്നെയില്ലേ എന്നുറപ്പുവരുത്തി. പിന്നെ മുറിയിലെ വെളിച്ചം കെടുത്തി പുറത്തിറങ്ങി. ഊണുമുറിയിൽനിന്ന് ഭക്ഷണപ്പാത്രവും വീഞ്ഞുകുപ്പിയും അപ്പുവിന്റെ മുറിയിലേക്ക് എടുക്കും മുൻപ് അതു രണ്ടിലും എലിവിഷത്തിന്റെ പൊതി തുറന്ന് വെളുത്തുള്ളിപോലെ മണത്ത ഇളം കറുപ്പുള്ള നേർത്ത തരികൾ മുഴുവനായും കൊട്ടിയിട്ടു. പിന്നെ പാത്രങ്ങളും കുപ്പിയും രണ്ടു ഗ്ലാസുകളും ഓരോന്നായി അപ്പുവിന്റെ മുറിയിലെ പുസ്തകമേശമേൽ കൊണ്ടുവെച്ചശേഷം അവൾ തിരികെച്ചെന്ന് ഭക്ഷണമുറിയിലെ വെളിച്ചവും കെടുത്തി.

കട്ടിലിൽ ചാരിക്കിടന്ന് അപ്പോഴും ഫോണിൽ നോക്കിയിരിക്കുകയായിരുന്നു അപ്പു. അവന്റെ വായിന്റെ കോണിലൂടെ ഒലിച്ചുതൂങ്ങുന്ന ഉമിനീര് മന്വന്തരംപോലെ ദീർഘമായി തോന്നിച്ച കഴിഞ്ഞ ഇരുപത്തൊന്നു വർഷങ്ങൾക്കിടയിൽ ആദ്യമായി അവളെ അറപ്പിച്ചു. പിന്നെ അവൾക്ക് അവനോട് അലിവും തോന്നി. അപ്പു, എന്റെ മകൻ, ഇന്നത്തേക്കുകൂടി എന്റെ മകൻ! ഞാൻ അംബ, ഇന്നത്തേക്കുകൂടി അവന്റെ അമ്മ! അവൾ വിറച്ചു. മാട്ടിറച്ചിവെച്ച പാത്രം തുറന്നപ്പോൾ അവൻ മൂക്കു വിടർത്തുന്നത് അവൾ കണ്ടു. എല്ലാത്തരം മാംസഗന്ധങ്ങളോടും കുട്ടിക്കാലം മുതൽക്കേ അവൻ പുലർത്തിയിരുന്ന അമിതമായ കൊതിയെക്കുറിച്ച് അംബയ്ക്കറിമായിരുന്നിട്ടും ഇപ്പോൾ ആ കാഴ്ചയിലൊരു പെരുച്ചാഴിയെ അവൾ മണത്തു. താൻ കണ്ടുകൊണ്ടിരുന്ന ദൃശ്യങ്ങൾ ഝടുതിയിൽ നിർത്താൻ അപ്പു വ്യഗ്രതകൊള്ളുന്നതും വെട്ടിവെട്ടിച്ചലിക്കുന്ന വലംകൈകൊണ്ട് താൻ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ ഫോൺ കട്ടിലിൽ വെച്ചിട്ട് ഭക്ഷണപ്പാത്രത്തോടൊപ്പമിരിക്കുന്ന വീഞ്ഞുകുപ്പിയിലേക്ക് അവൻ വിസ്മയത്തോടെ നോക്കുന്നതും കണ്ട് അംബ മന്ദഹസിച്ചു.

'അപ്പുവിന് അല്പം വീഞ്ഞു കുടിക്കണോ?', അംബ ആ മന്ദഹാസം അണയാതെ പിടിച്ചുകൊണ്ടു ചോദിച്ചു: 'ഉം?'.

സിനിമകളിൽ അവനതു കണ്ടിട്ടുണ്ടായിരുന്നു. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളിലേക്കുപോലും ലോകത്തിന്റെ മുഴുവൻ അഴുക്കുകളും വന്നടിയുവാനുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഒരു കാലത്തിന്റെ സന്തതിയാണ് തന്റെ മകനും എന്ന് അംബ ഓർമിച്ചു. എല്ലാ അർത്ഥത്തിലും താൻ ജീവിക്കുന്ന കാലത്തിന്റെ ഒരു യഥാർഥ പ്രതിനിധി. ഒറ്റയ്ക്കു നിലനില്പില്ലാത്ത ഒരു തെറ്റ്. അതിനിപ്പോൾ പ്രതിവിധി ചെയ്യേണ്ടിയിരിക്കുന്നു.

അംബ വീഞ്ഞുകുപ്പി തുറന്ന് രണ്ടു ഗ്ലാസിലുമായി നിറയെ ഒഴിച്ചു. അപ്പുവിനെപ്പോലെതന്നെ താനും ജീവിതത്തിലാദ്യമായി വീഞ്ഞു കുടിക്കാൻ പോവുകയാണെന്നോർത്തുകൊണ്ട് അവൾ സിനിമാരംഗങ്ങളെ അനുകരിച്ച് അവനോടു പറഞ്ഞു: 'ചിയേഴ്‌സ് അപ്പു!'.

വികൃതമായ ഒരു ചിരിയോടെ അവനും ആ വാക്ക് ഉച്ചരിക്കാൻ ശ്രമിച്ചു: 'ചീയേ!'.

രാസപദാർഥം കലർന്ന് കൂടുതൽ ഇരുണ്ട മുന്തിരിവീഞ്ഞ് കട്ടിലിൽ തൂവാതെ കുടിക്കാൻ അംബ അവനെ സഹായിച്ചു. ആദ്യത്തെ ഇറക്കിന് മുഖം ചുളിച്ചെങ്കിലും പിന്നീട് ആർത്തിയോടെ ഒറ്റവലിക്ക് അതു മുഴുവനും അകത്താക്കുവാൻ അവനു കഴിഞ്ഞു. തന്റെ നെഞ്ചിലേക്ക് അവനെ ചാരിയിരുത്തി മാട്ടിറച്ചിയുടെ കഷണങ്ങൾ രണ്ടും മൂന്നുമായി അവൾ അവന്റെ വലിയ വായിലേക്കു വെച്ചുകൊടുത്തു. 'വേഗം കഴിക്ക്!', അംബ അവനെ കുട്ടിക്കാലത്തെന്നപോലെ നിരർഥകമായ ഒരു വാചകത്താൽ പ്രോത്സാഹിപ്പിച്ചു: 'അമ്മേടെ മോന് വലിയ ഒരാളാകേണ്ടേ?'.

അവന്റെ നെറ്റിയിലേക്കു വീണുകിടന്ന കോലൻതലമുടിയിലും അടുത്ത കാലത്തായി കനംവെച്ചു തുടങ്ങിയിരുന്ന താടിരോമങ്ങളിലും അവൾ ഇറച്ചിക്കഷണങ്ങൾ പിടിച്ച വിരലുകളുടെ പിൻഭാഗംകൊണ്ട് പതുക്കെ തലോടി. തന്റെ മാറിടത്തിലേക്ക് മുഖം ചേർത്ത് അവൻ അപ്പോൾ വീണ്ടും മൂക്കു വിടർത്തുന്നത് അംബ കണ്ടു. അവൻ ഓക്കാനിക്കുന്നതുപോലെ ഒരൊച്ചയുണ്ടാക്കി. കുപ്പിയിൽ ബാക്കിയിരുന്ന വീഞ്ഞുകൂടി കുടിപ്പിച്ച് അംബ അപ്പോൾ അവനെ സ്വസ്ഥനാക്കി. തനിക്കായി ഒഴിച്ച വിഹിതം കുടിക്കാനെടുത്ത അവൾ എന്തോ മറന്നപോലെ ഒരു നിമിഷം കുഴങ്ങി. പിന്നെ കട്ടിലിന്റെ വലതുഭാഗത്തു കിടന്നിരുന്ന മൊബൈൽഫോണെടുത്ത് അതിൽ നേരത്തേ സൂക്ഷിച്ചുവെച്ചിരുന്ന ഗ്ലൂമി സൺഡേ എന്ന ഗാനം കഴിയാവുന്നിടത്തോളം ഉച്ചത്തിൽ വെച്ചു. അപ്പു വിയർക്കാനും കണ്ണുമിഴിക്കാനും തുടങ്ങുന്നതായി കണ്ട് അവൾ എഴുന്നേറ്റുചെന്ന് ആ വീട്ടിലെ അവസാനത്തെ വെളിച്ചവും കെടുത്തി. മൊബൈൽഫോണിന്റെ സ്‌ക്രീനിൽനിന്നു മാത്രം ഉതിരുന്ന ആ മങ്ങിയ വെളിച്ചം, ആ സമയത്ത് കേരളത്തിലെ ലക്ഷക്കണക്കിനു കിടപ്പുമുറികളിലെന്നപോലെ, ആ മുറിയിലും അശ്ലീലച്ചിരിപോലെ ഒരരണ്ട വെട്ടമായി മുനിഞ്ഞു. അംബ മകന്റെ മുഖത്തേക്ക് തന്റെ പിടയ്ക്കുന്ന നെഞ്ച് ചെറ്റിട ചേർത്തുപിടിച്ചു. പിന്നെ രതിയുടെയും മൃതിയുടെ പാഠങ്ങൾ ഒരേസമയം അവനെ പഠിപ്പിക്കാൻ, രണ്ടും ഒന്നുതന്നെയെന്ന് അനുഭവിപ്പിക്കാൻ, സാരി ഉയർത്തിവെച്ച് അവൾ അവനുമേൽ കവച്ചു.

ഫോൺ പാടിക്കൊണ്ടിരുന്ന അത്യഗാധമായ ആ വിഷാദഗാനം അവസാനിച്ചപ്പോൾ കാതുപൊട്ടുന്ന ഒരു നിശ്ശബ്ദത മുറിയിൽ നിറഞ്ഞു. കട്ടിലിന്റെ അവസാനഞരക്കത്തിനും മീതേ, മൃതിമൂർച്ഛയിൽ തന്റെ മകൻ അത്യുഗ്രമായി ഒന്നു പിടഞ്ഞശേഷം ശമിച്ചൊടുങ്ങുന്നത് അംബ അറിഞ്ഞു. ഇരുട്ടിൽ ഛർദിയുടെ ഗന്ധം കുമിഞ്ഞു.

അവൾ വേച്ചെഴുന്നേറ്റ് ആ ഗാനം ഒരിക്കൽക്കൂടി കേൾക്കാൻ ഒരുങ്ങി. മേശപ്പുറത്ത് തനിക്കായി വെച്ച വീഞ്ഞു തട്ടിമറിയാതെ വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞ് എടുത്തുകൊണ്ട് അവൾ ജനാലയുടെ അടുത്തേക്കു നടന്നു. ഇടതുകൈയിൽ വീഞ്ഞു പിടിച്ചിട്ട് വർഷങ്ങൾക്കുശേഷം ആദ്യമായി ജാലകവാതിലുകൾ അവൾ മഴയിലേക്കു തുറന്നു. കർക്കിടകത്തിന്റെ ആർത്തലയ്ക്കുന്ന മഴയിൽ ഇപ്പോൾ കനോലി കനാൽ മാലിന്യത്തിന്റെ പ്രളയജലം കുതിച്ചൊഴുകുന്ന ഒരു കറുത്ത നദിയായി അംബയ്ക്കു തോന്നി. ഒരൊറ്റ വലിക്ക് വീഞ്ഞു മുഴുവനായും കുടിച്ചുകൊണ്ട് അവൾ അങ്ങു ദൂരെയെവിടെയെങ്കിലും ആകാശത്ത് ചുവന്ന ചന്ദ്രൻ മുഖം കാണിക്കുന്നുണ്ടോ എന്നു നോക്കി. ഒരു വിറകടുപ്പിൽ എന്നപോലെ തന്റെ ആന്തരാവയവങ്ങൾ ദഹിക്കുന്നതായും നിയന്ത്രണമില്ലാതെ തുറിച്ചുവരുന്ന തന്റെ കണ്ണുകൾക്കു മുന്നിൽ ചില മായക്കാഴ്ചകൾ തെളിഞ്ഞുവരുന്നതായും അവൾക്കു തോന്നി. തുറുങ്കാണോ ഇടുങ്ങിയ എഴുത്തുമുറിയാണോ എന്നുറപ്പില്ലാത്തൊരു പടുതിയിൽ ഇരുന്ന് തനിക്കു നേരിൽ പരിചയമുള്ള ഒരേയൊരു എഴുത്തുകാരൻ തന്റെ പേർ വിളിച്ചു കരയുന്നത് അവൾ കണ്ടു. എഴുതിവെച്ച കടലാസ് ചുരുട്ടിയെടുത്ത് സ്വന്തം നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് അയാൾ പറഞ്ഞു: 'അംബേ, നിന്റെ മകൻ ഇതാ, ഈ കടലാസിൽ ഇപ്പോൾ മരിച്ചു! അംബേ, അവനെ ഞാൻ കൊന്നു! നീ കാണുന്നില്ലേ, ഞാനിതാ ആ കുറ്റത്തിന് എനിക്കു വിധിച്ച തടവറയിൽ!', അയാൾ ചങ്കുപൊട്ടുന്നതുപോലെ കരഞ്ഞു.

ഗ്ലൂമി സൺഡേ അതിന്റെ രണ്ടാംവട്ടത്തിൽ ചരണത്തിലേക്കു കടക്കുകയായിരുന്നു. പൊടുന്നനേ തന്റെ കണ്മുന്നിലൊഴുകുന്ന ഇരുണ്ട നദിയിൽ മലർന്നൊഴുകുന്ന ശവങ്ങൾ നിറയെ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് അംബ കണ്ടു. ഇടംകൈയിൽ കാതിലേക്കു ചേർത്തുവെച്ച മൊബൈൽഫോണും ഉപസ്ഥത്തിൽ കുടുങ്ങിയ വലംകൈയുമായി കൗമാരം മുതൽ മധ്യവയസ്സുവരെ പ്രായമുള്ള ആണിന്റെയും പെണ്ണിന്റെയും ശവങ്ങൾ പെരുമഴ നനഞ്ഞ് അതാ ഒഴുകിപ്പോകുന്നു. അവയുടെ മേൽ രക്തംപോലെ വീണുകിടന്ന പ്രകാശം ആകാശത്തുനിന്നുള്ളതാണെന്നു തോന്നിയപ്പോൾ അംബ കുഴയാൻ തുടങ്ങുന്ന കഴുത്തു ബലപ്പെട്ടുയർത്തി ജനലിലൂടെ കഴിയാവുന്നിടത്തോളം മുകളിലേക്കു നോക്കി. ചോരപോലെ, നഞ്ചു ചേർത്ത വീഞ്ഞുപോലെ, തുള്ളിതുള്ളിയായി ഭൂമിയിലേക്കിറ്റുന്ന നിലാവുമായി, മഴയുടെ നരച്ച തിരശ്ശീലയ്ക്കപ്പുറം രക്തചന്ദ്രൻ ഭീഷണമായ ഒരു മന്ദഹാസത്തോടെ ഉദിച്ചുനില്ക്കുന്നതു കണ്ട് അംബയ്ക്കു കാലുകൾ തളർന്നു.

അങ്ങകലെ കനോലി കനാലിന്റെ ഇരുൾപ്രവാഹത്തിൽ, കർക്കിടകത്തിന്റെ വിഷവർഷത്തിൽ, അപ്പോൾ മറ്റൊരു ദൃശ്യം തെളിഞ്ഞു: വെളുത്ത കാറ്റുപായകൾ കെട്ടിയ ഒരു യാനപാത്രം; അതു തന്റെ നേർക്കാണ് വരുന്നതെന്നും അതിന്റെ അനിയത്തിൽനിന്ന് കൈകൾ ഉയർത്തിവീശുന്ന, സമൃദ്ധമായ വെൺതാടിയുള്ള വൃദ്ധൻ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്നും അംബയ്ക്കു തിരിഞ്ഞു.

'ക്ഷമിക്കൂ!', ആ വൃദ്ധനോട് ഉറക്കെ വിളിച്ചുപറയാൻ ഓങ്ങിയ വാചകം കെല്പറ്റ് അവളുടെ നാക്കിൽത്തന്നെ ഞാന്നു: 'ഉപാധികളില്ലാത്ത സ്‌നേഹം എന്നത് സ്വയം ഒരുപാധിയായിത്തീരുമെന്ന് മനസ്സിലാക്കാൻ ഞാൻ ഇത്രയും കാലമെടുത്തു!'.

അംബ വിഷപാത്രം ജനലിലൂടെ മഴയത്തേക്കെറിഞ്ഞു. താനിപ്പോൾ മറ്റാരുടെയോ മനസ്സിലാണ് നിലനില്ക്കുന്നതെന്ന വിചിത്രമായ ഒരു തോന്നലോടെ അവൾ ഇരുൾനദിയിലൂടെ തന്നിലേക്കണയുന്ന വെണ്മനിറഞ്ഞ ആ മായക്കാഴ്ചയ്ക്കുനേരേ രണ്ടു കൈകളും നീട്ടി. പിന്നെ നവദ്വാരങ്ങളിലൂടെയും വിസർജിച്ചുകൊണ്ട് നിലത്തേക്കു കുഴഞ്ഞുവീണു.
ബൃഹത്തായൊരു പുസ്തകത്തിലെ അവസാനത്തെ വാചകംപോലെ, അതുവരെ ഒരു നദികണക്കേ പ്രവഹിച്ചുകൊണ്ടേയിരുന്ന വാക്കുകളുടെ കുത്തൊഴുക്കിനു കുറുകെ സ്വന്തം ശരീരംകൊണ്ട് തടയണ കെട്ടി, അംബ ഇരുട്ടിൽ കിടന്നു'.

സമുദ്രശില
സുഭാഷ്ചന്ദ്രൻ
മാതൃഭൂമി ബുക്‌സ് 
2019, 325 രൂപ 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP