Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവിതം ഒരത്ഭുതമാകുന്നു

ജീവിതം ഒരത്ഭുതമാകുന്നു

ഷാജി ജേക്കബ്‌

‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്നത് ഒരു നാടകത്തിന്റെ പേരല്ല, ഇനിയും എഴുതിത്ത്ത്ത്ത്തീരാത്ത മലയാളിസ്ത്രീയുടെ ആത്മകഥയുടെ പേരാണ്. അഥവാ സഫലമാകാത്ത ഒരു ചരിത്രത്തിന്റെ ശീർഷകം. ആധുനികത സ്ത്രീജീവിതത്തിൽ നടത്തിയ ഏറ്റവും അടിസ്ഥാനപരമായ ഇടപെടൽ അവളുടെ സാമൂഹ്യദൃശ്യതയും സാന്നിധ്യവും ഉറപ്പിക്കുന്നതിലായിരുന്നു. പക്ഷെ രണ്ടു നൂറ്റാണ്ടു പിന്നിട്ടിട്ടും ഇനിയും പൂർത്തീകരിക്കാത്ത ഒരു പദ്ധതിയായി അതവശേഷിക്കുന്നു.

കേരളീയാധുനികത, പകുതി തളർന്ന ഒരുടൽപോലെയാണ് എന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. മതം, ജാതി, വർഗം എന്നീ പദവികൾ സ്ത്രീയെ അവളുടെ ലിംഗപദവിക്കു പുറമേ ഭരിക്കുന്ന വ്യവസ്ഥകളാണെങ്കിൽ കുടുംബം മുതൽ പൊതുസമൂഹവും ഭരണകൂടവും വരെയുള്ളവ അവളെ ചങ്ങലയ്ക്കിടുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ടാണ് അടുക്കളയിൽനിന്ന് നൂറ്റാണ്ടുമുൻപേ തുടങ്ങിയ യാത്ര ഇനിയും അരങ്ങത്തെത്താതെ അകത്തളങ്ങളിലെവിടെയോ അവളെ തടഞ്ഞുനിർത്തിയിരിക്കുന്നത്.

ഇതിനിടെ, ഇക്കാലയളവിലെങ്ങും ഒറ്റയ്ക്കും തെറ്റയ്ക്കും ചുരുക്കം ചില സ്ത്രീകൾ കോരുവലയിൽ നിന്നു തെറിച്ചുചാടിയ മീനുകളെപ്പോലെ പുരുഷാധിപത്യത്തിന്റെ ഭ്രമണപഥത്തിനു പുറത്തേക്കു രക്ഷപ്പെടുന്നുണ്ടായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്വാശ്രയത്വം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നിവയെല്ലാം ഒത്തിണങ്ങിവന്ന് ഒന്നായനുഗ്രഹിച്ച സ്ത്രീകൾ ഒരിക്കലുമുണ്ടായില്ലെങ്കിലും എങ്ങനെയൊക്കെയോ സ്വന്തം കാലിൽനിന്ന് ആണധികാരം അലക്കിത്തേച്ചുടുത്ത കുടുംബത്തിനും സമൂഹത്തിനും അലോസരമുണ്ടാക്കാനെങ്കിലും പലർക്കും കഴിഞ്ഞു.

പലപ്പോഴും മാടിനെപ്പോലെ പണിയെടുത്ത് കുടുംബം പോറ്റാനുള്ള ചുമതലയും കുടുംബത്തെ തോളേറ്റാനുള്ള ബാധ്യതയും മാത്രമായിരുന്നു ഈ സ്ത്രീസ്വാതന്ത്ര്യം എന്നും ഓർക്കണം. വിശേഷിച്ചും കേരളത്തിനു പുറത്തേക്ക് തൊഴിൽ തേടിപ്പോയ ആയിരക്കണക്കിനു സ്ത്രീകളുടെ ജീവിതം മറ്റൊരു യാഥാർഥ്യമല്ല മുന്നോട്ടുവയ്ക്കുന്നത്. പൊതുവിടത്തിൽ സ്ത്രീക്കു കൈവരുന്ന ദൃശ്യതയും പ്രാതിനിധ്യവും ഒരിക്കലും സ്വാഗതാർഹമോ സർഗാത്മകമോ ആയി മലയാളി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് അടുക്കളയിൽനിന്നു പുറപ്പെട്ട മലയാളിസ്ത്രീ ഇനിയും അരങ്ങത്തെത്താത്തത്. എത്തിയ അരങ്ങുകളാകട്ടെ, ആണരങ്ങു മാത്രമായവശേഷിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ മലയാളിസ്ത്രീയുടെ പൊതുസമൂഹസാന്നിധ്യത്തിലെ ഏറ്റവും പ്രശ്‌നഭരിതമായ വേദികളിലൊന്നായിരുന്നു, നാടകം. ക്ലാസിക്കൽ രംഗകലകൾ സ്ത്രീയെ ജനിതകപരമായിത്തന്നെ നിഷ്‌കാസനം ചെയ്തപ്പോൾ പ്രൊഫഷണൽ/ജനപ്രിയനാടകവേദി പതിയെപ്പതിയെ സ്ത്രീയെ അരങ്ങിലെത്തിച്ചുതുടങ്ങി. സിനിമയും ഇതര ജനപ്രിയകലകളും മാധ്യമങ്ങളും സ്ത്രീയുടെ ശബ്ദ, ശരീര, പ്രകടനങ്ങൾ ഏറ്റെടുത്തുതുടങ്ങിയതോടെ നാടകവേദി മലയാളിസ്ത്രീയുടെ ഏറ്റവും മൂർത്തമായ അരങ്ങേറ്റമണ്ഡലമായി മാറി. പക്ഷെ ആണെതിർപ്പുകൾ സദാചാരനിയമങ്ങളുടെയും സാമ്പത്തിക ചൂഷണത്തിന്റെയും ഇരട്ടവിഷവാൽകൊണ്ട് അവൾക്കുമേൽ ദംശിച്ചുകൊണ്ടേയിരുന്നു.

അരങ്ങിലും അണിയറയിലും, വീട്ടിലും പുറത്തും, സ്വകാര്യതയിലും ദാമ്പത്യത്തിലും അവൾക്ക് ഒറ്റജീവിതത്തിൽ തന്നെ പല വേഷങ്ങൾ കെട്ടിയാടേണ്ടിവന്നു. കുടുംബം കത്തിവേഷം കെട്ടി അവൾക്കു മുന്നിൽ കാവൽനിന്നു. മതവും സമൂഹവും അവൾക്കുചുറ്റും സദാചാരക്കണ്ണുകൾ ചുഴറ്റി ഉഴറിനടന്നു. സ്ത്രീ, തന്റെ ഉടലിന്റെ പേരിൽ ഇത്രമേൽ സങ്കടപ്പെട്ട മറ്റൊരു കാലമുണ്ടാവില്ല. ആത്മാവിൽനിന്നു ശരീരത്തെ ഉരിഞ്ഞുമാറ്റി പുരുഷകാമം അവളെ പൊതിഞ്ഞുസൂക്ഷിച്ചു. ഈയൊരവസ്ഥയിൽനിന്ന് സമ്പൂർണമായി ഇനിയും മുക്തമായിട്ടില്ലെങ്കിലും താരതമ്യേന പെണ്ണിന്റെ പ്രാണസഞ്ചാരങ്ങൾക്ക് ചിറകുമുളച്ച കാലത്താണ് നാം നിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് തങ്ങളനുഭവിച്ച നരകത്തിന്റെ തീക്കഥകൾ ആർജ്ജവത്തോടെ തുറന്നുപറയാൻ ഇന്നു നിരവധി മലയാളിസ്ത്രീകൾ മുന്നോട്ടുവരുന്നത്.

എച്ച്മുക്കുട്ടിയുടെ ആത്മകഥ, മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യെക്കാൾ എത്രയോ മടങ്ങ് ആഘാതശേഷിയോടെയാണ് മലയാളിയുടെ കുടുംബഘടനയെയും ആണധികാരവ്യവസ്ഥയെയും പിടിച്ചുലയ്ക്കുന്നത്! ലളിതാംബിക അന്തർജനവും സരസ്വതിയമ്മയും മാധവിക്കുട്ടിയും അജിതയും ഗൗരിയമ്മയുമൊക്കെ നടത്തിയ മലയാളിസ്ത്രീയുടെ ആത്മാവിഷ്‌ക്കാരത്തെ ആപൽക്കരമായിത്തന്നെ മുന്നോട്ടുകൊണ്ടുപോയി, സി.കെ. ജാനുവും നളിനി ജമീലയും സിസ്റ്റർ ജസ്മിയും നിലമ്പൂർ ആയിഷയും അഷിതയും മറ്റും മറ്റും.

നാടക, ചലച്ചിത്ര കലാകാരിയായ പൗളി വത്സൻ തന്റെ ജീവിതം പറയുന്ന ‘ചോരനേരുള്ള പകർന്നാട്ടങ്ങൾ’, ഈ ജനുസിൽ മലയാളത്തിലുണ്ടായ ഏറ്റവും പുതിയ ആഖ്യാനപാഠമാണ്. സജിതമഠത്തിലിന്റെ ‘മലയാളനാടകസ്ത്രീചരിത്രത്തിലും കെ. ശ്രീകുമാറിന്റെ ഒന്നിലധികം നാടകചരിത്രപുസ്തകങ്ങളിലും നെൽസൺ ഫെർണാണ്ടസിനെപ്പോലുള്ളവരുടെ ഗ്രന്ഥങ്ങളിലുമൊക്കെ സൂചിപ്പിക്കപ്പെടുന്നപോലുള്ള നൂറുകണക്കിനു നാടകകലാപ്രവർത്തകരിലൊരാളാണ് പൗളി. പക്ഷെ ഈ.മ.യൗ, ഒറ്റമുറിവെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം നേടിയതോടെയാണ് പൗളിക്ക് ഇന്നുള്ള മാധ്യമ-സമൂഹ ദൃശ്യത കൈവന്നത്.

കലയിലും ജീവിതത്തിലും അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു നടിയുടെ ആത്മകഥയെന്ന നിലയിൽ ഈ പുസ്തകം ശ്രദ്ധേയമാകുന്നു. മൂന്നു ഘട്ടങ്ങളായി തിരിക്കാം പൗളിയുടെ ജീവിതനാടകത്തെ (നാടകജീവിതമെന്നതിനെക്കാൾ ജീവിതനാടകം എന്നതാണ് പൗളിയുടെ ആത്മകഥയ്ക്കു യോജിക്കുന്ന വിശേഷണം-അത്രമേൽ നാടകീയമാണ് അവരുടെ ജീവിതം).

ഒന്നാം ഘട്ടം:

1957-ൽ എറണാകുളത്തുള്ള കായൽത്തുരുത്തുകളിലൊന്നിലാണ് പൗളി ജനിച്ചത്. കണ്ടൽക്കാടുകൾക്കും കമ്മട്ടികൾക്കും മധ്യേ, വെള്ളത്താൽ ചുറ്റപ്പെട്ട ചതുപ്പുകളിൽ, കോരിക്കയറ്റിയ ചെളിക്കൂനകളിൽ ഓലകൊണ്ടു മറച്ചും മേഞ്ഞും നിർമ്മിച്ച കൂരകളിൽ ജീവിച്ചുപോന്ന ആയിരക്കണക്കായ മനുഷ്യർക്കൊപ്പം പട്ടിണികിടന്നും പണിയെടുത്തും ജീവിതത്തിന്റെ രണ്ടറ്റം ഒരിക്കലും കൂട്ടിമുട്ടിക്കാൻ കഴിയാതെ പൗളിയും നിലനിന്നു. ഓച്ചന്തുരുത്ത് എന്നായിരുന്നു ആ തുരുത്തിന്റെ പേര്. മത്സ്യത്തൊഴിലാളിയായ അപ്പൻ. അഞ്ചു പെണ്ണും രണ്ടാണും ഉൾപ്പെടെയുള്ള ഏഴുമക്കളെപ്പോറ്റാൻ വലഞ്ഞുലയുന്ന അമ്മ. മൂത്തവളായിരുന്നു പൗളി. കൂലിപ്പണിക്കാരുടെ കുടുംബം. കഷ്ടപ്പെട്ടും വിശന്നും പൊരിഞ്ഞും പത്തുകൊല്ലം പള്ളിക്കൂടത്തിൽ പോയി പൗളി. പത്താം ക്ലാസിൽ പരീക്ഷയെഴുതാൻ കഴിയാതെ തോറ്റു. പിന്നെ കുടുംബം പോറ്റാൻ നാടകാഭിനയത്തിനിറങ്ങി.

പതിനൊന്നാം വയസ്സിൽ തട്ടേൽ കേറിയതാണ് പൗളി. സ്‌കൂളിലെ നാടകമത്സരങ്ങളിലും വൈപ്പിൻകരയിലെ അസംഖ്യം ക്ലബ്ബുകളുടെ നാടകങ്ങളിലും ആൺവേഷവും പെൺവേഷവും കെട്ടി ട്രാജഡിയും കോമഡിയും ഒരുപോലെ അഭിനയിച്ചു, അവൾ. സ്‌കൂൾമിറ്റം പ്രൈമറിസ്‌കൂൾ, കുരിശിങ്കലെ അപ്പർ പ്രൈമറി സ്‌കൂൾ, എളങ്കുന്നപ്പുഴയിലെ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെല്ലാം പഠിച്ചെങ്കിലും പൗളിയുടെ ഹരവും സ്വപ്നവും പ്രതീക്ഷയും വിശ്വാസവും രക്ഷാമാർഗവും നാടകാഭിനയമായിരുന്നു.

ആൺകുട്ടികൾ നൂറുരൂപ നൽകാമെന്നു പറഞ്ഞ് പൗളിയെക്കൊണ്ട് സ്‌കൂളിൽ പരസ്യമായി സിഗരറ്റ് വലിപ്പിച്ചതും പണം നൽകാതെ പറ്റിച്ചതും നാടകത്തിനു മേക്കപ്പിട്ടുനൽകിയ വിൻസന്റ് ചേട്ടനു കൊടുക്കാൻ ചാരായം തപ്പിപ്പോയതും ക്ലാസ് കട്ട് ചെയ്ത് പതിവായി സിനിമക്കു പോയിരുന്നതും.... ഒന്നും മറച്ചുവയ്ക്കുന്നില്ല പൗളി. ജീവിതം തീർത്തും സ്‌നേഹരഹിതമായാണ് ആ പെൺകുട്ടിയോടു പെരുമാറിയത്. അവളാകട്ടെ, അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലുമായിരുന്നു. കൂട്ടുകാരോട് അഞ്ചു പൈസവീതം കടംവാങ്ങി വീട്ടിൽ റേഷനരി വാങ്ങിയിരുന്നതും രേണുക, ജോണമ്മ തുടങ്ങിയ കൂട്ടുകാരികൾ പകുത്തുനൽകിയ ഉച്ചഭക്ഷണം കൊണ്ടു വിശപ്പടക്കിയിരുന്നതും ഒരിക്കലും ബസിൽ കയറാതെ മിച്ചം പിടിച്ച പണം കൊണ്ട് ആവശ്യങ്ങൾ നടത്തിയിരുന്നതും.... കഷ്ടകാലങ്ങളുടെ കഥ പറയുകയാണ് പൗളി.

കൂട്ടുകാർക്കുള്ള കടം മൂക്കറ്റമായ കാലം. ഒരു നാടകത്തിനു വേഷമിട്ടാൽ ഇരുപത്തഞ്ചു രൂപ ലഭിക്കുമെന്നറിഞ്ഞ പൗളി ആ തുകയ്ക്കുവേണ്ടി മാത്രം ആഴ്ചകൾ കഷ്ടപ്പെട്ട് നാടകം പഠിച്ച് അഭിനയിച്ചു. പക്ഷെ അവതരണം കഴിഞ്ഞപ്പോൾ സംഘാടകർ മുങ്ങി. ഉള്ളിൽ കണ്ണീരും കയ്യുമായി നടന്നപ്പോഴും പുറമെ ചിരിയും കളിയുമായി ജീവിതം അഭിനയിച്ചുതികയ്ക്കുകയായിരുന്നു, പൗളി.

രണ്ടാം ഘട്ടം:

ഗൗരവതരമായ നാടകാഭിനയത്തിന്റെ മൂന്നരപതിറ്റാണ്ടു നീണ്ട കാലമാണ് ഈ ഘട്ടം. 1975-ലാണ് പൗളി പ്രൊഫഷണൽ നാടകത്തിൽ അഭിനയമാരംഭിക്കുന്നത്. കുരിശിങ്കൽ പള്ളിയിൽ, പ്രധാന നടി അപ്രതീക്ഷിതമായി ഒഴിവായപ്പോൾ പകരക്കാരിയായി വന്ന് രണ്ടുമണിക്കൂർകൊണ്ട് സംഭാഷണമെല്ലാം പഠിച്ച് രണ്ടരമണിക്കൂർ നാടകത്തിൽ നായികയായി അഭിനയിച്ച അനുഭവത്തിലാണ് തുടക്കം. അൻപതുരൂപ പ്രതിഫലം. കൂട്ടുകാർക്കു കൊടുക്കാനുണ്ടായിരുന്ന കടം വീട്ടി ബാക്കി പണം വീട്ടിൽ കൊടുത്തു. പിന്നീടൊരിക്കലും പൗളിക്കു നാടകത്തിനു മുട്ടുണ്ടായില്ല-സമ്പത്തിനും സന്തോഷത്തിനുമേ മുട്ടുണ്ടായുള്ളു.

പി.ജെ. ആന്റണിയുടേതുൾപ്പെടെയുള്ള സംഘങ്ങളുടെ നാടകങ്ങളിൽ നിരന്തരം അഭിനയിച്ചു. പി.ജെ. ട്രൂപ്പിലും മറ്റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പറവൂർ കമലം എന്ന നടിയുടെ സഹായവും സംരക്ഷണയും പൗളിയെ നാടകരംഗത്തു നിലനിൽക്കാൻ ഏറെ സഹായിച്ചു. വിവാഹം കഴിച്ച് ഗർഭിണിയാകും വരെ അവിടെ തുടർന്നു. പി.ജെ ആന്റണി, തിലകൻ, കുയിലൻ, സേവ്യർ പുല്പാട്, കലാശാല ബാബു, ആലുമ്മൂടൻ, രാജൻ പി. ദേവ്, ബെന്നി പി. നായരമ്പലം, സലിംകുമാർ..... മൂന്നരപതിറ്റാണ്ടു നീണ്ട നാടകജീവിതം കാറും കോളും നിറഞ്ഞ ജീവിതനാടകമായി മാറി. കാരണം ഇക്കാലയളവിൽ നാടകമല്ല, കുടുംബജീവിതമാണ് പൗളിയെ തളർത്തിയും തകർത്തും തിമിർത്തത്.

ക്രിസ്തുമതത്തിൽ പിറന്ന പൗളി അയൽക്കാരനും ദലിത് സമുദായാംഗവുമായ വത്സനെ പ്രണയിച്ചു വിവാഹം കഴിച്ചതോടെ ഇരുവീട്ടുകാരുമായി അകന്നു. പക്ഷെ മറ്റൊരു വഴിയുമില്ലാത്തതിനാൽ ഭർത്താവിന്റെ വീട്ടിൽതന്നെ അവൾക്കു താമസിക്കേണ്ടിവന്നു. ദാരിദ്ര്യത്തിനും ഇല്ലായ്മക്കും നടുവിലും ഭർതൃമാതാവിന്റെ കൊടിയ പീഡനങ്ങളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും. ആത്മഹത്യയ്‌ക്കൊരുങ്ങിയ പൗളി, അയൽപക്കത്തെ സ്ത്രീ കണ്ടുകൊണ്ടുമാത്രം ജീവിതത്തിലേക്കു തിരിച്ചുവന്നു. കഠിനമായ പനി ബാധിച്ച് മരണാസന്നയായ നാളുകൾ. ക്ഷയം മൂർച്ഛിച്ച് നാടകവേദിയിൽപോലും രക്തം ഛർദ്ദിച്ചു ബോധംകെട്ടുവീണു തകർന്ന സന്ദർഭങ്ങൾ. ജീവിതം ഒട്ടും ദയ കാണിച്ചിട്ടില്ല, പൗളിയോട്. എങ്കിലും ലോകത്തോടു മുഴുവൻ പോരാടിയും തളർന്നുവീണും എണീറ്റും അവർ തന്റെ കുടുംബം കെട്ടിയുയർത്തി. രണ്ടുമക്കൾ. അവർ മുതിർന്നു. ഒരാൾ വിവാഹിതനായി. പക്ഷെ ഇപ്പോഴും പണിതീരാത്ത ഒരു മൂന്നുമുറി കെട്ടിടമാണ് പൗളി വത്സന്റെ വീട്!

വത്സനുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും ഒട്ടുമേ കാല്പനികമല്ലാത്ത ഓർമകൾ പൗളി പറയുന്നതു കേൾക്കൂ:

“ഞാൻ അന്ന് ഒരു തന്റേടിയാണ്. ആരെയും കൂസാത്ത മഹാ തന്റേടിയായ ഒരു പെൺകുട്ടി. എല്ലാവരും അങ്ങനെയാണ് എന്നെ കണ്ടിരുന്നത്. അതുകൊണ്ടാവാം ഒരു ദിവസം നാടകത്തിന്റെ റിഹേഴ്‌സൽ സമയത്ത് പൗളിയുടെ കൈക്ക് കയറിപ്പിടിക്കാൻ വത്സന് ധൈര്യമുണ്ടോ എന്ന് കൂട്ടുകാർ വെല്ലുവിളിച്ചു. വത്സനെ അവർ വാശികയറ്റി. വെല്ലുവിളി സ്വീകരിച്ച വത്സൻ എന്റെ കൈയ്ക്ക് കയറി പിടിച്ചു. ഒട്ടും താമസിച്ചില്ല, ഞാൻ അപ്പോൾ തന്നെ വത്സന്റെ മുഖത്ത് ഒരൊറ്റയടി കൊടുത്തു; എല്ലാവരും നോക്കി നിൽക്കെ തന്നെ.

പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതായിരുന്നു അത്. പിന്നീട് ആലോചിച്ചപ്പോൾ ചെയ്തത് മോശമായിപ്പോയെന്നും തെറ്റായിപ്പോയെന്നും തോന്നി. മാനസികമായി അത് എന്നിൽ വലിയ വിഷമമുണ്ടാക്കി. കുറച്ചുദിവസം വത്സന് ഞാൻ മുഖംകൊടുക്കാതെ നടന്നു.

പിന്നീട് ഒരുദിവസം നേരിൽ കണ്ടപ്പോൾ ചെയ്തത് തെറ്റായിപ്പോയെന്ന് വത്സനോട് ഞാൻ പറഞ്ഞു. അപ്പോഴത്തെ ഞെട്ടലിൽ, അതിന്റെ മാനസികാവസ്ഥയിൽ ചെയ്തുപോയതാണെന്ന് പറഞ്ഞു. വത്സനോട് ഞാൻ ക്ഷമ ചോദിച്ചു. എങ്കിലും അന്നത്തെ ആ സംഭവം എന്റെ മനസ്സിൽ നിന്നു മാഞ്ഞില്ല. എന്തായാലും ഒന്നിച്ചു കളിച്ചുവളർന്നവരല്ലേ; അതും നാടകത്തിൽ ഒരുമിച്ച് അഭിനയിക്കുന്നവർ. വത്സനോട് എനിക്ക് സഹതാപം തോന്നി. അത് പിന്നീട് ഇഷ്ടമായി മാറി. ഒടുവിൽ ഞങ്ങൾ തമ്മിൽ പ്രണയത്തിലായി. തുടർന്നങ്ങോട്ട് അഞ്ചുവർഷം ഞങ്ങൾ പ്രണയബദ്ധരായി വിഹരിച്ചു. ഗാഢവും തീവ്രവുമായ പ്രണയബന്ധം.

ഞങ്ങൾ ഇരുവരും താമസിക്കുന്നത് ക്രൈസ്തവർ കൂടുതലുള്ള പ്രദേശത്താണ്. ഞാൻ ക്രിസ്ത്യനാണല്ലോ. വത്സൻ പുലയസമുദായാംഗവും. ആ പ്രദേശത്ത് പുലയസമുദായത്തിൽപ്പെട്ട നാലഞ്ചു കുടുംബങ്ങളേയുള്ളു. സ്വാഭാവികമായും വീട്ടുകാരും നാട്ടുകാരും ഞങ്ങളുടെ പ്രണയബന്ധത്തെ ശക്തിയായി എതിർത്തു. ഒരാൾപോലും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചില്ല. അവസാനം അത് അത്ര സുഖകരമല്ലാത്ത ഒരവസ്ഥയിലേക്ക് നീണ്ടു.

ഒരു ദിവസം സന്ധ്യയ്ക്ക് ഞാൻ എന്റെ കുറച്ചു ഡ്രസ്സുകൾ ബാഗിൽ എടുത്തുവച്ചു. ബാഗ് തൊട്ടടുത്ത കണ്ടൽക്കാട്ടിനുള്ളിൽ ഒളിപ്പിച്ചു. പിന്നെ വീടുവിട്ടിറങ്ങി നേരെ പാടത്തിനക്കരെ വത്സന്റെ വീട്ടിലേക്കുപോന്നു. വത്സൻ അവിടെ വഴിയിൽ കാത്തുനിന്നിരുന്നു”.

മൂന്നാം ഘട്ടം:

സിനിമയിലെ ജീവിതമാണിത്. ദശകങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ കൂടെ നാടകത്തിലഭിനയിച്ച പൗളി സിനിമയിലെത്തിയപ്പോഴും ആദ്യമഭിനയിച്ചത് അദ്ദേഹത്തിന്റെ കൂടെയാണ്, ‘അണ്ണൻതമ്പി’യിൽ. ബെന്നി പി. നായരമ്പലമാണ് പൗളിയെ സിനിമയിലെത്തിച്ചത്. അന്നയും റസൂലും, അഞ്ചു സുന്ദരികൾ, ലീല, ഇയ്യോബിന്റെ പുസ്തകം, ഗപ്പി എന്നിങ്ങനെ ഒരുനിരചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ. ഒടുവിൽ ഒറ്റമുറിവെളിച്ചവും ഈ.മ.യൗ.വും പൗളിക്കു നേടിക്കൊടുത്തത് അപൂർവമായ പുരസ്‌കാരവും.

എന്നിട്ടും പൗളിയുടെ ജീവിതം സാമ്പത്തിക പ്രാരാബ്ധങ്ങളിലും കടങ്ങളിലും മുങ്ങിത്താഴുകയാണ്. ജോയ്പീറ്റർ കേട്ടെഴുതിയ ഈ ജീവിതത്തിൽനിന്നുള്ള ചില ഏടുകൾ വായിക്കൂ:

“നാടകത്തിൽ അഭിനയിക്കാൻ ഇറങ്ങുമ്പോൾ അതൊരു വരുമാനമാർഗ്ഗം കൂടിയാണെന്ന് കണ്ടാണ് ഞാൻ അതിനു പോകുന്നത്. നാടകം കൊണ്ട് ഞാൻ എന്റെ കുടുംബത്തിന്റെ വിശപ്പടക്കി. വീട്ടുകാരെ സംരക്ഷിച്ചു. കുടുംബത്തിന്റെ ഇല്ലായ്മകളിലും കഷ്ടതകളിലും മുഖ്യ അത്താണിയായി. എന്റെ സഹോദരങ്ങൾക്കും ഞാൻ തുണയായി. ഭർത്താവിന്റെ വീട്ടുകാരെയും സഹായിച്ചു.

നാടകസ്ഥലത്ത് നല്ല ഭക്ഷണമൊക്കെ കിട്ടുമ്പോൾ എനിക്കു അത് തൊണ്ടയിൽ നിന്നിറങ്ങില്ല. കാരണം അപ്പോഴൊക്കെ വീട്ടിലുള്ള സഹോദരങ്ങളെയാണ് ഞാൻ ഓർക്കുക. അവർക്ക് ഇതൊന്നും കിട്ടുന്നില്ലല്ലോ എന്ന് സങ്കടപ്പെടും. നാടകം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാൽ ഞാൻ ആദ്യം ചെയ്യുന്നത് സെറ്റിൽ എനിക്ക് കിട്ടിയ നല്ല ഭക്ഷണം അവർക്കും ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്.

ഏത് അവസ്ഥയിലും ആരുടെ മുന്നിലും കുനിയാത്ത മനസ്സാണ് എന്റേത്. ജീവിതത്തിൽ ആരുടെ മുന്നിലും ഒന്നിനും അനാവശ്യമായി കൈനീട്ടിയിട്ടില്ല. ആരോടും വെറുതെ ഒന്നും ചോദിച്ചിട്ടില്ല. ഏതു കാര്യത്തിനും സഹായമായല്ല, കടമായേ ഞാൻ വാങ്ങൂ. നാടകത്തിൽനിന്നുകൊണ്ടാണ് ഞാൻ എന്റെ സഹോദരിമാരെ വിവാഹം ചെയ്തയച്ചത്. അവർക്ക് സ്വന്തമായി വീടുണ്ടാക്കാൻ വരെ സഹായിച്ചു. അഭിനയം കൊണ്ട് എന്റെ ജീവിതം പുലർന്നു. കുയിലൻ ചേട്ടന്റെ ട്രൂപ്പിൽ അഭിനയിക്കുമ്പോൾ ഒരു വേദിക്ക് 110 രൂപയാണ് പ്രതിഫലം. അഞ്ചുനാടകം കളിച്ചാൽ ഒരു നാടകം ഫ്രീയായി കളിക്കണം. അത്രയ്‌ക്കൊക്കെയേ നാടകത്തിൽ നിന്നു വരുമാനമുള്ളൂ. സഹോദരിമാരിൽ ഏറ്റവും ആദ്യത്തെയാളുടെ വിവാഹം നടത്താൻ ബാങ്കിൽ നിന്നെടുത്ത വായ്പ അടച്ചുതീർക്കാൻ തുടർന്നങ്ങോട്ട് അഞ്ചുവർഷമെടുത്തു. അതൊക്കെയാണ് അഭിനയം കൊണ്ടുള്ള സ്ഥിതി. ചേർത്തല ജൂബിലിയിലും കൊച്ചിൻ സിദ്ധാർത്ഥയിലുമെല്ലാം 110 രൂപ തന്നെയായിരുന്നു പ്രതിഫലം. സിനിമയിലേക്ക് അവസരമായപ്പോൾ അവസാനം അഭിനയിച്ച നാടകത്തിന് ഒരു വേദിക്ക് 1000 രൂപ പ്രതിഫലം കിട്ടുമായിരുന്നു. പക്ഷേ അപ്പോഴേക്കും നാടകത്തിനു പോകാൻ സമയം കിട്ടാതെയായി. നാടകങ്ങളും കുറഞ്ഞു.

ഇന്നും അടച്ചുറപ്പുളെളാരു വീടുണ്ടാക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. തീപ്പെട്ടിക്കൂടുപോലുള്ള മൂന്നു മുറികളും നിന്നു തിരിയാനിടമില്ലാത്ത കുഞ്ഞനൊരു അടുക്കളയും ചേർന്ന് പണി പൂർത്തിയായിട്ടില്ലാത്ത ചെറിയൊരു വീട്ടിലാണ്-അതിനെ വീടെന്നു വിശേഷിപ്പിക്കാമെങ്കിൽ-ഞാനും എന്റെ ഭർത്താവും രണ്ട് ആൺമക്കളും മക്കളിലൊരാളുടെ കുടുംബവും കഴിയുന്നത്. മുന്നിൽ തറ കെട്ടിയിട്ടിരിക്കുന്ന വീടിന്റെ ഹാളും സിറ്റൗട്ടുമൊക്കെ ജീവിതപ്രാരാബ്ദങ്ങൾ മൂലം ഇന്നും മുകളിലേക്കു കയറാതെ തറയിൽ തന്നെ അവശേഷിക്കുന്നു.

വീട്ടിലേക്കു നടന്നുവരാൻ പഴയ ചിറ മാത്രം ഉണ്ട്. മഴ പെയ്താൽ അതും വെള്ളത്തിലും ചെളിയിലും മുങ്ങും. ചിറയോരത്തെ എന്റെ വീട്ടിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി എനിക്ക് അഭിനയിച്ചു കിട്ടിയ കപ്പുകളും മെമന്റോകളും ഉപഹാരങ്ങളുമൊക്കെ ചെറിയൊരു ഷെൽഫിലും ഇറയത്തുമായി ചിതറിക്കിടക്കുന്നു. അവയൊന്നും വെയ്ക്കാനോ സൂക്ഷിക്കാനോ പോലും ഇടമില്ല. മുൻപു പറഞ്ഞിട്ടുള്ളതുപോലെ, മുന്നിൽ പാടമാണ്. നിറയെ വെള്ളം നിറഞ്ഞു കിടക്കുന്ന പാടം

പഠിക്കുന്ന കാലത്ത് എന്റെ രണ്ടു മക്കളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ വീടിനടുത്ത് കൈവണ്ടിയിൽ കല്ലും ചരലും വലിക്കുന്ന ജോലി ചെയ്തിട്ടാണ് ദർശ് എന്നും പഠിക്കാൻ പോയിരുന്നത്. എല്ലാം ജീവിക്കാൻ വേണ്ടിയാണ്. ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് മക്കൾ പഠിച്ചത്. ഒരു പാഠപുസ്തകംപോലും ഒരിക്കലും ദർശിന് വാങ്ങിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മക്കൾ അനുഭവിച്ചിട്ടുള്ള കഷ്ടതകൾ വാക്കുകളിൽ വിവരിക്കാനാവാത്തതാണ്.

ഇരുപതുവർഷം ഒരു ഓലഷെഡിലാണ് ഞാനും എന്റെ മക്കളും ഭർത്താവും കഴിഞ്ഞത്. ഭർത്താവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമി ഒരിക്കൽ ജപ്തിയായപ്പോൾ ഞാൻ അത് ലേലത്തിൽ പിടിച്ചു. ബാങ്കിൽ കുറെ പനം അടച്ചുവെങ്കിലും ഇന്നും ആ ഭൂമി ഭർത്താവിന്റെ അമ്മയുടെ പേരിൽ തന്നെയാണ്. അവർ മരിച്ചുപോവുകയും ചെയ്തു. ഇതൊക്കെയാണ് ഇന്നും എന്റെ ജീവിതം; ഒരു ചിറയുടെ ഓരത്ത്, കടന്നുവരാൻ നല്ലൊരു വഴിപോലുമില്ലാതെ”.

ദുരിതക്കയങ്ങൾ നീന്തിത്തളർന്ന ഒരു സ്ത്രീയുടെ ആറുപതിറ്റാണ്ടിന്റെ ജീവിതം, ആദിമധ്യാന്തം ദുരന്തപൂർണമായ ഒരു നാടകംപോലെ കേട്ടെഴുതുകയാണ് ജോയ്പീറ്റർ. അടിമുടി നേരും നെറിയുമുള്ള പരാവർത്തനങ്ങൾ. മേക്കപ്പിടാത്ത മുഖങ്ങൾ. മറച്ചുവയ്ക്കാത്ത കഷ്ടകാണ്ഡങ്ങൾ. മൂടിപ്പൊതിയാത്ത മേനികൾ. തന്റെ മാത്രമല്ല ഭർത്താവിന്റെയും മക്കളുടെയും പോലും ദാരിദ്ര്യവും പട്ടിണിയും കൂലിപ്പണിയും നിറഞ്ഞ ജീവിതസമരങ്ങളിൽ ഒരേടുപോലും മറച്ചുവയ്ക്കുന്നില്ല പൗളി. അത്രമേൽ ആത്മാർഥവും ലളിതവും സുതാര്യവുമാണ് ആർജ്ജവം മുറ്റിനിൽക്കുന്ന ഈ ജീവിതംപറച്ചിൽ.

മരണത്തെക്കാൾ വലിയ ദുരന്തങ്ങൾ കണ്ട തന്റെ ജീവിതത്തിന്റെ കണ്ണോക്കുപാടുകയാണ് ഈ കലാകാരി. കൊടുങ്കാറ്റിൽപെട്ട ഒരിലയെപ്പോലെ ഉഴറിപ്പോയ അനുഭവങ്ങളുടെ ചുഴലിയെയാണ് ഈ സ്ത്രീ ജീവിതം എന്നു വിളിക്കുന്നത്. അതിജീവനത്തിനായി അവർ സഹിച്ച നോവുകളും അവരൊഴുക്കിയ കണ്ണീരും അവർ ചൊരിഞ്ഞ വിയർപ്പും അവർ കേട്ട പഴികളും അവരന്വേഷിച്ച തണലുകളും അവർ താണ്ടിയ വേനലുകളും അവർ ചവിട്ടിയ കനലുകളും..... അത്ഭുതത്തിൽ കുറഞ്ഞ ഒന്നുമല്ല, അത്.

ജീവിതത്തിൽനിന്ന്:-

“വിവാഹത്തിനുശേഷം ഭർത്താവിന്റെ അമ്മ ഒരു ദിവസം പോലും എനിക്ക് സ്വൈര്യം തന്നില്ല. പകരം എനിക്കു നേരെ ഒന്നാന്തരം മേടായിരുന്നു നിത്യവും. ഏതാണ്ട് അലഞ്ഞു ജീവിക്കേണ്ട അവസ്ഥയിലായി ഞാൻ. നാടകം കഴിഞ്ഞുവന്നാലും ഒരുനിമിഷംപോലും അമ്മായിയമ്മ എനിക്ക് സ്വൈര്യം തരാറില്ലായിരുന്നു. അപ്പോൾ പിന്നെ ട്രൂപ്പ് കൂടി വിട്ടതിനുശേഷമുള്ള സ്ഥിതി പറയേണ്ടതില്ലല്ലോ. പീഡനങ്ങളും അപമാനങ്ങളും ഒറ്റപ്പെടുത്തലും ഒന്നുകൂടി വർദ്ധിച്ചു. അങ്ങനെയൊരവസ്ഥയിലാണ് ഞാൻ തോമസ്‌ചേട്ടന്റെ ചായക്കടയിൽ അരി ഇടിച്ചുകൊടുക്കാനും പൊടി വറുത്തുകൊടുക്കാനും പോയിത്തുടങ്ങിയത്. നേരത്തെ പറഞ്ഞപോലെ, കൂലിയായി കിട്ടുന്നതത്രയും ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കുമായി പങ്കിട്ടുകൊടുക്കും. എന്നിട്ടും രക്ഷയില്ലായിരുന്നു. എനിക്ക് അവർ സ്വൈര്യം തന്നില്ല.

പലപ്പോഴും എനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കും. അമ്മായിയമ്മ അവരുടെ മക്കൾക്ക് ആവശ്യത്തിലേറെ ഭക്ഷണം വിളമ്പുമ്പോൾ എനിക്കൊരിക്കലും വിശപ്പുതീരെ ഭക്ഷണം തന്നില്ല. അങ്ങനെ ഒരുപാടു ദിവസം ഞാൻ വിശപ്പുകെടാതെ കഴിഞ്ഞിട്ടുണ്ട്. വിശന്നുജീവിച്ചിട്ടുണ്ട്. പലപ്പോഴും എന്റെ ദയനീയാവസ്ഥ കണ്ട് ചായക്കട ഉടമ തോമസ്‌ചേട്ടന്റെ ഭാര്യ ഏലിക്കുട്ടി ചേടത്തി എനിക്ക് കുറച്ചു കഞ്ഞി പകർന്നുതരും. ചൂടാറ്റിയാണ് തരുന്നത്; എളുപ്പത്തിൽ കുടിക്കാൻ. ഞാൻ ഗർഭിണിയും കൂടിയാണല്ലോ. ഏഴുമാസം ഗർഭിണി.

ആരും കാണാതെ ഏലിക്കുട്ടി ചേട്ടത്തി തരുന്ന കഞ്ഞി കുടിക്കുമ്പോൾ ഞാൻ എന്റെ പഴയ കാലം ഓർക്കും. വീട്ടിൽ ഭക്ഷണം വിളമ്പിയിരുന്ന രംഗം. എനിക്കായിരുന്നല്ലോ എന്റെ വീട്ടിൽ എന്നും ആദ്യം ഭക്ഷണം വിളമ്പിയിരുന്നത്. ആ സ്ഥാനത്താണ് ഞാൻ ഇപ്പോൾ ഒളിച്ചിരുന്ന് ഏലിക്കുട്ടി ചേട്ടത്തി ഒഴിച്ചുതരുന്ന കഞ്ഞികുടിക്കുന്നത്. എന്റെ കണ്ണുരണ്ടും നിറഞ്ഞൊഴുകും അപ്പോൾ.

പലപ്പോഴും പാതിവേവുപോലും എത്തിയിരിക്കില്ല. എനിക്ക് കഞ്ഞിപകർന്നു നൽകുമ്പോൾ. എങ്കിലും വിശപ്പുകൊണ്ടു ഞാൻ അത് കഴിച്ചുപോകും. വേവുതീരാൻ നിന്നാൽ വീടെത്തില്ല. ഒട്ടുമിക്കപ്പോഴും പണികഴിഞ്ഞ് രാത്രി പതിനൊന്നിനൊക്കെയാണ് വീടെത്തുന്നത്. ചായക്കടയിൽ നിന്ന് കഞ്ഞി കിട്ടാത്തപ്പോൾ രാത്രി പച്ചവെള്ളമായിരുന്നു ഭക്ഷണം.

എന്റെ സ്ഥിതികണ്ട് നാട്ടിലെ അമ്മമാരെല്ലാം എന്റെ സൈഡായിരുന്നു. പ്രശ്‌നമുണ്ടാക്കിയത് മുഴുവൻ ഭർത്താവിന്റെ അമ്മയാണ്. പിന്നെ ഭർത്തൃസഹോദരിമാരും. പലപ്പോഴും അവരെ ഞാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. രണ്ടു സഹോദരിമാർക്കും വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എന്റെ അദ്ധ്വാനഫലം കൊണ്ടാണ് അവരെ മാന്യമായി വിവാഹം ചെയ്തയച്ചത്.പക്ഷേ അവരും അമ്മായിയമ്മ എന്നെ കഷ്ടപ്പെടുത്തിയപ്പോൾ അതിനൊപ്പം ചേർന്നുനിന്നു. എന്റെ ദയനീയാവസ്ഥയിൽ അവരും ആനന്ദം കൊണ്ടു. പീഡനത്തിൽ പങ്കുചേർന്നു.

അങ്ങനെ മറക്കാനാവാത്ത ഒരുപാടൊരുപാട് വേദനകൾ. ഞാനൊരു ഗർഭിണിയാണെന്നതുപോലും അവർ പരിഗണിച്ചില്ല. എന്റെ ഉള്ളിൽ കിടക്കുന്നത് സഹോദരന്റെ അല്ലെങ്കിൽ മകന്റെ കുഞ്ഞാണെന്നതുപോലും അവർ അമ്മയും മക്കളും ചിന്തിച്ചില്ല. ഞാൻ അവർക്ക് തികച്ചും അന്യയായിരുന്നു. ആശുപത്രിയിലേക്ക് ഒന്നു കൂട്ടുവരാൻപോലും അവർ ഒരിക്കലും തയ്യാറായില്ല. വിശപ്പുസഹിക്കാൻ കഴിയാതെ പലപ്പോഴും ഞാൻ മൂപ്പെത്താത്ത പപ്പങ്ങ (കപ്ലങ്ങ) വരെ കുത്തിയിട്ടു തിന്നിട്ടുണ്ട്. ഒരിക്കൽ അങ്ങനെ പപ്പങ്ങ കുട്ടിയിട്ടപ്പോൾ വീണത് എന്റെ നിറവയറിലേക്കായിരുന്നു. ഒമ്പതുമാസം ഗർഭിണിയായിരുന്നു ഞാൻ അപ്പോൾ. പൂർണ ഗർഭിണി.

അത്രത്തോളമെത്തിയപ്പോൾ ഒരു ദിവസം എനിക്ക് പ്രസവവേദന തുടങ്ങി; ഒരു സെപ്റ്റംബർ 30ന്. അന്ന് ഉച്ചക്ക് പന്ത്രണ്ടുവരെ തോമസ്‌ചേട്ടന്റെ ചായക്കടയിലിരുന്ന് ഞാൻ അരി ഇടിച്ചു. പൊടിവറുത്തുകൊടുത്തു. തിരിച്ചുപോരുമ്പോൾ ഏലിക്കുട്ടി ചേട്ടത്തി രണ്ടു കൊഴുക്കട്ട തന്നു. അതുകഴിച്ച് ഞാൻ വിശപ്പടക്കി. വീട്ടിലേക്കു തിരിച്ചുപോരുംവഴി ചായക്കടയുടെ തൊട്ടടുത്ത പലചരക്കുകടയിൽനിന്ന് കുറച്ചു വെളിച്ചെണ്ണ വാങ്ങി കൈയിൽ കരുതി. പ്രസവത്തിനുള്ള ഒരു മുന്നൊരുക്കം. പിറന്നുവീഴുന്ന കുഞ്ഞിനെ കുളിപ്പിക്കാനായിരുന്നു വെളിച്ചെണ്ണ കരുതിയത്. ആരും എനിക്ക് സഹായത്തിനില്ലല്ലോ.

കടയിൽ നിന്നിറങ്ങുമ്പോൾ നിറവയറിൽ വീണ്ടും വേദനയുടെ ഇടിമുഴങ്ങി. വീണുപോകാതിരിക്കാൻ കടയുടെ തൂണിൽ പിടിച്ച് കുറച്ചുസമയം നിന്നു. തുടർന്ന് എങ്ങനെയോ ചിറയിലൂടെ നടന്ന് വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന വെളിച്ചെണ്ണ ആരും കാണാതെ ചെറ്റയുടെ വിടവിലൊളിപ്പിച്ചു.

വീടിനു മുന്നിൽ പാടമാണ്. പുഴപോലെ വെള്ളം നിറഞ്ഞുകിടക്കുന്ന പാടം. വെളിക്കിരിക്കാൻ വീട്ടിൽ ഇടമൊന്നുമില്ല. വേദന സഹിക്കാനാവാതെ വന്നപ്പോൾ മുന്നിലെ പാടത്തിനരികിൽ പോയിരുന്നു. ജലാശയത്തെ നോക്കി സമയം നീക്കി. വേദന പക്ഷേ എന്നിട്ടും നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

അടുത്തെങ്ങും സഹായത്തിനായി ഒരാൾപോലുമുണ്ടായിരുന്നില്ല; ഭർത്താവിന്റെ വീട്ടുകാരല്ലാതെ. അവരാകട്ടെ തിരിഞ്ഞുപോലും നോക്കുന്നുണ്ടായിരുന്നില്ല. വത്സൻ അന്ന് ആദ്യമായി ചീനവലയ്ക്കൽ ജോലി കിട്ടിയിട്ട് അവിടേക്ക് പോയിരിക്കുകയായിരുന്നു.

രാത്രിയായപ്പോൾ ഞാൻ വേദനകൊണ്ട് പുളഞ്ഞു. പുലർച്ചേ വരെ നീണ്ടുനിന്ന കുത്തിപ്പിടിച്ച വേദന. താങ്ങാനാവുന്നതായിരുന്നില്ല അത്. ഇടയ്ക്ക് പുറത്തുവന്നിരുന്നത് ചോരയായിരുന്നു. അമ്മായിയമ്മയും നാത്തൂന്മാരും അപ്പോൾ ചെറ്റയുടെ വിടവിലൂടെ എന്നെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അപ്പോഴും അവർ എന്റെ സഹായത്തിനെത്തിയില്ല. വേദനയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ പോലും തുനിഞ്ഞില്ല.

ഒടുവിൽ പ്രസവവേദന താങ്ങാതായപ്പോൾ ഞാൻ ഭർത്താവിന്റെ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. സമീപത്തെ അല്പം പ്രായം ചെന്ന അമ്മമാരായ ആഗത്താമ്മയെയും തങ്കയെയും വിളിച്ചുകൊണ്ടുവരാൻ ഞാൻ അവരോടു കെഞ്ചി. എന്നെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നവരാണ് ആ രണ്ട് അമ്മമാരും. എന്റെ ദുഃസ്ഥിതിയിൽ അങ്ങേയറ്റം സഹതപിച്ചിരുന്നവർ.

അതിനകം എന്റെ കരച്ചിൽ കേട്ടിട്ടാണെന്നു തോന്നുന്നു അവർ രണ്ടുപേരും പെട്ടെന്ന് സ്ഥലത്തെത്തി. എന്നെ കൊല്ലാനിട്ടിരിക്കുകയാണോ എന്ന് അവർ അമ്മായിയമ്മയോട് ചോദിച്ചു. “നീ അഞ്ചു പ്രസവിച്ചവളല്ലേ, നിനക്കറിയില്ലേ കാര്യങ്ങൾ” എന്നു ചോദിച്ച് അവർ ഭർത്താവിന്റെ അമ്മയെ കുറ്റപ്പെടുത്തി ശകാരിച്ചു. എന്നിട്ട് വത്സനെ വിളിച്ചുകൊണ്ടുവരാൻ അവർ ചീനവലയ്ക്കലേക്ക് ആളയച്ചു.

വത്സൻ വന്നപ്പോൾ അയാളെ വിട്ട് വയറ്റാട്ടിയെ വിളിപ്പിച്ചു. അന്നൊക്കെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന പതിവ് പാവങ്ങൾക്കിടയിൽ അങ്ങനെ അധികമൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽതന്നെ അതിനുള്ള മനസ് ഭർത്താവിന്റെ വീട്ടിൽ അപ്പോൾ ആർക്കും ഉണ്ടായിരുന്നില്ല.

സമയം അപ്പോൾ പുലരിയോടടുത്തിരുന്നു. വയറ്റാട്ടി വന്നപ്പോൾ അവരോടു ഞാൻ കെഞ്ചി, എന്നെ വിട്ടു പോകരുതേ എന്ന്. അവരോട് ഞാൻ കരഞ്ഞ് അപേക്ഷിച്ചു. എനിക്കരികിൽ എന്റെ അമ്മപോലും ഇല്ലാത്തതല്ലേ എന്ന് കരഞ്ഞുപറഞ്ഞു.

ഒടുവിൽ പുലരാറായപ്പോൾ വത്സൻ പോയി ചായക്കടയിൽനിന്ന് ഒരു ചായ വാങ്ങി കൊണ്ടുവന്നു തന്നു. ചായക്കട അപ്പോഴേക്കും തുറന്നിരുന്നു. ഒന്നോ രണ്ടോ സ്പൂൺ ചൂടുചായ ഉള്ളിലേക്കിറങ്ങിയപ്പോൾ എനിക്ക് എന്റെ ശക്തി വീണ്ടുകിട്ടി. ഒന്ന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ആ ബലത്തിൽ ഞാൻ എന്റെ ആദ്യകുഞ്ഞിന് ജന്മം നൽകി. അപ്പോൾ നേരം പുലർന്ന് ആറുമണിയായിരുന്നു.

കുഞ്ഞിനു പിന്നീട് ഞങ്ങൾ യേശുദാസ് എന്ന് പേരിട്ടു.”.

ചോരനേരുള്ള പകർന്നാട്ടങ്ങൾ
പൗളി വത്സൻ/ജോയ്പീറ്റർ
പ്രണത ബുക്‌സ്, 2018
150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP