Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജീവ് ഗാന്ധിയുടെ ഉറക്കം കെടുത്തി ബോഫോഴ്‌സിന്റെ നിഗൂഡതകൾ ചികഞ്ഞിട്ടെങ്കിലും എന്നും മുൻപ്രധാനമന്ത്രിയുടെ ഗുഡ് ബുക്‌സിൽ; റഫാലിൽ മോദിയെ വെല്ലുവിളിച്ച് ബൈലൈനിൽ എക്‌സ്‌ക്ലൂസീവുകൾ എയ്യുമ്പോളും മൂർച്ച കുറയാത്ത എഴുത്തും ശൈലിയും; ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ; ഇഎംഎസിനെ ഹൃദയത്തോട് ചെർത്ത പഴയ എസ്എഫ്‌ഐക്കാരൻ; വാർത്തകളിൽ നിറയുമ്പോഴും എഡിറ്റോറിയൽ റൂമിൽ അടിമുടി പ്രൊഫഷണൽ: എൻ.റാമിന്റെ കഥ

രാജീവ് ഗാന്ധിയുടെ ഉറക്കം കെടുത്തി ബോഫോഴ്‌സിന്റെ നിഗൂഡതകൾ ചികഞ്ഞിട്ടെങ്കിലും എന്നും മുൻപ്രധാനമന്ത്രിയുടെ ഗുഡ് ബുക്‌സിൽ; റഫാലിൽ മോദിയെ വെല്ലുവിളിച്ച് ബൈലൈനിൽ എക്‌സ്‌ക്ലൂസീവുകൾ എയ്യുമ്പോളും മൂർച്ച കുറയാത്ത എഴുത്തും ശൈലിയും; ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ; ഇഎംഎസിനെ ഹൃദയത്തോട് ചെർത്ത പഴയ എസ്എഫ്‌ഐക്കാരൻ; വാർത്തകളിൽ നിറയുമ്പോഴും എഡിറ്റോറിയൽ റൂമിൽ അടിമുടി പ്രൊഫഷണൽ: എൻ.റാമിന്റെ കഥ

എം മനോജ് കുമാർ

ന്യൂഡൽഹി: ദി ഹിന്ദുവിന്റെ എഡിറ്ററുടെ മുറിയിൽ ഒരു കൊലപാതകം നടന്നാൽ അത് റിപ്പോർട്ട് ചെയ്യണമെങ്കിൽ ഹിന്ദുവിന് ഒരു പൊലീസ് വിശദീകരണം ലഭിച്ചിരിക്കണം. ഈ വിശദീകരണം കൂടി ലഭിച്ചാലേ ഹിന്ദു അത് റിപ്പോർട്ട് ചെയ്യുകയുള്ളൂ. അത്രമാത്രം വാർത്തകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന പത്രമായാണ് ഹിന്ദു വിലയിരുത്തപ്പെടുന്നത്. രണ്ടു തവണ ആ രീതിക്ക് മാറ്റം വന്നു. ബോഫോഴ്‌സ് ആയുധ ഇടപാടിലെ അഴിമതികൾ ചിത്രാ സുബ്രഹ്മണ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഹിന്ദു ഈ രീതിയിൽ മാറ്റം വരുത്തി. അന്നും ഹിന്ദുവിലെ പ്രബലനായ എൻ.റാം ചിത്രയുടെ പിന്നിലുണ്ടായിരുന്നു. ഇപ്പോൾ 'ഹിന്ദു' ദിനപത്രത്തിന്റെ ചെയർമാനായി ഇരുന്നുകൊണ്ട് റാഫേൽ ആയുധ ഇടപാടിലെ അഴിമതികൾ തന്റെ ബൈലൈൻ സ്റ്റോറിയായി 'റാം' പുറത്തു വിടുമ്പോഴും 'ഹിന്ദു' തങ്ങളുടെ പാരമ്പര്യ രീതികളിൽ മാറ്റം വരുത്തുകയാണ്.

എക്‌സ്‌ക്ലൂസിവ് വാർത്തകൾ നൽകാതിരിക്കുകയാണ് ഹിന്ദുവിന്റെ രീതി. ആധികാരികമായി വാർത്തകൾ നൽകുകയാണ് പത്രം ചെയ്യുന്നത്. ആ രീതിയാണ് എൻ.റാം മാറ്റിമറിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കാനും നടക്കാനും വേണ്ടി അന്നത്തെ ഹിന്ദു പത്രാധിപർ ആയ കസ്തൂരിയുമായി എൻ.റാം ഇടയുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹം ഫ്രന്റ് ലൈൻ എന്ന ഹിന്ദു ഗ്രൂപ്പ് മാസികയുടെ പത്രാധിപർ ആയി മാറുന്നത്. പക്ഷെ പിന്നീട് ഹിന്ദു തലപ്പത്തേക്ക് അദ്ദേഹം പൂർവാധികം ശക്തനായി തിരിച്ചെത്തുകയും ചെയ്തു. ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ എന്ന ഇമേജാണ് മോദി സർക്കാരിനെ കിടിലം കൊള്ളിക്കുമ്പോഴും റാമിന് ഒപ്പമുള്ളത്. എൻ.റാം എന്ന നരസിംഹൻ റാമിന്റെ തൂലികയുടെ ശക്തിയെന്തെന്നു ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ ആദ്യമായി തിരിച്ചറിയുകയാണ്.

റാഫേൽ ഇടപാടിൽ എൻ.റാമിന്റെ റിപ്പോർട്ടുകൾ ശ്രദ്ധ പിടിച്ചു പറ്റിയതെങ്ങിനെ?

മുൻ യുപിഎ സർക്കാർ ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച റാഫേൽ യുദ്ധവിമാന കരാറിൽ മോദി സർക്കാർ മാറ്റം വരുത്തിയതും വിമാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതുമാണ് റാഫേൽ കരാറിൽ വിവാദമായി നിലനിന്നത്. ദസോൾട്ട് ഏവിയേഷന്റെ 126 റഫാൽ പോർവിമാനങ്ങൾ 36 ആക്കാനും ഇന്ത്യൻ പങ്കാളി സ്ഥാനം അനിൽ അംബാനിയുടെ കമ്പനിക്ക് നൽകാനുമുള്ള തീരുമാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണ് 'ദി ഹിന്ദു'വിലൂടെ റാം സ്വന്തം ബൈലൈനിൽ നൽകിയത്. 7.87 ബില്ല്യൺ യുറോവിന്റെ റാഫേൽ കരാർ നടപ്പിലാക്കാൻ അഴിമതി തടയുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ഇതുവരെ നടപ്പിലാക്കാത്ത ഇളവുകളാണ് മോദി സർക്കാർ വരുത്തിയതെന്നാണ് എൻ.റാമിന്റെ റിപ്പോർട്ടിലുള്ളത്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃത ഇടപെടൽ നടത്തിയെന്ന തെളിവുകളാണ് റാം പുറത്തുവിട്ടത്.

മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അധ്യക്ഷനായ ഡിഫൻസ് അക്യുസിഷൻ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയും ഫ്രാൻസുമായി ഏർപ്പെട്ട ഇന്റർ ഗവൺമെന്റൽ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകൾ ഇളവുവരുത്തിയത്. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തിയ വിവരം സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മോദി സർക്കാർ അധികാരമേറി ഒരു വർഷം കഴിഞ്ഞപ്പോഴാണ് റാഫേൽ കരാർ തകിടം മറിഞ്ഞത്.

2015 ലെ മോദിയുടെ ഫ്രാൻസിലേക്കുള്ള യാത്രയിൽ റഫാലിൽ തിരുത്തലുകൾ വന്നു. ആ സന്ദർശനത്തോടെ ഇന്ത്യ വാങ്ങുന്ന പോർ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോർ വിമാനങ്ങൾക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങൾ കൂടി വാങ്ങാൻ തീരുമാനിച്ചതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നൽകേണ്ട വിലയേക്കാൾ അധികം നൽകണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് ഇന്ത്യയിൽ വിവാദക്കൊടുങ്കാറ്റായി മാറിയത്.

എന്താണ് റാഫേൽ യുദ്ധ വിമാന കരാർ കരാർ?

മിഗ് വിമാനങ്ങളുടെ തുടർ തകർച്ചകളും മിറാഷ് യുദ്ധ വിമാനങ്ങളുടെ പ്രായകൂടുതലും പരിഗണിച്ചാണ് പുതിയ പോർവിമാനങ്ങൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നത്. 2007 ലെ യു.പി.എ സർക്കാരാണ് ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷന്റെ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നത്. പക്ഷെ കരാർ വന്നത് 2012 ലാണ്. അമേരിക്കയിലെ ലോക്ക്ഹീഡ് മാർടിൻ, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെൻ, യുറോഫൈറ്റർ ടൈഫൂൺ, ഫ്രാൻസിലെ ദസോൾട്ട് റഫാൽ തുടങ്ങിയ കമ്പനികൾ ടെൻഡർ നൽകുകയും അവസാനം റഫാലിന് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു. 1020 കോടി ഡോളറിന്റേതാണ് അന്നത്തെ കരാർ. അതായത് ഏകദേശം 54000 കോടി രൂപയുടേത്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാർച്ചിൽ ദസോൾട്ടും എച്ച്.എ.എല്ലും കരാറിൽ ഒപ്പുവെച്ചു. . ഇതനുസരിച്ച് 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകും. ബാക്കി 108 വിമാനങ്ങൾ ബംഗ്ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്സ് ലിമിറ്റഡുമായി(എച്ച്എഎൽ) ചേർന്ന് സംയുക്തമായി നിർമ്മിച്ചു നൽകും. വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു. യു.പി.എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോർവിമാന നിർമ്മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പാകത്തിലേക്ക് വളരാൻ സാധിക്കുമായിരുന്നു. എന്നാൽ കരാറിൽ മാറ്റം വന്നു. ദസോൾട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനിൽ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോൾ സാങ്കേതിക വിദ്യാ കൈമാറ്റമില്ലാതായി. കരാർ പ്രകാരം, ഇന്ത്യയിൽ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയിൽ നിന്ന് അനിൽ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. ഇതോടെ രേഖകൾ ഉദ്ധരിച്ച് എക്‌സ്‌ക്ലൂസിവ് റിപ്പോർട്ടുകളുമായി റാം രംഗത്ത് വരുകയും ചെയ്തു.

 രാജീവ് സർക്കാറിന്റെ പതനത്തിനു കാരണക്കാരനായി; ഇപ്പോൾ മോദി സർക്കാരിന്റേതും?

റാമിന്റെ തൂലികയുടെ ശക്തി ഇതിനു മുൻപ് തിരിച്ചറിഞ്ഞത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. ബോഫോഴ്‌സ് ആയുധ ഇടപാടിന്റെ രേഖകൾ ഉൾപ്പെടെയുള്ള ഹിന്ദു റിപ്പോർട്ടുകൾ ആണ് രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്. ബോഫോഴ്സ് തോക്ക് ഇടപാടിൽ സമാഹരിച്ച കമ്മീഷൻ തുക മുഴുവൻ സ്വിസ് അക്കൗണ്ടിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്. ഈ അഴിമതി അന്വേഷിക്കണമെന്നും എൻ.റാം വെളിപ്പെടുത്തി. 1980നും 1990നും ഇടയിൽ ഇന്ത്യയും സ്വീഡനും തമ്മിൽ നടന്ന ആയുധ ഇടപാടുകൾ മുഴുവൻ പുനരന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയർന്നു വന്നു. ഈ കേസിൽ രാജീവ് ഗാന്ധി കമ്മീഷനായി 64 കോടി രൂപ കൈപ്പറ്റിയതായും തെളിഞ്ഞു.

രാജീവ് ഗാന്ധിയെ പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാമിന്റെ തൂലികയെ ഭയക്കുകയാണ്. റാഫേൽ ആയുധ ഇടപാടിന്റെ ഉള്ളുകള്ളികൾ പരസ്യമാക്കിയുള്ള തന്റെ ബൈ ലൈൻ സ്റ്റോറികൾ വഴി റാം ഇപ്പോൾ ഇന്ത്യയിൽ ഒരു തരംഗമായി മാറുകയുമാണ്. രേഖകൾ സ്വയം സാക്ഷ്യപെടുത്തുന്നു, അതേ സമയം അത് സ്വയം സംസാരിക്കുന്നതുമാണ്- തന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി റാം പറയുന്നു. റാമിന്റെ വാദങ്ങൾക്ക് തെളിവായി മാറുകയാണ് ഈ കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ ഉയരുന്ന വാദങ്ങൾ. റാഫേൽ രേഖകളിലെ വിവരങ്ങൾ പ്രശാന്ത് ഭൂഷൺ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് വിവരങ്ങൾ മോഷ്ടിച്ചതാണെന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വാദിച്ചത്. പക്ഷെ രേഖകൾ വസ്തുനിഷ്ഠമാണെങ്കിൽ ഇടപാട് ചോദ്യം ചെയ്യപ്പെടുന്നതിൽ എന്താണ് തെറ്റെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. റിപ്പോർട്ടിന്റെ ആധികാരികത കേന്ദ്ര സർക്കാർ നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ മാധ്യമ രംഗത്ത് അനിഷേധ്യനായി എൻ.റാം നിലകൊള്ളുകയും ചെയ്യുന്നു.

വളർച്ചയുടെ പടവുകൾ താണ്ടിയത് 'ദി ഹിന്ദുവിന് 'ഒപ്പം നിന്ന്

ഇന്ത്യ സ്വതന്ത്രയാകുന്നതിനും രണ്ടു വർഷം മുൻപാണ് നരസിംഹൻ റാം എന്ന എൻ.റാമിന്റെ ജനനം. കൃത്യമായി പറഞ്ഞാൽ 1945 മെയ് നാലിന്. ഹിന്ദു കൈവശം വെച്ച കസ്തുരി സൺസ് ലിമിറ്റഡിലെ ജി.നരസിംഹന്റെ മകനായി പിറന്നതിനാൽ ഹിന്ദുവിൽ കൂടി തന്നെ ഉയർച്ചയുടെ പടവുകൾ താണ്ടാനും അദ്ദേഹത്തിന് സാധിച്ചു. ജി.കസ്തൂരിയുടെയും ജി.നരസിംഹന്റെയും കൈകളിലായിരുന്നു അന്ന് ഹിന്ദു. കസ്തുരിയുടെയും നരസിംഹന്റെയും മക്കൾ തന്നെയാണ് ഇന്നും ഹിന്ദുവിന്റെ തലപ്പത്തുള്ളത്. ചെന്നൈ ലയോള കോളേജിൽ നിന്ന് 1964 ൽ ബിരുദം കരസ്ഥമാക്കി ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കൊളംബിയ യൂനിവേഴ്‌സിറ്റി ഗ്രാജേറ്റ് സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയത്,

ഇടത് രാഷ്ട്രീയത്തിലാണ് റാം ചുവടുറപ്പിച്ചത്. മദ്രാസിലെ പ്രെസിഡൻസി കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയമാണ് റാമിനെ എസ്എഫ്‌ഐയിൽ എത്തിച്ചത്. 1970 ൽ തിരുവനന്തപുരത്ത് എസ്എഫ്‌ഐ രൂപംകൊള്ളുമ്പോൾ അതിന്റെ ഉപാധ്യക്ഷ സ്ഥാനത്ത് എൻ. റാം ഉണ്ടായിരുന്നു. ഈ അടുപ്പമാണ് ഇഎംഎസിലേക്കും എൻ.റാമിനെ എത്തിച്ചത്. ഫ്രന്റ് ലൈനിൽ റാമിന്റെ നിർദ്ദേശ പ്രകാരം ഇഎംഎസ് തുടങ്ങിയ പെർസെപക്ട്ടീവ് എന്ന കോളം അദ്ദേഹം മരിക്കുന്നത് വരെ നിലനിർത്തി എന്നത് റാമും ഇഎംഎസും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ തെളിവായി മാറുന്നു.

1977 ൽ ഹിന്ദുവിൽ സഹ പത്രാധിപരായിട്ടാണ് റാം ഹിന്ദു ജീവിതം ആരംഭിക്കുന്നത്. 1980 ൽ വാഷിങ്ടൺ ലേഖകനായി നിയമിക്കപ്പെട്ടു. ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട് ലൈനിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ ഫ്രൻഡ്‌ലൈനിന്റെയും സ്‌പോർട്ട്സ്സാറിന്റെയും പത്രാധിപരായിരുന്നു റാം. ബോഫോഴ്‌സ് അഴിമതി തുറന്നു കാട്ടിയുള്ള റിപ്പോർട്ടിലൂടെ അദ്ദേഹം പ്രശസ്തനായി മാറി. പ്രസ്സ് ഫൗണ്ടേഷൻ ഓഫ് ഏഷ്യയുടെ ഏഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് അവാർഡ്, ബി.ഡി. ഗോയങ്ക പുരസ്‌കാരം, എക്‌സ്.എൽ.ആർ.ഐ യുടെ ആദ്യ ജെ.ആർ.ഡി ടാറ്റാ ഫൗണ്ടേഷൻ അവാർഡ്, കെ. കൃഷ്ണൻ മെമോറിയൽ ട്രസ്റ്റ് അവാർഡ്, വാസിറെഡ്ഡിമാലതി ട്രസ്റ്റ് അവാർഡ്, ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ്, പത്മഭൂഷൺ പുരസ്‌ക്കാരം, നാഷനൽ സിറ്റിസൻസ് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ റാമിനെ തേടിയത്തി.

ഒപ്പമുള്ളത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷം

മാധ്യമ രംഗത്ത് അടിമുടി പ്രൊഫഷണൽ എന്ന വിശേഷമാണ് റാമിന് ഒപ്പമുള്ളത്. ന്യൂസും വ്യൂസും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ റാം എപ്പോഴും എതിരായിരുന്നു. ന്യൂസ് , വ്യൂസ് എന്നിവ വേറെ പോകട്ടെ. കമന്റുകൾ റിപ്പോർട്ടിൽ ഒരിക്കലും കടന്നുവരരുത്. അദ്ദേഹം നിർദ്ദേശം വെച്ചിരുന്നു. കമന്റുകൾ എഡിറ്റോറിയൽ വിഭാഗം നോക്കിക്കൊള്ളും. അവരത് ചർച്ച ചെയ്ത് തീരുമാനിക്കും-റാം നിർദ്ദേശിക്കുമായിരുന്നു. ബോഫോഴ്‌സ് രേഖകൾ പുറത്തുകൊണ്ടുവന്നു രാജീവ് ഗാന്ധി സർക്കാറിന്റെ പതനത്തിനു എൻ.റാം കാരണക്കാരനായെങ്കിലും രാജീവ് ഗാന്ധിയുടെ ഗുഡ് ബുക്കിൽ റാം ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം.

ജെ.ആർ.ജയവർധനെ ലങ്കൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ചില ദൗത്യത്തിനു റാമിനെയായിരുന്നു രാജീവ് ഗാന്ധി ലങ്കയ്ക്ക് അയച്ചിരുന്നത്. റാം ചീഫ് എഡിറ്റർ ആയിരിക്കുന്ന കാലഘട്ടത്തിലാണ് ഗ്രാമീണ ഇന്ത്യയുടെ കാര്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ പി.സായ്നാഥിനെ നിയമിക്കുന്നത്. സായ്നാഥ് റിപ്പോർട്ടുകൾ ഇന്ത്യയിലെ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ വെളിയിൽ കൊണ്ടുവരുകയും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ റാഫേൽ അഴിമതി ഉയർത്തിക്കാട്ടിയുള്ള ബൈ ലൈൻ റിപ്പോർട്ടുകളിലൂടെ വാർത്താ തലക്കെട്ടുകൾ റാം പിടിച്ചടക്കുക തന്നെയാണ്. പക്ഷെ റാഫേൽ വിഷയത്തിൽ റാമിന്റെ പോരാട്ടം ഒറ്റയ്ക്കാണ്. ബോഫേഴ്‌സ് അഴിമതികൾ റാം വെളിച്ചത്തുകൊണ്ടുവന്നപ്പോൾ സഹ മാധ്യമങ്ങൾ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഈ പോരാട്ട നിമിഷങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ റാമിന് ഒപ്പം നിലകൊള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP