Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ടുനിരോധനത്തിന്റെ യുക്തി ഒരിക്കലും പിടികിട്ടിയിട്ടില്ലെന്ന് തുറന്നടിച്ചു; വിദേശത്തും അക്കാദമിക് സർക്കിളുകളിലും മോദിയുടെ തീരുമാനം കേട്ടത് ഞെട്ടലോടെയെന്നും ജിഎസ്ടി നടപ്പാക്കിയതും ശരിയായ രീതിയിലല്ലെന്നും വിമർശിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ ബുദ്ധിരാക്ഷസൻ; അമർത്യാ സെന്നിന് ശേഷം സാമ്പത്തിക നൊബേൽ നേടുന്ന ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി മുഖം നോക്കാതെ അഭിപ്രായം പറയുന്ന തന്റേടി

നോട്ടുനിരോധനത്തിന്റെ യുക്തി ഒരിക്കലും പിടികിട്ടിയിട്ടില്ലെന്ന് തുറന്നടിച്ചു; വിദേശത്തും അക്കാദമിക് സർക്കിളുകളിലും മോദിയുടെ തീരുമാനം കേട്ടത് ഞെട്ടലോടെയെന്നും ജിഎസ്ടി നടപ്പാക്കിയതും ശരിയായ രീതിയിലല്ലെന്നും വിമർശിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ രാഹുൽ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ ബുദ്ധിരാക്ഷസൻ; അമർത്യാ സെന്നിന് ശേഷം സാമ്പത്തിക നൊബേൽ നേടുന്ന ഇന്ത്യൻ വംശജൻ അഭിജിത് ബാനർജി മുഖം നോക്കാതെ അഭിപ്രായം പറയുന്ന തന്റേടി

മറുനാടൻ ഡെസ്‌ക്‌

സ്‌റ്റോക്‌ഹോം: ജീവിത പങ്കാളി എസ്തർ ഡുഫ്‌ളോയ്‌ക്കൊപ്പം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടുമ്പോൾ മേഖല പരിചയമില്ലാത്ത പലരും ചോദിച്ചു: ആരാണീ സാമ്പത്തിക ശാസ്ത്രജ്ഞൻ? കൊൽക്കത്ത സ്വദേശിയാണ്. കൊൽക്കത്ത സർവകലാശാലയിലും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും വിദ്യാഭ്യാസം. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി. നിലവിൽ, മസാച്യുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഫോർഡ് ഫൗ്‌ണ്ടേഷൻ ഇന്റർനാഷണൽ പ്രൊഫസർ.അഭിജിത് ഡുഫ്‌ളോയ്ക്കും സെന്തിൽ മുല്ലൈനാഥനുമൊപ്പം അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് തുറന്നു. ഇപ്പോഴും ലാബ് ഡയറക്ടർമാരിൽ ഒരാളാണ്. ഇതൊക്കെ അക്കാദമിക പ്രൊഫൈൽ. അഭിജിത് ബാനർജി മറ്റുരണ്ടുതരത്തിലും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒന്ന് നോട്ടുനിരോധനത്തിന്റെ നിശിത വിമർശകൻ എന്ന നിലയിൽ. രണ്ട്-അമർത്യ സെന്നിനൊപ്പം കോൺഗ്രസിന്റെ മിനിമം വരുമാന പദ്ധതി തയ്യാറാക്കിയ ബുദ്ധികേന്ദ്രം.

നോട്ടുനിരോധനത്തിന് എന്ത് ലോജിക്?

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് 50 ദിവസം പിന്നിട്ടപ്പോഴാണ് അഭിജിത് ബാനർജിയെ തേടി ആ ചോദ്യമെത്തിയത്. എന്തുപറയുന്നു നോട്ടു നിരോധനം കൊണ്ട എന്തെങ്കിലും ഫലമുണ്ടായോ? ' എനിക്ക് ഒരിക്കലും നോട്ടുനിരോധനത്തിന്റെ ലോജിക് പിടികിട്ടിയിട്ടില്ല. എന്തിനാണ് 2000 രൂപ നോട്ട് കൊണ്ടുവരുന്നത്. ഇപ്പോൾ കണക്കുകൂട്ടുന്നതിനേക്കാൾ വലുതായിരിക്കും നോട്ടുനിരോധനത്തിന്റെ ആഘാതം.

കള്ളപ്പണത്തെ തുരത്താൻ എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇത് പിന്നീട് കാഷ്‌ലസ് എക്കണോമി എന്ന ആശയത്തിലേക്ക് മാറുകയായിരുന്നു എന്താണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം?

കാഷ്‌ലസ് എക്കണോമി എന്ന ദീർഘകാല ലക്ഷ്യം നന്ന്. അഴിമതിയുടെ കൊള്ളലാഭത്തിന് അത് ഒരുപരിധി വരെ തടയിടും. എന്നാൽ അഴിമതിക്ക് അത് പരിഹാരമല്ല. കോടികൾ ബാങ്ക് വായ്പ എടുത്ത് മുങ്ങിയവരെ പൂട്ടാനുള്ള നീക്കങ്ങൾക്ക് വേണ്ടത്ര ഉത്സാഹം കാണുന്നില്ല. അവരെ പൂട്ടാൻ ആത്മാർഥമായ ശ്രമുമുണ്ടാകുന്നത് വരെ അവർ വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് സ്വർണമായോ മറ്റുവിധത്തിലോ കള്ളപ്പണമൊഴുക്കും.

ഇന്ത്യയുടെ നോട്ടുനിരോധനം വിദേശത്തും അക്കാദമിക് സർക്കിളുകളിലും എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞെട്ടലോടെ

ഏതൊക്കെ വിഭാഗങ്ങൾക്കാണ് നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായത്?

എന്താണ് നേട്ടം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്. സാധാരണക്കാർക്ക് അല്പം ബുദ്ധിമുട്ടുണ്ടെയങ്കിലും അഴിമതിക്കാരായ പണക്കാർക്ക് പണി കിട്ടിയല്ലോ എന്നോർത്ത്് സന്തോഷമുണ്ടാകും. എന്നാൽ, 97 ശതമാനം കാഷും മടങ്ങിയെത്തിയെന്ന റിപ്പോർട്ട് ശരിയെങ്കിൽ പണക്കാർക്ക് അത്ര വലിയ വേദനയൊന്നും ഉണ്ടാവാനിടയില്ല. ആ സന്തോഷം പതിയെ കെട്ടടങ്ങും

മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്ന്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഞെട്ടിച്ചത് തങ്ങളുടെ പ്രകടന പത്രിക വഴിയാണ്. രാഹുൽ ഗാന്ധിയുടെ ഉത്സാഹത്തിൽ കിടിലൻ പത്രിക തയ്യാറാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ ജയം കണ്ടില്ല എന്നത് വേറെ കാര്യം. മിനിമം വരുമാന തുകയാണ് പത്രികയിൽ ഏറ്റവും ശ്രദ്ധ നേടിയത്. ഇതിന് പിന്നിൽ രണ്ട് വിദേശ സാമ്പത്തിക ശാസ്ത്രജ്ഞരുടെയും രഘുറാം രാജന്റെയും നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി സ്വീകരിച്ചിരുന്നു. എന്നാൽ, എംഐടി പ്രൊഫസറായ അഭിജിത്ത് ബാനർജിയും അമർത്യാ സെന്നുമായിരുന്നു മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങൾ.

അഭിജിത്തിന്റെ നിർദ്ദേശം

മിനിമം വരുമാനം 2500 രൂപയാക്കണം. സാമ്പത്തിക അച്ചടക്കവും കൂടി മുന്നിൽ കണ്ടായിരുന്നു നിർദ്ദേശം. ഇത് സർക്കാരിന് 1.50 ലക്ഷം കോടിയുടെ ചെലവാണ് ഉണ്ടാക്കുക. എന്നാൽ രാഹുലിന്റെ നിർദ്ദശപ്രകാരം കോൺഗ്രസ് 6000 രൂപയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് പ്രകാരം 3.60 ലക്ഷം കോടിയുടെ ചെലവ് സർക്കാരിനുണ്ടാവും. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. 3000 രൂപ വരെ നൽകാമെന്നും അഭിജിത്ത് ബാനർജി രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇത് സർക്കാരിന്റെ പ്രവർത്തനം എളുപ്പത്തിൽ നടക്കുന്നതിനും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നികുതി വർധിപ്പിച്ച് ഇതിനുള്ള പണം കണ്ടെത്താമെന്നായിരുന്നു രാഹുൽ നിർദ്ദേശിച്ചത്. ഇതിലൂടെ കൂടുതൽ പണം പാവപ്പെട്ടവർക്ക് നൽകാമെന്നും രാഹുൽ പറഞ്ഞു. സ്വത്ത് നികുതി എന്നത് അവതരിപ്പിക്കണമെന്നും, ജിഎസ്ടി നിരക്കുകൾ കൂടുൽ വർധിക്കണമെന്നും അഭിജിത്ത് നിർദ്ദേശിച്ചിരുന്നു. രാഹുലിന്റെ പദ്ധതി നടപ്പിലാക്കിയാൽ വിപണി മെച്ചപ്പെടുത്തണമെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കിൽ ഇന്ത്യയുടെ വളർച്ച മുരടിക്കും. അതേസമയം കോൺഗ്രസിന് ഇത് മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അഭിജിത്ത് വിലയിരുത്തിയിരുന്നു.

അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ സഹസ്ഥാപകൻ എന്ന നിലയിലാണ് അഭിജിത് ബാനർജി പ്രശസ്തനായത്. ദാരിദ്ര്യത്തിനെതിരെ അഭിജിത്ത് അവതരിപ്പിച്ച പ്രബന്ധങ്ങൾ പ്രശസ്തമാണ്. ഇന്ത്യയിലെ സേവന മേഖലകളെ കുറിച്ച് അദ്ദേഹം നിരവധി പഠനങ്ങളും നടത്തിയിരുന്നു. ഇതൊക്കെയാണ് രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അമർത്യ സെന്നിന് ശേഷം സാമ്പത്തിക നൊബേൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി.

അഭിജിത്തിന്റെ ജീവിത പങ്കാളിയായ എസ്തർ ഡുഫ്‌ളോ സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയാണ്. മൈക്കിൾ ക്രെമർ ഹാർവാർഡ് സർവകലാശാലയിലാണ് ഗവേഷണം നടത്തുന്നത്. അഭിജിത്തും, എസ്തർ ഡുഫ്‌ളോയും മസാച്ചുസറ്റ്‌സിലും. മൂവരും ചേർന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ പരീക്ഷണാത്മമായ ഗവേഷണം നടത്തി വരികയാണ്. സ്‌കൂളുകളിലെ റെമഡിയൽ ട്യൂട്ടറിങ് പോലെയുള്ള ഫലപ്രദമായ പരിപാടികൾ വഴി അഞ്ച് ദശലക്ഷം ഇന്ത്യൻ കുട്ടികൾക്ക് ഇവരുടെ ഗവേഷണം മൂലം നേരിട്ടുള്ള പ്രയോജനമുണ്ടായി. പല രാഷ്ട്രങ്ങളിലും പ്രതിരോധ ചികിത്സാ സംരക്ഷണ രംഗത്ത് വലിയ തോതിൽ സബ്‌സിഡ് കൊണ്ടുവന്നതും ഇവരുടെ പദ്ധതികൾ പ്രകാരമാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.

അഭിജിത്തിന്റെ കുടുംബവും പഠനവും

അമ്മ കൊൽക്കത്ത സെന്റർ ഫോർ സോഷ്യൽ സയൻസിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രൊഫസറായിരുന്ന നിർമല ബാനർജി. അച്ഛൻ പ്രസിഡൻസി കോളേജിൽ
എകണോമിക്സ് വകുപ്പ് തലവനായിരുന്ന ദീപക് ബാനർജി.സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡൻസി കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1983ൽ ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. വിഖ്യാതമായ ഹവാർഡിൽ നിന്ന് 1988ൽ ഗവേഷണ ബിരുദം സ്വന്തമാക്കി. എസ്സേയ്സ് ഇൻ ഇൻഫർമേഷൻ എകണോമിക്സ് എന്നതായിരുന്നു ഗവേഷണ പഠനം.നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2013ൽ യു.എൻ സെക്രട്ടറി ജനറൽ മാൻ കി മൂണിന്റെ മില്ലേനിയം ഗോൾ പദ്ധതിയിൽ വിദഗ്ദ്ധ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP