Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുപോലൊന്ന് പ്രതീക്ഷിച്ചത് ഒന്നല്ല..പലവട്ടം; പത്മപുരസ്‌കാര പട്ടികയിൽ ചോദ്യചിഹ്നമായി നിന്ന വർഷങ്ങൾ മറക്കാം; മൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ ആരാധകർക്ക് അത് സ്വപ്‌നസാഫല്യം; സന്തോഷവും അഭിമാനവുമെന്ന് താരം; രണ്ടുതവണയും പത്മപുരസ്‌കാരങ്ങൾ കിട്ടിയത് പ്രിയദർശന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ; മലയാള സിനിമാ ലോകത്തേക്ക് പത്മഭൂഷൺ എത്തുന്നത് നിത്യഹരിതനായകൻ പ്രേംനസീറിന് ശേഷം

ഇതുപോലൊന്ന് പ്രതീക്ഷിച്ചത് ഒന്നല്ല..പലവട്ടം; പത്മപുരസ്‌കാര പട്ടികയിൽ ചോദ്യചിഹ്നമായി നിന്ന വർഷങ്ങൾ മറക്കാം;  മൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ ആരാധകർക്ക് അത് സ്വപ്‌നസാഫല്യം; സന്തോഷവും അഭിമാനവുമെന്ന് താരം;  രണ്ടുതവണയും പത്മപുരസ്‌കാരങ്ങൾ കിട്ടിയത് പ്രിയദർശന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ; മലയാള സിനിമാ ലോകത്തേക്ക് പത്മഭൂഷൺ എത്തുന്നത് നിത്യഹരിതനായകൻ പ്രേംനസീറിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകനായ ചിറയിൻകീഴുകാരൻ അബ്ദുൽ ഖാദറെന്ന പ്രേംനസീർ പത്മഭൂഷൺ ബഹുമതി സ്വന്തമാക്കിയതിന് ശേഷം മലയാള സിനിമാ ലോകത്തെ തേടിയെത്തുന്ന ഏറ്റവും വലിയ സിവിലയൻ പുരസ്‌കാരമാണ് മോഹൻലാലിന് സമ്മാനിക്കുന്ന പത്മഭൂഷൺ ബഹുമതി. പിടിവാശികളില്ലാത്ത സൂപ്പർതാരം എന്നറിയപ്പെട്ടിരുന്ന നസീറിന് 1985ലാണ് പത്മഭൂഷൺ കിട്ടുന്നത്.

1998 ൽ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. മോഹൻ ലാലിന് പത്മ പുരസ്‌കാരം ആദ്യമായി ലഭിക്കുന്നത് 2001 ൽ ആണ്. മമ്മൂട്ടിക്ക് പത്മശ്രീ ലഭിച്ച് മൂന്ന് വർഷമായപ്പോൾ. പിന്നീട് പലവട്ടം പത്മഭൂഷൺ പട്ടികയിൽ മോഹൻലാലിന്റെ പേര് കേട്ടെങ്കിലും അതെല്ലാം വെറുതെയാവുകയായിരുന്നു. പുരസ്‌കാര ലബ്ധിയിൽ സന്തോഷവും അഭിമാനവും എന്നാണ് ലാൽ പ്രതികരിച്ചത്.പത്മപുരസ്‌കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽവച്ചാണ്. സർക്കാരിനും സ്‌നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.

 

തന്റെ ജീവിതത്തിൽ സംഭവിക്കുന്നതിനെയെല്ലാം വിസ്മയമായാണ് മോഹൻലാൽ വിശേഷിപ്പിക്കാറുള്ളത്. പത്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വിസ്മയം തന്നെ. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലേക്ക് അപേക്ഷ അയയ്ക്കാൻ പോസ്റ്റ് ഓഫീസിൽ പോയതും സ്വന്തം ഫോട്ടോ ഇഷ്ടപ്പെടാതിരുന്നിട്ട് അപേക്ഷ സുരേഷ് കുമാറിന്റെ വീട്ടിൽ ഉപേക്ഷിച്ചുപോയ കഥ ലാൽ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. സുരേഷ് കുമാർ ഇടപെട്ടാണ് ആ അപേക്ഷ ഒടുവിൽ അയച്ചതും പിന്നീട് ചരിത്രമായി മാറിയ ഫാസിൽ ചിത്രത്തിൽ വില്ലനായി ലാൽ വേഷമിട്ടതും. വില്ലനിലൂടെ നായകനായി വളർന്ന ലാലിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മർദ്ദമേറുന്നതായി വാർത്തകൾ വരുന്ന സമയത്ത് തന്നെയാണ് പുരസ്‌കാരം തേടി എത്തിയിരിക്കുന്നത്.

തനിക്ക് പേരിട്ടത് ആരാണെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയതും രസകരമാണ്. തനിക്കും ചേട്ടൻ പ്യാരി ലാലിനും പേരിട്ടത് അമ്മൂമ്മയുടെ അച്ഛനാണ എന്നാണ് താരം പറയുന്നത് . മോഹൻലാൽ എന്നത് അന്ന് അത്യപൂർവമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പൻ അങ്ങനൊരു പേരിടുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാൻ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവർ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം.

സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരിൽ എന്നെ വിളിക്കൂ. അടുപ്പമുള്ളവർ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോൾ.. ആ വിളിയുടെ ഒരു ഈണം, താളം... ഒക്കെയുണ്ടല്ലോ... ദാസേട്ടാ... എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ. എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ ഒരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോൾ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര്.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മെയ്‌ 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവന്മുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവന്മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു.

മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP