Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതിഹാസ താരം ജിമ്മി ജോർജിനൊപ്പം അബുദാബിയിൽ വോളിബോൾ കളിച്ച മലയാളി; മേലേപ്പറമ്പിൽ ആൺവീടുമായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നിർമ്മാതാവ്; സംവിധായക കുപ്പായത്തിലെത്തിയ മാന്നാർ മത്തായി സ്പീക്കിംഗിലെ അരങ്ങേറ്റവും ഗംഭീരമാക്കി; അച്ഛന്റെ പാരമ്പര്യവുമായി രാഷ്ട്രീയത്തിലെത്തിയപ്പോൾ മൂന്നാംവട്ടം തടസ്സമായത് പാലായിലെ മാണി ഇഫക്ട്; പാലായുടെ മാണിക്യം അരങ്ങൊഴിഞ്ഞപ്പോൾ വിജയം കൊയ്തത് സൂപ്പർ സ്മാഷുമായി; ഇനി മാണി സി കാപ്പൻ ഇടത് മുന്നണിയുടെ റിയൽഹീറോ

ഇതിഹാസ താരം ജിമ്മി ജോർജിനൊപ്പം അബുദാബിയിൽ വോളിബോൾ കളിച്ച മലയാളി; മേലേപ്പറമ്പിൽ ആൺവീടുമായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച നിർമ്മാതാവ്; സംവിധായക കുപ്പായത്തിലെത്തിയ മാന്നാർ മത്തായി സ്പീക്കിംഗിലെ അരങ്ങേറ്റവും ഗംഭീരമാക്കി; അച്ഛന്റെ പാരമ്പര്യവുമായി രാഷ്ട്രീയത്തിലെത്തിയപ്പോൾ മൂന്നാംവട്ടം തടസ്സമായത് പാലായിലെ മാണി ഇഫക്ട്; പാലായുടെ മാണിക്യം അരങ്ങൊഴിഞ്ഞപ്പോൾ വിജയം കൊയ്തത് സൂപ്പർ സ്മാഷുമായി; ഇനി മാണി സി കാപ്പൻ ഇടത് മുന്നണിയുടെ റിയൽഹീറോ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായാണ് പാലാ നിയോജക മണ്ഡലം കെ.എം മാണിയില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. അമ്പതു വർഷത്തിലേറെ പാലാ അടക്കിവാണ മാണിയുടെ മരണത്തോടെയാണ് മണ്ഡലത്തിന് അദ്ദേഹമില്ലാതൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. മൂന്നുതവണയാണു മുൻപ് മാണി സി. കാപ്പൻ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും മാണിയോടൊപ്പം വിജയം നിന്നു. എന്നാൽ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാൻ കാപ്പനു കഴിഞ്ഞിരുന്നു. മാണി കളം ഒഴിഞ്ഞപ്പോൾ മാണി സി കാപ്പന് വിജയം. അങ്ങനെ പാലാ വീണ്ടും മാണിയെ ജനനായകനാക്കുകയാണ്.

മാണി ഒഴിഞ്ഞപ്പോൾ മറ്റൊരു മാണിയെ തിരഞ്ഞെടുക്കുകയായിരുന്നു പാലാക്കാർ. യുഡിഎഫിന്റെ കുത്തക സീറ്റിൽ നേടിയ അട്ടിമറി ഇടതു മുന്നണിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയെ അവർക്ക് മറക്കാം. വരാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിനേയും ആത്മവിശ്വാസത്തോടെ പിണറായിക്കും സിപിഎമ്മിനും ഇനി നേരിടാം. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ റിയൽ ഹീറോയാകുകയാണ് മാണി സി കാപ്പൻ. സഹതാപ തരംഗവും കാപ്പന്റെ വിജയത്തിൽ നിർണായക ഘടകമായി മാറി. കാപ്പൻ മന്ത്രിവരെ ആയേക്കുമെന്ന് കോടിയേരി പറഞ്ഞതും വിജയത്തിന് ഘടകമായി മാറി.

എല്ലാ പ്രവചനങ്ങളെയും തള്ളിക്കൊണ്ടാണ് മാണി സി കാപ്പന്റെ വിജയം. മിക്ക അഭിപ്രായ സർവേകളും പ്രവചിച്ചത് ജോസ് ടോമിന്റെ വിജയമായിരുന്നു. അവിടെ നിന്നാണ് കാപ്പൻ രാഷ്ട്രീയത്തിലെ പുതിയ താരോദയമായി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം പാലായിൽ താമസിച്ച് പ്രചാരണം നടത്തിയതിന്റെയും മുഴുവൻ മന്ത്രിമാരും നേതാക്കളും കുടുംബയോഗങ്ങളിൽ പങ്കെടുത്തതിന്റെയും മികവിൽ ഇടതു മുന്നണി സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടിയിരുന്നു. ഇതെല്ലാം ഗുണം ചെയ്തപ്പോൾ പഴയ ശബരിമല വികാരം ഏശാത്ത തെരഞ്ഞെടുപ്പുമായി മാറി പാലായിലേത്.

സിനിമാ നിർമ്മാതാവും സംവിധായകനും അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഇന്ന് വരെ മാണി സി. കാപ്പൻ. ഇനി പാലായുടെ എംഎൽഎയും. കെ എം മാണിയോട് എന്നും തോൽക്കാൻ മാത്രം വിധിക്കപ്പെട്ട രാഷ്ട്രീയ ജീവിതത്തിന് ഇനി വിരാമം. മാണിയുടെ മരണത്തോടെ മറ്റൊരു മാണി പാലായുടെ ജനപ്രതിനിധിയാകുന്നു. മാണി സി കാപ്പൻ ഇനി പാലായുടെ ജനപ്രതിനിധി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് മാണി സി കാപ്പന്റേത്. വോളിബോളിലും സിനിമയിലും കാപ്പൻ അരങ്ങേറ്റത്തിൽ തന്നെ വിജയം നേടി. എന്നാൽ കെ എം മാണിയുടെ സാന്നിധ്യം പാലായിലെ രാഷ്ട്രീയം മാണി സി കാപ്പനെ തുണച്ചില്ല. പക്ഷേ ബിജെപിക്കാരനായ രാജഗോപാലിന് കിട്ടിയ തോൽവിയിലെ രക്തസാക്ഷി പരിവേഷം മാണി സാ കാപ്പനുണ്ടായിരുന്നു. എന്നും വോട്ട് ചെയ്യാതെ തോൽപ്പിച്ചവർ പോലും ഇത്തവണ മാണി സി കാപ്പന് വോട്ട് ചെയ്തു. അങ്ങനെ നിമയസഭയിലേക്ക് കായികതാരമായ ഒരു സിനിമാക്കാരൻ എത്തുകയാണ്.

പാലാ സ്വദേശിയായ മാണി സി കാപ്പൻ എൻ.സി.പി. സംസ്ഥാന ട്രഷററാണ്. രാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1956 മെയ് 30 ന് കോട്ടയം ജില്ലയിലെ പാലായിൽ കാപ്പിൽ കുടുംബത്തിൽ ചെറിയാൻ ജെ കാപ്പന്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളിൽ ഏഴാമത്തെ മകനായി ജനനം. അച്ഛൻ ചെറിയാൻ ജെ കാപ്പൻ സ്വന്തന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, ലോക്സഭാ അംഗം, നിയമസഭ അംഗം, പാലാ മുൻസിപ്പൽ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്. ഈ കുടുംബ പാരമ്പര്യവുമായാണ് മാണി സി കാപ്പനും രാഷ്ട്രീയത്തിലെത്തുന്നത്. വോളിബോൾ കളിക്കാരൻ, സിനിമ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ കാപ്പൻ തിളങ്ങി.

കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ, പാലാ മുൻസിപ്പൽ കൗൺസിലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി)യുടെ സംസ്ഥാന ട്രഷറർ, ദേശീയ വർക്കിങ് കമ്മിറ്റി അംഗം. പാലാ സെന്റെ മേരീസ് എൽപി സ്‌കൂൾ, പാലാ സെന്റെ തോമസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് മാണി സി കാപ്പൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സർക്കാർ കോളേജിലുമായിരുന്നു കലാലയ ജീവിതം. പഠനത്തിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന കാപ്പന്റെ താല്പര്യം കായിക രംഗത്തായിരുന്നു.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എംഎം ജോസഫ് മെമോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ പിന്നീട് വോളിബോൾ താരമായി.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിന്റെ വോളിബോൾ ടീമിലെത്തിച്ചു. പ്രൊഫഷണൽ സ്പോർട്സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. . നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്‌കാരങ്ങൾ തേടിയെത്തി. അതിന് ശേഷം സിനിമയിലേക്ക്.

മാണി സി കാപ്പൻ നിർമ്മാതാവായ 'മേലേപ്പറമ്പിൽ ആൺവീട്' എന്ന ആദ്യചിത്രം തന്നെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി . തുടർന്ന് മാന്നാർ മത്തായി സ്പീക്കിങ്, കുസൃതി കാറ്റ്, സിഐഡി ഉണ്ണിക്കൃഷ്ണൻ, തുടങ്ങി 11 ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയും മാണി സി കാപ്പൻ അണിഞ്ഞു. തുടർന്ന് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012ൽ 'മേലേ പറമ്പിൽ ആൺവീട്' എന്ന തന്റെ ചിത്രം ആസാമിസ് ഭാഷയിൽ അദ്ദേഹം തന്നെ സംവിധാനവും നിർമ്മാണവും നിർവഹിച്ചുക്കൊണ്ട് പുറത്തിറക്കി.

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർറായിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻസിപിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ, നാളികേര വികസന ബോർഡ് വൈസ്‌ചെയർമാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു.

ഒരു കുടുംബത്തിൽ നിന്നും തന്നെ മൂന്ന് കൗൺസിലർമാർ എന്ന അപൂർവ്വ നേട്ടം കാപ്പൻ കുടുംബത്തിന് സ്വന്തമായി. ഈ കുടുംബത്തിൽ നിന്ന് അച്ഛന് ശേഷം വീണ്ടുമൊരു നിയമസഭാ അംഗം എത്തുകയാണ്. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ് ഭാര്യ. ചെറിയാൻ കാപ്പൻ, ടീന,ദീപ എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP